വിഷയാസക്തിയെന്ന ഭൂതത്താൽ വിരൂപമാക്കപ്പെടുന്ന പ്രണയം!

ഫ്രാൻസീസ് പാപ്പായുടെ പ്രതിവാര പൊതുകൂടിക്കാഴ്ചാ പ്രഭാഷണം: ദുർഗ്ഗുണങ്ങളും പുണ്യങ്ങളും - ദൈവികദാനമായ ലൈംഗിതയെ വേട്ടയാടുന്ന വിഷയാസക്തി.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

മഴയും കാർമേഘാവൃതാന്തരീക്ഷവും പ്രതികൂലാവസ്ഥസൃഷ്ടിച്ച ഒരു ദിനമായിരുന്നു ഈ ബുധനാഴ്ചയെങ്കിലും (17/01/24) ഫ്രാൻസീസ് പാപ്പാ വത്തിക്കാനിൽ അനുവദിച്ച പ്രതിവാര പൊതുദർശനപരിപാടിയിൽ പങ്കുകൊള്ളുന്നതിന് വിവിധരാജ്യക്കാരായിരുന്ന ആയിരക്കണക്കിന് സന്ദർശകരും തീർത്ഥാടകരും എത്തിയിരുന്നു.  പതിവുപോലെ,  വിശുദ്ധ പത്രോസിൻറെ ബസിലിക്കയ്ക്കടുത്തുള്ള പോൾ ആറാമൻ ശാലയായിരുന്നു വേദി. ഊന്നുവടിയുടെ സഹായത്തോടെ സാവധാനം നടന്ന് പാപ്പാ ശാലയിൽ എത്തിയപ്പോൾ അവിടെ സന്നിഹിതരായിരുന്ന തീർത്ഥാടകരും സന്ദർശകരും ബഹുമാനാർത്ഥം എഴുന്നേറ്റു നിന്ന് കരഘോഷത്തോടെയും ആരവങ്ങളോടെയും അഭിവാദ്യമർപ്പിച്ചു. വേദിമദ്ധ്യത്തിലെത്തിയ പാപ്പാ റോമിലെ സമയം രാവിലെ 9.00 മണിയോടെ, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 1.30-ന്, ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിച്ചു. തുടർന്ന് വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗ പാരായണമായിരുന്നു.

"സഹോദരരേ, ഇതാണ് ദൈവഹിതം, നിങ്ങളുടെ വിശുദ്ധീകരണം: നിങ്ങൾ അസാന്മാർഗ്ഗികതയിൽനിന്ന് ഒഴിഞ്ഞുമാറണം; നിങ്ങളോരോരുത്തരും സ്വന്തം ശരീരത്തെ വിശുദ്ധിയിലും മാന്യതയിലും കാത്തുസൂക്ഷിക്കേണ്ടത് എങ്ങനെയെന്ന് അറിയണം; ദൈവത്തെ അറിയാത്ത വിജാതീയരെപ്പോലെ കാമവികാരങ്ങൾക്കു നിങ്ങൾ വിധേയരാകരുത്.” പൗലോസ് തെസലോണിക്കാക്കാർക്കെഴുതിയ  ഒന്നാം ലേഖനം 4,3-5

ഈ വായനയ്ക്കു ശേഷം പാപ്പാ, ദുർഗ്ഗുണങ്ങളെയും സൽഗുണങ്ങളെയും അധികരിച്ചുള്ള പ്രബോധനപരമ്പര തുടർന്നു. വിഷയാസക്തി എന്ന ദുശ്ശീലമായിരുന്നു പാപ്പായുടെ വിചിന്തനത്തിന് ആധാരം ഇത്തവണ. പാപ്പാ ഇറ്റാലിൻ ഭാഷയിൽ നടത്തിയ  മുഖ്യ വിചിന്തനം:

വിഷയാസക്തി എന്ന സാത്താൻ 

പ്രിയ സഹോദരീ സഹോദരന്മാരേ, ശുഭദിനം!

ഇന്ന് നമുക്ക് പ്രബോധനം ശ്രദ്ധാപൂർവം കേൾക്കാം, കാരണം പിന്നീട് നമ്മെ രസിപ്പിക്കുന്ന ഒരു സർക്കസ്സുണ്ടാകും. ദുശ്ശീലങ്ങളെയും സുകൃതങ്ങളെയും അധികരിച്ചുള്ള പരിചിന്തന പ്രയാണം നാം തുടരുകയാണ്; തീറ്റഭ്രാന്ത് എന്ന ദുർഗ്ഗുണത്തിനു ശേഷം നമ്മുടെ ഹൃദയവാതിൽക്കൽ   പതുങ്ങിനില്ക്കുന്ന “സാത്താൻ” വിഷയാസക്തിയാണെന്ന് പുരാതന പിതാക്കന്മാർ നമ്മെ പഠിപ്പിക്കുന്നു. തീറ്റഭ്രാന്ത് ഭക്ഷണത്തിനായുള്ള ആർത്തിയാണെങ്കിൽ, രണ്ടാമത്തെതായ ഈ തിന്മ മറ്റൊരു വ്യക്തിയോടുള്ള ഒരുതരം "ആസക്തി" ആണ്, അതായത്, മനുഷ്യർ തമ്മിലുള്ള വിഷലിപ്തമായ ബന്ധം, പ്രത്യേകിച്ച് ലൈംഗിക മണ്ഡലത്തിൽ.

ലൈംഗികത അപലപനീയമല്ല

ശ്രദ്ധിക്കുക: ക്രിസ്തുമതം ലൈംഗിക വാസനയെ അപലപിക്കുന്നില്ല, ഒരു അപലപനം ഇല്ല. ബൈബിളിലെ ഒരു പുസ്തകം, ഉത്തമഗീതം, വിവാഹനിശ്ചയം കഴിഞ്ഞ രണ്ട് പ്രണയിതാക്കൾ തമ്മിലുള്ള മനോഹരമായ പ്രണയ കാവ്യമാണ്. എന്നിരുന്നാലും, നമ്മുടെ മാനവികതയുടെ ഈ സുന്ദരമായ മാനം, ലൈംഗിക മാനം, പ്രണയത്തിൻറെ മാനം, അപകടങ്ങളിൽ നിന്ന് മുക്തമല്ല, അതുകൊണ്ടുതന്നെ, വിശുദ്ധ പൗലോസ് കോറിന്തോസുകാർക്കുള്ള ആദ്യ ലേഖനത്തിൽ ഈ വിഷയത്തെ നേരിടേണ്ടിവന്നു. അദ്ദേഹം ഇപ്രകാരം എഴുതുന്നു: "വിജാതീയരുടെ ഇടയിൽപ്പോലും ഇല്ലാത്തതരം അവിഹിതബന്ധങ്ങൾ നിങ്ങളുടെ ഇടയിൽ ഉണ്ടെന്നുകേൾക്കുന്നു” (1 കോറിന്തോസ് 5,1). അപ്പോസ്തലൻറെ ഈ ശാസന ചില ക്രിസ്ത്യാനികൾ ലൈംഗികതയെ അനാരോഗ്യകരമായി കൈകാര്യം ചെയ്യുന്നതിനെ സംബന്ധിച്ചാണ്.

പ്രണയം, അസ്തിത്വത്തിൻറെ വിസ്മയകര യാഥാർത്ഥ്യം

എന്നാൽ നമുക്ക് മാനുഷികാനുഭവം, പ്രണയാനുഭവം നോക്കാം. അതിനെക്കുറിച്ച് ഇവിടെ സന്നിഹിതരായിരിക്കുന്ന നവദമ്പതികൾക്ക് പറയാൻ സാധിക്കും. എന്തുകൊണ്ടാണ് ഈ രഹസ്യം സംഭവിക്കുന്നത്, എന്തുകൊണ്ടാണ് ഇത് ആളുകളുടെ ജീവിതത്തിൽ ക്ഷോഭജനകമായ അനുഭവമായി ഭവിക്കുന്നത്, നമുക്കാർക്കും അറിയില്ല, ഒരാൾ ഒരാളോട് പ്രണയത്തിലാകുന്നു, പ്രണയം സംഭവിക്കുന്നു: ഇത് അസ്തിത്വത്തിൻറെ ഏറ്റവും വിസ്മയകരമായ യാഥാർത്ഥ്യങ്ങളിലൊന്നാണ്. റേഡിയോയിൽ നിങ്ങൾ ശ്രവിക്കുന്ന ഒട്ടുമിക്ക പാട്ടുകളും ഇതിനെക്കുറിച്ചാണ്: അതായത് തിളങ്ങുന്ന പ്രണയങ്ങൾ, എപ്പോഴും തേടിയിട്ടും ഒരിക്കലും സഫലീകൃതമാകാത്ത പ്രണയങ്ങൾ, സന്തോഷഭരിത പ്രണയങ്ങൾ, അല്ലെങ്കിൽ അശ്രുകണങ്ങൾ പൊഴിക്കുംവരെ ദാരുണമായി വേദനിപ്പിക്കുന്നവ.

പ്രണയത്തിൻറെ സൽഫലങ്ങൾ

ദുഷിപ്പിക്കപ്പെട്ടില്ലെങ്കിൽ പ്രണയം ഏറ്റം ശുദ്ധമായ വികാരങ്ങളിൽ ഒന്നാണ്. പ്രണയത്തിലായ ഒരാൾ ഉദാരമനസ്കനായിത്തീരുന്നു, സമ്മാനങ്ങൾ നൽകുന്നതിൽ സന്തോഷിക്കുന്നു, കത്തുകളും കവിതകളും എഴുതുന്നു. പൂർണ്ണമായും പരോന്മുഖനാകുന്നതിനു വേണ്ടി  അവനവനെക്കുറിച്ചു മാത്രം ചിന്തിക്കുന്നതിന് വിരാമമിടുന്നു. എന്തിനാണ് നീ പ്രണയിക്കുന്നതെന്ന് നിങ്ങൾ ഒരു പ്രണയിതാവിനോട് ചോദിച്ചാൽ, അയാൾക്ക് ഉത്തരമുണ്ടാകില്ല: പലവിധത്തിൽ, നിരുപാധിക സ്നേഹമാണ് അവൻറേത്. അതിന് ഒരു കാരണം ഇല്ല. വളരെ ശക്തമായ ആ സ്നേഹം അൽപ്പം അന്ധമായിപ്പോയാൽപ്പോലും കാര്യമാക്കേണ്ടതില്ല: പ്രണയിക്കുന്നയാൾ മറ്റെയാളുടെ വദനം ശരിക്കും അറിയുന്നില്ല, അയാളെ ആദർശവത്കരിക്കാൻ ശ്രമിക്കുന്നു, എത്ര ഗൗരവതരം ആണെന്നു മനസ്സിലാക്കാതെ വാഗ്ദാനങ്ങളേകാൻ സന്നദ്ധമാകുന്നു. അത്ഭുതങ്ങൾ പെരുകുന്ന ഈ "ഉദ്യാനം" തിന്മയിൽ നിന്ന് സുരക്ഷിതമല്ല. വിഷയാസക്തിയുടെ ഭൂതത്താൽ ഇത് വികൃതമാക്കപ്പെടുന്നു, ഈ തിന്മ പ്രത്യേകിച്ച്, ചുരുങ്ങിയത് രണ്ടു കാരണങ്ങളാലെങ്കിലും ജുഗുപ്സാവഹമാണ്.

വിഷയാസക്തി ബന്ധങ്ങളെ തകർക്കുന്നു

കാരണം, ഒന്നാമതായി,  ഇത് വ്യക്തികൾ തമ്മിലുള്ള ബന്ധത്തെ നശിപ്പിക്കുന്നു. നിർഭാഗ്യവശാൽ, അത്തരം ഒരു യാഥാർത്ഥ്യം സമർത്ഥിക്കാൻ ദൈനംദിന വാർത്തകൾ മതിയാകും. മികച്ച രീതിയിൽ തുടക്കംകുറിക്കപ്പെട്ട എത്രയോ ബന്ധങ്ങൾ പിന്നീട് മറ്റൊരാളെ സ്വന്തമാക്കുന്നതും, ആദരവും പരിമിതിയും ഇല്ലാത്തതുമായ വിഷലിപ്ത ബന്ധങ്ങളായി പരിണമിച്ചിരിക്കുന്നു? ശുദ്ധതയുടെ അഭാവമുള്ള പ്രണയങ്ങളാണിവ: ശുദ്ധത എന്ന പുണ്യത്തെ ലൈംഗിക വിരക്തിയുമായി കൂട്ടിക്കുഴയ്ക്കരുത് – ലൈംഗിക വിരക്തിയ്ക്ക് ഉപരിയായ ഒന്നാണ് ശുദ്ധത - മറിച്ച് മറ്റൊന്നിനെ ഒരിക്കലും കൈവശപ്പെടുത്താതിരിക്കാനുള്ള ഇച്ഛാശക്തിയുമായി അതിനെ ബന്ധപ്പെടുത്തണം. സ്നേഹിക്കുക എന്നതിനർത്ഥം അപരനെ ബഹുമാനിക്കുക, അയാളുടെ സന്തോഷം തേടുക, അയാളുടെ വികാരങ്ങളോട് സഹാനുഭൂതി വളർത്തുക, നമ്മുടേതല്ലാത്ത ഒരു ശരീരത്തെയും മനസ്സിനെയും ആത്മാവിനെയും അറിയുന്നതിന് നമ്മെത്തന്നെ സജ്ജമാക്കുക, അവയിലടങ്ങിയിരിക്കുന്ന സൗന്ദര്യത്തെക്കുറിച്ച് ചിന്തിക്കണം. സ്നേഹം അതാണ്, സ്നേഹം മനോഹരമാണ്. എന്നാൽ, കാമം ഇവയെയെല്ലാം അപഹസിക്കുന്നു: വിഷയാസക്തി വേട്ടയാടുന്നു, കവർന്നെടുക്കുന്നു, തിടുക്കത്തിൽ ഉപഭോഗം ചെയ്യുന്നു, അത് മറ്റെയാളെ ശ്രവിക്കാൻ ആഗ്രഹിക്കുന്നില്ല, മറിച്ച് സ്വന്തം ആവശ്യവും സന്തോഷവും മാത്രം നോക്കുന്നു; കാമം എല്ലാ പ്രണയബന്ധങ്ങളെയും വിരസമായി കണക്കാക്കുന്നു, അത് നമ്മുടെ അസ്തിത്വത്തെ വിവേകപൂർവ്വം നയിക്കാൻ സഹായകമായി ഭവിക്കാവുന്ന യുക്തിയും പ്രേരണയും വികാരവും തമ്മിലുള്ള സമന്വയം തേടുന്നില്ല. കാമഭ്രാന്തൻ കുറുക്കുവഴികൾ മാത്രം തേടുന്നു: സ്നേഹത്തിൻറെ പാതയിൽ സാവധാനം ചരിക്കണമെന്ന് അവൻ മനസ്സിലാക്കുന്നില്ല, വിരസതയുടെ പര്യായത്തിൽ നിന്ന് വളരെ വിഭിന്നമായ, ഈ ക്ഷമ നമ്മുടെ പ്രണയബന്ധങ്ങൾ സന്തോഷകരമാക്കാൻ അനുവദിക്കുന്നു.

അശ്ലീലത തുരങ്കം വയ്ക്കുന്ന ലൈംഗികത 

എന്നാൽ കാമം അപകടകരമായ ഒരു ദുശ്ശീലമാകുന്നതിന് രണ്ടാമതൊരു കാരണവുമുണ്ട്. മനുഷ്യൻറെ എല്ലാ ആനന്ദങ്ങൾക്കുമിടയിൽ, ലൈംഗികതയ്ക്ക് ശക്തമായ ഒരു സ്വരമുണ്ട്. അതിൽ എല്ലാ ഇന്ദ്രിയങ്ങളും ഉൾപ്പെടുത്തപ്പെടുന്നു; അത് ശരീരത്തിലും മനസ്സിലും കുടിയിരിക്കുന്നു, ഇത് സുന്ദരമാണ്; എന്നാൽ അത് അച്ചടക്കരഹതിമെങ്കിൽ, ക്ഷമയാൽ ചിട്ടപ്പെടുത്തപ്പെട്ടതല്ലെങ്കിൽ രണ്ടു വ്യക്തികൾ പ്രണയനൃത്തമാക്കി മാറ്റുന്നതായ ഒരു  ബന്ധത്തിലും ഒരു കഥയിലും ആലേഖനം ചെയ്തില്ലെങ്കിൽ, അത് മനുഷ്യൻറെ സ്വാതന്ത്ര്യം നഷ്ടപ്പെടുത്തുന്ന ഒരു ചങ്ങലയായി മാറുന്നു. ദൈവിക ദാനമായ ലൈംഗികാനന്ദം അശ്ലീലതയാൽ തുരങ്കം വയ്ക്കപ്പെടുന്നു: ആസക്തിയുടെ രൂപങ്ങൾ സൃഷ്ടിക്കാൻ പോന്ന ബന്ധരഹിത സംതൃപ്തിയാണത്. സ്നേഹത്തെ, ഹൃദയത്തിൻറെയും  മനസ്സിൻറെയും  ശരീരത്തിൻറെയും സ്നേഹത്തെ പരസ്പരം ദാനമായിത്തീരുന്നതിലുള്ള നിർമ്മല സ്നേഹത്തെ നാം സംരക്ഷിക്കണം. ഇതാണ് ലൈംഗിക ബന്ധത്തിൻറെ സൗന്ദര്യവും.

സ്നേഹാധിഷ്ഠിതമാകണം ലൈംഗികത

വിഷയാസക്തിക്കെതിരെ, അപരനെ "പദാർത്ഥവല്ക്കരിക്കുന്നതിന്" എതിരെ ഉള്ള പോരാട്ടത്തിൽ വിജയിക്കുക  ഒരു ആജീവനാന്ത സംരംഭമായിരിക്കും. എന്നിരുന്നാലും, ഈ യുദ്ധത്തിൻറെ സമ്മാനം പരമപ്രധാനമാണ്, കാരണം ഒരാൾക്ക് മറ്റൊരാളെ ഉപയോഗക്കാനല്ല, മറിച്ച് പരസ്പരം സ്നേഹിക്കാനാണ് സ്ത്രീയും പുരുഷനും തമ്മിലുള്ള സ്നേഹം  എന്ന് ദൈവം ചിന്തിച്ചപ്പോൾ ആ സൗന്ദര്യം കാത്തുസൂക്ഷിക്കുന്നതിനെക്കുറിച്ചാണ് അവിടന്ന് തൻറെ സൃഷ്ടിയിൽ ആലേഖനം ചെയ്തത്., സാഹസികതയ്ക്കായി ഇറങ്ങിത്തിരിക്കുന്നതിനെക്കാൾ നല്ലത് ഒത്തൊരുമിച്ച് ചരിത്രം സൃഷ്ടിക്കുകയാണ്, കൈവശപ്പെടുത്തുകയെന്ന സാത്താനു വഴങ്ങുന്നതിനെക്കാൾ നലത്ത ആർദ്രത വളർത്തുന്നതാണ്, കൈവശപ്പെടുത്തുന്നതല്ല ദാനമായിത്തീരുന്നതാണ്  യഥാർത്ഥ സ്നേഹം, കീഴടക്കുന്നതിനേക്കാൾ നല്ലത് സേവിക്കുന്നതാണ് എന്ന് നമ്മെ വിശ്വസിപ്പിക്കാൻ പ്രേരിപ്പിക്കുന്നതാണ് ആ സൗന്ദര്യം. കാരണം സ്നേഹമില്ലെങ്കിൽ ജീവിതം ദുഃഖമാണ്, ദുഃഖകരമായ ഏകാന്തതയാണ്. നന്ദി.

ഈ വാക്കുകളെ തുടര്‍ന്ന് പാപ്പായുടെ, ഇറ്റാലിയന്‍ ഭാഷയിലായിരുന്ന, പ്രഭാഷണത്തിന്‍റെ സംഗ്രഹം ആംഗലവും അറബിയുമുള്‍പ്പെടെ വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെടുകയും ഒരോ വായനയുടെയും അവസാനം പാപ്പാ അതതു ഭാഷാക്കാരെ ഇറ്റാലിയൻ ഭാഷയിൽ അഭിവാദ്യം ചെയ്യുകയും ചെയ്തു.

എർബിലിലെ മിസൈൽ ആക്രമണം

ഇറാഖി കുർദിസ്ഥാൻ സ്വയംഭരണ പ്രദേശത്തിൻറെ തലസ്ഥാനമായ എർബിലിലെ ഒരു നഗരപ്രദേശത്തുണ്ടായ മിസൈൽ ആക്രമണത്തിന് ഇരകളായിത്തീർന്ന സകല പൗരജനത്തോടുമുള്ള തൻറെ സാമീപ്യവും ഐക്യദാർഢ്യവും പാപ്പാ പൊതുകൂടിക്കാഴ്ചാവേളയിൽ പ്രകടിപ്പിച്ചു. 

മിസൈൽ ആക്രമണം പോലുള്ള നടപടികളിലൂടെയല്ല പ്രത്യുത സംഭാഷണവും സഹകരണവും വഴിയാണ് അയൽക്കാർ തമ്മിലുള്ള നല്ല ബന്ധം കെട്ടിപ്പടുക്കുന്നതെന്ന് പാപ്പാ ഒർമ്മിപ്പിച്ചു. മദ്ധ്യപൂർവ്വദേശത്തും മറ്റ് യുദ്ധവേദികളിലും പിരിമുറുക്കം വർദ്ധമാനമാക്കുന്ന ഏതൊരു നടപടിയും ഒഴിവാക്കണമെന്ന് പാപ്പാ അഭ്യർത്ഥിക്കുകയും ചെയ്തു.

ക്രൈസ്തവൈക്യ പ്രാർത്ഥനാവാരം

ജനുവരി 18-ന് വ്യാഴാഴ്‌ച ക്രൈസ്തവൈക്യ പ്രാർത്ഥനാവാരം ആരംഭിക്കുന്നത് പാപ്പാ അനുസ്മരിച്ചു. “നിൻറെ ദൈവമായ കർത്താവിനെ സ്നേഹിക്കുക... അയൽക്കാരനെ നിന്നെപ്പോലെയും സ്നേഹിക്കുക”  എന്നവിചിന്തന പ്രമേയമാണ് ഇക്കൊല്ലം ഈ പ്രാർത്ഥനാവാരം സ്വീകരിച്ചിരിക്കുന്നതെന്നു പറഞ്ഞ പാപ്പാ ക്രൈസ്തവർ പൂർണ്ണ ഐക്യത്തിലെത്താനും എല്ലാവരോടും, വിശിഷ്യ ഏറ്റം ദുർബ്ബലരോട്, ഉള്ള സ്നേഹത്തിന് ഒത്തൊരുമിച്ച് സാക്ഷ്യമേകാനും വേണ്ടി പ്രാർത്ഥിക്കാൻ സകലരെയും ക്ഷണിച്ചു.

പൊതുദർശനപരിപാടിയുടെ അവസാനം പാപ്പാ യുവതീയുവാക്കളെയും വൃദ്ധജനത്തെയും രോഗികളെയും നവദമ്പതികളെയും അഭിവാദ്യം ചെയ്തു. ജനുവരി 17-ന് സന്ന്യാസജീവിതത്തിൻറെ സ്ഥാപപിതാക്കന്മാരിൽ ഒരാളായ വിശുദ്ധ ആൻറണി അബാത്തെയുടെ തിരുന്നാൾ ആചരിക്കപ്പെടുന്നത് അനുസ്മരിക്കുകയും ഈ വിശുദ്ധൻറെ മാതൃക വിട്ടുവീഴ്ചയില്ലാതെ സുവിശേഷം സ്വീകരിക്കുന്നതിന് പ്രചോദനമേകട്ടെയെന്ന് ആശംസിക്കുകയു ചെയ്തു.

യുദ്ധ വേദികളിലെ ജനങ്ങൾക്കായി പ്രാർത്ഥിക്കുക

യുദ്ധവേദികളായ നാടുകളെ, പ്രത്യേകിച്ച്, ഉക്രൈയിൻ, പലസ്തീൻ, ഇസ്രായേൽ എന്നീ രാജ്യങ്ങളെയും ഗാസ മുനമ്പിൽ ഏറെ യാതനകളനുഭവിക്കുന്ന ജനങ്ങളെയും നാം മറന്നുപോകരുതെന്ന് പാപ്പാ പറഞ്ഞു. യുദ്ധത്തിന് ഇരകളായവർ നിരവധിയാണെന്നനുസ്മരിച്ച പാപ്പാ അവർക്കായി പ്രാർത്ഥിച്ചു. യുദ്ധം എപ്പോഴും വിനാശകരമാണെന്നും അതൊരിക്കലും സ്നേഹം വിതയ്ക്കുന്നില്ലെന്നും മറിച്ച്, വിദ്വേഷം വിതയ്ക്കുന്നുവെന്നും പറഞ്ഞ പാപ്പാ യുദ്ധം മനുഷ്യൻറെ യഥാർത്ഥ തോൽവിയാണെന്ന് ആവർത്തിച്ചു. 

പൊതുദർശനപരിപാടിയുടെ അവസാനം  ലത്തീൻഭാഷയിൽ സ്വർഗ്ഗസ്ഥനായ പിതാവേ എന്ന കർത്തൃപ്രാർത്ഥന ആലപിക്കപ്പെട്ടു. അതിനു ശേഷം, പാപ്പാ,  എല്ലാവർക്കും തൻറെ അപ്പൊസ്തോലികാശീർവ്വാദം നല്കി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

17 January 2024, 12:30

ഏറ്റവും അടുത്ത പൊതുകൂടിക്കാഴ്ച

വായിച്ചു മനസ്സിലാക്കാന്‍ >