തിരയുക

‘എഫ്ഫത്താ’, സ്വയം തുറക്കാൻ നമുക്കേവർക്കുമുള്ള ക്ഷണം, പാപ്പാ !

ഫ്രാൻസീസാ പാപ്പായുടെ പ്രതിവാരപൊതുദർശന പ്രഭാഷണം: ദൈവവചനത്തോടും പരസേവനത്തോടും തുറവുള്ളവനാകണം ക്രിസ്ത്യാനി. അവൻ സ്വയം അടച്ചുപൂട്ടരുത്.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

കഴിഞ്ഞ വാരത്തിലെന്നപോലെ തന്നെ ഈ ബുധനാഴ്ചയും (13/12/23) വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയ്ക്കടുത്തുള്ള പോൾ ആറാമൻ ശാലയിൽ വച്ചാണ് പാപ്പാ പൊതുകൂടിക്കാഴ്ച അനുവദിച്ചത്. സാവധാനം നടന്ന് ശാലയിൽ എത്തിയ പാപ്പായെ അവിടെ സന്നിഹിതരായിരുന്ന തീർത്ഥാടകരും സന്ദർശകരും എഴുന്നേറ്റു നിന്ന് കരഘോഷത്തോടെ  വരവേറ്റു. വിശുദ്ധഗ്രന്ഥപാരായണത്തിനും മറ്റുമായി വേദിയിൽ ഒരിടത്ത് നിന്നിരുന്നവരുടെ അടുത്തുചെന്ന് പാപ്പാ ഹസ്തദാനം നല്കുകയും ചെയ്തു. റോമിലെ സമയം രാവിലെ 9.00 മണിക്ക്, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 1.30-ന്, ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശനപരിപാടിക്ക് പാപ്പാ തുടക്കം കുറിച്ചു. തുടർന്ന് വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗ പാരായണമായിരുന്നു.

"യേശു ടയിർ പ്രദേശത്തു നിന്നു പുറപ്പെട്ട്, സീദോൻ കടന്ന്, ദെക്കാപ്പോളീസ് പ്രദേശത്തുകൂടെ ഗലീലിക്കടൽത്തീരത്തേക്കുപോയി. 32 ബധിരനും സംസാരത്തിനു തടസ്സമുണ്ടായിരുന്നവനുമായ ഒരുവനെ അവർ അവൻറെയടുത്തു കൊണ്ടുവന്നു. അവൻറെ മേൽ കൈകൾ വയ്ക്കണമെന്ന് അവർ അവനോട് അപേക്ഷിച്ചു.33 യേശു അവനെ ജനക്കൂട്ടത്തിൽനിന്നു മാറ്റിനിറുത്തി, അവൻറെ ചെവികളിൽ വിരലുകളിട്ടു; തുപ്പലുകൊണ്ട് അവൻറെ നാവിൽ സ്പർശിച്ചു. 34 സ്വർഗ്ഗത്തിലേക്കു നോക്കി നെടുവീർപ്പിട്ടുകൊണ്ട് അവനോടു പറഞ്ഞു:എഫ്ഫത്താ- തുറക്കപ്പെടട്ടെ എന്നർത്ഥം.35 ഉടനെ അവൻറെ ചെവികൾ തുറന്നു. നാവിൻറെ കെട്ടഴിഞ്ഞു. അവൻ സ്ഫുടമായി സംസാരിച്ചു.” മർക്കോസ്,7:31-35.

ഈ വായനയ്ക്കു ശേഷം പാപ്പാ താൻ പ്രതിവാരപൊതുകൂടിക്കാഴ്ചാവേളയിൽ നടത്തിപ്പോരുന്ന, സുവിശേഷവത്ക്കരണ തീക്ഷ്ണതയെ അധികരിച്ചുള്ള പ്രബോധനപരമ്പര തുടർന്നു. വിശ്വാസിയുടെ പ്രേഷിതാഭിനിവേശത്തെക്കുറിച്ച് പരിചിന്തനം ചെയ്ത പാപ്പാ, യേശു ബധിരനെ സുഖപ്പെടുത്തവെ പറയുന്ന “എഫ്ഫത്താ” അഥവാ തുറക്കപ്പെടട്ടെ എന്ന വാക്കായിരുന്നു ഈ വിചിന്തനത്തിന് ആധാരമാക്കിയത്. ഇറ്റാലിൻ ഭാഷയിലായിരുന്ന തൻറെ മുഖ്യ പ്രഭാഷണം പാപ്പാ ആരംഭിച്ചത് ഇപ്രകാരമാണ്:

ഓരോ ക്രൈസ്തവനും ഉണ്ടായിരിക്കേണ്ട പ്രേഷിത തീക്ഷ്ണത

പ്രിയ സഹോദരീ സഹോദരന്മാരേ,

സുവിശേഷ പ്രഘോഷണാഭിനിവേശം പരിപോഷിപ്പിക്കുന്നതിന് സഹായിക്കുന്നതിന് ദൈവവചനത്താൽ പ്രചോദിതരാകാൻ നമ്മെത്തന്നെ വിട്ടുകൊടുത്തുകൊണ്ട് അപ്പോസ്‌തോലിക തീക്ഷ്ണതയെ അധികരിച്ച് നടത്തിപ്പോന്ന പ്രബോധനപരമ്പരയ്ക്ക് നമ്മൾ ഇന്ന് സമാപനം കുറിക്കുകയാണ്. ഇത് ഓരോ ക്രിസ്ത്യാനിയെയും സംബന്ധിച്ചതാണ്. ജ്ഞാനസ്നാനവേളയിൽ കാർമ്മികൻ, സ്നാനമേറ്റയാളുടെ ചെവിയിലും അധരത്തിലും സ്പർശിച്ചുകൊണ്ട് പറയുന്നതിനെക്കുറിച്ച് നമുക്ക് ചിന്തിക്കാം: "ബധിരർക്ക് ശ്രവണശക്തിയും മൂകർക്ക് സംസാരശേഷിയും പ്രദാനം ചെയ്ത കർത്താവായ യേശു, അവിടത്തെ വചനം ഉടൻ കേൾക്കാനും നിൻറെ വിശ്വാസം ഏറ്റുപറയാനും നിന്നെ അനുവദിക്കട്ടെ".

ദൈവവചനത്തോടുള്ള ബധിരത 

യേശുവിൻറെ അത്ഭുതപ്രവർത്തിയെക്കുറിച്ച് നാം കേട്ടു. സുവിശേഷകൻ മർക്കോസ് അത് എവിടെയാണ് സംഭവിച്ചതെന്ന് വിവരിക്കുന്നു: യേശു "ഗലീലിക്കടൽത്തീരത്തേക്കുപോയി (വാക്യം 31). ഈ പ്രദേശങ്ങൾക്ക് പൊതുവായി എന്താണുള്ളത്? വിജാതീയരാണ് ഇവിടങ്ങളിൽ കൂടുതലായി അധിവസിച്ചിരുന്നത്. ഇസ്രായേൽക്കാർ വസിച്ചിരുന്ന ഇടങ്ങളായിരുന്നില്ല. യേശുവിനോടൊപ്പം ശിഷ്യരും പുറപ്പെട്ടിരുന്നു. കാതുകളും വായും തുറപ്പിക്കാൻ കഴിവുള്ളവനായിരുന്നു യേശു, ബൈബിളിലെ മൂകതയുടെയും ബധിരതയുടെയും വിവക്ഷ സർവ്വോപരി രൂപകാത്മകമാണെന്നും ദൈവത്തിൻറെ ഓർമ്മപ്പെടുത്തലുകളോടുള്ള അടച്ചുപൂട്ടലാണെന്നും നാം ഓർക്കുക. ശാരീരികമായ ഒരു ബധിരതയുണ്ട്, എന്നാൽ ബൈബിളിൽ ദൈവവചനത്തോടു ബധിരതയുള്ളവൻ മൂകനാണ്, അവൻ ദൈവവചനം സംസാരിക്കില്ല.

തുറവുള്ളവരാകുക

ഇതര അടയാളവും സൂചകം തന്നെയാണ്: സുവിശേഷം യേശുവിൻറെ നിർണ്ണായക വചസ്സ്, അറമായ ഭാഷയിലാണ് അവതരിപ്പിക്കുന്നത്. “എഫ്ഫത്താ” (Effatà ) "തുറക്കപ്പെടട്ടെ" എന്നാണ് അതിനർത്ഥം, കാതുകൾ തുറക്കപ്പെടണം, നാവ് തുറക്കപ്പെടണം, അതു കേൾക്കാൻ കഴിവില്ലാതിരുന്ന മൂകബധിരനു വേണ്ടിയല്ല, മറിച്ച് അന്നത്തെയും എക്കാലത്തെയും ശിഷ്യന്മാർക്കുള്ള ഒരു ക്ഷണമാണ്. മാമ്മോദീസായിൽ ആത്മാവിൻറെ “എഫ്ഫത്ത” സ്വീകരിച്ചിരിക്കുന്ന നമ്മളും നമ്മെത്തന്നെ തുറക്കാൻ വിളിക്കപ്പെട്ടിരിക്കുന്നു. "നിന്നെത്തന്നെ തുറക്കുക", എല്ലാ വിശ്വാസികളോടും തൻറെ സഭയോടും യേശു പറയുന്നു: സ്വയം തുറക്കുക, കാരണം സാക്ഷ്യപ്പെടുത്തപ്പെടുകയും പ്രഘോഷിക്കപ്പെടുകയും ചെയ്യപ്പെടേണ്ടതിന്  സുവിശേഷ സന്ദേശത്തിന് നിങ്ങളെ ആവശ്യമുണ്ട്! ഒരു ക്രിസ്ത്യാനിയുടെ മനോഭാവത്തെക്കുറിച്ചും ഇത് നമ്മെ ചിന്തിപ്പിക്കുന്നു: ക്രിസ്ത്യാനി ദൈവവചനത്തോടും മറ്റുള്ളവർക്കുള്ള സേവനത്തോടും തുറവുള്ളവനായിരിക്കണം. അടഞ്ഞ ക്രിസ്ത്യാനികൾ എല്ലായ്പ്പോഴും മോശമായ ഒരന്ത്യത്തിലെത്തുന്നു, കാരണം അവർ ക്രിസ്ത്യാനികളല്ല, അവർ പ്രത്യയശാസ്ത്രജ്ഞരാണ്, അടച്ചുപൂട്ടൽ പ്രത്യയശാസ്ത്രക്കാരാണ്. ഒരു ക്രിസ്ത്യാനി തുറവുള്ളവനായിരിക്കണം: വചനം പ്രഖ്യാപിക്കുന്നതിലും സഹോദരീസഹോദരന്മാരെ സ്വാഗതം ചെയ്യുന്നതിലും തുറവുണ്ടായിരിക്കണം. ഇക്കാരണത്താൽ, ഈ എഫ്ഫത്താ, ഈ "തുറക്കുക", നമ്മെത്തന്നെ തുറക്കാൻ, നമുക്കെല്ലാവർക്കുമുള്ള ഒരു ക്ഷണമാണ്. സുവിശേഷങ്ങളുടെ അവസാനത്തിലും യേശു തൻറെ ഈ പ്രേഷിതാഭിലാഷം  നമുക്ക് പ്രദാനം ചെയ്യുന്നു.

അപരനെ ഹൃദയത്തിൽ പേറുക, യേശുവിൻറെ പക്കലേക്കാനയിക്കുക

സഹോദരീസഹോദരന്മാരേ, നാം സ്നാനമേറ്റവരാകയാൽ, യേശുവിനു സാക്ഷ്യം വഹിക്കാനും അവിടത്തെ പ്രഘോഷിക്കാനും വിളിക്കപ്പെട്ടവരാണെന്ന അവബോധം പുലർത്താം.  അജപാലനപരവും പ്രേഷിതപരവുമായ ഒരു പരിവർത്തനം നടപ്പിലാക്കാൻ അറിയുന്നതിന് ഒരു സഭ എന്ന നിലയിൽ കൃപയ്ക്കായി നമുക്ക് പ്രാർത്ഥിക്കാം. തന്നെ സ്നേഹിക്കുന്നുണ്ടോ എന്ന് കർത്താവ് ഗലീലി കടൽത്തീരത്തുവച്ച് പത്രോസിനോട് ചോദിക്കുകയും തൻറെ അജഗണത്തെ മേയ്ക്കാൻ അവനോട് ആവശ്യപ്പെടുകയും ചെയ്തു (യോഹന്നാൻ 21,15-17 കാണുക). നമുക്കും സ്വയം ചോദിക്കാം, നമ്മൾ ഓരോരുത്തരും ഈ ചോദ്യം സ്വയം ചോദിക്കുക, നമുക്ക് നമ്മോടുതന്നെ ചോദിക്കാം: ഞാൻ സത്യത്തിൽ കർത്താവിനെ, അവിടത്തെ പ്രഘോഷിക്കത്തക്കവിധം സ്നേഹിക്കുന്നുണ്ടോ? അവിടത്തെ സാക്ഷിയാകാൻ എനിക്ക് ആഗ്രഹമുണ്ടോ അതോ അവിടത്തെ ശിഷ്യനായിരിക്കുന്നതിൽ മാത്രം ഞാൻ സംതൃപ്തനാണോ? ഞാൻ കണ്ടുമുട്ടുന്ന ആളുകളെ ഞാൻ ഹൃദയത്തിൽ പേറുന്നുണ്ടോ, ഞാൻ അവരെ പ്രാർത്ഥനയിൽ യേശുവിൻറെ അടുക്കലേക്ക് ആനയിക്കുന്നുണ്ടോ? എൻറെ ജീവിതത്തെ രൂപാന്തരപ്പെടുത്തിയ സുവിശേഷത്തിൻറെ സന്തോഷം അവരുടെ ജീവിതവും കൂടുതൽ മനോഹരമാക്കുന്നതിനുവേണ്ടി എന്തെങ്കിലും ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നുണ്ടോ? നമുക്ക് ഇത് ചിന്തിക്കാം, ഈ ചോദ്യങ്ങൾ മനസ്സിലിട്ടുകൊണ്ട് നമ്മുടെ സാക്ഷ്യവുമായി മുന്നേറാം. നന്ദി.

പ്രഭാഷണാനന്തര അഭിവാദ്യങ്ങൾ

പാപ്പായുടെ, ഇറ്റാലിയന്‍ ഭാഷയിലായിരുന്ന മുഖ്യ പ്രഭാഷണത്തിന്‍റെ അവസാനം അതിൻറെ സംഗ്രഹം ആംഗലവും അറബിയുമുള്‍പ്പെടെ വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെടുകയും ഒരോ വായനയുടെയും അവസാനം പാപ്പാ അതതു ഭാഷാക്കാരെ ഇറ്റാലിയൻ ഭാഷയിൽ അഭിവാദ്യം ചെയ്യുകയും ചെയ്തു.

ഇസ്രായേലിലും പലസ്തീനിലും സമാധാനം ഉണ്ടാകട്ടെ

ഇസ്രായേൽ പലസ്തീൻ സംഘർഷത്തെക്കുറിച്ചു പരാമർശിച്ച പാപ്പാ താൻ അത് അതീവ ആശങ്കയോടെയും വേദനയോടെയുമാണ് നിരീക്ഷിച്ചുകൊണ്ടിരിക്കുന്നതെന്ന് അറിയിക്കുകയും  വെടിനിറുത്തലിനുള്ള തൻറെ അഭ്യർത്ഥന നവീകരിക്കുകയും ചെയ്തു. ചർച്ചകൾ പുനരാരംഭിക്കാൻ ബന്ധപ്പെട്ട എല്ലാ കക്ഷികൾക്കും പാപ്പാ പ്രചോദനം പകരുകയും ഗാസയിലെ ജനങ്ങൾക്ക് മാനവിക സഹായം ലഭിക്കുന്നതിന് അടിയന്തിര നടപടികൾ സ്വീകരിക്കാൻ എല്ലാവരോടും അഭ്യർത്ഥിക്കുകയും ചെയ്തു. ഏതാനും ദിവസങ്ങൾക്കുമുമ്പുണ്ടായ താല്ക്കാലിക വെടിനിറുത്തലിൽ പ്രതീക്ഷയുടെ കിരണങ്ങൾ കണ്ട എല്ലാ ബന്ദികളെയും ഉടൻ മോചിപ്പിക്കണമെന്നു പറയുന്ന പാപ്പാ  ഇസ്രയേൽ ജനതയും പലസ്തീൻ ജനതയും അനുഭവിക്കുന്ന ഈ വലിയ ദുരിതം അവസാനിക്കട്ടെയെന്ന് ആശംസിച്ചു. ആയുധങ്ങൾ വേണ്ടയെന്നു പറയാനും സമാധാനത്തെ സ്വാഗതം ചെയ്യാനും പാപ്പാ അഭ്യർത്ഥിക്കുകയും ചെയ്തു.

സമാപനാഭിവാദ്യങ്ങൾ- വിശുദ്ധ ലൂസിയുടെ തിരുന്നാൾ

പൊതുദർശനപരിപാടിയുടെ അവസാനം പാപ്പാ യുവതീയുവാക്കളെയും വൃദ്ധജനത്തെയും രോഗികളെയും നവദമ്പതികളെയും അഭിവാദ്യം ചെയ്തു. അനുവർഷം ഡിസമ്പർ 13-ന് കന്യകയും രക്തസാക്ഷിയുമായ വിശുദ്ധ ലൂസിയുടെ തിരുന്നാൾ തിരുസഭ ആചരിക്കുന്നത് അനുസ്മരിച്ച പാപ്പാ ഇറ്റലിയുടെ ചില ഭാഗങ്ങളിലും യൂറോപ്പിൻറെ മറ്റു ചില പ്രദേശങ്ങളിലും ഈ തിരുന്നാൾ ദിനത്തിൽ സമാഗതമാകുന്ന തിരുപ്പിറവിത്തിരുന്നളിനോടനുബന്ധിച്ച് സമ്മാനങ്ങൾ കൈമാറുന്നത് പതിവാണെന്ന് പറഞ്ഞു. സൗഹൃദത്തിൻറെയും ക്രിസ്തീയ സാക്ഷ്യത്തിൻറെയുമായ മനോഹര സമ്മാനം കൈമാറാൻ പാപ്പാ എല്ലാവരേയും ക്ഷണിക്കുകയും ചെയ്തു. യുദ്ധം മൂലം കഷ്ടപ്പെടുന്ന ജനങ്ങൾക്ക്, പ്രത്യേകിച്ച് പീഡിത ഉക്രെയ്നിനും ഇസ്രായേലിനും പലസ്തീനിനും സമാധാനമെന്ന ദാനം ലഭിക്കുന്നതിനായി പ്രാർത്ഥിക്കണമെന്ന് പാപ്പാ ഒരിക്കൽകൂടി ഓർമ്മിപ്പിച്ചു. തുടർന്ന് ലത്തീൻഭാഷയിൽ സ്വർഗ്ഗസ്ഥനായ പിതാവേ എന്ന കർത്തൃപ്രാർത്ഥന ആലപിക്കപ്പെട്ടതിനു ശേഷം, പാപ്പാ,  എല്ലാവർക്കും തൻറെ അപ്പൊസ്തോലികാശീർവ്വാദം നല്കി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

13 December 2023, 12:07

ഏറ്റവും അടുത്ത പൊതുകൂടിക്കാഴ്ച

വായിച്ചു മനസ്സിലാക്കാന്‍ >