തിരയുക

ഫ്രാൻസീസ് പാപ്പാ പൊതുദർശന പ്രഭാഷണം നടത്തുന്നു, വത്തിക്കാനിൽ, പേപ്പൽ ഭവനത്തിലെ സ്വകാര്യ ഗ്രന്ഥശാലയിൽ, 31/03/2021 ഫ്രാൻസീസ് പാപ്പാ പൊതുദർശന പ്രഭാഷണം നടത്തുന്നു, വത്തിക്കാനിൽ, പേപ്പൽ ഭവനത്തിലെ സ്വകാര്യ ഗ്രന്ഥശാലയിൽ, 31/03/2021 

പെസഹാത്രിദിനം:കർത്താവിൻറെ പീഢാസഹന മരണോത്ഥനരഹസ്യങ്ങളുടെ ആചരണം!

"കുരിശിനെ ആരാധിക്കുന്നതിലൂടെ, നമ്മൾ, നമ്മുടെ രക്ഷയ്ക്കായി ബലിയർപ്പിക്കപ്പെട്ട കല്മഷമേശാത്ത കുഞ്ഞാടിൻറെ പ്രയാണം പുനർജീവിക്കും. ഈ ലോകത്തിലെ രോഗികളുടെയും ദരിദ്രരുടെയും പരിത്യക്തരുടെയും സഹനങ്ങൾ നമ്മുടെ മനസ്സുകളിലും ഹൃദയങ്ങളിലും നാം പേറും; കുരുതികഴിക്കപ്പെട്ട കുഞ്ഞാടുകളെ, യുദ്ധങ്ങളുടെയും സ്വേച്ഛാധിപത്യ ഭരണങ്ങളുടെയും അനുദിനാക്രമണങ്ങളുടെയും ഭ്രൂണഹത്യകളുടെയുമൊക്കെ ഇരകളെ നാം ഓർക്കും"- പാപ്പായുടെ പൊതുദർശന പ്രഭാഷണം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

കൊറോണവൈറസ് വ്യാപനം തടയുന്നതിനുള്ള നടപടികൾ നിലവിലുള്ളതിനാൽ   ഫ്രാൻസീസ് പാപ്പാ,  പ്രതിവാര പൊതുദർശനം, തീർത്ഥാടകരുടെയും സന്ദർശകരുടെയും നേരിട്ടുള്ള പങ്കാളിത്തം ഒഴിവാക്കി ദൃശ്യശ്രാവ്യമാദ്ധ്യമങ്ങളിലൂടെ അനുവദിക്കുന്ന പതിവ് ഈ ബുധനാഴ്ചയും (31/03/21) തുടർന്നു. പതിവുപോലെ പേപ്പൽ ഭവനത്തിലെ സ്വകാര്യ ഗ്രന്ഥശാലയിൽ നിന്ന്, പാപ്പാ, ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശന പരിപാടിക്ക് പാപ്പാ തുടക്കം കുറിച്ചു. തദ്ദനന്തരം വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗ പാരായണമായിരുന്നു. തുടർന്ന് പാപ്പാ നല്കിയ സന്ദേശം പെസാഹാത്രിദിനത്തെക്കുറിച്ചുള്ള വിശകലനം ആയിരുന്നു.

പാപ്പാ ഇറ്റാലിയൻ ഭാഷയിൽ നടത്തിയ പ്രഭാഷണം : പെസഹാത്രിദിനം

പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം!

വിശുദ്ധവാരത്തിൻറെ ആത്മീയാന്തരീക്ഷത്തിൽ ആമഗ്നരായ നാം ഇപ്പോൾ പെസഹാത്രിദിനത്തിൻറെ തലേദ്ദിനത്തിലാണ്. നാളെ മുതൽ ഞായാറാഴ്ച വരെ കർത്താവിൻറെ പീഢാസഹനമരണോത്ഥന രഹസ്യങ്ങളുടെ ആചരണം വഴി, നമ്മൾ, ആരാധനാക്രമവത്സരത്തിലെ മുഖ്യദിനങ്ങൾ ജീവിക്കും. ഓരോ പ്രാവശ്യവും വിശുദ്ധകുർബ്ബാന അർപ്പിക്കുമ്പോൾ ഈ രഹസ്യം നാം ജീവിക്കുകയാണ്. നാം കുർബ്ബാനയ്ക്കു പോകുമ്പോൾ പ്രാർത്ഥിക്കാൻ മാത്രമായിട്ടല്ല പോകുന്നത്, ഈ രഹസ്യം, പെസഹാരസ്യം നവീകരിക്കാനാണ് പോകുന്നത്. ഇത് നാം മറക്കാതിരിക്കേണ്ടത് സുപ്രധാനമാണ്.  

പെസഹാവ്യാഴം

അന്ത്യഅത്താഴ വേളയിൽ സംഭവിച്ചവ, നമ്മൾ, പെസഹാവ്യാഴാഴ്ച വൈകുന്നേരം  പെസഹാത്രിദിനത്തിലേക്കു പ്രവേശിച്ചുകൊണ്ട്, അന്നർപ്പിക്കുന്ന, തിരുവത്താഴ ദിവ്യപൂജയിൽ പുനർജീവിക്കും. ആ സായാഹ്നത്തിലാണ്, ക്രിസ്തു, സ്വന്തം ശിഷ്യന്മാർക്ക് ദിവ്യകാരുണ്യത്തിൽ തൻറെ സ്നേഹത്തിൻറെ ഒസ്യത്ത് ഓർമ്മയായിട്ടല്ല, പ്രത്യുത, സ്മാരകചിഹ്നമായി, തൻറെ ശാശ്വത സാന്നിദ്ധ്യമായി, നല്കിയത്. ഈ ദിവ്യകാരുണ്യ കൂദാശയിൽ യേശു സ്വയം ബലിവസ്തുവായിത്തീരുന്നു. അവിടത്തെ ശരീരവും രക്തവും നമുക്ക് പാപത്തിൻറെയും മരണത്തിൻറെയും അടിമത്തത്തിൽ നിന്നുള്ള രക്ഷ പ്രദാനം ചെയ്യുന്നു. തൻറെ ശിഷ്യരുടെ പാദങ്ങൾ കഴുകിക്കൊണ്ട് യേശു ചെയ്തതു പോലെ പരസ്പരം ശുശ്രൂഷകരായിക്കൊണ്ട് അന്യോന്യം സ്നേഹിക്കാൻ അവിടന്ന് നമ്മോടാവശ്യപ്പെടുന്ന സായാഹ്നം ആണ് അത്. കുരിശിൽ രക്തം ചിന്തിയ ബലിയെ മുൻകൂട്ടി സൂചിപ്പിക്കുന്ന ഒരു പ്രവൃത്തി. വാസ്തവത്തിൽ ഗുരുവും നാഥനുമായ അവിടന്ന് ശിഷ്യരുടെ കാലുകളല്ല, ഹൃദയങ്ങൾ, അവരുടെ ജീവിതം മുഴുവനും, ശുദ്ധീകരിക്കുന്നതിനായി ഒരു ദിവസത്തിനു ശേഷം മരിക്കുന്നു. സകലർക്കും വേണ്ടിയുള്ള സേവനത്തിൻറെ ബലിയായിരുന്നു അത്. എന്തെന്നാൽ തൻറെ ബലിയാകുന്ന ആ ശുശ്രൂശഷയിലൂടെ അവിടന്ന് നാമെല്ലാവരെയും വീണ്ടെടുത്തു.  

ദുഃഖവെള്ളി

പ്രായശ്ചിത്തത്തിൻറെയും ഉപവാസത്തിൻറെയും പ്രാർത്ഥനയുടെയും ദിനമാണ് ദുഃഖവെള്ളി. തിരുലിഖിതങ്ങളും ആരാധനാക്രമപ്രാർത്ഥനകളും വഴി നമ്മൾ യേശു ക്രിസ്തുവിൻറെ രക്ഷാകര പീഢാസഹനമരണങ്ങളുടെ ഓർമ്മയാചരണത്തിനായി, കാൽവരിയിലെന്ന പോലെ, ഒന്നു ചേർക്കപ്പെടുന്നു. ആരാധനാനുഷ്ഠാനങ്ങളുടെ പാരമ്യത്തിൽ ആരാധനയ്ക്കായി കുരിശ് അവതരിപ്പിക്കപ്പെടുന്നു. കുരിശിനെ ആരാധിക്കുന്നതിലൂടെ, നമ്മൾ, നമ്മുടെ രക്ഷയ്ക്കായി ബലിയർപ്പിക്കപ്പെട്ട കല്മഷമേശാത്ത കുഞ്ഞാടിൻറെ പ്രയാണം പുനർജീവിക്കും. ഈ ലോകത്തിലെ രോഗികളുടെയും ദരിദ്രരുടെയും പരിത്യക്തരുടെയും സഹനങ്ങൾ നാം നമ്മുടെ മനസ്സുകളിലും ഹൃദയങ്ങളിലും പേറും; കുരുതികഴിക്കപ്പെട്ട കുഞ്ഞാടുകളെ, യുദ്ധങ്ങളുടെയും സ്വേച്ഛാധിപത്യ ഭരണങ്ങളുടെയും അനുദിനാക്രമണങ്ങളുടെയും ഭ്രൂണഹത്യകളുടെയുമൊക്കെ ഇരകളെ നാം ഓർക്കും... ക്രൂശിതനായ ദൈവത്തിൻറെ രൂപത്തിനു മുന്നിലേക്ക് നാം, ഇന്നു ക്രൂശിക്കപ്പെടുന്ന അനേകരെ സംവഹിക്കും. അവർക്ക് അവിടന്നിൽ നിന്നു മാത്രമെ അവരുടെ സഹനത്തിന് സാന്ത്വനവും അർത്ഥവും ലഭിക്കുകയുള്ളു. ക്രൂശിതർ ഇന്ന് അനേകരുണ്ട്. അവരെ മറന്നുപോകരുത്. അവർ ക്രൂശിതനായ യേശുവിൻറെ ഛായയാണ്, യേശു അവരിലുണ്ട്.

സഹനത്തിൻറെ അഗാധതിയിലേക്കിറങ്ങുന്ന ദൈവം

നരകുലത്തിൻറെ മുറിവുകളും, മരണത്തെത്തന്നെയും യേശു സ്വയം ഏറ്റെടുത്തപ്പോൾ മുതൽ ദൈവസ്നേഹം നമ്മുടെ മരുഭൂമികളെ നനയ്ക്കുകയും നമ്മുടെ അന്ധകാരത്തിൽ പ്രകാശം പരത്തുകയും ചെയ്തു. എന്തെന്നാൽ ലോകം ഇരുട്ടിലാണ്. ഇന്ന് നടക്കുന്ന യുദ്ധങ്ങളുടെയും പട്ടിണിമൂലം മരിക്കുന്ന കുട്ടികളുടെയയും വിദ്യഭ്യാസം ലഭിക്കാത്ത കുഞ്ഞുങ്ങളുടെയും യുദ്ധങ്ങളും ഭീകരപ്രവർത്തനങ്ങളും ഇല്ലായ്മ ചെയ്തിട്ടുള്ള ജനതകളുടെയുമൊക്കെ ഒരു പട്ടികതന്നെ നമുക്കുണ്ടാക്കാൻ സാധിക്കും. യാഥാർത്ഥ്യം ഇതാണ്. മരണത്തിൻറെ ഈ കാൽവരിയിൽ യേശുവാണ് സ്വന്തം ശിഷ്യരിൽ യാതനയനുഭവിക്കുന്നത്.  തൻറെ ദൗത്യവേളയിൽ, ദൈവസുതൻ, സൗഖ്യമേകുകയും മാപ്പുനല്കുകയും ഉയിർപ്പിക്കുകയും ചെയ്തുകൊണ്ട്, ജീവൻ സമൃദ്ധമായി നല്കി. ഇപ്പോൾ, കുരിശിലെ പരമയാഗ വേളയിൽ അവിടന്ന്, പിതാവ് ഭരമേല്പിച്ച ദൗത്യം പൂർത്തിയാക്കുകയാണ്. സഹനത്തെ വീണ്ടെടുക്കാനും രൂപാന്തരപ്പെടുത്താനുമായി അതിൻറെ അഗാധതയിലേക്ക് അവിടന്നിറങ്ങുന്നു. ദൈവസ്നേഹത്തിന് മാത്രമേ ഇത് ചെയ്യാൻ കഴിയൂ. അവിടത്തെ മുറിവുകളാൽ നാം സൗഖ്യം പ്രാപിച്ചു (1 പത്രോസ് 2:24), അവിടത്തെ മരണത്താൽ നാം പുനരുജ്ജീവിപ്പിക്കപ്പെട്ടു. കുരിശിൽ ഉപേക്ഷിക്കപ്പെട്ട അവിടത്തേക്കു നന്ദി, ഇനിയൊരിക്കലും, മരണത്തിൻറെ ഇരുട്ടിൽ ആരും തനിച്ചല്ല.

വിശുദ്ധ ശനി

വിശുദ്ധ ശനിയാഴ്ച നിശബ്ദതയുടെ ദിവസമാണ്. ഭൂമിയാകെ വലിയൊരു നിശബ്ദത വ്യാപിച്ചിരിക്കുന്നു. യേശുവിൻറെ നിന്ദ്യമായ മരണത്തിൽ നടുങ്ങിയ ആദ്യത്തെ ശിഷ്യന്മാർ  ദുഃഖത്തിലും പരിഭ്രാന്തിയിലും ജീവിച്ച നിശബ്ദത. വചനം മൗനം പാലിക്കുമ്പോൾ, ജീവൻ കല്ലറയിലായിരിക്കുമ്പോൾ, അവിടന്നിൽ പ്രതീക്ഷ അർപ്പിച്ചിരുന്നവർ കടുത്ത പരീക്ഷണത്തിനു വിധേയരാക്കപ്പെടുന്നു, തങ്ങൾ അനാഥരാണെന്ന് അവർക്ക് തോന്നുന്നു. ദൈവം തങ്ങളെ കൈവിട്ടതായിപ്പോലും അവർക്ക് അനുഭവപ്പെടുന്നു. ഈ ശനിയാഴ്ചയും മറിയത്തിൻറ ദിവസമാണ്: അവളും  കണ്ണീരോടെ കഴിയുന്ന ദിനം, പക്ഷേ അവളുടെ ഹൃദയം വിശ്വാസത്താൽ നിറഞ്ഞിരിക്കുന്നു, അത് പ്രത്യാശാഭരിതമാണ്, സ്നേഹസാന്ദ്രമാണ്. വേദനയുടെ പാതയിൽ അമ്മ മകനെ അനുഗമിക്കുകയും പിളർക്കപ്പെട്ട ആത്മാവോടുകൂടി കുരിശിൻറെ ചുവട്ടിൽ നില്ക്കുകയും ചെയ്തു. എന്നാൽ എല്ലാം അവസാനിച്ചു എന്നു കരുതിയപ്പോൾ, അവൾ ഉണർന്നിരിക്കുന്നു, മരിച്ചവരെ ഉയിർപ്പിക്കുന്നവനായ ദൈവത്തിൻറെ വാഗ്ദാനത്തിൽ അവൾ പ്രത്യാശയർപ്പിക്കുന്നു. അങ്ങനെ, ലോകത്തിലെ ഏറ്റം ഇരുണ്ട മണിക്കൂറിൽ, അവൾ വിശ്വാസികളുടെ മാതാവായി, സഭയുടെ അമ്മയായി, പ്രത്യാശയുടെ അടയാളമായി. നമുക്കോരോരുത്തർക്കും ക്രൂശിൻറെ ഭാരം അത്യധികമായി  അനുഭവപ്പെടുമ്പോൾ അവളുടെ സാക്ഷ്യവും മാദ്ധ്യസ്ഥ്യവും നമുക്ക് താങ്ങാകുന്നു.

പെസഹാ ജാഗരം

വിശുദ്ധ ശനിയാഴ്ചയിലെ ഇരുളിൽ, സായാഹ്നം ഏറെ ചെന്ന്,  പെസഹാജാഗരതിരുക്കർമ്മങ്ങളാൽ ആനന്ദവും പ്രകാശവും സാഘോഷമായ അല്ലേലൂയഗീതിയോടെ അണപൊട്ടിയൊഴുകും. അത് ഉത്ഥിതനായ ക്രിസ്തുവുമയുള്ള വിശ്വാസസമാഗമമായിരിക്കും. ഈ ഉത്ഥാനനാന്ദം തുടർന്നുള്ള അമ്പത് ദിവസവും, പരിശുദ്ധാത്മാവിൻറെ ആഗമനം വരെ, നീണ്ടുനില്ക്കും. ക്രൂശിക്കപ്പെട്ടവൻ ഉയിർത്തെഴുന്നേറ്റു! എല്ലാ ചോദ്യങ്ങളും അനിശ്ചിതത്വങ്ങളും സന്ദേഹങ്ങളും ഭയങ്ങളും ഈ വെളിപ്പെടുത്തലിലൂടെ ദൂരീകരിക്കപ്പെടുന്നു. തിന്മയുടെ മേൽ നന്മ എപ്പോഴും ജയിക്കുന്നുവെന്നും, മരണത്തിൻറെ മേൽ എല്ലായ്പ്പോഴും ജീവൻ വിജയം വരിക്കുന്നുവെന്നും നമ്മുടെ അന്ത്യം കൂടുതൽ കൂടുതൽ താഴേക്കിറങ്ങുകയല്ല, സങ്കടത്തിൽ നിന്നു സങ്കടത്തിലേക്കു പോകുകയല്ല, മറിച്ച് ഉന്നതത്തിലേക്കേറുകയാണെന്നുള്ള ഉറപ്പ് ഉത്ഥിതൻ നമുക്കു നല്കുന്നു. എല്ലാകാര്യങ്ങളിലും, അതായത്, മരണാനന്തര ജീവിതവും പാപമോചനവും നമുക്ക് വാഗ്ദാനം ചെയ്യുന്നതിൽ യേശു ശരിയായിരുന്നുവെന്നതിന് സ്ഥിരീകരണമാണ് ഉത്ഥിതൻ.

സത്യത്തെ മറയ്ക്കുന്ന പണം

ശിഷ്യർ സംശയിച്ചു, അവർ വിശ്വസിച്ചില്ല. ആദ്യം കാണുകയും വിശ്വാസിക്കുകയും ചെയ്തത് മഗ്ദലന മറിയമാണ്. അവൾ പുനരുത്ഥാനത്തിൻറെ പ്രേഷിതയായി ഭവിച്ചു. ഉത്ഥിതനായ യേശു പേരെടുത്തു വിളിച്ച അവളാണ് അവിടത്തെ കണ്ട വവിരം പറയാൻ പോയത്. തുടർന്ന് എല്ലാ ശിഷ്യരും ഉത്ഥിതനെ കാണുന്നു. എന്നാൽ ഞാൻ ഊന്നൽ കൊടുക്കുന്നത് യേശുവിൻറെ ശരീരം ആരും എടുത്തുകൊണ്ടു പോകാതിരിക്കുന്നതിന് കല്ലറയിങ്കൽ നിന്നിരുന്ന കാവൽക്കാർക്കാണ്, സൈനികർക്കാണ്. അവർ ഉത്ഥിതനെ കണ്ടു. ജീവിച്ചിരിക്കുന്നവനെ, ഉയിർത്തെഴുന്നേറ്റവനെ കണ്ടു. ശത്രുക്കൾ അവിടത്തെ കണ്ടു. എന്നാൽ അവർ കണ്ടില്ലെന്നു നടിച്ചു. എന്തുകൊണ്ട്?. അവർക്ക് പണം നല്കിയിരുന്നുതു കൊണ്ട്. ഒരിക്കൽ യേശു പറഞ്ഞതിൻറെ യഥാർത്ഥ രഹസ്യം ഇതാ: “ലോകത്തിൽ രണ്ടു യജമാനന്മാരുണ്ട്, രണ്ടു മാത്രം, കൂടുതലില്ല. ദൈവവും പണവും. ധനത്തെ സേവിക്കുന്നവൻ ദൈവത്തിനെതിരാണ്”. ഇവിടെയുളളത് യാഥാർത്ഥ്യത്തെ മാറ്റിമറിച്ച പണമാണ്. പുനരുത്ഥാനാത്ഭുതം അവർ ദർശിച്ചു, എന്നാൽ അതെക്കുറിച്ച് മിണ്ടാതിരിക്കുന്നതിന് അവർക്ക് പണം നല്കപ്പെട്ടു. ക്രിസ്തുവിൻറെ പുനരുത്ഥാനം പ്രായോഗികമായി അംഗീകരിക്കാതിരിക്കുന്നതിന് പലപ്പോഴും പണം നല്കപ്പെടുന്ന സ്ത്രീപുരുഷന്മാരായ ക്രൈസ്തവരെക്കുറിച്ച് നാം ചിന്തിക്കുന്നു. 

മഹാമാരിക്കാലത്തെ ഉയിർപ്പുതിരുന്നാൾ

പ്രിയ സഹോദരീസഹോദരന്മാരേ, ഇക്കൊല്ലവും നമ്മൾ ഉയിർപ്പുതിരുന്നാൾ ആഘോഷിക്കുന്നത് പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിലാണ്. കഷ്ടപ്പാടുകളുടെ പല സാഹചര്യങ്ങളിലും, പ്രത്യേകിച്ച്, ദാരിദ്ര്യം, ദുരന്തങ്ങൾ അല്ലെങ്കിൽ സംഘർഷങ്ങൾ എന്നിവയാൽ ഇതിനകം യാതനകളനുഭവിച്ച ആളുകളും, കുടുംബങ്ങളും, ജനതകളും ഈ കഷ്ടപ്പാട് അനുഭവിക്കുമ്പോൾ, ക്രിസ്തുവിൻറെ കുരിശ്, തീരത്തണയാൻ ശ്രമിക്കുന്ന കൊടുങ്കാറ്റിൽപ്പെട്ട കപ്പലുകൾക്ക് തുറമുഖത്തേക്കു വഴികാട്ടുന്ന  വിളക്കുമരം പോലെയാണ്. ക്രിസ്തുവിൻറെ കുരിശ് നിരാശപ്പെടുത്താത്ത പ്രത്യാശയുടെ അടയാളമാണ്; ദൈവത്തിൻറെ പരിത്രാണപദ്ധതിയിൽ ഒരു അശ്രകണവും, ഒരു നെടുവീർപ്പും പോലും പാഴായിപ്പോകുന്നില്ല എന്ന് അത് നമ്മോട് പറയുന്നു. കർത്താവിനെ സേവിക്കാനും, അവിടത്തെ തിരിച്ചറിയാനും അവിടത്തെ മറക്കുന്നതിനുവേണ്ടി പ്രതിഫലം പറ്റാതിരിക്കാനുമുള്ള കൃപ നമുക്കു പ്രദാനം ചെയ്യുന്നതിനായി  അവിടത്തോട് അപേക്ഷിക്കാം നന്ദി.

ഈ വാക്കുകളെ തുടര്‍ന്ന് പാപ്പായുടെ, ഇറ്റാലിയന്‍ഭാഷയിലായിരുന്ന, പ്രഭാഷണത്തിന്‍റെ  സംഗ്രഹം ആംഗലവും അറബിയുമുള്‍പ്പെടെ വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെടുകയും ഓരോ വായനയുടെയും അവസാനം പാപ്പാ ആ ഭാഷാക്കാരെ ഇറ്റാലിയന്‍ഭാഷയില്‍ അഭിവാദ്യം ചെയ്യുകയും ചെയ്തു.

സമാപനാശീർവ്വാദം

പൊതുദർശന പ്രഭാഷണത്തിൻറെ അവസാനം പാപ്പാ, പതിവുപോലെ, വൃദ്ധജനത്തെയും, യുവജനത്തെയും, രോഗികൾ, നവദമ്പതികൾ എന്നിവരെയും അഭിവാദ്യം ചെയ്തു. തദ്ദനന്തരം കർത്തൃപ്രാർത്ഥനയ്ക്കു ശേഷം പാപ്പാ ദൃശ്യശ്രാവ്യ മദ്ധ്യമങ്ങളിലൂടെ പൊതുദർശന പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും ആശീർവ്വാദം നല്കി.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

31 March 2021, 14:33

ഏറ്റവും അടുത്ത പൊതുകൂടിക്കാഴ്ച

വായിച്ചു മനസ്സിലാക്കാന്‍ >