പാപ്പായുടെ ഇറാഖ് ഇടയ സന്ദർശനം: ഒരു പുനരവലോകനം!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
കോവിദ് 19 രോഗസംക്രമണം തുടരുന്ന പശ്ചാത്തലത്തിൽ, ഫ്രാൻസീസ് പാപ്പാ, പ്രതിവാര പൊതുദർശനം, തീർത്ഥാടകരുടെയും സന്ദർശകരുടെയും നേരിട്ടുള്ള പങ്കാളിത്തം ഒഴിവാക്കി ദൃശ്യശ്രാവ്യമാദ്ധ്യമങ്ങളിലൂടെ അനുവദിക്കുന്ന പതിവ് ഈ ബുധനാഴ്ചയും (10/03/21) തുടർന്നു. പതിവുപോലെ പേപ്പൽ ഭവനത്തിലെ സ്വകാര്യ ഗ്രന്ഥശാലയിൽ നിന്ന്, പാപ്പാ, ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശന പരിപാടിക്ക് തുടക്കം കുറിച്ചു. തദ്ദനന്തരം വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗ പാരായണമായിരുന്നു. തുടർന്നു നടത്തിയ പ്രഭാഷണത്തിൽ പാപ്പാ, താൻ ഈ മാസം 5-8 വരെ (05-8/03/2021) ഇറാഖിൽ നടത്തിയ അജപാലന സന്ദർശനം പുനരവലോകനം ചെയ്തു.
ഇറാഖ് സന്ദർശനം വിശുദ്ധ രണ്ടാം ജോൺ പോൾ മാർപ്പാപ്പായുടെ പദ്ധതിയുടെ സാക്ഷാത്ക്കാരം
പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം!
വിശുദ്ധ ജോൺ പോൾ രണ്ടാമൻറെ ഒരു പദ്ധതിയുടെ സാക്ഷാത്ക്കാരമായി ഇറാക്ക് സന്ദർശിക്കാൻ കർത്താവ് എന്നെ അനുവദിച്ചു. മുമ്പൊരിക്കലും ഒരു പാപ്പാ അബ്രഹാമിൻറെ നാട്ടിൽ എത്തിയിട്ടില്ല; വർഷങ്ങൾ നീണ്ട യുദ്ധത്തിനും ഭീകരതയ്ക്കും ശേഷം കടുത്ത പകർച്ചവ്യാധിയുടെ വേളയിൽ, പ്രത്യാശയുടെ അടയാളമായി ഇത് ഇപ്പോൾ സംഭവിക്കാൻ ദൈവികപരിപാലനം തിരുമനസ്സായി.
ഈ സന്ദർശനത്തിനുശേഷം, എൻറെ ആത്മാവ് കൃതജ്ഞതാഭരിതമാണ്. ദൈവത്തോടും അത് സാധ്യമാക്കിയ എല്ലാവരോടുമുള്ള നന്ദി: ഇറാഖ് റിപ്പബ്ലിക്കിൻറെ പ്രസിഡൻറിനോടും അന്നാടിൻറെ സർക്കാരിനോടും; രാജ്യത്തെ പാത്രിയാർക്കീസുമാരോടും മെത്രാന്മാരോടും ഒപ്പം എല്ലാ മന്ത്രിമാരോടും അതത് സഭകളിലെ വിശ്വാസികളോടും നന്ദി; വലിയ അയത്തോള്ള അൽ-സിസ്താനിയിൽ (Grand Ayatollah Al-Sistani) നിന്ന് തുടങ്ങി, എല്ലാ മതാധികാരികളോടും നന്ദി. അദ്ദേഹവുമായി ഞാൻ നജാഫിലെ അദ്ദേഹത്തിൻറെ വസതിയിൽ വച്ച് അവിസ്മരണീയ കൂടിക്കാഴ്ച നടത്തി.
അപ്പസ്തോലികയാത്രയുടെ അനുതാപമാനം
ഈ തീർത്ഥാടനത്തിൻറെ അനുതാപമാനം എനിക്ക് ശക്തമായി അനുഭവപ്പെട്ടു: തകർന്നിരിക്കുന്ന ആ ജനതയെ, രക്തസാക്ഷിയായ സഭയെ, സമീപിക്കാൻ, അവർ വർഷങ്ങളായി ചുമക്കുന്ന കുരിശ്, ഖരാഖോഷിൻറെ പ്രവേശന കവാടത്തിൽ സ്ഥാപിച്ചിരിക്കുന്നതു പോലുള്ള വൻകുരിശു്, കത്തോലിക്കാസഭയുടെ നാമത്തിൽ എൻറെ ചുമലിലേറ്റാതെ സാധിക്കുമായിരുന്നില്ല. വിനാശങ്ങളുടെ ഇപ്പോഴും തുറന്നിരിക്കുന്ന മുറിവുകൾ കണ്ടപ്പോൾ, അതിലുപരി, അതിക്രമങ്ങളെയും പീഢനങ്ങളെയും, പ്രവാസത്തെയും അതിജീവിച്ചവരുടെ സാക്ഷ്യങ്ങൾ ശ്രവിച്ചപ്പോൾ അതെനിക്ക് സവിശേഷമാം വിധം അനുഭവപ്പെട്ടു. ഒപ്പം, ക്രിസ്തുവിൻറെ ദൂതനെ അവർ സ്വാഗതം ചെയ്യുന്നതിൻറെ ആനന്ദം എന്നെ വലയം ചെയ്തിരിക്കുന്നതായും ഞാൻ കണ്ടു; ഈ സന്ദർശനത്തിൻറെ മുദ്രാവാക്യമായിരുന്ന “നിങ്ങളെല്ലാവരും സഹോദരങ്ങളാണ്” (മത്തായി 23,8) എന്ന യേശുവിൻറെ വാക്കുകളിൽ സംഗ്രഹിച്ചിരിക്കുന്ന സമാധാനത്തിൻറെയും സാഹോദര്യത്തിൻറെയും ചക്രവാളത്തിലേക്ക് പ്രത്യാശ തുറക്കുന്നതായി ഞാൻ കണ്ടു. ഇറാഖ് റിപ്പബ്ലിക്കിൻറെ പ്രസിഡൻറിൻറെ പ്രസംഗത്തിൽ ഈ പ്രതീക്ഷ ഞാൻ കണ്ടു, നിരവധി ആശംസകളിലും സാക്ഷ്യങ്ങളിലും ഗാനങ്ങളിലും ജനങ്ങളുടെ പെരുമാറ്റത്തിലും ഞാൻ അതു കണ്ടു. യുവജനങ്ങളുടെ പ്രദീപ്ത വദനങ്ങളിലും പ്രായമായവരുടെ ജീവൻ തുടിക്കുന്ന നയനങ്ങളിലും ഞാൻ അത് വായിച്ചു. ജനങ്ങൾ അഞ്ചുമണിക്കൂറോളം പാപ്പായെ കാത്തു നിന്നു. അവർ നില്ക്കുകയായിരുന്നു. കുഞ്ഞുങ്ങളെ കൈയ്യിലേന്തിയ സ്ത്രീകളും ഉണ്ടായിരുന്നു.... കാത്തുനില്ക്കുകയായിരുന്ന അവരുടെ നയനങ്ങളിൽ പ്രത്യാശ ജ്വലിക്കുന്നുണ്ടായിരുന്നു.
ഇറാഖി ജനതയുടെ സമാധാനത്തിനുള്ള അവകാശം
ഇറാഖി ജനതയ്ക്ക് സമാധാനത്തോടെ ജീവിക്കാനുള്ള അവകാശമുണ്ട്, അവർക്ക് അവകാശപ്പെട്ട അന്തസ്സ് വീണ്ടും കണ്ടെത്താനുള്ള അവകാശം അവർക്കുണ്ട്. ആ ജനതയുടെ മതസാംകാരിക മൂലങ്ങൾ സഹസ്രാബ്ദങ്ങൾ പഴക്കമുള്ളതാണ്: മെസൊപ്പൊട്ടേമിയ നാഗരികതയുടെ പിള്ളത്തൊട്ടിലാണ്; നൂറ്റാണ്ടുകൾ, ലോകത്തലെ ഏറ്റവും സമ്പന്നമായ ഗ്രന്ഥശാല സ്ഥിതിചെയ്തിരുന്ന, ബാഗ്ദാദാകട്ടെ ചരിത്രത്തിലുടനീളം മൗലിക പ്രാധാന്യമുള്ള ഒരു നഗരമാണ്. എന്താണ് അതിനെ നശിപ്പിച്ചത്? യുദ്ധം. എന്നും യുദ്ധമാണ്, കാലമാറ്റത്തിൽ, സ്വയം രൂപാന്തരപ്പെടുകയും മനുഷ്യരാശിയെ വിഴുങ്ങിക്കൊണ്ടിരിക്കുകയും ചെയ്യുന്ന ഭീകര സത്വം . എന്നാൽ യുദ്ധത്തിനുള്ള പ്രത്യുത്തരം മറ്റൊരു യുദ്ധമല്ല, ആയുധങ്ങൾക്കുള്ള മറുപടി മറ്റ് ആയുധങ്ങളല്ല. ഞാൻ സ്വയം ചോദിച്ചു: ഭീകരർക്ക് ആയുധം വില്ക്കുന്നത് ആരാണ്? മറ്റിടങ്ങളിൽ, ഉദാഹരണമായി ആഫ്രിക്കയെക്കുറിച്ച് ചിന്തിക്കാം, അവിടെ ദുരന്തം വിതയക്കുന്ന ഭീകരർക്ക് ഇന്ന് ആയുധങ്ങൾ വില്ക്കുന്നത് ആരാണ്? ഈ ചോദ്യത്തിന് ഒരോരുത്തരുത്തരും ഉത്തരമേകണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ഉത്തരം യുദ്ധമല്ല. സാഹോദര്യമാണ്. ഇതാണ് ഇറാഖിനുള്ള വെല്ലുവിളി, അന്നാടിനു മാത്രമല്ല: സംഘർഷത്തിലായിരിക്കുന്ന പല പ്രദേശങ്ങൾക്കും, ആത്യന്തികമായി, ലോകത്തിനു മുഴുവനും ഇത് വെല്ലുവിളിയാണ്. സാഹോദര്യം. നമ്മുടെ ഇടയിൽ സഹോദര്യം സംജാതമാക്കാൻ, സാഹോദര്യ സംസ്കൃതി സൃഷ്ടിക്കാൻ നമ്മൾ പ്രാപ്തരാണോ? അതോ കായേൻ തുടങ്ങിവച്ച യുക്തി, യുദ്ധം, നാം തുടരുമോ? സഹോദര്യം, ഭ്രാതൃഭാവം.
ഊറിൽ നടന്ന കൂടിക്കാഴ്ചകൾ
ഇതുകൊണ്ടാണ്, നാലായിരം വർഷം മുമ്പ് അബ്രഹാമിന് ദൈവത്തിൻറെ വിളി ലഭിച്ച ഊറിൽ വച്ച്, ക്രൈസ്തവരും, മുസ്ലീങ്ങളും, ഇതരമത പ്രധിനിധികളുമായി കൂടിക്കാഴ്ച നടത്തിയത്. അബ്രഹാം വിശ്വാസത്തിൽ പിതാവാണ്, കാരണം അവന് ഒരു സന്തതിയെ വാഗ്ദാനം ചെയ്ത ദൈവത്തിൻറെ ശബ്ദം അവൻ ശ്രവിക്കുകയും, സകലവും ഉപേക്ഷിച്ച് പുറപ്പെടുകയും ചെയ്തു. ദൈവം തൻറെ വാഗ്ദാനങ്ങളോട് വിശ്വസ്തനാണ്, ഇന്നും നമ്മുടെ സമാധാനത്തിൻറെ ചുവടുകളെ അവിടന്ന് നയിക്കുന്നു, സ്വർഗ്ഗത്തിലേക്കു കണ്ണുകളുയർത്തി ഭൂമിയിൽ നടക്കുന്നവർക്ക് വഴികാട്ടുന്നു. ഊറിൽ, പ്രകാശപൂരിതമായിരുന്ന ആകാശത്തിൻ കീഴിൽ, നമ്മുടെ പിതാവായ അബ്രഹാം അവൻറെ സന്തതിപരമ്പരകളായ നമ്മെയും കണ്ട അതേ ആകാശത്തിൻ കീഴിൽ, ആ വാചകം വീണ്ടും നമ്മുടെ ഹൃദയത്തിൽ മുഴങ്ങുന്ന പ്രതീതിയുളവായി: “നിങ്ങൾ എല്ലാവരും സഹോദരങ്ങളാണ്”.
ഇറാഖിലെ രക്തസാക്ഷി സഭ
വിശുദ്ധകുർബ്ബാനയ്ക്കിടെ രണ്ടു വൈദികരുൾപ്പടെ 48 പേർ, 2010 ൽ വധിക്കപ്പെട്ട ഇടമായ, ബാഗ്ദാദിലെ സിറിയൻ-കത്തോലിക്കാ കത്തീദ്രലിൽ നടന്ന സഭാ സമാഗമത്തിൽ നിന്ന് സാഹോദര്യത്തിൻറെ ഒരു സന്ദേശം ലഭിച്ചു. ഇറാഖിലെ സഭ രക്തസാക്ഷി സഭയാണ്, രക്തസാക്ഷികളുടെ സ്മരണ കല്ലിൽ ആലേഖനം ചെയ്തിട്ടുള്ള ആ ദേവാലായത്തിൽ, സമാഗമത്തിൻറെ സന്തോഷം മുഴങ്ങി: അവരുടെ മദ്ധ്യേ ആയിരിക്കുന്നതിലുള്ള എൻറെ വിസ്മയം പാപ്പാ തങ്ങളോടൊപ്പം ഉണ്ട് എന്നതിനാലുള്ള അവരുടെ ആനന്ദത്തിലലിഞ്ഞു ചേരുകയായിരുന്നു.
കൈസ്തവ-ഇസ്ലാം മൈത്രി
പുരാതന നിനിവേയുടെ അവശിഷ്ടങ്ങൾക്കടുത്തുള്ള ടൈഗ്രിസ് നദിയുടെ തീരത്ത്, മൊസൂളിലും ഖരാഖോഷിലും നിന്ന് ഞങ്ങൾ സാഹോദര്യത്തിൻറെ ഒരു സന്ദേശം നല്കി. ഇസിസ് (Isis) അധിനിവേശം ആയിരക്കണക്കിന് നിവാസികളുടെ പലായനത്തിന് കാരണമായി. വിവിധ വിഭാഗങ്ങളിലുള്ള നിരവധി ക്രിസ്ത്യാനികളും പീഡിപ്പിക്കപ്പെടുന്ന മറ്റ് ന്യൂനപക്ഷങ്ങളും, പ്രത്യേകിച്ച് യാസിദികളും ഇവരിൽ ഉൾപ്പെടുന്നു. ഈ നഗരങ്ങളുടെ പ്രാചീന സ്വത്വം നശിപ്പിക്കപ്പെട്ടു. ഇപ്പോൾ അത് പുനർനിർമ്മിക്കാൻ കഠിനമായി പരിശ്രമിക്കുന്നു; മുസ്ലീങ്ങൾ ക്രിസ്ത്യാനികളെ മടങ്ങിവരാൻ ക്ഷണിക്കുന്നു, അവർ ഒരുമിച്ച് ക്രൈസ്തവ ദേവാലയങ്ങളും മുസ്ലീം പള്ളികളും പുരുദ്ധരിക്കുന്നു. അവിടെയാണ് സാഹോദര്യം. ഏറെ പരീക്ഷിക്കപ്പെട്ട നമ്മുടെ ഈ സഹോദരീസഹോദന്മാർക്ക് വീണ്ടും തുടങ്ങാൻ സാധിക്കുന്നതിനു വേണ്ട ശക്തി ലഭിക്കുന്നതിനായി, ദയവുചെയ്ത്, നമുക്ക് അവർക്കായി പ്രാർത്ഥന തുടരാം.കുടിയേറിയ നിരവധിയായ ഇറാഖിക്കാരെക്കുറിച്ച് ചിന്തിക്കുമ്പോൾ, അവരോട് പറയാൻ ഞാൻ ആഗ്രഹിക്കുന്നു: അബ്രഹാമിനെപ്പോലെ നിങ്ങൾ എല്ലാം ഉപേക്ഷിച്ചു; അവനെപ്പോലെ, നിങ്ങൾ വിശ്വാസവും പ്രത്യാശയും കാത്തുസൂക്ഷിക്കുക, നിങ്ങൾ എവിടെയായിരുന്നാലും അവിടെ സൗഹൃദത്തിൻറെയും സാഹോദര്യത്തിൻറെയും നെയ്ത്തുകാരായിരിക്കുക. കഴിയുമെങ്കിൽ നിങ്ങൾ തിരിച്ചുപോകുക.
ബാഗാദാദിലെയും എബ്രീലിലെയും ദിവ്യബലി
കൽദായറീത്തിൽ ബാഗ്ദാദിലും, പ്രാദേശിക പ്രസിഡൻറും പ്രധാനമന്ത്രിയും പൗരാധികാരികളും ജനങ്ങളും ചേർന്ന് എന്നെ വരവേറ്റ എർബീലിലും അർപ്പിച്ച ദിവ്യബലികളിൽ നിന്ന് സഹോദര്യത്തിൻറെ ഒരു സന്ദേശം നിർഗ്ഗമിച്ചു. എന്നെ സ്വീകരിക്കാനെത്തിയ എല്ലാവർക്കും നന്ദി. അബ്രഹാമിൻറെയും അദ്ദേഹത്തിൻറെ വംശപരമ്പരയുടെയും പ്രത്യാശ നാം യേശുക്രിസ്തുവിൽ ആഘോഷിച്ച ഈ രഹസ്യത്തിൽ സാക്ഷാത്കൃതമായി. മാറ്റി നിറുത്താതെ, സകലരുടെയും രക്ഷയ്ക്കായി ദൈവപിതാവ് ദാനമായി നല്കിയ പുത്രനാണ് അവിടന്ന്. തൻറെ മരണവും പുനരുത്ഥാനവും വഴി അവിടന്ന് വാഗ്ദത്ത ദേശത്തിലേക്ക്, കണ്ണീരു തുടയ്ക്കപ്പെടുകയും മുറിവുകൾ സൗഖ്യമാക്കപ്പെടുകയും സഹോദരങ്ങൾ അനുരഞ്ജിതരാകുകയും ചെയ്യുന്നതായ നവജീവനിലേക്ക്, ഉള്ള പാത നമുക്കായി തുറന്നു.
ദൈവം ഇറാഖിനും മദ്ധ്യപൂർവ്വദേശത്തിനും അഖില ലോകത്തിനും സാഹോദര്യത്തിൻറെ ഭാവി പ്രദാനം ചെയ്യട്ടെ!
പ്രിയ സഹോദരീ സഹോദരന്മാരേ, ചരിത്രപരമായ ഈ സന്ദർശനം സാധ്യമായതിന് നമുക്ക് ദൈവത്തെ സ്തുതിക്കാം, ആ ദേശത്തിനും മദ്ധ്യപൂർവ്വ പ്രദേശത്തിനും വേണ്ടിയുള്ള പ്രാർത്ഥന നമുക്ക് തുടരാം. ഇറാഖിൽ, നാശത്തിൻറെയും ആയുധങ്ങളുടെയും ഗർജ്ജനം ഉണ്ടായിരുന്നിട്ടും, അന്നാടിൻറെയും ആ നാടിൻറെ പ്രത്യാശയുടെയും പ്രതീകമായ ഈന്തപ്പനകൾ വളരുകയും ഫലം പുറപ്പെടുവിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. ഇത് സാഹോദര്യത്തെ സംബന്ധിച്ചും അപ്രകാരംതന്നെയാണ്: ഈന്തപ്പനകളുടെ ഫലങ്ങൾ പോലെതന്നെ അത് കോലഹലമുണ്ടാക്കുന്നില്ല, എന്നാലത് ഫലദായകവും നമ്മെ വളരാൻ സഹായിക്കുന്നതുമാണ്. സമാധാനമാകുന്ന ദൈവം ഇറാഖിനും മദ്ധ്യപൂർവ്വദേശത്തിനും അഖില ലോകത്തിനും സാഹോദര്യത്തിൻറെ ഭാവി പ്രദാനം ചെയ്യട്ടെ!
സമാപനാഭിവാദ്യവും ആശീർവ്വാദവും
ഈ വാക്കുകളെ തുടര്‍ന്ന് പാപ്പായുടെ, ഇറ്റാലിയന്‍ഭാഷയിലായിരുന്ന, പ്രഭാഷണത്തിന്‍റെ സംഗ്രഹം ആംഗലവും അറബിയുമുള്‍പ്പെടെ വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെടുകയും ഓരോ വായനയുടെയും അവസാനം പാപ്പാ ആ ഭാഷാക്കാരെ ഇറ്റാലിയന്‍ ഭാഷയില്‍ അഭിവാദ്യം ചെയ്യുകയും ചെയ്തു.
നോമ്പുകാല പ്രയാണം
നാം നോമ്പുകാല യാത്ര തുടരുന്നതിനെക്കുറിച്ച് പരാമർശിച്ച പാപ്പാ, ക്രിസ്തു അവിടത്തെ പരിത്രാണദൗത്യം പൂർത്തിയാക്കുന്നിടമായ ജറുസലേമിലേക്ക് അവിടത്തെ കാല്പ്പാടുകളിലൂടെ നമ്മെ നയിക്കുന്നതിന് പരിശുദ്ധാത്മാവിൻറെ പ്രവർത്തനങ്ങൾക്ക് നമ്മെത്തന്നെ വിട്ടുകൊടുക്കണമെന്ന് ഓർമ്മിപ്പിച്ചു.
പൊതുദർശനപരിപാടിയുടെ അവസാനം പാപ്പാ പതിവുപോലെ, യുവജനത്തെയും വയോധികരയെും രോഗികളെയും നവദമ്പതികളെയും പ്രത്യേകം അഭിവാദ്യം ചെയ്തു.
യുവത്വത്തിലും സഹനത്തിലും പരസ്പരദാമ്പത്യ സ്നേഹത്തിലും ഉയിർപ്പിൻറെ ആനന്ദത്തിലെത്തിച്ചേരാൻ, അവർക്ക്, ഇപ്പോഴത്തെ മാനസാന്തരത്തിൻറെയും പ്രായശ്ചിത്തത്തിൻറെയും യാത്രയാൽ ശക്തിപ്പെടുത്തപ്പെട്ട് സാധിക്കുന്നതിനുള്ള ദൈവകൃപ ലഭിക്കുന്നതിനായി പാപ്പാ പ്രാർത്ഥിച്ചു.
തദ്ദനന്തരം പാപ്പാ ദൃശ്യശ്രാവ്യ മദ്ധ്യമങ്ങളിലൂടെ പൊതുദർശന പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും ആശീർവ്വാദം നല്കി.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: