പരസ്പരസംവാദങ്ങളും കൂടിക്കാഴ്ചകളും മെച്ചപ്പെട്ട ഒരു ലോകത്തിലേക്ക് നയിക്കുന്നു: ഫ്രാൻസിസ് പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
ഫ്രാൻസിസ് പാപ്പാ നവംബർ മൂന്ന് മുതൽ ആറു വരെ തീയതികളിൽ ബഹ്റൈനിലേക്ക് നടത്തിയ അപ്പസ്തോലികയാത്രയ്ക്ക് ശേഷം നടത്തിയ ആദ്യ പൊതുകൂടിക്കാഴ്ചയായിരുന്നു നവംബർ ഒൻപതാം തീയതി ബുധനാഴ്ച രാവിലെ 9 മണിക്ക് വത്തിക്കാനിൽ വച്ച് നടന്നത്. പ്രാദേശിക സമയം രാവിലെ 8. 45, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 12.15-ന് വത്തിക്കാനിലെ പത്രോസിന്റെ ചത്വരത്തിലേക്ക് പാപ്പാ എത്തിയപ്പോൾ അവിടെയുണ്ടായിരുന്ന ആയിരക്കണക്കിന് ആളുകൾ കരഘോഷമുയർത്തി. ചത്വരത്തിലെത്തിയ പാപ്പാ, ആളുകളെ അഭിവാദനം ചെയ്തു നീങ്ങവേ, കുറച്ചു ശിശുക്കൾക്ക് ചുംബനം നൽകുകയും അവരെ ആശീർവദിക്കുകയും ചെയ്തു. 9.00 മണിക്ക് പാപ്പാ പ്രധാന പീഠത്തിലെത്തി ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശനപരിപാടിക്ക് ആരംഭം കുറിച്ചു. തുടർന്ന് ഏശയ്യാപ്രവാചകന്റെ പുസ്തകം രണ്ടാം അധ്യായം രണ്ടും നാലും വാക്യങ്ങൾ വായിക്കപ്പെട്ടു: "അവസാനനാളുകളിൽ കർത്താവിന്റെ ആലയം സ്ഥിതി ചെയ്യുന്ന പർവ്വതം എല്ലാ പർവ്വതങ്ങൾക്കും മുകളിൽ ഉയർന്നുനിൽക്കും. എല്ലാ ജനതകളും അതിലേക്ക് ഒഴുകും. അവരുടെ വാൾ കൊഴുവും അവരുടെ കുന്തം വാക്കത്തിയും ആയി അടിച്ചു രൂപപ്പെടുത്തും. രാജ്യം രാജ്യത്തിനെതിരെ വാളുയർത്തുകയില്ല. അവർ ഇനിമേൽ യുദ്ധപരിശീലനം നടത്തുകയില്ല".
തുടർന്ന് പാപ്പാ ഇറ്റാലിയൻ ഭാഷയിൽ തന്റെ പ്രഭാഷണം ആരംഭിച്ചു.
പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം!
റോമിലെ കാലാവസ്ഥയിലുണ്ടായ മാറ്റത്തെ പരാമർശിച്ചുകൊണ്ട് "ഒരല്പം തണുപ്പുണ്ടല്ലോ, പക്ഷെ നന്നായിരിക്കുന്നു" എന്ന വാക്കുകളോടെയാണ് പാപ്പാ തന്റെ പ്രഭാഷണം തുടർന്നത്.
പാപ്പായുടെ പൊതുകൂടിക്കാഴ്ചാവേദിയിലേക്ക് നടന്നുവന്ന രണ്ടു കുട്ടികളെക്കുറിച്ച് പറഞ്ഞുകൊണ്ട്, അവരിലേക്ക് പാപ്പാ ഏവരുടെയും ശ്രദ്ധ ക്ഷണിച്ചു. അവർ ആരുടെയും അനുവാദം ചോദിച്ചില്ല, എനിക്ക് ഭയമാണെന്ന് പറഞ്ഞില്ല, മറിച്ച് ഇങ്ങോട്ടേക്ക് നേരെ കയറിവന്നു. ഇങ്ങനെയായിരിക്കണം ദൈവത്തോടുള്ള നമ്മുടെ പെരുമാറ്റവും. നേരിട്ടുള്ള ഒരു ബന്ധം. എപ്രകാരമാണ് നാം ദൈവത്തോട് ബന്ധപ്പെടേണ്ടത് എന്നതിന് ഒരു ഉദാഹരണമാണ് ഈ കുട്ടികൾ തന്നത്. ധൈര്യമായി മുൻപോട്ട് പോവുക. ദൈവം എല്ലായ്പ്പോഴും നമ്മെ കാത്തിരിപ്പുണ്ട്.ഈ കുട്ടികളുടെ ധൈര്യം കണ്ടത് എനിക്ക് ഉപകാരമായി: ഇത് നമുക്കെല്ലാം ഒരു മാതൃകയായി. ഇതുപോലെ, സ്വാതന്ത്ര്യത്തോടെ വേണം നാം ദൈവത്തോട് എപ്പോഴും അടുക്കേണ്ടത്. നന്ദി.
ബഹ്‌റൈൻ യാത്ര
എനിക്ക് അറിയില്ലായിരുന്ന ബഹ്റൈനിലേക്കുള്ള യാത്ര കഴിഞ്ഞ് മൂന്ന് ദിവസങ്ങൾക്ക് മുമ്പ് ഞാൻ തിരികെയെത്തി. എങ്ങനെയുള്ളതാണ് ആ രാജ്യമെന്ന് എനിക്ക് നന്നായി അറിയില്ലായിരുന്നു. ഈ യാത്രയിൽ എന്നെ പ്രാർത്ഥനയിലൂടെയും പിന്തുണയിലൂടെയും അനുഗമിച്ച എല്ലാവരോടും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. അതോടൊപ്പം ബഹ്‌റൈൻ രാജാവിനോടും അവിടുത്തെ മറ്റ് അധികാരികളോടും, പ്രാദേശികസഭയോടും, അവിടുത്തെ ജനങ്ങളോടും അവരുടെ ഊഷ്മളമായ സ്വീകരണത്തിന് നന്ദി അറിയിക്കാനും ഞാൻ ആഗ്രഹിക്കുന്നു. അതോടൊപ്പം ഈ യാത്ര തയ്യാറാകുന്നവർക്കും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ഇതിനായി ഒരുപാട് പേർ ജോലിചെയ്യുന്നുണ്ട്. സ്റ്റേറ്റ് സെക്രട്ടറിയേറ്റ്, പ്രസംഗങ്ങൾ തയ്യാറാക്കാനായും, യാത്രയ്ക്കുള്ള തയ്യാറെടുപ്പുകൾക്കായും ഒരുപാട് ജോലി ചെയ്യുന്നുണ്ട്. അതുപോലെ പരിഭാഷകൾ നടത്തുന്നവർ, ഒപ്പം വത്തിക്കാനിലെ സായുധപോലീസ് സംഘം, നല്ല രീതിയിൽ പ്രവർത്തിക്കുന്ന സ്വിസ്സ്‌ഗാർഡുകൾ തുടങ്ങിയവർ. ഇത് വലിയ ഒരു യത്നമാണ്. പാപ്പായുടെ യാത്ര നന്നായി പോകാനായി ഇവർ ചെയ്യുന്ന എല്ലാത്തിനും ഏവരോടും പൊതുവായി നന്ദി പറയുവാൻ ഞാൻ ആഗ്രഹിക്കുന്നു.
വലിയ മുസ്ലീം ഭൂരിപക്ഷമുള്ള ഈ ചെറിയ രാജ്യം സന്ദർശിക്കാൻ മാർപാപ്പ ആഗ്രഹിച്ചതെന്തുകൊണ്ട് എന്ന ചോദ്യം സ്വാഭാവികമാണ്. ഒരുപാട് ക്രിസ്ത്യൻ രാജ്യങ്ങളുണ്ട്. എന്തുകൊണ്ടാണ് പാപ്പാ അതിൽ ഏതിലെങ്കിലും ആദ്യം പോകാത്തത്? പരസ്പരസംവാദം, കൂടിക്കാഴ്ച, യാത്ര എന്നിങ്ങനെ മൂന്ന് വാക്കുകളിൽ പ്രതികരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.
പരസ്പരസംവാദം
ദീർഘനാളായി ഞാൻ ആഗ്രഹിച്ചിരുന്ന ഒരു യാത്രയ്ക്കുള്ള അവസരം എനിക്ക് ലഭിച്ചത്, അവിടുത്തെ രാജാവിന്റെയും, കിഴക്കും പടിഞ്ഞാറും തമ്മിലുള്ള സംവാദത്തിന് വേണ്ടിയുള്ള ഒരു ഫോറത്തിന്റെയും ക്ഷണം ലഭിച്ചതിനാലാണ്. മറ്റു ജനതകളിലും, പാരമ്പര്യങ്ങളിലും വിശ്വാസങ്ങളിലും പെട്ട ആളുകളിലെ ശ്രേഷ്ഠത മനസ്സിലാക്കാൻ സഹായിക്കുന്നതാണ് സംവാദം. ഒറ്റപ്പെടലിലൂടെയല്ല, മറ്റുള്ളവരുമായി അടുത്തുകൊണ്ടാണ് ജീവിക്കേണ്ടതെന്ന് മനസ്സിലാക്കാൻ നിരവധി ദ്വീപുകൾ ചേർന്ന ബഹ്‌റൈൻ എന്ന ദ്വീപസമൂഹം നമ്മെ സഹായിച്ചു. ദ്വീപുകളായ ബഹ്‌റൈൻ മുൻപോട്ട് വന്നു അല്ലെ? ഇത് സമാധാനത്തിനുള്ള കാരണത്താലാണ്. സംവാദമാണ് സമാധാനത്തിന്റെ ഓക്സിജൻ. ഇത് നമുക്ക് മറക്കാതിരിക്കാം. സംവാദമാണ് സമാധാനത്തിന്റെ ഓക്സിജൻ. വീടുകളിലെ സമാധാനത്തിനുപോലും ഇങ്ങനെയല്ലേ? ഭാര്യാഭർത്താക്കന്മാർ തമ്മിൽ കലഹമുണ്ടായാൽ പിന്നീട് പരസ്പരസംഭാഷണത്തിലൂടെ മുൻപോട്ട് സമാധാനത്തോടെ തുടരും. കുടുംബത്തിൽ സംവാദം നടത്തണം, കാരണം സംവാദത്തിലൂടെയാണ് സമാധാനം കാത്തുസൂക്ഷിക്കുന്നത്. ഏതാണ്ട് അറുപത് വർഷങ്ങൾക്ക് മുൻപ് രണ്ടാം വത്തിക്കാൻ കൗൺസിൽ സമാധാനസ്ഥാപനത്തെക്കുറിച്ച് പറഞ്ഞുകൊണ്ട് ഇങ്ങനെ പ്രഖ്യാപിച്ചിരുന്നു: വ്യക്തികൾ തങ്ങളുടെ സ്വന്തം രാജ്യത്തിന്റെ അതിർത്തികൾക്കപ്പുറത്തേക്ക് അവരുടെ മനസ്സും ഹൃദയവും വികസിപ്പിച്ച്, തങ്ങളുടെ എല്ലാ ദേശീയസ്വാർത്ഥതയും മറ്റു രാജ്യങ്ങളുടെ മേലുള്ള ആധിപത്യത്തിനുള്ള ആഗ്രഹങ്ങളും മാറ്റിവച്ച്, ശ്രമകരമായ, വലിയ ഒരു ഐക്യത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന മുഴുവൻ മാനവരാശിയോടുമുള്ള അഗാധമായ ആദരവ് വളർത്തിയെടുക്കണമെന്ന് സമാധാനസ്ഥാപനത്തിനുള്ള ശ്രമങ്ങൾ ആവശ്യപ്പെടുന്നു (ഗൗദിയും എത് സ്പെസ്, 82). കൗൺസിലാണ് ഇത് പറഞ്ഞത്. ബഹറിനിൽ ഈ ഒരു ആവശ്യം എനിക്ക് അനുഭവപ്പെടുകയും, ലോകം മുഴുവനും മത, സിവിൽ നേതാക്കൾ പൊതുവായ സംരക്ഷണത്തിനായി തങ്ങളുടെ അതിർത്തികൾക്കും സമൂഹങ്ങൾക്കും അപ്പുറത്തേക്ക് നോക്കാൻ അറിഞ്ഞിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുകയും ചെയ്തു. ഇങ്ങനെ മാത്രമേ സാർവത്രികമായ ചില വിഷയങ്ങൾ, ഉദാഹരണത്തിന്, ദൈവത്തെ മറക്കൽ, വിശപ്പെന്ന ദുരന്തം, സൃഷ്ടിയുടെ സംരക്ഷണം, സമാധാനം തുടങ്ങിയ കാര്യങ്ങളെ അഭിസംബോധന ചെയ്യാൻ സാധിക്കൂ. ഈയൊരർത്ഥത്തിൽ, "മനുഷ്യ സഹവർത്തിത്വത്തിന് കിഴക്കും പടിഞ്ഞാറും" എന്ന തലക്കെട്ടിലുള്ള ഡയലോഗ് ഫോറം - തലക്കെട്ട് ഇങ്ങനെയാണ്: : മനുഷ്യ സഹവർത്തിത്വത്തിന് കിഴക്കും പടിഞ്ഞാറും - കണ്ടുമുട്ടലിന്റെ പാത തിരഞ്ഞെടുക്കാനും ഏറ്റുമുട്ടലിന്റെ പാതയെ നിരസിക്കാനും ആഹ്വാനം ചെയ്തു. നമുക്ക് ഇത് എന്തുമാത്രം ആവശ്യമാണ്! പരസ്പരം കണ്ടുമുട്ടുന്നത് നമുക്ക് എന്തുമാത്രം ആവശ്യമാണ്! ഭ്രാന്തമായ യുദ്ധത്തെക്കുറിച്ച് ഞാൻ ചിന്തിക്കുകയാണ്. ഭ്രാന്തമായ യുദ്ധം. പീഢിക്കപ്പെടുന്ന ഉക്രൈൻ അതിന്റെ ഇരയാണ്, അതുപോലെ മറ്റ് അനേകം സംഘർഷങ്ങളും ഇവയൊന്നും ഒരിക്കലും ബാലിശമായ ആയുധത്തിന്റെ യുക്തിയിലൂടെ പരിഹരിക്കപ്പെടില്ല. മറിച്ച് സംവാദത്തിന്റെ മൃദുലമായ ശക്തിയാൽ മാത്രമേ അത് സാധിക്കൂ. എന്നാൽ ആക്രമിക്കപ്പെടുന്ന ഉക്രൈൻ മാത്രമല്ല ഈ ഭൂമിയിൽ ഉള്ളത്. വർഷങ്ങളായി നീളുന്ന യുദ്ധങ്ങളെക്കുറിച്ച് ചിന്തിക്കാം. സിറിയയെക്കുറിച്ച് ചിന്തിക്കാം. പത്തുവർഷത്തിലേറെയായി! യെമെനിലെ കുട്ടികളെക്കുറിച്ച് ചിന്തിക്കാം, മ്യാന്മാറിനെക്കുറിച്ച് ചിന്തിക്കാം. എല്ലായിടത്തും! ഇപ്പോൾ കൂടുതൽ അടുത്തുള്ളത് ഉക്രയ്‌നാണ്. യുദ്ധങ്ങൾ എന്താണ് ചെയ്യുന്നത്? അവ നശിപ്പിക്കുന്നു, മാനുഷികതയെ നശിപ്പിക്കുന്നു, എല്ലാം നശിപ്പിക്കുന്നു. യുദ്ധത്തിലൂടെയല്ല സംഘർഷങ്ങൾ പരിഹരിക്കപ്പെടേണ്ടത്.
ഈ സംസാരത്തിനിടയിൽ അവിടേക്ക് കയറിവന്ന രണ്ടു കുട്ടികളെ പാപ്പാ തന്റെ അരികിൽ ഇരുത്തി. "ഇവരാണ് ഇന്നത്തെ ധൈര്യവാന്മാരായ രണ്ടു പേർ".
കൂടിക്കാഴ്ചകൾ
എന്നാൽ രണ്ടാമത്തെ വാക്കായ കൂടിക്കാഴ്ചകൾ ഇല്ലെങ്കിൽ സംവാദങ്ങൾ ഉണ്ടാകില്ല. ആദ്യവാക്ക് സംവാദം, രണ്ടാമത്തേത് കണ്ടുമുട്ടൽ. ബഹറിനിൽ നാം കണ്ടുമുട്ടി. ക്രൈസ്തവരും മുസ്ലിംങ്ങളും തമ്മിലുള്ള കൂടിക്കാഴ്ചകൾ വർദ്ധിച്ചുവരണമെന്നും, കൂടുതൽ ഊഷ്മളമായ ബന്ധങ്ങൾ ഉണ്ടാകണമെന്നും, ഹൃദയത്തിൽ ഇത് സ്വീകരിക്കപ്പെടണമെന്നുമുള്ള ആഗ്രഹം പലതവണ ഉയർന്നുവരുന്നത് ഞാൻ അറിഞ്ഞു. കിഴക്കൻ പ്രദേശങ്ങളിലെ പതിവുപോലെ, ബഹറിനിൽ ആളുകളെ അഭിവാദ്യം ചെയ്യുമ്പോൾ അവരുടെ കൈ നെഞ്ചോട് ചേർത്തുവയ്ക്കാറുണ്ട്. അവർ ഇങ്ങനെയാണ് അഭിവാദ്യം ചെയ്യുന്നത്, അവർ നെഞ്ചിൽ സ്പർശിക്കുന്നു (എന്ന് പറഞ്ഞുകൊണ്ട് പാപ്പാ അതുപോലെ കാണിച്ചു). കണ്ടുമുട്ടിയവർക്ക് എന്റെ ഉള്ളിൽ ഇടം നൽകാനായി ഞാനും അതുപോലെ ചെയ്തു. കാരണം മറ്റുള്ളവരെ സ്വീകരിക്കാത്ത സംവാദം ശൂന്യമായി തുടരും. യാഥാർഥ്യങ്ങളുടെയല്ല, ആശയങ്ങളുടേത് മാത്രമായി അത് കാണപ്പെടും. നടന്ന നിരവധി കൂടിക്കാഴ്ചകളിൽ, എന്റെ പ്രിയസഹോദരൻ അൽ-അസ്ഹറിന്റെ വലിയ ഇമാമുമായുള്ള കണ്ടുമുട്ടലിനെക്കുറിച്ച് ഞാൻ ചിന്തിക്കുന്നു: അതുപോലെ, നമുക്ക് വലിയൊരു പാഠം നൽകിയ, തിരുഹൃദയനാമത്തിലുള്ള സ്കൂളിലെ സമ്മേളനത്തെയും: അവർ, ക്രൈസ്തവരും മുസ്ലിമുകളും ഒരുമിച്ച് പഠിക്കുന്നു. ആശയപരമായ ഭിന്നതകളെ തടയുന്നതിന്, യുവജനങ്ങളും, ചെറുപ്പക്കാരും, കുട്ടികളും എന്ന നിലയിൽ പരസ്പരം കണ്ടുമുട്ടേണ്ടത് ആവശ്യമാണ്. ഇവിടെ തിരുഹൃദയസ്കൂളിനും, അതിനെ വളരെ നല്ല രീതിയിൽ കൊണ്ടുപോകുന്ന സിസ്റ്റർ റോസലിനും, പ്രഭാഷണങ്ങളിലൂടെയും, പ്രാർത്ഥനകളിലൂടെയും, നൃത്തത്തിലൂടെയും, സംഗീതത്തിലൂടെയും പങ്കെടുത്ത കുട്ടികൾക്കും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ഒരുപാട് നന്ദി. ഒപ്പം സഹോദരജ്ഞാനത്തിന്റെ സാക്ഷ്യം നൽകിയ മുതിർന്നവർക്കും നന്ദി പറയുവാൻ ഞാൻ ആഗ്രഹിക്കുന്നു. മുസ്‌ലിം കൗൺസിൽ ഓഫ് എൽഡേഴ്‌സുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് ഞാൻ ഓർക്കുന്നു. കുറച്ചുവർഷങ്ങൾക്ക് മുൻപ് മാത്രം ജനിച്ച ഈ അന്താരാഷ്ട്രസംഘടന, ഇസ്ലാമികസമൂഹങ്ങൾക്കിടയിൽ പരസ്പരബഹുമാനത്തിലും, മിതത്വത്തിലും, സമാധാനത്തിലും അധിഷ്ഠിതമായി, മതമൗലികവാദത്തെയും അക്രമത്തെയും എതിർത്തുകൊണ്ട്, നല്ല ബന്ധങ്ങൾ പ്രോത്സാഹിപ്പിക്കുന്നു.
യാത്ര
ഇനി നമുക്ക് മൂന്നാമത്തെ വാക്കിലേക്ക് പോകാം: യാത്ര. ഇവയിലൂടെയായിരുന്നു ഈ ചിന്തകൾ സംഗ്രഹിക്കാൻ ഞാൻ ആഗ്രഹിക്കുന്നത്. മൂന്നാമത്തെ വാക്കാണ് യാത്ര. ബഹ്റൈനിലേക്കുള്ള യാത്ര ഒരു ഒറ്റപ്പെട്ട സംഭവമായല്ല കാണേണ്ടത്. ഇത്, വിശുദ്ധ ജോൺ പോൾ രണ്ടാമൻ മൊറോക്കോയിൽ പോയപ്പോൾ ആരംഭിച്ച ഒരു യാത്രയുടെ ഭാഗമാണ്. അങ്ങനെ ബഹ്റൈനിലേക്കുള്ള ഒരു മാർപാപ്പായുടെ ആദ്യസന്ദർശനം ക്രൈസ്തവ, ഇസ്ലാം വിശ്വാസികൾക്കിടയിലുള്ള ഒരു യാത്രയുടെ പുതിയ ഒരു ചുവടുവയ്പ്പാണ്. ഇത് പരസ്പരം ആശയക്കുഴപ്പത്തിലാക്കാനോ വിശ്വാസത്തിൽ വെള്ളം ചേർക്കാനോ അല്ല. സംവാദം ഒരിക്കലും വെള്ളം ചേർക്കുന്നതല്ല. മറിച്ച് സമാധാനത്തിന്റെ ദൈവമായ, സ്വർഗ്ഗത്തിലെ ഏക ദൈവത്തിന്റെ കരുണ നിറഞ്ഞ ദൃഷ്ടിയുടെ കീഴിൽ ഭൂമിയിൽ ഒരു തീർത്ഥാടകനായിരുന്ന പിതാവായ അബ്രഹത്തിന്റെ നാമത്തിൽ സഹോദര്യത്തിന്റേതായ സഖ്യങ്ങൾ കെട്ടിപ്പടുക്കുവാൻ വേണ്ടിയാണ്. അതുകൊണ്ടുതന്നെയാണ് ഈ യാത്രയുടെ മുദ്രാവാക്യം "ഭൂമിയിൽ നന്മനസുള്ളവർക്ക് സമാധാനം" എന്നതായിരുന്നത്. എന്തുകൊണ്ടാണ് സംവാദം വെള്ളം ചേർക്കുന്നതല്ല എന്ന് ഞാൻ പറഞ്ഞത്? കാരണം സംവദിക്കാൻ സ്വന്തം അനന്യത ഉണ്ടായിരിക്കണം. സ്വന്തം വ്യക്തിത്വത്തിൽനിന്നായിരിക്കണം ആരംഭിക്കുന്നത്. നിങ്ങൾക്ക് സ്വന്തമായ വ്യക്തിത്വമില്ലെങ്കിൽ നിങ്ങൾക്ക് സംവദിക്കാനാകില്ല. കാരണം നിങ്ങൾക്ക് പോലും എന്താണെന്ന് മനസിലാകാത്ത ഒന്നായിരിക്കും നിങ്ങൾ. ഒരു സംവാദം നന്നാകണമെങ്കിൽ, സ്വന്തം സ്വത്വത്തിൽനിന്ന് ആരംഭിക്കണം. സ്വന്തം വ്യക്തിത്വത്തെക്കുറിച്ച് ബോധവാനായിരിക്കണം, അങ്ങനെയാണ് ഒരു സംവാദം നടത്താനാകുക.
സംവാദം, കൂടിക്കാഴ്ച, യാത്ര ഇവ ബഹ്‌റൈനിലെ ക്രിസ്ത്യാനികൾക്കിടയിലും നടന്നു: ഉദാഹരണത്തിന്, അവിടുത്തെ ആദ്യ കൂടിക്കാഴ്ച, പ്രിയ പാത്രിയർക്കീസ് ബർത്തോലോമിയോയ്ക്കും വിവിധ വിശ്വാസങ്ങളിലും റീത്തുകളിലുമുള്ള സഹോദരീസഹോദരന്മാർക്കുമൊപ്പം സമാധാനത്തിനുംവേണ്ടിയുള്ള പ്രാർത്ഥനയുടെ എക്യൂമെനിക്കൽ ആയിരുന്നു. മരുഭൂമിയിലൂടെയുള്ള സഞ്ചാരത്തിൽ ദൈവം മോശയെ കണ്ടുമുട്ടിയിരുന്നതായി ബൈബിൾ പറയുന്ന കൂടാരത്തിന്റേതായ ആകൃതിയിലുള്ള, അറേബ്യയയിലെ നമ്മുടെ അമ്മയ്ക്ക് സമർപ്പിക്കപ്പെട്ടിരിക്കുന്ന കത്തീഡ്രലിൽ വച്ചാണ് ഇത് നടന്നത്. ഞാൻ ബഹറിനിൽ വച്ച് കണ്ടുമുട്ടിയ വിശ്വാസത്തിലുള്ള സഹോദരീസഹോദരന്മാർ യഥാർത്ഥത്തിൽ സഞ്ചാരത്തിലുള്ളവരാണ്: അവരിൽ നല്ലൊരു ഭാഗവും കുടിയേറ്റക്കാരായ തൊഴിലാളികളാണ്. തങ്ങളുടെ ഭവനങ്ങളിൽനിന്ന് അകലെയായിരിക്കുന്ന അവർ ദൈവജനത്തിനിടയിൽ തങ്ങളുടെ വേരുകൾ കണ്ടെത്തുകയും, സഭയെന്ന വലിയ കുടുംബത്തിൽ തങ്ങളുടെ കുടുംബങ്ങൾ കണ്ടെത്തുകയും ചെയ്യുന്നു. ഫിലിപ്പീനികളും ഇന്ത്യക്കാരും, മറ്റിടങ്ങളിൽനിന്നുള്ളവരുമായ ക്രിസ്ത്യാനികളായ ഈ കുടിയേറ്റക്കാർ ഒത്തുകൂടുന്നതും വിശ്വാസത്തിൽ പരസ്പരം താങ്ങാവുന്നതും അതിശയകരമാണ്. ദൈവം നൽകുന്ന പ്രത്യാശ ഒരിക്കലും നിരാശപ്പെടുത്തില്ല എന്ന വിശ്വാസത്തോടെ അവർ സന്തോഷത്തോടെ മുൻപോട്ട് പോകുന്നു (cfr റോമാ. 5,5). അവിടെയുള്ള ഇടയന്മാർക്കും, സമർപ്പിതർക്കും സമർപ്പിതകൾക്കും അജപാലനരംഗത്ത് സേവനമനുഷ്‌ഠിക്കുന്നവർക്കും, സ്റ്റേഡിയത്തിൽ അർപ്പിക്കപ്പെട്ട ആഘോഷപൂർവ്വമായ വിശുദ്ധ കുർബാനയിൽ പങ്കെടുക്കാൻ ഗൾഫ് നാടുകളിലെ മറ്റു രാജ്യങ്ങളിൽനിന്നുകൂടി വന്ന അനേകം വിശ്വാസികൾക്കും ഞാൻ സഭയുടെ സ്നേഹം നൽകി. ഇതായിരുന്നു യാത്ര.
ഇന്ന് അവരുടെ യഥാർത്ഥവും ലളിതവും മനോഹരവുമായ സന്തോഷം നിങ്ങളിലേക്ക് പകരാൻ ഞാൻ ആഗ്രഹിക്കുന്നു. ഒരുമിച്ച് കാണുകയും പ്രാർത്ഥിക്കുകയും ചെയ്തതിലൂടെ ഞങ്ങൾ ഒരു ഹൃദയവും ഒരു ആത്മാവുമാണെന്ന് ഞങ്ങൾക്ക് തോന്നി. അവരുടെ വിശ്വാസയാത്ര, അവരുടെ ദൈനംദിന സംവാദ അനുഭവങ്ങൾ എന്നിവയെക്കുറിച്ച് ചിന്തിക്കുമ്പോൾ, നാമെല്ലാവരും നമ്മുടെ ചക്രവാളങ്ങൾ വികസിപ്പിക്കാൻ വിളിക്കപ്പെട്ടതായി നമുക്ക് മനസ്സിലാക്കാം: ദയവായി, ഇത്തരം അടഞ്ഞ, കഠിനഹൃദയങ്ങളല്ല, തുറന്ന ഹൃദയങ്ങൾ! ഈ മാനുഷികസഹോദര്യം കൂടുതൽ മുന്നോട്ട് പോകുവാൻവേണ്ടി ദയവായി നിങ്ങളുടെ ഹൃദയങ്ങൾ തുറക്കുക, കാരണം നാമെല്ലാവരും സഹോദരങ്ങളാണ്. ചക്രവാളങ്ങൾ വികസിപ്പിക്കുക, മറ്റുള്ളവരെക്കുറിച്ച് അറിയുവാനുള്ള ജിജ്ഞാസ ഉണ്ടാക്കുകയും അവ വിശാലമാക്കുകയും ചെയ്യുക. മറ്റുള്ളവരെ അറിയാൻ നിങ്ങൾ സ്വയം മുന്നോട്ടിറങ്ങിയാൽ, നിങ്ങൾക്ക് ഒരിക്കലും ഭീഷണി ഉണ്ടാകില്ല. എന്നാൽ നിങ്ങൾ മറ്റുള്ളവരെ ഭയപ്പെടുന്നുവെങ്കിൽ, നിങ്ങൾ സ്വയം മറ്റുള്ളവർക്ക് ഭീഷണിയാകുന്നു. സാഹോദര്യത്തിന്റെയും സമാധാനത്തിന്റെയും യാത്ര മുന്നോട്ട് പോകണമെങ്കിൽ എല്ലാവരുടെയും ഓരോരുത്തരുടെയും ആവശ്യമുണ്ട്. ഞാൻ കൈ നീട്ടുമ്പോൾ, മറുവശത്ത് മറ്റൊരു കൈ ഇല്ലെങ്കിൽ, ഒരു പ്രയോജനവുമില്ല. ഈ യാത്രയിൽ മാതാവ് ഞങ്ങളെ സഹായിക്കട്ടെ! നന്ദി!
സമാപനാഭിവാദ്യവും ആശീർവ്വാദവും
ഈ വാക്കുകളെ തുടര്‍ന്ന് പാപ്പായുടെ, ഇറ്റാലിയന്‍ ഭാഷയിലായിരുന്ന, പ്രഭാഷണത്തിന്‍റെ സംഗ്രഹം ഇംഗ്ലീഷ്, ഫ്രഞ്ച് തുടങ്ങി വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെടുകയും ഓരോ വായനയുടെയും അവസാനം പാപ്പാ ആ ഭാഷാക്കാരെ ഇറ്റാലിയന്‍ ഭാഷയില്‍ അഭിവാദ്യം ചെയ്യുകയും ചെയ്തു. സ്പാനിഷ് ഭാഷക്കാരായ ആളുകളോട്, പാപ്പാ തന്റെ മാതൃഭാഷയായ സ്പാനിഷിൽത്തന്നെയാണ് സംസാരിച്ചത്.
വാഴ്ത്തപ്പെട്ട സിസ്റ്റർ മരിയ കരോള ചേച്ചിനെ
ആശീർവാദത്തിന് ശേഷം ഇറ്റാലിയൻ ഭാഷയിൽ സംസാരിക്കവെ പാപ്പാ, കെനിയയിൽ കഴിഞ്ഞ ശനിയാഴ്ച വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കപ്പെട്ട സിസ്റ്റർ മരിയ കരോള ചേച്ചിനെക്കുറിച്ച് പരാമർശിച്ചു. സുവിശേഷത്തിനും കാരുണ്യത്തിനും സാക്ഷ്യം നൽകിയാണ് തന്റെ നാല്പത്തിയെട്ടാം വയസിൽ ഈ വാഴ്ത്തപ്പെട്ടവൾ മരണമടഞ്ഞതെന്ന് പാപ്പാ പറഞ്ഞു. ദൈവരാജ്യം വ്യാപിപ്പിക്കുന്നതിനായി പരിശ്രമിക്കുന്നവർക്ക് താങ്ങായി ഈ ഒരു ജീവിതം നിലനിൽക്കട്ടെയെന്ന് പാപ്പാ ആശംസിച്ചു.
ക്രിസോസ്റ്റം രണ്ടാമൻ പിതാവിന്റെ നിര്യാണം
സൈപ്രസിൽ മരണമടഞ്ഞ ക്രിസോസ്റ്റം രണ്ടാമൻ പിതാവിന്റെ നിര്യാണത്തെ പരാമർശിച്ച പാപ്പാ, അദ്ദേഹം ഒരു ദീർഘവീക്ഷണവമുള്ള ഇടയനും, സമാധാനത്തെ സ്നേഹിച്ച സംവാദത്തിന്റെ മനുഷ്യനുമായിരുന്നു എന്ന് പറഞ്ഞു. രാജ്യത്ത് വിവിധ സമൂഹങ്ങൾ തമ്മിലുള്ള അനുരഞ്ജനത്തിനുവേണ്ടി അദ്ദേഹം പരിശ്രമിച്ചു എന്നും പാപ്പാ കൂട്ടിച്ചേർത്തു.
ഉക്രൈൻ
പീഡനങ്ങളിലൂടെ കടന്നുപോകുന്ന ഉക്രൈനെ പാപ്പാ പ്രത്യേകം അനുസ്മരിച്ചു. ദുരിതമനുഭവിക്കുന്ന ആ ജനത്തിനുവേണ്ടി സമാധാനത്തിന്റെ നാഥനോട് പ്രാർത്ഥിക്കാമെന്നു പാപ്പാ കൂട്ടിച്ചേർത്തു. കച്ചവടക്കാർ നടത്തുന്ന ഒരു ക്രൂരയുദ്ധത്തിൽ അതിഭീകരമായ ഒരു സഹനത്തിലൂടെയാണ് ആ ജനത കടന്നുപോകുന്നതെന്ന് പാപ്പാ എടുത്തുപറഞ്ഞു.
വിശുദ്ധ യോഹന്നാന്റെ നാമത്തിലുള്ള ബസലിക്ക
ലാറ്ററൻ ബസലിക്ക എന്നറിയപ്പെടുന്ന വിശുദ്ധ യോഹന്നാന്റെ നാമത്തിലുള്ള റോമിന്റെ കത്തീഡ്രൽ ബസലിക്കയുടെ സമർപ്പണത്തിന്റെ തിരുനാൾ ഇന്ന് നാം ആഘോഷിക്കുകയാണെന്ന കാര്യവും പാപ്പാ പ്രത്യേകം അനുസ്മരിച്ചു. ഏവരും വിശുദ്ധ കൂദാശകൾ അർപ്പിക്കുവാനായി ഒത്തുചേരുന്ന എല്ലാ ദേവാലയങ്ങളെയും ഇതോടൊപ്പം നമുക്ക് ഓർക്കാമെന്ന് പാപ്പാ പറഞ്ഞു. ദേവാലയവുമായുള്ള നിങ്ങളുടെ ബന്ധം, പ്രാർത്ഥനയുടെയും കാരുണ്യത്തിന്റെ പങ്കുവയ്ക്കലിലൂടെയും സുവിശേഷത്തിന്റെ സേവനത്തിനായി ഒരുമിച്ച് സഞ്ചരിക്കുന്നതിലുള്ള നിങ്ങളുടെ സന്തോഷം വർദ്ധിപ്പിക്കട്ടെയെന്ന് പാപ്പാ ആശംസിച്ചു.
സമാപനം
പൊതുദർശനപരിപാടിയുടെ അവസാനഭാഗത്ത്, പാപ്പാ, പ്രായാധിക്യത്തിലെത്തിയവർ, രോഗികൾ, യുവജനങ്ങൾ, നവദമ്പതികൾ എന്നിവരെ, പതിവുപോലെ, അഭിവാദ്യം ചെയ്തു.
തുടർന്ന് സ്വർഗ്ഗസ്ഥനായ പിതാവേ എന്ന പ്രാർത്ഥന ലത്തീൻഭാഷയിൽ ആലപിക്കപ്പെട്ടതിനു ശേഷം, പാപ്പാ, എല്ലാവർക്കും തൻറെ അപ്പൊസ്തോലിക ആശീർവ്വാദം നല്കി.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: