ആന്തരികജീവിതത്തിൻറെ എണ്ണ തീരാതെ സൂക്ഷിക്കുക, പാപ്പാ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
യുറോപ്പിൽ ശൈത്യം പിടിമുറുക്കിത്തുടങ്ങിയിരിക്കുന്ന ഒരു വേളയാണിത്. ശൈത്യകാലത്തിലേക്കുള്ള പ്രയാണത്തിൻറെ ലക്ഷണങ്ങൾ റോമിലും പ്രകടമാണ്. മൂടൽ അനുഭവപ്പെട്ട ഒരു ദിനമായിരുന്നെങ്കിലും ഞായറാഴ്ചകളിലെ പതിവനുസരിച്ച് ഈ ഞാറാഴ്ചയും (12/11/23) ഫ്രാൻസീസ് പാപ്പാ, വത്തിക്കാനിൽ നയിച്ച പൊതുവായ മദ്ധ്യാഹ്നപ്രാർത്ഥനയിൽ പങ്കുകൊള്ളുന്നതിന് വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ അങ്കണത്തിലും പരിസരത്തുമായി വിവിധ രാജ്യക്കാരായിരുന്ന നിരവധി വിശ്വാസികൾ സന്നിഹിതരായിരുന്നു. റോമിലെ സമയം ഉച്ചയ്ക്ക് 12 മണിക്ക്, ഇന്ത്യയിലെ സമയം, ഇന്ത്യയും ഇറ്റലിയും തമ്മിൽ ഇപ്പോഴുള്ള സമയവിത്യാസമനുസരിച്ച്, വൈകുന്നേരം 4,30-ന്, “കർത്താവിൻറെ മാലാഖ” എന്നാരംഭിക്കുന്ന മദ്ധ്യാഹ്ന പ്രാർത്ഥനയ്ക്കായി, അരമനയുടെ മുകളിലത്തെ നിലയിലുള്ള പതിവു ജാലകത്തിങ്കൽ പാപ്പാ പ്രത്യക്ഷനായപ്പോൾ ജനസഞ്ചയത്തിൻറെ കരഘോഷവും ആരവങ്ങളും ഉയർന്നു. വത്തിക്കാനിൽ, വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ ചത്വരത്തിൽ, ബസിലിക്കയ്ക്ക് അഭിമുഖമായി നില്ക്കുകയാണെങ്കിൽ, വലത്തു ഭാഗത്തായി സ്തംഭാവലിക്ക് പിന്നിൽ പേപ്പൽ ഭവനത്തിൻറെ ഭാഗമായ ബഹുനില മന്ദിരത്തിൻറെ ഏറ്റവും മുകളിലത്തെ നിലയിൽ, വലത്തെ അറ്റത്തു നിന്ന് രണ്ടാമത്തെ ജാലകത്തിലാണ് പാപ്പാ മദ്ധ്യാഹ്ന പ്രാർത്ഥന നയിക്കുന്നതിനായി പ്രത്യക്ഷപ്പെടുന്നത്.
ഈ ഞായറാഴ്ച (12/11/23) ലത്തീൻ റീത്തിൻറെ ആരാധനാക്രമനുസരിച്ച്, ദിവ്യബലി മദ്ധ്യേ വായിക്കപ്പെട്ട ദൈവവചന ഭാഗങ്ങളിൽ, മത്തായിയുടെ സുവിശേഷം ഇരുപത്തിയഞ്ചാം അദ്ധ്യായം, 1-13 വരെയുള്ള വാക്യങ്ങൾ (മത്തായി 25,1-13) അതായത്, വിവേകമതികളും വിവേകശൂന്യരുമായവരടങ്ങിയ പത്തു കന്യകകളുടെ ഉപമയായിരുന്നു പാപ്പയുടെ വിചിന്തനത്തിന് അവലംബം.
ഇറ്റാലിയൻ ഭാഷയിൽ പാപ്പാ നടത്തിയ പ്രഭാഷണം :
പത്തു കന്യകകളുടെ ഉപമ
പ്രിയ സഹോദരീ സഹോദരന്മാരേ, ശുഭ ഞായർ!
ഒരോ വ്യക്തിയുടെയും ജീവിതത്തിൻറെ പൊരുളുമായി ബന്ധപ്പെട്ട ഒരു കഥയാണ് സുവിശേഷം ഇന്ന് നമ്മുടെ മുന്നിൽ അവതരിപ്പിക്കുന്നത്. മണവാളനെ എതിരേല്ക്കുന്നതിന് പുറപ്പെടാൻ വിളിക്കപ്പെട്ട പത്തു കന്യകമാരുടെ ഉപമയാണത് (മത്തായി 25:1-13 കാണുക). ജീവിക്കുക എന്നതിൻറെ വിവക്ഷ ഇതാണ്: യേശുവുമായുള്ള കൂടിക്കാഴ്ചയ്ക്കായി പുറപ്പെടാൻ വിളിക്കപ്പെടുന്ന ദിവസത്തിനായുള്ള ഒരു വലിയ ഒരുക്കം! എന്നാൽ ഉപമയിൽ, ആ പത്തു കന്യകമാരിൽ അഞ്ചുപേർ ജ്ഞാനികളും അഞ്ചുപേർ ബുദ്ധിശൂന്യകളുമാണ്. ഈ ജ്ഞാനവും ഈ വിഡ്ഢിത്തവും എന്താണെന്ന് നമുക്കു നോക്കാം. ജീവിതത്തിൻറെ ജ്ഞാനവും ജീവിതത്തിൻറെ ഭോഷത്തവും.
ജീവിതസാക്ഷാത്ക്കാരാഭിവാഞ്ഛ
വരനെ സ്വീകരിക്കുന്നതിനായി ആ തോഴിമാരെല്ലാവരും സന്നിഹിതരാണ്, അതായത്, മണവാളനുമായി കൂടിക്കാഴ്ച നടത്താൻ അവരാഗ്രഹിക്കുന്നു, അതുപോലെ തന്നെ നമ്മളും സന്തോഷകരമായൊരു ജീവിതസാക്ഷാത്ക്കാരം അഭിലഷിക്കുന്നു: ആകയാൽ, ജ്ഞാനവും ബുദ്ധിശൂന്യതയും തമ്മിലുള്ള വ്യത്യാസം അടങ്ങിയിരിക്കുന്നത് ഇച്ഛാശക്തിയിലല്ല. കൂടിക്കാഴ്ചയ്ക്കെത്തിച്ചേരുന്ന സമയനിഷ്ഠയിലുമല്ല: അവർ അവിടെ ഉണ്ടായിരുന്നു. വിവേകമതികളും വിവേകശൂന്യകളും തമ്മിലുള്ള വ്യത്യാസം മറ്റൊന്നാണ്: അത് ഒരുക്കമാണ്. വിശുദ്ധഗ്രന്ഥം പറയുന്നു: വിവേകമതികൾ " വിളക്കുകൾക്കൊപ്പം പാത്രത്തിൽ എണ്ണയും എടുത്തിരുന്നു" (മത്തായി 25, 4); നേരെ മറിച്ച് വിവേകശൂന്യകളാകട്ടെ അങ്ങനെ ചെയ്തില്ല. ഇതാണ് വ്യത്യാസം: എണ്ണ. എണ്ണയുടെ സവിശേഷതകളിലൊന്ന് എന്താണ്? അത് കാണാൻ കഴിയില്ല: അത് വിളക്കുകൾക്കുള്ളിലാണ്, അത് കണ്ണിൽപ്പെടുന്നില്ല, എന്നാൽ എണ്ണയുടെ അഭാവത്തിൽ വിളക്കുകൾ പ്രകാശം പരത്തില്ല.
ആന്തരിക പരിപാലനം
നമുക്ക് നമ്മെത്തന്നെ നോക്കാം അപ്പോൾ, നാം കാണും ഇതേ അപകടസാധ്യത നമ്മുടെ ജീവിതത്തിലുണ്ടെന്ന്: പലപ്പോഴും നമ്മൾ ബാഹ്യരൂപത്തിൽ വളരെ ശ്രദ്ധാലുക്കളാണ്, സ്വന്തം രൂപം നല്ലവണ്ണം പരിപാലിക്കുകയും മറ്റുള്ളവരുടെ മുന്നിൽ നല്ല മതിപ്പ് ഉണ്ടാക്കുകയും ചെയ്യുന്നതിന് നാം പ്രാധാന്യം കല്പിക്കുന്നു. എന്നാൽ ജീവിതജ്ഞാനം മറ്റൊന്നിലാണെന്ന് യേശു പറയുന്നു: അതായത്, അദൃശ്യമായതിനെ പരിപാലിക്കുന്നതിൽ, എന്നാൽ ഏറ്റവും പ്രധാനം ഹൃദയത്തെ പരിപാലിക്കുക എന്നതാണ്. ആന്തരിക ജീവിത പരിപാലനം. അതിനർത്ഥം സ്വന്തം ഹൃദയത്തെ ശ്രവിക്കാനും സ്വന്തം ചിന്തകളെയും വികാരങ്ങളെയും ജാഗ്രതയോടെ നിരീക്ഷിക്കാനും അറിയുക എന്നാണ്. ആ ഒരു ദിനത്തിൽ നമ്മുടെ ഹൃദയത്തിനകത്ത് എന്താണ് സംഭവിച്ചതെന്ന് എത്രയോ തവണ നാം അറിയാതെപോകുന്നു. നമ്മുടെ ഓരോരുത്തരുടെയും ഉള്ളിലൂടെ കടന്നുപോകുന്നത് എന്താണ്? ജ്ഞാനം എന്നാൽ നിശ്ശബ്ദതയ്‌ക്ക് എങ്ങനെ ഇടം നൽകാമെന്ന് അറിയുകയാണ്, നമ്മെയും മറ്റുള്ളവരെയും ശ്രവിക്കാൻ കഴിയുകയാണ്. ഫോണിൽ നോക്കിക്കൊണ്ടിരിക്കുന്ന സമയത്തിൽ കുറച്ച് മറ്റുള്ളവരുടെ കണ്ണുകളിൽ, ഒരാളുടെ ഹൃദയത്തിൽ, ദൈവത്തിന് നമ്മുടെ മേലുള്ള നോട്ടത്തിൽ അടങ്ങിയരിക്കുന്ന വെളിച്ചത്തിലേക്ക് നോക്കുന്നതിനായി എങ്ങനെ ത്യജിക്കാമെന്ന് അറിയുക എന്നാണ് ഇതിനർത്ഥം. കർമ്മോദ്യുക്തതയിൽ കുടുങ്ങിപ്പോകാൻ അനുവദിക്കാതിരിക്കുകയും, എന്നാൽ, കർത്താവിനായും ദൈവവചന ശ്രവണത്തിനായും സമയം നീക്കിവയ്ക്കുകയും ചെയ്യുക എന്നാണ് അതിനർത്ഥം.
ആത്മാവിൻറെ എണ്ണണ തീരാതെ നോക്കുക
സുവിശേഷം നല്കുന്ന ശരിയായ ഉപദേശം, ആന്തരിക ജീവിതത്തിൻറെ എണ്ണ, "ആത്മാവിൻറെ എണ്ണ" അവഗണിക്കരുതെന്നാണ്: അതായത്, അത് തയ്യാറാക്കേണ്ടത് പ്രധാനമാണെന്ന് ഇത് നമ്മോട് പറയുന്നു. വാസ്തവത്തിൽ, ആഖ്യാനത്തിൽ നാം കാണുന്നത്, കന്യകമാർക്ക് വിളക്കുകൾ ഉണ്ട് എന്നാൽ അവർ എണ്ണ തയ്യാറാക്കണമെന്നതാണ്: അവർ ചെറു കച്ചവടക്കാരുടെ പക്കൽ പോയി എണ്ണ വാങ്ങുകയും വിളക്കുകളിൽ ഒഴിക്കുകയും വേണം ... (മത്തായി 25,7.9 കാണുക). നമ്മെ സംബന്ധിച്ചും ഇപ്രകാരം തന്നെയാണ്: ആന്തരിക ജീവിതം യാദൃച്ഛികമല്ല, അത് ഒരു നിമിഷത്തെ കാര്യമല്ല, വല്ലപ്പോഴുമൊരിക്കൽ സംഭവിക്കുന്നതല്ല, എന്നന്നേക്കുമായി ഒരിക്കൽ നടക്കുന്നതല്ല; ഒരോ സുപ്രധാന കാര്യത്തിനും വേണ്ടി നാം എങ്ങനെയാണോ ചെയ്യുന്നത്, അതുപോലെ, അനുദിനം കുറച്ചു സമയം നീക്കിവച്ചുകൊണ്ട് സ്ഥൈര്യത്തോടെ ഒരുക്കപ്പെടേണ്ടതാണത്.
ഒരുക്കമുള്ളവരായിരിക്കുക
ആകയാൽ നമുക്ക് സ്വയം ചോദിക്കാം: ജീവിതത്തിലെ ഈ നിമിഷത്തിൽ ഞാൻ എന്താണ് ഒരുക്കുന്നത്? എൻറെ ഉള്ളിൽ, ഞാൻ എന്താണ് തയ്യാറാക്കിക്കൊണ്ടിരിക്കുന്നത്? ചില സമ്പാദ്യങ്ങൾ മാറ്റി വയ്ക്കാൻ ഞാൻ ഒരുപക്ഷേ ശ്രമിക്കുന്നുണ്ടാകാം, ഒരു വീടിനെക്കുറിച്ചോ പുതിയൊരു വാഹനത്തെക്കുറിച്ചോ, സമൂർത്ത പദ്ധതികളെക്കുറിച്ചോ ഞാൻ ചിന്തിക്കുകയാകാം... ഇവ നല്ല കാര്യങ്ങളാണ്, മോശമായവയല്ല. എന്നാൽ ഹൃദയപരിപാലനത്തിനും, പ്രാർത്ഥനയ്ക്കും, പരസേവനത്തിനും, ജീവിതലക്ഷ്യമായ കർത്താവിനും വേണ്ടി സമയം നീക്കിവയ്ക്കുന്നതിനെക്കുറിച്ച് ഞാൻ ചിന്തിക്കുന്നുണ്ടോ? ചുരുക്കത്തിൽ, എൻറെ ആത്മാവിൻറെ എണ്ണയുടെ അവസ്ഥ എന്താണ്? ഇത് നമ്മൾ ഓരോരുത്തരും സ്വയം ചോദിക്കണം: എൻറെ ആത്മാവിൻറെ എണ്ണയുടെ അവസ്ഥ എന്താണ്? ഞാൻ അതിനെ പോഷിപ്പിക്കുകയും നന്നായി സൂക്ഷിക്കുകയും ചെയ്യുന്നുണ്ടോ? ആന്തരിക ജീവിതത്തിൻറെ എണ്ണ സൂക്ഷിക്കാൻ പരിശുദ്ധ മാതാവ് നമ്മെ സഹായിക്കട്ടെ.
ഈ വാക്കുകളെ തുടർന്ന് പാപ്പാ ത്രികാലപ്രാർത്ഥന നയിക്കുകയും ആശീർവ്വാദം നല്കുകയും ചെയ്തു.
ആശീർവ്വാദാനന്തര അഭിവാദ്യങ്ങൾ -സംഘർഷഭരിത സുഡാൻ
ഏതാനും മാസങ്ങളായി ആഭ്യന്തരയുദ്ധത്തിൻറെ പിടിയിലമർന്നിരിക്കുന്ന സുഡാനെക്കുറിച്ച് പാപ്പാ ആശീർവ്വാദാനന്തരം പരാമാർശിച്ചു.
അന്നാട്ടിൽ പോരാട്ടം ശമിക്കുന്നതിൻറെ ലക്ഷണങ്ങളൊന്നും കാണുന്നില്ലെന്നും അനേകർ ആ യുദ്ധത്തിന് ഇരകളാകുകയും ദശലക്ഷക്കണക്കിനാളുകൾ കുടിയിറക്കപ്പെട്ടവരായി അന്നാടിനകത്തു തന്നെ കഴിയുകയും ചെയ്യുന്നുണ്ടെന്നും അതുപോലെതന്നെ അനേകർ അയൽരാജ്യങ്ങളിലേക്ക് അഭയാർത്ഥികളായി പോയിട്ടുണ്ടെന്നും അവിടത്തെ മാനവികാവസ്ഥകൾ വളരെ മോശമായിരിക്കയാണെന്നും പാപ്പാ പറഞ്ഞു. സുഡാനിലെ പ്രിയപ്പെട്ട ജനങ്ങളുടെ കഷ്ടപ്പാടുകളിൽ താൻ അവരുടെ ചാരെയുണ്ടെന്ന് പാപ്പാ ഉറപ്പുനല്കുകയും ചെയ്തു. അവർക്ക് മാനവിക സഹായം ലഭ്യമാക്കുന്നതിനുള്ള അനുകൂല സാഹചര്യങ്ങൾ പരിപോഷിപ്പിക്കണമെന്നും സമാധാനപരമായ പരിഹാരങ്ങൾ കാണുന്നതിന് അന്താരാഷ്ട്ര സമൂഹത്തിൻറെ സഹായത്തോടെ പ്രവർത്തിക്കണമെന്നും പാപ്പാ പ്രാദേശിക നേതാക്കളോട് അഭ്യർത്ഥിച്ചു. പരീക്ഷണവിധേയരായിക്കൊണ്ടിരിക്കുന്ന നമ്മുടെ ഈ സഹോദരങ്ങളെ നാം മറക്കരുതെന്ന് പാപ്പാ പറഞ്ഞു.
ഇസ്രായേൽ-പലസ്തീൻ പ്രശ്നം
ഇസ്രയേലിലെയും പലസ്തീനിലെയും വളരെ ഗുരുതരമായ അവസ്ഥയെക്കുറിച്ചും പാപ്പാ പരമാർശിച്ചു. അനുദിനം നമ്മുടെ ചിന്തകൾ അന്നാടുകളിലേക്കു പായുന്നുവെന്നു പറഞ്ഞ പാപ്പാ പലസ്തീൻകാരും ഇസ്രായേൽക്കാരുമായ ദുരിതമനുഭവിക്കുന്ന എല്ലാവരുടെയും ചാരെ താനുണ്ടെന്ന് വെളിപ്പെടുത്തി. ഈ ഇരുണ്ട വേളയിൽ താൻ അവരെ ആശ്ലേഷിക്കുന്നുവെന്നും അവർക്കായി ഏറെ പ്രാർത്ഥിക്കുന്നുവെന്നും പാപ്പാ പറഞ്ഞു. ആയുധങ്ങൾ നിശ്ചലമാകണമെന്നും അവ ഒരിക്കലും സമാധാനം കൊണ്ടുവരില്ലയെന്നും പറഞ്ഞ പാപ്പാ സംഘർഷം വ്യാപിക്കാതിരിക്കട്ടെയെന്ന് ആശംസിച്ചു.
അവസാനിപ്പിക്കൂ. മതി സഹോദരങ്ങളേ, മതി. പാപ്പാ തുടർന്നു, ഗാസയിൽ, പരിക്കേറ്റവരെ ഉടനടി സഹായിക്കണം, സാധാരണ പൗരന്മാർക്ക് സംരക്ഷണമേകണം, തളർന്നുപോയ ആ ജനതയ്ക്ക് കൂടുതൽ മാനവിക സഹായം എത്തിക്കണം. ബന്ദികളെ മോചിപ്പിക്കണം, അവരിൽ വൃദ്ധജനവും കുട്ടികളും ഉൾപ്പെടുന്നു. ഒരോ മനുഷ്യ ജീവിയും, അത് ക്രിസ്ത്യാനിയോ, യഹൂദനോ, മുസ്ലീമോ ആകട്ടെ, ഏത് ജനവിഭാഗത്തിലും മതത്തിലും പെട്ടയാളുമായിക്കൊള്ളട്ടെ, മനുഷ്യവ്യക്തി ദൈവത്തിൻറെ ദൃഷ്ടിയിൽ പവിത്രതയുള്ളവനും അനർഘനുമാണ്. അവന് സമാധാനത്തോടെ ജീവിക്കാൻ അവകാശമുണ്ട്. പ്രത്യാശ കൈവിടരുത്: ഹൃദയകാഠിന്യത്തിന്മേൽ മനുഷ്യത്വം പ്രബലപ്പെടുന്നതിനായി നമുക്ക് പ്രാർത്ഥിക്കുകയും അക്ഷീണം പ്രവർത്തിക്കുകയും ചെയ്യാം.
ലൗദാത്തൊ സീ കർമ്മവേദി
രണ്ട് വർഷം മുമ്പ് ലൗദാത്തൊ സീ കർമ്മവേദിക്ക് തുടക്കംകുറിക്കപ്പെട്ടതും പാപ്പാ ത്രികാലപ്രാർത്ഥനാവേളയിൽ അനുസ്മരിക്കുകയും ഈ ഉദ്യമത്തിൽ പങ്കുചേർന്നവരോട് തൻറെ നന്ദി പ്രകാശിപ്പിക്കുകയും പാരിസ്ഥിതികപരിവർത്തന പ്രയാണം തുടരാൻ പ്രചോദനം പകരുകയും ചെയ്തു.
കോപ് 28
കാലാവസ്ഥമാറ്റത്തെ അധികരിച്ച് ദുബായിയിൽ സംഘടിപ്പിക്കപ്പെടുന്ന “കോപ് 28” (COP28) സമ്മേളനത്തിനായി പ്രാർത്ഥിക്കാൻ പാപ്പാ എല്ലാരെയും ക്ഷണിച്ചു.
ഇറ്റലിയിൽ കൃതജ്ഞതാ ദിനം
ഈ ഞായറാഴ്‌ച ഇറ്റലിയിൽ കത്തോലിക്കാസഭ കൃതജ്ഞതാ ദിനം ആചരച്ചതും പാപ്പാ അനുസ്മരിച്ചു. “കാർഷികവികസനത്തിന് സഹകരണ ശൈലി” എന്ന പ്രമേയമാണ് ഈ ദിനാചാരണം സ്വീകരിച്ചിരുന്നതെന്ന് പാപ്പാ പറഞ്ഞു. സമാധാനത്തിനായി പ്രവർത്തിക്കുന്ന വിശുദ്ധ എജീദിയോയുടെ സമൂഹത്തിൻറെ പ്രതിനിധികൾ വിവിധ ഏഷ്യൻ നാടുകളിൽ നിന്നെത്തിയിരുന്നത് പ്രത്യേകം അനുസ്മരിച്ച പാപ്പാ അവരെ അഭിവാദ്യം ചെയ്യുകയും സമാധാനസംസ്ഥാപന യത്നത്തിൽ മുന്നേറാൻ പ്രചോദനം പകരുകയും ചെയ്തു.
ഉക്രൈയിനെ മറക്കരുത്
യുദ്ധം പിച്ചിച്ചീന്തുന്ന ഉക്രൈയിനു വേണ്ടി പ്രാർത്ഥിക്കാനുള്ള ക്ഷണം പാപ്പാ ത്രികാലപ്രാർത്ഥനാവേളയിൽ ആവർത്തിച്ചു. അന്നാടിനെ മറക്കരുതെന്ന് പാപ്പാ പറഞ്ഞു.
സമാപനാഭിവാദ്യവും ആശീർവ്വാദവും
ത്രികാലപ്രാർത്ഥനാപരിപാടിയുടെ അവസാനം എല്ലാവർക്കും ശുഭ ഞായർ ആശംസിച്ച പാപ്പാ തനിക്കു വേണ്ടി പ്രാർത്ഥിക്കാൻ മറക്കരുതെന്ന പതിവ് അഭ്യർത്ഥന നവീകരിച്ചു. തദ്ദനന്തരം എല്ലാവർക്കും നല്ല ഒരു ഉച്ചവിരുന്ന് നേർന്ന പാപ്പാ വീണ്ടും കാണാമെന്നു പറഞ്ഞുകൊണ്ട് കൈകൾ വീശി സുസ്മേരവദനനായി, ജാലകത്തിങ്കൽ നിന്നു പിൻവാങ്ങി.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: