തിരയുക

ഗാർഹികതയുടെ ആന്തരികതയിൽ ആവിഷ്കൃതമാകുന്ന മറിയത്തിൻറെ ഹൃദയ സൗന്ദര്യം!

മാർപ്പാപ്പാ അമലോത്ഭവത്തിരുന്നാൾ ദിനത്തിൽ വത്തിക്കാനിൽ നയിച്ച ത്രികാലപ്രാർത്ഥനയ്ക്ക് ഒരുക്കമായി നല്കിയ സന്ദേശം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

2021 ഡിസമ്പർ എട്ടാം തീയതി ബുധനാഴ്ച (08/12/21) അമലോത്ഭവ നാഥയുടെ തിരുന്നാൾ ദിനത്തിൽ, ഇറ്റലിയിലും വത്തിക്കാനിലും പൊതുഅവധിയായിരുന്നു. തന്മൂലം ഫ്രാൻസീസ് പാപ്പാ ബുധനാഴ്ചകളിൽ പതിവുള്ള പ്രതിവാര പൊതുകൂടിക്കാഴ്ച അന്ന് അനുവദിച്ചില്ല, എന്നാൽ മദ്ധ്യാഹ്നപ്രാത്ഥന നയിച്ചു. മഴയും തണുപ്പും പ്രതികൂലാവസ്ഥ സൃഷ്ടിച്ചുവെങ്കിലും ഈ പ്രാർത്ഥനയിൽ പങ്കുകൊള്ളുന്നതിന് വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ ചത്വരത്തിൽ വിവിധ രാജ്യക്കാരായിരുന്ന നിരവധി വിശ്വാസികൾ സന്നിഹിതരായിരുന്നു. പാപ്പാ  റോമിലെ സമയം ഉച്ചയ്ക്ക് 12 മണിയ്ക്ക്, ഇന്ത്യയിലെ സമയം വൈകുന്നേരം 4,30-ന് ത്രികാല പ്രാർത്ഥന നയിക്കുന്നതിനായി, ആ സമയത്തിന് അല്പം മുമ്പ്, അരമനയുടെ പതിവു ജാലകത്തിങ്കൽ പ്രത്യക്ഷനായപ്പോൾ, ബസിലിക്കാങ്കണത്തിൽ സന്നിഹിതരായിരുന്ന ജനസഞ്ചയത്തിൻറെ കരഘോഷവും ആനന്ദരവങ്ങളും ഉയർന്നു.

പ്രാർത്ഥനയ്ക്കു മുമ്പ്, പാപ്പാ, സാധാരണ ചെയ്യാറുള്ളതുപോലെ നടത്തിയ വിചിന്തനത്തിന് ആധാരം അമലോത്ഭവത്തിരുന്നാൾ ദിനത്തിൽ (08/12/21) ലത്തീൻ റീത്തിൻറെ ആരാധാനാക്രമമനുസരിച്ച് ദിവ്യബലി മദ്ധ്യേ വായിക്കപ്പെട്ട വിശുദ്ധഗ്രന്ഥ ഭാഗങ്ങളിൽ ലൂക്കായുടെ സുവിശേഷം 1:26-38 വരെയുള്ള വാക്യങ്ങൾ അതായത്, ദൈവദൂതൻ, നസറത്തിലെ കന്യകയായ മറിയത്തോട് അവൾ ദൈവപുത്രൻറെ അമ്മയാകുമെന്ന് അറിയിക്കുന്ന മംഗളാവർത്താ സംഭവം  ആയിരുന്നു. ഇറ്റാലിയൻ ഭാഷയിലായിരുന്ന പാപ്പായുടെ പരിചിന്തനത്തിൻറെ പരിഭാഷ:

മറിയത്തിൻറെ ഹൃദയസൗന്ദര്യം വെളിപ്പെടുത്തപ്പെടുന്ന നസ്രത്തിലെ ഭവനം 

പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം!

പരിശുദ്ധകാന്യകാമറിയത്തിൻറെ അമലോത്ഭവത്തിരുന്നാൾ ദിനത്തിലെ, ഇന്നത്തെ ആരാധനാക്രമത്തിലെ, സുവിശേഷം, ദൈവദൂതൻറെ അറിയിപ്പുണ്ടായ (ലൂക്കാ1,26-38) അവളുടെ നസ്രത്തിലെ ഭവനത്തിലേക്ക് നമ്മെ ആനയിക്കുന്നു. വീടിൻറെ ചുവരുകൾക്കുള്ളിലാണ് ഒരു വ്യക്തി മറ്റെവിടെയുമെന്നതിനെക്കാൾ നന്നായി സ്വയം ആവിഷ്ക്കരിക്കുന്നത്. ഗാർഹികയുടെ ആന്തരികതയിൽ സുവിശേഷം നമുക്ക് മറിയത്തിൻറെ ഹൃദയസൗന്ദര്യത്തെ വെളിപ്പെടുത്തുന്ന ഒരു വിശദാംശം നൽകുന്നു.

മറിയത്തെ അസ്വസ്ഥയാക്കിയ അഭിവാദനം: "പ്രസാദവര പൂരിതേ" 

ദൂതൻ അവളെ സംബോധന ചെയ്യുന്നത് "കൃപ നിറഞ്ഞവളേ" എന്നാണ്. അവൾ കൃപ നിറഞ്ഞവളെങ്കിൽ, അതിനർത്ഥം മാതാവ് കന്മഷരഹിതയാണ്, അവൾ പാപമില്ലാത്തവളാണ്, നിർമ്മലയാണ്. ഈ അഭിവാദനം ശ്രവിച്ച മറിയം "വളരെ അസ്വസ്ഥ" ആയി എന്ന് വചനം പറയുന്നു. (ലൂക്കാ 1:29). അവൾ ആശ്ചര്യപ്പെടുക മാത്രമല്ല, അസ്വസ്ഥയാകുകയും ചെയ്യുന്നു. മഹത്തായ ആശംസകളും ബഹുമതികളും അഭിനന്ദനങ്ങളും ലഭിക്കുന്നത് ചിലപ്പോൾ അഹങ്കാരവും ഔദ്ധത്യവും ഉണർത്താം. ചത്വരങ്ങളിൽ അഭിവാദനങ്ങളും മുഖസ്തുതിയും ദൃശ്യപരതയും തേടിപ്പോകുന്നവരോട് യേശു മയമുള്ള നിലപാടല്ല എടുക്കുന്നതെന്ന് നമുക്ക് ഓർക്കാം (ലൂക്കാ 20:46). മറിയമാകട്ടെ സ്വയം മഹത്വപ്പെടുത്തുകയല്ല, മറിച്ച്, അസ്വസ്ഥയാവുകയാണ് ചെയ്യുന്നത്; ആനന്ദം അനുഭവിക്കുന്നതിനു പകരം അവൾ ആശ്ചര്യപ്പെടുന്നു. മാലാഖയുടെ അഭിവാദനത്തിന് താൻ യോഗ്യയല്ലെന്ന് അവൾക്കു പ്രതീതമാകുന്നു. ഇത് എന്തുകൊണ്ടാണ്? താൻ ചെറുതാണെന്ന് അവൾക്ക് അവളുടെ ഉള്ളിൽ അനുഭവപ്പെടുന്നുതിനാൽ, ഈ ചെറുമ, ഈ താഴ്മ ദൈവത്തിൻറെ നോട്ടത്തെ ആകർഷിക്കുന്നു.

മറിയത്തിൻറെ "ചെറുമ"

അങ്ങനെ നമുക്ക്, നസ്രത്തിലെ ഭവനത്തിൻറെ ചുവരുകൾക്കുള്ളിൽ, മറിയത്തിൻറെ ചിത്തത്തിൻറെ വിസ്മയകരമായ ഒരു സവിശേഷത കാണാൻ സാധിക്കുന്നു: അഭിനന്ദനങ്ങളിൽ ഏറ്റവും ഉന്നതമായത് ലഭിച്ചപ്പോൾ  അവൾ അസ്വസ്ഥയാണ്, കാരണം തനിക്ക് അർഹമല്ലാത്തത് തനിക്കു ലഭിച്ചതായി അവൾ കരുതുന്നു. വാസ്തവത്തിൽ, മറിയം തനിക്ക് പ്രത്യേകാവകാശങ്ങൾ ആരോപിക്കുന്നില്ല, അവൾ അവകാശവാദങ്ങൾ ഉന്നയിക്കുന്നില്ല, തൻറെ യോഗ്യതയായി അവൾ ഒന്നും എടുത്തുകാട്ടുന്നില്ല. അവൾ ആത്മ സംതൃപ്തി പ്രകടിപ്പിക്കുന്നില്ല, സ്വയം ഉയർത്തുന്നില്ല. കാരണം സകലവും ദൈവത്തിൽ നിന്നാണ് താൻ സ്വീകരിക്കുന്നതെന്ന് അവളുടെ എളിമയാൽ അവൾക്കറിയാം. അതിനാൽ അവൾ അവളിൽ നിന്നു സ്വതന്ത്രയായി, പൂർണ്ണമായും ദൈവത്തിലേക്കും മറ്റുള്ളവരിലേക്കും തിരിയുന്നു. തനിക്കുവേണ്ടി മാത്രമായ നയനങ്ങൾ അമലോത്ഭവ മറിയത്തിനില്ല. ഇതാ, യഥാർത്ഥ വിനയം: തനിക്കുവേണ്ടിയല്ല, മറിച്ച് ദൈവത്തിനും മറ്റുള്ളവർക്കും വേണ്ടിയുള്ള നയനങ്ങൾ ഉണ്ടായിരിക്കുക.

വീടിൻറെ ചുവരുകൾക്കുള്ളിൽ, താഴ്മയിൽ പ്രഖ്യാപിതമായ പൂർണ്ണത

മറിയത്തിൻറെ ഈ പൂർണ്ണത, പ്രസാദവര നിറവ്, ദൈവദൂതൻ പ്രഖ്യാപിച്ചത് അവളുടെ വീടിൻറെ ചുവരുകൾക്കുള്ളിൽ വച്ചാണെന്നത് നമുക്ക് ഓർക്കാം: അത് നസ്രത്തിലെ പ്രധാന ചത്വരത്തിൽ വച്ചായിരുന്നില്ല, മറിച്ച് രഹസ്യത്തിൽ, പരമമായ എളിമയിൽ ആയിരുന്നു. ഒരു സൃഷ്ടിക്കു ലഭിച്ച എറ്റുവും വലിയ ഹൃദയം നസ്രത്തിലെ ആ കൊച്ചുവീട്ടിൽ സ്പന്ദിച്ചു. പ്രിയ സഹോദരീ സഹോദരന്മാരേ, ഇത് നമുക്കുള്ള ഏറ്റവും തസവിശേഷമായ വാർത്തയാണ്! എന്തെന്നാൽ, കർത്താവിന്, അത്ഭുതങ്ങൾ പ്രവർത്തിക്കുന്നതിന്, വലിയ മാർഗ്ഗങ്ങളും നമ്മുടെ മഹത്തായ കഴിവുകളുമല്ല, മറിച്ച് നമ്മുടെ വിനയവും അവിടുന്നിലേക്കും അപരരിലേക്കും തുറവുള്ള നോട്ടവുമാണ് ആവശ്യം എന്ന്.

ദൈവം നമ്മോടൊപ്പം ദൈനംദിന ജീവിതത്തിൽ 

അത് നമ്മോട് പറയുന്നു. ഒരു ചെറുവീടിൻറെ ചുമരുകൾക്കിടയിൽ നടത്തിയ ആ പ്രഖ്യാപനത്തോടെ ദൈവം ചരിത്രം മാറ്റിമറിച്ചു. ഇന്നും അവിടന്ന് നമ്മോടൊപ്പം നമ്മുടെ ദൈനംദിന ജീവിതത്തിൽ വൻ കാര്യങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്നു: കുടുംബത്തിൽ, ജോലിസ്ഥലത്ത്, അനുദിന ചുറ്റുപാടുകളിൽ. ചരിത്രത്തിലെ മഹത്തായ സംഭവങ്ങളിലേതിനെക്കാൾ, അവിടെ, ദൈവകൃപ പ്രവർത്തിക്കാൻ ഇഷ്ടപ്പെടുന്നു. എന്നാൽ, ഞാൻ സ്വയം ചോദിക്കുകയാണ്, നമ്മൾ അത് വിശ്വസിക്കുന്നുണ്ടോ? അതോ, വിശുദ്ധി ഒരു സങ്കല്പം ആണെന്നും, അന്തഃസ്ഥിതർക്കു വേണ്ടിയുള്ളതെന്തോ ആണെന്നും, സാധാരണ ജീവിതവുമായി പൊരുത്തപ്പെടാത്ത ഒരു ഭക്തിഭ്രമമാണെന്നും നാം കരുതുന്നുണ്ടോ?

ആരും കൈവിടപ്പെട്ടിട്ടില്ല

നമുക്ക് നമ്മുടെ അമ്മയോട് കൃപയ്ക്കായി യാചിക്കാം: സുവിശേഷവും ജീവിതവും വേറിട്ടു നല്ക്കുന്നവയാണെന്ന തെറ്റിദ്ധാരാണാജനകമായ ആശയത്തിൽ നിന്ന് നമ്മെ വിമുക്തരാക്കുന്നതിന്, വിശുദ്ധിയുടെ ആദർശത്തിനായുള്ള ആവേശം നമ്മെ ജ്വലിപ്പിക്കുന്നതിന്, വിശുദ്ധരുടെ ചെറുചിത്രങ്ങളെയും ചെറുരൂങ്ങളെയും സംബന്ധിച്ചതല്ല, മറിച്ച് ഓരോ ദിവസവും നമുക്ക് സംഭവിക്കുന്നവയെ, നമ്മിൽ നിന്ന് വിട്ടുനിന്ന്, നമ്മുടെ നയനങ്ങൾ വിനയത്തോടെയും സന്തോഷത്തോടെയും, ദൈവത്തിലേക്കും നാം കണ്ടുമുട്ടുന്ന അയൽക്കാരനിലേക്കും തിരിച്ചുകൊണ്ട് ജീവിക്കുന്നതിന് ഉള്ള അനുഗ്രഹം അപേക്ഷിക്കാം. നാം നഷ്ടധൈര്യരാകരുത്: ദൈനംദിനജീവിതത്തിൽ വിശുദ്ധി തുന്നിച്ചേർക്കാനുള്ള നല്ലൊരു തുണി  കർത്താവ് എല്ലാവർക്കും പ്രദാനം ചെയ്തിട്ടുണ്ട്! അതിൽ വിജയിക്കില്ല എന്ന സംശയം, നാം അപര്യാപ്തരാണ് എന്ന സങ്കടം നമ്മെ ആക്രമിക്കുമ്പോൾ, നമ്മുടെ അമ്മയുടെ "കരുണ നിറഞ്ഞ കണ്ണുകൾ" നമ്മുടെ മേൽ പതിയാൻ അനുവദിക്കുക, കാരണം അവളോട് സഹായം ചോദിച്ച ആരും ഒരിക്കലും ഉപേക്ഷിക്കപ്പെട്ടിട്ടില്ല!

ആശീർവ്വാദവും സമാപനാഭിവാദ്യങ്ങളും

പ്രഭാഷണാനന്തരം പാപ്പാ കര്‍ത്താവിന്‍റെ മാലാഖ എന്നാരംഭിക്കുന്ന പ്രാർത്ഥന നയിക്കുകയും ആശീർവ്വാദം നല്കുകയും ചെയ്തു. അതിനു ശേഷം പാപ്പാ താൻ ഡിസമ്പർ 2-6 വരെ നടത്തിയ ഇടയസന്ദർശനത്തെക്കുറിച്ച് അനുസ്മരിച്ചു.

 സൈപ്രസ്-ഗ്രീസ് സന്ദർശനം

രണ്ടു ദിവസം മുമ്പാണ്, അതായത് ഡിസമ്പർ 6-ന് (06/12/21) ആണ് താൻ സൈപ്രസ്-ഗ്രീസ് സന്ദർശനം കഴിഞ്ഞു മടങ്ങിയെത്തിയതെന്നു പറഞ്ഞ പാപ്പാ ഈ ഇടയസന്ദർശനത്തിൻറെ ഹ്രസ്വമായ ഒരു പുനരവലോകനം നടത്തുകയും ഈ നാടുകളുടെ പൗരാധികാരികൾക്കും പൗരന്മാർക്കും സഭാപ്രതിനിധികൾക്കും നന്ദി പറയുകയും ചെയ്തു.

സൈപ്രസ് സാഹോദര്യത്തിൻറെ പണിശാലയായി തുടരട്ടെയെന്ന് പാപ്പാ ആശംസിച്ചു. 

കുടിയേറ്റക്കാരുടെ യാതനകൾക്കു മുന്നിൽ മുഖംതിരിച്ചു നില്ക്കരുത്

കുടിയേറ്റക്കാരെക്കുറിച്ചും ഗ്രീസിൽ ലെസ്വോസിൽ അവരുമൊത്തു നടത്തിയ കൂടിക്കാഴ്ചയെയും കുറിച്ച് പരാമർശിച്ച പാപ്പാ അവരുടെ കഥയ്ക്കുമുന്നിൽ നമുക്ക് മൗനം പാലിക്കാനും മുഖം തിരിക്കാനുമാകില്ലയെന്ന് പറഞ്ഞു.

കണ്ടുമുട്ടുന്ന പരിത്യക്തരുടെ കണ്ണുകളിലേക്കു നോക്കണമെന്നും നിരാശരായ കുടിയേറ്റക്കാരുടെ കുട്ടികളുടെ വദനങ്ങൾ നമ്മെ സ്പർശിക്കാൻ അനുവദിക്കണമെന്നും നമ്മുടെ നിസ്സംഗതയോട് പ്രതികരിക്കാൻ അവരുടെ കഷ്ടപ്പാടുകളിലേക്ക് ആഴ്ന്നിറങ്ങണമെന്നും നോക്കാം, നാം ശീലത്തിൻറെതായ ഉറക്കത്തിൽ നിന്ന് ഉണരാരുന്നതിനു വേണ്ടി അവരുടെ മുഖത്തേക്കു നോക്കണെന്നും പാപ്പാ ഓർമ്മിപ്പിച്ചു.

വിശുദ്ധ യൗസേപ്പിനു പ്രതിഷ്ഠിതമായ വത്സര സമാപനം

വിശുദ്ധ യൗസേപ്പിനു പ്രതിഷ്ഠിതമായ വത്സരാചരണം ഈ അമലോത്ഭവത്തിരുന്നാൾ ദിനത്തിൽ സമാപിക്കുന്നതിനെക്കുറിച്ചും പാപ്പാ പരാമർശിക്കുകയും എല്ലാവർക്കും അമലോത്ഭവത്തിരുന്നാൾ മംഗളങ്ങൾ നേരുകയും ചെയ്തു.

തദ്ദനന്തരം തനിക്കുവേണ്ടി പ്രാർത്ഥിക്കണമെന്ന അഭ്യർത്ഥന നവീകരിക്കുകയും എല്ലാവർക്കും അഭിവാദ്യം അർപ്പിക്കുകയും നല്ലൊരു ഉച്ചവിരുന്നു നേരുകയും വീണ്ടും കാണാമെന്ന് പറയുകയും ചെയ്തുകൊണ്ട് പാപ്പാ ജാലകത്തിങ്കൽ നിന്ന് പിൻവാങ്ങി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

08 December 2021, 16:11

ത്രികാലപ്രാര്‍ത്ഥന - ദിവസത്തിൽ മൂന്നു പ്രാവശ്യം ജപിക്കുന്ന സഭയുടെ ഔദ്യോഗിക പ്രാർത്ഥനയാണിത്. സനാതനമായ രക്ഷാകര രഹ്യമാണ് ഇതിന്‍റെ ഉള്ളടക്കം. രാവിലെ
6 മണിക്കും, മദ്ധ്യാഹ്നം 12 മണിക്കും, വൈകുന്നേരം 6 മണിക്കും ദേവാലയമണി മുഴങ്ങുമ്പോഴാണ് ഇത് ഉരുവിടുന്നത്.  

കര്‍ത്താവിന്‍റെ മാലാഖ... എന്നു തുടങ്ങുന്ന ത്രികാലജപം സാധാരണകാലങ്ങളില്‍ ചൊല്ലുമ്പോള്‍ പെസഹാക്കാലത്ത് സ്വര്‍ല്ലോക രാജ്ഞിയേ... എന്ന പ്രാര്‍ത്ഥനയുമാണ് ചൊല്ലുന്നത്. പ്രാര്‍ത്ഥനയുടെ ഇടയ്ക്ക് ചൊല്ലുന്ന നന്മനിറഞ്ഞ മറിയമേ, എന്ന ജപം ക്രിസ്തുവിന്‍റെ രക്ഷാകര ചരിത്രത്തില്‍ മറിയത്തിനുള്ള പങ്ക് വിളിച്ചോതുന്നു. ത്രിത്വസ്തുതിയോടെയാണ് ത്രികാലപ്രാര്‍ത്ഥന അവസാനിക്കുന്നത്.


പൊതുവെ എല്ലാ ഞായറാഴ്ചകളിലും സവിശേഷദിനങ്ങളിലും മദ്ധ്യാഹ്നത്തിലാണ് “ആഞ്ചെലൂസ്…” എന്ന ശീര്‍ഷകത്തില്‍ പാപ്പായുടെ സാന്നിദ്ധ്യത്തില്‍ ത്രികാലപ്രാ‍ര്‍ത്ഥന നടത്തപ്പെടുന്നത്. ഞായറാഴ്ചകളില്‍ മദ്ധ്യാഹ്നം കൃത്യം 12 മണിക്ക് വത്തിക്കാനിലെ അപ്പസ്തോലിക അരമനയുടെ മൂന്നാംനിലയുടെ രണ്ടാം ജാലകത്തില്‍ പ്രത്യക്ഷപ്പെട്ട്, താഴെ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ സമ്മേളിച്ചിരിക്കുന്ന തീര്‍ത്ഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കുമൊപ്പം പാപ്പാ ത്രികാലപ്രാര്‍ത്ഥന ചൊല്ലുന്ന പതിവിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്.

ഏറ്റവും ഒടുവിലത്തെ ത്രികാലപ്രാര്‍ത്ഥന

വായിച്ചു മനസ്സിലാക്കാന്‍ >