ആത്മീയ സമരസാന്ദ്രം ക്രിസ്തീയ ജീവിതം, പാപ്പാ !
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ഈ ബുധനാഴ്ച (03/01/24) ഫ്രാൻസീസ് പാപ്പാ അനുവദിച്ചത് 2024 ലെ പ്രഥമ പ്രതിവാര പൊതുദർശനം ആയിരുന്നു. പതിവുപോലെ വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയ്ക്കടുത്തുള്ള പോൾ ആറാമൻ ശാലയായിരുന്നു വേദി. പാപ്പാ ഊന്നുവടിയുടെ സഹായത്തോടെ സാവധാനം നടന്ന് ശാലയിൽ എത്തിയപ്പോൾ അവിടെ സന്നിഹിതരായിരുന്ന തീർത്ഥാടകരും സന്ദർശകരും എഴുന്നേറ്റു നിന്ന് കരഘോഷത്തോടെയും ആരവങ്ങളോടെയും തങ്ങളുടെ ആനന്ദം പ്രകടിപ്പിച്ചു. വേദപുസ്തക വായനയ്ക്കും മറ്റുമായി വേദിയിൽ ഉണ്ടായിരുന്നവരുടെ അടുത്ത് ചെന്ന് അവരെ അഭിവാദ്യം ചെയ്തതിനു ശേഷം വേദിമദ്ധ്യത്തിലെത്തിയ പാപ്പാ റോമിലെ സമയം രാവിലെ 9.00 മണിക്ക്, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 1.30-ന്, ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിച്ചു. തുടർന്ന് വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗ പാരായണമായിരുന്നു.
"യേശു യോഹന്നാനിൽ നിന്നു ജ്ഞാനസ്നാനം സ്വീകരിക്കാൻ ഗലീലിയിൽ നിന്ന് ജോർദ്ദാനിൽ അവൻറെ അടുത്തേക്കു വന്നു. ഞാൻ നിന്നിൽനിന്ന് സ്നാനം സ്വീകരിക്കേണ്ടിയിരിക്കെ, നീ എൻറെ അടുത്തേക്കു വരുന്നുവോ എന്നു ചോദിച്ചുകൊണ്ട് യോഹന്നാൻ അവനെ തടഞ്ഞു. എന്നാൽ യേശു പറഞ്ഞു:ഇപ്പോൾ ഇതു സമ്മതിക്കുക;അങ്ങനെ സർവ്വനീതിയും പൂർത്തിയാക്കുക നമുക്കു ഉചിതമാണ്. അപ്പോൾ അവൻ അതു സമ്മതിച്ചു.” മത്തായി 3:13-15
ഈ വായനയ്ക്കു ശേഷം പാപ്പാ, ദുർഗുണങ്ങളെയും സദ്‌ഗുണങ്ങളെയും അധികരിച്ച് താൻ കഴിഞ്ഞ വാരത്തിൽ ആരംഭിച്ച പ്രബോധനപരമ്പര തുടർന്നു. ആത്മീയ പോരാട്ടമായിരുന്നു പാപ്പായുടെ വിചിന്തന വിഷയം. പാപ്പാ ഇറ്റാലിൻ ഭാഷയിൽ നടത്തിയ മുഖ്യ വിചിന്തനം :
നിരന്തര പോരാട്ടം അടങ്ങിയ ക്രിസ്തീയ ജീവിതം
പ്രിയ സഹോദരീ സഹോദരന്മാരേ, ശുഭദിനം!
കഴിഞ്ഞ ആഴ്‌ച നമ്മൾ ദുർഗുണങ്ങളും സദ്ഗുണങ്ങളും എന്ന വിഷയത്തിലേക്കു പ്രവേശിച്ചു. ഇത് ക്രിസ്ത്യാനിയുടെ ആത്മീയ പോരാട്ടത്തെ ഓർമ്മിപ്പിക്കുന്നു. വാസ്തവത്തിൽ, ക്രിസ്ത്യാനിയുടെ ആത്മീയ ജീവിതം സമാധാനപരവും രേഖീയവും വെല്ലുവിളിരഹിതവുമല്ല, മറിച്ച്, നിരന്തര പോരാട്ടം അത് ആവശ്യപ്പെടുന്നു. സ്നാനമെന്ന കൂദാശയിൽ ഓരോ ക്രിസ്ത്യാനിയും സ്വീകരിക്കുന്ന ആദ്യത്തെ അഭിഷേകം – കാറ്റെക്കൂമെനൽ- അഭിഷേകം - യാതൊരു സുഗന്ധദ്രവ്യവുമില്ലാത്തതാണ് എന്നത് യാദൃശ്ചികമല്ല. അത്, ജീവിതം ഒരു പോരാട്ടമാണെന്ന് പ്രതീകാത്മകമായി പ്രഖ്യാപിക്കുന്നു. വാസ്തവത്തിൽ, പുരാതന കാലത്ത്, പോരാളികൾ, മത്സരത്തിന് മുമ്പ്, പൂർണ്ണമായും തൈലാഭിഷിക്തരാകുന്നു, അത് അവരുടെ പേശികളെ ബലപ്പെടുത്താനും അവരുടെ ശരീരം എതിരാളിയുടെ പിടിയിൽ നിന്ന് വഴുതിപ്പോകുന്നതിനുമാണ്. ക്രൈസ്തവാർത്ഥികളുടെ (കാറ്റെക്കൂമെൻ) അഭിഷേകം പ്രത്യക്ഷമായിത്തന്നെ സുവ്യക്തമാക്കുന്നത് ക്രിസ്ത്യാനി പോരാട്ടവിമുക്തനല്ല എന്നാണ്: അതായത്, മറ്റെല്ലാവരുടെയും പോലെ അവൻറെയും അസ്തിത്വം ഗോദയിലേക്ക് ഇറങ്ങേണ്ടിവരും, കാരണം ജീവിതം പരീക്ഷണങ്ങളുടെയും പ്രലോഭനങ്ങളുടെയും ശ്രേണിയാണ്.
പ്രലോഭനങ്ങൾ
സന്ന്യാസജീവിതത്തിൻറെ മഹാനായ ആദ്യ പിതാവായ അബ്ബാ അന്തോണിയുടെ സുപ്രസിദ്ധമായ ഒരു വാക്യം ഇപ്രകാരമാണ്: "പ്രലോഭനങ്ങളെ ഇല്ലാതാക്കുക, ആരും രക്ഷിക്കപ്പെടുകയില്ല". വിശുദ്ധർ പ്രലോഭനങ്ങളിൽ നിന്ന് മുക്തരായ മനുഷ്യരല്ല, മറിച്ച് അനാവരണം ചെയ്യുകയും തള്ളിക്കളയുകയും ചെയ്യേണ്ട തിന്മയുടെ വശീകരണങ്ങൾ ജീവിതത്തിൽ ആവർത്തിക്കപ്പെടുമെന്ന അവബോധം നല്ലവണ്ണം പുലർത്തിയിരുന്നവരാണ്.
ആത്മശോധന അനിവാര്യം
സ്വയം കുറ്റവിമുക്തരാക്കുകയും, തങ്ങൾ "എല്ലാംകൊണ്ടും ശരിയാണ്" എന്ന് വിശ്വസിക്കുക്കയും ചെയ്യുന്നവരുണ്ട്. ഞാൻ മിടുക്കനാണ്, മിടുക്കിയാണ്, എനിക്കു പ്രശ്നങ്ങലില്ല എന്നു കരുതുന്നവരുണ്ട്. എന്നാൽ നാം ആരും അങ്ങനെയല്ല. ഞാൻ എല്ലാവിധത്തിലും നന്നായിപ്പോകുന്നു എന്ന് ആരെങ്കിലും ചിന്തിക്കുന്നുണ്ടെങ്കിൽ അവൻ സ്വപ്നം കാണുകയാണ്. നമുക്കോരോരുത്തർക്കും ധാരാളം കാര്യങ്ങൾ തിരുത്താനും ജാഗ്രതപാലിക്കാനുമുണ്ട്. നാം അനുരഞ്ജന കൂദാശയ്ക്കണയാറുണ്ട്. ആത്മാർത്ഥമായിട്ടാണോ കുമ്പസാരിക്കുന്നത്? ഞാൻ ഒരു പാപത്തെക്കുറിച്ച്, പാപങ്ങളെക്കുറിച്ച് ഓർക്കുന്നില്ല എന്നു പറയുമ്പോൾ അത് ഹൃദയത്തിൽ എന്താണ് നടക്കുന്നത് എന്നതിനെക്കുറിച്ച് അറിവില്ലായ്മയാണ്. നാമെല്ലാവരും പാപികളാണ്. ഒരു ആത്മശോധന, ഉള്ളിലേക്കുള്ള തിരിഞ്ഞു നോട്ടം ഗുണകരമാണ്, അല്ലേ?
പാപാവബോധം ഉള്ളവരാകുക
പാപസങ്കീർത്തന കൂദാശയക്കണയുന്നവരെ നോക്കി ചിരിക്കുന്നവരുമായ ആളുകൾ ഉണ്ട്. അവർ ഇരുട്ടിൽ ജീവിക്കുന്ന അപകടസാദ്ധ്യതയുണ്ട്, കാരണം അവർ ഇപ്പോൾ ഇരുളിനോട് ഇണങ്ങിച്ചേർന്നിരിക്കുന്നു, നല്ലതും ചീത്തയും വേർതിരിച്ചറിയാൻ അറിയാത്തവരായിത്തീർന്നിരിക്കുന്നു. സഭയിൽ സ്വന്തം പാപങ്ങൾ അറിയുകയും കണ്ണീർവാർക്കുകയും ചെയ്യുന്നവൻ മരിച്ചവരെ ഉയിർപ്പിക്കുന്നവനെക്കാൾ വലിയവനാണെന്ന് നിനിവേയിലെ ഐസക് പറയുമായിരുന്നു. പിതാവായ ദൈവത്തിൻറെ അനന്തമായ കാരുണ്യത്തിനു മുന്നിൽ ഒരു പാപവും വളരെ വലുതല്ല എന്ന വിശ്വാസം ഹൃദയത്തിൽ സൂക്ഷിച്ചുകൊണ്ട്, മാനസാന്തരം ആവശ്യമായിരിക്കുന്ന, പാവപ്പെട്ട പാപികളായി സ്വയം തിരിച്ചറിയാനുള്ള കൃപയ്ക്കായി നാമെല്ലാവരും ദൈവത്തോട് അപേക്ഷിക്കണം. ഇതാണ് യേശു നമുക്കേകുന്ന ആദ്യപാഠം.
പാപപ്പൊറുതി യാചിക്കാനുള്ള കൃപയ്ക്കായി പ്രാർത്ഥിക്കുക
സുവിശേഷത്തിൻറെ ആദ്യതാളുകളിൽ, സർവ്വോപരി, ജോർദ്ദാൻ നദിയിൽ വച്ചുള്ള മിശിഹായുടെ ജ്ഞാനസ്നാനത്തെക്കുറിച്ച് പറയുമ്പോൾ, അത് നാം കാണുന്നു. ഈ സംഭവത്തിൽത്തന്നെ സംക്ഷോഭകരമായ ചിലതുണ്ട്: എന്തുകൊണ്ടാണ് യേശു അത്തരമൊരു ശുദ്ധീകരണ ചടങ്ങിന് വിധേയനാകുന്നത്? എന്ത് പാപത്തെക്കുറിച്ചാണ് യേശു അനുതപിക്കേണ്ടതായിട്ടുള്ളത്? സ്നാപകനു പോലും അത് അപകീർത്തികരമായിതോന്നി. വിശുദ്ധഗ്രന്ഥം പറയുന്നു: “ഞാൻ നിന്നിൽനിന്ന് സ്നാനം സ്വീകരിക്കേണ്ടിയിരിക്കെ, നീ എൻറെ അടുത്തേക്കു വരുന്നുവോ” എന്നു ചോദിച്ചുകൊണ്ട് യോഹന്നാൻ അവനെ തടയാൻ ആഗ്രഹിച്ചു” (മത്തായി 3,15). എന്നാൽ യോഹന്നാൻ അവതരിപ്പിക്കുകയും ആളുകൾ സങ്കൽപ്പിക്കുകയും ചെയ്തതിൽ നിന്ന് വളരെ വിഭിന്നനായ ഒരു മിശിഹായാണ് യേശു: അവൻ രോഷാകുലനായ ദൈവത്തെയല്ല മൂർത്തമാക്കുന്നത്, അവൻ ന്യായവിധിക്കായി വിളിക്കുന്നില്ല, മറിച്ച്, അവൻ നമ്മെപ്പോലെ, നാം എല്ലാവരുമോടൊപ്പം പാപികളോടുകൂടെ വരിയിൽ നിൽക്കുന്നു. പക്ഷെ ഇത് എന്തുകൊണ്ട്? അതെ: യേശു പാപികളായ നാമെല്ലാവർക്കും തുണയായി വരുന്നു; എന്നാൽ അവൻ പാപിയല്ല, പക്ഷെ, അവൻ നമ്മുടെ ഇടയിലുണ്ട്. ഇത് മനോഹരമായ ഒരു കാര്യമാണ്. "പിതാവേ, ഞാൻ ധാരാളം പാപം ചെയ്തുപോയി!" - "എന്നാൽ യേശു നിന്നോടൊപ്പമുണ്ട്: അതിനെക്കുറിച്ച് അവനോട് സംസാരിക്കുക, അതിൽ നിന്ന് പുറത്തുകടക്കാൻ അവൻ നിന്നെ സഹായിക്കും". യേശു ഒരിക്കലും നമ്മെ തനിച്ചാക്കുന്നില്ല, ഒരിക്കലും! ഇതിനെക്കുറിച്ച് നന്നായി ചിന്തിക്കുക. "ഓ, പിതാവേ, ഞാൻ ചില വലിയതെറ്റുകൾ ചെയ്തു!" - "എന്നാൽ യേശു നിന്നെ അറിയുകയും നിനക്ക് തുണയായിരിക്കുകയും ചെയ്യുന്നു: അവൻ നിൻറെ പാപം മനസ്സിലാക്കുകയും ക്ഷമിക്കുകയും ചെയ്യുന്നു": ഇത് ഒരിക്കലും മറക്കരുത്. ഏറ്റവും മോശമായ നിമിഷങ്ങളിൽ, പാപങ്ങളിലേക്ക് വഴുതി വീഴുന്ന നിമിഷങ്ങളിൽ, നമ്മെ സഹായിക്കാനും കൈപിടിച്ചുയർത്താനും യേശു നമ്മുടെ അരികിലുണ്ട്. ഇത് സാന്ത്വനദായകമാണ്. ഈ ആശയം, ഈ യാഥാർത്ഥ്യം നാം നഷ്ടപ്പെടുത്തരുത്: പാപത്തിൽ വീണ നമ്മെ സഹായിക്കാനും നമ്മെ സംരക്ഷിക്കാനും നമ്മെ ഉയർത്താനും യേശു നമ്മുടെ ചാരെയുണ്ട്. "എന്നാൽ പിതാവേ, യേശു എല്ലാം ക്ഷമിക്കുന്നു എന്നത് സത്യമാണോ?" – “എല്ലാം: അവൻ വന്നത് ക്ഷമിക്കാനാണ്, രക്ഷിക്കാനാണ്; എന്നാൽ നിങ്ങളുടെ തുറന്ന ഹൃദയം യേശു ആഗ്രഹിക്കുന്നു." യേശു ഒരിക്കലും പൊറുക്കാൻ മറക്കുന്നില്ല. പലപ്പോഴും നമ്മളാണ് ക്ഷമ ചോദിക്കാൻ കഴിവില്ലാത്തവരായിത്തീരുന്നത്. ക്ഷമ ചോദിക്കാനുള്ള ഈ കഴിവ് നമുക്ക് വീണ്ടെടുക്കാം. നമുക്കോരോരുത്തർക്കും ക്ഷമ ചോദിക്കാൻ ധാരാളം കാര്യങ്ങൾ ഉണ്ട്: നമ്മൾ ഓരോരുത്തരും ഉള്ളിൽ അതിനെക്കുറിച്ച് ചിന്തിക്കുക, ഇന്ന് നീ യേശുവിനോട് സംസാരിക്കുക. ഇതിനെക്കുറിച്ച് യേശുവിനോട് പറയുക: "കർത്താവേ, ഇത് സത്യമാണോ അല്ലയോ എന്ന് എനിക്കറിയില്ല, പക്ഷേ നീ എന്നിൽ നിന്ന് അകന്നുപോകുന്നതിൽ നിന്ന് നിന്നെ തടയാനുള്ള കഴിവ് എനിക്കുണ്ട്. നീ എന്നോട് ക്ഷമിക്കാനുള്ള കഴിവ് എനിക്കുണ്ട്. കർത്താവേ, ഞാൻ പാപിയാണ്, പാപിനിയാണ്, പക്ഷേ എന്നിൽ നിന്ന് അകന്നുപോകരുതേ. "കർത്താവേ, എന്നെ വിട്ടുപോകരുതേ" എന്നത് ഇന്ന് മനോഹരമായ പ്രാർത്ഥനയായിരിക്കും. നന്ദി.
ഈ വാക്കുകളെ തുടര്‍ന്ന് പാപ്പായുടെ, ഇറ്റാലിയന്‍ ഭാഷയിലായിരുന്ന, പ്രഭാഷണത്തിന്‍റെ സംഗ്രഹം ആംഗലവും അറബിയുമുള്‍പ്പെടെ വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെടുകയും ഒരോ വായനയുടെയും അവസാനം പാപ്പാ അതതു ഭാഷാക്കാരെ ഇറ്റാലിയൻ ഭാഷയിൽ അഭിവാദ്യം ചെയ്യുകയും ചെയ്തു.
യുദ്ധം മൂലം കഷ്ടപ്പാടുകൾ അനുഭവിക്കുന്നവർക്കായി പ്രാർത്ഥിക്കുക
യുദ്ധത്തിൻറെ ദുരിതം പേറുന്ന ജനങ്ങളെ പാപ്പാ തദ്ദവസരത്തിൽ അനുസ്മരിച്ചു. യുദ്ധം ഒരു ഭ്രാന്താണ്, യുദ്ധം എല്ലായ്പ്പോഴും ഒരു തോൽവിയാണ് എന്ന തൻറെ ബോധ്യം ആവർത്തിച്ച പാപ്പാ, യുദ്ധവേദികളായ പലസ്തീനിലെയും ഇസ്രായേലിലെയും ഉക്രൈയിനിലെയും ഇതര നാടുകളിലെയും ജനങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കാൻ എല്ലാവരെയും ക്ഷണിച്ചു. പീഢിതരായ റൊഹങ്ക്യൻ വംശജരെയും മറക്കരുതെന്ന് പാപ്പാ പറഞ്ഞു.
സമാപനാഭിവാദ്യവും ആശീർവ്വാദവും
പൊതുദർശനപരിപാടിയുടെ അവസാനം പാപ്പാ യുവതീയുവാക്കളെയും വൃദ്ധജനത്തെയും രോഗികളെയും നവദമ്പതികളെയും അഭിവാദ്യം ചെയ്തു. യേശുക്രിസ്തുവിനോടുള്ള വിശ്വസ്തതയിലും അവിടത്തെ സുവിശേഷത്തിൻറെ വ്യാപനത്തിനുള്ള ഉദാരമായ പിന്തുണയിലും മുന്നേറാൻ പാപ്പാ അവർക്ക് പ്രചോദനം പകർന്നു. പാപ്പായുടെ ഈ വാക്കുകളെ തുടർന്ന് ലത്തീൻഭാഷയിൽ സ്വർഗ്ഗസ്ഥനായ പിതാവേ എന്ന കർത്തൃപ്രാർത്ഥന ആലപിക്കപ്പെട്ടു. അതിനു ശേഷം, പാപ്പാ, എല്ലാവർക്കും തൻറെ അപ്പൊസ്തോലികാശീർവ്വാദം നല്കി.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: