തിരയുക

പരിശുദ്ധാത്മ സഹായത്താൽ ഹൃദയംകൊണ്ട് പ്രാർത്ഥിക്കുക, പാപ്പാ!

ഫ്രാൻസീസ് പാപ്പായുടെ പ്രതിവാര പൊതുകൂടിക്കാഴ്ചാ പ്രഭാഷണം: പരിശുദ്ധാരൂപി നമ്മെ മക്കൾക്കടുത്തവിധം സ്വാതന്ത്ര്യത്തോടെ പിതാവിനെ വിളിച്ചു പ്രാർത്ഥിക്കാൻ പഠിപ്പിക്കുന്നു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

പതിവുപോലെ ഈ ബുധനാഴ്ചയും (09/10/24) ഫ്രാൻസീസ് പാപ്പാ അനുവദിച്ച പ്രതിവാര പൊതുകൂടിക്കാഴ്ചയിൽ പങ്കുകൊള്ളുന്നതിന് മലയാളികളുൾപ്പടെ വിവിധരാജ്യക്കാരായിരുന്ന തീർത്ഥാടകരും സന്ദർശകരുമായി ആയിരങ്ങൾ വത്തിക്കാനിൽ എത്തിയിരുന്നു. റോമിൽ കുളിരനുഭവപ്പെട്ടു തുടങ്ങിയിരിക്കുന്ന ദിനങ്ങളാണെങ്കിലും വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ തുറസ്സായ അങ്കണത്തിൽ ആയിരുന്നു പൊതുദർശന വേദി ഒരുക്കിയിരുന്നത്. എല്ലാവർക്കും തന്നെ കാണത്തക്കരീതിയിൽ സജ്ജീകരിച്ചിരിക്കുന്ന വെളുത്ത തുറന്ന വാഹനത്തിൽ ബസിലിക്കാങ്കണത്തിൽ എത്തിയ പാപ്പായെ ജനസഞ്ചയം കരഘോഷത്തോടെയും ആനന്ദാരവങ്ങളോടെയും വരവേറ്റു. തന്നോടൊപ്പം, ഏതാനും കുട്ടികളെ വാഹനത്തിൽ കയറ്റി ജനത്തെ അഭിവാദ്യം ചെയ്തുകൊണ്ട് അവർക്കിടയിലൂടെ നീങ്ങിയ പാപ്പാ, പ്രസംഗ വേദിയിലേക്കു നയിക്കുന്ന പടവുകൾക്കടുത്തു വച്ച് കുട്ടികളെ വണ്ടിയിൽ നിന്നിറക്കി. തുടർന്ന് വാഹനം പടവുകൾ കയറി വേദിക്കരികിലെത്തിയപ്പോൾ പാപ്പാ അതിൽ നിന്നിറങ്ങുകയും റോമിലെ സമയം രാവിലെ 9.00 മണികഴിഞ്ഞപ്പോൾ, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 1.30-നു ശേഷം, ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിക്കുകയും ചെയ്തു. തുടർന്ന് വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗ പാരായണമായിരുന്നു.

നമ്മുടെ ബലഹീനതയിൽ ആത്മാവ് നമ്മെ സഹായിക്കുന്നു. വേണ്ടവിധം പ്രാർത്ഥിക്കേണ്ടത് എങ്ങനെയെന്ന് നമുക്കറിഞ്ഞുകൂടാ. എന്നാൽ അവാച്യമായ നെടുവീർപ്പുകളാൽ ആത്മാവുതന്നെ നമുക്കുവേണ്ടി മാദ്ധ്യസ്ഥ്യം വഹിക്കുന്നു. ഹൃദയങ്ങൾ പരിശോധിക്കുന്നവൻ ആത്മാവിൻറെ ഇംഗിതം ഗ്രഹിക്കുന്നു. എന്തെന്നാൽ ആത്മാവ് ദൈവഹിതമനുസരിച്ചാണ് വിശുദ്ധർക്കുവേണ്ടി മാദ്ധ്യസ്ഥ്യം വഹിക്കുന്നത” പൗലോസപ്പോസ്തലൻ റോമാക്കാർക്കെഴുതിയ ലേഖനം, അദ്ധ്യായം 8,26-ഉം 27-ഉം വാക്യങ്ങൾ.

ഈ വായനയ്ക്കു ശേഷം പാപ്പാ, താൻ പരിശുദ്ധാരൂപിയെ അധികരിച്ച് നടത്തിപ്പോരുന്ന പ്രബോധന പരമ്പര തുടർന്നു. "ആത്മാവും മണവാട്ടിയും. നമ്മുടെ പ്രത്യാശയായ യേശുവുമായുള്ള കൂടിക്കാഴ്ചയ്ക്ക് പരിശുദ്ധാരൂപി ദൈവജനത്തെ നയിക്കുന്നു” എന്ന പ്രമേയം വിചിന്തനത്തിനായി സ്വീകരിച്ചിരിക്കുന്ന പാപ്പായുടെ പ്രഭാഷണം പരിശുദ്ധാത്മാവ് നമുക്കായി മാദ്ധ്യസ്ഥ്യം വഹിക്കുന്നതിനെക്കുറിച്ചായിരുന്നു. ഇതിനവലംബം പൗലോസപ്പോസ്തലൻറെ വാക്കുകളായിരുന്നു. പാപ്പാ ഇറ്റാലിൻ ഭാഷയിൽ ഇപ്രകാരം പറഞ്ഞു:

പരിശുദ്ധാരൂപി നടത്തുന്ന പവിത്രീകരണ പ്രവർത്തനം

പ്രിയ സഹോദരീ സഹോദരന്മാരേ, ശുഭദിനം!       

പരിശുദ്ധാത്മാവിൻറെ വിശുദ്ധീകരണ പ്രവർത്തനം, ദൈവവചനം കൂദാശകൾ എന്നിവയിലൂടെ നടക്കുന്നതിനു പുറമെ, പ്രാർത്ഥനയിലും ആവിഷ്കൃതമാകുന്നു. ഇതെക്കുറിച്ചാണ് ഇന്നു നാം ചിന്തിക്കുക. പരിശുദ്ധാത്മാവ് ഒരേ സമയം ക്രിസ്തീയ പ്രാർത്ഥനയുടെ വിഷയവും ലക്ഷ്യവുമാണ്. അതായത്, അവൻ പ്രാർത്ഥനാ ദായകനും പ്രാർത്ഥനയാൽ നൽകപ്പെട്ടവനുമാണ്. പരിശുദ്ധാത്മാവിനെ സ്വീകരിക്കാൻ നാം പ്രാർത്ഥിക്കുന്നു, യഥാർത്ഥത്തിൽ, അതായത്, അടിമകളായിട്ടല്ല, ദൈവമക്കളെന്ന നിലയിൽ പ്രാർത്ഥിക്കാൻ കഴിയുന്നതിനായി നമ്മൾ പരിശുദ്ധാത്മാവിനെ സ്വീകരിക്കുന്നു. അടിമകളെന്ന നിലയില്ല, ദൈവമക്കളെന്ന നിലയിൽ പ്രാർത്ഥിക്കുന്നതിനെക്കുറിച്ച് നമുക്ക് അല്പമൊന്നു ചിന്തിക്കാം. സ്വാതന്ത്ര്യത്തോടെയാണ് ഒരുവൻ എല്ലായ്പ്പോഴും പ്രാർത്ഥിക്കേണ്ടത്. പ്രാർത്ഥനയിലെ സ്വാഭാവികതയാണ് നമുക്ക് ഉപരി സഹായകമാകുക. അതിനർത്ഥം ദാസരായിട്ടല്ല മക്കളായിട്ടാണ് പ്രാർത്ഥിക്കേണ്ടത് എന്നാണ്.

പരിശുദ്ധാരൂപിക്കായി പ്രാർത്ഥിക്കുക

സർവ്വോരി, പരിശുദ്ധാത്മാവിനെ ലഭിക്കുന്നതിനായി നാം പ്രാർത്ഥിക്കണം. ഇതെക്കുറിച്ച്, സുവിശേഷത്തിൽ, യേശുവിൻറെ നിഷ്കൃഷ്ടമായ ഒരു വാക്യമുണ്ട്: "അതിനാൽ, മക്കൾക്ക് നല്ല ദാനങ്ങളേകാൻ ദുഷ്ടരായ നിങ്ങൾക്കറിയാമെങ്കിൽ, സ്വർഗ്ഗസ്ഥനായ പിതാവ് തന്നോടു ചോദിക്കുന്നവർക്ക് എത്രയധികമായി പരിശുദ്ധാത്മാവിനെ നൽകുകയില്ല! (ലൂക്കാ 11:13). എല്ലായ്പ്പോഴും, പ്രാർത്ഥനയിൽ പരിശുദ്ധാത്മാവ് ഇറങ്ങിവരുന്നതായി പുതിയ നിയമത്തിൽ നാം കാണുന്നു. ജോർദ്ദാനിലെ മാമ്മോദീസാ വേളയിൽ യേശു പ്രാർത്ഥിക്കവേ, അവിടത്തെമേൽ പരിശുദ്ധാത്മാവ് ഇറങ്ങിവരുന്നു (ലൂക്ക 3:21); പെന്തക്കോസ്ത ദിനത്തിൽ "ഏകമനസ്സോടെ പ്രാർത്ഥനയിൽ മുഴുകിയിരിക്കുന്ന” ശിഷ്യരുടെമേൽ പരിശുദ്ധാത്മാവ് ഇറങ്ങിവരുന്നു (അപ്പൊസ്തോലപ്രവർത്തനങ്ങൾ 1:14).

കർമ്മല മല മുകളിൽ വച്ച് തങ്ങളുടെ ബലിക്കായി അഗ്നി ആവാഹിച്ചെടുക്കാൻ  ബാലിൻറെ വ്യാജപ്രവാചകന്മാർ പരിശ്രമിച്ചു, പക്ഷേ ഒന്നും സംഭവിച്ചില്ല. ഏലിയ പ്രാർത്ഥിക്കാൻ തുടങ്ങി, തീ ഇറങ്ങി ബലിവസ്തുവിനെ ദഹിപ്പിച്ചു (1 രാജാക്കന്മാർ 18,20-38 കാണുക). സഭ വിശ്വസ്തതയോടെ ഈ മാതൃക പിന്തുടരുന്നു: ഓരോ തവണയും പരിശുദ്ധാത്മാവിനോടു പ്രാർത്ഥിക്കുമ്പോൾ എപ്പോഴും അവളുടെ അധരങ്ങളിൽ  "വരേണമേ!" എന്ന അപേക്ഷയുണ്ട്. മഞ്ഞുപോലെ ഇറങ്ങി വരുകയും ദിവ്യകാരുണ്യയാഗത്തിനായുള്ള അപ്പവും വീഞ്ഞും പവിത്രീകരിക്കുകയും ചെയ്യുന്നതിനായി, സർവ്വോപരി,  വിശുദ്ധ കുർബാനയിൽ അവളതു ചെയ്യുന്നു.

വേണ്ടവിധം പ്രാർത്ഥിക്കാൻ പഠിപ്പിക്കുന്ന ആത്മാവ്

എന്നാൽ മറ്റൊരു വശം കൂടിയുണ്ട്, അത് നമുക്ക് ഏറ്റവും പ്രധാനപ്പെട്ടതും പ്രോത്സാഹജനകവുമാണ്: പരിശുദ്ധാത്മാവാണ് നമുക്ക് യഥാർത്ഥ പ്രാർത്ഥന പ്രദാനംചെയ്യുന്നത്. വിശുദ്ധ പൗലോസ് പറയുന്നു- “നമ്മുടെ ബലഹീനതയിൽ ആത്മാവ് നമ്മെ സഹായിക്കുന്നു. വേണ്ടവിധം പ്രാർത്ഥിക്കേണ്ടത് എങ്ങനെയെന്ന് നമുക്കറിഞ്ഞുകൂടാ. എന്നാൽ അവാച്യമായ നെടുവീർപ്പുകളാൽ ആത്മാവുതന്നെ നമുക്കുവേണ്ടി മാദ്ധ്യസ്ഥ്യം വഹിക്കുന്നു. ഹൃദയങ്ങൾ പരിശോധിക്കുന്നവൻ ആത്മാവിൻറെ ഇംഗിതം ഗ്രഹിക്കുന്നു. എന്തെന്നാൽ ആത്മാവ് ദൈവഹിതമനുസരിച്ചാണ് വിശുദ്ധർക്കുവേണ്ടി മാദ്ധ്യസ്ഥ്യം വഹിക്കുന്നത”  (റോമ 8,26-27).

ദൈവരാജ്യാന്വേഷണം പരമപ്രധാനം

എങ്ങനെ പ്രാർത്ഥിക്കണമെന്ന് നമുക്കറിയില്ല എന്നത് സത്യമാണ്. പ്രാർത്ഥിക്കാൻ നാം അനുദിനം പഠിക്കേണ്ടിയിരിക്കുന്നു. നമ്മുടെ പ്രാർത്ഥനയുടെ ഈ ബലഹീനതയുടെ കാരണം, മൂന്ന് വ്യത്യസ്ത രീതികളിൽ അതായത്,  നാമവിശേഷണമായും നാമമായും ക്രിയാവിശേഷണമായും പ്രയോഗിച്ച, ഒരൊറ്റ വാക്ക് കൊണ്ട് മുൻകാലങ്ങളിൽ പ്രകടിപ്പിക്കപ്പെട്ടിരുന്നു. ലത്തീൻ ഭാഷ അറിയാത്തവർക്കും ഇത് ഓർത്തിരിക്കാൻ എളുപ്പമാണ്, മാത്രമല്ല ഇത് ഓർമ്മിക്കുക ഗുണകരമാണ്, കാരണം അതിൽ ഒരു മുഴുവൻ പ്രബന്ധം അടങ്ങിയിരിക്കുന്നു. നമ്മൾ മനുഷ്യർ, "മാലി, മാല, മാലെ പെത്തിമൂസ്" ആണ് എന്ന  ഒരു പഴമൊഴിയുണ്ട്.  അതിനർത്ഥം: മോശപ്പെട്ടവർ (മാലി) ആയതിനാൽ നമ്മൾ തെറ്റായ കാര്യങ്ങൾ (മാല) തെറ്റായ രീതിയിൽ (മാലെ) ചോദിക്കുന്നുവെന്നാണ്. യേശു പറയുന്നു: "നിങ്ങൾ ആദ്യം അവിടത്തെ രാജ്യം അന്വേഷിക്കുക, അതോടൊപ്പം മറ്റുള്ളവയെല്ലാം നിങ്ങൾക്ക് ലഭിക്കും" (മത്തായി 6,33); എന്നാൽ നമ്മളാകട്ടെ സർവ്വോപരി, അമിതമായത്, അതായത് നമ്മുടെ താൽപ്പര്യങ്ങൾ, തേടുന്നു ദൈവരാജ്യത്തിനായി അപേക്ഷിക്കുകയെന്നത് നാം അപ്പാടെ മറക്കുന്നു.

നമ്മെ സഹായിക്കാനെത്തുന്ന ആത്മാവ്

പരിശുദ്ധാത്മാവ് വരുന്നു, അതെ, നമ്മുടെ ബലഹീനതയിൽ സഹായിക്കാൻ എത്തുന്നു, എന്നാൽ അവൻ കൂടുതൽ പ്രധാന്യമുള്ള ഒരു കാര്യം ചെയ്യുന്നു: നാം ദൈവത്തിൻറെ മക്കളാണെന്ന് അവൻ സാക്ഷ്യപ്പെടുത്തുകയും നമ്മുടെ അധരങ്ങളിൽ “പിതാവേ” (റോമൻ 8.15; ഗലാത്തി 4.6) എന്ന  നിലവിളി നമ്മുടെ അധരങ്ങളിൽ ഉളവാക്കുകയും ചെയ്യുന്നു. മനുഷ്യൻ ടെലിഫോണിൻറെ ഒരറ്റത്ത് നിന്ന് മറുവശത്തുള്ള ദൈവത്തോട് നടത്തുന്ന സംഭാഷണമല്ല ക്രിസ്തീയ പ്രാർത്ഥന, അതല്ല, നമ്മിൽ പ്രാർത്ഥിക്കുന്നത് ദൈവമാണ്! ദൈവത്തിലൂടെ നാം ദൈവത്തോട് പ്രാർത്ഥിക്കുന്നു. പ്രാർത്ഥിക്കുകയെന്നാൽ ദൈവത്തിനുള്ളിലാകുകയാണ്,ദൈവം നമ്മുടെ ഉള്ളിൽ പ്രവേശിക്കലാണ്.

"പരാക്ലിത്ത"

കൃത്യമായി പ്രാർത്ഥനയിലാണ് പരിശുദ്ധാത്മാവ് "പാരാക്ലിത്ത", അതായത് അഭിഭാഷകനും പരിരക്ഷകനുമായി സ്വയം വെളിപ്പെടുത്തുന്നത്. അവൻ പിതാവിൻറെ മുമ്പാകെ നമ്മെ കുറ്റപ്പെടുത്തുന്നില്ല, മറിച്ച് നമുക്കായി വാദിക്കുന്നു. അതെ, അവൻ നമ്മെ പരിരക്ഷിക്കുകയും നാം പാപികളാണെന്ന വസ്തുത നമ്മെ ബോധ്യപ്പെടുത്തുകയും ചെയ്യുന്നു (യോഹന്നാൻ 16:8 കാണുക), എന്നാൽ അവൻ അങ്ങനെ ചെയ്യുന്നത് പിതാവിൻറെ കാരുണ്യത്തിൻറെ ആനന്ദം ആസ്വദിക്കാൻ നമ്മെ പ്രാപ്തരാക്കുന്നതിനുവേണ്ടിയാണ്, അല്ലാതെ കുറ്റബോധത്തിൻറെ ഊഷര വികാരങ്ങളാൽ നമ്മെ നശിപ്പിക്കാനല്ല. നമ്മുടെ ഹൃദയം ഒരു കാര്യത്തെപ്രതി നമ്മെ ശാസിക്കുമ്പോഴും, "ദൈവം നമ്മുടെ ഹൃദയത്തേക്കാൾ വലിയവനാണ്" (1 യോഹന്നാൻ 3:20) എന്ന് അവൻ നമ്മെ ഓർമ്മിപ്പിക്കുന്നു. ദൈവം നമ്മുടെ പാപത്തെ കവച്ചുവയ്ക്കുന്നവനാണ്. നാമെല്ലാവരും പാപികളാണ്, ഒരുപക്ഷേ നിങ്ങളിൽ ചിലർ - എനിക്കറിയില്ല - നിങ്ങൾ ചെയ്ത കാര്യങ്ങളെ പ്രതി ഏറെ ഭയപ്പെടുന്നവരാകാം, ദൈവത്താൽ ശാസിക്കപ്പെടുമെന്ന പേടിയുള്ളവരാകാം പലതിനെയും ഭയന്ന് സമാധാനം കണ്ടെത്താൻ കഴിയാത്തവരാകാം. പ്രാർത്ഥനയിൽ മുഴുകുക, പരിശുദ്ധാത്മാവിനെ വിളിക്കുക, ക്ഷമ ചോദിക്കേണ്ടത് എങ്ങനെയെന്ന് അവൻ നിങ്ങളെ പഠിപ്പിക്കും. നിങ്ങൾക്ക് ഒരു കാര്യം അറിയാമോ? ദൈവത്തിന് അധികം വ്യാകരണമൊന്നും അറിയില്ല, നമ്മൾ ക്ഷമ ചോദിക്കുമ്പോൾ, ആ വാക്ക് പൂർത്തിയാക്കാൻ അവിടന്ന നമ്മെ അനുവദിക്കുന്നില്ല! അവൻ ആദ്യമേ നമ്മോട് ക്ഷമിക്കുന്നു, അവൻ എപ്പോഴും നമ്മോട് ക്ഷമിക്കുന്നു, നമ്മോട് ക്ഷമിക്കാൻ അവൻ സദാ നമ്മുടെ ചാരെയുണ്ട്....

മദ്ധ്യസ്ഥനായ ആത്മാവ്

പരിശുദ്ധാത്മാവ് മാദ്ധ്യസ്ഥ്യം വഹിക്കുകയും നമ്മുടെ സഹോദരങ്ങൾക്ക് വേണ്ടി മാദ്ധ്യസ്ഥ്യം വഹിക്കാൻ നമ്മെ പഠിപ്പിക്കുകയും ചെയ്യുന്നു; മദ്ധ്യസ്ഥ പ്രാർത്ഥന അവൻ നമ്മെ പഠിപ്പിക്കുന്നു: ഇയാൾക്കു വേണ്ടി പ്രാർത്ഥിക്കുക, ആ രോഗിക്ക് വേണ്ടി പ്രാർത്ഥിക്കുക, ജയിലിൽ കഴിയുന്ന ഒരാൾക്ക് വേണ്ടി പ്രാർത്ഥിക്കുക, പ്രാർത്ഥിക്കുക..., എപ്പോഴും പ്രാർത്ഥിക്കുക.. ഈ പ്രാർത്ഥന ദൈവത്തിന് സവിശേഷമാംവിധം പ്രീതികരമാണ്, കാരണം അത് ഏറ്റവും സ്വതന്ത്രവും നിസ്വാർത്ഥവുമാണ്. എല്ലാവരും എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുമ്പോൾ, അത് സംഭവിക്കുന്നു - വിശുദ്ധ അംബ്രോസ് പറയുമായിരുന്നു - എല്ലാവരും എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുക; അങ്ങനെ പ്രാർത്ഥന പെരുകുന്നു. പ്രാർത്ഥന ഇങ്ങനെയാണ്. ഇതാ, സഭയിൽ ഏറെ അമൂല്യവും ആവശ്യമുള്ളതുമായ ഒരു ദൗത്യം, വിശിഷ്യ, ജൂബിലിഒരുക്കത്തിൻറെതായ ഈ ഘട്ടത്തിൽ:  "ദൈവത്തിൻറെ പദ്ധതികൾക്കായി നമുക്കെല്ലാവർക്കും വേണ്ടി മാദ്ധ്യസ്ഥ്യം വഹിക്കുന്ന" പാരാക്ലീത്തയുമായി ഒന്നുചേരുക. എന്നാൽ ദയവുചെയ്ത്  തത്തമ്മകളെപ്പോലെ ആകരുത്, വായിൽവരുന്നത് പറയരുത്. "കർത്താവേ" എന്ന് പറയുക, പക്ഷേ അത് ഹൃദയംകൊണ്ടു പറയുക. "കർത്തവേ എന്നെ സഹായിക്കേണമേ", "ഞാൻ നിന്നെ സ്നേഹിക്കുന്നു കർത്താവേ". നിങ്ങൾ നമ്മുടെ പിതാവിനോട് പ്രാർത്ഥിക്കുമ്പോൾ, "പിതാവേ, നീ എൻറെ പിതാവാണ്" എന്ന് പ്രാർത്ഥിക്കുക. ചുണ്ടുകളല്ല, ഹൃദയം കൊണ്ട് പ്രാർത്ഥിക്കുക, തത്തകളെപ്പോലെ പെരുമാറരുത്. നമുക്ക് ഏറെ ആവശ്യമായിരിക്കുന്ന പ്രാർത്ഥനയിൽ ആത്മാവ് നമ്മെ സഹായിക്കട്ടെ. നന്ദി.

ആശീർവ്വാദാനന്തര അഭിവാദ്യങ്ങൾ  

പാപ്പാ ഇറ്റാലിയന്‍ ഭാഷയിൽ നടത്തിയ മുഖ്യ പ്രഭാഷണത്തെ തുടർന്ന് അതിൻറെ സംഗ്രഹം ആംഗലവും അറബിയുമുള്‍പ്പെടെ വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെട്ടു. പതിവുപോലെ പൊതുകൂടിക്കാഴ്ചാ പരിപാടിയുടെ അവസാനം യുവതീയുവാക്കളെയും വൃദ്ധജനത്തെയും രോഗികളെയും നവദമ്പതികളെയും പാപ്പാ പ്രത്യേകം അഭിവാദ്യം ചെയ്തു. വിശ്വാസത്താലും പ്രത്യാശയാലും താങ്ങിനിറുത്തപ്പെട്ട് സുവിശേഷത്തോടുള്ള വിശ്വസ്തതയോടെ ദൈനംദിന ജീവിതം നയിക്കാൻ പാപ്പാ അവർക്ക് പ്രചോദനം പകർന്നു.

സമാധാനത്തിനായുള്ള പ്രാർത്ഥന

യുദ്ധംമൂലം ദുരിതമനുഭവിക്കുന്ന ഉക്രൈയിൻ, ഗാസ, ഇസ്രായേൽ മ്യന്മാർ എന്നിവിടിങ്ങളെക്കുറിച്ച് പ്രത്യേകം അനുസ്മരിച്ച പാപ്പാ സമാധാനത്തിനായി പ്രാർത്ഥിക്കാൻ എല്ലാവരെയും ഒരിക്കൽക്കൂടി ക്ഷണിച്ചു. ഇക്കഴിഞ്ഞ ദിനങ്ങളിൽ 153 വഴിയാത്രക്കാർ വെടിയേറ്റു മരിച്ച ദുഃഖകരമായ സംഭവവും പാപ്പാ വേദനയോടെ ഓർത്തു.

പ്രളയബാധിതരെ ഓർത്ത്

സ്പെയിനിലെ ജലപ്രളയദുരിതബാധിത വലേൻസിയ  പ്രദേശത്തെക്കുറിച്ചും പരാമർശിച്ച പാപ്പാ വലേൻസിയയുടെ സ്വർഗ്ഗീയസംരക്ഷകയായ പരിത്യക്തരടും നാഥയോട് പ്രാർത്ഥിക്കാൻ എല്ലാവരെയും ക്ഷണിച്ചു. തുടർന്ന് ലത്തീൻഭാഷയിൽ സ്വർഗ്ഗസ്ഥനായ പിതാവേ എന്ന കർത്തൃപ്രാർത്ഥന ആലപിക്കപ്പെട്ടു. തദ്ദനന്തരം പാപ്പാ, എല്ലാവർക്കും തൻറെ അപ്പൊസ്തോലികാശീർവ്വാദം നല്കി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

06 November 2024, 12:42

ഏറ്റവും അടുത്ത പൊതുകൂടിക്കാഴ്ച

വായിച്ചു മനസ്സിലാക്കാന്‍ >