മാമ്മോദീസാ: പ്രസാദവരത്തിൽ നാം പിറക്കുന്ന ദിവസം, പുതു ജന്മദിനം, പാപ്പാ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
കർത്താവിൻറെ ജ്ഞാനസ്നാനത്തിരുന്നാൾ ദിനമായിരുന്ന ഈ ഞായറാഴ്‌ച (07/01/24) ഫ്രാൻസീസ് പാപ്പാ, ഞാറാഴ്ചകളിലെ പതിവനുസരിച്ച്, വത്തിക്കാനിൽ പൊതുവായ മദ്ധ്യാഹ്നപ്രാർത്ഥന നയിച്ചു. അതിൽ പങ്കുകൊള്ളുന്നതിന് വിവിധരാജ്യക്കാരായിരുന്ന പന്തീരായിരത്തോളം വിശ്വാസികൾ, വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ അങ്കണത്തിലും പരിസരത്തുമായി സന്നിഹിതരായിരുന്നു. പാപ്പാ ത്രികാലജപം നയിക്കുന്നതിന് പതിവുജാലകത്തിങ്കൽ പ്രത്യക്ഷപ്പെട്ടപ്പോൾ ജനസഞ്ചയത്തിൻറെ കരഘോഷവും ആനന്ദാരവങ്ങളും ഉയർന്നു. റോമിലെ സമയം ഉച്ചയ്ക്ക് 12 മണിക്ക്, ഇന്ത്യയിലെ സമയം, ഇന്ത്യയും ഇറ്റലിയും തമ്മിൽ ഇപ്പോഴുള്ള സമയവിത്യാസമനുസരിച്ച്, വൈകുന്നേരം 4,30-ന്, “കർത്താവിൻറെ മാലാഖ” എന്നാരംഭിക്കുന്ന മദ്ധ്യാഹ്ന പ്രാർത്ഥന നയിക്കുന്നതിനു മുമ്പ് പാപ്പാ നടത്തിയ വിചിന്തനത്തിന് ആധാരം, ലത്തീൻറീത്തിൻറെ ആരാധനാക്രമനുസരിച്ച്, കർത്താവിൻറെ ജ്ഞാനസ്നാനത്തിരുന്നാൾ ആചരിക്കപ്പെട്ട ഈ ഞായാറാഴ്ച (07/01/24) ദിവ്യബലി മദ്ധ്യേ വായിക്കപ്പെട്ട ദൈവവചന ഭാഗങ്ങളിൽ, മർക്കോസിൻറെ സുവിശേഷം ഒന്നാം അദ്ധ്യായം, 7-11 വരെയുള്ള വാക്യങ്ങൾ (മർക്കോസ് 1,7-11) അതായത്, യേശു ജോർദ്ദാൻ നദിയിൽ വച്ച് സ്നാപകയോഹന്നാനിൽ നിന്ന് ജ്ഞാനസ്നാനം സ്വീകരിക്കുന്ന സംഭവം ആയിരുന്നു.
പാപ്പാ ഇറ്റാലിയൻ ഭാഷയിൽ നടത്തിയ പ്രഭാഷണം:
കർത്താവിൻറെ മാമ്മോദീസാ -പാപമേശാത്തവൻ പാപികളോടുകൂടെ
പ്രിയ സഹോദരീ സഹോദരന്മാരേ, ശുഭദിനം!
ഇന്ന് നാം കർത്താവിൻറെ മാമ്മോദീസാ ആഘോഷിക്കുന്നു (മർക്കോസ് 1,7-11 കാണുക). ജോർദ്ദാൻ നദിയിൽ വച്ചാണ് ഇത് നടക്കുന്നത്, അതിനാൽത്തന്നെ, സ്നാപകൻ എന്നു വിളിക്കപ്പെടുന്ന യോഹന്നാൻ, ഒരു ശുദ്ധീകരണ കർമ്മം നടത്തുന്നു. പാപം വെടിയാനും മാനസാന്തരപ്പെടാനുമുള്ള പ്രതിബദ്ധത ആവിഷ്ക്കരിക്കുന്നതാണത്. ആളുകൾ എളിമയോടെയും ആത്മാർത്ഥതയോടെയും, ആരാധനക്രമം പറയുന്നതുപോലെ, "നഗ്നമായ ആത്മാവോടും നഗ്നപാദങ്ങളോടും കൂടി" സ്നാനപ്പെടാൻ പോകുന്നു, തൻറെ ശുശ്രൂഷയ്ക്ക് തുടക്കംകുറിച്ചുകൊണ്ട് യേശുവും അവിടേയ്ക്കു പോകുന്നു: അങ്ങനെ അവിടന്ന് താൻ പാപികളുടെ ചാരെ ആയിരിക്കാൻ ആഗ്രഹിക്കുന്നുവെന്നും അവർക്കുവേണ്ടിയാണ്, പാപികളായ നമുക്കെല്ലാവർക്കും വേണ്ടിയാണ് വന്നതെന്നും കാണിക്കുന്നു.
ദൈവപുത്രനുള്ള സ്ഥിരീകരണം
ആ ദിവസം തന്നെ ചില അസാധാരണ സംഭവങ്ങൾ അരങ്ങേറുന്നു. പ്രത്യക്ഷത്തിൽ മറ്റെല്ലാവർക്കും തുല്യനായ യേശുവിൽ തന്നെക്കാൾ “കൂടുതൽ ശക്തനായവനും” (മർക്കോസ് 1,7) “പരിശുദ്ധാത്മാവിനാൽ സ്നാനപ്പെടുത്തുന്ന”വനുമായവനെ (മർക്കോസ് 1,8) സ്നാപക യോഹന്നാൻ പരസ്യമായി തിരിച്ചറിഞ്ഞുകൊണ്ട് അസാധാരണമായ എന്തോ പറയുന്നു. പിന്നീട് സ്വർഗ്ഗം തുറക്കപ്പെടുന്നു, പരിശുദ്ധാരൂപി ഒരു പ്രാവിനെപ്പോലെ യേശുവിൻറെ മേൽ ഇറങ്ങിവരുന്നു (വാക്യം 10കാണുക) അപ്പോൾ സ്വർഗ്ഗത്തിൽ നിന്ന് പിതാവിൻറെ സ്വരം മുഴങ്ങുന്നു. പിതാവ് ഇങ്ങനെ പ്രഖ്യാപിക്കുന്നു: "നീ എൻറെ പ്രിയ പുത്രൻ: നിന്നിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു" (മർക്കോസ് 1,11 കാണുക).
നമ്മെ ദൈവമക്കളാക്കുന്ന മാമ്മോദീസാ
ഇതെല്ലാം, ഒരു വശത്ത്, യേശു ദൈവപുത്രനാണെന്ന് നമുക്ക് വെളിപ്പെടുത്തിത്തരുകയും മറുവശത്താകട്ടെ, നമ്മെ ദൈവമക്കളാക്കിത്തീർത്ത നമ്മുടെ സ്നാനത്തെക്കുറിച്ച് നമ്മോട് സംസാരിക്കുകയും ചെയ്യുന്നു, എന്തെന്നാൽ മാമ്മോദീസാ നമ്മെ ദൈവത്തിൻറെ മക്കളാക്കുന്നു. ദൈവം നമ്മിലേക്ക് വരുകയും നമ്മുടെ ഹൃദയത്തെ ശുദ്ധീകരിക്കുകയും സുഖപ്പെടുത്തുകയും, നമ്മെ എന്നെന്നേക്കുമായി അവിടത്തെ മക്കളും, അവിടത്തെ ജനവും, കുടുംബവും, പറുദീസയുടെ അവകാശികളും ആക്കുകയും ചെയ്യുന്നതാണ് ജ്ഞാനസ്നാനം (കത്തോലിക്കാസഭയുടെ മതബോധനം, 1279 കാണുക). ദൈവം നമുക്ക് ഉറ്റവനായിത്തീരുകയും നമ്മിൽ നിന്ന് ഒരിക്കലും വേർപിരിയാതിരിക്കുകയും ചെയ്യുന്നു. അതുകൊണ്ടാണ് മാമ്മോദീസാ ദിനം നാം ഓർമ്മിക്കേണ്ടതും ആ തീയതി അറിഞ്ഞിരിക്കേണ്ടതും പ്രധാന്യമർഹിക്കുന്നത്. ഞാൻ നിങ്ങളോട് എല്ലാവരോടും ചോദിക്കുന്നു - എല്ലാവരും അതിനെക്കുറിച്ച് ചിന്തിക്കുക -: "ഞാൻ എൻറെ മാമ്മോദീസാ തീയതി ഓർക്കുന്നുണ്ടോ?". നീ അത് ഓർക്കുന്നില്ലെങ്കിൽ, നീ വീട്ടിൽ തിരിച്ചെത്തുമ്പോൾ അത് ചോദിച്ചറിയുകയും, ഒരിക്കലും മറക്കാതിരിക്കുകയും ചെയ്യുക, കാരണം ഇത് ഒരു പുതിയ ജന്മദിനമാണ്, എന്തെന്നാൽ നിൻറെ ജ്ഞാനസ്നാത്താൽ നീ പ്രസാദവര ജീവിതത്തിൽ ജനിച്ചിരിക്കുന്നു. മാമ്മോദീസായ്ക്ക് നമ്മൾ കർത്താവിന് നന്ദി പറയുകയാണ്. കൂടാതെ, നമ്മെ മാമ്മോദീസാതൊട്ടിയിലേക്കു കൊണ്ടുപോയ മാതാപിതാക്കൾക്കും, നമുക്ക് കൂദാശ നൽകിയ ആൾക്കും, തലതൊട്ടപ്പനും തലതൊട്ടമ്മയ്ക്കും നാം അവിടത്തെ സ്വീകരിച്ചത് ഏതു സമൂഹത്തിലാണോ ആ സമൂഹത്തിനും വേണ്ടി നമുക്ക് അവിടത്തോട് നന്ദി പറയാം. സ്വന്തം ജ്ഞാനസ്നാനം ആഘോഷിക്കുക: മാമ്മോദീസാ: ഇതൊരു പുതിയ ജന്മദിനമാണ്.
എന്നിലെ ദൈവസാന്നിദ്ധ്യം ഞാൻ തിരിച്ചറിയുന്നുണ്ടോ?
നമുക്ക് സ്വയം ചോദിക്കാം: മാമ്മോദീസാ വഴി ഞാൻ എൻറെ ഉള്ളിൽ സംവഹിക്കുന്ന മഹത്തായ ദാനത്തെക്കുറിച്ച് എനിക്ക് അവബോധമുണ്ടോ? എന്നെ തൻറെ പ്രിയ മകനായി, വത്സല മകളായി കാണുന്ന ദൈവത്തിൻറെ സാന്നിദ്ധ്യത്തിൻറെ വെളിച്ചം എൻറെ ജീവിതത്തിൽ ഞാൻ തിരിച്ചറിയുന്നുണ്ടോ? ഇപ്പോൾ, നമ്മുടെ സ്നാനത്തിൻറെ സ്മരണാർത്ഥം, നമ്മുടെ ഉള്ളിലെ ദൈവസാന്നിദ്ധ്യത്തെ നമുക്ക് സ്വാഗതം ചെയ്യാം. നമ്മെ സ്നേഹിക്കുകയും നമ്മോടൊപ്പം ആയിരിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്ന ദൈവത്തിൻറെ കൃപയുടെ സ്മരണ നമ്മിൽ മുദ്രിതമാക്കുന്ന കുരിശടയാളം വരച്ചുകൊണ്ട് നമുക്ക് ഇത് ചെയ്യാൻ കഴിയും. കുരിശടയാളെ ഇത് നമ്മെ ഓർമ്മിപ്പിക്കുന്നു. നമുക്ക് അത് ഒരുമിച്ച് വരയ്ക്കാം: പിതാവിൻറെയും പുത്രൻറെയും പരിശുദ്ധാത്മാവിൻറെയും നാമത്തിൽ. ജന്മദിനമായ ജ്ഞാനസ്നാനത്തിൻറെ തീയതി മറക്കരുത്. കർത്താവ് നമ്മിൽ ചെയ്യുന്ന അത്ഭുതങ്ങൾ ആഘോഷിക്കാനും സ്വാഗതം ചെയ്യാനും പരിശുദ്ധാത്മാവിൻറെ ശ്രീകോവിലായ മറിയം നമ്മെ സഹായിക്കട്ടെ.
ഈ വാക്കുകളെ തുടർന്ന് പാപ്പാ കർത്താവിൻറെ മാലാഖയെന്നാരംഭിക്കുന്ന ത്രികാലജപം നയിക്കുകയും ആശീർവ്വാദം നല്കുകയും ചെയ്തു.
ആശീർവ്വാദാനന്തര അഭിവാദ്യങ്ങൾ
ആശീർവ്വാദം നല്കിയതിനെ തുടർന്ന് പാപ്പാ, താൻ കർത്താവിൻറെ മാമ്മോദീസാത്തിരുന്നാൾ ദിനത്തിൽ ഏതാനും നവജാതശിശുക്കളെ സ്നാനപ്പെടുത്തിയത് അനുസ്മരിക്കുകയും ആ കുഞ്ഞുങ്ങൾക്കും അവരുടെ കുടുംബങ്ങൾക്കും ഈ ദിനങ്ങളിൽ ജ്ഞാനസ്നാനം സ്വീകരിക്കുന്ന എല്ലാ കുഞ്ഞുങ്ങൾക്കും വേണ്ടി പ്രാർത്ഥിക്കാൻ എല്ലാവരെയും ക്ഷണിക്കുകയും ചെയ്തു.
പൗരസ്ത്യ ക്രൈസ്തവ സഭകൾക്ക് തിരുപ്പിറവിത്തിരുന്നാൾ ആശംസകൾ
ജൂലിയൻ പഞ്ചാംഗം പിന്തുടരുന്ന കിഴക്കൻ സഭാ സമൂഹങ്ങൾ ജനുവരി 7-ന്, അതായത്, ഈ ഞായറാഴ്ച, തിരുപ്പിറവിത്തിരുന്നാൾ ആഘോഷിച്ചത് അനുസ്മരിച്ചുകൊണ്ട് പാപ്പാ അവർക്ക് ആശംസകൾ നേർന്നു. കർത്താവായ യേശുവിൻറെ ജനനം അവരെ പ്രകാശവും കാരുണ്യവും സമാധാനവും കൊണ്ട് നിറയ്ക്കുമെന്ന് പാപ്പാ സന്തോഷകരമായ സാഹോദര്യത്തിൻറെ അരൂപിയിൽ, പ്രത്യാശ പ്രകടിപ്പിച്ചു.
ബന്ദികളെ മോചിപ്പിക്കുക
തെക്കെ അമേരിക്കൻ നാടായ കൊളൊംബിയയിൽ തട്ടിക്കൊണ്ടുപോകപ്പെട്ടിരിക്കുന്നവരെയും പാപ്പാ അനുസ്മരിച്ചു. അവരെല്ലാവരും നിരുപാധികം മോചിപ്പിക്കപ്പെടാനുള്ള തൻറെ പ്രാർത്ഥനയിൽ പങ്കുചേരാൻ പാപ്പാ എല്ലാവരെയും ക്ഷണിച്ചു. ബന്ദികളെ വിട്ടയയ്ക്കുക എന്നത് ദൈവതിരുമുമ്പാകെ ഒരു കടമയാണെന്നും ഈ പ്രവർത്തി രാജ്യത്ത് അനുരഞ്ജനത്തിൻറെയും സമാധാനത്തിൻറെയും അന്തരീക്ഷത്തിന് പ്രചോദനകരമായിരിക്കുമെന്നും പാപ്പാ പറഞ്ഞു.
പ്രളയബാധിത കോഗോയെയും യുദ്ധവേദികളായ നാടുകളെയും പാപ്പാ അനുസ്മരിക്കുന്നു
കഴിഞ്ഞ ദിവസങ്ങളിൽ വെള്ളപ്പൊക്കം നാശം വിതച്ച കോംഗൊ പ്രജാധിപത്യ റിപ്പബ്ലിക്കിലെ ജനങ്ങളെ അനുസ്മരിച്ച പാപ്പാ അവരോടുള്ള തൻറെ സാമീപ്യം അറിയിച്ചു. തുടർന്നു പാപ്പാ യുദ്ധവേദികളിൽ, അതായത്, ഉക്രൈൻ, പലസ്തീൻ, ഇസ്രായേൽ എന്നിവിടങ്ങളിലും ലോകമെമ്പാടും സമാധാനം സംജാതമാകുന്നതിനു വേണ്ടിയുള്ള തനറെ പ്രാർത്ഥന നവീകരിച്ചു.
സമാപനാഭിവാദ്യം
ത്രികാലപ്രാർത്ഥനാ വേളയിൽ അവസാനം പാപ്പാ, എല്ലാവർക്കും നല്ലൊരു തിരുന്നാൾ ആശംസിക്കുകയും തനിക്കു വേണ്ടി പ്രാർത്ഥിക്കാൻ മറക്കരുതെന്ന പതിവ് അഭ്യർത്ഥന നവീകരിക്കുകയും ചെയ്തു. തദ്ദനന്തരം പാപ്പാ സകലർക്കും നല്ല ഒരു ഉച്ചവിരുന്ന് നേരുകയും വീണ്ടും കാണാമെന്നു പറയുകയും ചെയ്തുകൊണ്ട് ജാലകത്തിങ്കൽ നിന്നു പിൻവാങ്ങി.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: