തിരയുക

നമ്മെ ബന്ധിക്കുന്ന ചങ്ങലകളിൽ നിന്നുള്ള മോചനത്തിന് യേശുവിനെ വിളിക്കുക, പാപ്പാ!

ഫ്രാൻസീസ് പാപ്പായുടെ മദ്ധ്യാഹ്നപ്രാർത്ഥനാ പ്രഭാഷണം: ദുഷ്ടാരൂപിയെ പുറത്താക്കുന്ന യേശു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഈ ഞായറാഴ്‌ച (28/01/24) ഫ്രാൻസീസ് പാപ്പാ, വത്തിക്കാനിൽ, ഞാറാഴ്ചകളിലെ പതിവനുസരിച്ച്, പൊതുവായ മദ്ധ്യാഹ്നപ്രാർത്ഥന നയിച്ചു. ശക്തമായ തണുപ്പനുഭവപ്പെട്ട ഒരു ദിനമായിരുന്നുവെങ്കിലും പ്രാർത്ഥനയിൽ പങ്കുകൊള്ളുന്നതിന് വിവിധരാജ്യക്കാരായിരുന്ന ഇരുപതിനായിരത്തോളം വിശ്വാസികൾ, വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ അങ്കണത്തിലും പരിസരത്തുമായി സന്നിഹിതരായിരുന്നു. “സമാധാനത്തിൻറെ സാർത്ഥവാഹകസംഘം” എന്ന അർത്ഥം വരുന്ന “കരൊവാന ദെല്ല പാച്ചെ” (Carovana della Pace)- ശാന്തിയാത്രാപരിപാടിയുടെ ഭാഗമായി എത്തിയ കത്തോലിക്ക പ്രവർത്തനം എന്ന പ്രസ്ഥാനത്തിലെ കുട്ടികൾ ചത്വരത്തിൽ ഗാനങ്ങൾ ആലപിക്കുന്നതും കാണാമായിരുന്നു. പാപ്പാ ത്രികാലജപം നയിക്കുന്നതിന് പതിവുജാലകത്തിങ്കൽ പ്രത്യക്ഷപ്പെട്ടപ്പോൾ ജനസഞ്ചയത്തിൻറെ കരഘോഷവും ആനന്ദാരവങ്ങളും ഉയർന്നു.

റോമിലെ സമയം ഉച്ചയ്ക്ക് 12 മണിക്ക്, ഇന്ത്യയിലെ സമയം, ഇന്ത്യയും ഇറ്റലിയും തമ്മിൽ ഇപ്പോഴുള്ള സമയവിത്യാസമനുസരിച്ച്, വൈകുന്നേരം 4,30-ന്, “കർത്താവിൻറെ മാലാഖ” എന്നാരംഭിക്കുന്ന മദ്ധ്യാഹ്ന പ്രാർത്ഥന നയിക്കുന്നതിനു മുമ്പ് പാപ്പാ നടത്തിയ വിചിന്തനത്തിന് ആധാരം, ലത്തീൻറീത്തിൻറെ ആരാധനാക്രമനുസരിച്ച്, ഈ ഞായാറാഴ്ച (28/01/24) ദിവ്യബലി മദ്ധ്യേ വായിക്കപ്പെട്ട ദൈവവചന ഭാഗങ്ങളിൽ, മർക്കോസിൻറെ സുവിശേഷം ഒന്നാം അദ്ധ്യായം, 21-28 വരെയുള്ള വാക്യങ്ങൾ (മർക്കോസ് 1,21-28) അതായത്, യേശു പിശാചുബാധിതനെ സുഖപ്പെടുത്തുന്ന സംഭവം ആയിരുന്നു. പാപ്പാ ഇറ്റാലിയൻ ഭാഷയിൽ നടത്തിയ പ്രഭാഷണത്തിൻറെ പരിഭാഷ:

നമ്മെ സ്വന്തമാക്കാൻ ശ്രമിക്കുന്ന സാത്താൻ 

പ്രിയ സഹോദരീ സഹോദരന്മാരേ, ശുഭ ദിനം!
"അശുദ്ധാത്മാവ്" ബാധിച്ച ഒരു വ്യക്തിയെ അതിൽ നിന്ന് മോചിപ്പിക്കുന്ന യേശുവിനെയാണ് ഇന്നത്തെ സുവിശേഷം നമ്മുടെ മുന്നിൽ അവതരിപ്പിക്കുന്നത്. (മർക്കോസ് 1,21-28 കാണുക). അശുദ്ധാത്മാവ് അയാളെ പീഡിപ്പിക്കുകയും അലറാൻ പ്രേരിപ്പിക്കുകയുംചെയ്തുകൊണ്ടിരുന്നു (വാ. 23.26 കാണുക). പിശാച് ചെയ്യുന്നത് ഇതാണ്: "നമ്മുടെ ആത്മാവിനെ തളയ്ക്കാൻ" വേണ്ടി നമ്മെ അവൻറെ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നു. നമ്മുടെ ആത്മാവിനെ ബന്ധിക്കുക: ഇതാണ് പിശാചിന് വേണ്ടത്. നമ്മുടെ സ്വാതന്ത്ര്യത്തെ ശ്വാസം മുട്ടിക്കുന്ന "ചങ്ങലകളെ"ക്കുറിച്ച് നാം ജാഗ്രതയുള്ളവായിരിക്കണം. കാരണം പിശാച് എപ്പോഴും സ്വാതന്ത്ര്യം എടുത്തുകളയുന്നു. അതുകൊണ്ട് നമ്മുടെ ഹൃദയത്തെ വലിഞ്ഞുമുറുക്കുന്ന ചില ചങ്ങലകൾക്ക് പേരു നൽകാൻ നമക്കു ശ്രമിക്കാം.

നമ്മെ തളയ്ക്കുന്ന നാനാവിധ ചങ്ങലകൾ 

നമ്മെ അടിമകളാക്കുകയും എപ്പോഴും അസംതൃപ്തിയിലാഴ്ത്തുകയും ഊർജ്ജങ്ങൾ, സമ്പത്ത്, സ്നേഹബന്ധങ്ങൾ എന്നിവയെ വിഴുങ്ങുകയും ചെയ്യുന്ന ആസക്തികളെ കുറിച്ച് ചിന്തിക്കാം; അസാദ്ധ്യമായ പൂർണ്ണതകളിലേക്കും ഉപഭോക്തൃത്വത്തിലേക്കും സുഖലോലുപതയിലേക്കും നയിക്കുന്ന പ്രബലമായ പരിഷ്ക്കാരങ്ങളെക്കുറിച്ച് ഞാൻ ചിന്തിക്കുന്നു, അവ ആളുകളെ വില്പനതച്ചരക്കാക്കുകയും ബന്ധങ്ങളെ നശിപ്പിക്കുകയും ചെയ്യുന്നു. മറ്റ് ചങ്ങലകളുമുണ്ട്: ആത്മാഭിമാനത്തെയും സ്വസ്ഥതയെയും ജീവിതം തിരഞ്ഞെടുക്കാനും അതിനെ സ്നേഹിക്കാനുമുള്ള കഴിവിനെയും ദുർബ്ബലപ്പെടുത്തുന്ന പ്രലോഭനങ്ങളും അവസ്ഥകളുമുണ്ട്; മറ്റൊരു ചങ്ങലയുണ്ട്: ഭയം, അത് അശുഭാപ്തിവിശ്വാസത്തോടെ ഭാവിയെ നോക്കാൻ പ്രേരിപ്പിക്കുന്നു, അസഹിഷ്ണുതയാകട്ടെ എല്ലായ്പ്പോഴും കുറ്റം മറ്റുള്ളവരുടെ മേൽ ആരോപിക്കുന്നു; ഇനി വളരെ മോശമായ ഒരു ചങ്ങലയുണ്ട്: അത് അധികാര ബിംബാരാധനയാണ്, അത് സംഘർഷങ്ങൾക്കു ജന്മമേകുകയും മാരകായുധങ്ങളെ അവലംബിക്കുകയോ സാമ്പത്തിക അനീതിയെയും ചിന്തയെ വളച്ചൊടിക്കലിനെയും ഉപയോഗപ്പെടുത്തുകയോ ചെയ്യുന്നു. നമ്മുടെ ജീവിതത്തിൽ നിരവധി ചങ്ങലകളുണ്ട്.

ബന്ധനവിമുക്തനാക്കുന്ന യേശു 

ഈ ചങ്ങലകളിൽ നിന്നെല്ലാം നമ്മെ മോചിപ്പിക്കാനാണ് യേശു വന്നത്. തന്നോട് ആക്രോശിക്കുന്ന പിശാചിൻറെ വെല്ലുവിളിക്ക്: അതായത്, “നിനക്ക് എന്താണ് വേണ്ടത് […]? നീ ഞങ്ങളെ നശിപ്പിക്കാനാണോ വന്നിരിക്കുന്നത്?" (വാക്യം. 24), എന്ന ചോദ്യത്തിന്, ഇന്ന് യേശു മറുപടി പറയുന്നു: " നിശബ്ദനായിരിക്കുക! നീ അവനെവിട്ട് പുറത്തുപോകുക! ” (വാക്യം. 25). പിശാചിനെ പുറത്താക്കാനുള്ള അധികാരം യേശുവിനുണ്ട്. യേശു നമ്മെ തിന്മയുടെ ശക്തിയിൽ നിന്ന് മോചിപ്പിക്കുന്നു, നമ്മൾ ശ്രദ്ധിക്കുക: അവിടന്ന് പിശാചിനെ തുരത്തുന്നു, പക്ഷേ അവനുമായി സംഭാഷണത്തിലേർപ്പെടുന്നില്ല! യേശു ഒരിക്കലും പിശാചുമായി സംഭാഷണം നടത്തിയിട്ടില്ല; മരുഭൂമിയിൽ പരീക്ഷിക്കപ്പെട്ടപ്പോൾ, അവിടത്തെ ഉത്തരങ്ങൾ ബൈബിളിൽ വചനങ്ങളായിരുന്നു, ഒരിക്കലും സംഭാഷണമായിരുന്നില്ല. സഹോദരീസഹോദരന്മാരേ, പിശാചുമായി സംഭാഷണം പാടില്ല! നിങ്ങൾ സുക്ഷിക്കുക: പിശാചുമായി സംഭാഷണത്തിലേർപ്പെടരുത്, കാരണം നീ അവനോട് സംസാരിക്കാൻ തുടങ്ങിയാൽ, അവനായിരിക്കും എപ്പോഴും വിജയിക്കുക. ശ്രദ്ധയുള്ളവരായിരിക്കുക.

പിശാചുമായി സംഭാഷണമരുത്

അപ്പോൾ പ്രലോഭിപ്പിക്കപ്പെടുകയും അടിച്ചമർത്തപ്പെടുകയും ചെയ്യുന്നതായി അനുഭവപ്പെടുമ്പോൾ എന്തുചെയ്യണം? പിശാചുമായി ചർച്ച നടത്തണോ? ഇല്ല, അവനുമായി ചർച്ച പാടില്ല. നാം യേശുവിനെ വിളിക്കണം: തിന്മയുടെയും ഭയത്തിൻറെയും ചങ്ങലകൾ അതി ശക്തമായി വലിഞ്ഞുമുറുക്കുന്നതായി നമുക്ക് തോന്നുന്നിടത്ത് അവിടെ അവനെ വിളിക്കുക. കർത്താവ്, അവിടത്തെ ആത്മാവിൻറെ ശക്തിയോടെ, ദുഷ്ടാരൂപിയോട് ഇന്നും ആവർത്തിക്കാൻ ആഗ്രഹിക്കുന്നു: "പോകൂ, ആ ഹൃദയത്തെ സമാധാനത്തിൽ ആയിരിക്കാൻ അനുവദിക്കൂ, ലോകത്തെയും കുടുംബങ്ങളെയും സമൂഹങ്ങളെയും വിഭജിക്കരുത്; അവരെ സമാധാനത്തോടെ ജീവിക്കാൻ വിടൂ, അങ്ങനെ നിൻറെയല്ല, അങ്ങനെയാണ് യേശു പറയുക, എൻറെ, ആത്മാവിൻറെ ഫലങ്ങൾ തഴച്ചുവളരട്ടെ, അങ്ങനെ, അവർക്കിടയിൽ സ്നേഹവും സന്തോഷവും സൗമ്യതയും വാഴട്ടെ, അക്രമത്തിനും വിദ്വേഷത്തിൻറെ അലർച്ചയ്ക്കും പകരം സ്വാതന്ത്ര്യവും സമാധാനവും ഉണ്ടാകട്ടെ”.

എന്നിൽ പ്രവർത്തനനിരതനാകാൻ ഞാൻ യേശുവിനെ അനുവദിക്കുമോ?

ആകയാൽ നമുക്ക് സ്വയം ചോദിക്കാം: എൻറെ ഹൃദയത്തെ വലിഞ്ഞുമുറുക്കുന്ന ആ ചങ്ങലകളിൽ നിന്ന് എനിക്ക് ശരിക്കും സ്വാതന്ത്ര്യം വേണോ? പിന്നെ, തിന്മയുടെ പ്രലോഭനങ്ങൾ ആത്മാവിലേക്ക് നുഴഞ്ഞുകയറുന്നതിനുമുമ്പ് "ഇല്ല" എന്ന് പറയാൻ എനിക്കറിയാമോ? അവസാനമായി, ഞാൻ യേശുവിനെ വിളിക്കുമോ, എന്നിൽ പ്രവർത്തിക്കാൻ, എനിക്ക് ആന്തരിക സൗഖ്യമേകാൻ ഞാൻ അവനെ അനുവദിക്കുമോ? പരിശുദ്ധ കന്യക തിന്മയിൽ നിന്ന് നമ്മെ സംരക്ഷിക്കട്ടെ. പാപ്പാ

ഈ വാക്കുകളെ തുടർന്ന് പാപ്പാ കർത്താവിൻറെ മാലാഖയെന്നാരംഭിക്കുന്ന ത്രികാലജപം നയിക്കുകയും ആശീർവ്വാദം നല്കുകയും ചെയ്തു.

ആശീർവ്വാദാനന്തര അഭിവാദ്യങ്ങൾ

ആശീർവ്വാദത്തിനു ശേഷം പാപ്പാ, ചത്വരത്തിൽ സന്നിഹിതരായിരുന്ന, ഇറ്റലിക്കാരും ലോകത്തിൻറെ ഇതര ഭാഗങ്ങളിൽ നിന്ന് എത്തിയിരുന്നവരുമായ തീർത്ഥാടകർക്കും സന്ദർശകർക്കും അഭിവാദ്യമർപ്പിക്കുകയും യുദ്ധമുൾപ്പടെയുള്ള തിന്മകൾ മൂലം യാതനകൾ അനുഭവിക്കുന്ന ജനതകളെ അനുസ്മരിക്കുകയും ചെയ്തു.

മ്യന്മാറിനു വേണ്ടി പ്രാർത്ഥിക്കുക

മ്യാൻമറിലെ ജനങ്ങളുടെ സവിശേഷതയായ പുഞ്ചിരിയുടെ സ്ഥാനത്ത്, മൂന്ന് വർഷമായി, വേദനയുടെ രോദനവും ആയുധങ്ങളുടെ മുഴക്കവും സ്ഥാനംപിടിച്ചിരിക്കയാണെന്ന് പാപ്പാ പറഞ്ഞു. "വിനാശത്തിൻറെ ആയുധങ്ങൾ മാനവികതയുടെയും നീതിയുടെയും വളർച്ചയ്ക്കുള്ള ഉപകരണങ്ങളായി പരിണമിക്കു"ന്നതിനു വേണ്ടി മ്യന്മാറിലെ മെത്രാന്മാർ ഉയർത്തിയ സ്വരത്തോടു താനും ചേരുന്നുവെന്ന് പാപ്പാ കൂട്ടിച്ചേർത്തു. സമാധാനം എന്നത് ഒരു യാത്രയാണെന്നു പ്രസ്താവിച്ച പാപ്പാ സാഹോദര്യപരമായ അനുരഞ്ജനം എന്ന ലക്ഷ്യത്തിലെത്തുന്നതിന്, സംവാദത്തിൻറെ ചുവടുകൾ സ്വീകരിക്കാനും പരസ്പരധാരണയിലെത്താനും ബന്ധപ്പെട്ട എല്ലാ വിഭാഗങ്ങളെയും ക്ഷണിച്ചു. എല്ലാവർക്കും ആവശ്യമായിരിക്കുന്നവ ഉറപ്പുനൽകുന്നതിന് മാനവിക സഹായം എത്തിക്കാനുള്ള മാർഗ്ഗങ്ങൾ അനുവദിക്കപ്പെടണമെന്നും പാപ്പാ പറഞ്ഞു.

യുദ്ധക്കെടുതികൾ അനുഭവിക്കുന്നവരെ മറക്കരുത്    

മദ്ധ്യപൂർവ്വദേശത്ത്, പലസ്തീനിലും, ഇസ്രായേലിലും അതുപോലെ മറ്റു പലയിടങ്ങളിലും യുദ്ധം നടക്കുന്നത് അനുസ്മരിച്ച പാപ്പാ പൗരജനങ്ങളോട് ആദരവുപുലർത്തേണ്ടതിൻറെ ആവശ്യകത ചൂണ്ടിക്കാട്ടി. ഉക്രൈയിനിൽ യുദ്ധത്തിനിരകളായവരെ, പ്രത്യേകിച്ച് സാധാരണ പൗരന്മാരെ താൻ എപ്പോഴും ഹൃദയപൂർവ്വം ഓർക്കുന്നുവെന്നു വെളിപ്പെടുത്തിയ പാപ്പാ, സമാധാനത്തിനായുള്ള അവരുടെ നിലവിളി കേൾക്കാൻ അഭ്യർത്ഥിച്ചു. അക്രമംകണ്ടു മടുത്ത ആ ജനം യുദ്ധവിരാമം ആഗ്രഹിക്കുന്നവെന്നു പാപ്പാ പറഞ്ഞു. യുദ്ധം ജനതകൾക്ക് ഒരു ദുരന്തവും മനുഷ്യരാശിയുടെ പരാജയവുമാണ് എന്ന തൻറെ ബോധ്യം പാപ്പാ ആവർത്തിച്ചു.

ഹൈറ്റി, ശേഷിക്കുന്ന ബന്ദികളെയും വിട്ടയയ്ക്കുക

കരീബിയൻ നാടായ ഹൈറ്റിയിൽ ഈയിടെ തട്ടിക്കൊണ്ടുപോകപ്പെട്ട സന്ന്യസിനികളും മറ്റുള്ളവരും മോചിതരായ ആശ്വാസകരമായ വാർത്തയിലുള്ള തൻറെ സന്തോഷവും പാപ്പാ പ്രകടിപ്പിച്ചു. അന്നാട്ടിൽ തട്ടിക്കൊണ്ടുപോകപ്പെട്ടിട്ടുള്ളവരിൽ ഇപ്പോഴും ബന്ദികളായിക്കഴിയുന്ന എല്ലാവരെയും വിട്ടയക്കണമെന്നും എല്ലാത്തരം അക്രമങ്ങളും അവസാനിപ്പിക്കണമെന്നും പാപ്പാ അഭ്യർത്ഥിച്ചു. നാടിൻറെ സമാധാനപരമായ വികസനത്തിന് എല്ലാവരുടെയും സംഭാവനകളും അന്താരാഷ്ട്ര സമൂഹത്തിൻറെ നവീകൃത പിന്തുണയും ആവശ്യമാണെന്ന് പാപ്പാ പറഞ്ഞു.

തുർക്കിയിൽ ദേവാലായക്രമണം

തുർക്കിയിൽ ഈസ്താംബൂളിലുള്ള വിശുദ്ധ മേരി ഡ്രപേരിസ് ദേവാലയത്തിൽ ഞായറാഴ്ച (28/01/24) കുർബ്ബാനയ്ക്കിടെ സായുധ ആക്രമണം ഉണ്ടാകുകയും ഒരാൾ മരിക്കുകയും ഏതാനുംപേർക്ക് പരിക്കേൽക്കുകയും ചെയ്തത് പാപ്പാ വേദനയോടെ അനുസ്മരിക്കുകയും തൻറെ സാമീപ്യം അറിയിക്കുകയും ചെയ്തു.

ലോക കുഷ്ഠരോഗ ദിനം

ജനുവരി മാസത്തിലെ അവസാന ഞായറാഴ്ച, ഇക്കൊല്ലം ഈ 28-ന്, ലോക കുഷ്ഠരോഗ ദിനം ആചരിക്കപ്പെടുന്നതിനെക്കുറിച്ചും പാപ്പാ പരാമർശിച്ചു.
ഈ രോഗബാധിതരെ പരിചരിക്കുന്നതിനും അവരെ സാമൂഹ്യജീവിതധാരയിൽ വീണ്ടും ഉൾച്ചേർക്കുന്നതിനും ശ്രമിക്കുന്നവർക്ക് പാപ്പാ പ്രചോദനം പകർന്നു. ഈ രോഗം കുറഞ്ഞുകൊണ്ടിരുക്കുന്നുവെങ്കിലും, ഇപ്പോഴും ഏറ്റവും ഭീതിതവും ഏറ്റവും ദരിദ്രരെയും പാർശ്വവൽക്കൃതരെയും ബാധിക്കുന്നതുമാണെന്ന് പാപ്പാ അനുസ്മരിച്ചു.

സമാധാനത്തിൻറെ സാർത്ഥവാഹകസംഘം

“സമാധാനത്തിൻറെ സാർത്ഥവാഹകസംഘം” എന്ന അർത്ഥം വരുന്ന “കരൊവാന ദെല്ല പാച്ചെ” (Carovana della Pace)- ശാന്തിയാത്രാപരിപാടിയുടെ ഭാഗമായി എത്തിയ കത്തോലിക്ക പ്രവർത്തനം എന്ന പ്രസ്ഥാനത്തിലെ കുട്ടികളെ പാപ്പാ പ്രത്യേകം അഭിവാദ്യം ചെയ്തു. ദൈവിക ദാനമായ സൃഷ്ടിയെ പരിപാലിക്കുന്നതിനുള്ള വിളിയെക്കുറിച്ച് അവർ തങ്ങളുടെ ശാന്തിയാത്രാപരിപാടിയിൽ പരിചിന്തനം ചെയ്തത് അനുസ്മരിച്ച പാപ്പാ, മെച്ചപ്പെട്ട ഒരു സമൂഹത്തിൻറെ നിർമ്മിതിക്കായുള്ള അവരുടെ പരിശ്രമത്തിന് നന്ദി പറഞ്ഞു. അവരുടെ പ്രതിനിധികളായി തൻറെ ചാരെ നിന്നിരുന്ന കുട്ടികൾ വായിക്കുന്ന സന്ദേശം കേൾക്കാൻ പാപ്പാ എല്ലാവരെയും ക്ഷണിക്കുകയും ചെയ്തു. ജാലകത്തിങ്കൽ നിന്നിരുന്ന രണ്ടു ബാലികാബാലന്മാരിൽ പെൺകുട്ടിയാണ് സന്ദേശം വായിച്ചത്. തദ്ദനന്തരം പാപ്പാ, എല്ലാവർക്കും നല്ലൊരു ഞായർ ആശംസിക്കുകയും തനിക്കു വേണ്ടി പ്രാർത്ഥിക്കാൻ മറക്കരുതെന്ന പതിവ് അഭ്യർത്ഥന നവീകരിക്കുകയും ചെയ്തു. കത്തോലിക്കാ പ്രവർത്തന പ്രസ്ഥാനത്തിലെ കുട്ടികളെ പാപ്പാ ഒരിക്കൽകൂടി അഭിവാദ്യം ചെയ്തു. തുടർന്ന് പാപ്പാ സകലർക്കും നല്ല ഒരു ഉച്ചവിരുന്ന് നേരുകയും വീണ്ടും കാണാമെന്നു പറയുകയും ചെയ്തുകൊണ്ട് ജാലകത്തിങ്കൽ നിന്നു പിൻവാങ്ങി.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

29 January 2024, 11:22

ത്രികാലപ്രാര്‍ത്ഥന - ദിവസത്തിൽ മൂന്നു പ്രാവശ്യം ജപിക്കുന്ന സഭയുടെ ഔദ്യോഗിക പ്രാർത്ഥനയാണിത്. സനാതനമായ രക്ഷാകര രഹ്യമാണ് ഇതിന്‍റെ ഉള്ളടക്കം. രാവിലെ
6 മണിക്കും, മദ്ധ്യാഹ്നം 12 മണിക്കും, വൈകുന്നേരം 6 മണിക്കും ദേവാലയമണി മുഴങ്ങുമ്പോഴാണ് ഇത് ഉരുവിടുന്നത്.  

കര്‍ത്താവിന്‍റെ മാലാഖ... എന്നു തുടങ്ങുന്ന ത്രികാലജപം സാധാരണകാലങ്ങളില്‍ ചൊല്ലുമ്പോള്‍ പെസഹാക്കാലത്ത് സ്വര്‍ല്ലോക രാജ്ഞിയേ... എന്ന പ്രാര്‍ത്ഥനയുമാണ് ചൊല്ലുന്നത്. പ്രാര്‍ത്ഥനയുടെ ഇടയ്ക്ക് ചൊല്ലുന്ന നന്മനിറഞ്ഞ മറിയമേ, എന്ന ജപം ക്രിസ്തുവിന്‍റെ രക്ഷാകര ചരിത്രത്തില്‍ മറിയത്തിനുള്ള പങ്ക് വിളിച്ചോതുന്നു. ത്രിത്വസ്തുതിയോടെയാണ് ത്രികാലപ്രാര്‍ത്ഥന അവസാനിക്കുന്നത്.


പൊതുവെ എല്ലാ ഞായറാഴ്ചകളിലും സവിശേഷദിനങ്ങളിലും മദ്ധ്യാഹ്നത്തിലാണ് “ആഞ്ചെലൂസ്…” എന്ന ശീര്‍ഷകത്തില്‍ പാപ്പായുടെ സാന്നിദ്ധ്യത്തില്‍ ത്രികാലപ്രാ‍ര്‍ത്ഥന നടത്തപ്പെടുന്നത്. ഞായറാഴ്ചകളില്‍ മദ്ധ്യാഹ്നം കൃത്യം 12 മണിക്ക് വത്തിക്കാനിലെ അപ്പസ്തോലിക അരമനയുടെ മൂന്നാംനിലയുടെ രണ്ടാം ജാലകത്തില്‍ പ്രത്യക്ഷപ്പെട്ട്, താഴെ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ സമ്മേളിച്ചിരിക്കുന്ന തീര്‍ത്ഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കുമൊപ്പം പാപ്പാ ത്രികാലപ്രാര്‍ത്ഥന ചൊല്ലുന്ന പതിവിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്.

ഏറ്റവും ഒടുവിലത്തെ ത്രികാലപ്രാര്‍ത്ഥന

വായിച്ചു മനസ്സിലാക്കാന്‍ >