പിതാവിൻറെ യഥാർത്ഥ മുഖം കണ്ടെത്തുമ്പോൾ, നമ്മുടെ വിശ്വാസം പക്വത പ്രാപിക്കും, പാപ്പാ!

ഫ്രാൻസീസ് പാപ്പായുടെ മദ്ധ്യാഹ്നപ്രാർത്ഥനാ പ്രഭാഷണം: അവിരാമം ചലിക്കുന്ന യേശു വെളിപ്പെടുത്തുന്ന സമീപസ്ഥനും അനുകമ്പയുള്ളവനും ആർദ്രനുമായ ദൈവം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഈ ഞായറാഴ്‌ച (04/02/24)  ഫ്രാൻസീസ് പാപ്പാ, വത്തിക്കാനിൽ, ഞാറാഴ്ചകളിലെ പതിവനുസരിച്ച്, പൊതുവായ മദ്ധ്യാഹ്നപ്രാർത്ഥന നയിച്ചു. പ്രാർത്ഥനയിൽ പങ്കുകൊള്ളുന്നതിന് വിവിധരാജ്യക്കാരായിരുന്ന പതിനയ്യായിരത്തോളം വിശ്വാസികൾ, വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ അങ്കണത്തിലും പരിസരത്തുമായി സന്നിഹിതരായിരുന്നു. പാപ്പാ ത്രികാലജപം നയിക്കുന്നതിന് പതിവുജാലകത്തിങ്കൽ പ്രത്യക്ഷപ്പെട്ടപ്പോൾ ജനസഞ്ചയത്തിൻറെ കരഘോഷവും ആനന്ദാരവങ്ങളും ഉയർന്നു. റോമിലെ സമയം ഉച്ചയ്ക്ക് 12 മണിക്ക്, ഇന്ത്യയിലെ സമയം, ഇന്ത്യയും ഇറ്റലിയും തമ്മിൽ ഇപ്പോഴുള്ള സമയവിത്യാസമനുസരിച്ച്, വൈകുന്നേരം 4,30-ന്,  “കർത്താവിൻറെ മാലാഖ” എന്നാരംഭിക്കുന്ന മദ്ധ്യാഹ്ന പ്രാർത്ഥന നയിക്കുന്നതിനു മുമ്പ് പാപ്പാ നടത്തിയ വിചിന്തനത്തിന് ആധാരം, ലത്തീൻറീത്തിൻറെ ആരാധനാക്രമനുസരിച്ച്, ഈ ഞായാറാഴ്ച (04/02/24) ദിവ്യബലി മദ്ധ്യേ വായിക്കപ്പെട്ട ദൈവവചന ഭാഗങ്ങളിൽ, മർക്കോസിൻറെ സുവിശേഷം ഒന്നാം അദ്ധ്യായം, 29-39 വരെയുള്ള വാക്യങ്ങൾ (മർക്കോസ് 1,29-39) അതായത്, യേശു പത്രോസിൻറെ അമ്മായിയമ്മയുടെ പനി മാറ്റുന്നതും ഇതര രോഗികളെയും പിശാചുബാധിതരെയും സൗഖ്യമാക്കുന്നതും വിജനസ്ഥലത്ത് പ്രാർത്ഥനയ്ക്കായി പോകുന്നതും ഗലീലിയിലുടനീളം  സഞ്ചരിക്കുന്നതുമായ കാര്യങ്ങളെക്കുറിച്ചു പരാമർശിക്കുന്ന ഭാഗം, ആയിരുന്നു. ഇറ്റാലിയൻ ഭാഷയിൽ പാപ്പാ നടത്തിയ പ്രഭാഷണത്തിൻറെ മലയാള പരിഭാഷ:

യേശുവിൻറെ ചലനാത്മകത

പ്രിയ സഹോദരീ സഹോദരന്മാരേ, ശുഭ ദിനം!

സഞ്ചരിക്കുന്ന യേശുവിനെയാണ് ആരാധനാക്രമത്തിലെ സുവിശേഷഭാഗം നമുക്ക് കാണിച്ചുതരുന്നത്: വാസ്തവത്തിൽ, അവിടന്ന് പ്രസംഗം കഴിഞ്ഞ ഉടനെ, സിനഗോഗിൽ നിന്ന് ഇറങ്ങി, ശിമയോൻ പത്രോസിൻറെ വീട്ടിലേക്ക് പോകുകയും, അവിടെ അദ്ദേഹത്തിൻറെ അമ്മായിയമ്മയെ സുഖപ്പെടുത്തുകയും ചെയ്യുന്നു; പിന്നീട്, വൈകുന്നേരമായപ്പോൾ, അവിടന്ന് വീണ്ടും നഗരകവാടത്തിലേക്ക് പോകുന്നു, അവിടെ അവിടന്ന് നിരവധി രോഗികളെയും പിശാചുബാധിതരെയും കണ്ടുമുട്ടുകയും അവരെ സുഖപ്പെടുത്തുകയും ചെയ്യുന്നു. പിറ്റേന്ന് അതിരാവിലെ എഴുന്നേറ്റ് അവിടന്ന് വിജനസ്ഥലത്ത് പ്രാർത്ഥിക്കാൻ പോകുന്നു; അവസാനം അവിടന്ന് ഗലീലിയിലൂടനീളം സഞ്ചരിക്കുന്നതിനു വീണ്ടും പുറപ്പെടുന്നു (മർക്കോസ് 1,29-39 കാണുക). യേശു ചലിച്ചുകൊണ്ടിരിക്കുന്നു.

യേശു വെളിപ്പെടുത്തുന്ന ദൈവത്തിൻറെ വദനം

ദൈവത്തെ സംബന്ധിച്ച പ്രധാനപ്പെട്ട ഒരു കാര്യം നമ്മോട് പറയുകയും, ഒപ്പം, നമ്മുടെ വിശ്വാസത്തെക്കുറിച്ചുള്ള ചില ചോദ്യങ്ങളാൽ നമ്മെ വെല്ലുവിളിക്കുകയും ചെയ്യുന്ന യേശുവിൻറെ ഈ അവിരാമ ചലനത്തെക്കുറിച്ച് നമുക്ക് ചിന്തിക്കാം. 

മുറിവേറ്റ നരകുലവുമായി കൂടിക്കാഴ്ച നടത്താൻ പോകുന്ന യേശു നമുക്ക് പിതാവിൻറെ വദനം വെളിപ്പെടുത്തുന്നു. വിദൂരസ്ഥനും തണുപ്പനും നമ്മുടെ ഭാഗധേയത്തോടു നിസ്സംഗനുമായ ഒരു ദൈവത്തെക്കുറിച്ചുള്ള ആശയം നമ്മുടെ ഉള്ളിൽ ഇപ്പോഴും നിലനിൽക്കുന്നുണ്ടാകാം. എന്നാൽ, സുവിശേഷം നമുക്കു കാണിച്ചുതരുന്നത്, താൻ പ്രസംഗിച്ച വചനം ആളുകളിലേക്ക് എത്താനും അവരെ സ്പർശിക്കാനും സുഖപ്പെടുത്താനും വേണ്ടി യേശു, സിനഗോഗിൽ പഠിപ്പിച്ചതിന് ശേഷം,  പുറത്തേക്കിറങ്ങുന്നതാണ്. അങ്ങനെ ചെയ്യുന്നതിലൂടെ അവിടന്ന് നമുക്കു വെളിപ്പെടുത്തിത്തരുന്നത്, ഉന്നതത്തിൽ നിന്ന് നമ്മോട് സംസാരിക്കുന്ന, വേറിട്ടുനില്ക്കുന്ന ഒരു യജമാനനല്ല ദൈവം എന്നാണ്; നേരെമറിച്ച്, അവിടന്ന് നമ്മുടെ അടുത്ത് വരുന്ന, നമ്മുടെ വീടുകൾ സന്ദർശിക്കുന്ന, ശരീരത്തിൻറെയും ആത്മാവിൻറെയും എല്ലാ രോഗങ്ങളിലും നിന്ന്  നമ്മെ രക്ഷിക്കാനും മോചിപ്പിക്കാനും സുഖപ്പെടുത്താനും ആഗ്രഹിക്കുന്ന, സ്നേഹം നിറഞ്ഞ ഒരു പിതാവാണ് എന്നാണ്. ദൈവം എപ്പോഴും നമ്മുടെ ചാരത്തുണ്ട്. ദൈവത്തിൻറെ മനോഭാവം മൂന്ന് വാക്കുകളിൽ പ്രകടിപ്പിക്കാം: സാമീപ്യം, അനുകമ്പ, ആർദ്രത. ആർദ്രതയോടെ നമുക്ക് തുണയായിരിക്കാനും നമ്മോടു ക്ഷമിക്കാനും ദൈവം നമ്മുടെ ചാരെയെത്തുന്നു. ഇത് മറക്കരുത്: സാമീപ്യം, അനുകമ്പ, ആർദ്രത. ഇതാണ് ദൈവത്തിൻറെ മനോഭാവം.

യേശുവിൻറെ ചലനാത്മകതയേകുന്ന വെല്ലുവിളി

യേശുവിൻറെ ഈ അവിരാമ ചലനം നമ്മെ വെല്ലുവിളിക്കുന്നു. നമുക്ക് സ്വയം ചോദിക്കാം: കരുണയുടെ പിതാവായി ദൈവത്തിൻറെ മുഖം നാം കണ്ടെത്തിയോ അതോ, നിർവ്വികാരനായ, വിദൂരസ്ഥനായ ദൈവത്തെയാണോ നാം വിശ്വസിക്കുകയും പ്രഖ്യാപിക്കുകയും ചെയ്യുന്നത്? വിശ്വാസം നമ്മെ യാത്രയെക്കുറിച്ച് ഉത്കണ്ഠാകുലരാക്കുന്നുണ്ടോ അതോ അത് നമുക്ക് നമ്മെ ശാന്തമാക്കുന്ന ആന്തരിക ആശ്വാസമാണോ? നാം പ്രാർത്ഥിക്കുന്നത് സമാധാനം അനുഭവിക്കാൻ മാത്രമാണോ അതോ നാം കേൾക്കുകയും പ്രസംഗിക്കുകയും ചെയ്യുന്ന വചനം യേശുവിനെപ്പോലെ മറ്റുള്ളവരെ കണ്ടുമുട്ടുന്നതിനും ദൈവത്തിൻറെ സാന്ത്വനങ്ങൾ പ്രസരിപ്പിക്കുന്നതിനും നമ്മെ പുറത്തേക്കാനയിക്കുന്നുണ്ടോ? ഈ ചോദ്യങ്ങൾ നാം സ്വയം ചോദിക്കുന്നത് നമുക്കു നന്നായിരിക്കും.

യഥാർത്ഥ ദൈവവദനം തിരിച്ചറിയു

അതിനാൽ, നമുക്ക് യേശുവിൻറെ യാത്രയിലേക്ക് നോക്കാം, നമ്മുടെ ആദ്യത്തെ ആത്മീയ പ്രവൃത്തി ഇതാണ് എന്നത് നമുക്കോർക്കാം: അതായത്, നമുക്ക് അറിയാമെന്ന് നാം കരുതുന്ന ദൈവത്തെ ഉപേക്ഷിക്കുകയും സ്നേഹപിതാവായി അനുകമ്പയുടെ പിതാവായി സുവിശേഷത്തിൽ യേശു നമുക്കു കാണിച്ചുതരുന്ന ദൈവത്തിലേക്ക് അനുദിനം പരിവർത്തനം ചെയ്യുകയും ചെയ്യുക. കരുണയുടെ പിതാവും. സമീപസ്ഥനും അനുകമ്പയുള്ളവനും ആർദ്രനുമായ പിതാവ്. പിതാവിൻറെ യഥാർത്ഥ മുഖം നാം കണ്ടെത്തുമ്പോൾ, നമ്മുടെ വിശ്വാസം പക്വത പ്രാപിക്കുന്നു: നമ്മൾ ഇനി "സങ്കീർത്തിലെയൊ സ്വീകരണമുറിയിലെയൊ ക്രിസ്ത്യാനികൾ" ആയിരിക്കില്ല, എന്നാൽ ദൈവത്തിൻറെ പ്രത്യാശയുടെയും രോഗശാന്തിയുടെയും സംവാഹകരാകാൻ വിളിക്കപ്പെട്ടവരാണ് നമ്മൾ എന്ന അവബോധം പുലർത്തും.

പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥ്യ

യാത്രയിലായിരിക്കുന്ന മഹിളയായ ഏറ്റം പരിശുദ്ധ മറിയമേ, സമീപസ്ഥനും അനുകമ്പയും ആർദ്രതയും ഉള്ളവനുമായ കർത്താവിനെ പ്രഘോഷിക്കാനും അവനു സാക്ഷ്യം വഹിക്കാനും ഞങ്ങളെ സഹായിക്കൂ. 

ഈ വാക്കുകളെ തുടർന്ന് പാപ്പാ കർത്താവിൻറെ മാലാഖയെന്നാരംഭിക്കുന്ന ത്രികാലജപം നയിക്കുകയും ആശീർവ്വാദം നല്കുകയും ചെയ്തു.

ആശീർവ്വാദാനന്തര അഭിവാദ്യങ്ങൾ

ആശീർവ്വാദത്തിനു ശേഷം പാപ്പാ, ചത്വരത്തിൽ സന്നിഹിതരായിരുന്ന, ഇറ്റലിക്കാരും ലോകത്തിൻറെ ഇതര ഭാഗങ്ങളിൽ നിന്ന് എത്തിയിരുന്നവരുമായ തീർത്ഥാടകർക്കും സന്ദർശകർക്കും അഭിവാദ്യമർപ്പിക്കുകയും യുദ്ധംമൂലം യാതനകൾ അനുഭവിക്കുന്ന ജനതകളെ അനുസ്മരിക്കുകയും ചെയ്തു.

ചാന്ദ്രവർഷാരംഭം                        

ഫെബ്രുവരി 10 ന്, കിഴക്കൻ ഏഷ്യയിലും ലോകത്തിൻറെ വിവിധ ഭാഗങ്ങളിലും ദശലക്ഷക്കണക്കിന് കുടുംബങ്ങൾ ചാന്ദ്ര പുതുവത്സരം ആഘോഷിക്കുന്നതിനെക്കുറിച്ച് പാപ്പാ പരാമർശിച്ചു. ഈ ആഘോഷം, എല്ലാവ്യക്തികളും അംഗീകരിക്കപ്പെടുകയും അന്യാധീനപ്പെടുത്താനാവത്ത ഔന്നത്യത്തിൽ സ്വാഗതംചെയ്യപ്പെടുകയും ചെയ്യുന്നതും ഐക്യദാർഢ്യവും സാഹോദര്യവും വാഴുന്നതുമായ ഒരു സമൂഹം കെട്ടിപ്പടുക്കുന്നതിന് സംഭാവനയേകുന്ന സ്നേഹബന്ധങ്ങളുടെയും കരുതലിൻറെ പ്രവർത്തികളുടെയും അവസരമായി ഭവിക്കട്ടെയെന്ന് പാപ്പാ പ്രത്യാശ പ്രകടിപ്പിച്ചു.

സമാധാനത്തിനായി പ്രാർത്ഥിക്കുക

ലോകം ഏറെ കാംക്ഷിക്കുന്നതും എന്നത്തേക്കാളും ഇന്ന് പലയിടത്തും അപകടത്തിലായിരിക്കുന്നതുമായ സമാധാനത്തിനായി പ്രാർത്ഥിക്കാൻ പാപ്പാ എല്ലാവരെയും ക്ഷണിക്കുകയും ചെയ്തു. ഇത് ഏതാനുംപേരുടെ മാത്രമല്ല, മറിച്ച് മാനവകുടുംബം മുഴുവൻറെയും ഉത്തരവാദിത്വമാണ് എന്ന് പറഞ്ഞ പാപ്പാ അതു കെട്ടിപ്പടുക്കുന്നതിന് അനുകമ്പയുടെയും ധീരതയുടെയുമായ പ്രവർത്തികളാൽ സഹകരിക്കാൻ എല്ലാവരോടും അഭ്യർത്ഥിച്ചു. യുദ്ധത്തിൽ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് വേണ്ടി, വിശിഷ്യ, ഉക്രൈയിൻ, പലസ്തീൻ, ഇസ്രായേൽ എന്നിവിടങ്ങളിലെ ജനങ്ങൾക്കുവേണ്ടിയുള്ള പ്രാർത്ഥന തുടരാൻ പാപ്പാ എല്ലാവരെയും ഓർമ്മിപ്പിച്ചു.

ജീവനുവേണ്ടിയുള്ള ദിനാചരണ

ഈ ഞായറാഴ്ച (04/02/23) ഇറ്റലിയിൽ, "ജീവനുവേണ്ടിയുള്ള ദിനം” ആചരിച്ചത് പാപ്പാ അനുസ്മരിച്ചു. “ജീവൻറെ ശക്തി നമ്മെ അത്ഭുതപ്പെടുത്തുന്നു" എന്ന വിചിന്തനപ്രമേയം ഈ ദിനാചരണം സ്വീകരിച്ചിരിക്കുന്നതിനെ കുറിച്ച് സൂചിപ്പിച്ച പാപ്പാ പരിമിതികളാൽ ഏറ്റവും കൂടുതൽ മുദ്രിതമായിരിക്കുന്നവയുൾപ്പടെയുള്ള ഓരോ മനുഷ്യജീവനും അപാരമായ മൂല്യമുണ്ടെന്നും അത് മറ്റുള്ളവർക്ക് എന്തെങ്കിലും പ്രദാനം ചെയ്യാൻ കഴിവുള്ളതാണെന്നും വീണ്ടും കണ്ടെത്തുന്നതിന് പ്രത്യയശാസ്ത്രപരമായ ദർശനങ്ങളെ മറികടക്കാനാവുമെന്ന പ്രതീക്ഷയിൽ താൻ ഇറ്റായിലെ മെത്രാന്മാരോട് ഒന്നുചേരുന്നുവെന്നു പറഞ്ഞു.

മനുഷ്യക്കടത്തിനെതിരായ പ്രാർത്ഥനാദിനം

ബാലികയായിരിക്കെ അടിമയാക്കപ്പെടുകയും പിന്നീട് സന്ന്യാസിനി ആയിത്തീരുകയും ചെയ്ത സുഡാൻകാരിയായ വിശുദ്ധ ജോസഫൈൻ ബഖിതയുടെ തിരുന്നാൾദിനമായ ഫെബ്രുവരി 8 ന്, ആചരിക്കപ്പെടുന്ന മനുഷ്യക്കടത്തിനെതിരായ ലോക പ്രാർത്ഥനയുടെയും പരിചിന്തനത്തിൻറെയും ദിനത്തിൽ പങ്കുചേരുന്നതിന് നിരവധി രാജ്യങ്ങളിൽ നിന്നെത്തിച്ചേർന്നിട്ടുള്ള യുവജനങ്ങളെ പാപ്പാ അഭിവാദ്യം ചെയ്തു. ഇന്നും കപട വാഗ്ദാനങ്ങളാൽ  നിരവധി സഹോദരീസഹോദരന്മാർ വഞ്ചിക്കപ്പെടുകയും ചൂഷണത്തിനും പീഡനത്തിനും ഇരകളാക്കപ്പെടുകയും ചെയ്യുന്നുണ്ടെന്നു പറഞ്ഞ പാപ്പാ മനുഷ്യക്കടത്ത് എന്ന നാടകീയമായ ആഗോള പ്രതിഭാസത്തെ ചെറുക്കാൻ ഒറ്റക്കെട്ടായി പ്രവർത്തിക്കാൻ എല്ലാവരെയും ക്ഷണിച്ചു.        

ചിലിയിൽ അഗ്നിബാധയിൽ മരണമടഞ്ഞവർക്കായി പ്രാർത്ഥിക്കുക

മദ്ധ്യ ചിലിയിൽ നൂറിലേറെപ്പേരുടെ ജീവനപഹരിച്ച അഗ്നിദുരത്തിൽ മരണമടഞ്ഞവരെയും പരിക്കേറ്റവരെയും പാപ്പാ അനുസ്മരിക്കുകയും അവർക്കായി പ്രാർത്ഥിക്കാൻ അഭ്യർത്ഥിക്കുകയും ചെയ്തു.

സമർപ്പിതരുടെ സമ്മേളനം

സമർപ്പിതജീവിതസ്ഥാപനങ്ങൾക്കും അപ്പൊസ്തോലികജീവിതസമൂഹങ്ങൾക്കും വേണ്ടിയുള്ള വിഭാഗത്തിൻറെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കപ്പെട്ടിരിക്കുന്ന സമ്മേളനത്തിൽ പങ്കെടുക്കുന്ന അറുപതോളം നാടുകളിൽ നിന്നുള്ള സമർപ്പിതരെയും സമർപ്പിതകളെയും പാപ്പാ പ്രത്യേകം അഭിവാദ്യം ചെയ്തു. “സമാധാനസരണിയിൽ പ്രത്യാശയുടെ തീർത്ഥാടകർ” എന്ന പ്രമേയമാണ് ഈ സമ്മേളനം സ്വീകരിച്ചിരിക്കുന്നതെന്നതും പാപ്പാ അനുസ്മരിച്ചു.

സമാപനാഭിവാദ്യം

ത്രികാലപ്രാർത്ഥനാപരിപാടിയുടെ അവസാനം പാപ്പാ, എല്ലാവർക്കും നല്ലൊരു ഞായർ ആശംസിക്കുകയും തനിക്കു വേണ്ടി  പ്രാർത്ഥിക്കാൻ മറക്കരുതെന്ന പതിവ് അഭ്യർത്ഥന നവീകരിക്കുകയും ചെയ്തു. തുടർന്ന് പാപ്പാ സകലർക്കും നല്ല ഒരു ഉച്ചവിരുന്ന് നേരുകയും വീണ്ടും കാണാമെന്നു പറയുകയും ചെയ്തുകൊണ്ട് ജാലകത്തിങ്കൽ നിന്നു പിൻവാങ്ങി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

05 February 2024, 11:27

ത്രികാലപ്രാര്‍ത്ഥന - ദിവസത്തിൽ മൂന്നു പ്രാവശ്യം ജപിക്കുന്ന സഭയുടെ ഔദ്യോഗിക പ്രാർത്ഥനയാണിത്. സനാതനമായ രക്ഷാകര രഹ്യമാണ് ഇതിന്‍റെ ഉള്ളടക്കം. രാവിലെ
6 മണിക്കും, മദ്ധ്യാഹ്നം 12 മണിക്കും, വൈകുന്നേരം 6 മണിക്കും ദേവാലയമണി മുഴങ്ങുമ്പോഴാണ് ഇത് ഉരുവിടുന്നത്.  

കര്‍ത്താവിന്‍റെ മാലാഖ... എന്നു തുടങ്ങുന്ന ത്രികാലജപം സാധാരണകാലങ്ങളില്‍ ചൊല്ലുമ്പോള്‍ പെസഹാക്കാലത്ത് സ്വര്‍ല്ലോക രാജ്ഞിയേ... എന്ന പ്രാര്‍ത്ഥനയുമാണ് ചൊല്ലുന്നത്. പ്രാര്‍ത്ഥനയുടെ ഇടയ്ക്ക് ചൊല്ലുന്ന നന്മനിറഞ്ഞ മറിയമേ, എന്ന ജപം ക്രിസ്തുവിന്‍റെ രക്ഷാകര ചരിത്രത്തില്‍ മറിയത്തിനുള്ള പങ്ക് വിളിച്ചോതുന്നു. ത്രിത്വസ്തുതിയോടെയാണ് ത്രികാലപ്രാര്‍ത്ഥന അവസാനിക്കുന്നത്.


പൊതുവെ എല്ലാ ഞായറാഴ്ചകളിലും സവിശേഷദിനങ്ങളിലും മദ്ധ്യാഹ്നത്തിലാണ് “ആഞ്ചെലൂസ്…” എന്ന ശീര്‍ഷകത്തില്‍ പാപ്പായുടെ സാന്നിദ്ധ്യത്തില്‍ ത്രികാലപ്രാ‍ര്‍ത്ഥന നടത്തപ്പെടുന്നത്. ഞായറാഴ്ചകളില്‍ മദ്ധ്യാഹ്നം കൃത്യം 12 മണിക്ക് വത്തിക്കാനിലെ അപ്പസ്തോലിക അരമനയുടെ മൂന്നാംനിലയുടെ രണ്ടാം ജാലകത്തില്‍ പ്രത്യക്ഷപ്പെട്ട്, താഴെ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ സമ്മേളിച്ചിരിക്കുന്ന തീര്‍ത്ഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കുമൊപ്പം പാപ്പാ ത്രികാലപ്രാര്‍ത്ഥന ചൊല്ലുന്ന പതിവിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്.

ഏറ്റവും ഒടുവിലത്തെ ത്രികാലപ്രാര്‍ത്ഥന

വായിച്ചു മനസ്സിലാക്കാന്‍ >