ദ്രവ്യാസക്തി, ഹൃദയത്തിൻറെ രോഗം, പാപ്പാ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
റോമിൽ തണുപ്പിൻറെ കാഠിന്യം പ്രകടമായ ഒരു ദിനങ്ങളിൽ ഒന്നായിരുന്നു ഈ ബുധനാഴ്ചയെങ്കിലും (24/01/24) ഫ്രാൻസീസ് പാപ്പാ വത്തിക്കാനിൽ അനുവദിച്ച പ്രതിവാര പൊതുദർശനപരിപാടിയിൽ പങ്കുകൊള്ളുന്നതിന് വിവിധരാജ്യക്കാരായിരുന്ന ആയിരക്കണക്കിന് സന്ദർശകരും തീർത്ഥാടകരും എത്തിയിരുന്നു. പതിവുപോലെ, വിശുദ്ധ പത്രോസിൻറെ ബസിലിക്കയ്ക്കടുത്തുള്ള പോൾ ആറാമൻ ശാലയായിരുന്നു വേദി. ഊന്നുവടിയുടെ സഹായത്തോടെ സാവധാനം നടന്ന് പാപ്പാ ശാലയിൽ എത്തിയപ്പോൾ അവിടെ സന്നിഹിതരായിരുന്ന തീർത്ഥാടകരും സന്ദർശകരും ബഹുമാനാർത്ഥം എഴുന്നേറ്റു നിന്ന് കരഘോഷത്തോടെയും ആരവങ്ങളോടെയും അഭിവാദ്യമർപ്പിച്ചു. വേദിമദ്ധ്യത്തിലെത്തിയ പാപ്പാ റോമിലെ സമയം രാവിലെ 9.00 മണിയോടെ, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 1.30-ന്, ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിച്ചു. തുടർന്ന് വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗ പാരായണമായിരുന്നു.
"ഭക്ഷണവും വസ്ത്രവുമുണ്ടെങ്കിൽ അതുകൊണ്ട് നമുക്കു തൃപ്തിപ്പെടാം. ധനവാന്മാരാകണമെന്ന് ആഗ്രഹിക്കുന്നവർ പ്രലോഭനത്തിലും കെണിയിലും മനുഷ്യനെ അധഃപതനത്തിലേക്കും നാശത്തിലേക്കും തള്ളിയിടുന്ന നിരവധി വ്യാമോഹങ്ങളിലും നിപതിക്കുന്നു. എന്നാൽ ധനമോഹമാണ് എല്ലാ തിന്മകളുടെയും അടിസ്ഥാനകാരണം. ധനമോഹത്തിലൂടെ പലരും വിശ്വാസത്തിൽ നിന്നു വ്യതിചലിച്ചുപോകാനും ഒട്ടേറെ വ്യഥകളാൽ തങ്ങളെത്തന്നെ മുറിപ്പെടുത്താനും ഇടയുണ്ട്.”
പൗലോസ് തെസലോണിക്കാക്കാർക്കെഴുതിയ ഒന്നാം ലേഖനം 6,8-10
ഈ വായനയ്ക്കു ശേഷം പാപ്പാ, ദുർഗ്ഗുണങ്ങളെയും സൽഗുണങ്ങളെയും അധികരിച്ചുള്ള പ്രബോധനപരമ്പര തുടർന്നു. അത്യാഗ്രഹം എന്ന തിന്മയായിരുന്നു പാപ്പായുടെ വിചിന്തനത്തിന് ആധാരം ഇത്തവണ. പാപ്പാ ഇറ്റാലിയൻ ഭാഷയിൽ നടത്തിയ മുഖ്യ പ്രഭാഷണം:
പ്രിയ സഹോദരീ സഹോദരന്മാരേ, ശുഭദിനം!
ദുരാഗ്രഹം
ദുർവൃത്തികളെയും സുകൃതങ്ങളെയും അധികരിച്ചുള്ള പരിചിന്തനം നാം തുടരുകയാണ്. ഇന്ന് നമ്മൾ അത്യാഗ്രഹത്തെക്കുറിച്ചാണ് പ്രതിപാദിക്കുക, അതായത് മനുഷ്യനെ ഉദാരമനസ്കരാകുന്നതിൽ നിന്നു തടയുന്നതായ പണത്തോടുള്ള ആസക്തിയുടെ ആ രൂപത്തെക്കുറിച്ചാണ്.
ആരെയും ബാധിക്കുന്ന ദ്രവ്യാസക്തി
ഇത് വലിയ ആസ്തിയുള്ള ആളുകളെ മാത്രം ബാധിക്കുന്ന ഒരു പാപമല്ല, മറിച്ച് ബാങ്കിലുള്ള ബാക്കിനിക്ഷേപ തുകയുമായി പലപ്പോഴും ബന്ധമില്ലാത്ത വിഭിന്നമായ ഒരു ദുർഗ്ഗുണമാണ്. ഇത് പണസഞ്ചിയുടെയല്ല, പ്രത്യുത, ഹൃദയത്തിൻറെ രോഗമാണ്. വലിയ പാരമ്പര്യസ്വത്തുക്കൾ ഉപേക്ഷിച്ച്, തങ്ങളുടെ അറകളുടെ ഏകാന്തതയിൽ, വില കുറഞ്ഞ വസ്തുക്കളോട് ചേർന്നുനിൽക്കുന്ന സന്യാസിമാരെയും അത്യാഗ്രഹം എങ്ങനെ പിടികൂടുമെന്ന് മരുഭൂമിയിൽ വസിച്ചിരുന്ന സന്ന്യാസ പിതാക്കന്മാർ ഈ തിന്മയെ അധികരിച്ചു നടത്തിയിട്ടുള്ള വിശകലനങ്ങൾ കാണിച്ചുതരുന്നു: ആ വസ്തുക്കൾ അവർ കടമായി നൽകിയിരുന്നില്ല, അവർ അവ പങ്കിട്ടിരുന്നില്ല, അവ വെറുതെ നൽകാൻ അവർക്ക് വൈമനസ്യം ഉണ്ടായിരുന്നു. നിസ്സാരവസ്തുക്കളോടുള്ള ആസക്തി. ആ വസ്തുക്കളിൽ നിന്ന് വേർപെടാൻ കഴിയാത്തവിധം അവ അവർക്ക് ഒരുതരം ആരാധാനമൂർത്തിയായി മാറി. ഇത് എൻറേതാണ് ഇത് എൻറെയാണ് എന്ന് കളിപ്പാട്ടം മുറുകെപ്പിടിച്ചുകൊണ്ട് ആവർത്തിക്കുന്ന കുട്ടികളുടെ അവസ്ഥയിലേക്കുള്ള ഒരുതരം അധോഗമനം. സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുന്നതായ ഒരു ബന്ധനം. ഈ അവകാശവാദത്തിൽ യാഥാർത്ഥ്യവുമായുള്ള അനാരോഗ്യകരമായ ഒരു ബന്ധമുണ്ടാകുന്നു, അത് നിർബന്ധിത പൂഴ്ത്തിവയ്പിൻറെയൊ ഗനിദാനപരമായ സഞ്ചയത്തിൻറെയൊ രൂപമാർജ്ജിക്കാം.
ദ്രവ്യാഗ്രഹത്തിനൊരു പ്രതിവിധി
ഈ രോഗത്തിൽ നിന്ന് മുക്തി നേടുന്നതിന് സന്യാസിമാർ കഠിനവും എന്നാൽ വളരെ ഫലപ്രദവുമായ ഒരു രീതി നിർദ്ദേശിച്ചു: മരണത്തെക്കുറിച്ചുള്ള ധ്യാനം. ഒരു വ്യക്തി ഈ ലോകത്ത് എത്ര സമ്പത്താർജ്ജിച്ചാലും, നമുക്ക് ഒരു കാര്യത്തെക്കുറിച്ച് തീർത്തും ഉറപ്പുണ്ട്: അവ ശവമഞ്ചത്തിൽ കൊള്ളുകയില്ല. നമ്മോടൊപ്പം സമ്പത്ത് കൊണ്ടുപോകാനാകില്ല. ഇവിടെ ഈ ദുർഗ്ഗുണത്തിൻറെ അർത്ഥശൂന്യത വെളിപ്പെടുന്നു. വസ്തുക്കളുമായി നാം കെട്ടിപ്പടുക്കുന്ന അവകാശത്തിൻറെ ബന്ധം മിഥ്യയാണ്, കാരണം നമ്മൾ ലോകത്തിൻറെ യജമാനന്മാരല്ല: നാം സ്നേഹിക്കുന്ന ഈ ഭൂമി സത്യത്തിൽ നമ്മുടേതല്ല, പരദേശികളെയും തീർത്ഥാടകരെയും പോലെ നമ്മൾ അതിൽ നീങ്ങുന്നു (ലേവ്യർ 25,23 കാണുക).
സഞ്ചയിക്കുന്ന സമ്പത്ത് ആരുടേതാകും?
ഈ ലളിതമായ പരിഗണനകൾ അത്യാഗ്രഹത്തിൻറെ ഭ്രാന്തിനെക്കുറിച്ചു മാത്രമല്ല, അതിൻറെ നിഗൂഢ കാരണവും മനസ്സിലാക്കാൻ നമ്മെ പ്രാപ്തരാക്കുന്നു. മരണഭയം തുടച്ചുനീക്കാനുള്ള ഒരു ശ്രമമാണിത്: അതായത്, യഥാർത്ഥത്തിൽ നാം ഉറപ്പുകൾ തേടുകയാണ്, അവയാകട്ടെ നാം കൈപ്പിടിയിലൊതുക്കുന്ന നിമിഷം തകർന്നുപോകുന്നവയാണ്. വയലിൽ നിന്ന് സമൃദ്ധമായ വിളവെടുപ്പ് നടത്തിയ ആ ഭോഷൻറെ ഉപമ ഓർക്കുക. ആ മനുഷ്യൻ എല്ലാം കണക്കുകൂട്ടി, ഭാവി ആസൂത്രണം ചെയ്തു. എന്നാൽ ജീവിതത്തിൻറെ ഏറ്റവും സുനിശ്ചിതമായ മാറ്റമായ മരണം അദ്ദേഹം പരിഗണിച്ചിരുന്നില്ല. സുവിശേഷം പറയുന്നു, "ഭോഷാ ഈ രാത്രി നിൻറെ ആത്മാവിനെ നിന്നിൽ നിന്ന് ആവശ്യപ്പെടും; അപ്പോൾ നീ ഒരുക്കിവച്ചിരിക്കുന്നവ ആരുടേതാകും? ” (ലൂക്കാ 12:20).
ഈ ലോക സമ്പത്ത് വ്യർത്ഥം
മറ്റ് സന്ദർഭങ്ങളിൽ, കള്ളന്മാരാണ് നമുക്ക് ഇതു ചെയ്തുതരുന്നത്. സുവിശേഷങ്ങളിൽ പോലും അവർ പലതവണ പ്രത്യക്ഷപ്പെടുന്നുണ്ട്, അവരുടെ പ്രവർത്തനങ്ങൾ അപലപനീയമാണെങ്കിലും, അവ ഒരു നല്ല മുന്നറിയിപ്പായി മാറും. ഗിരിപ്രഭാഷണത്തിൽ യേശു ഇങ്ങനെ പറയുന്നു: " ഭൂമിയിൽ നിക്ഷേപം കരുതിവയ്ക്കരുത്. തുരുമ്പും കീടങ്ങളും അവ നശിപ്പിക്കും കള്ളന്മാർ തുരന്ന് മോഷ്ടിക്കും. എന്നാൽ സ്വർഗ്ഗത്തിൽ നിങ്ങൾക്കായി നിക്ഷേപങ്ങൾ കരുതിവയ്ക്കുക. അവിടെ തുരുമ്പും കീടങ്ങളും അവ നശിപ്പിക്കുകയില്ല; കള്ളന്മാർ മോഷ്ടിക്കുകയില്ല.” (മത്തായി 6:19-20). സന്ന്യാസി ഉറങ്ങിക്കിടക്കുമ്പോൾ അപ്രതീക്ഷിതമായി കള്ളനെത്തുകയും അറയിൽ സൂക്ഷിച്ചിരുന്ന തുച്ഛമായ സ്വത്തുക്കൾ മോഷ്ടിക്കുകയും ചെയ്യുന്ന കഥ മരുഭൂമിയിലെ പിതാക്കന്മാരുടെ വിവരണങ്ങളിൽ ഉണ്ട്. ഉണർന്നെഴുന്നേറ്റ സന്ന്യാസി, സംഭവിച്ചതിൽ ഒട്ടും അസ്വസ്ഥനാകാതെ, കള്ളൻ പോയ വഴി പിൻചെല്ലുന്നു. ഒരിക്കൽ അവനെ കണ്ടെത്തുമ്പോൾ, മോഷ്ടിക്കപ്പെട്ട സാധനങ്ങൾ തിരിച്ചുമേടിക്കുന്നതിനു പകരം, തൻറെ കൈയ്യിൽ അവശേഷിച്ചിരുന്ന കുറച്ച് സാധനങ്ങൾകൂടി അയാൾ ഇങ്ങനെ പറഞ്ഞുകൊണ്ട് അവന് നൽകുന്നു: "ഇവയെടുക്കാൻ നീ മറന്നുപോയി!".
നാം ഈ ലോകവസ്തുക്കളുടെ അധിപരല്ല
സഹോദരീസഹോദരന്മാരേ, നമ്മൾ നമ്മുടെ കൈവശമുള്ള സാധനങ്ങളുടെ യജമാനന്മാരാകാം, പക്ഷേ പലപ്പോഴും നേരെ വിപരീതമാണ് സംഭവിക്കുന്നത്: ആത്യന്തികമായി അവ നമ്മെ സ്വന്തമാക്കുകയാണ് ചെയ്യുന്നത്. ചില ധനികർ ഒട്ടും സ്വതന്ത്രരല്ല, അവർക്ക് വിശ്രമിക്കാൻ പോലും സമയമില്ല, അവർക്ക് പിന്നിലേക്ക് നോക്കേണ്ടിവരുന്നു, കാരണം സമ്പത്തു ശേഖരണം അവയുടെ സൂക്ഷിപ്പും ആവശ്യപ്പെടുന്നു. അവർ എപ്പോഴും ഉത്കണ്ഠാകുലരാണ്, കാരണം ഒരു സമ്പത്ത് ഒരുപാട് വിയർപ്പ് കൊണ്ട് സമ്പാദിച്ചതാണ്, പക്ഷേ അത് ഒരു നിമിഷം കൊണ്ട് അപ്രത്യക്ഷമാകാം. സമ്പത്ത് അതിൽത്തന്നെ ഒരു പാപമാണെന്ന് പറയാത്ത സുവിശേഷ സന്ദേശം അവർ മറന്നുപോകുന്നു, പക്ഷേ സമ്പത്ത് തീർച്ചയായും ഒരു ഉത്തരവാദിത്വമാണ്. ദൈവം ദരിദ്രനല്ല: അവൻ സകലത്തിൻറെയും കർത്താവാണ്, എന്നിരുന്നാലും - വിശുദ്ധ പൗലോസ് എഴുതുന്നു - " ധനികനായിരുന്നിട്ടും അവൻ നിങ്ങൾക്കുവേണ്ടി ദരിദ്രനായിത്തീർന്നു, അത് നിങ്ങൾ അവൻറെ ദാരിദ്ര്യത്താൽ സമ്പന്നരാകുന്നതിനാണ്" (2 കോറിന്തോസ് 8:9).
ഉദാരമാനസരാകുക
ഇത് ഒരു ദരിദ്രന് മനസ്സിലാക്കാൻ സാധിക്കുന്നില്ല. അത് അനേകർക്ക് ഒരു അനുഗ്രഹകാരണമാകുമായിരുന്നു, എന്നാൽ, മറിച്ച്, അത് അസന്തുഷ്ടിയുടെ ദുർഘട പാതയിലേക്കു കടന്നു. ദരിദ്രൻറെ ജീവിതം പരിതാപകരമാണ്: ഞാൻ മറ്റൊരു രൂപതയിൽ സമ്പന്നനായ ഒരു വ്യക്തിയെ പരിചയപ്പെട്ടത് ഓർക്കുന്നു, അദ്ദേഹത്തിൻറെ അമ്മ രോഗിയായിരുന്നു. അയാൾ വിവാഹിതനായിരുന്നു. സഹോദരന്മാർ മാറിമാറി അമ്മയെ നോക്കി, അവരുടെ അമ്മ തൈര് കഴിക്കും. തൈര് ലാഭിക്കുന്നതിനായി പകുതി രാവിലെയും, മറ്റേ പകുതി ഉച്ചയ്ക്കും നല്കിപ്പോന്നു. അത്യാഗ്രഹം ഇങ്ങനെയാണ്, ദ്രവ്യാസക്തി ഇങ്ങനെയാണ്. ഈ മാന്യൻ മരിച്ചു, അപ്പോൾ അന്തിമോപചാരമർപ്പിക്കുന്നതിനു പോയ ആളുകൾ പറഞ്ഞത് ഇങ്ങനെയായിരുന്നു: "നോക്കൂ, ഈ മനുഷ്യൻറെ കൈയ്യിൽ ഒന്നുമില്ലല്ലൊ, അയാൾ എല്ലാം ഉപേക്ഷിച്ചു." എന്നിട്ട്, അൽപ്പം പരിഹസിച്ചുകൊണ്ട് അവർ പറഞ്ഞു: "ഇല്ല, ഇല്ല, അവർക്ക് ശവപ്പെട്ടി അടയ്ക്കാൻ കഴിഞ്ഞില്ല, കാരണം അയാൾ എല്ലാം കൂടെ കൊണ്ടുപോകാൻ ആഗ്രഹിച്ചു." ദ്രാവ്യാസക്തി മറ്റുള്ളവരുടെ പരിഹാസച്ചിര്ക്ക് കാരണമാകുന്നു. അവസാനം, നമ്മുടെ ശരീരവും ആത്മാവും കർത്താവിന് സമർപ്പിക്കുകയും എല്ലാം ഉപേക്ഷിക്കുകയും വേണം. നമുക്ക് ശ്രദ്ധാലുക്കളായിരിക്കുകയും ഉദാരമനസ്കരാകുകയും ചെയ്യാം: എല്ലാവരോടും ഉദാരതയുള്ളവരായിരിക്കുക, നമ്മെക്കാൾ കൂടുതൽ ആവശ്യത്തിലിരിക്കുന്നവരോട് ഉദാരമനസ്കത കാണിക്കുക. നന്ദി.
ഈ വാക്കുകളെ തുടര്‍ന്ന് പാപ്പായുടെ, ഇറ്റാലിയന്‍ ഭാഷയിലായിരുന്ന, പ്രഭാഷണത്തിന്‍റെ സംഗ്രഹം ആംഗലവും അറബിയുമുള്‍പ്പെടെ വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെടുകയും ഒരോ വായനയുടെയും അവസാനം പാപ്പാ അതതു ഭാഷാക്കാരെ ഇറ്റാലിയൻ ഭാഷയിൽ അഭിവാദ്യം ചെയ്യുകയും ചെയ്തു.
വംശോന്മൂലനത്തിൻറെ ഓർമ്മയിൽ ജനുവരി 27
1933-നും 1945-നുമിടയിൽ നാസികൾ യഹൂദരുൾപ്പടെയുള്ളവരെ ഉന്മൂലനം ചെയ്യുന്നതിന് നടത്തിയ മനുഷ്യക്കുരുതിയുടെ ഓർമ്മ ജനുവരി 27-ന്, ഈ വരുന്ന ശനിയാഴ്ച ആചരിക്കപ്പെടുന്നത് പാപ്പാ അനുസ്മരിച്ചു.
കഴിഞ്ഞ നൂറ്റാണ്ടിൻറെ ആദ്യപകുതിയിൽ യുഹൂദരും ഇതര മതസ്ഥരുമടങ്ങുന്ന ദശലക്ഷക്കണക്കിനാളുകളെ ഉന്മൂലനം ചെയ്ത ഭീകരകൃത്യത്തിൻറെ അനുസ്മരണയും ആ ക്രൂരതയെ അപലപിക്കലും വിദ്വേഷത്തിൻറെയും അക്രമത്തിൻറെയും യുക്തികളെ ഒരിക്കലും ന്യായീകരിക്കാനാവില്ലെന്നും കാരണം അവ നമ്മുടെ മനുഷ്യത്വത്തെത്തന്നെ നിഷേധിക്കുന്നുവെന്നും മറക്കാതിരിക്കാൻ നാം എല്ലാവരേയും സഹായിക്കട്ടെയെന്ന് പാപ്പാ ആശംസിച്ചു.
യുദ്ധങ്ങൾക്ക് വിരമാമുണ്ടാകട്ടെ
ഉക്രൈയിൻ, പലസ്തീൻ, ഇസ്രായേൽ എന്നിവിടങ്ങളിലുൾപ്പടെ ലോകത്തിൻറെ വിവധഭാഗങ്ങൾ യുദ്ധവേദികളായിരിക്കുന്നത് പാപ്പാ അനുസ്മരിച്ചു. യുദ്ധം മനുഷ്യത്വത്തിൻറെ നിഷേധമാണെന്നു പറഞ്ഞ പാപ്പാ സമാധാനത്തിനും സംഘർഷങ്ങൾ അവസാനിക്കുന്നതിനും ആയുധങ്ങളുടെ ഉപയോഗം നിലയ്ക്കുന്നതിനും വേണ്ടി അവിരാമം പ്രാർത്ഥിക്കാൻ എല്ലാവരെയും ക്ഷണിച്ചു.
ജനവാസകേന്ദ്രങ്ങളിൽ ബോംബാക്രമണങ്ങൾ പതിവായിരിക്കുന്നതും അത് മരണവും നാശവും യാതനകളും വിതയ്ക്കുന്നതും പാപ്പാ വേദനയോടെ അനുസ്മരിച്ചു. യുദ്ധങ്ങൾക്ക് വിരാമമിട്ടുകൊണ്ട് മനുഷ്യജീവൻ സംരക്ഷിക്കാൻ പാപ്പാ രാഷ്ട്രീയ ഉത്തരവാദിത്വമുള്ളവരോട് പ്രത്യേകം അഭ്യർത്ഥിച്ചു. യുദ്ധം എല്ലായ്പ്പോഴും ഒരു പരാജയമാണ്. വിജയം ആയുധ നിർമ്മാതാക്കൾക്കു മാത്രമാണ് എന്ന തൻറെ ബോധ്യം പാപ്പാ ആവർത്തിക്കുകയും ചെയ്തു.
സമാപനാഭിവാദ്യവും ആശീർവ്വാദവും
പൊതുദർശനപരിപാടിയുടെ അവസാനം പാപ്പാ യുവതീയുവാക്കളെയും വൃദ്ധജനത്തെയും രോഗികളെയും നവദമ്പതികളെയും അഭിവാദ്യം ചെയ്തു. ജനുവരി 24-ന് ആത്മീയ ജീവിത ഗുരുവായ വിശുദ്ധ ഫ്രാൻസീസ് സാലെസിൻറെ തിരുന്നാൾ ആചരിക്കപ്പെടുന്നത് പാപ്പാ അനുസ്മരിച്ചു. ജീവിതാന്തസ്സും സാമൂഹ്യവസ്ഥയും ഏതായാലും ഒരോ വ്യക്തിക്കു ക്രിസ്തീയ പൂർണ്ണത പ്രാപ്യമാണെന്ന് ഈ വിശുദ്ധൻ പഠിപ്പിച്ചുവെന്ന് പാപ്പാ പറഞ്ഞു. അവനവനായിരിക്കുന്ന അവസ്ഥകളെ, ദൈവസ്നേഹത്തിൽ വിശ്വാസത്തോടെ പിൻചെല്ലേണ്ടുന്ന വിശുദ്ധിയുടെ പാതകളായി കണ്ടുകൊണ്ട് അവ ജീവിക്കാൻ എല്ലാവർക്കും കഴിയട്ടെയെന്ന് പാപ്പാ ആശംസിച്ചു.
പാപ്പായുടെ ഈ വാക്കുകളെ തുടർന്ന് ലത്തീൻഭാഷയിൽ സ്വർഗ്ഗസ്ഥനായ പിതാവേ എന്ന കർത്തൃപ്രാർത്ഥന ആലപിക്കപ്പെട്ടു. അതിനു ശേഷം, പാപ്പാ, എല്ലാവർക്കും തൻറെ അപ്പൊസ്തോലികാശീർവ്വാദം നല്കി.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: