വിശ്വാസം നിഷ്ക്രിയത്വത്തിന് ന്യായീകരണമല്ല, പാപ്പാ!

ഫ്രാൻസീസ് പാപ്പായുടെ പ്രതിവാര പൊതുദർശന പ്രഭാഷണം: സുവിശേഷ പ്രഘോഷണം പരിശുദ്ധാത്മാവിൽ എന്ന ആശയം വിശകലനം ചെയ്ത പാപ്പായുടെ ഈ പരിചിന്തനം, പാപ്പായ്ക്ക് ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ ഉള്ളതിനാൽ മോൺസിഞ്ഞോർ ഫിലീപ്പൊ ചമ്പനേല്ലി വായിക്കുകയായിരുന്നു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ശ്വാസകോശരോഗസംബന്ധിയായ ചികിത്സയിലായിരിക്കുന്ന ഫ്രാൻസീസ് പാപ്പാ പൂർണ്ണ ആരോഗ്യവാനല്ലെങ്കിലും പ്രതിവാര പൊതുദർശന പരിപാടിക്ക് മുടക്കം വരുത്തിയില്ല. കഴിഞ്ഞ വാരത്തിലെന്നപോലെ തന്നെ ഈ ബുധനാഴ്ചയും (06/12/23) വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയ്ക്കടുത്തുള്ള പോൾ ആറാമൻ ശാലയിൽ വച്ചാണ് പാപ്പാ പൊതുകൂടിക്കാഴ്ച അനുവദിച്ചത്. സാവധാനം നടന്ന് ശാലയിൽ എത്തിയ പാപ്പായെ അവിടെ സന്നിഹിതരായിരുന്ന തീർത്ഥാടകരും സന്ദർശകരും എഴുന്നേറ്റു നിന്ന് കരഘോഷത്തോടെ  വരവേറ്റു. റോമിലെ സമയം രാവിലെ 9.00 മണിക്ക്, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 1.30-ന്, ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശനപരിപാടിക്ക് പാപ്പാ തുടക്കം കുറിച്ചു. തുടർന്ന് വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗ പാരായണമായിരുന്നു.

"ഒരുമിച്ചുകൂടിയിരുന്നവർ അവനോടു ചോദിച്ചു: കർത്താവേ, അവിടന്നു് ഇസ്രായേലിനു രാജ്യം പുനഃസ്ഥാപിച്ചു നല്കുന്നത് ഇപ്പോഴാണോ? അവൻ പറഞ്ഞു: പിതാവ് സ്വന്തം അധികാരത്താൽ നിശ്ചയിച്ചിട്ടുള്ള സമയമോ കാലമോ നിങ്ങൾ അറിയേണ്ട കാര്യമല്ല. എന്നാൽ പരിശുദ്ധാത്മാവു നിങ്ങളുടെമേൽ വന്നുകഴിയുമ്പോൾ നിങ്ങൾ ശക്തിപ്രാപിക്കും. ജറുസലേമിലും യൂദയാ മുഴുവനിലും സമറിയായിലും ഭൂമിയുടെ അതിർത്തികൾ വരെയും  നിങ്ങൾ എനിക്കു സാക്ഷികളായിരിക്കുകയും ചെയ്യും .” അപ്പൊസ്തോലപ്രവർത്തനങ്ങൾ 1,6-8

ഈ വായനയ്ക്കു ശേഷം പാപ്പായുടെ പ്രഭാഷണവും പ്രഭാഷണാനന്തര അഭിവാദ്യങ്ങളും  പാപ്പായ്ക്ക് ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ ഉള്ളതിനാൽ വത്തിക്കാൻ സംസ്ഥാന കാര്യാലയത്തിലെ ഒരു ഉദ്യോഗസ്ഥനായ മോൺസിഞ്ഞോർ ഫിലീപ്പൊ ചമ്പനേല്ലി (Filippo Ciampanelli) വായിക്കുകയായിരുന്നു. 

താൻ പ്രതിവാരപൊതുകൂടിക്കാഴ്ചാവേളയിൽ നടത്തിപ്പോരുന്ന, സുവിശേഷവത്ക്കരണ തീക്ഷ്ണതയെ  അധികരിച്ചുള്ള പ്രബോധനപരമ്പര തുടർന്ന പാപ്പാ, അപ്പൊസ്തോലിക പ്രബോധനമായ “എവഞ്ചേലി ഗൗദിയും” ആധാരമാക്കി സുവിശേഷപ്രഘോഷണത്തിൻറെ നാലു മാനങ്ങളെക്കുറിച്ച് ആരംഭിച്ചിരിക്കുന്ന പ്രബോധനത്തിൻറെ തുടർച്ചയായി ഇത്തവണ പരിചിന്തന വിഷയമാക്കിയത്, “സുവിശേഷ പ്രഘോഷണം പരിശുദ്ധാത്മാവിൽ” എന്ന ആശയമാണ്. സുവിശേഷ പ്രഘോഷണം ആനന്ദമാണ്, ഈ പ്രഘോഷണം എല്ലാവർക്കും വേണ്ടിയുള്ളതാണ്, അത് ഇന്നിനുവണ്ടിയുള്ളതാണ് എന്നീ മൂന്നു മാനങ്ങൾ പാപ്പാ കഴിഞ്ഞ മൂന്നാഴ്ചകളിലായി വിശകലനം ചെയ്തിരുന്നു. തൻറെ പ്രഭാഷണം മോൺസിഞ്ഞോർ ഫിലീപ്പൊ ചമ്പനേല്ലി വായിക്കുന്നതിനു മുമ്പ് പാപ്പാ, ആമുഖമായി ഇപ്രകാരം പറഞ്ഞു:

പ്രിയ സഹോദരീ സഹോദരന്മാരേ, ശുഭദിനം, എല്ലാവർക്കും സ്വാഗതം!

ഇന്നും ഞാൻ പ്രഭാഷണ പാരായണത്തിന് മോൺസിഞ്ഞോർ ചമ്പനേല്ലിയുടെ സഹായം തേടിയിരിക്കുകയാണ്. കാരണം എനിക്കിപ്പോഴും ബുദ്ധിമുട്ടനുഭവപ്പെടുന്നുണ്ട്. എൻറെ അവസ്ഥ  വളരെ മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും കൂടുതൽ സംസാരിച്ചാൽ ഞാൻ ക്ഷീണിതനാകും. ഇക്കാരണത്താൽ, അദ്ദേഹമായിരിക്കും കാര്യങ്ങൾ അവതരിപ്പിക്കുക.

പാപ്പായുടെ ഈ വാക്കുകളെ തുടർന്ന് മോൺസിഞ്ഞോർ ചമ്പനേല്ലി ഇറ്റാലിയന്‍ ഭാഷയില്‍ ആയിരുന്ന മുഖ്യ പ്രഭാഷണം വായിച്ചു.

സുവിശേഷ പ്രഘോഷണത്തിൽ നായകൻ പരിശുദ്ധാരൂപി

പ്രിയ സഹോദരീ സഹോദരന്മാരേ,

സുവിശേഷ പ്രഘോഷണം സന്തോഷമാണെന്നും അത് എല്ലാവർക്കുംവേണ്ടിയുള്ളതാണെന്നും ഇന്നിനെ സംബോധന ചെയ്യേണ്ടതാണെന്നും കഴിഞ്ഞ പ്രബോധനങ്ങളിൽ നാം കാണുകയുണ്ടായി. ഇനി നമുക്ക് അതിൻറെ അവസാനത്തെതായ  കാതലായ സ്വഭാവം വിശകലനം ചെയ്യാം: പ്രഘോഷണം നടക്കേണ്ടത് പരിശുദ്ധാത്മാവിലായിരിക്കണം. സത്യത്തിൽ, ദൈവത്തെ “സംവേദനം ചെയ്യുന്നതിന്”  സാക്ഷ്യത്തിൻറെ സന്തോഷകരമായ വിശ്വാസ്യതയും പ്രഘോഷണത്തിൻറെ സാർവ്വത്രികതയും സന്ദേശത്തിൻറെ ആനുകാലികതയും പോരാ. പരിശുദ്ധാത്മാവിൻറെ അഭാവത്തിൽ എല്ലാ തീക്ഷ്ണതയും വ്യർത്ഥവും വ്യാജമായ അപ്പസ്തോലികതയുമാണ്: അത് നമ്മുടേത് മാത്രമായിരിക്കും,  അത് ഫലം പുറപ്പെടുവിക്കില്ല.

സുവിശേഷവത്ക്കരണത്തിൽ പ്രാഥമ്യം ദൈവത്തിന്

"യേശുവാണ് ആദ്യത്തെയും ഏറ്റവും ഉന്നതനും ആയ സുവിശേഷവത്ക്കരണകർത്താവ്"; "ഏതു രൂപത്തിലുള്ള സുവിശേഷവൽക്കരണത്തിലും പ്രഥമസ്ഥാനം എപ്പോഴും ദൈവത്തിനാണ്", "താനുമായി സഹകരിക്കാൻ നമ്മെ വിളിക്കുന്നതിനും തൻറെ ആത്മാവിൻറെ ശക്തിയാൽ നമ്മെ ഉത്തേജിപ്പിക്കുന്നതിനും അവിടന്ന് അഭിലഷിച്ചു"(n. 12) എന്ന് എവഞ്ചേലി ഗൗദിയുമിൽ (Evangelii Gaudium) ഞാൻ അനുസ്മരിക്കുകയുണ്ടായി. ഇതാണ് പരിശുദ്ധാത്മാവിൻറെ പ്രാഥമ്യം! ആകയാൽ, ദൈവരാജ്യത്തിൻറെ ചലനാത്മകതയെ കർത്താവ് ഉപമിക്കുന്നത് "മണ്ണിൽ വിത്തു വിതയ്ക്കുന്ന ഒരു മനുഷ്യനോടാണ്; അവൻ ഉറങ്ങിയാലും ഉണർന്നിരുന്നാലും, രാത്രിയായാലും പകലായലും, അവൻ അറിയാതെതന്നെ വിത്ത് പൊട്ടിമുളച്ച് വളരുന്നു; " (മർക്കോസ് 4,26-27). പരിശുദ്ധാത്മാവാണ് നായകൻ, അവൻ എപ്പോഴും പ്രേഷിതർക്ക് മുന്നേ പോകുന്നു, ഫലം പുറപ്പെടുവിക്കുന്നു. ഈ അവബോധം നമുക്ക് വളരെയധികം സാന്ത്വനമേകുന്നു! അതുപോലെ തന്നെ അത്രയുംതന്നെ നിർണ്ണായകമായ മറ്റൊന്ന് വ്യക്തമാക്കാൻ ഇത് നമ്മെ സഹായിക്കുന്നു: അതായത്, സഭ അവളുടെ അപ്പൊസ്തോലിക തീക്ഷ്ണതയിൽ അവളെത്തന്നെയല്ല, പ്രത്യുത, ഒരു കൃപയാണ്, ഒരു ദാനമാണ് വിളംബരം ചെയ്യുന്നത്. വാസ്തവത്തിൽ, യേശു സമറിയക്കാരി സ്ത്രീയോട് പറഞ്ഞതുപോലെ. (യോഹന്നാൻ 4:10 കാണുക) പരിശുദ്ധാത്മാവ് ദൈവത്തിൻറെ ദാനമാണ്.

പരിശുദ്ധാരൂപിയുടെ പ്രവർത്തനനിരതത്വം നമ്മെ ആലസ്യത്തിലേക്കു നയിക്കരുത്

എന്നിരുന്നാലും, പരിശുദ്ധാത്മാവിൻറെ പ്രാഥമ്യം നമ്മെ ആലസ്യത്തിലേക്ക് നയിക്കരുത്. വിശ്വാസം നിഷ്ക്രിയത്വത്തിന് ന്യായീകരണമല്ല. സ്വയം വളരുന്ന വിത്തിൻറെ ചൈതന്യം വയലിനോട് അവഗണന കാണിക്കാൻ കർഷകരെ അനുവദിക്കുന്നില്ല. സ്വർഗ്ഗാരോഹണത്തിനു മുമ്പ്, അവസാന ശുപാർശകൾ നൽകവെ  യേശു പറഞ്ഞു: "പരിശുദ്ധാരൂപി നിങ്ങളുടെ മേൽ വന്നുകഴിയുമ്പോൾ നിങ്ങൾ ശക്തി പ്രാപിക്കും, ഭൂമിയുടെ അതിർത്തികൾ വരെയും നിങ്ങൾ എനിക്ക് സാക്ഷികളായരിക്കും" (അപ്പൊസ്തോലപ്രവർത്തനങ്ങൾ 1.8). കർത്താവ് നമുക്ക് ദൈവശാസ്ത്രപരമായ ഉപാധികളോ നടപ്പിലാക്കാനുള്ള അജപാലന സഹായിയോ നല്കിയിട്ടില്ല, മറിച്ച് ദൗത്യത്തിന് പ്രചോദനം നൽകുന്ന പരിശുദ്ധാത്മാവിനൊയാണ് നല്കിയിരിക്കുന്നത്. ആത്മാവ് പകർന്നുനൽകുന്ന ധീരമായ സംരഭകത്വം അവിടത്തെ ശൈലി അനുകരിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നു, അതിന് എല്ലായ്പ്പോഴും രണ്ട് സ്വഭാവങ്ങളുണ്ട്: സർഗ്ഗാത്മകതയും ലാളിത്യവും.

സർഗ്ഗാത്മകത

ഇന്ന് സകലരോടും യേശുവിനെ സന്തോഷത്തോടെ പ്രഖ്യാപിക്കുന്നതിനുള്ളതാണ് ഈ സർഗ്ഗാത്മകത. ജീവിതത്തെക്കുറിച്ച് മതപരമായ ഒരു വീക്ഷണം പുലർത്താൻ നമ്മെ സഹായിക്കാത്തതും വിവിധയിടങ്ങളിൽ സുവിശേഷപ്രഘോഷണം കൂടുതൽ പ്രയാസകരവും കഠിനപ്രയത്നം ആവശ്യമുള്ളതും പ്രത്യക്ഷത്തിൽ ഫലശൂന്യവും ആയിത്തീർന്നിരിക്കുന്നതുമായ നമ്മുടെ കാലഘട്ടത്തിൽ, അജപാലന സേവനത്തിൽ നിന്ന് പിൻവലിയാനുള്ള പ്രലോഭനം ഉയർന്നുവന്നേക്കാം. നമ്മൾ എല്ലായ്പ്പോഴും ചെയ്യുന്ന കാര്യങ്ങളുടെ പതിവാവർത്തനങ്ങൾ, അല്ലെങ്കിൽ സ്വകാര്യ ആത്മീയതയുടെ പ്രലോഭിപ്പിക്കുന്ന വിളികൾ, അല്ലെങ്കിൽ ആരാധനക്രമത്തിൻറെ കേന്ദ്രസ്ഥാനത്തെക്കുറിച്ചുള്ള തെറ്റായ ധാരണ എന്നിവ പോലുള്ള സുരക്ഷാ മേഖലകളിൽ നാം അഭയം പ്രാപിച്ചേക്കാം. അവ പാരമ്പര്യത്തോടുള്ള വിശ്വസ്തതയുടെ മുഖമൂടിയണിഞ്ഞ പ്രലോഭനങ്ങളാണ്, എന്നാൽ പലപ്പോഴും, ആത്മാവിനോടുള്ള പ്രതികരണത്തെക്കാൾ അവ വ്യക്തിപരമായ അതൃപ്തിയുടെ പ്രതികരണങ്ങളാണ്. നേരെമറിച്ച്, ആത്മാവിൽ ധീരവും പ്രേഷിതാഗ്നി ജ്വലിക്കുന്നതുമായ അജപാലന സർഗ്ഗാത്മകത അവിടത്തോടുള്ള വിശ്വസ്തതയുടെ തെളിവാണ്.  അതുകൊണ്ടാണ് ഞാൻ എഴുതിയത്: "യേശുക്രിസ്തുവിനെ തളച്ചിടാൻ നമുക്ക് കഴിയുമെന്ന് നാം കരുതുന്ന വിരസമായ പദ്ധതികൾ തകർക്കാനും അവിടത്തേക്കു സാധിക്കും, തൻറെ സ്ഥായിയായ ദൈവിക സർഗ്ഗവൈവഭവത്താൽ അവിടന്നു നമ്മെ അത്ഭുതപ്പെടുത്തുന്നു. ഓരോ തവണയും നാം പ്രഭവസ്ഥാനത്തേക്കു മടങ്ങാനും സുവിശേഷത്തിൻറെ യഥാർത്ഥ പുതുമ വീണ്ടെടുക്കാനും പരിശ്രമിക്കുമ്പോൾ, ഇന്നത്തെ ലോകത്തിനു വേണ്ട നൂതനാർത്ഥസാന്ദ്രമായ വചനങ്ങളും കൂടുതൽ വാചാലമായ അടയാളങ്ങളും വിഭിന്നമായ പ്രയോഗശൈലികളും നൂതന സരണികളും ആവിർഭവിക്കുന്നു" (എവഞ്ചേലി ഗൗദിയും, 11).

ലാളിത്യം

അതാണ് സർഗ്ഗാത്മകത; തുടർന്ന് ലാളിത്യം,  എന്തെന്നാൽ ആത്മാവ് നമ്മെ ഉറവിടത്തിലേക്ക്, "ആദ്യ പ്രഘോഷണത്തിലേക്ക്" കൊണ്ടുപോകുന്നു. വാസ്തവത്തിൽ, "ആത്മാവിൻറെ അഗ്നിയാണ് [...] യേശുക്രിസ്തുവിൽ വിശ്വസിക്കാൻ നമ്മെ പ്രാപ്തരാക്കുന്നത്, ക്രിസ്തു, സ്വന്തം മരണവും പുനരുത്ഥാനവും വഴി പിതാവിൻറെ അനന്തമായ കരുണ വെളിപ്പെടുത്തുകയും അതു നമ്മിലേക്കു ചൊരിയുകയും ചെയ്യുന്നു" (ibid., 164). "സുവിശേഷവൽക്കരണ പ്രവർത്തനത്തിൻറെയും സഭാ നവീകരണത്തിനുള്ള എല്ലാ ശ്രമങ്ങളുടെയും കേന്ദ്രസ്ഥാനത്തു വരേണ്ടത്" ഈ പ്രഥമ വിളംബരമാണ്; ഇത് ആവർത്തിക്കുക: "യേശുക്രിസ്തു നിന്നെ സ്നേഹിക്കുന്നു, നിന്നെ രക്ഷിക്കാൻ അവൻ സന്ത്വം ജീവൻ നൽകി, ഇപ്പോൾ അവൻ നിന്നെ പ്രബുദ്ധനാക്കാനും ശക്തിപ്പെടുത്താനും മോചിപ്പിക്കാനുമായി എല്ലാ ദിവസവും നിൻറെ അരികിൽ വസിക്കുന്നു" (ibid).

റൂഹായെ വിളിച്ചപേക്ഷിക്കുക

സഹോദരീസഹോദരന്മാരേ, നമുക്ക് ആത്മാവിനാൽ ആകൃഷ്ടരാകാൻ നമ്മെത്തന്നെ അനുവദിക്കുകയും എല്ലാ ദിവസവും അവനെ വിളിച്ചപേക്ഷിക്കുകയും ചെയ്യാം: നമ്മുടെ അസ്തിത്വത്തിൻറെയും പ്രവർത്തനത്തിൻറെയും തത്ത്വം അവനായിരിക്കട്ടെ; എല്ലാ പ്രവർത്തനങ്ങളുടെയും, സമാഗമങ്ങളുടെയും, ഒത്തുചേരലുകളുടെയും, വിളംബരങ്ങളുടെയും ആരംഭത്തിൽ അവനായിരിക്കട്ടെ. അവിടന്നാണ് സഭയ്ക്ക് ജീവനേകുന്നതും യുവത്വം പ്രദാനം ചെയ്യുന്നതും: അവിടന്നു കൂടെയുള്ളപ്പോൾ നാം ഭയപ്പെടേണ്ടതില്ല, കാരണം ഏകതാനതയായ അവിടന്ന് എപ്പോഴും സർഗ്ഗാത്മകതയും ലാളിത്യവും ഒരുമിച്ച് നിലനിറുത്തുകയും, കൂട്ടായ്മ ഉളവാക്കുകയും ദൗത്യത്തിനായി അയക്കുകയും വൈവിധ്യത്തിലേക്ക് തുറക്കുകയും ഐക്യത്തിലേക്ക് പുനരാനയിക്കുകയും ചെയ്യുന്നു. അവിടന്നാണ് നമ്മുടെ ശക്തിയും നമ്മുടെ പ്രഘോഷണത്തിൻറെ ശ്വാസവും അപ്പൊസ്തോലിക തീക്ഷ്ണതയുടെ ഉറവിടവും. പരിശുദ്ധാത്മാവേ, വരൂ!

പാപ്പായുടെ, ഇറ്റാലിയന്‍ ഭാഷയിലായിരുന്ന പ്രഭാഷണം പാരായണം ചെയ്യപ്പെട്ടതിനെതുടർന്ന് അതിൻറെ  സംഗ്രഹം ആംഗലവും അറബിയുമുള്‍പ്പെടെ വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെട്ടു.

സമാപനാഭിവാദ്യങ്ങൾ

മെക്സിക്കോയിൽ നിന്നുള്ള “ടെലെത്തോൺ ഫൗണ്ടേഷൻ” അംഗങ്ങളെ അഭിവാദ്യം ചെയ്ത പാപ്പാ വലിച്ചെറിയൽ സംസ്കാരത്തിനെതിരെ പോരാടാനും മനുഷ്യവ്യക്തിയുടെ ഔന്നത്യം സംരക്ഷിക്കുന്നതിനായി പരിശ്രമിക്കാനും പ്രചോദനം പകർന്നു. പൊതുദർശനപരിപാടിയുടെ അവസാനഭാഗത്ത്, പാപ്പാ,  പ്രായാധിക്യത്തിലെത്തിയവർ, രോഗികൾ, യുവജനങ്ങൾ, നവദമ്പതികൾ എന്നിവരെ, പതിവുപോലെ, അഭിവാദ്യം ചെയ്തു. ഈ അഭിവാദ്യവും വായിച്ചത് മോൺസിഞ്ഞോർ ചമ്പനേല്ലിയാണ്.   നന്മയ്ക്കും സുവിശേഷാത്മക സ്നേഹത്തിനും എവിടെയും സാക്ഷമേകുന്നതിന് പരിശുദ്ധ കന്യകാമറിയത്തിൽ നിന്നു പഠിക്കാൻ അവരെ ക്ഷണിച്ചു.

യൂദ്ധവേദികളിൽ സമാധാനം സംജാതമാകുന്നതിനായി പ്രാർത്ഥിക്കുക

യുദ്ധവേദികളിൽ, വിശിഷ്യ, ഉക്രൈയിനിലും ഇസ്രായേലിലും പലസ്തീനിലും യാതനകളനുഭവിക്കുന്നവർക്കു വേണ്ടി പ്രാർത്ഥിക്കാൻ നേരിട്ടഭ്യർത്ഥിച്ച പാപ്പാ യുദ്ധം എന്നും ഒരു തോൽവിയാണെന്നും യുദ്ധം കൊണ്ട് നേട്ടം കൊയ്യുന്നത് ആയുധനിർമ്മതാക്കൾ മാത്രമാണെന്നുമുള്ള തൻറെ ബോധ്യം ആവർത്തിച്ചു.  തുടർന്ന് ലത്തീൻഭാഷയിൽ സ്വർഗ്ഗസ്ഥനായ പിതാവേ എന്ന കർത്തൃപ്രാർത്ഥന ആലപിക്കപ്പെട്ടതിനു ശേഷം, പാപ്പാ,  എല്ലാവർക്കും തൻറെ അപ്പൊസ്തോലികാശീർവ്വാദം നല്കി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

06 December 2023, 12:21

ഏറ്റവും അടുത്ത പൊതുകൂടിക്കാഴ്ച

വായിച്ചു മനസ്സിലാക്കാന്‍ >