തിരയുക

തിരുപ്പിറവിത്തിരുന്നാളാഘോഷത്തിൽ തെളിയേണ്ട മിതത്വവും ആനന്ദവും, പാപ്പാ !

ഫ്രാൻസീസ് പാപ്പായുടെ പ്രതിവാര പൊതുകൂടിക്കാഴ്ചാ പ്രഭാഷണം: 800 വർഷം മുമ്പ് വിശുദ്ധ ഫ്രാൻസീസ് അസ്സീസി ഇറ്റലിയിലെ ഗ്രേച്ചോയിൽ ആളുകളെയും കന്നുകാലികളെയും ഉൾക്കൊള്ളിച്ച് ആവിഷ്ക്കരിച്ച തിരുപ്പിറവി രംഗം നല്കുന്ന സന്ദേശം. ക്രിസ്തുമസ്സ് ആഘോഷം ഉപഭോക്തൃത്വത്തിൽ ആമഗ്നമാകാതെ ജാഗരൂഗരായിരിക്കുക.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

കഴിഞ്ഞ വാരത്തിലെന്നപോലെ തന്നെ ഈ ബുധനാഴ്ചയും (20/12/23) വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയ്ക്കടുത്തുള്ള പോൾ ആറാമൻ ശാലയിൽ വച്ചാണ് പാപ്പാ പൊതുകൂടിക്കാഴ്ച അനുവദിച്ചത്. പാപ്പാ ഊന്നുവടിയുടെ സഹായത്തോടെ സാവധാനം നടന്ന് ശാലയിൽ എത്തിയപ്പോൾ അവിടെ സന്നിഹിതരായിരുന്ന തീർത്ഥാടകരും സന്ദർശകരും എഴുന്നേറ്റു നിന്ന് കരഘോഷത്തോടെയും ആരവങ്ങളോടെയും തങ്ങളുടെ ആനന്ദം പ്രകടിപ്പിച്ചു.  റോമിലെ സമയം രാവിലെ 9.00 മണിക്ക്, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 1.30-ന്, ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശനപരിപാടിക്ക് പാപ്പാ തുടക്കം കുറിച്ചു. തുടർന്ന് വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗ പാരായണമായിരുന്നു.

"ദൂതൻ അവരോടു പറഞ്ഞു: ഭയപ്പെടേണ്ടാ. ഇതാ, സകല ജനത്തിനും വേണ്ടിയുള്ള വലിയ സന്തോഷത്തിൻറെ സദ്വാർത്ത ഞാൻ നിങ്ങളെ അറിയിക്കുന്നു. ദാവീദിൻറെ പട്ടണത്തിൽ നിങ്ങൾക്കായി ഒരു രക്ഷകൻ, കർത്താവായ ക്രിസ്തു ഇന്നു ജനിച്ചിരിക്കുന്നു. ഇതായിരിക്കും നിങ്ങൾക്ക് അടയാളം: പിള്ളക്കച്ചകൊണ്ട് പൊതിഞ്ഞ്, പുൽത്തൊട്ടിയിൽ കിടത്തിയിരിക്കുന്ന ഒരു ശിശുവിനെ നിങ്ങൾ കാണും .” ലൂക്കാ 2:10-12.

ഈ വായനയ്ക്കു ശേഷം പാപ്പാ നടത്തിയ പ്രഭാഷണം, തിരുപ്പിറവിത്തിരുന്നാൾ ആസന്നമായിരിക്കുന്ന പശ്ചാത്തലത്തിൽ, ബത്ലഹേം പുരിയിൽ ഉണ്ണിയേശു പിറന്ന സംഭവം അനുസ്മരിപ്പിക്കുന്ന പുൽക്കൂടിനെക്കുറിച്ചായിരുന്നു. വിശുദ്ധ ഫ്രാൻസീസ് അസ്സീസി ഇറ്റലിയിലെ ഗ്രേച്ചൊയിൽ പ്രതിമകൾക്കു പകരം ജീവനുള്ള മനുഷ്യരെയും നാല്ക്കാലികളെയും ഉൾക്കൊള്ളിച്ച് തിരുജനന രംഗം ആദ്യമായി പുനരാവിഷ്ക്കരിച്ച  പുൽക്കുട് മിതത്വത്തിൻറെയും സന്തോഷത്തിൻറെയും വിദ്യാലയമാണ് എന്ന ആശയം പാപ്പാ പങ്കുവച്ചു.  

പാപ്പാ ഇറ്റാലിൻ ഭാഷയിൽ നടത്തിയമുഖ്യ പ്രഭാഷണം :

ഗ്രേച്ചൊയിലെ പുൽക്കൂട്

പ്രിയ സഹോദരീ സഹോദരന്മാരേ, ശുഭദിനം!

800 വർഷങ്ങൾക്ക് മുമ്പ്, 1223 ലെ തിരുപ്പിറവിത്തിരുന്നാൾ വേളയിൽ, വിശുദ്ധ ഫ്രാൻസീസ് ഗ്രേച്ചൊയിൽ ജീവസുറ്റ തിരുപ്പിറവി രംഗം ആവിഷ്ക്കരിച്ചു. വീടുകളിലും മറ്റനേകം ഇടങ്ങളിലും തിരുപ്പിറവി രംഗം തയ്യാറാക്കിക്കൊണ്ടിരിക്കുകയോ പൂർത്തിയാക്കുകയോ ചെയ്യുമ്പോൾ, അതിൻറെ ഉത്ഭവത്തിലേക്കു തിരിഞ്ഞു നോക്കുന്നത് പ്രയോജനപ്രദമാണ്.

വിശുദ്ധ ഫ്രാൻസീസ് അസ്സീസിയുടെ മനോവികാരം

വിശുദ്ധ ഫ്രാൻസിസിൻറെ ഉദ്ദേശ്യം എന്തായിരുന്നു? അദ്ദേഹത്തിൻറെ വാക്കുകളിൽ നിന്ന് നമുക്ക് അത് ഗ്രഹിക്കാം: "ബെത്ലഹേമിൽ ജനിച്ച ശിശുവിനെ പ്രതിനിധാനം ചെയ്യാനും ഒരു നവജാതശിശുവിന് ആവശ്യമായ വസ്തുക്കളുടെ അഭാവം മൂലം ആ പൈതൽ നേരിട്ട ബുദ്ധിമുട്ടുകളും ആ ശിശു ഒരു പുൽത്തൊട്ടിലിൽ എങ്ങനെ കിടത്തപ്പെട്ടുവെന്നും കാളയ്ക്കും കഴുതയ്ക്കും ഇടയിലുള്ള പുല്ലിൽ എങ്ങനെ ശയിച്ചുവെന്നും ശരീരിക നയനങ്ങൾകൊണ്ട് ഏതെങ്കിലുംവിധത്തിൽ കാണാനും ഞാൻ ആഗ്രഹിക്കുന്നു" (TOMMASO DA CELANO, Vita prima, XXX, 84: FF 468). മനോഹരമായ ഒരു കലാസൃഷ്ടി നടത്താനല്ല ഫ്രാൻസീസ് ആഗ്രഹിക്കുന്നത്, അല്ലേയല്ല, മറിച്ച്, നമ്മോടുള്ള സ്നേഹത്തെപ്രതി കർത്താവ് അനുഭവിച്ച പ്രയാസങ്ങളെയും അവിടത്തെ അങ്ങേയറ്റത്തെ വിനയത്തെയുംകുറിച്ച് പുൽക്കൂടിലുടെ വിസ്മയം ജനിപ്പിക്കുന്നതിനാണ്. വിസ്മയം എന്ന പദത്തെക്കുറിച്ച് ചിന്തിക്കുക.  വാസ്തവത്തിൽ, അസ്സീസിയിലെ വിശുദ്ധൻറെ ജീവചരിത്രകാരൻ ഇങ്ങനെ കുറിക്കുന്നു: "ഹൃദയസ്പർശിയായ ആ രംഗത്തിൽ, സുവിശേഷത്തിൻറെ ലാളിത്യം വിളങ്ങുന്നു, ദാരിദ്ര്യം പ്രകീർത്തിതമാകുന്നു, വിനയം ആഖ്യാനിക്കപ്പെടുന്നു. ഗ്രേച്ചൊ ഒരു പുതിയ ബെത്‌ലഹേം പോലെയായി" (ibid., 85: FF 469). ഞാൻ ഒരു വാക്ക് അടിവരയിട്ടുപറഞ്ഞു: വിസ്മയം. ഇത് സുപ്രധാനമാണ്. ക്രൈസ്തവരായ നാം പുൽക്കൂടിനെ മനോഹരമായ ഒന്നായി, ചരിത്രപരമായ, മതപരമായ ഒന്നായി കാണുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നുവെങ്കിലും അത് പോരാ. വചനത്തിൻറെ മനുഷ്യാവതാരരഹസ്യത്തിനു മുന്നിൽ, യേശുവിൻറെ പിറവിക്കു മുന്നിൽ വിസ്മയത്തിൻറെ ഈ മതാത്മകമനോഭാവം ആവശ്യമാണ്. രഹസ്യങ്ങൾക്കുമുന്നിൽ ഞാൻ ഈ വിസ്മയത്തിൽ എത്തിച്ചേർന്നില്ലെങ്കിൽ, എൻറെ വിശ്വാസം വെറും ഉപരിപ്ലവമാണ്;  ഒരു "കമ്പ്യൂട്ടർ സയൻസ് വിശ്വാസം" ആണ്.  ഇത് മറക്കരുത്.

മിതത്വം

ഇതാണ് തിരുപ്പിറവിരംഗത്തിൻറെ ഒരു സവിശേഷത: തിരുപ്പിറവി രംഗം മിതത്വത്തിൻറെ ഒരു വിദ്യാലയമായി പിറവിയെടുക്കുന്നു. ഇതിന് നമ്മോടും ഒരുപാട് കാര്യങ്ങൾ പറയാനുണ്ട്. ഇന്ന്, വാസ്‌തവത്തിൽ, ജീവിതത്തിൽ കാതലായവ നഷ്‌ടപ്പെടാനുള്ള അപകടസാദ്ധ്യത വളരെ വലുതാണ്, തിരുപ്പിറവിത്തിരുന്നാളിനോടടുക്കുന്ന വേളയിൽ അത് വിരോധാഭാസമാംവിധം വർദ്ധമാനമാകുന്നു: അതായത് തിരുജനനത്തിരുന്നാളിൻറെ പൊരുളിനെ കാർന്നുതിന്നു ഉപഭോക്തൃത്വത്തിൽ മുങ്ങുന്നു. തിരുപ്പിറവിത്തിരുന്നാളിലെ ഉപഭോക്തൃത്വം. സമ്മാനങ്ങൾ നൽകാൻ ആഗ്രഹിക്കുന്നു എന്നത് ശരിയാണ്, അത് നല്ലതാണ്, ഇത് ഒരു രീതിയാണ്, എന്നാൽ സാധനങ്ങൾ വാങ്ങിക്കൂട്ടാൻ പോകുന്ന ആ ഭ്രാന്തമായ അവസ്ഥ -  ഇത് മറ്റെവിടെയ്ക്കെങ്കിലും ശ്രദ്ധയെ തിരിക്കുന്നു, തിരുപ്പിറവിയുടെ മിതത്വം അവിടെയില്ല. നമുക്ക് തിരുപ്പിറവിരംഗത്തിലേക്കു നോക്കാം - നമുക്ക് അത് കാണാം, അല്ലേ? പുക്കൂടിനു മുന്നിൽ ആ വിസ്മയം. വിരുന്നൊരുക്കാനും ഉത്സവം സംഘടിപ്പിക്കാനും മാത്രം തത്രപ്പെടുമ്പോൾ അവിടെ വിസ്മയത്തിന് ആന്തരിക ഇടം നഷ്ടമാകുന്നു. ആഘോഷം നടത്തുന്നത് ശരിതന്നെ, എന്നാൽ എന്തു ചൈതന്യത്തോടുകൂടിയാണ് ഞാൻ അത് ചെയ്യുന്നത്?

കാതലായത് കാണാൻ സഹായിക്കുന്ന തിരുപ്പിറവി രംഗം 

സത്താപരമായതിലേക്ക് അതായത്, നമ്മുടെ ഇടയിൽ വസിക്കാൻ വരുന്ന ദൈവത്തിലേക്ക് നമ്മെ പുനരാനയിക്കുന്നതിനാണ് പുൽക്കൂട് ഒരുക്കപ്പെട്ടത്. ആകയാൽ തിരുപ്പിറവിയുടെ രംഗത്തിലേക്കു നോക്കുക സുപ്രധാനമാണ്. കാരണം കാതലായത് എന്താണെന്നും അക്കാലഘട്ടത്തിലെ യേശുവിൻറെ സാമൂഹ്യബന്ധങ്ങളും, മാത്രമല്ല, കുടുംബം, യൗസേപ്പ് മറിയം പ്രിയപ്പെട്ടവർ, ഇടയന്മാർ എന്നിവരെയും മനസ്സിലാക്കാൻ അതു നമ്മെ സഹായിക്കും. വസ്തുക്കളെക്കാൾ മുന്നിൽ വ്യക്തികളാണ്. പലപ്പോഴും നാം വ്യക്തികളെക്കാൾ വസ്തുക്കളെയാണ് പ്രഥമസ്ഥാനത്ത് പ്രതിഷ്ഠിക്കുന്നത്. ഇത് ശരിയാകില്ല.

ആനന്ദം

എന്നാൽ ഗ്രേച്ചോയിലെ തിരുപ്പിറവി രംഗം, അതവതരിപ്പിക്കുന്ന മിതത്വത്തിനു പുറമേ, സന്തോഷത്തെക്കുറിച്ചും സംസാരിക്കുന്നു, കാരണം സന്തോഷം എന്നത് വിനോദത്തിൽ നിന്ന് വ്യത്യസ്തമാണ്. നല്ല രീതിയിൽ ചെയ്യുകയാണെങ്കിൽ വിനോദിക്കുന്നത് മോശം കാര്യമല്ല. അങ്ങനെയല്ലേ? അത് മോശം കാര്യമല്ല, മാനുഷികമായ കാര്യമാണ്. എന്നാൽ സന്തോഷം ഉപരിയാഗാധമാണ്. കൂടുതൽ മാനവികമാണ്. എന്നാൽ ചിലപ്പോൾ സന്തോഷരഹിതമായി വിനോദിക്കാനുള്ള പ്രലോഭനമുണ്ട്; ബഹളം വച്ച് ആഘോഷിക്കുന്നു, എന്നാൽ ആനന്ദം അവിടെയില്ല. തുടരെ ചിരിക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്ന കോമാളിയെപ്പോലെയാണ് ഇത്, അവൻറെ ഹൃദയം ദുഃഖസാന്ദ്രമാണ്. സന്തോഷമാണ് തിരുപ്പിറവിയുടെതായ നല്ല ആഘോഷത്തിൻറെ അടിസ്ഥാനം. മിതത്വത്തെക്കുറിച്ച്  ആ കാലഘട്ടത്തിലെ വൃത്താന്തം പറയുന്നു: "സന്തോഷത്തിൻറെ ദിനം, ആഹ്ലാദത്തിൻറെ സമയം സമാഗതമായി! […] ഫ്രാൻസീസ് […] ഉന്മേഷവാനായി […]. ആളുകൾ ഓടുന്നു ഇതുവരെ ആസ്വദിച്ചിട്ടില്ലാത്ത സന്തോഷം നുകരുന്നു […]. അനിർവചനീയാനന്ദം നിറഞ്ഞവരായിട്ടാണ് എല്ലാവരും വീട്ടിലേക്ക് മടങ്ങിയത്" (Vita prima, XXX, 85-86: FF 469-470). മിതത്വം, വിസ്മയം, നിന്നെ സന്തോഷത്തിലേക്ക്, കപടസന്തോഷത്തിലേക്കല്ല, യഥാർത്ഥ ആനന്ദത്തിലേക്ക് നയിക്കുന്നു.

ദൈവത്തിൻറെ സാമീപ്യം, ആർദ്രത, അനുകമ്പ എന്നീ ത്രിഭാവങ്ങൾ പ്രകടമാകുന്ന പുൽക്കൂട് 

എന്നാൽ ഈ തിരുപ്പിറവിയാനന്ദം എവിടെ നിന്ന് വന്നു? ഭവനത്തിലേക്ക് കൊണ്ടുവന്ന സമ്മാനങ്ങളിലും വിഭവസമൃദ്ധമായ വിരുന്നോടുകൂടിയ ആഘോഷത്തിലും നിന്നല്ല എന്നത് തീർച്ചയാണ്. ഇല്ല, നിങ്ങളെ തനിച്ചാക്കാതെ നിങ്ങളെ സമാശ്വസിപ്പിക്കുന്ന ദൈവത്തിൻറെ ആർദ്രത, യേശുവിൻറെ സാമീപ്യം തൊട്ടറിയുമ്പോൾ ഹൃദയത്തിൽ നിന്ന് കവിഞ്ഞൊഴുകുന്ന സന്തോഷമായിരുന്നു അത്. സാമീപ്യം, ആർദ്രത, അനുകമ്പ ഇവയാണ് ദൈവത്തിൻറെ മൂന്ന് മനോഭാവങ്ങൾ. അടുപ്പം, ആർദ്രത, കരുണ. പുൽക്കുടിനെ നോക്കുമ്പോൾ,  തിരുപ്പിറവി രംഗത്തിനു മുന്നിൽ പ്രാർത്ഥിക്കുമ്പോൾ, നമുക്ക്,  ദൈനംദിന ജീവിതത്തിൽ നമ്മെ സഹായിക്കുന്ന കർത്താവിൻറെ ഈ ഭാവങ്ങൾ അനുഭവവേദ്യമാകും.

പുൽക്കൂട്ടിലേക്കു നോക്കുക

പ്രിയ സഹോദരീസഹോദരന്മാരേ, പ്രത്യാശയുടെയും സന്തോഷത്തിൻറെയും ഉറവിടമായ ദൈവത്തിൻറെ സാമീപ്യം വലിച്ചെടുക്കാനുള്ള ഒരു ചെറു കൂപം പോലെയാണ് തിരുപ്പിറവി രംഗം. പുൽക്കൂട് ജീവനുള്ള സുവിശേഷം പോലെയാണ്, ഒരു ഗാർഹിക സുവിശേഷം. ഇത് ബൈബിളിലെ കിണർ പോലെയാണ്, ബെത്‌ലഹേമിലെ ഇടയന്മാരും ഗ്രേച്ചൊയിലെ ആളുകളും ചെയ്തതുപോലെ, ജീവിതത്തിലെ പ്രതീക്ഷകളും ആശങ്കകളും യേശുവിങ്കലേക്ക് സംവഹിക്കാൻ കഴിയുന്ന സമാഗമ സ്ഥാനമാണിത്. ജീവിതത്തിലെ പ്രതീക്ഷകളും ആശങ്കകളും യേശുവിൻറെ പക്കലേക്ക് കൊണ്ടുപോകുക. നമ്മുടെ ഹൃദയത്തിലുള്ളവ പുൽക്കൂടിനു മുന്നിൽ യേശുവിനെ ഭരമേൽപ്പിച്ചാൽ, നമ്മളും "മഹാ സന്തോഷം" (മത്തായി 2:10) അനുഭവിക്കും, അത് ഈ രഹസ്യങ്ങളെ ഞാൻ ധ്യാനിക്കുന്ന വിസ്മയാരൂപിയിൽ നിന്ന്, ധ്യാനത്തിൽ നിന്ന് വരുന്ന സന്തോഷമാണ്. നമുക്ക്  പുൽക്കുടിനു മുന്നിലേക്ക് പോകാം. എല്ലാവരും നോക്കുക, നിങ്ങളുടെ ഹൃദയത്തിൽ എന്തെങ്കിലും തോന്നലുണ്ടാകാൻ അനുവദിക്കുക. നന്ദി.

പ്രഭാഷണാനന്തര അഭിവാദ്യങ്ങളും ആശീർവ്വാദവും

ഈ വാക്കുകളെ തുടര്‍ന്ന് പാപ്പായുടെ, ഇറ്റാലിയന്‍ ഭാഷയിലായിരുന്ന, പ്രഭാഷണത്തിന്‍റെ സംഗ്രഹം ആംഗലവും അറബിയുമുള്‍പ്പെടെ വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെടുകയും ഒരോ വായനയുടെയും അവസാനം പാപ്പാ അതതു ഭാഷാക്കാരെ ഇറ്റാലിയൻ ഭാഷയിൽ അഭിവാദ്യം ചെയ്യുകയും ചെയ്തു.

ചൈനയിലെ ഭൂകമ്പ ദുരന്തം

പതിനെട്ടാം തീയതി തിങ്കളാഴ്ച ചൈനയിലെ ഗൺസൂ ക്യുംഹായ് എന്നീ പ്രവിശ്യകളിൽ ഉണ്ടായ ഭൂകമ്പത്തിൽ മരണമടഞ്ഞവരെയും മുറിവേറ്റവരെയും പാപ്പാ അനുസ്മരിക്കുകയും ഈ ദുരന്തംമൂലം യാതനകളനുഭവിക്കുന്ന ജനങ്ങൾക്കായി പ്രാർത്ഥിക്കുയും അവർക്ക് സഹായഹസ്തം നീട്ടുന്നവർക്ക് പ്രചോദനം പകരുകയും ചെയ്തു.

ആഫ്രിക്കയിൽ നിന്ന് പലായനം ചെയ്യുന്ന കുടിയേറ്റക്കാർ  

ആഫ്രിക്കയിലെ അടിമത്തത്തിൽ നിന്ന് സമുദ്രം വഴി പലായനം ചെയ്യുന്നവർക്ക് രക്ഷകരായെത്തുന്ന “മെഡിറ്ററേനിയ സേവിംഗ് ഹ്യൂമൻസ്”  സംഘത്തെ സംബോധന ചെയ്ത പാപ്പാ ആളുകളെ രക്ഷിക്കുകയെന്നത് മഹത്തായ ഒരു കർമ്മമാണെന്ന് ശ്ലാഘിച്ചു.

യുദ്ധവേദികളിൽ ദുരിതമനുഭവിക്കുന്നവർ

യുദ്ധം മൂലം കഷ്ടപ്പെടുന്നവരെയും, വിശിഷ്യ, പലസ്തീൻ, ഇസ്രായേൽ, ഉക്രൈയിൻ എന്നീ നാടുകളെ പാപ്പാ അനുസ്മരിച്ചു. യുദ്ധം എന്നും ഒരു തോൽവിയാണെന്നും ആയുധനിർമ്മാതാക്കൾ മാത്രമാണ് അതിൽ നിന്ന് നേട്ടം കൊയ്യുന്നതെന്നുമുള്ള തൻറെ ബോധ്യം പാപ്പാ ആവർത്തിച്ചു വെളിപ്പെടുത്തുകയും ചെയ്തു. യുദ്ധം മൂലം യാതനകളനുഭവിക്കുന്ന കുഞ്ഞുങ്ങളെ പാപ്പാ പ്രത്യേകം ഓർമ്മിക്കുകയും പുൽക്കൂടിനു മുന്നിൽ യേശുവിനോട് സമാധാനം യാചിക്കാൻ എല്ലാവരെയും ക്ഷണിക്കുകയും ചെയ്തു.

സമാപനാശീർവ്വാദം

പൊതുദർശനപരിപാടിയുടെ അവസാനം പാപ്പാ യുവതീയുവാക്കളെയും വൃദ്ധജനത്തെയും രോഗികളെയും നവദമ്പതികളെയും അഭിവാദ്യം ചെയ്തു. തുടർന്ന് ലത്തീൻഭാഷയിൽ സ്വർഗ്ഗസ്ഥനായ പിതാവേ എന്ന കർത്തൃപ്രാർത്ഥന ആലപിക്കപ്പെട്ടതിനു ശേഷം, പാപ്പാ,  എല്ലാവർക്കും തൻറെ അപ്പൊസ്തോലികാശീർവ്വാദം നല്കി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

20 December 2023, 12:19

ഏറ്റവും അടുത്ത പൊതുകൂടിക്കാഴ്ച

വായിച്ചു മനസ്സിലാക്കാന്‍ >