ക്രോധം: മനുഷ്യബന്ധങ്ങളെ തകർക്കുന്ന വിനാശകരമായ ദുശ്ശീലം, പാപ്പാ!

ഫ്രാൻസീസ് പാപ്പായുടെ പൊതുദർശന പ്രഭാഷണം: ദുർഗ്ഗുണങ്ങളെയും സൽഗുണങ്ങളെയും അധികരിച്ചുള്ളള വിചിന്തനം - കോപം എന്ന വികാരം. അത് പടർന്നുകയറുകയും നമ്മുടെ യുക്തികൾക്കും ചിന്തകൾക്കും കടിഞ്ഞാണിടാൻ കഴിയാതെ, നമ്മുടെ ഉറക്കം കെടുത്തുകയും നമ്മുടെ മനസ്സിനെ നിരന്തരം അലട്ടുകയും ചെയ്യുന്നു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

റോമിൽ ശക്തമായ തണുപ്പനുഭവപ്പെട്ട ഒരു ദിനമായിരുന്ന ഈ ബുധനാഴ്ച (31/01/24) ഫ്രാൻസീസ് പാപ്പാ വത്തിക്കാനിൽ അനുവദിച്ച പ്രതിവാര പൊതുദർശനപരിപാടിയിൽ പങ്കുകൊള്ളുന്നതിന് വിവിധരാജ്യക്കാരായിരുന്ന ആയിരക്കണക്കിന് സന്ദർശകരും തീർത്ഥാടകരും എത്തിയിരുന്നു.  പതിവുപോലെ,  വിശുദ്ധ പത്രോസിൻറെ ബസിലിക്കയ്ക്കടുത്തുള്ള പോൾ ആറാമൻ ശാലയായിരുന്നു വേദി. ഊന്നുവടിയുടെ സഹായത്തോടെ സാവധാനം നടന്ന് പാപ്പാ ശാലയിൽ എത്തിയപ്പോൾ അവിടെ സന്നിഹിതരായിരുന്ന തീർത്ഥാടകരും സന്ദർശകരും ബഹുമാനാർത്ഥം എഴുന്നേറ്റു നിന്ന് കരഘോഷത്തോടെയും ആരവങ്ങളോടെയും അഭിവാദ്യമർപ്പിച്ചു.  വേദിമദ്ധ്യത്തിലെത്തിയ പാപ്പാ റോമിലെ സമയം രാവിലെ 9.00 മണിയോടെ, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 1.30-ന്, ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിച്ചു. തുടർന്ന് വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗ പാരായണമായിരുന്നു.

"നിങ്ങളുടെ കോപം സൂര്യൻ അസ്തമിക്കുന്നതുവരെ നീണ്ടുപോകാതിരിക്കട്ടെ. സാത്താന് നിങ്ങൾ അവസരം കൊടുക്കരുത്..... സകല വിദ്വേഷവും ക്ഷോഭവും ക്രോധവും അട്ടഹാസവും ദൂഷണവും എല്ലാ തിന്മകളോടുംകൂടെ നിങ്ങൾ ഉപേക്ഷിക്കുവിൻ. ദൈവം ക്രിസ്തുവഴി നിങ്ങളോടു ക്ഷമിച്ചതുപോലെ നിങ്ങളും പരസ്പരം ക്ഷമിച്ചും കരുണകാണിച്ചും ഹൃദയാർദ്രതയോടെ പെരുമാറുവിൻ.” എഫേസോസുകാർക്കുള്ള ലേഖനം 4:26-27.31-32

ഈ വായനയ്ക്കു ശേഷം പാപ്പാ, ദുർഗ്ഗുണങ്ങളെയും സൽഗുണങ്ങളെയും അധികരിച്ചുള്ള പ്രബോധനപരമ്പര തുടർന്നു. കോപം എന്ന വികാരം ആയിരുന്നു പാപ്പായുടെ വിചിന്തനത്തിന് ആധാരം ഇത്തവണ. പാപ്പാ ഇറ്റാലിൻ ഭാഷയിൽ നടത്തിയ മുഖ്യ വിചിന്തനം:

കോപം: പെട്ടെന്നു തിരിച്ചറിയാൻ കഴിയുന്ന ദോഷം 

പ്രിയ സഹോദരീ സഹോദരന്മാരേ, ശുഭദിനം!

കോപം എന്ന ദുശ്ശീലത്തെക്കുറിച്ച് ഇന്നു നമുക്കു പരിചിന്തനം ചെയ്യാം. നമ്മൾ ദുഗ്ഗുണങ്ങളെയും സുകൃതങ്ങളെയും കുറിച്ചാണല്ലൊ സംസാരിക്കുന്നത്. ഇന്ന് നാം ചിന്തിക്കുക ക്രോധത്തെക്കുറിച്ചാണ്. ഇത് പ്രത്യേകിച്ച് കാളിമയാർന്നതും  ശാരീരിക വീക്ഷണകോണിലൂടെ നോക്കുമ്പോൾ തിരിച്ചറിയാൻ കൂടുതൽ എളുപ്പവുമായ ഒരു ദുർഗ്ഗുണമാണ്. ക്രോധം ഒരു വ്യക്തിയിൽ ആധിപത്യം പുലർത്തിയാൽ ആ വ്യക്തിക്ക് ആ വികാരം മറച്ചുവയ്ക്കുക പ്രയാസമാണ്: അവൻറെ ശാരീരിക ചലനങ്ങൾ, ആക്രമണസ്വഭാവം, ശ്വാസോച്ഛ്വാസ പ്രക്രിയയിലുള്ള ബുദ്ധിമുട്ട്, നെറ്റി ചുളിച്ച് രൂക്ഷഭാവത്തോടെയുള്ള നോട്ടം  എന്നിവയിൽ നിന്ന് അത് തിരിച്ചറിയാൻ നിനക്കു സാധിക്കും.

കോപം നമ്മുടെ ഉറക്കംകെടുത്തുന്നു

കോപം അതിൻറെ ഏറ്റവും രൂക്ഷമായ പ്രകടനത്തിൽ, സന്ധിയില്ലാത്ത ഒരു  ദുഷ്പ്രവൃത്തിയാണ്. അനുഭവിച്ച ഒരു അനീതിയിൽ (അല്ലെങ്കിൽ അത്തരത്തിലുള്ളതാണെന്ന് കരുതപ്പെടുന്നതിൽ) നിന്നാണ് അതുണ്ടാകുന്നതെങ്കിൽ, അത് പലപ്പോഴും കുറ്റവാളിക്കെതിരെയായിരിക്കില്ല, മറിച്ച് ആദ്യം കാണ്ടുമുട്ടുന്ന നിർഭാഗ്യവാനായ വ്യക്തിക്കെതിരെയായിരിക്കും സംഭവിക്കുക. ജോലിസ്ഥലത്ത് ശാന്തതയും സംയമനവും പ്രകടിപ്പിച്ചുകൊണ്ട് ദേഷ്യം അടക്കിനിർത്തുന്ന വ്യക്തികളുണ്ട്, എന്നാൽ ഒരിക്കൽ വീട്ടിലെത്തിയാൽ അവർ ഭാര്യയ്ക്കും കുട്ടികൾക്കും അസഹനീയ വ്യക്തികളായിത്തീരുന്നു. കോപം പടർന്നുകയറുന്ന ഒരു ദോഷമാണ്: നമ്മുടെ യുക്തികൾക്കും ചിന്തകൾക്കും കടിഞ്ഞാണിടാൻ കഴിയാതെ, ഇത് നമ്മുടെ ഉറക്കം കെടുത്തുകയും  നമ്മുടെ മനസ്സിനെ നിരന്തരം അലട്ടുകയും ചെയ്യും.

കോപം ബന്ധങ്ങളെ തകർക്കുന്നു

മനുഷ്യബന്ധങ്ങളെ തകർക്കുന്ന വിനാശകരമായ ദുശ്ശീലമാണ് കോപം. അപരൻറെ വൈവിധ്യത്തെ, അംഗീകരിക്കാനുള്ള കഴിവില്ലായ്മ ഇത് പ്രകടിപ്പിക്കുന്നു, പ്രത്യേകിച്ചും അവൻറെ ജീവിത തിരഞ്ഞെടുപ്പുകൾ നമ്മുടേതിൽ നിന്ന് വിഭിന്നമാകുമ്പോൾ. ഇത് ഒരു വ്യക്തിയുടെ തെറ്റായ പെരുമാറ്റരീതിയിൽ അവസാനിക്കുന്നില്ല, മറിച്ച് സകലവും അസ്ഥിരതയും തീവ്രവികരാവും ആധിപത്യം പുലർത്തുന്ന ഒരു സാഹചര്യത്തിലേക്കു  തള്ളിയിടുന്നു: അതായത്, മറ്റൊരാൾ ആണ്, അയാൾ ആയിരിക്കുന്ന രീതിയിൽ, കോപത്തിനും നീരസത്തിനും കാരണമാകുന്നത്. അയാളുടെ  സ്വരഭേദത്തെയും നിസ്സാരമായ ദൈനംദിന ചെയ്തികളെയും ചിന്താരീതിയെയും വികാരത്തെയും ഒരുവൻ വെറുക്കാൻ തുടങ്ങുന്നു.

അപരൻറെ മേൽ കുറ്റം ചാർത്തുന്നു

ബന്ധം ഈ അപചയത്തിൻറെ തലത്തിൽ എത്തുമ്പോൾ, അതിൻറെ തിളക്കം നഷ്ടപ്പെട്ടുകഴിഞ്ഞിരിക്കും. ക്രോധം സുബോധം നഷ്ടമാക്കുന്നു. അല്ലേ! ചിലപ്പോൾ, കാലക്രമേണ ലഘൂകരിക്കാൻ കഴിയില്ല എന്നതാണ് കോപത്തിൻറെ ഒരു സവിശേഷത. അത്തരം സന്ദർഭങ്ങളിൽ, ദൂരവും നിശബ്ദതയും പോലും, തെറ്റിദ്ധാരണകളുടെ ഭാരം ലഘൂകരിക്കുന്നതിനുപകരം, അതിനെ വലുതാക്കുന്നു. ഇക്കാരണത്താലാണ്, പൗലോസ് അപ്പോസ്തലൻ - നാം വായിച്ചു കേട്ടതുപോലെ - ക്രിസ്ത്യാനികളോട് ഈ പ്രശ്നം ഉടനടി പരിഹരിക്കാനും അനുരഞ്ജനത്തിന് ശ്രമിക്കാനും ശുപാർശ ചെയ്യുന്നത്: "നിങ്ങളുടെ കോപം സൂര്യൻ അസ്തമിക്കുന്നതുവരെ നീണ്ടുപോകാതിരിക്കട്ടെ." (എഫേസോസ് 4:26). സൂര്യൻ അസ്തമിക്കുന്നതിനുമുമ്പ് എല്ലാം അലിഞ്ഞുതീരേണ്ടത് സുപ്രധാനമാണ്. പകൽ സമയത്ത് ചില തെറ്റിദ്ധാരണകൾ ഉണ്ടാകുകയും രണ്ട് ആളുകൾക്ക് പരസ്പരം മനസ്സിലാക്കാൻ കഴിയാതെ വരികയും ചെയ്യുന്നുവെങ്കിൽ, പെട്ടെന്ന് തങ്ങൾ പരസ്പരം അകലെയാണെന്നു കരുതന്നുവെങ്കിൽ, രാത്രിയെ പിശാചിന് കൈമാറരുത്. നമ്മുടെ യുക്തികളെയും ഒരിക്കലും നമ്മുടേതല്ലെന്നും മറ്റുള്ളവരുടേതാണെന്നും കരുതുന്ന തെറ്റുകളെയും കുറിച്ചു  നമ്മെ ചിന്തിപ്പിച്ചുകൊണ്ട് ദുഷ്ചെയ്തി നമ്മെ ഇരുട്ടിൽ ഉണർത്തിയിരുത്തും. അങ്ങനെയാണത്: ഒരു വ്യക്തി കോപംപൂണ്ടിരിക്കുമ്പോൾ എപ്പോഴും പറയുന്നു, പ്രശ്നം അപരൻറെതാണെന്ന്. സ്വന്തം തെറ്റുകളും പോരായ്മകളും  തിരിച്ചറിയാൻ അവന് ഒരിക്കലും കഴിയുന്നില്ല.

ക്ഷമ പരിശീലിക്കുക അനിവാര്യം

"സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ" എന്ന പ്രാർത്ഥനയിൽ യേശു, നമ്മെ അപകടാവസ്ഥയിലായിരിക്കുന്ന മനുഷ്യബന്ധങ്ങൾക്കായി പ്രാർത്ഥിപ്പിക്കുന്നു: ഒരിക്കലും തികഞ്ഞ സന്തുലിതാവസ്ഥയിലല്ലാത്ത ഒരു വേദിയാണത്. നമ്മൾ എല്ലായ്‌പ്പോഴും എല്ലാവരെയും ശരിയായ അളവിൽ സ്‌നേഹിച്ചിട്ടില്ലാത്തതുപോലെ,  ജീവിതത്തിൽ നമ്മുടെ കാര്യത്തിൽ വീഴ്ച വരുത്തുന്ന കടക്കാരുമായി നാം ഇടപെടേണ്ടിവരുന്നു. ആർക്കോ അർഹിക്കുന്ന സ്നേഹം നാം തിരികെ നൽകിയിട്ടില്ല. നാമെല്ലാവരും പാപികളാണ്, നമ്മുടെ നിക്ഷേപം കമ്മിയാണ്: ഇത് മറക്കരുത്. നാം കടക്കാരാണ്, നമ്മുടെ നിക്ഷേപം കമ്മിയാണ്, അതിനാൽ ക്ഷമിക്കപ്പെടുന്നതിന് നാമെല്ലാവരും ക്ഷമിക്കാൻ പഠിക്കേണ്ടതുണ്ട്. സാദ്ധ്യമാകുന്നിടത്തോളം ക്ഷമയുടെ കല പരിശീലിക്കുന്നില്ലെങ്കിൽ മനുഷ്യർക്ക് ഒരുമിച്ചു നിൽക്കാനാകില്ല. കോപത്തിന് വിപരീതം പരോപകാരം, ഹൃദയവിശാലത, സൗമ്യത, ക്ഷമ എന്നിവയാണ്.

കോപം ഓർക്കാപ്പുറത്ത് സംഭവിക്കുന്നു

എന്നാൽ, ക്രോധത്തെക്കുറിച്ച് അവസാനമായി ഒന്നുകൂടി പറയാനുണ്ട്. ഇത് ഭീകരമായ ഒരു ദുഷ്പ്രവൃത്തിയാണ്, അത് യുദ്ധങ്ങളുടെയും അക്രമങ്ങളുടെയും ഉത്ഭവസ്ഥാനമാണെന്ന് പറയപ്പെടുന്നു. ഇലിയഡിൻറെ ആമുഖം "അനന്തമായ വിലാപത്തിന്" കാരണമാകുന്ന "അക്കില്ലസിൻറെ കോപ"ത്തക്കുറിച്ച് വിവരിക്കുന്നുണ്ട്. എന്നാൽ കോപത്തിൽ നിന്ന് ഉണ്ടാകുന്നതെല്ലാം തെറ്റാണെന്നു പറയുകവയ്യ. നിഷേധിക്കാനാവാത്തതും നിഷേധിക്കപ്പെടാത്തതുമായ മുൻകോപത്തിൻറെ ഒരു അംശം നമ്മുടെ ഉള്ളിലുണ്ടെന്ന് പഴമക്കാർക്ക് നല്ല അവബോധം ഉണ്ടായിരുന്നു. അഭിനിവേശങ്ങൾ ഒരു പരിധിവരെ ഓർക്കാപ്പുറത്തുണ്ടാകുന്നതാണ്: അവ സംഭവിച്ചുപോകുന്നു, അവ ജീവിതാനുഭവങ്ങളാണ്. കോപമുണ്ടാകുന്നതിന് ഉത്തരവാദികൾ നമ്മളല്ല, മറിച്ച് എല്ലായ്പ്പോഴും അതിൻറെ വികാസത്തിൻറെ ഉത്തരാവദികൾ നാമാണ്. ചില സമയങ്ങളിൽ ദേഷ്യം ശരിയായ രീതിയിൽ പ്രകടിപ്പിക്കുന്നത് നല്ലതാണ്. ഒരു ഒരിക്കലും ദേഷ്യപ്പെടുന്നില്ലെങ്കിൽ, അനീതിക്കുമുന്നിൽ ഒരുവന് അമർഷം ഉണ്ടാകുന്നില്ലെങ്കിൽ, ദുബ്ബലനായ ഒരു വ്യക്തി അടിച്ചമർത്തപ്പെടുന്നതിനു മുന്നിൽ ഒരുവന് ആന്തരിക നടുക്കം അനുഭവപ്പെട്ടില്ലെങ്കിൽ അപ്പോൾ പറയേണ്ടിവരും അയാൾ മനുഷനല്ലയെന്ന്, അതിലുപരി, ക്രിസ്ത്യാനിയല്ലെന്ന്.

പവിത്ര കോപം 

ഒരു വിശുദ്ധ രോഷമുണ്ട്, അത് കോപമല്ല, മറിച്ച് ഒരു ആന്തരിക ചലനാത്മകതയാണ്, അത് പവിത്രമായ രോഷമാണ്. അത് യേശുവിന് അവിടത്തെ ജീവിതത്തിൽ പലപ്രാവശ്യം അനുഭവപ്പെട്ടിട്ടുണ്ട് (മർക്കോസ് 3:5 കാണുക): അവിടന്ന് ഒരിക്കലും തിന്മയോട് തിന്മയാൽ പ്രതികരിച്ചില്ല, എന്നാൽ അവിടത്തെ ആത്മാവിൽ ഈ വികാരം അനുഭവപ്പെട്ടു, ദേവാലയത്തിലെ കച്ചവടക്കാരുടെ കാര്യത്തിൽ, അവിടന്നു ശക്തവും പ്രവചനാത്മകവുമായ ഒരു പ്രവർത്തി ചെയ്തു. എന്നാൽ അത്, കോപത്താലല്ല, മറിച്ച് കർത്താവിൻറെ ഭവനത്തോടുള്ള തീക്ഷ്ണത കൊണ്ടാണ് (മത്തായി 21:12-13 കാണുക). തിക്ഷ്ണത, വിശുദ്ധ രോഷം ഒരു കാര്യമാണ് എന്നാൽ മറ്റൊന്നാണ് കോപം, അത് മോശമാണ്. ഇതു നാം വേർതിരിച്ചറിയണം. അഭിനിവേശങ്ങളുടെ ശരിയായ അളവ് പരിശുദ്ധാത്മാവിൻറെ സഹായത്തോടെ,  കണ്ടെത്തേണ്ടത് നമ്മളാണ്. അഭിനിവേശങ്ങൾ തിന്മയിലേക്കല്ല നന്മയിലേക്കു തിരിയുന്നതിനായി അവയെ നല്ലവണ്ണം പരിശീലിപ്പിക്കണം നന്ദി.

ഈ വാക്കുകളെ തുടര്‍ന്ന് പാപ്പായുടെ, ഇറ്റാലിയന്‍ ഭാഷയിലായിരുന്ന, പ്രഭാഷണത്തിന്‍റെ സംഗ്രഹം ആംഗലവും അറബിയുമുള്‍പ്പെടെ വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെടുകയും ഒരോ വായനയുടെയും അവസാനം പാപ്പാ അതതു ഭാഷാക്കാരെ ഇറ്റാലിയൻ ഭാഷയിൽ അഭിവാദ്യം ചെയ്യുകയും ചെയ്തു.

യുദ്ധത്തിനിരകളായവർക്കായുള്ള ദേശീയ ദിനം 

യുദ്ധത്തിനിരകളായ പൗരജനങ്ങളുടെ ഓർമ്മയ്ക്കായി ഫെബ്രുവരി ഒന്നിന് ഇറ്റലിയിൽ ദേശീയ ദിനം ആചരിക്കുന്നത് പാപ്പാ അനുസ്മരിച്ചു.

രണ്ടു ലോകയുദ്ധങ്ങളിൽ ജീവൻ പൊലിഞ്ഞവരോടൊപ്പം ഇന്നും, ദൗർഭാഗ്യവശാൽ, നമ്മുടെ ഗ്രഹത്തെ നിണപങ്കിലമാക്കുന്ന മദ്ധ്യപൂർവ്വദേശത്തും ഉക്രൈയിനിലും നടക്കുന്നതുപോലുള്ള, യുദ്ധങ്ങളുടെ നിരപരാധികളായ നിരവധി സാധാരണക്കാരായ ഇരകളെയും ചേർക്കാമെന്നു പാപ്പാ പറഞ്ഞു. അവരുടെ വേദനയുടെ നിലവിളി രാഷ്ട്ര നേതാക്കളുടെ ഹൃദയത്തെ സ്പർശിക്കുകയും സമാധാനപദ്ധതികൾക്ക് പ്രചോദനം പകരുകയും ചെയ്യട്ടയെന്ന് പാപ്പാ ആശംസിച്ചു. യുദ്ധത്തിൽ പ്രകടമാകുന്നത്, എത്രമാത്രം ക്രൂരതയാണ് എന്ന്  ഇക്കാല ചരിത്രങ്ങൾ വായിക്കുമ്പോൾ കാണാമെന്ന് പറഞ്ഞ പാപ്പാ, ക്രൂരനല്ലാത്തവനായ, എന്നും സൗമ്യനായ, കർത്താവിനോട് സമാധാനത്തിനായി പ്രാർത്ഥിക്കാൻ എല്ലാവരെയും ക്ഷണിച്ചു.

സമാപനാഭിവാദ്യം

പൊതുദർശനപരിപാടിയുടെ അവസാനം പാപ്പാ യുവതീയുവാക്കളെയും വൃദ്ധജനത്തെയും രോഗികളെയും നവദമ്പതികളെയും അഭിവാദ്യം ചെയ്തു. ജനുവരി 31-ന് തിരുസഭ വിശുദ്ധ ജോൺ ബോസ്കൊയെ അനുസ്മരിക്കുന്നത് അനുസ്മരിച്ച പാപ്പാ, സഭയിലും ലോകത്തിലും നമ്മുടെ ഓരോരുത്തരുടെയും വിളി ഫലപുഷ്ടിയുള്ളതാക്കാൻ ഈ വിശുദ്ധൻറെ സഹായം പ്രാർത്ഥിച്ചു. പാപ്പായുടെ ഈ വാക്കുകളെ തുടർന്ന് ലത്തീൻഭാഷയിൽ സ്വർഗ്ഗസ്ഥനായ പിതാവേ എന്ന കർത്തൃപ്രാർത്ഥന ആലപിക്കപ്പെട്ടു. അതിനു ശേഷം, പാപ്പാ,  എല്ലാവർക്കും തൻറെ അപ്പൊസ്തോലികാശീർവ്വാദം നല്കി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

31 January 2024, 12:40

ഏറ്റവും അടുത്ത പൊതുകൂടിക്കാഴ്ച

വായിച്ചു മനസ്സിലാക്കാന്‍ >