വിഭജനമതിലിനെ തകർത്ത ജറുസലേം സാഹോദര്യ സമാഗമം!

1964 ജനുവരി 4-6 വരെ തീയതികളിൽ ജറുസലേമിൽ ഇടയസന്ദർശനം നടത്തിയ വിശുദ്ധ പോൾ ആറാമൻ പാപ്പാ തദ്ദവസരത്തിൽ അവിടെ വച്ച് കോൺസ്റ്റൻറിനോപ്പിളിലെ എക്യുമെനിക്കൽ പാത്രിയാർക്കീസായിരുന്ന അത്തെനാഗോറസുമായി നടത്തിയ കൂടിക്കാഴ്ചയുടെ ഷഷ്ടിപൂർത്തി ഫ്രാൻസീസ് പാപ്പാ അനുസ്മരിച്ചു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ക്രൈസ്തവൈക്യത്തിൻറെ പാതയിൽ ഒരുമിച്ച് പ്രാർത്ഥിക്കുകയും ഒരുമിച്ച് ചരിക്കുകയും ഒരുമിച്ച് പ്രവർത്തിക്കുകയും ചെയ്തു കൊണ്ട് നമ്മൾ സഭയിലെ രണ്ടു മഹാത്മാക്കളായ വിശുദ്ധ പോൾ ആറാമൻ, കോൺസ്റ്റൻറിനോപ്പിളിലെ എക്യുമെനിക്കൽ പാത്രിയാർക്കീസായിരുന്ന അത്തെനാഗോറസ് എന്നിവരുടെ ആശ്ലേഷത്തിൽ നിന്ന് പാഠം പഠിക്കണമെന്ന് മാർപ്പാപ്പാ.

1964 ജനുവരി 4-6 വരെ തീയതികളിൽ ജറുസലേമിൽ ഇടയസന്ദർശനം നടത്തിയ വിശുദ്ധ പോൾ ആറാമൻ പാപ്പാ തദ്ദവസരത്തിൽ ജറുസലേമിൽ വച്ച് കോൺസ്റ്റൻറിനോപ്പിളിലെ എക്യുമെനിക്കൽ പാത്രിയാർക്കീസായിരുന്ന അത്തെനാഗോറസുമായി നടത്തിയ കൂടിക്കാഴ്ചയുടെ അറുപതാം വാർഷികം അനുസ്മരിച്ചുകൊണ്ടാണ് ഫ്രാൻസീസ് പാപ്പാ ഇതു പറഞ്ഞത്. പ്രത്യക്ഷീകരണത്തിരുന്നാൾ ദിനമായിരുന്ന ശനിയാഴ്ച (06/01/24) വത്തിക്കാനിൽ നയിച്ച മദ്ധ്യാഹ്നപ്രാർത്ഥനാ വേളയിൽ ആശീർവ്വാദാനന്തരം ജനങ്ങളെ അഭിവാദ്യം ചെയ്യുകയായിരുന്നു പാപ്പാ.

നൂറ്റാണ്ടുകളായി കത്തോലിക്കരെയും ഓർത്തഡോക്‌സുകാരെയും അകറ്റി നിർത്തിയിരുന്ന വിഭജന മതിലിനെ തകർത്ത ഒന്നായിരുന്നു വിശുദ്ധ പോൾ ആറാമനും എക്യുമെനിക്കൽ പാത്രിയാർക്കീസ് അത്തെനാഗോറസും തമ്മിൽ നടത്തിയ ആ കൂടിക്കാഴ്ചയെന്ന് പാപ്പാ പറഞ്ഞു.ജറുസലേമിൽ സംഭവിച്ച സാഹോദര്യത്തിൻറെ ചരിത്രപരമായ ആ പ്രവർത്തിയെക്കുറിച്ച് ചിന്തിച്ചുകൊണ്ട്, മദ്ധ്യപൂർവദേശത്ത്, പലസ്തീനിൽ, ഇസ്രായേലിൽ, ഉക്രൈയിനിൽ, ലോകമെമ്പാടും സമാധാനം സംസ്ഥാപിക്കപ്പെടുന്നതിനായി പ്രാർത്ഥിക്കാൻ പാപ്പാ എല്ലാവരെയും ക്ഷണിച്ചു. ഇറാനിയൻ ജനതയോടും, പ്രത്യേകിച്ച് കെർമാനിൽ നടന്ന ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട നിരവധി പേരുടെ കുടുംബാംഗങ്ങളോടും, പരിക്കേറ്റവരോടും, ഈ ദുരന്തത്തിൻറെ വലിയ വേദന അനുഭവിക്കുന്നവരോടും പാപ്പാ തൻറെ സാമീപ്യം അറിയിക്കുകയും ചെയ്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

06 January 2024, 14:37

ത്രികാലപ്രാര്‍ത്ഥന - ദിവസത്തിൽ മൂന്നു പ്രാവശ്യം ജപിക്കുന്ന സഭയുടെ ഔദ്യോഗിക പ്രാർത്ഥനയാണിത്. സനാതനമായ രക്ഷാകര രഹ്യമാണ് ഇതിന്‍റെ ഉള്ളടക്കം. രാവിലെ
6 മണിക്കും, മദ്ധ്യാഹ്നം 12 മണിക്കും, വൈകുന്നേരം 6 മണിക്കും ദേവാലയമണി മുഴങ്ങുമ്പോഴാണ് ഇത് ഉരുവിടുന്നത്.  

കര്‍ത്താവിന്‍റെ മാലാഖ... എന്നു തുടങ്ങുന്ന ത്രികാലജപം സാധാരണകാലങ്ങളില്‍ ചൊല്ലുമ്പോള്‍ പെസഹാക്കാലത്ത് സ്വര്‍ല്ലോക രാജ്ഞിയേ... എന്ന പ്രാര്‍ത്ഥനയുമാണ് ചൊല്ലുന്നത്. പ്രാര്‍ത്ഥനയുടെ ഇടയ്ക്ക് ചൊല്ലുന്ന നന്മനിറഞ്ഞ മറിയമേ, എന്ന ജപം ക്രിസ്തുവിന്‍റെ രക്ഷാകര ചരിത്രത്തില്‍ മറിയത്തിനുള്ള പങ്ക് വിളിച്ചോതുന്നു. ത്രിത്വസ്തുതിയോടെയാണ് ത്രികാലപ്രാര്‍ത്ഥന അവസാനിക്കുന്നത്.


പൊതുവെ എല്ലാ ഞായറാഴ്ചകളിലും സവിശേഷദിനങ്ങളിലും മദ്ധ്യാഹ്നത്തിലാണ് “ആഞ്ചെലൂസ്…” എന്ന ശീര്‍ഷകത്തില്‍ പാപ്പായുടെ സാന്നിദ്ധ്യത്തില്‍ ത്രികാലപ്രാ‍ര്‍ത്ഥന നടത്തപ്പെടുന്നത്. ഞായറാഴ്ചകളില്‍ മദ്ധ്യാഹ്നം കൃത്യം 12 മണിക്ക് വത്തിക്കാനിലെ അപ്പസ്തോലിക അരമനയുടെ മൂന്നാംനിലയുടെ രണ്ടാം ജാലകത്തില്‍ പ്രത്യക്ഷപ്പെട്ട്, താഴെ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ സമ്മേളിച്ചിരിക്കുന്ന തീര്‍ത്ഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കുമൊപ്പം പാപ്പാ ത്രികാലപ്രാര്‍ത്ഥന ചൊല്ലുന്ന പതിവിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്.

ഏറ്റവും ഒടുവിലത്തെ ത്രികാലപ്രാര്‍ത്ഥന

വായിച്ചു മനസ്സിലാക്കാന്‍ >