തിരയുക

മറിയം, ദൈവാത്മാവിനാൽ രചിതമായ കത്ത്, പാപ്പാ!

ഫ്രാൻസീസ് പാപ്പായുടെ പൊതുദർശന പ്രഭാഷണം: പരിശുദ്ധാരൂപിയും പരിശുദ്ധ കന്യകാ മറിയവും.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

പതിവുപോലെ ഈ ബുധനാഴ്ചയും (13/11/24) ഫ്രാൻസീസ് പാപ്പാ വത്തിക്കാനിൽ പ്രതിവാര പൊതുകൂടിക്കാഴ്ച അനുവദിച്ചു. വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ അങ്കണമായിരുന്നു പൊതുദർശന വേദി. ശൈത്യം ക്രമേണ ശക്തിപ്രാപിച്ചുവരുന്ന ദിനങ്ങളാണെങ്കിലും കൂടിക്കാഴ്ചാ പരിപാടിയിൽ പങ്കുകൊള്ളുന്നതിന് മലയാളികളുൾപ്പടെ വിവിധരാജ്യക്കാരായിരുന്ന തീർത്ഥാടകരും സന്ദർശകരുമായി ആയിരങ്ങൾ വത്തിക്കാനിൽ എത്തിയിരുന്നു.  എല്ലാവർക്കും തന്നെ കാണത്തക്കരീതിയിൽ സജ്ജീകരിച്ചിരിക്കുന്ന വെളുത്ത തുറന്ന വാഹനത്തിൽ ബസിലിക്കാങ്കണത്തിൽ എത്തിയ പാപ്പായെ ജനസഞ്ചയം കരഘോഷത്തോടെയും ആനന്ദാരവങ്ങളോടെയും വരവേറ്റു. തന്നോടൊപ്പം, ഏതാനും കുട്ടികളെ വാഹനത്തിൽ കയറ്റി ജനത്തെ അഭിവാദ്യം ചെയ്തുകൊണ്ട് അവർക്കിടയിലൂടെ നീങ്ങിയ പാപ്പാ, അംഗരക്ഷകർ തൻറെ പക്കലേക്ക് ഇടയ്ക്കിടെ എടുത്തുകൊണ്ടുവന്നിരുന്ന പിഞ്ചു പൈതങ്ങളെ വണ്ടി നിറുത്തി തൊട്ടു തലോടുകയും ആശീർവ്വദിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. പ്രസംഗ വേദിയിലേക്കു നയിക്കുന്ന പടവുകൾക്കടുത്തു വാഹനം എത്തിയപ്പോൾ പാപ്പാ തന്നോടൊപ്പം ഉണ്ടായിരുന്ന കുട്ടികളെ വണ്ടിയിൽ നിന്നിറക്കി. തുടർന്ന് വാഹനം പടവുകൾ കയറി വേദിക്കരികിലെത്തിയപ്പോൾ പാപ്പാ അതിൽ നിന്നിറങ്ങുകയും റോമിലെ സമയം രാവിലെ 9.00 മണികഴിഞ്ഞപ്പോൾ, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 1.30-നു ശേഷം, ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിക്കുകയും ചെയ്തു. തുടർന്ന് വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗ പാരായണമായിരുന്നു.

അവർ ഒലിവുമലയിൽ നിന്നു ജറുസലേമിലേക്കു മടങ്ങിപ്പോയി; ഇവ തമ്മിൽ ഒരു സാബത്തുദിവസത്തെ യാത്രാദൂരമാണ് ഉള്ളത്. അവർ പട്ടണത്തിലെത്തി, തങ്ങൾ താമസിച്ചിരുന്ന വീടിൻറെ മുകളിലത്തെ നിലയിലുള്ള മുറിയിൽ ചെന്നു. അവർ, പത്രോസ്, യോഹന്നാൻ, യാക്കോബ്, അന്ത്രയോസ്, പീലിപ്പോസ്, തോമസ്, ബർത്തലോമിയോ, മത്തായി, ഹർപൈയുടെ പുത്രനായ യാക്കോബ്, തീവ്രവാദിയായ ശിമയോൻ, യാക്കോബിൻറെ പുത്രനായ യൂദാസ് എന്നിവരായിരുന്നു. ഇവർ ഏകമനസ്സോടെ യേശുവിൻറെ അമ്മയായ മറിയത്തോടും മറ്റു സ്ത്രീകളോടും അവൻറെ സഹോദരന്മാരോടുമൊപ്പം പ്രാർത്ഥനയിൽ മുഴുകിയിരുന്നു” അപ്പൊസ്തോലപ്രവർത്തനങ്ങൾ, അദ്ധ്യായം 1,12-14 വരെയുള്ള വാക്യങ്ങൾ.

ഈ വായനയ്ക്കു ശേഷം പാപ്പാ, താൻ പരിശുദ്ധാരൂപിയെ അധികരിച്ച് നടത്തിപ്പോരുന്ന പ്രബോധന പരമ്പര തുടർന്നു. "ആത്മാവും മണവാട്ടിയും. നമ്മുടെ പ്രത്യാശയായ യേശുവുമായുള്ള കൂടിക്കാഴ്ചയ്ക്ക് പരിശുദ്ധാരൂപി ദൈവജനത്തെ നയിക്കുന്നു” എന്ന പ്രമേയം വിചിന്തനത്തിനായി സ്വീകരിച്ചിരിക്കുന്ന പാപ്പായുടെ പ്രഭാഷണം ഇത്തവണ പരിശുദ്ധാത്മാവും പരിശുദ്ധ കന്യകാമറിയവും തമ്മിലുള്ള ബന്ധത്തിൽ കേന്ദ്രീകൃതമായിരുന്നു..

പാപ്പാ ഇറ്റാലിൻ ഭാഷയിൽ ഇപ്രകാരം പറഞ്ഞു:

പരിശുദ്ധ മറിയത്തെ പവിത്രീകരണ ഉപാധിയാക്കുന്ന ദൈവാരൂപി

പ്രിയ സഹോദരീ സഹോദരന്മാരേ, ശുഭദിനം!       

പരിശുദ്ധാത്മാവ് സഭയിൽ വിശുദ്ധീകരണ പ്രവർത്തനങ്ങൾ നടത്തുന്ന, ദൈവവചനം, കൂദാശകൾ, പ്രാർത്ഥന എന്നിങ്ങനെയുള്ള വിവിധ മാർഗ്ഗങ്ങളിൽ വളരെ സവിശേഷമായ ഒന്നുണ്ട്, അതാണ് മരിയ ഭക്തി. “ആദ് യേസും പെർ മരിയാം” - “Ad Iesum per Mariam”, അതായത്, “മറിയത്തിലൂടെ യേശുവിലേക്ക്” എന്നൊരു പാരമ്പരാഗത ചൊല്ലുണ്ട്. മാതാവ് യേശുവിനെ നമുക്ക് കാണിച്ചു തരുന്നു. അവളെന്നും നമുക്കായി വാതിൽ തുറക്കുന്നു. അവളൊരിക്കലും തന്നെത്തന്നെ ചൂണ്ടിക്കാട്ടുന്നില്ല, യേശുവിനെയാണ് കാണിച്ചു തരുന്നത്. ഇതാണ് മരിയഭക്തി. മാതാവിൻറെ കരങ്ങളിലൂടെ യേശുവിലേക്ക്.

മറിയം ദൈവാരൂപിയാൽ രചിതമായ കത്ത്

വിശുദ്ധ പൗലോസ് ക്രിസ്ത്യൻ സമൂഹത്തെ നിർവ്വചിക്കുന്നത് ഇങ്ങനെയാണ്: "മഷികൊണ്ടല്ല, ജീവിക്കുന്ന ദൈവത്തിൻറെ ആത്മാവുകൊണ്ട്, കൽപലകകളില്ല, മനുഷ്യരുടെ ഹൃദയഫലകങ്ങളിൽ ഞങ്ങളുടെ ശുശ്രൂഷവഴി എഴുതപ്പെട്ട ക്രിസ്തുവിൻറെ ലിഖിതമാണ് നിങ്ങൾ” (2 കോറി 3:3). ആദ്യ ശിഷ്യയും സഭയുടെ പ്രതിരൂപവും എന്ന നിലയിൽ, മറിയവും, ജീവിക്കുന്ന ദൈവത്തിൻറെ ആത്മാവിനാൽ രചിക്കപ്പെട്ട ഒരു കത്താണ്. കൃത്യമായും ഇക്കാരണത്താൽ, അവൾ "എല്ലാ മനുഷ്യരാലും,  ദൈവവിജ്ഞാനീയ ഗ്രന്ഥങ്ങൾ വായിക്കാനറിയാത്തവരാലും ബുദ്ധിമാന്മാരിൽ നിന്നു മറച്ചു വച്ച് ദൈവരാജ്യത്തിൻറെ രഹസ്യം വെളിപ്പെടുത്തിയിരിക്കുന്നത് ആർക്കാണെന്ന് യേശു സൂചിപ്പിക്കുന്ന ആ “ശിശുക്കളാലും” പോലും, അറിയപ്പെടുകയും വായിക്കപ്പെടുകയും" ചെയ്യും (2കോറി 3:2).

മറിയത്തിൻറെ "അതെ"

ദൈവദൂതൻറെ വിളംബരത്തോട് "അതെ, " കർത്താവിൻറെ ഹിതം എന്നിൽ നിറവേറട്ടെ എന്നു പഞ്ഞുകൊണ്ട് യേശുവിൻറെ അമ്മയാകാൻ സമ്മതിക്കുകയാണ് മറിയം. അത്, മറിയം ദൈവത്തോട്: "ഇതാ ഞാൻ, എഴുതാനുള്ള ഒരു ഫലകമാണ് ഞാൻ: രചയിതാവ് അയാൾക്ക് ആവശ്യമുള്ളത് എഴുതട്ടെ, സകലത്തിൻറെയും നാഥൻ ഏന്താഗ്രഹിക്കുന്നവോ അപ്രകാരം എന്നെ ആക്കിത്തീർക്കട്ടെ" എന്നു പറയുന്നതു പോലെയാണ്. അക്കാലത്ത്, മെഴുക് പുരട്ടിയ ഫലകങ്ങളിൽ എഴുതുക പതിവായിരുന്നു; ഇന്ന് നമ്മൾ പറയും, മറിയം ദൈവത്തിന് എന്തും എഴുതാൻ കഴിയുന്ന ശൂന്യമായ ഒരു താളായി സ്വയം സമർപ്പിച്ചുവെന്ന്. മറിയത്തിൻറെ "അതെ"  "ദൈവമുമ്പാകെയുള്ള എല്ലാ മതപരമായ പെരുമാറ്റങ്ങളുടെയും ഉച്ചകോടിയെ പ്രതിനിധീകരിക്കുന്നു, കാരണം അവൾ ഏറ്റവും ഉന്നതമാം വിധം നിഷ്ക്രിയ സന്നദ്ധതയെ സജീവ സന്നദ്ധതയുമായി സംയോജിപ്പിച്ച്, ഏറ്റവും വലിയ പൂർണ്ണതയ്ക്കൊപ്പമുള്ള അത്യധികം അർത്ഥവത്തായ ശൂന്യതയെ" ആവിഷ്ക്കരിക്കുന്നുവെന്ന്, അറിയപ്പെടുന്ന ഒരു വ്യാഖ്യാതാവ് എഴുതി.

"ഇതാ ഞാൻ" - "അതെ"

അങ്ങനെ, ഇതാ, ദൈവമാതാവ് പരിശുദ്ധാത്മാവിൻറെ വിശുദ്ധീകരണ പ്രവർത്തനത്തിൽ അവൻറെ ഉപകരണമായിത്തീരുന്നു. ദൈവത്തെയും സഭയെയും വിശുദ്ധിയെയും കുറിച്ച് പറയുകയും എഴുതുകയും ചെയ്യുന്ന, വളരെ ചുരുക്കം ചിലർക്ക് മാത്രം മുഴുവനായി വായിക്കാനും മനസ്സിലാക്കാനും കഴിയുന്ന,  വാക്കുകളുടെ അനന്തമായ കുത്തൊഴുക്കിൽ എല്ലാവർക്കും, ഏറ്റവും എളിയവർക്കു പോലും, ഏതൊരവസരത്തിലും ഉച്ചരിക്കാൻ കഴിയുന്ന രണ്ട് വാക്കുകൾ മാത്രമാണ് അവൾ നമുക്കായി നിർദ്ദേശിക്കുന്നത്: “ഇതാ ഞാൻ”, “അതെ”. ദൈവത്തോട് "അതെ" എന്ന് പറഞ്ഞവളാണ് മറിയം, പാലിക്കേണ്ട അനുസരണയുടെയൊ തരണം ചെയ്യേണ്ട പരീക്ഷണത്തിൻറെയൊ മുന്നിൽ നാം എത്തുന്ന ഒരോ സന്ദർഭത്തിലും അവളുടെ മാതൃകയിലൂടെയും അവളുടെ മദ്ധ്യസ്ഥതയിലൂടെയും ദൈവത്തോട് "അതെ" എന്ന് പറയാൻ അവൾ നമ്മെ പ്രേരിപ്പിക്കുന്നു.

ഉന്നതത്തിൽ നിന്ന് അരൂപിയെ കാത്തിരിക്കുന്ന സഭ

സഭയുടെ ചരിത്രത്തിൻറെ എല്ലാ ഘട്ടങ്ങളിലും, വിശിഷ്യ, ഇപ്പോൾ, സഭ, യേശുവിൻറെ സ്വർഗ്ഗാരോഹണത്തിനു ശേഷം ക്രൈസ്തവ സമൂഹത്തിനുണ്ടായിരുന്ന അവസ്ഥയിലാണ്. അവൾ സകല ജനതകളോടും സുവിശേഷം പ്രസംഗിക്കണം, എന്നാൽ അതു ചെയ്യുന്നതിന് "ഉന്നതത്തിൽ നിന്നുള്ള ശക്തിക്കായി" അവൾ കാത്തിരിക്കുകയാണ്. ആ സമയത്ത്, അപ്പോസ്തലപ്രവർത്തനങ്ങളിൽ വായിക്കുന്നതുപോലെ, ശിഷ്യന്മാർ "യേശുവിൻറെ അമ്മയായ മറിയത്തിന്" ചുറ്റും കൂടിയിരിക്കയായിരുന്നു (അപ്പ. 1:14) എന്നത് നാം മറക്കരുത്.

പരിശുദ്ധാത്മാഗമനം

സെഹിയോൻ ശാലയിൽ, അവളോടൊപ്പം മറ്റ് സ്ത്രീകളും ഉണ്ടായിരുന്നു എന്നത് സത്യമാണ്, എന്നാൽ അവളുടെ സാന്നിധ്യം മറ്റെല്ലാവരിലും നിന്ന് വ്യത്യസ്തവും അതുല്യവുമാണ്. അവൾക്കും പരിശുദ്ധാത്മാവിനും ഇടയിൽ അദ്വീതിയവും ശാശ്വതവും നശിപ്പിക്കാനാവാത്തതുമായ ഒരു ബന്ധമുണ്ട്, അത് വിശ്വാസപ്രമാണത്തിൽ നാം ചൊല്ലുന്നതു പോലെ, "പരിശുദ്ധാത്മാവിൻറെ ശക്തിയാൽ ഗർഭം ധരിക്കപ്പെട്ട് കന്യാമറിയത്തിൽ നിന്ന് ജനിച്ച ക്രിസ്തുവാണ് ". മംഗളവാർത്താ വേളയിൽ പരിശുദ്ധാത്മാവ് മറിയത്തിൻറെ മേൽ വരുന്നതും പെന്തക്കോസ്ത ദിനത്തിൽ ശിഷ്യന്മാരുടെ മേൽ വരുന്നതും തമ്മിലുള്ള ബന്ധം സുവിശേഷകനായ ലൂക്കാ  സമാനമായ ചില പദപ്രയോഗങ്ങളിലൂടെ ബോധപൂർവ്വം എടുത്തുകാണിക്കുന്നു,

ദൈവമാതാവും പരിശുദ്ധാത്മാവിൻറെ മണവാട്ടിയും

വിശുദ്ധ ഫ്രാൻസീസ് അസ്സീസി, തൻറെ ഒരു പ്രാർത്ഥനയിൽ, കന്യകയെ "അത്യുന്നത രാജാവായ സ്വർഗ്ഗീയ പിതാവിൻറെ പുത്രിയും ദാസിയും, ഏറ്റവും പരിശുദ്ധനായ കർത്താവായ യേശുക്രിസ്തുവിൻറെ അമ്മയും, പരിശുദ്ധാത്മാവിൻറെ മണവാട്ടിയും" എന്ന് അഭിവാദ്യം ചെയ്യുന്നുണ്ട്. പിതാവിൻറെ മകൾ, പുത്രൻറെ അമ്മ, പരിശുദ്ധാത്മാവിൻറെ മണവാട്ടി! ത്രിത്വവുമായുള്ള മറിയത്തിൻറെ അനുപമമായ ബന്ധം ഇതിനെക്കാൾ ലളിതമായ വാക്കുകളിൽ അവതരിപ്പിരിക്കാൻ കഴിയില്ല.

പരിശുദ്ധാത്മ പ്രേരണയോട് വിധേയത്വം

എല്ലാ സാദൃശ്യങ്ങളെയും പോലെതന്നെ  , "പരിശുദ്ധാത്മാവിൻ്റെ മണവാട്ടി" എന്ന സാദൃശ്യത്തെയും അതേപടി പൂർണ്ണമായിട്ടെടുക്കാതെ, അതിൽ അടങ്ങിയിരിക്കുന്ന സത്യമാണ് ഉൾക്കൊള്ളേണ്ടത്, ഇത് വളരെ മനോഹരമായ ഒരു സത്യമാണ്. അവൾ മണവാട്ടിയാണ്, പക്ഷേ അവൾ അതിനുമുമ്പുതന്നെ പരിശുദ്ധാത്മാവിൻറെ ശിഷ്യയാണ്. വധുവും ശിഷ്യയും... ആത്മാവിൻറെ പ്രേരണകളോട് അനുസരണയുള്ളവരായിരിക്കാൻ നമുക്ക് അവളിൽ നിന്ന് പഠിക്കാം, പ്രത്യേകിച്ചും ദൂതൻ അവളെ വിട്ടുപോയ ഉടനെ അവൾ ചെയ്തതുപോലെ, "വേഗത്തിൽ എഴുന്നേറ്റ്" പോയി നമ്മെ ആവശ്യമുള്ള ആരെയെങ്കിലും സഹായിക്കാൻ അവൻ നിർദ്ദേശിക്കുമ്പോൾ (ലൂക്കാ 1:39 കാണുക). നന്ദി.

ആശീർവ്വാദാനന്തര അഭിവാദ്യങ്ങൾ  

പാപ്പാ ഇറ്റാലിയന്‍ ഭാഷയിൽ നടത്തിയ മുഖ്യ പ്രഭാഷണത്തെ തുടർന്ന് അതിൻറെ സംഗ്രഹം ആംഗലവും അറബിയുമുള്‍പ്പെടെ വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെട്ടു. പതിവുപോലെ പൊതുകൂടിക്കാഴ്ചാ പരിപാടിയുടെ അവസാനം വൃദ്ധജനത്തെയും രോഗികളെയും നവദമ്പതികളെയും പാപ്പാ പ്രത്യേകം അഭിവാദ്യം ചെയ്തു. മാനുഷികവും ക്രിസ്തീയവുമായ വിളി പൂർണ്ണതയിൽ ജീവിക്കാനുള്ള ശക്തിയും ധൈര്യവും അനുദിനം ദൈവത്തിൽ കണ്ടെത്താൻ പാപ്പാ അവർക്ക് പ്രചോദനം പകർന്നു.

യുദ്ധവേദികളെ സ്മരിച്ച്... സമാധാനത്തിനായി പ്രാർത്ഥിച്ച്...

യുദ്ധവേദികളായ നാടുകളെ മറക്കരുതെന്നു പറഞ്ഞ പാപ്പാ പിഢിത ഉക്രൈയിൻ, പലസ്തീൻ, ഇസ്രായേൽ, മ്യാൻമർ എന്നീ രാജ്യങ്ങളെയും ഇതര യുദ്ധവേദികളെയും അനുസ്മരിച്ചു. വെടിയേറ്റു മരിച്ച ഒരുസംഘം പലസ്തീൻകാരെ  ഓർമ്മിച്ച പാപ്പാ അവർ നിരപരാധികളായിരുന്നുവെന്നു പറഞ്ഞു. നമുക്കു സമാധാനം ഏറെ ആവശ്യമാണെന്ന തൻറെ ബോധ്യം ആവർത്തിച്ചു വെളിപ്പെടുത്തിയ പാപ്പാ സമാധാനത്തിനായി പ്രാർത്ഥിക്കാൻ എല്ലാവരെയും ക്ഷണിച്ചു. തുടർന്ന് ലത്തീൻഭാഷയിൽ സ്വർഗ്ഗസ്ഥനായ പിതാവേ എന്ന കർത്തൃപ്രാർത്ഥന ആലപിക്കപ്പെട്ടു. തദ്ദനന്തരം പാപ്പാ, എല്ലാവർക്കും തൻറെ അപ്പൊസ്തോലികാശീർവ്വാദം നല്കി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

13 November 2024, 12:02

ഏറ്റവും അടുത്ത പൊതുകൂടിക്കാഴ്ച

വായിച്ചു മനസ്സിലാക്കാന്‍ >