ഗാസായിൽ നടക്കുന്നത് കൊടും ക്രൂരത: യൂണിസെഫ്
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
ഗാസായിലെ ജനങ്ങൾ കടന്നുപോകുന്നത്, ഒന്നിനുപിറകെ ഒന്നായുള്ള ക്രൂരമായ ആക്രമണങ്ങളിലൂടെയാണെന്ന് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫ്. ഒക്ടോബർ 26 ശനിയാഴ്ച എക്‌സിൽ കുറിച്ച സന്ദേശത്തിലാണ് ഗാസാ നേരിടുന്ന ക്രൂരതയെക്കുറിച്ച് ശിശുക്ഷേമനിധി എഴുതിയത്.
ഒക്ടോബർ 25 വെള്ളിയാഴ്ച ഗാസായിലെ ജനവാസപ്രദേശത്തുണ്ടായ ഒരു ആക്രമണത്തിൽ ഒരു കുടുംബത്തിലെ പതിമൂന്ന് കുട്ടികൾ കൊല്ലപ്പെട്ടതായി വാർത്തകൾ പുറത്തുവന്നുവെന്ന് യൂണിസെഫ് അറിയിച്ചു. അതേസമയം വടക്കൻ ഗാസായിലെ കമൽ അദ്ധ്വാൻ ആശുപത്രിക്കുനേരെ ഉണ്ടായ ആക്രമണങ്ങളിൽ അവിടുത്തെ പല ഉപകരണങ്ങളും നശിച്ചുവെന്നും, നിരവധി കുട്ടികളാണ് ഓക്സിജൻ ലഭിക്കാതെ ആശുപത്രിയിൽ ദുരിതമനുഭവിക്കുന്നതെന്നും ശിശുക്ഷേമനിധി എഴുതി.
തങ്ങൾക്ക് ഉത്തരവാദിത്വമില്ലാത്ത ഒരു യുദ്ധത്തിന്റെ അനന്തരഫലങ്ങളാണ് ഗാസായിലെ കുട്ടികൾ അനുഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് ഓർമ്മിപ്പിച്ച ഐക്യരാഷ്ട്രസഭാസംഘടന, തുടർച്ചയായ ആക്രമണങ്ങളാണ് ഈ പ്രദേശത്തെ ജനം നേരിടുന്നതെന്ന് വ്യക്തമാക്കി.
ഗാസാപ്രദേശത്ത് സുരക്ഷിതമായ ഇടങ്ങൾ ഒന്നും അവശേഷിക്കുന്നില്ലെന്ന് അറിയിച്ച യൂണിസെഫ്, ഈ പ്രദേശത്തിന് നേരെയുള്ള ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്നും, കുട്ടികളെ ഓർത്ത് ഉടൻ വെടിനിറുത്തൽ നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ടു.
വടക്കൻ ഗാസാ പ്രദേശത്ത് കുട്ടികൾക്കായുള്ള ഏക ആശുപത്രിയായ കമൽ അദ്ധ്വാൻ അപകടഭീഷണി നേരിടുന്നുണ്ടെന്ന് കഴിഞ്ഞ ആഴ്ചയിൽ യൂണിസെഫ് അറിയിച്ചിരുന്നു. പ്രദേശത്ത് മാനവികസഹായമെത്തിക്കാനും തങ്ങൾ പ്രയാസമനുഭവിക്കുന്നുണ്ടെന്നും സംഘടന വ്യക്തമാക്കിയിരുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: