നിണസാക്ഷികളുടെ ത്യാഗം ഫലം പുറപ്പെടുവിക്കുന്നു, പാപ്പാ.
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
യേശുവിന് സാക്ഷ്യമേകുന്നതിനു വേണ്ടി യാതനകൾ അനുഭവിക്കുകയും രക്തസാക്ഷിത്വം വഹിക്കുകയും ചെയ്യേണ്ടിവരുന്നവർ ഇന്നും നിരവധിയാണെന്ന് മാർപ്പാപ്പാ.
ക്രിസ്തുവിനെ പ്രതി രക്തസാക്ഷിത്വം വരിച്ചവരിൽ പ്രഥമനായ, കല്ലെറിഞ്ഞു കൊല്ലപ്പെട്ട, വിശുദ്ധ സ്റ്റീഫൻറെ തിരുന്നാൾ ദിനത്തിൽ, ചൊവ്വാഴ്ച (26/12/23) വത്തിക്കാനിൽ നയിച്ച മദ്ധ്യാഹ്നപ്രാർത്ഥനയ്ക്കു മുമ്പു നടത്തിയ വിചിന്തനത്തിലാണ് ഫ്രാൻസീസ് പാപ്പാ ഇത് അനുസ്മരിച്ചത്.
വിശുദ്ധ സ്റ്റീഫൻറെ സേവനവും പ്രാർത്ഥനയും അവൻ പ്രഖ്യാപിച്ച വിശ്വാസവും മരണസമയത്തേകിയ മാപ്പും ഒന്നും വിഫലമായില്ലെന്നും അവയൊക്കെ പാഴായിപ്പോയി എന്ന പ്രതീതിയുളവാക്കിയെങ്കിലും യഥാർത്ഥത്തിൽ അവൻറെ ത്യാഗം ഒരു വിത്തു വിക്ഷേപിക്കുകയും അത് കല്ലുകളുടെ എതിർദിശയിലേക്കു പായുകയും അവൻറെ ഏറ്റവും വലിയ എതിരാളിയുടെ നെഞ്ചിൽ രഹസ്യമായെന്നോണം, പതിയുകയും ശത്രുവിൻറെ ശിലാഹൃദയത്തെ മാംസളഹൃദയമാക്കി മാറ്റുകയും ചെയ്തുവെന്നും പാപ്പാ പറഞ്ഞു.
രണ്ടായിരം വർഷങ്ങൾക്ക് ശേഷം, നമ്മുടെ ഈ കാലഘട്ടത്തിലും, നിർഭാഗ്യവശാൽ അനേകർ ക്രിസ്തുവിനെ പ്രതി പീഡിപ്പിക്കപ്പെടുകയും വധിക്കപ്പെടുകയും ചെയ്യുന്നതിനെക്കുറിച്ച് പരാമർശിച്ച പാപ്പാ ഈ നിണസാക്ഷികളും ഒരു പരാജയമാണെന്ന പ്രതീതിയുളവാക്കിയേക്കാമെങ്കിലും, എന്നാൽ അത് അങ്ങനെയല്ലെന്നും, അവരുടെ ത്യാഗങ്ങളുടെ വിത്തും ഫലം പുറപ്പെടുവിക്കുന്നുവെന്നം വിശദീകരിച്ചു. കാരണം ദൈവം അവരിലൂടെ അത്ഭുതങ്ങൾ പ്രവർത്തിക്കുന്നതും ഹൃദയങ്ങളെ പരിവർത്തനം ചെയ്യുന്നതും മനുഷ്യരെ രക്ഷിക്കുന്നതും തുടരുന്നുവെന്നും പാപ്പാ പറഞ്ഞു.
വിശ്വാസത്തെ പ്രതി യാതനകളനുഭവിക്കുകയും മരണം വരിക്കുകയും ചെയ്യുന്നവർക്കായി പ്രാർത്ഥിക്കുന്നുണ്ടോയെന്നും സുവിശേഷത്തിന് അതിനനുസൃതമായ ജീവിത്താലും സൗമ്യതയാലും വിശ്വാസത്താലും സാക്ഷ്യമേകാൻ ശ്രമിക്കുന്നുണ്ടോയെന്നും ഉടൻ ഫലം ലഭിച്ചില്ലെങ്കിലും നന്മയുടെ വിത്ത് ഫലം പുറപ്പെടുവിക്കുമെന്ന് വിശ്വസിക്കുന്നുണ്ടൊയെന്നും ആത്മശോധന ചെയ്യാൻ പാപ്പാ എല്ലാവരെയും ക്ഷണിച്ചു.
വിവേചനത്തിനിരകളാകുന്ന ക്രൈസ്തവരുടെ ചാരെ താനുണ്ടെന്ന് പാപ്പാ ത്രികാലപ്രാർത്ഥനാശീർവ്വാദാനന്തരം വിശ്വാസികളെ സംബോധന ചെയ്യവെ ഉറപ്പു നല്കി. നീതിക്കും മതസ്വാതന്ത്ര്യത്തിനും വേണ്ടി സമാധാനപരമായി പോരാടിക്കൊണ്ട് എല്ലാവരോടുമുള്ള കാരുണ്യത്തിൽ ഉറച്ചുനിൽക്കാൻ പാപ്പാ അവർക്ക് പ്രചോദനം പകരുകയും ചെയ്തു.
യുദ്ധം പിച്ചിച്ചീന്തിയിരിക്കുന്ന ജനങ്ങൾക്ക് സമാധാനം ലഭിക്കുന്നതിനായി പ്രാർത്ഥിക്കാനും പാപ്പാ എല്ലാവരെയും ക്ഷണിച്ചു. യുദ്ധം എന്താണ് സൃഷ്ടിക്കുന്നതെന്ന് മാദ്ധ്യമങ്ങളിലൂടെ നാം കണ്ടറിയുന്നതിനെക്കുറിച്ചു പരാമാർശിച്ചുകൊണ്ട് പാപ്പാ സിറിയയിലെയും ഗാസയിലെയും ഉക്രൈയിനിലെയും അവസ്ഥയെക്കുറിച്ചു സൂചിപ്പിച്ചു. മരണത്തിൻറെതായ ഒരു മരുഭൂമിയാണോ നാം ആഗ്രഹിക്കുന്നത് എന്ന ചോദ്യം ഉന്നയിച്ച പാപ്പാ ജനങ്ങൾക്കു വേണ്ടത് സമാധാനമാണെന്നും അതിനായി നാം പ്രാർത്ഥിക്കണമെന്നും സമാധാനത്തിനായി പോരാടണമെന്നും പറഞ്ഞു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: