പാപ്പായുടെ കാനഡ സന്ദർശനം- ഒരു പുനരവലോകനം!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ജൂലൈ ആഗസ്റ്റ് മാസങ്ങൾ യൂറോപ്പിൽ വേനൽക്കാലാവധിയുടെ സമയമാകയാൽ ജൂലൈ മാസം മുഴുവനും ഇല്ലാതിരുന്ന പ്രതിവാരപൊതുകൂടിക്കാഴ്ച ഫ്രാൻസീസ് പാപ്പാ ഈ ബുധനാഴ്ച (03/08/22) പുനരാരംഭിച്ചു. വേനൽക്കാലസൂര്യതാപം അസഹനീയമാകയാലും ഇക്കാലയളവിൽ കൂടിക്കാഴ്ചാപരിപാടിയ്ക്കെത്തുന്നവരുടെ എണ്ണത്തിൽ കുറവുണ്ടാകുന്നതിനാലും വേദി വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ അങ്കണത്തിനു പകരം, ബസിലിക്കയുടെ തൊട്ടടുത്തുള്ള അതിവിശാലമായ പോൾ ആറാമൻ ശാലയായിരുന്നു. ഊന്നുവടിയുടെ സഹായത്തോടെ സാവധാനം നടന്ന് പാപ്പാ ശാലയിൽ പ്രവേശിച്ചപ്പോൾ അവിടെ സന്നിഹിതരായിരുന്ന വിവിധ രാജ്യക്കാരായിരുന്ന തീർത്ഥാടകരുടെയും സന്ദർശകരുടെയും കരഘോഷവും ആനന്ദാരവങ്ങളും ഉയർന്നു. പ്രസംഗവേദിയിലെത്തിയ പാപ്പാ റോമിലെ സമയം രാവിലെ ഏതാണ്ട് 9.00 മണിക്ക്, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 12.30-ന് ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന് വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗ പാരായണമായിരുന്നു.
സുവിശേഷം
"ആ ദിവസം തന്നെ അവരിൽ രണ്ടുപേർ ജറുസലേമിൽ നിന്ന് ഏകദേശം അറുപത് സ്താദിയോൺ അകലെയുള്ള എമ്മാവൂസ് ഗ്രാമത്തിലേക്കു പോകുകയായിരുന്നു. ഈ സംഭവങ്ങളെക്കുറിച്ചെല്ലാം അവർ സംസാരിച്ചുകൊണ്ടിരുന്നു. അവർ സംസാരിക്കുകയും വാദിക്കുകയും ചെയ്തുകൊണ്ടുപോകുമ്പോൾ യേശുവും അടുത്തെത്തി അവരോടൊപ്പം യാത്ര ചെയ്തു. " ലൂക്കാ 24:13-15
ഈ സുവിശേഷഭാഗം വായിക്കപ്പെട്ടതിനു ശേഷം പാപ്പാ, താൻ ജൂലൈ 24-30 വരെ കാനഡയിൽ നടത്തിയ ഇടയസന്ദർശനം പുനരവലോകനം ചെയ്തു. ഇറ്റാലിയന്‍ ഭാഷയില്‍ ആയിരുന്ന തന്‍റെ മുഖ്യ പ്രഭാഷണത്തില്‍ പാപ്പാ ഇപ്രകാരം പറഞ്ഞു:
"അനുതാപ തീർത്ഥാടനം"
പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം!
കഴിഞ്ഞ ദിവസങ്ങളിൽ ഞാൻ കാനഡയിൽ നടത്തിയ അപ്പൊസ്തോലിക യാത്രയെക്കുറിച്ചുള്ള ചില ചിന്തകൾ നിങ്ങളുമായി പങ്കുവയ്ക്കാൻ ആഗ്രഹിക്കുന്നു. മറ്റുള്ളവയിൽ നിന്ന് വിഭിന്നമായ ഒരു യാത്രയായിരുന്നു അത്. വാസ്തവത്തിൽ, തദ്ദേശീയജനങ്ങളോട് എൻറെ സാമീപ്യവും വേദനയും പ്രകടിപ്പിക്കുന്നതിനും കഴിഞ്ഞ കാലത്ത്, ആ കാലഘട്ടത്തിലെ സർക്കാരുകൾ സ്വീകരിച്ച നിർബന്ധിത സാത്മീകരണത്തിൻറെയും വിമോചനത്തിൻറെയും നയങ്ങളോട് അനേകം കത്തോലിക്കരുൾപ്പടെയുള്ള ക്രൈസ്തവർ സഹകരിച്ചുകൊണ്ട് ചെയ്ത ദ്രോഹങ്ങൾക്ക് മാപ്പപേക്ഷിക്കുന്നതിനും വേണ്ടി ആ ജനതയുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു ഈ യാത്രയുടെ മുഖ്യ ലക്ഷ്യം.
പുത്തൻ താൾ എഴുതിച്ചേർക്കാൻ
ഈ അർത്ഥത്തിൽ, കാനഡയിൽ, തദ്ദേശീയ ജനങ്ങളുമൊത്ത്, കുറച്ചുകാലമായി സഭ നടത്തുന്ന പ്രയാണത്തിൻറെ ഒരു പുതിയ താൾ, സുപ്രധാന താൾ രചിക്കാനുള്ള ഒരു പ്രക്രിയ ഏറ്റെടുത്തുകഴിഞ്ഞു. വാസ്തവത്തിൽ, ഈ സന്ദർശനത്തിൻറെ മുദ്രാവാക്യം "ഒരുമിച്ചു നടക്കുക" എന്നതായിരുന്നു. അനുരഞ്ജനത്തിൻറെയും മുറിവുണക്കലിൻറെയും ഒരു യാത്ര. ചരിത്രപരമായ അറിവ്, അതിജീവിതരെ ശ്രവിക്കൽ, അവബോധംപുലർത്തൽ, എല്ലാറ്റിനുമുപരിയായി പരിവർത്തനം, മനോഭാവ മാറ്റം എന്നിവ ഈ യാത്രയുടെ മുൻവ്യവസ്ഥകളാണ്. ഒരു വശത്ത്, സഭയിലെ ചില സ്ത്രീപുരുഷന്മാർ തദ്ദേശീയ ജനങ്ങളുടെ പ്രതിരോധം ഏറ്റെടുക്കുകയും അവരുടെ ഭാഷകളെയും സംസ്കാരങ്ങളെയും കുറിച്ച് അറിവ്നേടുന്നതിന് സംഭാവന നൽകുകയും ചെയ്തുകൊണ്ട് ആ ജനവിഭാഗങ്ങളുടെ ഔന്നത്യത്തെ ഏറ്റവും നിശ്ചയദാർഢ്യത്തോടെയും ധീരതയോടെയും പിന്തുണച്ചുവെന്ന് ഈ അവഗാഢ പഠനം കാണിക്കുന്നു; മറുവശത്ത്, നിർഭാഗ്യവശാൽ, സ്വീകാര്യമല്ലാത്തതും സുവിശേഷത്തിന് വിരുദ്ധവുമായ പദ്ധതികളെന്ന് ഇന്നു നാം മനസ്സിലാക്കുന്നവയിൽ പങ്കുചേർന്നവരുമുണ്ട്. അതുകൊണ്ട്, ഇതൊരു അനുതാപ തീർത്ഥാടനമായിരുന്നു. സന്തോഷകരമായ നിരവധി നിമിഷങ്ങൾ ഉണ്ടായിരുന്നു, എന്നാൽ ഇത് മൊത്തത്തിൽ, വിചിന്തനത്തിൻറെയും പശ്ചാത്താപത്തിൻറെയും അനുരഞ്ജനത്തിൻറെയും ഭാവവും ധ്വനിയുമാർന്നു. നാലുമാസം മുമ്പ് ഞാൻ, വത്തിക്കാനിൽ, കാനഡയിലെ തദ്ദേശീയരായ ജനങ്ങളുടെ പ്രതിനിധികളെ വ്യത്യസ്ത സംഘങ്ങളായി സ്വീകരിക്കുകയുണ്ടായി; എന്നാൽ, അവരെപ്പോലെ, ഞാനും അഭിലഷിച്ചത്, അവരുടെ പൂർവ്വികർ വസിച്ചിരുന്ന ആ മണ്ണിൽ വച്ച് കണ്ടുമുട്ടണമെന്നായിരുന്നു. ഇത് സംഭവിക്കാൻ കർത്താവ് ഇടയാക്കി: ഞങ്ങളുടെ നന്ദി ആദ്യം അവിടത്തേക്കാണ്.
ത്രിഘട്ടങ്ങൾ: ഓർമ്മ
തീർത്ഥാടനത്തിൻറെ പ്രധാന ഘട്ടങ്ങൾ മൂന്നായിരുന്നു: ആദ്യത്തേത്, രാജ്യത്തിൻറെ പടിഞ്ഞാറ് ഭാഗത്തുള്ള എഡ്മണ്ടണിൽ. രണ്ടാമത്തേത്, കിഴക്കൻ ഭാഗമായ ക്യുബെക്കിൽ. മൂന്നാമത്തേത് വടക്ക്, ഇഖാലൂയിത്തിൽ. ആദ്യത്തെ കൂടിക്കാഴ്ച അരങ്ങേറിയത് മാസ്ക്വാചിസിൽ - "കരടിക്കുന്നിൽ" - അവിടെ രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രധാന തദ്ദേശീയ വിഭാഗങ്ങളായ ഫസ്റ്റ് നേഷൻസ്, മെത്തിസ്, ഇനുയിത്ത് എന്നിവയുടെ നേതാക്കളും അവയിലെ അംഗങ്ങളും ഒത്തുകൂടി. ഞങ്ങൾ ഒരുമിച്ച് അനുസ്മരണം നടത്തി: ഈ ജനതയുടെ മണ്ണുമായുള്ള ഏകതാനതയിൽ, അവരുടെ സഹസ്രാബ്ദ ചരിത്രത്തിൻറെ നല്ല ഓർമ്മ, സാംസ്കാരിക സാത്മീകരണ നയങ്ങളുടെ ഫലമായി റെസിഡൻഷ്യൽ സ്കൂളുകളിൽ പോലും അനുഭവിച്ച ദ്രോഹങ്ങളുടെ വേദനാജനകമായ ഓർമ്മ. തംബുരുവിൻറെ മുഴക്കത്തിൻറെ അകമ്പടിയോടെ, ഞങ്ങൾ നിശബ്ദതയ്ക്കും പ്രാർത്ഥനയ്ക്കും ഇടം നൽകി, അങ്ങനെ, ഇനി അധിപന്മാരും പ്രജകളും ഇല്ലാത്ത, സഹോദരങ്ങളും സഹോദരിമാരും മാത്രമുള്ള ഒരു പുതിയ പാത ഓർമ്മയിൽ നിന്ന് ആരംഭിക്കുന്നതിനുവേണ്ടിയാണിത്.
അനുരഞ്ജനം
സ്മരണയ്ക്കു ശേഷം, ഞങ്ങളുടെ യാത്രയുടെ രണ്ടാം ഘട്ടം അനുരഞ്ജനത്തിൻറെതായിരുന്നു. ഞങ്ങൾക്കിടയിൽ ഒരു സന്ധിചെയ്യലല്ല അത്, അങ്ങനെയെങ്കിയ അത് ഒരു മിഥ്യാധാരണയാണ്, അത് ഒരു നാടകം ആയിരിക്കും – മറിച്ച്, നമ്മുടെ സമാധാനമായ ക്രിസ്തുവിലൂടെ നമ്മെത്തന്നെ അനുരഞ്ജിതരാകാൻ സ്വയംഅനുവദിക്കലാണത് (cf.എഫേസോസ് 2:14). തദ്ദേശീയ ജനതകളുടെ ജീവിതത്തിൻറെയും പ്രതീകാത്മകതയുടെയും കേന്ദ്രമായ വൃക്ഷത്തിൻറെ രൂപം മാതൃകയാക്കിയാണ് ഞങ്ങൾ ഇത് ചെയ്തത്; ക്രിസ്തുവിൻറെ കുരിശിൽ പുതിയതും പൂർണ്ണവുമായ അർത്ഥം വെളിപ്പെടുന്ന വൃക്ഷം വഴി ദൈവം സകലത്തെയും അനുരഞ്ജിതമാക്കി (cf. കൊളോസോസ് 1:20). കുരിശാകുന്ന മരത്തിൽ, വേദന സ്നേഹമായും, മരണം ജീവനായും, നിരാശ പ്രത്യാശയായും, പരിത്യക്തത കൂട്ടായ്മയായും, അകലം ഐക്യമായും രൂപാന്തരപ്പെടുന്നു. സുവിശേഷത്തെ സ്വാഗതം ചെയ്യുകയും സ്വാംശീകരിക്കുകയും ചെയ്ത തദ്ദേശീയ സമൂഹങ്ങൾ ക്രിസ്തീയ രഹസ്യത്തിൻറെ, പ്രത്യേകിച്ച് കുരിശിൻറെയും ദിവ്യകാരുണ്യത്തിൻറെയും പ്രാപഞ്ചിക മാനം വീണ്ടെടുക്കാൻ നമ്മെ സഹായിക്കുന്നു. തുറന്നതും വിശാലവും സ്വാഗതം ചെയ്യുന്നതുമായ കൂടാരം, അനുരഞ്ജനത്തിൻറെയും സമാധാനത്തിൻറെയും ശാന്തിയുടെയും കൂടാരം ആകാൻ വിളിക്കപ്പെട്ടിരിക്കുന്ന സഭ, സമൂഹം, ഈ കേന്ദ്രത്തിന് ചുറ്റുമാണ് രൂപപ്പെടുന്നത്.
മുറിവുണക്കൽ
ഓർമ്മ, അനുരഞ്ജനം, പിന്നെ സൗഖ്യം. വിശുദ്ധരായ ജൊവാക്കിമിൻറെയും അന്നയുടെയും തിരുനാൾ ദിനത്തിൽ, വിശുദ്ധ അന്നയുടെ തടാകത്തിൻറെ തീരത്താണ് ഞങ്ങൾ ഈ യാത്രയുടെ മൂന്നാമത്തെ ചുവടുവച്ചത്. ജീവജലത്തിൻറെ സ്രോതസ്സായ ക്രിസ്തുവിൽ നിന്ന് നമുക്കെല്ലാവർക്കും കൃപ സ്വീകരിക്കാൻ സാധിക്കും: നമ്മെ സൗഖ്യമാക്കുകയും പാപങ്ങൾ ക്ഷമിക്കുകയും ചെയ്യുന്ന പിതാവിൻറെ സാമീപ്യം നാം ക്രിസ്തുവിൽ ദർശിച്ചു. സ്മരണയുടെയും അനുരഞ്ജനത്തിൻറെയും സുഖപ്രാപ്തിയുടെയുമായ ഈ യാത്രയിൽ നിന്ന് കാനഡയിലെയും സകലയിടങ്ങളിലെയും സഭയുടെ പ്രത്യാശ പൊട്ടിപ്പുറപ്പെടുന്നു. അവിടെയാണ് ഉയിർത്തെഴുന്നേറ്റ യേശുവിനോടൊപ്പം നടന്നതിനു ശേഷമുള്ള എമ്മാവൂസിലെ ശിഷ്യന്മാരുടെ രൂപം: അവനോടൊപ്പം അവർ പരാജയത്തിൽ നിന്ന് പ്രത്യാശയിലേക്ക് കടന്നു (cf. ലൂക്കാ 24: 13-35).
ഒരുമിച്ചുള്ള യാത്ര
ഞാൻ തുടക്കത്തിൽ പറഞ്ഞതുപോലെ, തദ്ദേശീയ ജനങ്ങളുമൊത്തുള്ള യാത്രയാണ് ഈ അപ്പസ്തോലിക യാത്രയുടെ നട്ടെല്ല്. പ്രാദേശിക സഭയുമായും രാജ്യത്തെ അധികാരികളുമായും നടന്ന രണ്ട് കൂടിക്കാഴ്ചകൾ അതിനോട് ചേർക്കപ്പെട്ടിരിക്കുന്നു. എനിക്കും എൻറെ സഹകാരികൾക്കും നല്കിയ ഹൃദ്യമായ വരവേല്പിനും അവരുടെ സന്നദ്ധതയ്ക്കും ആത്മാർത്ഥമായ നന്ദി അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അപ്രകാരം തന്നെ മെത്രാന്മാരോടും. ഉചിതമായ ആത്മീയ പാതകളോടെയും, ജനങ്ങളുടെ ആചാരങ്ങളിലും ഭാഷകളിലുമുള്ള കരുതലോടെയും, തദ്ദേശിയരുടെ സംസ്കാരങ്ങൾ പരിപോഷിപ്പിക്കുന്നതിനുള്ള പരിശുദ്ധ സിംഹാസനത്തിൻറെയും പ്രാദേശിക കത്തോലിക്കാ സമൂഹങ്ങളുടെയും സജീവമായ ഇച്ഛാശക്തി ഭരണാധികാരികൾക്കും തദ്ദേശീയ തലവന്മാർക്കും നയതന്ത്രപ്രതിനിധികൾക്കും മുമ്പാകെ, ഞാൻ ആവർത്തിച്ചു വെളിപ്പെടുത്തി. അതേസമയം, ജനങ്ങളുടെ പാരമ്പര്യങ്ങളെയും ചരിത്രത്തെയും മതാത്മകബന്ധങ്ങളെയും ഭീഷണിപ്പെടുത്തുകയും ഭിന്നതകൾ പരത്തുകയും വർത്തമാനകാലത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയും ദുർബ്ബലരോടുള്ള കടമകൾ പലപ്പോഴും അവഗണിക്കുകയും ചെയ്യുന്ന വിവിധ രൂപത്തിലുള്ള പ്രത്യയശാസ്ത്ര കോളണിവൽക്കരണത്തിന് കീഴിൽ കോളണിവൽക്കരണ മനോഭവം എങ്ങനെ പ്രത്യക്ഷപ്പെടുന്നുവെന്നതും ഞാൻ ചൂണ്ടിക്കാണിച്ചു. അതിനാൽ, ആധുനികതയും പൂർവ്വിക സംസ്കാരങ്ങളും തമ്മിലുള്ള, മതേതരവൽക്കരണവും ആത്മീയ മൂല്യങ്ങളും തമ്മിലുള്ള ആരോഗ്യകരമായ സന്തുലിതാവസ്ഥ വീണ്ടെടുക്കേണ്ടിയിരിക്കുന്നു. ഇത്, പ്രാദേശികമാനത്തെ അതിൻറെ ബഹുവിധസമ്പന്നതകളോടുകൂടി ആദരിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്ന സാർവ്വത്രിക സഹോദര്യം വിതയ്ക്കാനും അതിന് സാക്ഷ്യമേകാനും ലോകത്തിലേക്ക് അയയ്ക്കപ്പെട്ടിരിക്കുന്ന സഭയുടെ ദൗത്യത്തെ നേരിട്ട് വെല്ലുവിളിക്കുന്നു, (cf. Enc. ഫ്രത്തേല്ലി തൂത്തി 142-153).
യുവതയും വയോധികരും
ഇനുയിത്ത് തദ്ദേശീയരുടെ മണ്ണിൽ യുവജനങ്ങളും വൃദ്ധജനവുമായുള്ള അവസാന കൂടിക്കാഴ്ച പ്രത്യാശയുടെ അടയാളത്തിൻ കീഴിലായിരുന്നു. ഈ കൂടിക്കാഴ്ചകളിൽ, വിശിഷ്യ, അവസാനത്തേതിൽ, ഞാൻ നിങ്ങളോട് ഉറപ്പിച്ചു പറയുന്നു, സ്വാംശീകരണ നയം മൂലം മക്കൾ നഷ്ടപ്പെട്ട, അവർ എവിടെയാണെന്നറിയാത്ത ജനത്തിൻറെ, വൃദ്ധജനത്തിൻറെ വേദനയുടെ പ്രഹരം എനിക്ക് അനുഭവപ്പെട്ടു. ഏറെ വേദനനിറഞ്ഞ ഒരു നമിഷമായിരുന്നു അത്. മുഖം തിരിയ്ക്കാനാകില്ല, നമ്മുടെ തെറ്റുകൾക്കു മുന്നിൽ, പാപങ്ങൾക്കുമുന്നിൽ മുഖം മറയ്ക്കാനാകില്ല. കാനഡയിലും ഇത് ഒരു പ്രധാന സംയോജനമാണ്, ചെറുപ്പക്കാരും പ്രായമായവരും, ഇത് കാലത്തിൻറെ അടയാളമാണ്: പിരിമുറുക്കത്തിലിരിക്കുന്ന ഓർമ്മയ്ക്കും പ്രവചനത്തിനും ഇടയിൽ ചരിത്രത്തിൽ ഒരുമിച്ച് നടക്കാനുള്ള സംഭാഷണത്തിൽ ചെറുപ്പക്കാരും പ്രായമായവരും. കാനഡയിലെ തദ്ദേശീയ ജനതയുടെ മനക്കരുത്തും സമാധാനപരമായ പ്രവർത്തനവും എല്ലാ ആദിമ ജനവിഭാഗങ്ങൾക്കും സ്വയം അടച്ചുപൂട്ടാതെ, സൃഷ്ടിയുമായുള്ള ഐക്യത്തിലും പര്സ്പര ഐക്യത്തിലും, സൃഷ്ടിയെയും സ്രഷ്ടാവിനെയും സ്‌നേഹിക്കാൻ അറിയാവുന്ന, കൂടുതൽ സാഹോദര്യം വാഴുന്ന മാനവികതയ്‌ക്കായി തങ്ങളുടെ ഒഴിച്ചുകൂടാനാവാത്ത സംഭാവനകൾ നൽകുന്നതിന് ഒരു മാതൃകയാകട്ടെ. നന്ദി.
അഭിവാദ്യങ്ങൾ
പാപ്പായുടെ ഇറ്റാലിയന്‍ ഭാഷയിലായിരുന്ന മുഖ്യ പ്രഭാഷണം അവസാനിച്ചതിനെ തുടർന്ന് അതിൻറെ സംഗ്രഹം ആംഗലവും അറബിയുമുള്‍പ്പെടെ വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെടുകയും ഓരോ വായനയുടെയും അവസാനം പാപ്പാ ആ ഭാഷാക്കാരെ ഇറ്റാലിയന്‍ ഭാഷയില്‍ അഭിവാദ്യം ചെയ്യുകയും ചെയ്തു.
ബെയ്റൂട്ട് സ്ഫോടനത്തിൻറെ രണ്ടാം വാർഷികം
ലെബനൻറെ തലസ്ഥാനമായ ബെയ്റൂട്ടിൽ ഇരുനൂറിലേറെപ്പേർ മരിക്കുന്നതിനും എഴായിരത്തോളം പേർക്ക് പരിക്കേൽക്കുന്നതിനും ഇടയാക്കിയ 2020 ആഗസ്റ്റ് 4-നുണ്ടായ സ്ഫോടനദുരന്തത്തിൻറെ രണ്ടാം വാർഷികമാണ് വ്യാഴാഴ്‌ച (04/08/22) എന്നത് പാപ്പാ അനുസ്മരിച്ചു. ഇരകളുടെ കുടുംബത്തെ പാപ്പാ ഓർക്കുകയും വിശ്വാസത്താലും നീതിയാലും ഒരിക്കലും മറയ്ക്കാനാകത്ത സത്യത്താലും സമാശ്വസിപ്പിക്കപ്പെടുന്നതിനായി പ്രാർത്ഥിക്കുകയും ചെയ്തു. അന്താരാഷ്ട്ര സമൂഹത്തിൻറെ സഹായത്തോടെ ലെബനന് "പുനർജനനത്തിൻറെ" പാതയിൽ തുടരാനും വിവിധ മതങ്ങളിൽപ്പെട്ട സമൂഹങ്ങൾക്ക് സാഹോദര്യത്തോടെ ജീവിക്കാൻ കഴിയുന്ന സമാധാനത്തിൻറെയും ബഹുസ്വരതയുടെയും നാട് ആയിരിക്കുക എന്ന വിളിയോട് വിശ്വസ്തത പുലർത്താനും കഴിയട്ടെയെന്ന് പാപ്പാ ആശംസിച്ചു.
സമാപനാഭിവാദ്യവും ആശീർവ്വാദവും
പൊതുദർശനപരിപാടിയുടെ അവസാനഭാഗത്ത് പാപ്പാ, പ്രായാധിക്യത്തിലെത്തിയവർ, രോഗികൾ, യുവജനങ്ങൾ, നവദമ്പതികൾ എന്നിവരെ, പതിവുപോലെ, അഭിവാദ്യം ചെയ്തു. തങ്ങളുടെ ക്രിസ്തീയബോധ്യങ്ങളോട് എന്നും വിശ്വസ്തരായി നിലകൊള്ളാൻ പാപ്പാ അവർക്ക് പ്രചോദനം പകർന്നു. ജീവിതക്ലേശങ്ങളിൽ പ്രഭചൊരിയുന്ന വിളക്കും അചഞ്ചല പിന്തുണയും യേശുക്രിസ്തുമാത്രമാണ് എന്ന വസ്തുത പാപ്പാ ഓർമ്മിപ്പിക്കുകയും ചെയ്തു. തുടർന്ന് ലത്തീൻഭാഷയിൽ സ്വർഗ്ഗസ്ഥനായ പിതാവേ എന്ന കർത്തൃപ്രാർത്ഥന ആലപിക്കപ്പെട്ടതിനു ശേഷം, പാപ്പാ, എല്ലാവർക്കും തൻറെ അപ്പൊസ്തോലികാശീർവ്വാദം നല്കി.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: