തിരയുക

ദൈവത്തെ കാത്തിരിക്കുന്ന വാർദ്ധക്യം: ഫ്രാൻസിസ് പാപ്പ

ഫ്രാൻസീസ് പാപ്പാ ബുധനാഴ്ച പോൾ ആറാമൻ ശാലയിൽവച്ച് നടത്തിയ പൊതുദർശന പരിപാടിയുടെ പരിഭാഷ

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

വത്തിക്കാനിൽ, വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ സമീപത്തുള്ള പോൾ ആറാമൻ ശാലതന്നെയായിരുന്നു ഈ ആഴ്ചയും പാപ്പായുടെ ബുധനാഴ്ച ദിവസങ്ങളിലെ പൊതുദര്‍ശന പരിപാടിയുടെ വേദി. പാപ്പാ പോൾ ആറാമൻശാലയിൽ എത്തിയപ്പോൾ അവിടെ സന്നിഹിതരായിരുന്ന വിവിധ രാജ്യക്കാരായ തീർത്ഥാടകരുടെയും സന്ദർശകരുടെയും ആനന്ദാരവങ്ങളും കരഘോഷവും ഉയർന്നു. എല്ലാവരെയും അഭിവാദ്യം ചെയ്ത പാപ്പാ, റോമിലെ സമയം രാവിലെ ഏതാണ്ട് 9 മണി, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 1.30, ആയപ്പോൾ ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന് വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗ പാരായണമായിരുന്നു. വിശുദ്ധ ലൂക്കയുടെ സുവിശേഷം രണ്ടാം അധ്യായത്തില്‍ വൃദ്ധരായ ശിമെയോനെയും അന്നയെയും കുറിച്ചുള്ള വിവരണത്തെ ആധാരമാക്കിയാണ് പാപ്പാ തന്റെ മതബോധനപ്രഭാഷണം നടത്തിയത്.

ഇറ്റാലിയന്‍ ഭാഷയില്‍ ആയിരുന്ന പാപ്പായുടെ മുഖ്യ പ്രഭാഷണത്തിൻറെ പരിഭാഷ ഇപ്രകാരമാണ്.

പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം!

വർദ്ധക്യത്തെക്കുറിച്ചുള്ള നമ്മുടെ മതബോധനവഴിയിൽ, വിശുദ്ധ ലൂക്ക വരച്ചുവയ്ക്കുന്ന, വൃദ്ധരായ ശിമയോന്റെയും അന്നയുടെയും മനോഹരമായ ചിത്രത്തിലേക്ക് ഇന്ന് നമുക്ക് നോക്കാം. ഈ ലോകത്തോട് വിടപറയുന്നതിന് മുൻപുള്ള അവരുടെ ജീവിതത്തിന്റെ ലക്‌ഷ്യം ദൈവത്തിന്റെ വരവിനായുള്ള കാത്തിരിപ്പാണ്. അവർ ദൈവം, അതായത് യേശു തങ്ങളെ സന്ദർശിക്കാനെത്തുന്നത് കാത്തിരിക്കുകയായിരുന്നു. പരിശുദ്ധാത്മാവിന്റെ ഒരു മുന്നറിയിപ്പുള്ളതിനാൽ, താൻ മിശിഹായെ കാണുന്നതിന് മുൻപ് മരിക്കില്ലെന്ന് ശിമയോനറിയാം. അന്ന ഓരോ ദിവസവും ദേവാലയത്തിൽ ശുശ്രൂഷയ്ക്കായി സ്വയം സമർപ്പിച്ച് പോകുന്നുണ്ട്. ഇരുവരും, അവരുടെ വളരെ നീണ്ട കാത്തിരിപ്പിന് ആശ്വാസം പകരുകയും, അവരുടെ ജീവിതത്തിൽനിന്നുള്ള വിടവാങ്ങലിനെ സമാധാനപൂർണ്ണമാക്കുകയും ചെയ്യുന്ന, ദൈവത്തിന്റെ സാന്നിധ്യം ഉണ്ണിയേശുവിൽ തിരിച്ചറിയുന്നു. ഇത് യേശുവുമായുള്ള ഒരു കണ്ടുമുട്ടലിന്റെയും ഒരു വിടപറയലിന്റെയും രംഗമാണ്.

ആത്മീയ ചൈതന്യം നിറഞ്ഞ ഈ രണ്ട് വൃദ്ധരിൽ നിന്ന് നമുക്ക് എന്താണ് പഠിക്കാനാകുക?

ആദ്യമായിത്തന്നെ, കാത്തിരിപ്പിന്റെ വിശ്വസ്തത ഇന്ദ്രിയങ്ങളെ ശുദ്ധീകരിക്കുന്നുവെന്ന് നമുക്ക് മനസ്സിലാക്കാം. മറുഭാഗത്ത്, പരിശുദ്ധാത്മാവ് ഇതേ പ്രവൃത്തി ചെയ്യുന്നുവെന്ന്, അതായത്, ഇന്ദ്രിയങ്ങളെ പ്രകാശിപ്പിക്കുന്നു എന്ന് നമുക്കറിയാം. ഇന്നും നമ്മൾ പരിശുദ്ധാത്മാവിനെ വിളിച്ചപേക്ഷിക്കുന്ന "വേനി ക്രെയാത്തോർ സ്പിരിത്തൂസ്" എന്ന പുരാതനഗാനത്തിൽ നാം പറയുന്നത് ഇതാണ്: "അച്ചെന്തെ ലുമെൻ സെൻസിബൂസ്", ഞങ്ങളുടെ ഇന്ദ്രിയങ്ങൾക്കായി ഒരു പ്രകാശം തെളിക്കുക, ഞങ്ങളുടെ ഇന്ദ്രിയങ്ങൾക്ക് തെളിച്ചം നൽകേണമേ. നമ്മുടെ ശരീരത്തിന്റെ ഇന്ദ്രിയങ്ങൾക്ക് പരിമിതികളും മുറിവുകളും ഉണ്ടെങ്കിൽപ്പോലും, പരിശുദ്ധാത്മാവിന് ആത്മാവിന്റെ ഇന്ദ്രിയങ്ങളുടെ മൂർച്ച കൂട്ടുവാൻ കഴിവുണ്ട്. വാർദ്ധക്യം ഒരു വിധത്തിലല്ലെങ്കിൽ മറ്റൊരു വിധത്തിൽ ശരീരത്തിന്റെ സംവേദനക്ഷമതയെ ദുർബലപ്പെടുത്തും. ഒരുവൻ കൂടുതൽ അന്ധനാകുന്നു, ഒരുവൻ കൂടുതൽ ബധിരനാകുന്നു. എന്നാൽ ദൈവത്തിന്റെ സന്ദർശനത്തിനായുള്ള പ്രതീക്ഷയ്ക്കായി വ്യയം ചെയ്ത വാർദ്ധക്യം, ദൈവത്തിന്റെ കടന്നുപോകൽ കാണാതിരിക്കില്ല, മാത്രമല്ല, അതിനെ സ്വീകരിക്കാൻ കൂടുതൽ തയ്യാറായിരിക്കുകയും ചെയ്യും.

സജീവമായ ആത്മീയ ഇന്ദ്രിയങ്ങളാൽ സമ്പന്നവും ദൈവത്തിന്റെ അടയാളങ്ങൾ തിരിച്ചറിയാൻ, അല്ല, ദൈവത്തിന്റെ അടയാളത്തെ തിരിച്ചറിയാൻ കഴിവുള്ളതുമായ ഒരു വാർദ്ധക്യം എന്നത്തേക്കാളും നമുക്ക് ആവശ്യമാണ്. നമ്മെ പ്രതിസന്ധിയിലാക്കുന്ന, വൈരുദ്ധ്യത്തിന്റെ (ലൂക്കാ 2, 34), എന്നാൽ നമ്മെ സന്തോഷത്താൽ നിറയ്ക്കുന്ന ഒരു അടയാളം. ശരീരത്തിന്റെ ഇന്ദ്രിയങ്ങളുടെ ഉത്തേജനത്തിലൂടെയും മരവിപ്പിലൂടെയും ആത്മീയ ഇന്ദ്രിയങ്ങളെ മയക്കിക്കിടത്തുക എന്നത് നിത്യയവ്വനത്തെക്കുറിച്ചുള്ള മിഥ്യാധാരണ വളർത്തുന്ന ഒരു സമൂഹത്തിൽ വ്യാപകമായ ഒരു രോഗലക്ഷണമാണ്. അതിന്റെ ഏറ്റവും അപകടകരമായ പ്രത്യേകത, അത് മിക്കവാറും പേർക്ക് അജ്ഞാതമായിരിക്കുന്നു എന്നതാണ്. തങ്ങൾ മയക്കപ്പെട്ടിരിക്കുന്നു എന്നത് ആരും തിരിച്ചറിയുന്നില്ല.

നിങ്ങൾക്ക് സ്പർശനത്തിന്റെയോ രുചിയുടെയോ സംവേദനക്ഷമത നഷ്ടപ്പെടുമ്പോൾ, നിങ്ങൾ അത് ഉടനടി ശ്രദ്ധിക്കുന്നു. എന്നാൽ ആത്മാവിന്റേത് നിങ്ങൾക്ക് വളരെക്കാലം അവഗണിക്കാൻ സാധിക്കും. ദൈവത്തെക്കുറിച്ചോ മതത്തെക്കുറിച്ചോ ഉള്ള ചിന്ത മാത്രമല്ല. ആത്മീയ ഇന്ദ്രിയങ്ങളുടെ സംവേദനക്ഷമതയില്ലായ്മ എന്നത്, അനുകമ്പ, സഹതാപം, ലജ്ജ, പശ്ചാത്താപം, വിശ്വസ്തത, അർപ്പണബോധം, ആർദ്രത, ബഹുമാനം, തന്റെ തന്നെ ഉത്തരവാദിത്വം, മറ്റുള്ളവർക്കുവേണ്ടിയുള്ള നൊമ്പരം എന്നിവയെയെയാണ് ബാധിക്കുന്നത്. ഇങ്ങനെയുള്ള സംവേദനക്ഷമത ഇല്ലാതാകുന്നതിന്റെ ആദ്യ ഇരയായി വാർദ്ധക്യം മാറുന്നു എന്ന് പറയാം. ആനന്ദത്തിനുവേണ്ടി സംവേദനത്തെ കൂടുതലായി ഉപയോഗിക്കുന്ന ഒരു സമൂഹത്തിൽ, ദുർബലരോടുള്ള ശ്രദ്ധ കുറയുകയും, വിജയികളുടെ മത്സരം മുന്നിട്ടുനിൽക്കുകയും ചെയ്യും. തീർച്ചയായും, എല്ലാവരെയും ഉൾപ്പെടുത്തൽ എന്ന അലങ്കാരപ്രയോഗം രാഷ്ട്രീയ നേരുള്ള ഏത് പ്രഭാഷണത്തിന്റെയും ആചാരപരമായ സൂത്രവാക്യമാണ്.

എന്നാൽ അത് ഇപ്പോഴും സാധാരണ സഹവർത്തിത്വത്തിന്റെ പ്രവൃത്തികളിൽ ഒരു യഥാർത്ഥ തിരുത്തൽ കൊണ്ടുവരുന്നില്ല: സാമൂഹിക ആർദ്രതയുടെ ഒരു സംസ്കാരം വളർത്താൻ കഷ്ട്ടപ്പെടുകയാണ്.  ഉപേക്ഷിച്ച, വിസ്മയത്തോടെ നോക്കിക്കാണാനായി ഒരു ഒരു മ്യൂസിയത്തിൽ വച്ചിരിക്കുന്ന ഒരു വസ്ത്രം പോലെയായ, മാനവികസഹോദര്യത്തിന്റെ മനോഭാവം, ശക്തമായി പുനരുദ്ധരിക്കേണ്ടതുണ്ടെന്നാണ് എനിക്ക് തോന്നിയത്.

ഈ സാഹോദര്യത്തെ പൂർണ്ണമായി ആദരിക്കാൻ കഴിവുള്ള നിരവധി യുവാക്കളെ യഥാർത്ഥ ജീവിതത്തിൽ ഹൃദയസ്പർശിയായ നന്ദിയോടെ, നമുക്ക് കാണുവാൻ കഴിയും എന്നത് ശരിയാണ്. എന്നാൽ ഇവിടെത്തന്നെയാണ് പ്രശ്നമുള്ളത്: സാമൂഹിക ആർദ്രതയുടെ ഈ ജീവരക്തത്തിന്റെ സാക്ഷ്യത്തിനും ഇതിൽനിന്നും തികച്ചും വ്യത്യസ്തമായ രീതിയിൽ സ്വയം വെളിപ്പെടുത്താൻ യുവത്വത്തെ നിർബന്ധിക്കുന്ന യാഥാസ്ഥിതികത്വത്തിനും ഇടയിൽ ഒരു വിടവ്, അപകടകരമായ ഒരു വിടവ് ഉണ്ടെന്നതാണത്. ഈ വിടവ് നികത്താനായി നമുക്ക് എന്തുചെയ്യാൻ കഴിയും?

ശിമയോന്റെയും അന്നയുടെയും വിവരണത്തിൽനിന്ന് മാത്രമല്ല, ആത്മാവിനോട് സംവേദനക്ഷമതയുള്ള പ്രായമായവരുടെ മറ്റ് ബൈബിൾ കഥകളിൽ നിന്നും, മുൻപന്തിയിലേക്കെത്തപ്പെടാൻ അർഹതയുള്ള ഒരു സൂചന മറഞ്ഞിരിപ്പുണ്ട്. ശിമയോന്റെയും അന്നയുടെയും സംവേദനക്ഷമതയെ ജ്വലിപ്പിക്കുന്ന വെളിപ്പെടുത്തൽ യഥാർത്ഥത്തിൽ എന്തിലാണ് അടങ്ങിയിരിക്കുന്നത്? അത് അവർ ജനിപ്പിക്കാത്തതും ആദ്യമായി കാണുന്നതുമായ ഒരു കുട്ടിയിൽ ദൈവസന്ദർശനത്തിന്റെ അസന്നിഗ്ധമായ അടയാളം തിരിച്ചറിയുക എന്നതിലാണ്. തങ്ങൾ പ്രധാനകഥാപാത്രങ്ങളല്ല, സാക്ഷികൾ മാത്രമാണെന്ന് അവർ അംഗീകരിക്കുന്നു. ദൈവത്തിന്റെ സന്ദർശനം അവരുടെ ജീവിതത്തിലല്ല ജന്മമെടുക്കുന്നത്, അത് അവരെ രക്ഷകരായി രംഗത്ത് കൊണ്ടുവരുന്നില്ല: ദൈവം അവരുടെ തലമുറയിലല്ല, മറിച്ച് വരാനിരിക്കുന്ന തലമുറയിലാണ് ജന്മമെടുക്കുന്നത്. ഇതിൽ അവർക്ക് ഒട്ടും നീരസവും ആക്ഷേപവുമില്ല. പകരം, വലിയ വികാരവും വലിയ ആശ്വാസവുമാണ്. തങ്ങളുടെ അടുത്ത തലമുറയിലൂടെ ജന്മമെടുക്കുകയും, തന്നെത്തന്നെ വെളിപ്പെടുത്തുകയും ചെയ്യുന്ന ഒരു സംഭവത്തിന്റെ മേന്മയാൽ, തങ്ങളുടെ തലമുറയുടെ ചരിത്രം നഷ്‌ടപ്പെടുകയോ പാഴാകുകയോ ചെയ്യുന്നില്ല എന്ന് കാണാനും അറിയിക്കാനും കഴിഞ്ഞതിന്റെ വികാരവും ആശ്വാസവും.

ആത്മീയ വാർദ്ധക്യത്തിന് മാത്രമേ ഈ വിനീതവും തിളങ്ങുന്നതുമായ സാക്ഷ്യം നൽകാനും അതിനെ ആധികാരികവും എല്ലാവർക്കും മാതൃകായോഗ്യവുമാക്കാനും സാധിക്കൂ. തുറന്ന മനസ്സുള്ള ഒരു വൃദ്ധനായ മനുഷ്യന് തുറന്ന മനസ്സുള്ള ഒരു ചെറുപ്പക്കാരന്റെ അടുത്ത് സംഭവിക്കുന്നത് ഇതാണ്. വൃദ്ധൻ ജീവിതത്തോട് വിടപറയുന്നു, എന്നാൽ അത് സ്വജീവൻ പുതുതലമുറയ്ക്ക് കൈമാറിക്കൊണ്ടാണ്. ഇതാണ് ശിമെയോന്റെയും അന്നയുടെയും വിടവാങ്ങൽ: ഇപ്പോൾ എനിക്ക് സമാധാനത്തിൽ യാത്രയാകാം. ആത്മാവിന്റെ സംവേദനക്ഷമത വളർത്തിയെടുത്ത വാർദ്ധക്യം, തലമുറകൾക്കിടയിലുള്ള എല്ലാ അസൂയകളെയും, എല്ലാ നീരസങ്ങളെയും, തങ്ങളുടെ തലമുറ വിടപറയുന്നതിനൊപ്പം വരുന്ന വരുംതലമുറയിൽ ദൈവത്തിന്റെ വരവുണ്ടാകുന്നതിനെക്കുറിച്ചുള്ള ഓരോ കുറ്റപ്പെടുത്തലിനെയും ഇല്ലാതാക്കുന്നു. പ്രായമായവരുടെ ആത്മീയ സംവേദനക്ഷമതയ്ക്ക് തലമുറകൾ തമ്മിലുള്ള മത്സരവും സംഘർഷവും വിശ്വസനീയവും നിർണ്ണായകവുമായ രീതിയിൽ ഇല്ലാതാക്കാൻ കഴിയും. ഇത് തീർച്ചയായും മനുഷ്യർക്ക് അസാധ്യമാണ് പക്ഷേ ദൈവത്തിന് സാധ്യമാണ്. ആത്മാവിന്റെ സംവേദനക്ഷമതയും, ആത്മാവിന്റെ പക്വതയും, ഇന്ന് നമുക്ക് അത് വളരെയധികം ആവശ്യമാണ്. ആത്മാവിൽ പക്വതയുള്ള, നമുക്ക് ജീവിതത്തിന് പ്രത്യാശ നൽകുന്ന ജ്ഞാനമുള്ള പ്രായമായ ആളുകളെ നമുക്ക് ആവശ്യമുണ്ട്.

സമാപനാഭിവാദ്യങ്ങളും ആശീർവ്വാദവും                        

ഈ പ്രസംഗത്തെ തുടര്‍ന്ന് പാപ്പായുടെ, ഇറ്റാലിയന്‍ ഭാഷയിലായിരുന്ന, പ്രഭാഷണത്തിന്‍റെ സംഗ്രഹം വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെടുകയും ഓരോ വായനയുടെയും അവസാനം പാപ്പാ ആ ഭാഷാക്കാരെ ഇറ്റാലിയന്‍ ഭാഷയില്‍ അഭിവാദ്യം ചെയ്യുകയും ചെയ്തു. സ്പാനിഷ് ഭാഷ സംസാരിക്കുന്നവരെ സ്പാനിഷ് ഭാഷയിൽത്തന്നെയാണ് പാപ്പാ അഭിവാദ്യം ചെയ്തത്.

നോമ്പുകാല യാത്രയുടെ ഈ അവസാന ഘട്ടത്തിൽ, ദൈവസ്നേഹത്തിന്റെ ഏറ്റവും ഉയർന്ന പ്രകടനമായ ക്രിസ്തുവിന്റെ കുരിശിലേക്ക് നോക്കുവാനും, കഷ്ടപ്പെടുന്നവരോടും, ഒറ്റപ്പെട്ടവരോടും, അക്രമങ്ങൾ അനുഭവിക്കുന്ന, സംരക്ഷിക്കാൻ ആരുമില്ലാത്ത ദുർബലരോടും സമീപസ്ഥരായിരിക്കാൻ പാപ്പാ എല്ലാവരെയും ക്ഷണിച്ചു. ശിമെയോന്റെയും അന്നയുടെയും സാക്ഷ്യം മുന്നിൽ കണ്ട്, നമ്മുടെ ജീവിതത്തിൽ ദൈവത്തിന്റെ അടയാളങ്ങൾ തിരിച്ചറിയാനും, ലോകത്തിലുള്ള അവന്റെ സാന്നിധ്യത്തിന്റെ സാക്ഷികളാകാനും നമ്മുടെ ആത്മാവിന്റെ ഇന്ദ്രിയങ്ങളെ പ്രകാശിപ്പിക്കണമേയെന്ന് പ്രാർത്ഥിക്കാനും പാപ്പാ ഉദ്‌ബോധിപ്പിച്ചു.

"ജീവിക്കാൻ അവരെ സഹായിക്കുക" എന്ന പേരിലുള്ള ഫൗണ്ടേഷനും "പ്യൂവർ" അസോസിയേഷനും പരിശുദ്ധ സിംഹാസനത്തിലേക്കുള്ള ഉക്രേനിയൻ എംബസിയും മുൻകൈയെടുത്ത് സ്വീകരിച്ച ഉക്രേനിയൻ കുട്ടികളെ പാപ്പാ പ്രത്യേകം അഭിവാദ്യം ചെയ്തു. ഒപ്പം, യുദ്ധത്തിന്റെ ഭീകരതയെക്കുറിച്ച് ചിന്തിക്കാമെന്ന് പറഞ്ഞ പാപ്പാ, ഈ ക്രൂരമായ യുദ്ധം നിർത്തലാക്കുന്നതിന് വേണ്ടി പ്രാർത്ഥിക്കാൻ എല്ലാവരെയും ആഹ്വാനം ചെയ്തു.

പൊതുകൂടിക്കാഴ്ചാ മദ്ധ്യേ പാപ്പാ മാൾട്ടയിലേക്കുള്ള തന്റെ യാത്രയ്ക്കായി പ്രാർത്ഥിക്കാൻ എല്ലാവരോടും അഭ്യർത്ഥിച്ചു. റോമിലേക്കുള്ള യാത്രാമധ്യേ കപ്പലപകടത്തിൽ അവിടെയെത്തി വലിയ മാനുഷികതയുടെ സ്വീകരിക്കപ്പെട്ട പൗലോസ് ശ്ലീഹായുടെ കാൽചുവടുകൾ പിന്തുടർന്ന് ഒരു തീർത്ഥാടകനായാണ് താൻ അവിടെ എത്തുക എന്ന് പാപ്പാ പറഞ്ഞു. ആയിരക്കണക്കിന് വർഷങ്ങളുടെ ചരിത്രമുള്ള ഒരു ക്രൈസ്തവസമൂഹത്തെ കാണാനും, സുവിശേഷപ്രഘോഷണത്തിന്റെ സ്രോതസ്സുകളിലേക്ക് പോകാനുമുള്ള ഒരു അവസരമായിരിക്കും അതെന്നും പാപ്പാ കൂട്ടിച്ചേർത്തു. അഭയാർഥികളായി എത്തുന്ന അനേകർക്ക് അഭയമായി മാറുന്ന ഒരിടമാണ് മാൾട്ടയെന്നതും പാപ്പാ പ്രത്യേകം എടുത്തുപറഞ്ഞു. തന്റെ യാത്ര തയ്യാറാക്കിയവർക്ക് നന്ദി പറഞ്ഞ പാപ്പാ, എല്ലാ മാൾട്ടക്കാരെയും അഭിവാദ്യം ചെയ്യുന്നു എന്നും കൂട്ടിച്ചേർത്തു.

പൊതുദർശനപരിപാടിയുടെ അവസാനഭാഗത്ത് പാപ്പാ, പ്രായാധിക്യത്തിലെത്തിയവർ, രോഗികൾ, യുവജനങ്ങൾ, നവദമ്പതികൾ എന്നിവരെ, പതിവുപോലെ, അഭിവാദ്യം ചെയ്തു.

തുടർന്ന് ലത്തീൻഭാഷയിൽ സ്വർഗ്ഗസ്ഥനായ പിതാവേ എന്ന കർത്തൃപ്രാർത്ഥനാലാപനത്തിനു ശേഷം, പാപ്പാ, എല്ലാവർക്കും തൻറെ അപ്പൊസ്തോലികാശീർവ്വാദം നല്കി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

30 March 2022, 18:20

ഏറ്റവും അടുത്ത പൊതുകൂടിക്കാഴ്ച

വായിച്ചു മനസ്സിലാക്കാന്‍ >