പാപ്പാ: ക്ഷമിക്കുക എന്നത്, ക്രിസ്ത്യാനിക്ക്, ഒരു സൽപ്രവർത്തിയല്ല, മൗലിക വ്യവസ്ഥയാണ് !
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ഫ്രാൻസീസ് പാപ്പാ പതിവുപോലെ, ഈ ഞായറാഴ്ചയും (17/09/23) വത്തിക്കാനിൽ നയിച്ച പൊതുവായ മദ്ധ്യാഹ്നപ്രാർത്ഥനയിൽ പങ്കുകൊള്ളുന്നതിന് വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ അങ്കണത്തിലും ചത്വരത്തിനു പുറത്തുമായി വിവിധ രാജ്യക്കാരായിരുന്ന നിരവധി വിശ്വാസികൾ സമ്മേളിച്ചിരുന്നു. റോമിലെ സമയം ഉച്ചയ്ക്ക് 12 മണിക്ക്, ഇന്ത്യയിലെ സമയം, ഇന്ത്യയും ഇറ്റലിയും തമ്മിൽ ഇപ്പോഴുള്ള സമയവിത്യാസമനുസരിച്ച്, വൈകുന്നേരം 3,30-ന്, “കർത്താവിൻറെ മാലാഖ” എന്നാരംഭിക്കുന്ന മദ്ധ്യാഹ്ന പ്രാർത്ഥനയ്ക്കായി, അരമനയുടെ മുകളിലത്തെ നിലയിലുള്ള പതിവു ജാലകത്തിങ്കൽ പാപ്പാ പ്രത്യക്ഷനായപ്പോൾ ബസിലിക്കാങ്കണത്തിൽ സന്നിഹിതരായിരുന്ന ജനസഞ്ചയം കരഘോഷത്തോടെയും ആരവങ്ങളോടെയും തങ്ങളുടെ സന്തോഷം പ്രകടിപ്പിച്ചു.
വത്തിക്കാനിൽ, വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ ചത്വരത്തിൽ, ബസിലിക്കയ്ക്ക് അഭിമുഖമായി നില്ക്കുകയാണെങ്കിൽ, വലത്തു ഭാഗത്തായി സ്തംഭാവലിക്ക് പിന്നിൽ പേപ്പൽ ഭവനത്തിൻറെ ഭാഗമായ ബഹുനില മന്ദിരത്തിൻറെ ഏറ്റവും മുകളിലത്തെ നിലയിൽ, വലത്തെ അറ്റത്തു നിന്ന് രണ്ടാമത്തെ ജാലകത്തിലാണ് പാപ്പാ മദ്ധ്യാഹ്ന പ്രാർത്ഥന നയിക്കുന്നതിനായി പ്രത്യക്ഷപ്പെടുത്തുന്നത്.
ഈ ഞായറാഴ്ച (17/09/23) ലത്തീൻ റീത്തിൻറെ ആരാധനാക്രമനുസരിച്ച്, ദിവ്യബലി മദ്ധ്യേ വായിക്കപ്പെട്ട ദൈവവചന ഭാഗങ്ങളിൽ, മത്തായിയുടെ സുവിശേഷം പതിനെട്ടാം അദ്ധ്യായം, 21-35 വരെയുള്ള വാക്യങ്ങൾ (മത്തായി 18: 21-35) അതായത്, തെറ്റു ചെയ്യുന്ന സഹോദരനോട് എത്ര തവണ ക്ഷമിക്കണം എന്ന പത്രോസിൻറെ ചോദ്യത്തിന് യേശു, നിർദ്ദയനായ ഭൃത്യൻറെ ഉപമയിലൂടെ ഉത്തരമേകുന്ന സുവിശേഷ സംഭവം, ആയിരുന്നു പാപ്പായുടെ വിചിന്തനത്തിന് ആധാരം.
പാപ്പാ ഇറ്റാലിയൻ ഭാഷയിൽ നടത്തിയ പ്രഭാഷണത്തിൻറെ പരിഭാഷ:
എത്രതവണ പൊറുക്കണം ?
പ്രിയ സഹോദരീ സഹോദരന്മാരേ, ശുഭദിനം!
ഇന്ന് സുവിശേഷം നമ്മോട് സംസാരിക്കുന്നത് ക്ഷമയെക്കുറിച്ചാണ് (മത്തായി 18:21-35 കാണുക). പത്രോസ് യേശുവിനോട് ചോദിക്കുന്നു: “കർത്താവേ, എൻറെ സഹോദരൻ എന്നോട് തെറ്റു ചെയ്യുകയാണെങ്കിൽ അവനോട് ഞാൻ എത്ര തവണ ക്ഷമിക്കണം? ഏഴു പ്രാവശ്യമോ?” (മത്തായി 18: 21).
ബൈബിളിൽ ഏഴ്, പൂർണ്ണതയെ സൂചിപ്പിക്കുന്ന ഒരു സംഖ്യയാണ്, അതിനാൽ തൻറെ ചോദ്യത്തിൻറെ അനുമാനങ്ങളിൽ പത്രോസ് വളരെ ഉദാരനാണ്. എന്നാൽ അതിനപ്പുറം കടന്ന് യേശു അവനോട് മറുപടി പറയുന്നു: "ഏഴെന്നല്ല, ഏഴ് എഴുപത് പ്രാവശ്യം എന്ന് ഞാൻ നിന്നോടു പറയുന്നു" (വാക്യം 22). അതായത്, ക്ഷമിക്കുമ്പോൾ കണക്കുകൂട്ടുന്നില്ലയെന്നും എല്ലായ്പ്പോഴും ക്ഷമിക്കുന്നത് നല്ലതാണെന്നും യേശു പത്രോസിനോടു പറയുകയാണ്. ദൈവം നമ്മോട് ചെയ്യുന്നതുപോലെ, ദൈവത്തിൻറെ ക്ഷമ കൈകാര്യം ചെയ്യേണ്ടവർ അത് എപ്രകാരെ ചെയ്യാനാണോ വിളിക്കപ്പെട്ടിരിക്കുന്നത് അതുപോലെ: എപ്പോഴും ക്ഷമിക്കുക. പുരോഹിതന്മാരോടും കുമ്പസാരക്കാരോടും ഞാൻ ഇത് കൂടുതലായി പറയുന്നു: ദൈവം ക്ഷമിക്കുന്നതുപോലെ എപ്പോഴും ക്ഷമിക്കുക.
കാരുണ്യവാനായ ദൈവം
ഈ യാഥാർത്ഥ്യം യേശു, സംഖ്യയുമായി ബന്ധപ്പെട്ടിരിക്കുന്ന ഒരു ഉപമയിലൂടെ അവതരിപ്പിക്കുന്നു. തന്നോട് കേണപേക്ഷിച്ച ഒരു ദാസൻറെ 10,000 താലന്ത് കടം ഒരു രാജാവ് ഇളവുചെയ്തു കൊടുക്കുന്നു: 200 മുതൽ 500 ടൺവരെ തൂക്കം വരുന്ന വെള്ളിയുടെ മൂല്യം, അതിശയോക്തിപരമായ, വളരെ വലിയ, മൂല്യം ഇതിനുണ്ട്. വളരെ വലുതാണിത്. ജീവിതകാലം മുഴുവൻ അദ്ധ്വാനിച്ചാലും വീട്ടാൻ കഴിയാത്ത കടമായിരുന്നു അത്: എന്നിട്ടും നമ്മുടെ സ്വർഗ്ഗീയപിതാവിനെ ഓർമ്മിപ്പിക്കും വിധം ആ യജമാനൻ തീർത്തും "അനുകമ്പ"യാൽ ആ കടം ഇളവുചെയ്തു കൊടുക്കുന്നു (വാക്യം 27). ഇതാണ് ദൈവത്തിൻറെ ഹൃദയം: എപ്പോഴും ക്ഷമിക്കുന്നു, കാരണം ദൈവം കരുണയുള്ളവനാണ്. ദൈവം എങ്ങനെയുള്ളവനാണ് എന്നത് നാം മറക്കരുത്: അവൻ സമീപസ്ഥനാണ്, അനുകമ്പയുള്ളവനും ആർദ്രനുമാണ്; ദൈവം ആയിരിക്കുന്നതിൻറെ രീതി അങ്ങനെയാണ്. എന്നാൽ, കടം മോചിക്കപ്പെട്ട ഈ ദാസനാകട്ടെ, തനിക്ക് 100 ദനാറ തരാനുള്ള തൻറെ സഹസേവകനോട് കരുണ കാണിക്കുന്നില്ല. ഇതും ഗണ്യമായ ഒരു തുകയാണ്, ഏകദേശം മൂന്ന് മാസത്തെ ശമ്പളത്തിന് തുല്യമാണ് - പരസ്പരം ക്ഷമിക്കുന്നതിന് വില നല്കേണ്ടിവരും എന്ന് പറയാവുന്നത് പോലെയാണിത്, എന്നാൽ, ആദ്യം, യജമാനൻ ഇളവുചെയ്തുകൊടുത്ത തുകയുമായി താരതമ്യപ്പെടുത്താനാവില്ല ഈ തുക.
ദൈവത്തിൻറെ പ്രവർത്തിയിൽ അന്തർലീനമായ സ്നേഹവും സൗജന്യതയും
യേശുവിൻറെ സന്ദേശം വ്യക്തമാണ്: ദൈവം സകല അളവുകളെയും ഉല്ലംഘിച്ചുകൊണ്ട് കണക്കില്ലാത്ത വിധം ക്ഷമിക്കുന്നു. അവിടന്ന് ഇങ്ങനെയാണ്, അവൻ സ്‌നേഹത്താലും സൗജന്യമായും പ്രവർത്തിക്കുന്നു. ദൈവത്തെ വിലയ്ക്കു വാങ്ങാനാവില്ല, ദൈവം സൗജന്യമാണ്, പൂർണ്ണമായും സൗജന്യമാണ്. നമുക്ക് അവിടത്തേക്ക് ഒന്നും പകരം നല്കാൻ കഴിയില്ല, എന്നാൽ നമ്മുടെ സഹോദരനോടോ സഹോദരിയോടോ നാം ക്ഷമിക്കുമ്പോൾ നാം അവിടത്തെ അനുകരിക്കുന്നു. അതിനാൽ ക്ഷമിക്കുകയെന്നത് ചെയ്യാവുന്നതോ ചെയ്യാനാവാത്തതോ ആയ ഒരു സൽപ്രവൃത്തിയല്ല: പ്രത്യുത, ക്ഷമിക്കുക എന്നത് ക്രിസ്ത്യാനിയെ സംബന്ധിച്ച് മൗലിക വ്യവസ്ഥയാണ്. നാമോരോരുത്തരും, വാസ്തവത്തിൽ, "ക്ഷമിക്കപ്പെട്ടവൻ" അല്ലെങ്കിൽ "ക്ഷമിക്കപ്പെട്ടവൾ" ആണ് : ഇത് നാം മറക്കരുത്, നമ്മൾ ക്ഷമിക്കപ്പെട്ടിരിക്കുന്നു, ദൈവം സ്വജീവൻ നമുക്കുവേണ്ടി നൽകി, അവിടത്തെ കാരുണ്യത്തിന് പകരമായി നമുക്ക് ഒരു തരത്തിലും ഒന്നും നല്കാൻ കഴിയില്ല, അവൻ സ്വഹൃദയത്തിൽ നിന്ന് കാരുണ്യം ഒരിക്കലും പിൻവലിക്കുന്നില്ല. എന്നിരുന്നാലും, അവിടത്തെ സൗജന്യതയോട് പ്രത്യുത്തരിച്ചുകൊണ്ട്, അതായത്, പരസ്പരം ക്ഷമിച്ചുകൊണ്ട്, നമുക്കു ചുറ്റും നവജീവൻ വിതച്ച് അവിടത്തേക്ക് സാക്ഷ്യം വഹിക്കാൻ നമുക്ക് കഴിയും. ക്ഷമയുടെ അഭാവത്തിൽ, വാസ്തവത്തിൽ, പ്രത്യാശയില്ല; ക്ഷമയില്ലെങ്കിൽ സമാധാനമില്ല. വിദ്വേഷത്താൽ മലിനമായ വായുവിനെ ശുദ്ധീകരിക്കുന്ന പ്രാണവായുവാണ് ക്ഷമ, പകയുടെ വിഷങ്ങളെ നിർവീര്യമാക്കുന്ന മറുമരുന്നാണ് ക്ഷമ, കോപം ശമിപ്പിക്കാനും സമൂഹത്തെ മലിനമാക്കുന്ന നിരവധിയായ ഹൃദയവ്യാധികളെ സുഖപ്പെടുത്താനുമുള്ള മാർഗ്ഗമാണിത്.
ക്ഷമിക്കുക, ഹൃദയശാന്തി നേടുക
അപ്പോൾ നമുക്ക് നമ്മോടുതന്നെ ചോദിക്കാം: എനിക്ക് ദൈവത്തിൽ നിന്ന് അപരിമേയമായ പാപപ്പൊറുതിദാനം ലഭിച്ചുവെന്ന് ഞാൻ വിശ്വസിക്കുന്നുണ്ടോ? ഞാൻ വീഴുമ്പോൾ, മറ്റുള്ളവർ ചെയ്യാത്തപ്പോൾ പോലും, എനിക്കുതന്നെ എന്നോട് പൊറുക്കാൻ കഴിയാത്തപ്പോൾ പോലും, അവിടന്ന് എന്നോട് ക്ഷമിക്കാൻ എപ്പോഴും തയ്യാറാണ് എന്നറിയുന്നതിൻറെ സന്തോഷം ഞാൻ അനുഭവിക്കുന്നുണ്ടോ? അവൻ ക്ഷമിക്കുന്നു: അവൻ ക്ഷമിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നുണ്ടോ? ഇനി: എന്നെ വേദനിപ്പിച്ചവരോട് ക്ഷമിക്കാൻ എനിക്കറിയാമോ? ഇക്കാര്യത്തിൽ, ഞാൻ നിങ്ങളോട് ചെറിയൊരു അഭ്യാസം നിർദ്ദേശിക്കാൻ ആഗ്രഹിക്കുന്നു: നമ്മെ മുറിപ്പെടുത്തിയ ഒരു വ്യക്തിയെക്കുറിച്ച് ഇപ്പോൾത്തന്നെ ചിന്തിക്കാൻ നമുക്കോരോരുത്തർക്കും ശ്രമിക്കാം, അവരോട് ക്ഷമിക്കാനുള്ള ശക്തിക്കായി നമുക്ക് കർത്താവിനോട് അപേക്ഷിക്കാം. കർത്താവിനോടുള്ള സ്നേഹത്തെപ്രതി നമുക്ക് ആ വ്യക്തിയോട് ക്ഷമിക്കാം: സഹോദരീസഹോദരന്മാരേ, ഇത് നമുക്ക് ഗുണകരമാണ്, ഇത് നമുക്ക് ഹൃദയസമാധാനം വീണ്ടും നല്കും. ദൈവകൃപ സ്വീകരിക്കാനും പരസ്പരം ക്ഷമിക്കാനും കരുണയുടെ മാതാവായ മറിയം നമ്മെ സഹായിക്കട്ടെ.
പ്രഭാഷണം അവസാനിച്ചതിനെ തുടർന്ന് പാപ്പാ ത്രികാലപ്രാർത്ഥന നയിക്കുകയും ആശീർവ്വാദം നല്കുകയും ചെയ്തു.
ആശീർവ്വാദാനന്തര അഭിവാദ്യങ്ങൾ - പാപ്പായുടെ മർസേയ് സന്ദർശനം
ഈ വരുന്ന വെള്ളിയാഴ്ച (22/09/23) താൻ, മദ്ധ്യധരണീ പ്രദേശത്തെ പ്രധാന നഗരങ്ങളിൽ നടക്കുന്ന മെഡിറ്ററേനിയൻ സമ്മേളനത്തിൻറെ സമാപനത്തോടനുബന്ധിച്ച് ഫ്രാൻസിലെ മർസേയിലേക്ക് പോകും എന്ന് ആശീർവ്വാദത്തിനു ശേഷം പാപ്പാ വെളിപ്പെടുത്തി.
കുടിയേറ്റ പ്രശ്നത്തെ സംഘാതമായി നേരിടുക
കുടിയേറ്റ പ്രതിഭാസത്തിലേക്ക് സവിശേഷ ശ്രദ്ധ ക്ഷണിച്ചുകൊണ്ട് സമാധാന സരണികളും സഹകരണവും ഏകീകരണവും പരിപോഷിപ്പിക്കുന്നതിന് സഭാധികാരികളെയും പൗരാധികാരികളെയും ഒരുമിച്ചുകൊണ്ടുവരുന്ന ഒരു സംരംഭമാണ് ഈ സമ്മേളനമെന്ന് പാപ്പാ അനുസ്മരിച്ചു. ഈയിടെയായുള്ള വാർത്തകളിലും നാം കാണുന്നതു പോലെ, കുടിയേറ്റപ്രതിഭാസം ആയാസകരമായ ഒരു വെല്ലുവിളിയെ പ്രതിനിധീകരിക്കുന്നുവെന്നും എല്ലാവരുടെയും ഭാവിക്ക് അത്യന്താപേക്ഷിതമാകയാൽ, അതിനെ നാം ഒറ്റക്കെട്ടായി നേരിടണമെന്നും പാപ്പാ പറഞ്ഞു.
ഭാവി സാഹോദര്യത്തിൽ കെട്ടിപ്പടുക്കുക
നമ്മുടെ ഭാവി ശോഭനമാകണമെങ്കിൽ, അത് മാനവാന്തസ്സിനെയും ജനങ്ങളെയും, വിശിഷ്യ, ഏറ്റം ആവശ്യത്തിലിരിക്കുന്നവരെ, പ്രഥമ സ്ഥാനത്ത് പ്രതിഷ്ഠിച്ചുകൊണ്ട് സാഹോദര്യത്തിൽ കെട്ടിപ്പടുത്തപ്പെടേണ്ടുണ്ടെന്നും പാപ്പാ വ്യക്തമാക്കി. തൻറെ ഈ യാത്രയ്ക്ക് പാപ്പാ പ്രാർത്ഥനാസഹായം അഭ്യർത്ഥിക്കുകയും ജനതകളാൽ സമ്പന്നവും പ്രത്യാശയുടെ തുറമുഖമാകാൻ വിളിക്കപ്പെട്ടിരിക്കുന്നതുമായ മാർസേയ് നഗരത്തിലെ കൂടിക്കാഴ്ചയ്ക്ക് വേണ്ട ഒരുക്കങ്ങൾ ചെയ്യുന്ന പൗര-മതാധികാരികൾക്കും മറ്റുള്ള സകലർക്കും നന്ദി പ്രകാശിപ്പിക്കുകയും നഗരനിവാസികളെ അഭിവാദ്യം ചെയ്യുകയും ചെയ്തു.
സമാപനാഭിവാദ്യം
ത്രികാലപ്രാർത്ഥനയിൽ സംബന്ധിച്ച ഇറ്റലിക്കാരും ഇതര രാജ്യക്കാരുമായ എല്ലാ തീർത്ഥാടകർക്കും തൻറെ അഭിവാദനങ്ങളർപ്പിച്ച പാപ്പാ യുദ്ധക്കെടുതിക്കിരായായ ഉക്രൈയിൻ ജനതയെ അനുസ്മരിക്കുകയും അവർക്കായും യുദ്ധം രക്തക്കറപുരട്ടുന്ന എല്ലായിടങ്ങളിലേയും സമാധാനാത്തിനായും പ്രാർത്ഥിക്കാൻ എല്ലാവരെയും ക്ഷണിക്കുകയും ചെയ്തു. ത്രികാലപ്രാർത്ഥനാപരിപാടിയുടെ അവസാനം പാപ്പാ, എല്ലാവർക്കും നല്ലൊരു ഞായർ നേരുകയും തനിക്കു വേണ്ടി പ്രാർത്ഥിക്കാൻ മറക്കരുതെന്ന പതിവ് അഭ്യർത്ഥന നവീകരിക്കുകയും ചെയ്തു. തദ്ദനന്തരം എല്ലാവർക്കും നല്ല ഒരു ഉച്ചവിരുന്ന് ആശംസിച്ച പാപ്പാ വീണ്ടും കാണാമെന്നു പറഞ്ഞുകൊണ്ട് കൈകൾ വീശി മന്ദസ്മിതത്തോടെ, ജാലകത്തിങ്കൽ നിന്നു പിൻവാങ്ങി.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: