തിരയുക

സകല പ്രവർത്തികളും സ്നേഹാധിഷ്ഠിതമാകണം, പാപ്പാ!

ഫ്രാൻസീസ് പാപ്പായുടെ ത്രികാലജപ സന്ദേശം: "നിൻറെ ദൈവമായ കർത്താവിനെ നീ സ്നേഹിക്കണം", "നിൻറെ അയൽക്കാരനെ സ്നേഹിക്കണം" (മർക്കോസ് 12,30-31)

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഞായറാഴ്ചകളിലെ പതിവനുസരിച്ച് ഈ ഞായറാഴ്ചയും (03/11/24) ഫ്രാൻസീസ് പാപ്പാ വത്തിക്കാനിൽ, പൊതുവായ മദ്ധ്യാഹ്നപ്രാർത്ഥന നയിച്ചു. അതിൽ പങ്കുകൊള്ളുന്നതിന് വിവിധരാജ്യക്കാരായിരുന്ന നിരവധി  വിശ്വാസികൾ, വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ അങ്കണത്തിൽ സന്നിഹിതരായിരുന്നു. മദ്ധ്യാഹ്നപ്രാർത്ഥന നയിക്കുന്നതിനായി പാപ്പാ പതിവുജാലകത്തിങ്കൽ പ്രത്യക്ഷപ്പെട്ടപ്പോൾ ജനസഞ്ചയം കൈയ്യടിയോടെയും ആരവങ്ങളോടെയും തങ്ങളുടെ ആനന്ദം പ്രകടിപ്പിച്ചു.

റോമിലെ സമയം ഉച്ചയ്ക്ക് 12 മണിക്ക്, ഇന്ത്യയിലെ സമയം, ഇന്ത്യയും ഇറ്റലിയും തമ്മിൽ ഇപ്പോഴുള്ള സമയവിത്യാസമനുസരിച്ച്, വൈകുന്നേരം 4,30-ന്,  “കർത്താവിൻറെ മാലാഖ” എന്നാരംഭിക്കുന്ന മദ്ധ്യാഹ്ന പ്രാർത്ഥന നയിക്കുന്നതിനു മുമ്പ് പാപ്പാ നടത്തിയ വിചിന്തനത്തിന് ആധാരം, ലത്തീൻറീത്തിൻറെ ആരാധനാക്രമനുസരിച്ച്, ഈ ഞായാറാഴ്ച (03/11/24) ദിവ്യബലി മദ്ധ്യേ വായിക്കപ്പെട്ട ദൈവവചന ഭാഗങ്ങളിൽ, മർക്കോസിൻറെ സുവിശേഷം പന്ത്രണ്ടാം അദ്ധ്യായം, 28-34 വരെയുള്ള വാക്യങ്ങൾ (മർക്കോസ് 12:28-34) അതായത്, യേശുവിനെ കുടുക്കുകയെന്ന ലക്ഷ്യത്തോടെ ചിലർ അവിടന്നുമായി സംവാദത്തിലേർപ്പട്ടിരിക്കെ നിയമജ്ഞരിൽ ഒരുവൻ അവിടത്തെ സമീപിച്ച് “എല്ലാറ്റിലും സുപ്രധാനമായ കല്പന ഏതാണ്” എന്നു ചോദിക്കുന്നതും അവിടന്ന് അതിനുത്തരം നല്കുന്നതുമായ സംഭവം ആയിരുന്നു. പാപ്പാ ഇപ്രകാരം പറഞ്ഞു:

മൗലിക കല്പന: ദൈവത്തെയും അയൽക്കാരനെയും സ്നേഹിക്കുക

പ്രിയ സഹോദരീ സഹോദരന്മാരേ, ശുഭ ഞായർ!

ഇന്നത്തെ ആരാധനാക്രമത്തിലെ സുവിശേഷം (മർക്കോസ് 12,28-34) ജറുസലേം ദേവാലയത്തിൽ യേശു നടത്തിയ അനേകം ചർച്ചകളിൽ ഒന്നിനെക്കുറിച്ച് പ്രതിപാദിക്കുന്നു. നിയമജ്ഞരിൽ ഒരാൾ യേശുവിനെ സമീപിച്ച് ചോദിക്കുന്നു: "എല്ലാറ്റിലും സുപ്രധാനമായ കല്പന എന്താണ്?" (മർക്കോസ് 12,28). "നിൻറെ ദൈവമായ കർത്താവിനെ നീ സ്നേഹിക്കണം", "നിൻറെ അയൽക്കാരനെ സ്നേഹിക്കണം" (മർക്കോസ് 12,30-31) എന്നീ മോശയുടെ നിയമത്തിലെ രണ്ട് മൗലിക പദങ്ങൾ സംയോജിപ്പിച്ചുകൊണ്ട് യേശു പ്രത്യുത്തരിക്കുന്നു.

നമ്മുടെ വിശ്വാസത്തിൻറെ കേന്ദ്രം നാം കണ്ടെത്തുന്നത് എവിടെ?

തൻറെ ചോദ്യത്താൽ, നിയമജ്ഞൻ, കൽപ്പനകളിൽ "ഒന്നാമത്തേത്" അതായത്,  എല്ലാ കല്പനകൾക്കും അടിസ്ഥാനമായിരിക്കുന്ന തത്വം തേടുകയാണ്; യഹൂദന്മാർക്ക് അനേകം പ്രമാണങ്ങൾ ഉണ്ടായിരുന്നു, അവയുടെയെല്ലാം അടിസ്ഥാനമായതിനെ, മൗലികമായതിനെ അവർ അന്വേഷിച്ചിരുന്നു,  അടിസ്ഥാനപരമായ ഒന്നിനെക്കുറിച്ച് അഭിപ്രായയ്ക്യത്തിലെത്താൻ അവർ ശ്രമിച്ചു, അവർക്കിടയിൽ ചർച്ചകൾ നടന്നു, നല്ല ചർച്ചകളായിരുന്നു, കാരണം അവർ സത്യം അന്വേഷിക്കുകയായിരുന്നു. ഈ ചോദ്യം നമ്മെ സംബന്ധിച്ചും നമ്മുടെ ജീവിതത്തിനും നമ്മുടെ വിശ്വാസയാത്രയ്ക്കും അത്യന്താപേക്ഷിതമാണ്. വാസ്തവത്തിൽ, നാമും ചിലപ്പോൾ പല കാര്യങ്ങളിലായി ചിതറിപ്പോകുന്നതായി നമുക്ക് തോന്നുകയും ഇങ്ങനെ സ്വയം ചോദിക്കുകയും ചെയ്യുന്നു: എന്നാൽ, അവസാനം, എല്ലാറ്റിനെക്കാളും ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്താണ്? എൻറെ വിശ്വാസത്തിൻറെ കേന്ദ്രം എവിടെയാണ് എനിക്ക് കണ്ടെത്താനാവുക? "നിൻറെ ദൈവമായ കർത്താവിനെ നീ സ്നേഹിക്കണം", "നിൻറെ അയൽക്കാരനെ സ്നേഹിക്കണം" എന്നീ രണ്ട് മൗലിക കൽപ്പനകൾ സമന്വയിപ്പിച്ചുകൊണ്ട്, യേശു നമുക്ക് ഉത്തരം നൽകുന്നു. ഇതാണ് നമ്മുടെ വിശ്വാസത്തിൻറെ കാതൽ.

ഹൃദയം സകലത്തിൻറെയും ഉറവിടവും വേരും

നമെല്ലാവരും ജീവിതത്തിൻറെയും വിശ്വാസത്തിൻറെയും ഹൃദയത്തിലേക്ക് മടങ്ങേണ്ടതുണ്ട് എന്ന് നമുക്കറിയാം, കാരണം ഹൃദയമാണ് "മറ്റെല്ലാ ശക്തികളുടെയും ബോധ്യങ്ങളുടെയും ഉറവിടവും വേരും" (Enc. Dilexit nos, 9). എല്ലാറ്റിൻറെയും ഉറവിടം സ്നേഹമാണെന്നും ദൈവത്തെ മനുഷ്യനിൽ നിന്ന് ഒരിക്കലും വേർപെടുത്തരുതെന്നും യേശു നമ്മോട് പറയുന്നു. എക്കാലത്തെയും ശിഷ്യനോട് കർത്താവ് അരുളിച്ചെയ്യുന്നു: നിങ്ങളുടെ യാത്രയിൽ പ്രധാനം ദഹനബലികളും യാഗങ്ങളും പോലുള്ള ബാഹ്യമായ ആചാരങ്ങളല്ല (വാക്യം 33), മറിച്ച് നിങ്ങൾ ദൈവത്തിനും സഹോദരന്മാർക്കുമായി സ്നേഹത്തിൽ സ്വയം തുറക്കുന്ന ഹൃദയസന്നദ്ധതയാണ്. സഹോദരീ സഹോദരന്മാരേ, നമുക്ക് പലതും ചെയ്യാൻ കഴിയും, എന്നാൽ, അവ നമുക്കുവേണ്ടി മാത്രവും, സ്നേഹം കൂടാതെയും ആണ് ചെയ്യുന്നതെങ്കിൽ, അത് ശരിയല്ല; വ്യതിചലിച്ച ഹൃദയത്തോടെയോ അടഞ്ഞ ഹൃദയത്തോടെയോ ആണ് ചെയ്യുന്നതെങ്കിൽ അതും ശരിയല്ല. എല്ലാ കാര്യങ്ങളും സ്നേഹത്തോടെയാണ് ചെയ്യേണ്ടത്.

നമ്മുടെ സ്നഹ പ്രക്രിയയുടെ അവസ്ഥയെന്ത്?

കർത്താവ് വരും, സർവ്വോപരി, സ്നേഹത്തെക്കുറിച്ച് നമ്മോട് ചോദിക്കും: "നീ എങ്ങനെയാണ് സ്നേഹിച്ചത്?". അതിനാൽ ഏറ്റവും പ്രധാനപ്പെട്ട കൽപ്പന ഹൃദയത്തിൽ ഉറപ്പിക്കുക സുപ്രധാനമാണ്. അത് ഏതാണ്? നിൻറെ ദൈവമായ കർത്താവിനെ സ്നേഹിക്കുക, നിന്നെപ്പോലെ നിൻറെ അയൽക്കാരനെ സ്നേഹിക്കുക. ഓരോ ദിവസവും നാം ആത്മശോധന ചെയ്യുകയും സ്വയം ചോദിക്കുകയും ചെയ്യണം: ദൈവത്തോടും അയൽക്കാരനോടും ഉള്ള സ്നേഹമാണോ എൻറെ ജീവിതത്തിൻറെ കേന്ദ്രം? ദൈവത്തോടുള്ള എൻറെ പ്രാർത്ഥന എൻറെ സഹോദരങ്ങളുടെ അടുത്തേക്ക് പോകാനും അവരെ സ്വതന്ത്രമായി സ്നേഹിക്കാനും എന്നെ പ്രേരിപ്പിക്കുന്നുണ്ടോ? മറ്റുള്ളവരുടെ വദനങ്ങളിൽ ദൈവസാന്നിധ്യം ഞാൻ തിരിച്ചറിയുന്നുണ്ടോ?

തൻറ നിർമ്മലഹൃദയത്തിൽ മുദ്രിതമായ ദൈവിക നിയമം പേറിയ കന്യകാമറിയം, കർത്താവിനെയും നമ്മുടെ സഹോദരങ്ങളെയും സ്നേഹിക്കാൻ നമ്മെ സഹായിക്കട്ടെ.

ഈ വാക്കുകളെ തുടർന്ന് പാപ്പാ, “കർത്താവിൻറെ മാലാഖ ” എന്നാരംഭിക്കുന്ന ത്രികാലജപം നയിക്കുകയും ആശീർവ്വാദം നല്കുകയും ചെയ്തു. 

ആശീർവ്വാദാനന്തര അഭിവാദ്യങ്ങൾ

റോമക്കാരും ഇറ്റലിയുടെ ഇതരഭാഗങ്ങളിലും മറ്റ് രാജ്യങ്ങളിൽ നിന്നും എത്തിയിരുന്നവരുമുൾപ്പടെയുള്ള തീർത്ഥാടകരെ ആശീർവ്വാദാനന്തരം പാപ്പാ  അഭിവാദ്യം ചെയ്തു. തങ്ങളുടെ ഭ്രാതൃത്വസമൂഹത്തിൻറെ രജതജൂബിലി ആഘോഷിക്കുന്ന പരിശുദ്ധാരൂപിയുടെ പ്രേഷിതകളായ കർമ്മലീത്താ സഹോദരികളെ പാപ്പാ പ്രത്യേകം അനുസ്മരിച്ചു.

യുദ്ധത്തിനെതിരെ വീണ്ടും പ്രാർത്ഥനയോടെ

യുദ്ധത്തെ മറ്റു ജനതകളുടെ സ്വാതന്ത്ര്യത്തിനെതിരായ കുറ്റകൃത്യത്തിൻറെ ഉപകരണമായി തള്ളിക്കളയുകയും അന്താരാഷ്ട്ര തർക്കങ്ങൾ പരിഹരിക്കുന്നതിനുള്ള മാർഗ്ഗമായി അംഗീകരിക്കാതിരിക്കുകയും ചെയ്യുന്ന ഇറ്റലിയുടെ ഭരണഘടനയുടെ പതിനൊന്നാം അനുച്ഛേദത്തെ ഉയർത്തിപ്പിടിക്കുന്നതിന് യത്നിക്കുന്ന “എമർജൻസി റോമ സുദ്” എന്ന സംഘത്തെയും പാപ്പാ അഭിവാദ്യം ചെയ്തു. ഈ തത്വം ലോകമെമ്പാടും നടപ്പാക്കപ്പെടട്ടെയെന്ന് ആശംസിച്ച പാപ്പാ യുദ്ധം നിരോധിക്കപ്പെടുകയും പ്രശ്നങ്ങളെ നിയമത്തിലൂടെയും ചർച്ചകളിലൂടെയും നേരിടണമെന്ന് ഓർമ്മിപ്പിക്കുകയും ചെയ്തു. ആയുധങ്ങൾ നിശ്ശബ്ദമാക്കപ്പെടുകയും സംഭാഷണത്തിന് ഇടം ലഭിക്കുകയും ചെയ്യട്ടെയെന്നും പാപ്പാ ആശംസിച്ചു. പീഡിത ഉക്രൈയിൻ, പലസ്തീൻ, ഇസ്രായേൽ, മ്യാൻമർ, ദക്ഷിണ സുഡാൻ എന്നിവയ്ക്കായി പ്രാർത്ഥിക്കാൻ പാപ്പാ എല്ലാവരെയും ക്ഷണിക്കുകയും ചെയ്തു.

സ്പെയിനിലെ പ്രകൃതിദുരന്തത്തിൽ വലയുന്നവർക്കായി പ്രാർത്ഥന

സ്പെയിനിലെ വലേൻസിയയിൽ ഈ ദിവസങ്ങളിലുണ്ടായ പ്രളയദുരന്തം മൂലം യാതനകളനുഭവിക്കുന്നവരെ പാപ്പാ ഒരിക്കൽക്കൂടി അനുസ്മരിക്കുകയും പ്രാർത്ഥനാസഹായം ഉറപ്പേകുകയും പ്രാർത്ഥിക്കാൻ പ്രചോദനം പകരുകയും ചെയ്തു.

സമാപനാഭിവാദ്യം

ത്രികാലപ്രാർത്ഥനാ പരിപാടിയുടെ അവസാനം പാപ്പാ, എല്ലാവർക്കും  നല്ലൊരു ഞായർ ആശംസിക്കുകയും തനിക്കു വേണ്ടി  പ്രാർത്ഥിക്കാൻ മറക്കരുതെന്ന പതിവ് അഭ്യർത്ഥന നവീകരിക്കുകയും ചെയ്തു. തുടർന്ന് പാപ്പാ സകലർക്കും നല്ല ഒരു ഉച്ചവിരുന്ന് നേരുകയും വീണ്ടും കാണാമെന്നു പറയുകയും ചെയ്തുകൊണ്ട് ജാലകത്തിങ്കൽ നിന്നു പിൻവാങ്ങി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

04 November 2024, 10:45

ത്രികാലപ്രാര്‍ത്ഥന - ദിവസത്തിൽ മൂന്നു പ്രാവശ്യം ജപിക്കുന്ന സഭയുടെ ഔദ്യോഗിക പ്രാർത്ഥനയാണിത്. സനാതനമായ രക്ഷാകര രഹ്യമാണ് ഇതിന്‍റെ ഉള്ളടക്കം. രാവിലെ
6 മണിക്കും, മദ്ധ്യാഹ്നം 12 മണിക്കും, വൈകുന്നേരം 6 മണിക്കും ദേവാലയമണി മുഴങ്ങുമ്പോഴാണ് ഇത് ഉരുവിടുന്നത്.  

കര്‍ത്താവിന്‍റെ മാലാഖ... എന്നു തുടങ്ങുന്ന ത്രികാലജപം സാധാരണകാലങ്ങളില്‍ ചൊല്ലുമ്പോള്‍ പെസഹാക്കാലത്ത് സ്വര്‍ല്ലോക രാജ്ഞിയേ... എന്ന പ്രാര്‍ത്ഥനയുമാണ് ചൊല്ലുന്നത്. പ്രാര്‍ത്ഥനയുടെ ഇടയ്ക്ക് ചൊല്ലുന്ന നന്മനിറഞ്ഞ മറിയമേ, എന്ന ജപം ക്രിസ്തുവിന്‍റെ രക്ഷാകര ചരിത്രത്തില്‍ മറിയത്തിനുള്ള പങ്ക് വിളിച്ചോതുന്നു. ത്രിത്വസ്തുതിയോടെയാണ് ത്രികാലപ്രാര്‍ത്ഥന അവസാനിക്കുന്നത്.


പൊതുവെ എല്ലാ ഞായറാഴ്ചകളിലും സവിശേഷദിനങ്ങളിലും മദ്ധ്യാഹ്നത്തിലാണ് “ആഞ്ചെലൂസ്…” എന്ന ശീര്‍ഷകത്തില്‍ പാപ്പായുടെ സാന്നിദ്ധ്യത്തില്‍ ത്രികാലപ്രാ‍ര്‍ത്ഥന നടത്തപ്പെടുന്നത്. ഞായറാഴ്ചകളില്‍ മദ്ധ്യാഹ്നം കൃത്യം 12 മണിക്ക് വത്തിക്കാനിലെ അപ്പസ്തോലിക അരമനയുടെ മൂന്നാംനിലയുടെ രണ്ടാം ജാലകത്തില്‍ പ്രത്യക്ഷപ്പെട്ട്, താഴെ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ സമ്മേളിച്ചിരിക്കുന്ന തീര്‍ത്ഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കുമൊപ്പം പാപ്പാ ത്രികാലപ്രാര്‍ത്ഥന ചൊല്ലുന്ന പതിവിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്.

ഏറ്റവും ഒടുവിലത്തെ ത്രികാലപ്രാര്‍ത്ഥന

വായിച്ചു മനസ്സിലാക്കാന്‍ >