സ്വന്തം ഹൃദയം സംരക്ഷിക്കുന്നവൻ നിധി കാത്തുസൂക്ഷിക്കുന്നു, പാപ്പാ !
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ഈ ബുധനാഴ്ച (27/12/23) ഫ്രാൻസീസ് പാപ്പാ അനുവദിച്ചത് 2023 ലെ അവസാനത്തെ പ്രതിവാര പൊതുദർശനം ആയിരുന്നു. കഴിഞ്ഞ വാരത്തിലെന്നപോലെ തന്നെ ഇത്തവണയും വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയ്ക്കടുത്തുള്ള പോൾ ആറാമൻ ശാലയായിരുന്നു വേദി. പാപ്പാ ഊന്നുവടിയുടെ സഹായത്തോടെ സാവധാനം നടന്ന് ശാലയിൽ എത്തിയപ്പോൾ അവിടെ സന്നിഹിതരായിരുന്ന തീർത്ഥാടകരും സന്ദർശകരും എഴുന്നേറ്റു നിന്ന് കരഘോഷത്തോടെയും ആരവങ്ങളോടെയും തങ്ങളുടെ ആനന്ദം പ്രകടിപ്പിച്ചു. വേദപുസ്തക വായനയ്ക്കും മറ്റുമായി വേദിയയിൽ ഉണ്ടായിരുന്നവരുടെ അടുത്ത് ചെന്ന് അവരെ അഭിവാദ്യം ചെയ്തതിനു ശേഷം വേദിമദ്ധ്യത്തിലെത്തിയ പാപ്പാ റോമിലെ സമയം രാവിലെ 9.00 മണിക്ക്, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 1.30-ന്, ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിച്ചു. തുടർന്ന് വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗ പാരായണമായിരുന്നു.
"ജനസഞ്ചയത്തെ വീണ്ടും അടുത്തേക്കു വിളിച്ച് അവൻ പറഞ്ഞു: നിങ്ങളെല്ലാവരും എൻറെ വാക്കു കേട്ടു മനസിലാക്കുവിൻ. പുറമേനിന്ന് ഉള്ളിലേക്കു കടന്ന്, ഒരുവനെ അശുദ്ധനാക്കാൻ ഒന്നിനും കഴിയില്ല. എന്നാൽ ഉള്ളിൽ നിന്നു പുറപ്പെടുന്നവയാണ് അവനെ അശുദ്ധനാക്കുന്നത്..... എന്തെന്നാൽ, തിന്മകളെല്ലാം ഉള്ളിൽ നിന്നാണ് വരുന്നത്.” മർക്കോസ് 7:14-15.21
ഈ വായനയ്ക്കു ശേഷം പാപ്പാ പുതിയൊരു പ്രബോധനപരമ്പരയ്ക്ക് തുടക്കം കുറിച്ചു. സുവിശേഷവത്ക്കരണ തീക്ഷ്ണതയെ അധികരിച്ച് പ്രതിവാരപൊതുകൂടിക്കാഴ്ചാ വേളയിൽ നടത്തിപ്പോന്നിരുന്ന പ്രബോധനത്തെ തുടർന്ന് പാപ്പാ തുടക്കം കുറിച്ചിരിക്കുന്നത് ഹൃദയപരിപാലനത്തെ അധികരിച്ചുള്ള വിചിന്തനമാണ്. പുതിയ പ്രബോധന പരമ്പരയ്ക്ക് ഒരു ആമുഖമായിരുന്നു പാപ്പായുടെ പ്രഭാഷണം.
പാപ്പാ ഇറ്റാലിൻ ഭാഷയിൽ നടത്തിയ മുഖ്യ വിചിന്തനം:
പതുങ്ങിയെത്തുന്ന പ്രലോഭകനും ആദിമാതാപിതാക്കളുടെ പതനവും
പ്രിയ സഹോദരീ സഹോദരന്മാരേ, ശുഭദിനം!
ദുർഗുണങ്ങളെയും സദ്‌ഗുണങ്ങളെയും അധികരിച്ചുള്ള ഒരു പ്രബോധനപരമ്പരയ്ക്ക്, പുതിയ പരമ്പരയ്ക്ക്, തുടക്കംകുറിക്കാൻ ഇന്നു ഞാൻ ആഗ്രഹിക്കുകയാണ്. ബൈബിളിൻറെ തുടക്കത്തിൽ നിന്നു തന്നെ നമുക്ക് അതാരംഭിക്കാം, അതിൽ, ഉല്പത്തി പുസ്തകം, ആദിമാതാപിതാക്കളുടെ കഥയിലൂടെ, തിന്മയുടെയും പ്രലോഭനത്തിൻറെയും ചലനാത്മകത അവതരിപ്പിക്കുന്നു. നമുക്ക് ഭൗമികപറുദീസയെക്കുറിച്ച് ചിന്തിക്കാം. സന്തോഷത്തിൻറെയും സമാധാനത്തിൻറെയുമായ ചുറ്റുപാടിനെ പ്രതിനിധാനം ചെയ്യുന്ന ഏദൻതോട്ടത്തിൽ പ്രലോഭനത്തിൻറെ പ്രതീകമായി മാറുന്ന ഒരു കഥാപാത്രം പ്രത്യക്ഷപ്പെടുന്നു: സർപ്പം. പാമ്പ് പതുങ്ങിയിരിക്കുന്ന ഒരു ജീവിയാണ്: അത് നിലത്തിഴഞ്ഞ് സാവധാനം നീങ്ങുന്നു, ചിലപ്പോൾ നീ അതിൻറെ സാന്നിദ്ധ്യം തിരിച്ചറിയുകപോലുമില്ല, നിശബ്ദമാണത്. കാരണം അതിന് പരിസ്ഥിതിയുമായി അത്രമാത്രം നന്നായി ഇഴുകിച്ചേരാൻ കഴിയുന്നു. അതുകൊണ്ടുതന്നെ സർവ്വോപരി, അത് അപകടകാരിയാണ്.
ഏദൻ തോട്ടത്തിലെ നിരോധനത്തിൻറെ ഭാവാത്മത
ആദാമിനോടും ഹവ്വയോടും സംഭാഷണം ആരംഭിക്കുമ്പോൾ, ഈ കഥാപാത്രം ഒരു പ്രബുദ്ധ യുക്തിവാദിയായി പ്രത്യക്ഷപ്പെടുന്നു. മോശം ജല്പനങ്ങളിൽ ചെയ്യുന്നതുപോലെ, അനർത്ഥകരമായ ഒരു ചോദ്യത്തോടെയാണ് അത് ആരംഭിക്കുന്നത്: "തോട്ടത്തിലെ ഒരു വൃക്ഷത്തിൻറെയും കനി തിന്നരുതെന്ന് ദൈവം പറഞ്ഞിട്ടുണ്ട് എന്നത് ശരിയാണോ?" (ഉല്പത്തി 3:1). ഈ വാചകത്തിൽ തെറ്റുണ്ട്: ദൈവം, വാസ്തവത്തിൽ, സ്ത്രീക്കും പുരുഷനും, ഒരു പ്രത്യേക വൃക്ഷത്തിൻറെ, അതായത്, നന്മതിന്മകളെക്കുറിച്ചുള്ള അറിവിൻറെ വൃക്ഷത്തിൻറെ, ഫലങ്ങൾ ഒഴികെ, തോട്ടത്തിലെ എല്ലാ പഴങ്ങളും നല്കി. ഈ നിരോധനം, ചിലപ്പോഴൊക്കെ തെറ്റായി വ്യാഖ്യാനിക്കപ്പെടുന്നതുപോലെ, മനുഷ്യനെ യുക്തി ഉപയോഗിക്കുന്നതിൽ നിന്ന് തടയാൻ ഉദ്ദേശിച്ചുള്ളതല്ല, മറിച്ച്, ജ്ഞാനത്തിൻറെ അളവുകോലാണ്. അത് ഇങ്ങനെ പറയുന്നതുപോലെയാണ്: നീ പരിമിതി തിരിച്ചറിയുക, നീ സകലത്തിൻറെയും യജമാനനാണെന്ന തോന്നൽ നിനക്കുണ്ടാകരുത്, കാരണം അഹങ്കാരം എല്ലാ തിന്മകളുടെയും തുടക്കമാണ്. അതിനാൽ, ദൈവം ആദിമാതാപിതാക്കളെ സൃഷ്ടിയുടെ യജമാനന്മാരും സംരക്ഷകരുമാക്കി, എന്നാൽ അവരെ സർവ്വശക്തരാണെന്ന ഭാവത്തിൽ നിന്ന്, നന്മയുടെയും തിന്മയുടെയും യജമാനന്മാരാകുന്നതിൽ നിന്ന് സംരക്ഷിക്കാൻ അവിടന്ന് ആഗ്രഹിക്കുന്നു. ഈ ഭാവം മാനവ ഹൃദയത്തിന് ഏറ്റവും അപകടകരമായ ചതിക്കുഴിയാണ്.
തെറ്റിദ്ധാരണ സന്നിവേശിപ്പിക്കുന്ന പ്രലോഭകൻ
നമുക്കറിയാവുന്നതുപോലെ, സർപ്പത്തിൻറെ പ്രലോഭനത്തെ ചെറുക്കാൻ ആദാമിനും ഹവ്വായ്ക്കും കഴിഞ്ഞില്ല. അവരെ അധീനരാക്കുന്ന, അത്ര നല്ലവനല്ലാത്ത ഒരു ദൈവത്തെക്കുറിച്ചുള്ള ആശയം അവരുടെ മനസ്സിൽ സന്നിവേശിപ്പിക്കപ്പെട്ടു: അതോടെ എല്ലാം തകരുന്നു. തിന്മ മനുഷ്യനിൽ തുടക്കംകുറിക്കുന്നത് കോലാഹലത്തോടെയല്ല, ഒരു ചെയ്തി പ്രകടമാകുമ്പോൾ അല്ല, മറിച്ച്, അതിനൊക്കെ വളരെ നേരത്തെ, ഒരുവൻ അതിനെക്കുറിച്ച് ചിന്തിക്കാൻ തുടങ്ങുമ്പോൾത്തന്നെ, അതിൻറെ മുഖസ്തുതിയുടെ കെണിയിൽ വീഴുംവിധം ഭാവനയിയിലും ചിന്തകളിലും അതിനെ താലോലിക്കാൻ തുടങ്ങുമ്പോൾ ആണെന്ന് ഈ വിവരണങ്ങളിലൂടെ ബൈബിൾ നമുക്ക് മനസ്സിലാക്കിത്തരുന്നു. ആബേലിൻറെ കൊലപാതകത്തിൻറെ ആരംഭം എറിയപ്പെട്ട ഒരു കല്ലിനാല്ല, മറിച്ച് കായേൻ നിർഭാഗ്യവശാൽ, അവൻറയുള്ളിൽ രാക്ഷസരൂപം പ്രാപിക്കത്തക്കവിധം സൂക്ഷിച്ച പകയാലാണ്. ഇക്കാര്യത്തിലും പോലും, ദൈവത്തിൻറെ ശുപാർശകൾ മൂല്യരഹിതമായി ഭവിക്കുന്നു.
സാത്താനുമായി സംഭാഷണമരുത്
പ്രിയ സഹോദരീസഹോദരന്മാരേ, പിശാചുമായി ഒരു സംഭാഷണവുമില്ല. ഒരിക്കലുമില്ല! അവനുമായി ഒരിക്കലും ചർച്ച പാടില്ല. യേശു ഒരിക്കലും പിശാചുമായി സംഭാഷണത്തിലേർപ്പെട്ടില്ല; അവിടന്ന് അവനെ തുരത്തുകയാണ് ചെയ്തത്. മരുഭൂമിയിൽ അവൻ പ്രലോഭനങ്ങളുമായി വന്നപ്പോൾ അവിടന്ന് സംഭാഷണത്തിലൂടെയല്ല പ്രതികരിച്ചത്; ലളിതമായി, വിശുദ്ധഗ്രന്ഥ വചസ്സുകൾകൊണ്ട്, ദൈവവചനംകൊണ്ട് അവിടന്ന് പ്രത്യുത്തരിച്ചു. നിങ്ങൾ സൂക്ഷിക്കുക: പിശാച് ഒരു പ്രലോഭകനാണ്. അവനുമായി ഒരിക്കലും സംഭാഷണത്തിലേർപ്പെടരുത്, കാരണം അവൻ എല്ലാവരേക്കാളും സൂത്രശാലിയാണ്, മാത്രമല്ല അവൻ നമ്മെക്കൊണ്ട് വില നല്കിക്കും. പ്രലോഭനമുണ്ടാകുമ്പോൾ ഒരിക്കലും സംഭാഷണത്തിലേർപ്പെടരുത്. വാതിൽ അടയ്ക്കുക, ജനൽ അടയ്ക്കുക, ഹൃദയം അടയ്ക്കുക. അങ്ങനെ, ഈ വശീകരണത്തിൽ നിന്ന് നമുക്ക് സ്വയം പ്രതിരോധിക്കാം, കാരണം തന്ത്രശാലിയായ പിശാച് ബുദ്ധിമാനാണ്. അവൻ ബൈബിൾ ഉദ്ധരണികൾ ഉപയോഗിച്ച് യേശുവിനെ പ്രലോഭിപ്പിക്കാൻ ശ്രമിച്ചു! അവിടെ അവൻ മഹാനായ ഒരു ദൈവശാസ്ത്രജ്ഞനായി ഭാവിച്ചു. പിശാചുമായി ഒരു സംഭാഷണവുമരുത്. ഇത് നിങ്ങൾക്ക് ശരിയായി മനസ്സിലായിട്ടുണ്ടോ? നിങ്ങൾ സൂക്ഷിക്കുക. പിശാചുമായി സംഭാഷണം പാടില്ല, പ്രലോഭനങ്ങളുമായി ഇടപഴകരുത്. സംവദിക്കരുത്. പ്രലോഭനമുണ്ടാകുമ്പോൾ നമുക്ക് വാതിൽ അടയ്ക്കാം. നമുക്ക് ഹൃദയത്തെ സംരക്ഷിക്കാം.
സ്വന്തം ഹൃത്തിൻറെ കാവലാളാകുക
സ്വന്തം ഹൃദയത്തിൻറെ കാവൽക്കാരായിരിക്കണം നമ്മൾ. ഇക്കാരണത്താൽത്തന്നെ നമ്മൾ പിശാചുമായി സംഭാഷണത്തിലേർപ്പെടില്ല. പല പിതാക്കന്മാരിലും വിശുദ്ധരിലും നാം പ്രകടമായി കാണുന്നത് ഹൃദയത്തെ കാക്കുക എന്ന ശുപാർശയാണ്. ഹൃദയത്തെ കാത്തുസൂക്ഷിക്കുക. ഹൃദയത്തെ കാത്തുസൂക്ഷിക്കാൻ പഠിക്കുന്നതിനുള്ള ഈ കൃപയ്ക്കായി നാം പ്രാർത്ഥിക്കണം. ഹൃദയത്തെ എങ്ങനെ സംരക്ഷിക്കണം എന്നത് ജ്ഞാനമാണ്. ഈ കർമ്മത്തിൽ കർത്താവ് നമ്മെ സഹായിക്കട്ടെ. സ്വന്തം ഹൃദയം കാത്തുസൂക്ഷിക്കുന്നവൻ നിധി സംരക്ഷിക്കുന്നു. സഹോദരീ സഹോദരന്മാരേ, ഹൃദയത്തെ സംരക്ഷിക്കാൻ നമുക്ക് പഠിക്കാം. നന്ദി.
പ്രഭാഷണാനന്തരം അഭിവാദ്യങ്ങളും സമാധാനാഭ്യർത്ഥനകളും
ഈ വാക്കുകളെ തുടര്‍ന്ന് പാപ്പായുടെ, ഇറ്റാലിയന്‍ ഭാഷയിലായിരുന്ന, പ്രഭാഷണത്തിന്‍റെ സംഗ്രഹം ആംഗലവും അറബിയുമുള്‍പ്പെടെ വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെടുകയും ഒരോ വായനയുടെയും അവസാനം പാപ്പാ അതതു ഭാഷാക്കാരെ ഇറ്റാലിയൻ ഭാഷയിൽ അഭിവാദ്യം ചെയ്യുകയും ചെയ്തു.
പൊതുദർശനപരിപാടിയുടെ അവസാനം പാപ്പാ യുവതീയുവാക്കളെയും വൃദ്ധജനത്തെയും രോഗികളെയും നവദമ്പതികളെയും അഭിവാദ്യം ചെയ്തു. ബത്‌ലഹേമിലെ പൈതൽ അവൻറെ പ്രകാശം എല്ലാവർക്കും നൽകട്ടെയെന്നു, അതുവഴി പുതുവർഷത്തിലെ ദൈനംദിന പ്രവർത്തനങ്ങൾ സുവിശേഷത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുകൊണ്ട് ചെയ്യാൻ കഴിയട്ടെയെന്നും പാപ്പാ ആശംസിച്ചു.
യുദ്ധം ഒരു തിന്മ; സമാധാനത്തിനായി പ്രാർത്ഥിക്കുക
അക്രമത്തിൻറെയും യുദ്ധത്തിൻറെയും ഭീകരമായ അനന്തരഫലങ്ങൾ അനുഭവിക്കുന്നവർക്കുവേണ്ടി പ്രാർത്ഥിക്കാൻ പാപ്പാ എല്ലാവരെയും ക്ഷണിച്ചു. പീഡിത ഉക്രൈയിനിനും പലസ്തീനിലെയും ഇസ്രായേലിലെയും ജനങ്ങൾക്കും വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണമെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. യുദ്ധം ഒരു തിന്മയാണെന്ന് പ്രസ്താവിച്ച പാപ്പാ യുദ്ധങ്ങൾക്ക് അവസാനമുണ്ടാകുന്നതിനായി പ്രാർത്ഥിക്കാൻ എല്ലാവരെയും ക്ഷണിച്ചു.
പൊതുദർശനപരിപാടിയുടെ അവസാനം ലത്തീൻ ഭാഷയിൽ സ്വർഗ്ഗസ്ഥനായ പിതാവേ എന്ന കർത്തൃപ്രാർത്ഥന ആലപിക്കപ്പെട്ടു. അതിനു ശേഷം, പാപ്പാ, എല്ലാവർക്കും തൻറെ അപ്പൊസ്തോലികാശീർവ്വാദം നല്കി.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: