മൃദുല സ്നേഹത്തോടെ പ്രവർത്തിക്കുകയെന്നത് ദൈവത്തിൻറെ ശൈലി, പാപ്പാ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ആശ്ലേഷിക്കുകയും ഫലപുഷ്ടമാക്കുകയും കാത്തുപരിപാലിക്കുകയും ചെയ്യുന്ന സൗമ്യ സ്നേഹത്തോടുകൂടി പ്രവർത്തിക്കുകയാണ് ദൈവത്തിൻറെ ശൈലിയെന്ന് മാർപ്പാപ്പാ.
ഇരുപത്തിനാലാം തീയിതി ഞായറാഴച (24/12/23) മദ്ധ്യാഹ്നത്തിൽ വത്തിക്കാനിൽ നയിച്ച പൊതുവായ മദ്ധ്യാഹ്നപ്രാർത്ഥനയ്ക്ക് ഒരുക്കമായി നടത്തിയ വിചിന്തനത്തിലാണ് ഫ്രാൻസീസ് പാപ്പാ ഇതു പറഞ്ഞത്.
ദൈവദൂതൻ നസ്രത്തിലെ കന്യകയായ മറിയത്തിന് പ്രത്യക്ഷപ്പെടുന്നതും പരിശുദ്ധാത്മാവിൻറെ പ്രവർത്തനത്താൽ അവൾ ദൈവപുത്രനെ ഗർഭംധരിക്കും എന്നു അറിയിക്കുന്നതുമായ മംഗളവാർത്താ സംഭവം അവതരിപ്പിക്കുന്ന സുവിശേഷഭാഗം, ലൂക്കായുടെ സുവിശേഷം ഒന്നാം അദ്ധ്യായം 26-38 വരെയുള്ള വാക്യങ്ങളായിരുന്നു പാപ്പായുടെ വിചിന്തനത്തിന് ആധാരം.
ബലാല്ക്കാരരഹിതമായും സ്വതന്ത്ര്യത്തെ മുറിപ്പെടുത്താതെയും പ്രവർത്തിക്കുക എന്നത് ദൈവത്തിൻറെ ശൈലിയാണെന്ന് പാപ്പാ വിശദീകരിച്ചു.അപരനെ സ്വാഗതം ചെയ്യുകയും സംരക്ഷിക്കുകയും ആദരിക്കുകയും ചെയ്തുകൊണ്ട് സ്നേഹിക്കുന്ന ദൈവം അപ്രകാരം വർത്തിക്കാൻ നമ്മോടും ആവശ്യപ്പെടുന്നുവെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. തിരുപ്പിറവിത്തിരുന്നാളിൻറെ ആനന്ദത്തിൽ നിന്നു അകലെയായിരിക്കുന്നവരെ, പാർശ്വവത്കൃതരെ നാം ഓർക്കണമെന്നും പാപ്പാ പറഞ്ഞു.
ക്രൈസ്തവരെന്ന നിലയിൽ നാം തിരുപ്പിറവിത്തിരുന്നാൾ ആഘോഷിക്കേണ്ടത് എന്നും ലാളിത്യത്തോടുകൂടിയും ദുർവ്യയമില്ലാതെയും ഇല്ലായ്മയിൽ കഴിയുന്നവരുമായി പങ്കുവച്ചും ഏകാന്തർക്കു തുണയേകിയുമായിരിക്കണമെന്ന് മാർപ്പാപ്പാ മദ്ധ്യാഹ്നപ്രാർത്ഥനാ വേളയിൽ ആശീർവ്വാദാനന്തരം വിശ്വാസികളെ അഭിവാദ്യം ചെയ്യവെ പാപ്പാ ഓർമ്മിപ്പിച്ചു.
യുദ്ധം മൂലം യാതനകളനുഭവിക്കുന്നവരെ, വിശിഷ്യ, പലസ്തീൻ, ഇസ്രായേൽ, ഉക്രൈയിൻ എന്നിവിടങ്ങളിലെ ജനങ്ങളെയും ദുരിതമനുഭവിക്കുകയും പട്ടിണിയിലും അടിമത്തത്തിലും കഴിയുകയും ചെയ്യുന്നവരെയും ഓർക്കാൻ പാപ്പാ എല്ലാവരെയും പ്രത്യേകം ക്ഷണിച്ചു. മാനവ ഹൃദയം സ്വീകരിച്ച ദൈവം മനുഷ്യരുടെ ഹൃദയങ്ങളിൽ മനുഷ്യത്വം സന്നിവേശിപ്പിക്കുന്നുവെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: