വിസ്മയിക്കാൻ കഴിയുന്നതിനുള്ള കൃപയ്ക്കായി പ്രാർത്ഥിക്കുക, പാപ്പാ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ഞായറാഴ്ചകളിൽ ഫ്രാൻസീസ് പാപ്പാ, വത്തിക്കാനിൽ നയിക്കാറുള്ള പൊതുവായ മദ്ധ്യാഹ്നപ്രാർത്ഥനയിൽ പങ്കുകൊള്ളുന്നതിന് വർഷാന്ത്യദിനമായിരുന്ന ഈ ഞായാറാഴ്ച (31/12/23) വിവിധരാജ്യക്കാരായിരുന്ന ഇരുപതിനായിരത്തോളം വിശ്വാസികൾ, വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ അങ്കണത്തിലും പരിസരത്തുമായി സന്നിഹിതരായിരുന്നു. പാപ്പാ ത്രികാലജപം നയിക്കുന്നതിന് പതിവുജാലകത്തിങ്കൽ പ്രത്യക്ഷപ്പെട്ടപ്പോൾ ജനസഞ്ചയത്തിൻറെ കരഘോഷവും ആനന്ദാരവങ്ങളും ഉയർന്നു. റോമിലെ സമയം ഉച്ചയ്ക്ക് 12 മണിക്ക്, ഇന്ത്യയിലെ സമയം, ഇന്ത്യയും ഇറ്റലിയും തമ്മിൽ ഇപ്പോഴുള്ള സമയവിത്യാസമനുസരിച്ച്,വൈകുന്നേരം 4,30-ന്, “കർത്താവിൻറെ മാലാഖ” എന്നാരംഭിക്കുന്ന മദ്ധ്യാഹ്ന പ്രാർത്ഥന നയിക്കുന്നതിനു മുമ്പ് പാപ്പാ നടത്തിയ വിചിന്തനത്തിന് ആധാരം, ഈ ഞായാറാഴ്ച (31/12/23) ലത്തീൻറീത്തിൻറെ ആരാധനാക്രമനുസരിച്ച്, തിരുക്കുടുംബത്തിരുന്നാൾദിന ദിവ്യബലി മദ്ധ്യേ വായിക്കപ്പെട്ട ദൈവവചന ഭാഗങ്ങളിൽ, ലൂക്കായുടെ സുവിശേഷം രണ്ടാം അദ്ധ്യായം, 22-40 വരെയുള്ള വാക്യങ്ങൾ (ലൂക്കാ 2,22-40) അതായത്,ശിശുവിനെ മോശയുടെ നിയമമനുസരിച്ച് കർത്താവിന് സമർപ്പിക്കാൻ യൗസേപ്പും മറിയവും ദേവാലയത്തിലേക്കു കൊണ്ടുപോകുന്നതും അവിടെയുണ്ടായിരുന്ന നീതിമാനും ദൈവഭക്തനുമായ വൃദ്ധനായ ശിമയോൻ കുഞ്ഞിനെ കൈയ്യിലെടുത്തു ദൈവത്തെ സ്തുതിക്കുന്നതുമായ സംഭവം ആയിരുന്നു.
ഇറ്റാലിയൻ ഭാഷയിൽ പാപ്പാ പങ്കുവച്ച ചിന്തകൾ:
തിരുക്കുടുംബത്തിരുന്നാൾ
പ്രിയ സഹോദരീ സഹോദരന്മാരേ, ശുഭദിനം!
ഇന്ന് നമ്മൾ തിരുക്കുടുംബത്തിൻറെ തിരുന്നാൾ, യേശുവിൻറെയും മറിയത്തിൻറെയും യൗസേപ്പിൻറെയും തിരുനാൾ ആഘോഷിക്കുന്നു. കുഞ്ഞിനെ കർത്താവിന് സമർപ്പിക്കുന്നതിനായി ജറുസലേം ദേവാലയത്തിലെത്തുന്ന തിരുക്കുടുംബത്തെ സുവിശേഷം നമുക്കു കാണിച്ചുതരുന്നു (ലൂക്കാ 2:22-40 കാണുക).
ദാരിദ്ര്യത്തിലെത്തുന്ന തിരുക്കുടുംബം
തിരുക്കുടുംബം ദേവാലയത്തിൽ എത്തുകയും നിർദ്ദേശിക്കപ്പെട്ടിട്ടുള്ളവയിൽ ഏറ്റവും വീനീതവും ലളിതവുമായ ദാനം അവരുടെ ദാരിദ്ര്യത്തിൻറെ സാക്ഷ്യമായി അവർ കൊണ്ടുവരുന്നു. അവർ ദരിദ്രരാണ്. ഒടുവിൽ, മറിയത്തിന് ഒരു പ്രവചനം ലഭിക്കുന്നു: "ഒരു വാൾ നിൻറെ ഹൃദയത്തിലൂടെ തുളച്ചുകയറും" (ലൂക്കാ 2,35). അവർ ദാരിദ്ര്യം പേറിയെത്തുകയും സഹനത്തിൻറെ ഒരു ഭാണ്ഡവുമായി തിരിച്ചുപോകുകയും ചെയ്യുന്നു. ഇത് ആശ്ചര്യം ഉണർത്തുന്നതാണ്: യേശുവിൻറെ കുടുംബം, അസ്ഥിയലും മാംസത്തിലുമുള്ള ദൈവസാന്നിധ്യത്തെക്കുറിച്ച് അഭിമാനിക്കാൻ കഴിയുന്ന ചരിത്രത്തിലെ ഏക കുടുബം, സമ്പന്നമായിരിക്കുനതിനുപകരം, ദരിദ്രമായിരിക്കുന്നു, എന്നാൽ അതെങ്ങനെ! സകലവും സുഗമമായി പോകുന്നതിനുപകരം, സകലത്തിനും വിഘാതം ഉണ്ടാകുന്നതായി തോന്നുന്നു! കഷ്ടപ്പാടുകളിൽ നിന്നു മുക്തമായിരിക്കുന്നതിനു പകരം ഈ കൂടുംബം വലിയ വേദനകളിൽ മുങ്ങിയിരിക്കുന്നു!
മാനവ വീക്ഷണത്തിൽ വൈരുദ്ധ്യം പ്രകടമായ തിരുക്കുടുംബം നല്കുന്ന സന്ദേശം
ഇത്, ദരിദ്രവും, തടസ്സങ്ങളനുഭവിക്കുന്നതും, വലിയ വേദനയിൽ കഴിയുന്നതുമായ തിരുക്കുടുംബത്തിൻറെ ചരിത്രം ജീവിക്കുന്ന ഈ രീതി, നമ്മുടെ കുടുംബങ്ങളോട് എന്താണ് പറയുന്നത്? വളരെ മനോഹരമായ ഒരു കാര്യം, അത് വളരെ മനോഹരമായ ഒരു കാര്യം നമ്മോട് പറയുന്നു: പ്രശ്നങ്ങൾക്ക് അതീതനാണെന്ന് നാം പലപ്പോഴും കരുതുന്ന ദൈവം, ജീവിതത്തിൻറെതായ പ്രശ്നങ്ങളുമായി നമ്മുടെ ജീവിതത്തിൽ കുടികൊള്ളാൻ വന്നിരിക്കുന്നു. അവിടന്ന് നമ്മെ രക്ഷിച്ചത് ഇപ്രകാരമാണ് (യോഹന്നാൻ 1:14 കാണുക): അവിടന്ന് ആഗതനായത് മുതിർന്ന ഒരാളായിട്ടല്ല, മറിച്ച് ശിശുവായിട്ടാണ്; ഒരു അമ്മയുടെയും അപ്പൻറെയും മകനായി അവിടന്ന് ഒരു കുടുംബത്തിൽ ജീവിച്ചു; അവിടെ അവിടന്ന്, ദൈനംദിന ചര്യകളും രഹസ്യവും നിശബ്ദതയും അടങ്ങിയ ജീവിതത്തിൽ വളർന്നും പഠിച്ചും തൻറെ ഭൂരിഭാഗം സമയവും ചെലവഴിച്ചു. അവിടന്ന് ബുദ്ധിമുട്ടുകൾ ഒഴിവാക്കിയില്ല, നേരെമറിച്ച്, ഒരു കുടുംബം, "സഹിക്കുന്നതിൽ വിദഗ്ദമായ" ഒരു കുടുംബം, തിരഞ്ഞെടുത്തുകൊണ്ട്, അവിടന്ന് നമ്മുടെ കുടുംബങ്ങളോട് പറയുന്നു: "നിങ്ങൾ ബുദ്ധിമുട്ടിലാണെങ്കിൽ, നിങ്ങളുടെ മാനസികാവസ്ഥ എന്താണ് എന്ന് എനിക്കറിയാം, ഞാൻ അത് അനുഭവിച്ചിട്ടുണ്ട്: ഞങ്ങൾ, ഞാനും എൻറെ അമ്മയും എൻറെ പിതാവും നിങ്ങളുടെ കുടുംബത്തോടും പറയാൻ ശ്രമിച്ചു: നിങ്ങൾ തനിച്ചല്ല!
ആശ്ചര്യപ്പെടാനുള്ള കഴിവ്
യൗസേപ്പും മറിയവും "യേശുവിനെപ്പറ്റി പറഞ്ഞുകേട്ട കാര്യങ്ങളിൽ ആശ്ചര്യപ്പെട്ടു" (ലൂക്കാ 2:33 കാണുക), കാരണം ഇത് പറയുന്നത് വൃദ്ധനായ ശിമയോനും പ്രവാചികയായ അന്നയും ആണെന്ന് അവർ കരുതിയിരുന്നില്ല. അവർ വിസ്മയഭരിതരായി. ഞാൻ ഇന്ന് ശ്രദ്ധ കേന്ദ്രീകരിക്കാൻ ആഗ്രഹിക്കുന്നത് ഇതിലാണ്: അതായത്, വിസ്മയിക്കാനുള്ള കഴിവിൽ. വിസ്മയിക്കാനുള്ള കഴിവ് കുടുംബത്തിൽ നന്നായി മുന്നേറാനുള്ള ഒരു രഹസ്യമാണ്. കാര്യങ്ങളെ സാധാരണമായി കാണുകയെന്നത് ഒരു ശീലമാക്കരുത്, സർവ്വോപരി, നമ്മെ അനുഗമിക്കുന്ന ദൈവത്തിൽ വിസ്മയിക്കേണ്ടത് എങ്ങനെയെന്നറിയുക. പിന്നെ, കുടുംബത്തിൽ വിസ്മയിക്കുക. വിവാഹത്തിൽ ദമ്പതികൾ സ്വന്തം ഇണയിൽ എങ്ങനെ ആശ്ചര്യംകൊള്ളണമെന്ന് അറിയുന്നത് നല്ലതാണെന്ന് ഞാൻ കരുതുന്നു, ഉദാഹരണത്തിന്, സായാഹ്നത്തിൽ ഇണയുടെ കരം ഗ്രഹിച്ച് കുറച്ച് നിമിഷങ്ങൾ കണ്ണുകളിലേക്ക് ആർദ്രതയോടെ നോക്കുക. വിസ്മയം നിന്നെ എപ്പോഴും ആർദ്രതയിലേക്ക് നയിക്കുന്നു. വിവാഹത്തിൽ, ദമ്പതികളിൽ, ആർദ്രത മനോഹരമാണ്. പിന്നെ, ജീവൻറെയും, മക്കളുമായി കളിക്കാനും അവരെ ശ്രവിക്കാനും സമയം കണ്ടെത്തിക്കൊണ്ട് അവരുടെയും അത്ഭുതത്തിലും ആശ്ചര്യപ്പെടുക. മാതാപിതാക്കളേ, ഞാൻ നിങ്ങളോട് ചോദിക്കുന്നു: നിങ്ങളുടെ കുട്ടികളുമായി കളിക്കാൻ, അവരുമായി നടക്കാൻ, നിങ്ങൾ സമയം കണ്ടെത്തുന്നുണ്ടോ? ഇന്നലെ ഒരു വ്യക്തിയുമായി ഫോണിൽ സംസാരിക്കവേ ഞാൻ ചോദിച്ചു: "നീ എവിടെയാണ്?" – “ഓ, ഞാൻ ചത്വരത്തിലാണ്, ഞാൻ എൻറെ കുട്ടികളെ നടക്കാൻ കൊണ്ടുവന്നതാണ്”. ഇത് മനോഹരമായ പിതൃത്വവും മാതൃത്വവുമാണ്. തുടർന്ന്, ജ്ഞാനത്തിലും മുത്തശ്ശീമുത്തശ്ശന്മാരിലും വിസ്മയംകൊള്ളുക: പലപ്പോഴും, നമ്മൾ നമ്മുടെ മുത്തശ്ശീമുത്തച്ഛന്മാരെ ജീവിതത്തിൽ നിന്ന് പുറത്താക്കുന്നു. അതു പാടില്ല: മുത്തശ്ശീമുത്തച്ഛന്മാർ ജ്ഞാനത്തിൻറെ ഉറവിടങ്ങളാണ്. നമ്മുടെ മുത്തശ്ശീമുത്തച്ഛന്മാരുടെ ജ്ഞാനം, അവരുടെ ചരിത്രം എന്നിവയാൽ വിസ്മയിക്കാൻ നമുക്ക് പഠിക്കാം. മുത്തശ്ശീമുത്തച്ഛന്മാർ നമുക്ക് ജീവിതം തിരികെ തരുന്നു. ഒടുവിൽ, നമ്മുടെ സ്വന്തം സ്നേഹ കഥയിൽ - നമുക്കോരോരുത്തർക്കും അതുണ്ട്, വിസ്മയിക്കുക. കർത്താവ് നമ്മെ സ്നേഹത്തോടെ നടക്കാൻ പ്രാപ്തരാക്കി: ഇതിൽ ആശ്ചര്യപ്പെടുക. കൂടാതെ, തീർച്ചയായും, നമ്മുടെ ജീവിതത്തിന് നിഷേധാത്മക വശങ്ങൾ ഉണ്ട്, എന്നാൽ, നമ്മൾ അത്രയും അനുഭവപരിചയമില്ലാത്തവരാണെങ്കിൽപ്പോലും, നമ്മോടൊപ്പം നടക്കുകയെന്ന ദൈവത്തിൻറെ ആ നന്മയിൽ നാം ആശ്ചര്യപ്പെടുക.
ദൈവജനനിയുടെ മാദ്ധ്യസ്ഥ്യം
കുടുംബത്തിൻറെ രാജ്ഞിയായ മറിയമേ, വിസ്മയിക്കാൻ ഞങ്ങളെ സഹായിക്കേണമേ: വിസ്മയത്തിൻറെ കൃപ ഇന്ന് ഞങ്ങൾ അപേക്ഷിക്കുന്നു; അനിദിനം നന്മയിൽ അതിശയിക്കുന്നതിനും ആശ്ചര്യത്തിൻറെ സൗന്ദര്യം മറ്റുള്ളവരെ പഠിപ്പിക്കാൻ അറിയുന്നതിനും കഴിയുന്നതിന് പരിശുദ്ധ മാതാവ് നമ്മെ സഹായിക്കട്ടെ.
ഈ വാക്കുകളെ തുടർന്ന് പാപ്പാ കർത്താവിൻറെ മാലാഖയെന്നാരംഭിക്കുന്ന ത്രികാലജപം നയിക്കുകയും ആശീർവ്വാദം നല്കുകയും ചെയ്തു.
ആശീർവ്വാദാനന്തര അഭിവാദ്യങ്ങൾ - നൈജിരിയയിലെ ദുരന്തം
ആശീർവ്വാദാനന്തരം പാപ്പാ, നിർഭാഗ്യവശാൽ, നൈജീരിയയിൽ തിരുപ്പിറവിത്തിരുന്നാൾ ആഘോഷം ആക്രമണങ്ങളാൽ മുദ്രിതമായത് വേദനയോടെ അനുസ്മരിച്ചു. നൈജീരിയയിലെ പ്ലത്തേവു സംസ്ഥാനത്തിൽ അരങ്ങേറിയ ഗുരുതരമായ ആക്രമണങ്ങൾക്ക് അനേകർ ഇരകളയാതിനെക്കുറിച്ച് സൂചിപ്പിച്ച പാപ്പാ അവർക്കും അവരുടെ കുടുംബങ്ങൾക്കും വേണ്ടി പ്രാർത്ഥിച്ചു. ദൈവം നൈജീരിയയെ ഈ ഭീകരതകളിൽ നിന്ന് മോചിപ്പിക്കട്ടെയെന്ന് പാപ്പാ ആശംസിച്ചു. കൂടാതെ ലൈബീരിയയിൽ ഇന്ധന സംവാഹക വാഹനം പൊട്ടിത്തെറിച്ച ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്കു വേണ്ടിയും പാപ്പാ പ്രാർത്ഥിച്ചു.
യുദ്ധവേദികളിലെ ജനങ്ങൾക്കായി പ്രാർത്ഥിക്കുക
യുദ്ധം മൂലം ദുരിതമനുഭവിക്കുന്ന ജനങ്ങൾക്കുവേണ്ടി പ്രാർത്ഥന തുടരാൻ എല്ലാവരെയും ക്ഷണിച്ച പാപ്പാ പീഡിത ഉക്രൈയിൻ ജനതയെയും പലസ്തീൻ ജനതയെയും ഇസ്രായേൽ ജനതയെയും സുഡാൻകാരേയും മറ്റനേകരെയും അനുസ്മരിച്ചു. സായുധ പോരാട്ടങ്ങളിൽ എത്ര മനുഷ്യജീവനുകൾ നഷ്ടപ്പെട്ടു? എത്ര പേർ മരണപ്പെട്ടു? എത്ര മാത്രം നാശമുണ്ടായി, കഷ്ടപ്പാടുകൾ എത്രയാണ്, ദാരിദ്ര്യം എത്രമാത്രമാണ്? എന്നീ ചോദ്യങ്ങൾ സ്വയം ചോദിക്കാനുള്ള ധൈര്യം വർഷാന്ത്യത്തിൽ നമുക്കുണ്ടാകട്ടെയെന്നും സംഘർഷങ്ങളിൽ താൽപ്പര്യം വച്ചുപുലർത്തുന്നവർ മനസ്സാക്ഷിയുടെ ശബ്ദം കേൾക്കണമെന്നും പാപ്പാ പറഞ്ഞു. പീഡിതരായ റോഹീങ്ക്യൻ വംശജരെ മറക്കരുതെന്നും പാപ്പാ ഓർമ്മിപ്പിച്ചു.
ബെനഡിക്ട് പതിനാറാമൻ പാപ്പായുടെ ഒന്നാം ചരമവാർഷികം
2022 ഡിസമ്പർ 31-ന് കാലം ചെയ്ത ബെനഡിക്ട് പതിനാറാമൻ പാപ്പായുടെ ഒന്നാം ചരമവാർഷികമാണ് ഈ ഞായറാഴ്ചയെന്നതും പാപ്പാ അനുസ്മരിച്ചു. സ്നേഹത്തോടും ജ്ഞാനത്തോടും കൂടി സഭയെ സേവിച്ചതിന് ശേഷമാണ് ഒരു വർഷം മുമ്പ് ബെനഡിക്ട് പതിനാറാമൻ മാർപാപ്പ തൻറെ ഭൗമിക യാത്ര അവസാനിപ്പിച്ചതെന്ന് പാപ്പാ പറഞ്ഞു. അദ്ദേഹത്തോടുള്ള അത്യധിക സ്നേഹവും നന്ദിയും ആദരവും പാപ്പാ വെളിപ്പെടുത്തി. ബെനഡിക്ട് പതിനാറാമൻ പാപ്പാ സ്വർഗ്ഗത്തിൽ നിന്ന് നമ്മെ അനുഗ്രഹിക്കുകയും തുണയേകുകയും ചെയ്യുന്നതിനായി പാപ്പാ പ്രാർത്ഥിച്ചു.
സമാപനാഭിവാദ്യങ്ങളും ആശംസകളും
എല്ലാതീർത്ഥാടകർക്കും വിവിധ സംഘടനകൾക്കും സംഘങ്ങൾക്കും യുവതയ്ക്കും അഭിവാദ്യമർപ്പിച്ച പാപ്പാ കുടുംബത്തെക്കുറിച്ച് പരാമർശിച്ചു. അത് സമൂഹത്തിൻറെ മൗലികകോശമാണെന്നും എന്നും അതിന് സംരക്ഷണമേകുകയും അതിനെ താങ്ങിനിറുത്തുകയും ചെയ്യേണ്ടതുണ്ടെന്നും പാപ്പാ പറഞ്ഞു. അവസാനം പാപ്പാ, എല്ലാവർക്കും നല്ലൊരു ഞായർ ആശംസിക്കുകയും കുടുംബങ്ങൾക്ക് ആശീർവാദം നല്കുകയും എല്ലാവർക്കും പ്രശാന്തമായൊരു വർഷാന്ത്യം ആശംസിക്കുകയും ചെയ്തു. തനിക്കു വേണ്ടി പ്രാർത്ഥിക്കാൻ മറക്കരുതെന്ന പതിവ് അഭ്യർത്ഥന നവീകരിച്ച പാപ്പാ തദ്ദനന്തരം സകലർക്കും നല്ല ഒരു ഉച്ചവിരുന്ന് നേരുകയും വീണ്ടും കാണാമെന്നു പറയുകയും ചെയ്തുകൊണ്ട് ജാലകത്തിങ്കൽ നിന്നു പിൻവാങ്ങി.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: