തിരയുക

ആഗതനാകുന്ന നാഥനായി, നാം, അടുക്കും ചിട്ടയുമുള്ള ഹൃദയഭവനം ഒരുക്കണം, പാപ്പാ!

ഫ്രാൻസീസ് പാപ്പാ ഈ ഞായറാഴ്ചയും (03/12/23) വത്തിക്കാനിൽ “ദോമൂസ് സാംക്തെ മാർത്തെ” മന്ദിരത്തിലിരുന്നുകൊണ്ടാണ് മദ്ധ്യാഹ്ന പ്രാർത്ഥന നയിച്ചത്. ശ്വാസകോശരോഗംമൂലം ബുദ്ധിമുട്ടുള്ളതിനാൽ പാപ്പായുടെ ത്രികാലപ്രാർത്ഥനാ വിചിന്തനം മോൺസിഞ്ഞോർ പാവൊളൊ ബ്രയിദ വായിക്കുകയായിരുന്നു. "ജാഗരൂകരായിരിക്കുവിൻ" എന്ന യേശുനാഥൻറെ ആഹ്വാനമായിരുന്നു പാപ്പായുടെ വിചിന്തനത്തിന് ആധാരം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഞായറാഴ്ചകളിൽ ഫ്രാൻസീസ് പാപ്പാ, വത്തിക്കാനിൽ നയിക്കാറുള്ള പൊതുവായ മദ്ധ്യാഹ്നപ്രാർത്ഥനയിൽ പങ്കുകൊള്ളുന്നതിന് വിവിധരാജ്യക്കാരായിരുന്ന പതിനയ്യായിരത്തോളം വിശ്വാസികൾ, വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ അങ്കണത്തിലും പരിസരത്തുമായി സന്നിഹിതരായിരുന്നു. എന്നാൽ അനാരോഗ്യം മൂലം പാപ്പായ്ക്ക് ത്രികാലജപം നയിക്കുന്നതിന് പതിവുജാലകത്തിങ്കൽ പ്രത്യക്ഷപ്പെടുന്നതിന് സാധിച്ചില്ല. പാപ്പാ താൻ വസിക്കുന്ന “ദോമൂസ് സാംക്തെ മാർത്തെ” മന്ദിരത്തിലിരുന്നുകൊണ്ടാണ് പ്രാർത്ഥന നയിച്ചത്. വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ ചത്വരത്തിൽ സ്ഥാപിച്ചിട്ടുള്ള വൻ ടെലെവിഷൻ സ്ക്രീനുകൾ വഴി വിശ്വാസികൾക്ക് പാപ്പായെ കാണുന്നതിനും പ്രാർത്ഥനയിൽ പങ്കുചേരുന്നതിനുമുള്ള സംവിധാനം ഏർപ്പെടുത്തിയിരുന്നു. റോമിലെ സമയം ഉച്ചയ്ക്ക് 12 മണിക്ക്, ഇന്ത്യയിലെ സമയം, ഇന്ത്യയും ഇറ്റലിയും തമ്മിൽ ഇപ്പോഴുള്ള സമയവിത്യാസമനുസരിച്ച്,വൈകുന്നേരം 4,30-ന്,  “കർത്താവിൻറെ മാലാഖ” എന്നാരംഭിക്കുന്ന മദ്ധ്യാഹ്ന പ്രാർത്ഥന നയിക്കുന്നതിനു മുമ്പ് പാപ്പാ നടത്താറുള്ള വിചിന്തനത്തിന് ആധാരം, ഈ ഞായാറാഴ്ച (03/12/23)  ലത്തീൻറീത്തിൻറെ ആരാധനാക്രമനുസരിച്ച്, ദിവ്യബലി മദ്ധ്യേ വായിക്കപ്പെട്ട ദൈവവചന ഭാഗങ്ങളിൽ, മർക്കോസിൻറെ  സുവിശേഷം പതിമൂന്നാം അദ്ധ്യായം, 33-37 വരെയുള്ള വാക്യങ്ങൾ (മത്തായി 13,33-37) അതായത്, ശ്രദ്ധാപൂർവ്വം ഉണർന്നിരിക്കാൻ യേശുനാഥൻ ആഹ്വാനം ചെയ്യുന്ന ഭാഗമായിരുന്നു. ശ്വാസകോശത്തിനുണ്ടായിരിക്കുന്ന അണുബാധ മൂലം പാപ്പായ്ക്ക് പ്രഭാഷണം നടത്താൻ ബുദ്ധിമുട്ടുണ്ടായിരുന്നതിനാൽ പാപ്പായുടെ ആമുഖവാക്കുകളെ തുടർന്ന് മോൺസിഞ്ഞോർ പാവൊളൊ ബ്രയിദ പാപ്പായുടെ സാന്നിദ്ധ്യത്തിൽ അതു പൂർണ്ണമായി വായിക്കുകയായിരുന്നു.

പ്രഭാഷണം മോൺസിഞ്ഞോർ ബ്രയിദ വായിക്കുന്നതിനു മുമ്പ് പാപ്പാ ഇപ്രകാരം പറഞ്ഞു:

പ്രിയ സഹോദരീ സഹോദരന്മാരേ, ശുഭദിനം! 

ഇന്നും എനിക്ക് എല്ലാം വായിക്കാൻ സാധിക്കില്ല. എൻറെ ആരോഗ്യനില മെച്ചപ്പെട്ടുവരുന്നു, എങ്കിലും എൻറെ സ്വരം ശരിയായിട്ടില്ല. പ്രസംഗം വായിക്കുക മോൺസിഞ്ഞോർ ബ്രയിദ ആയിരിക്കും.

പാപ്പായുടെ ഈ വാക്കുകളെ തുടർന്ന് മോൺസിഞ്ഞോർ   ബ്രയിദ പ്രഭാഷണ പാരായണം ആരംഭിച്ചു:

ഉണർന്നിരിക്കുക

ഇന്ന്, ആഗമനകാലത്തിലെ ആദ്യ ഞായറാഴ്ച, ആരാധനക്രമം നമ്മുടെ മുന്നിൽ അവതരിപ്പിക്കുന്ന ഹ്രസ്വമായ സുവിശേഷത്തിൽ (മർക്കോസ് 13,33-37 കാണുക), യേശു, മൂന്ന് തവണ, ലളിതവും നേരിട്ടുള്ളതുമായ ഒരു പ്രബോധനം നമുക്കു നല്കുന്നു: "ജാഗരൂകരായിരിക്കുവിൻ" (മർക്കോസ് 13: 33, 35, 37) .

ആകയാൽ, വിഷയം ജാഗരൂകതയാണ്. അത് നാം ഏതു രീതിയിൽ മനസ്സിലാക്കണം? ആസന്നമായ ശിക്ഷയെക്കുറിച്ചുള്ള ഭയത്താൽ പ്രചോദിതമായ ഒരു മനോഭാവമായി ചിലപ്പോൾ ഈ പുണ്യത്തെ നാം കരുതുന്നു, ഒരു ഉൽക്കാശില ആകാശത്ത് നിന്ന് വീഴാൻ പോകുന്നതുപോലെയും തക്കസമയത്ത് നാം അത് ഒഴിവാക്കിയില്ലെങ്കിൽ അത് നമ്മെ ഞെരുക്കുമെന്ന അപകടഭീഷണിയുള്ളതു പോലെയുമാണിത്. എന്നാൽ, തീർച്ചയായും, ഇതല്ല, ക്രിസ്തീയ ജാഗ്രതകൊണ്ടർത്ഥമാക്കുന്നത്!

സ്നേഹത്താലുള്ള കാത്തിരുപ്പ് 

മടങ്ങിവരുന്ന ഒരു യജമാനനെയും അവനെ കാത്തിരിക്കുന്ന അവൻറെ ദാസന്മാരെയും കുറിച്ചുള്ള ഉപമയിലൂടെ യേശു ഇത് വ്യക്തമാക്കുന്നുണ്ട് (മർക്കോസ് 13:34 കാണുക). ബൈബിളിലെ ദാസൻ യജമാനൻറെ "വിശ്വസ്തൻ" ആണ്, അവനുമായി പലപ്പോഴും സഹകരണത്തിൻറെയും സ്നേഹത്തിൻറെയും ബന്ധമുണ്ട്. ഉദാഹരണത്തിന്, മോശയെ ദൈവത്തിൻറെ ദാസനായി നിർവ്വചിച്ചിരിക്കുന്നതിനെക്കുറിച്ച് നമുക്ക് ചിന്തിക്കാം (സംഖ്യ:12,7 കാണുക) കൂടാതെ മറിയം അവളെക്കുറിച്ചുതന്നെ പറയുന്നു: "ഇതാ, കർത്താവിൻറെ ദാസി" (ലൂക്കാ1,38). അപ്പോൾ ദാസരുടെ ജാഗ്രത ഭയം കൊണ്ടല്ല, ആഗ്രഹം കൊണ്ടാണ്, വരുന്ന കർത്താവിനെ കാണാനുള്ള കാത്തിരിപ്പിനാലുള്ളതാണ്. അവർ അവൻറെ തിരിച്ചുവരവിന് ഒരുങ്ങിയിരിക്കുന്നു, കാരണം, അവർ അവനെ സ്നേഹിക്കുന്നു, ആകയാൽ, അവൻ വരുമ്പോൾ സ്വാഗതാർഹവും അടുക്കും ചിട്ടയുമുള്ളതുമായ ഒരു വീട് അവൻ കാണണമെന്നതാണ് അവരുടെ മനസ്സിലിരിപ്പ്: അവനെ വീണ്ടും കാണുന്നതിൽ അവർക്ക് സന്തോഷമുണ്ട്, അവരംഗമായ വലിയൊരു കുടുംബത്തിൻറെ ഉത്സവം എന്ന പോലെ അവൻറെ തിരിച്ചുവരവിനായി അവർ കാത്തിരിക്കുന്നു.

നമ്മുടെ ഒരുക്കവും സ്നേഹഭരിതം ആയിരിക്കണം

സ്നേഹഭരിതമായ ഈ കാത്തിരിപ്പിനാലാണ് യേശുവിനെ വരവേൽക്കാൻ നമ്മളും ഒരുങ്ങേണ്ടത്: അതായത്, ഏതാനും ആഴ്ചകൾക്കുള്ളിൽ നാം ആഘോഷിക്കുന്ന തിരുപ്പിറവിത്തിരുന്നാളിൽ; യുഗാന്ത്യത്തിൽ അവൻറെ മഹത്വപൂർണ്ണമായ പുനരാഗമനത്തിൽ; എല്ലാ ദിവസവും വിശുദ്ധ കുർബ്ബാനയിൽ, അവൻറെ വചനത്തിൽ, സഹോദരീസഹോദരന്മാരിൽ, പ്രത്യേകിച്ച് ഏറ്റവും ആവശ്യത്തിലിരിക്കുന്നവരിൽ അവിടന്ന് നമ്മെ കാണാൻ വരുമ്പോൾ.

ഹൃദയമാകുന്ന ഭവനം നാഥനായി സശ്രദ്ധം ഒരുക്കുക 

അതിനാൽ, ഈ ആഴ്‌ചകളിൽ നമുക്ക്, ഹൃദയമാകുന്ന ഭവനം, വൃത്തിയും വെടിപ്പുമുള്ളതും ആതിഥ്യമേകുന്നതുമായിരിക്കത്തവവിധം  ശ്രദ്ധാപൂർവ്വം സവിശേഷമാംവിധം ഒരുക്കാം. വാസ്‌തവത്തിൽ, ജാഗരൂകരായിരിക്കുക എന്നതിനർത്ഥം ഹൃദയത്തെ ഒരുക്കമുള്ളതാക്കുക എന്നാണ്. രാത്രിയിൽ ക്ഷീണത്താൽ പ്രലോഭിപ്പിക്കപ്പെടാൻ അനുവദിക്കാതെ, ഉറങ്ങാതെ, പുലർവെട്ടവും കാത്ത് ഉണർന്നിരിക്കുന്ന കാവൽക്കാരൻറെ മനോഭാവമാണ്. കർത്താവാണ് നമ്മുടെ വെളിച്ചം, അവനെ പ്രാർത്ഥനയോടെ സ്വാഗതം ചെയ്യാനും ഉപവിയോടെ ആതിഥ്യമരുളാനും ഹൃദയം ഒരുക്കുന്നത് മനോഹരമാണ്, രണ്ട് തയ്യാറെടുപ്പുകൾ എന്നു പറയാം, അവ അവിടത്തെ വാസം സുഖകരമാക്കുന്നു. ഇതേക്കുറിച്ച്, പ്രാർത്ഥനയുടെ മനുഷ്യനായ, ടൂർസിലെ വിശുദ്ധ മാർട്ടിൻ, അദ്ദേഹത്തിൻറെ മേലങ്കിയുടെ പകുതി ഒരു ദരിദ്രന് നൽകിയതിനു ശേഷം, ആ സാധുവിന് അദ്ദേഹം നല്കിയ വസ്ത്ര ഭാഗം ധരിച്ച യേശുവിനെ സ്വപ്നം കണ്ടതായി പറയപ്പെടുന്നു. ആഗമനകാലത്തിനായുള്ള മനോഹരമായ ഒരു പദ്ധതി ഇതാ: സമാഗതനാകുന്ന യേശുവിനെ നമ്മൾ, നമ്മെ ആവശ്യമുള്ള എല്ലാ സഹോദരീസഹോദരന്മാരിലും കണ്ടുമുട്ടുകയും നമുക്ക് കഴിയുന്നത് അവരുമായി പങ്കിടുകയും ചെയ്യുക: അതായത്, ശ്രവണം, സമയം, സമൂർത്ത സഹായം.

ഹൃദയ ജാഗ്രതയോടെ ഒരുക്കമുള്ളവരാകുക

പ്രിയമുള്ളവരേ, സ്വാഗതം ചെയ്യുന്ന ഒരു ഹൃദയം കർത്താവിനായി എങ്ങനെ ഒരുക്കാമെന്ന് സ്വയം ചോദിക്കുന്നത് ഇന്ന് നമുക്ക് നല്ലതാണ്. അവിടന്നേകുന്ന പാപപ്പൊറുതിക്കും അവിടത്തെ വചനത്തിനും അവിടത്തെ വിരുന്നിനും അണഞ്ഞുകൊണ്ടും പ്രാർത്ഥനയ്‌ക്കുള്ള ഇടം കണ്ടെത്തിയും ആവശ്യത്തിലിരിക്കുന്നവരിൽ അവിടത്തെ സ്വാഗതം ചെയ്തുകൊണ്ടും നമുക്ക് ഇത് ചെയ്യാൻ കഴിയും. പ്രയോജനരഹിതങ്ങളായ പല കാര്യങ്ങളാൽ വ്യതിചലിക്കാതെയും നിരന്തരം ആവലാതിപ്പെടാതെയും അവനുവേണ്ടിയുള്ള കാത്തിരിപ്പ് പരിപോഷിപ്പിക്കാം, എന്നാൽ അതു ചെയ്യേണ്ടത് ഹൃദയ ജാഗ്രതയോടെയാണ്, അതായത് അവനുവേണ്ടിയുള്ള അഭിവാഞ്ഛയോടുകൂടി, അവിടന്നുമായി കണ്ടുമുട്ടാനുള്ള ആകാംക്ഷയോടെ, ഉണർവ്വോടെ, അക്ഷമയോടെയാണ്. കാത്തിരിപ്പിൻറെ മഹിളയായ കന്യകാമറിയം, ആഗതനാകുന്ന അവളുടെ പുത്രനെ സ്വീകരിക്കാൻ നമ്മെ സഹായിക്കട്ടെ.

മോൺസിഞ്ഞോർ ബ്രൈദ പ്രഭാഷണം വായിച്ചു കഴിഞ്ഞപ്പോൾ പാപ്പാ  ത്രികാലപ്രാർത്ഥന നയിക്കുകയും ആശീർവ്വാദം നല്കുകയും ചെയ്തു.

ആശീർവ്വാദാനന്തര അഭിവാദ്യങ്ങൾ

പാപ്പായുടെ ആശീർവ്വാദാനന്തര അഭിവാദ്യങ്ങളും മോൺസിഞ്ഞോർ ബ്രൈദ വായിക്കുകയായിരുന്നു.

ഇസ്രായേൽ പലസ്തീൻ സംഘർഷാന്ത്യത്തിനായുള്ള അഭ്യർത്ഥന 

ഇസ്രായേലിലും പലസ്തീനിലും സ്ഥിതി ഗുരുതരമായി തുടരുന്നത് പാപ്പാ അനുസ്മരിച്ചു. വെടിനിറുത്തൽ ഉടമ്പടിയ്ക്ക് ഭംഗം സഭവിച്ചതിനെക്കുറിച്ച് പരാമർശിച്ച പാപ്പാ ഇതിനർത്ഥം മരണവും നാശവും ദുരിതവുമാണെന്നു പറഞ്ഞു. നിരവധി ബന്ദികൾ മോചിതരായെങ്കിലും ഇനിയും അനേകർ ഗാസയിലുണ്ടെന്നും അനുസ്മരിച്ച പാപ്പാ അവരുടെ പ്രിയപ്പെട്ടവരെ വീണ്ടും ആലിംഗനം ചെയ്യാമെന്ന പ്രതീക്ഷയുടെ ഒരു വെളിച്ചം കണ്ട അവരുടെ കുടുംബങ്ങളെ ഓർക്കാൻ എല്ലാവരെയും ക്ഷണിച്ചു. ഗാസയിൽ ദുരിതങ്ങൾ ഏറെയാണെന്നും അടിസ്ഥാന ആവശ്യങ്ങളുടെ അഭാവം അവിടെ അനുഭവപ്പെടുന്നുണ്ടെന്നും അനുസ്മരിച്ച പാപ്പാ എത്രയും വേഗം ഒരു പുതിയ വെടിനിർത്തൽ കരാറിലെത്താനും ആയുധങ്ങളല്ലാതെ, സമാധാനത്തിൻറെ ധീരമായ സരണികൾ പിൻചെന്നുകൊണ്ട് മറ്റ് പരിഹാരങ്ങൾ കണ്ടെത്താനും ബന്ധപ്പെട്ടവർക്കു കഴിയുമെന്ന തൻറെ പ്രതീക്ഷ പ്രകടിപ്പിച്ചു.

ഫിലിപ്പീൻസിലെ ദേവാലയത്തിലെ ബോംബാക്രമണത്തിനിരകളായവർക്ക് പാപ്പായുടെ സാന്ത്വന സമീപ്യം 

ഫിലിപ്പീൻസിൽ ഈ ഞായറാഴ്‌ച (03/12/23) രാവിലെ വിശുദ്ധ കുർബ്ബാനയ്ക്കിടെയുണ്ടായ ബോംബ് സ്ഫോടന ദുരന്തത്തിനിരകളായവരെ പാപ്പാ അനുസ്മരിക്കുകയും തൻറെ പ്രാർത്ഥനകൾ ഉറപ്പുനല്കുകയും ചെയ്തു. ഇതിനകം തന്നെ വളരെയധികം ദുരിതമനുഭവിച്ച മിന്തനാവോയിലെ ജനങ്ങളുടെ ചാരെ താനുണ്ടെന്ന് പാപ്പാ അറിയിച്ചു.

കോപ് 28 സമ്മേളനം

ആരോഗ്യപരമായ കാരണങ്ങളാൽ തനിക്ക് നേരിട്ടു പങ്കെടുക്കാൻ കഴിയാതെ വന്ന കോപ് 28 (COP 28) സമ്മേളനത്തെക്കുറിച്ചും പാപ്പാ പരാമർശിച്ചു.  ദൂരെയണെങ്കിലും, ദുബായിലെ COP 28-ൻറെ പ്രവർത്തനങ്ങൾ താൻ സശ്രദ്ധം പിൻചെല്ലുന്നുണ്ടെന്ന് പാപ്പാ വെളിപ്പെടുത്തി. തൻറെ സാമീപ്യം അതിലുണ്ടെന്നറിയിച്ച പാപ്പാ സമൂർത്തമായ രാഷ്ട്രീയ പരിവർത്തനങ്ങൾകൊണ്ട് കാലാവസ്ഥമാറ്റത്തോട് പ്രതികരിക്കണമെന്ന തൻറെ അഭ്യർത്ഥന നവീകരിച്ചു. വൈയക്തികതയുടെയും ദേശീയതയുടെയും ഗതകാല ചട്ടക്കൂടുകളുടെയും ഇടുങ്ങിയ വഴികളിൽ നിന്ന് പുറത്തുകടന്ന്  പൊതുവായ ഒരു ദർശനം സ്വീകരിക്കാനും, നാളത്തേയ്ക്കു മാറ്റിവയ്ക്കാതെ ഇന്നു തന്നെ, അനിവാര്യമായ ആഗോള പാരിസ്ഥിതിക പരിവർത്തനത്തിനായി പരിശ്രമിക്കാനും പാപ്പാ ആഹ്വാനം ചെയ്തു.

അംഗവൈകല്യമുള്ളവർക്കായുള്ള അന്താരാഷ്ട്ര ദിനം 

ഈ ഞായറാഴ്‌ച (03/12/23) ഭിന്നശേഷിക്കാരുടെ അന്തർദേശീയ ദിനം ആചരിക്കുന്നതും പാപ്പാ അനുസ്മരിച്ചു. അംഗവൈകല്യം അനുഭവിക്കുന്നവരെ സ്വാഗതം ചെയ്യുന്നതും ഉൾക്കൊള്ളുന്നതും സമൂഹത്തെ മുഴുവൻ കൂടുതൽ മാനവികമാക്കാൻ സഹായിക്കുന്നുവെന്നു പാപ്പാ പറഞ്ഞു. കുടുംബങ്ങളിൽ, ഇടവകകളിൽ, വിദ്യാലയങ്ങളിൽ, തൊഴിലിടങ്ങളിൽ, കായികരംഗത്ത് എന്നിങ്ങനെ എല്ലായിടത്തും ഓരോ വ്യക്തിയെയും അവർക്കുള്ള ഗുണങ്ങളും കഴിവുകളും കൊണ്ട് വിലമതിക്കാനും ആരെയും ഒഴിവാക്കാതിരിക്കാനും നമുക്കു പഠിക്കാമെന്നും പാപ്പാ പറഞ്ഞു.

സമാപനാഭിവാദ്യങ്ങൾ

റോമാക്കാരും വിവിധരാജ്യക്കാരുമായ തീർത്ഥാടകരെ, പ്രത്യേകിച്ച്, അടുത്തയിടെ വാഴ്ത്തപ്പെട്ടപദത്തിലേക്കുയർത്തപ്പെട്ട രക്തസാക്ഷികളായ ഉൽമ കുടുംബത്തോടുള്ള ആദരസൂചകമായി റോമിൽ നടത്തപ്പെടുന്ന പരിപാടികളിൽ പങ്കെടുക്കുന്ന പോളണ്ടുകരെ പാപ്പാ തുടർന്ന് അഭിവാദ്യം ചെയ്തു. തദ്ദനന്തരം പാപ്പാ എല്ലാവർക്കും നല്ലൊരു ഞായറും ആഗമനകാല പ്രയാണവും ആശംസിച്ചു. തനിക്കു വേണ്ടി  പ്രാർത്ഥിക്കാൻ മറക്കരുതെന്ന പതിവ് അഭ്യർത്ഥന നവീകരിക്കുകയും എല്ലാവർക്കും നല്ല ഒരു ഉച്ചവിരുന്ന് നേരുകയും വീണ്ടും കാണാമെന്നു പറയുകയും  ചെയ്തുകൊണ്ടാണ് പാപ്പാ ത്രികാലപ്രാർത്ഥനാ പരിപാടി അവസാനിപ്പിച്ചത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

04 December 2023, 11:20

ത്രികാലപ്രാര്‍ത്ഥന - ദിവസത്തിൽ മൂന്നു പ്രാവശ്യം ജപിക്കുന്ന സഭയുടെ ഔദ്യോഗിക പ്രാർത്ഥനയാണിത്. സനാതനമായ രക്ഷാകര രഹ്യമാണ് ഇതിന്‍റെ ഉള്ളടക്കം. രാവിലെ
6 മണിക്കും, മദ്ധ്യാഹ്നം 12 മണിക്കും, വൈകുന്നേരം 6 മണിക്കും ദേവാലയമണി മുഴങ്ങുമ്പോഴാണ് ഇത് ഉരുവിടുന്നത്.  

കര്‍ത്താവിന്‍റെ മാലാഖ... എന്നു തുടങ്ങുന്ന ത്രികാലജപം സാധാരണകാലങ്ങളില്‍ ചൊല്ലുമ്പോള്‍ പെസഹാക്കാലത്ത് സ്വര്‍ല്ലോക രാജ്ഞിയേ... എന്ന പ്രാര്‍ത്ഥനയുമാണ് ചൊല്ലുന്നത്. പ്രാര്‍ത്ഥനയുടെ ഇടയ്ക്ക് ചൊല്ലുന്ന നന്മനിറഞ്ഞ മറിയമേ, എന്ന ജപം ക്രിസ്തുവിന്‍റെ രക്ഷാകര ചരിത്രത്തില്‍ മറിയത്തിനുള്ള പങ്ക് വിളിച്ചോതുന്നു. ത്രിത്വസ്തുതിയോടെയാണ് ത്രികാലപ്രാര്‍ത്ഥന അവസാനിക്കുന്നത്.


പൊതുവെ എല്ലാ ഞായറാഴ്ചകളിലും സവിശേഷദിനങ്ങളിലും മദ്ധ്യാഹ്നത്തിലാണ് “ആഞ്ചെലൂസ്…” എന്ന ശീര്‍ഷകത്തില്‍ പാപ്പായുടെ സാന്നിദ്ധ്യത്തില്‍ ത്രികാലപ്രാ‍ര്‍ത്ഥന നടത്തപ്പെടുന്നത്. ഞായറാഴ്ചകളില്‍ മദ്ധ്യാഹ്നം കൃത്യം 12 മണിക്ക് വത്തിക്കാനിലെ അപ്പസ്തോലിക അരമനയുടെ മൂന്നാംനിലയുടെ രണ്ടാം ജാലകത്തില്‍ പ്രത്യക്ഷപ്പെട്ട്, താഴെ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ സമ്മേളിച്ചിരിക്കുന്ന തീര്‍ത്ഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കുമൊപ്പം പാപ്പാ ത്രികാലപ്രാര്‍ത്ഥന ചൊല്ലുന്ന പതിവിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്.

ഏറ്റവും ഒടുവിലത്തെ ത്രികാലപ്രാര്‍ത്ഥന

വായിച്ചു മനസ്സിലാക്കാന്‍ >