ഞാൻ കർത്താവിനെ കണ്ടുമുട്ടിയതും അവിടന്ന് എൻറെ ഹൃദയത്തെ തൊട്ടതും എപ്പോൾ?
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ഈ ഞായറാഴ്‌ചയും (14/01/24) ഫ്രാൻസീസ് പാപ്പാ, ഞാറാഴ്ചകളിലെ പതിവനുസരിച്ച്, വത്തിക്കാനിൽ പൊതുവായ മദ്ധ്യാഹ്നപ്രാർത്ഥന നയിച്ചു. ശൈത്യം ശക്തിപ്രാപിച്ചിരിക്കുന്ന ഒരു വേളയാണെങ്കിലും പ്രാർത്ഥനയിൽ പങ്കുകൊള്ളുന്നതിന് വിവിധരാജ്യക്കാരായിരുന്ന പതിനായിരത്തിലേറെ വിശ്വാസികൾ, വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ അങ്കണത്തിലും പരിസരത്തുമായി സന്നിഹിതരായിരുന്നു. പാപ്പാ ത്രികാലജപം നയിക്കുന്നതിന് പതിവുജാലകത്തിങ്കൽ പ്രത്യക്ഷപ്പെട്ടപ്പോൾ ജനസഞ്ചയത്തിൻറെ കരഘോഷവും ആനന്ദാരവങ്ങളും ഉയർന്നു. റോമിലെ സമയം ഉച്ചയ്ക്ക് 12 മണിക്ക്, ഇന്ത്യയിലെ സമയം, ഇന്ത്യയും ഇറ്റലിയും തമ്മിൽ ഇപ്പോഴുള്ള സമയവിത്യാസമനുസരിച്ച്, വൈകുന്നേരം 4,30-ന്, “കർത്താവിൻറെ മാലാഖ” എന്നാരംഭിക്കുന്ന മദ്ധ്യാഹ്ന പ്രാർത്ഥന നയിക്കുന്നതിനു മുമ്പ് പാപ്പാ നടത്തിയ വിചിന്തനത്തിന് ആധാരം, ലത്തീൻറീത്തിൻറെ ആരാധനാക്രമനുസരിച്ച്, ഈ ഞായാറാഴ്ച (14/01/24) ദിവ്യബലി മദ്ധ്യേ വായിക്കപ്പെട്ട ദൈവവചന ഭാഗങ്ങളിൽ, യോഹന്നാൻറെ സുവിശേഷം ഒന്നാം അദ്ധ്യായം, 35-42 വരെയുള്ള വാക്യങ്ങൾ (യോഹന്നാൻ 1,35-42) അതായത്, യേശുവിന് ആദ്യ രണ്ടു ശിഷ്യന്മാരെ ലഭിക്കുന്ന സംഭവം ആയിരുന്നു.
ഇറ്റാലിയൻ ഭാഷയിൽ പാപ്പാ പങ്കുവച്ച ചിന്തകൾ:
യേശുവും ആദ്യ രണ്ടു ശിഷ്യരും
പ്രിയ സഹോദരീ സഹോദരന്മാരേ, ശുഭ ഞായർ!
ഇന്നത്തെ സുവിശേഷം അവതരിപ്പിക്കുന്നത് തൻറെ ആദ്യ ശിഷ്യന്മാരുമായുള്ള യേശുവിൻറെ കൂടിക്കാഴ്ചയാണ് (യോഹന്നാൻ 1:35-42 കാണുക). ഈ സമാഗമ രംഗം, യേശുവുമായുള്ള നമ്മുടെ ആദ്യ കണ്ടുമുട്ടൽ ഓർമ്മിക്കാൻ നമ്മെ ക്ഷണിക്കുന്നു. നാം ഒരോരുത്തർക്കും യേശുവുമായുള്ള ആദ്യകൂടിക്കാഴ്ചാനുഭവമുണ്ട്; കുഞ്ഞായിരിക്കെ, കൗമാരമായിരിക്കെ, യുവപ്രായത്തിലായിരിക്കെ, മുതിർന്നവരായിരിക്കെ.... ഏപ്പോഴാണ് ഞാൻ യേശുവുമായി ആദ്യ കൂടിക്കാഴ്ച നടത്തിയത്? നമുക്ക് ഒന്നു ഓർമ്മിച്ചെടുക്കാം. ഈ ചിന്താനന്തരം, ഈ ഓർമ്മിക്കലിനു ശേഷം നമുക്ക് അവിടത്തെ അനുഗമിക്കുന്നതിലുള്ള സന്തോഷം നവീകരിക്കുകയും കർത്താവിൻറെ ശിഷ്യന്മാരായിരിക്കുക എന്നതിൻറെ അർത്ഥമെന്താണ് എന്ന് സ്വയം ചോദിക്കുകയും ചെയ്യാം. ഇന്നത്തെ സുവിശേഷമനുസരിച്ച് നമുക്ക് മൂന്ന് ക്രിയാപദങ്ങൾ ഏടുക്കാം: യേശുവിനെ അന്വേഷിക്കുക, യേശുവുമൊത്ത് വസിക്കുക, യേശുവിനെ പ്രഘോഷിക്കുക.
യേശുവിനെ തേടുക
ഒന്നാമതായി അന്വേഷിക്കൽ. സ്നാപകൻ സാക്ഷ്യപ്പെടുത്തുന്നത്, രണ്ട് ശിഷ്യന്മാർ യേശുവിനെ അനുഗമിക്കാൻ തുടങ്ങി എന്നാണ്. “അവർ തൻറെ പിന്നാലെ വരുന്നതു കണ്ട് യേശു അവരോടു ചോദിച്ചു: നിങ്ങൾ എന്തന്വേഷിക്കുന്നു?” (വാക്യം 38) യേശു അവരോടു പറയുന്ന ആദ്യ വചസ്സുകളാണിവ: പ്രഥമതഃ, അവനവൻറെ ഉള്ളിലേക്ക് നോക്കാനും അവർ ഹൃദയത്തിൽ പേറുന്ന ആഗ്രഹങ്ങളെക്കുറിച്ച് സ്വയം ചോദിക്കാനും അവിടന്ന് അവരെ ക്ഷണിക്കുന്നു. നീ എന്താണ് അന്വേഷിക്കുന്നത്? കർത്താവിന് മതപരിവർത്തനം നടത്താൻ താൽപ്പര്യമില്ല, ഉപരിപ്ലവമായ "അനുയായികളെ" അല്ല, മറിച്ച് സ്വയം ചോദ്യം ചെയ്യുകയും സർവ്വോപരി തൻറെ വചനത്താൽ ചോദ്യം ചെയ്യപ്പെടാൻ അനുവദിക്കുകയും ചെയ്യുന്ന ആളുകളെയാണ് കർത്താവിനു വേണ്ടത്. അതിനാൽ, യേശുവിൻറെ ശിഷ്യന്മാരാകാൻ പ്രഥമതഃ നാം അവിടത്തെ അന്വേഷിക്കണം, അതിസംതൃപ്തമോ സന്തുഷ്ടമോ ആയ ഹൃദയമല്ല, തുറവുള്ളതും അന്വേഷിക്കുന്നതുമായ ഒരു ഹൃദയം ഉണ്ടായിരിക്കണം.
യേശുവിനോടു കൂടെ വസിക്കുക
ആ ആദ്യ ശിഷ്യന്മാർ എന്താണ് അന്വേഷിക്കുന്നത്? അതു നമുക്ക് രണ്ടാമത്തെ ക്രിയയിലൂടെ നോക്കാം: കുടികൊള്ളുക. അവർ ദൈവത്തെക്കുറിച്ചുള്ള വാർത്തകളോ വിവരങ്ങളോ അല്ലെങ്കിൽ, അടയാളങ്ങളോ അത്ഭുതങ്ങളോ അന്വേഷിക്കുകയായിരുന്നില്ല, മറിച്ച് ദൈവത്തിൻറെ അഭിഷിക്തനായ മിശിഹായെ കണ്ടുമുട്ടാനും അവിടന്നുമായി സംസാരിക്കാനും അവിടത്തോടൊപ്പം ആയിരിക്കാനും അവിടത്തെ ശ്രവിക്കാനും അവർ ആഗ്രഹിച്ചു. അവർ യേശുവിനോട് ഉന്നയിക്കുന്ന ആദ്യ ചോദ്യം ഏതാണ്?: "അങ്ങ് എവിടെയാണ് വസിക്കുന്നത്?" (വാക്യം 38). ക്രിസ്തുവാകട്ടെ, തന്നോടൊപ്പം താമസിക്കാൻ അവരെ ക്ഷണിക്കുന്നു: "വന്നു കാണുക" (വാക്യം 39). അവനോടൊപ്പം ആയിരിക്കുക, അവനോടൊപ്പം വസിക്കുക, ഇതാണ് കർത്താവിൻറെ ശിഷ്യനെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട കാര്യം. നാം അവൻറ പക്കലേക്കു പോകുകയും അവൻറെ വചനം ശ്രവിക്കുകയും പ്രാർത്ഥനയിൽ അവനുമായി സംവദിക്കുകയും അവനെ ആരാധിക്കുകയും സ്നേഹിക്കുകയും നമ്മുടെ സഹോദരങ്ങളിൽ അവനെ സേവിക്കുകയും ചെയ്യുന്നതിന് ആനുപാതികമായിട്ടാണ് നാം അവൻറെ ശിഷ്യരായിരിക്കുക. ചുരുക്കത്തിൽ, വിശ്വാസം ഒരു സിദ്ധാന്തമല്ല, അല്ല, മറിച്ച് അത് ഒരു കണ്ടുമുട്ടലാണ്, അത് കർത്താവ് എവിടെയാണ് താമസിക്കുന്നതെന്ന് കാണാൻ പോകുകയും അവനോടൊപ്പം വസിക്കുകയും ചെയ്യലാണ്. കർത്താവുമായി കൂടിക്കാഴ്ച നടത്തുക, അവനോടുകൂടെ വസിക്കുക.
യേശുവിനെ പ്രഘോഷിക്കുക
അന്വേഷിക്കുക, വസിക്കുക, അവസനാമായി, പ്രഘോഷിക്കുക. ശിഷ്യന്മാർ യേശുവിനെ അന്വേഷിക്കുകയായിരുന്നു, പിന്നെ അവർ അവനോടൊപ്പം പോകുകയും വൈകുന്നേരം മുഴുവൻ അവനോടൊപ്പം ചെലവഴിക്കുകയും ചെയ്തു. ഇനി പ്രഘോഷിക്കുക. അവർ മടങ്ങിപ്പോകുകയും പ്രഘോഷിക്കുകയും ചെയ്യുന്നു. അന്വേഷിക്കുക, വസിക്കുക, വിളംബരംചെയ്യുക. ഞാൻ യേശുവിനെ അന്വേഷിക്കുന്നുണ്ടോ? ഞാൻ യേശുവിൽ വസിക്കുന്നുണ്ടോ? യേശുവിനെ പ്രഖ്യാപിക്കാൻ എനിക്ക് ധൈര്യമുണ്ടോ?
ആദ്യസമാഗമത്തിൻറെ പ്രാധാന്യം
യേശുവുമായുള്ള ആ ആദ്യ കൂടിക്കാഴ്ച, ആ രണ്ടു ശിഷ്യന്മാരും സമയം എന്നും ഓർത്തിരിക്കത്തകവിധം, അത്രമാത്രം ശക്തമായ ഒരു അനുഭവമായിരുന്നു: "അപ്പോൾ സമയം ഏകദേശം ഉച്ചകഴിഞ്ഞ് നാല് മണി ആയിരുന്നു" (വാക്യം 39). ഇത് കൂടിക്കാഴ്ചയുടെ ശക്തി പ്രകടമാക്കുന്നു. തങ്ങൾക്കു ലഭിച്ച ദാനം ഉടൻതന്നെ പങ്കുവയ്ക്കണം എന്ന തോന്നൽ ഉണ്ടാകുംവിധം അവരുടെ ഹൃദയം സന്തോഷത്താൽ നിറഞ്ഞിരുന്നു. വാസ്‌തവത്തിൽ, അവരിരുവരിലൊരാളായ അന്ത്രയോസ് അത്, യേശു പിന്നീട് പത്രോസ് എന്ന് വിളിക്കുന്ന, തൻറെ സഹോദരനായ ശിമയോനുമായി പങ്കുവയ്ക്കുന്നു; അവനെ കണ്ടയുടനെ അന്ത്രയോസ് അവനോട് പറഞ്ഞു: "ഞങ്ങൾ മിശിഹായെ കണ്ടു" (വാക്യം 41) അവനെ യേശുവിൻറെയടുത്തേക്ക് ആനയിക്കുന്നു. യേശുവിനെ അന്വേഷിക്കുക, അവനോടുകൂടെ ആയിരിക്കുക.
കർത്താവുമായുള്ള ആദ്യ കൂടിക്കാഴ്ച മറക്കരുത്
സഹോദരീ സഹോദരന്മാരേ, കർത്താവുമായുള്ള നമ്മുടെ ആദ്യ കണ്ടുമുട്ടൽ നമുക്ക് ഇന്ന് ഓർക്കാം. നമ്മൾ ഓരോരുത്തരും കുടുംബത്തിനകത്തു വച്ചോ പുറത്തുവച്ചോ കർത്താവുമായി ആദ്യകൂടിക്കാഴ്ച നടത്തിയിട്ടുണ്ട്... എപ്പോഴാണ് ഞാൻ കർത്താവിനെ കണ്ടുമുട്ടിയത്? എപ്പോഴാണ് കർത്താവ് എൻറെ ഹൃദയത്തിൽ തൊട്ടത്? നമുക്ക് നമ്മോടുതന്നെ ചോദിക്കാം: നാം ഇപ്പോഴും കർത്താവിനെ സ്നേഹിച്ചുകൊണ്ട് അവിടത്തെ അന്വേഷിക്കുന്ന ശിഷ്യന്മാരാണോ, അതോ ശീലങ്ങളാൽ രൂപീകൃതമായ ഒരു വിശ്വാസത്തിൽ തൃപ്തിയടയുന്നവരാണോ? പ്രാർത്ഥനയിൽ നാം അവനോടൊപ്പം വസിക്കുന്നുണ്ടോ, അവനോട് കൂടെ നിശബ്ദതയിലായിരിക്കാൻ നമുക്കറിയാമോ? ഞാൻ പ്രാർത്ഥനയിൽ അവനോടൊപ്പം വസിക്കുകയും അവനോട് കൂടെ നിശബ്ദതയിലായിരിക്കുകയും ചെയ്യുന്നുണ്ടോ? കർത്താവുമായുള്ള കൂടിക്കാഴ്ചയുടെ ഈ സൗന്ദര്യം പങ്കുവയ്ക്കാനും പ്രഘോഷിക്കാനുമുള്ള ആഗ്രഹം നമുക്ക് അനുഭവപ്പെടുന്നുണ്ടോ?
പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥ്യം
യേശുവിൻറെ ആദ്യശിഷ്യയായ പരിശുദ്ധ മറിയമേ, അവനെ അന്വേഷിക്കാനും അവനോടുകൂടെ ആയിരിക്കാനും അവനെ പ്രഘോഷിക്കാനുമുള്ള അഭിലാഷം ഞങ്ങൾക്ക് പ്രദാനം ചെയ്യേണമേ.
ഈ പ്രാർത്ഥനയെ തുടർന്ന് പാപ്പാ കർത്താവിൻറെ മാലാഖയെന്നാരംഭിക്കുന്ന ത്രികാലജപം നയിക്കുകയും ആശീർവ്വാദം നല്കുകയും ചെയ്തു.
ആശീർവ്വാദാനന്തര അഭിവാദ്യങ്ങൾ - കൊളൊംബിയായിലെ ജനങ്ങൾക്കും യുദ്ധദുരന്തത്തിൻറെ യാതനകൾ അനുഭവിക്കുന്നവർക്കും
ഇറ്റലിയിൽ നിന്നും ലോകത്തിൻറെ നാനാ ഭാഗങ്ങളിൽ നിന്നും എത്തിയിരുന്ന തീർത്ഥാടകർക്ക് പാപ്പാ ആശീർവ്വാദാനന്തരം ആശംസകൾ നേർന്നു. കൊളൊംബിയായിൽ ഉണ്ടായ ഉരുൾപൊട്ടലിന് ഇരകളായവർക്കായി പ്രാർത്ഥിക്കാൻ പാപ്പാ എല്ലാവരെയും ഓർമ്മിപ്പിച്ചു. അതുപോലെ തന്നെ ലോകത്തിൻറെ നിരവധി ഭാഗങ്ങളിൽ, പ്രത്യേകിച്ച് ഉക്രൈയിൻ, പലസ്തീൻ, ഇസ്രായേൽ എന്നിവിടങ്ങളിൽ, യുദ്ധത്തിൻറെ ക്രൂരത അനുഭവിക്കുന്നവരെ മറക്കരുതെന്ന് പാപ്പാ പറഞ്ഞു. വർഷാരംഭത്തിൽ നമ്മൾ സമാധാനാശംസകൾ കൈമാറിയെങ്കിലും കൊല്ലുകയും നാശം വിതയ്ക്കുകയും ചെയ്യുന്നത് ആയുധങ്ങൾ തുടരുകയാണെന്ന് പാപ്പാ അനുസ്മരിച്ചു. സംഘർഷങ്ങൾ പരിഹരിക്കാനുള്ള മാർഗ്ഗം യുദ്ധമല്ല എന്ന വസ്തുതയെക്കുറിച്ച് അവയുടെ കാര്യത്തിൽ അധികാരമുള്ളവർ ചിന്തിക്കുന്നതിനുവേണ്ടി പ്രാർത്ഥിക്കാൻ പാപ്പാ എല്ലാവരെയു ക്ഷണിച്ചു. യുദ്ധം പൗരജനത്തിനിടയിൽ മരണം വിതയ്ക്കുകയും നഗരങ്ങളെയും അടിസ്ഥാന സൗകര്യങ്ങളെയും നശിപ്പിക്കുകയും ചെയ്യുന്നു എന്ന വസ്തുതയും പാപ്പാ ഒരിക്കൽക്കൂടി ചൂണ്ടിക്കാട്ടി. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ഇന്ന് യുദ്ധം അതിൽത്തന്നെ, മനുഷ്യരാശിക്കെതിരായ കുറ്റകൃത്യമാണ് എന്ന് പാപ്പാ കൂട്ടിച്ചേർത്തു. ജനങ്ങൾക്ക് സമാധാനം വേണം! ലോകത്തിന് സമാധാനം വേണം പാപ്പാ പറഞ്ഞു.
സമാധാനശിക്ഷണത്തിൻറെ അഭാവം
വിശുദ്ധനാടിൻറെ സംരക്ഷണച്ചുമതലയുള്ള ഫ്രാൻസിസ്ക്കൻ വിഭാഗത്തിൻറെ പ്രതിനിധി, ജറുസലേമിലെ വികാരി ഫാദർ ഫാൽത്താസ് ഇറ്റലിയിലെ ദേശീയ ടെലവിഷനിൽ "അവൻറെ പ്രതിച്ഛായയിൽ" അഥവാ, “ആ സുവ ഇമ്മാജിനെ” എന്ന പരിപാടിയിൽ, സമാധാന വിദ്യാഭ്യാസത്തെക്കുറിച്ച് സംസാരിച്ചത് താൻ മദ്ധ്യാഹ്നപ്രാർത്ഥനയ്ക്കു മുമ്പ് ശ്രവിച്ചത് പാപ്പാ അനുസ്മരിച്ചു. സമാധാനത്തിൽ നാം പരിശീലിപ്പിക്കപ്പെടണമെന്നും എന്നാൽ എല്ലാ യുദ്ധത്തിനും അന്ത്യം കുറിക്കാൻ ആവശ്യമായ അത്തരമൊരു ശിക്ഷണം നാം, നരകുലം മുഴുവനും ഇതുവരെ നേടിയിട്ടില്ലെന്നും പറഞ്ഞ പാപ്പാ ഈ കൃപയ്‌ക്കായി സമാധാന ശിക്ഷണം നേടാനായി, പ്രാർത്ഥിക്കാൻ എല്ലാവരെയും ക്ഷണിച്ചു.
സമാപനാഭിവാദ്യം
അവസാനം പാപ്പാ, എല്ലാവർക്കും നല്ലൊരു ഞായർ ആശംസിക്കുകയും തനിക്കു വേണ്ടി പ്രാർത്ഥിക്കാൻ മറക്കരുതെന്ന പതിവ് അഭ്യർത്ഥന നവീകരിക്കുകയും ചെയ്തു. തുടർന്ന് പാപ്പാ സകലർക്കും നല്ല ഒരു ഉച്ചവിരുന്ന് നേരുകയും വീണ്ടും കാണാമെന്നു പറയുകയും ചെയ്തുകൊണ്ട് ജാലകത്തിങ്കൽ നിന്നു പിൻവാങ്ങി.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: