നിക്കരാഗ്വയിൽ മെത്രാന്മാരുടെയും വൈദികരുടെയും അറസ്റ്റുകളിൽ പാപ്പായുടെ ആശങ്ക!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
മദ്ധ്യ അമേരിക്കൻ നാടായ നിക്കരാഗ്വയിൽ കത്തോലിക്ക മെത്രാന്മാരും വൈദികരും അറസ്റ്റുചെയ്യപ്പെടുന്ന സംഭവങ്ങൾ അതീവ ആശങ്കയുളവാക്കുന്നുവെന്ന് മാർപ്പാപ്പാ.
ദൈവജനനനിയുടെ തിരുന്നാളും വിശ്വശാന്തിദിനവുമായിരുന്ന പുതുവത്സരദിനത്തിൽ, തിങ്കളാഴ്ച (01/01/24) വത്തിക്കാനിൽ നയിച്ച പൊതുവായ മദ്ധ്യാഹ്നപ്രാർത്ഥനാ വേളയിൽ ആശീർവ്വാദാനന്തരം വിശ്വാസികളെ അഭിവാദ്യം ചെയ്യവെയാണ് ഫ്രാൻസീസ് പാപ്പാ തൻറെ ഈ ഉത്ക്കണ്ഠ രേഖപ്പെടുത്തിയത്.
ഇക്കഴിഞ്ഞ ഡിസംബർ 31-ന് ഹിനത്തേഗ രൂപതയിൽപ്പെട്ട ഗുസ്താവൊ സന്തീനൊ എന്ന കത്തോലിക്കാ വൈദികനെയും 29-ന് രാത്രി നിക്കരാഗ്വയിലെ മനാഗ്വ അതിരൂപതയിൽപ്പെട്ട 6 വൈദികരെയും പൊലീസ് അറസ്റ്റുചെയ്തിരുന്നു. ഇക്കഴിഞ്ഞ ദിനങ്ങളിൽ അന്നാട്ടിൽ 14 വൈദികരും സിയൂന രൂപതയുടെ മെത്രാൻ ഇസിദോറൊ മോറയും രണ്ടു സെമിനാരിക്കാരും അറസ്റ്റുചെയ്യപ്പെട്ടിട്ടുണ്ട്.
ഇത്തരം നടപടികളിലൂടെ, അന്നാടിൻറെ ഭരണകൂടം സഭയ്ക്കെതിരെ നടത്തിക്കൊണ്ടിരിക്കുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് പാപ്പാ തൻറെ ആശങ്ക അറിയിച്ചത്. അറസ്റ്റുചെയ്യപ്പെട്ടവരോടും അവരുടെ കുടുംബങ്ങളോടും അന്നാട്ടിലെ ആകമാന സഭയോടും പ്രാർത്ഥനയിലുള്ള തൻറെ സാമീപ്യം പാപ്പാ വെളിപ്പെടുത്തുകയും അവർക്കായി പ്രാർത്ഥിക്കാൻ ദൈവജനത്തെ ക്ഷണിക്കുകയും ചെയ്തു. പ്രശ്നപരിഹൃതിക്ക് സംഭാഷണത്തിൻറെ സരണിയിൽ ചരിക്കാൻ ബന്ധപ്പെട്ടവർക്ക് കഴിയട്ടെയെന്ന് പാപ്പാ ആശംസിക്കുകയും ചെയ്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: