സ്നേഹം, സമൂർത്തസാന്നിധ്യത്തിലൂടെ സാക്ഷാത്കൃതമാകണം, പാപ്പാ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
റോമാപുരി മഴയിൽ കുതിർന്ന ഈ ഞായറാഴ്‌ച (11/02/24) ഫ്രാൻസീസ് പാപ്പാ, വത്തിക്കാനിൽ, ഞാറാഴ്ചകളിലെ പതിവനുസരിച്ച്, പൊതുവായ മദ്ധ്യാഹ്നപ്രാർത്ഥന നയിച്ചു. പ്രാർത്ഥനയിൽ പങ്കുകൊള്ളുന്നതിന്, വിവിധരാജ്യക്കാരായിരുന്ന ഇരുപതിനായിരത്തോളം വിശ്വാസികൾ, കുടകൾ ചൂടി, വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ അങ്കണത്തിലും പരിസരത്തുമായി സന്നിഹിതരായിരുന്നു. രാവിലെ വിശുദ്ധ പത്രോസിൻറെ ബസിലിക്കയിൽ മരിയ അന്തോണിയ ദെ പാസിനെ പാപ്പാ വിശുദ്ധയായി പ്രഖ്യാപിച്ച തിരുക്കർമ്മത്തിൽ പങ്കെടുത്തിരുന്നവരും ഇക്കൂട്ടത്തിലുണ്ടായിരുന്നു. പാപ്പാ ത്രികാലജപം നയിക്കുന്നതിന് പതിവുജാലകത്തിങ്കൽ പ്രത്യക്ഷപ്പെട്ടപ്പോൾ ജനസഞ്ചയത്തിൻറെ കരഘോഷവും ആനന്ദാരവങ്ങളും ഉയർന്നു. റോമിലെ സമയം ഉച്ചയ്ക്ക് 12 മണിക്ക്, ഇന്ത്യയിലെ സമയം, ഇന്ത്യയും ഇറ്റലിയും തമ്മിൽ ഇപ്പോഴുള്ള സമയവിത്യാസമനുസരിച്ച്, വൈകുന്നേരം 4,30-ന്, “കർത്താവിൻറെ മാലാഖ” എന്നാരംഭിക്കുന്ന മദ്ധ്യാഹ്ന പ്രാർത്ഥന നയിക്കുന്നതിനു മുമ്പ് പാപ്പാ നടത്തിയ വിചിന്തനത്തിന് ആധാരം, ലത്തീൻറീത്തിൻറെ ആരാധനാക്രമനുസരിച്ച്, ഈ ഞായാറാഴ്ച (11/02/24) ദിവ്യബലി മദ്ധ്യേ വായിക്കപ്പെട്ട ദൈവവചന ഭാഗങ്ങളിൽ, മർക്കോസിൻറെ സുവിശേഷം ഒന്നാം അദ്ധ്യായം, 40-45 വരെയുള്ള വാക്യങ്ങൾ (മർക്കോസ് 1,40-45) അതായത്, യേശു കുഷ്ഠരോഗിയെ സുഖപ്പെടുത്തുന്നതും തനിക്കു ലഭിച്ച സൗഖ്യത്തെക്കുറിച്ച് അവൻ എല്ലവരോടും പറയുന്നതുമായ സംഭവവിവരണ ഭാഗം, ആയിരുന്നു. പാപ്പാ ഇറ്റാലിയൻ ഭാഷയിൽ നടത്തിയ പ്രഭാഷണത്തിൻറെ പരിഭാഷ:
സൗഖ്യദായകനായ യേശു
പ്രിയ സഹോദരീ സഹോദരന്മാരേ, ശുഭ ദിനം!
ഇന്ന് സുവിശേഷം നമ്മുടെ മുന്നിൽ അവതരിപ്പിക്കുന്നത് ഒരു കുഷ്ഠരോഗി സൗഖ്യമാക്കപ്പെടുന്നതാണ് (മർക്കോസ് 1,40-45 കാണുക). തന്നോട് യാചിക്കുന്ന രോഗിയോട് യേശു പ്രത്യുത്തരിക്കുന്നു: "ഞാൻ മനസ്സാകുന്നു, നീ ശുദ്ധീകരിക്കപ്പെടട്ടെ!" (മർക്കോസ് 1,41). അവിടന്ന് വളരെ ലളിതമായ ഒരു വാചകം ഉച്ചരിക്കുകയും, അത് അവിടന്ന് ഉടൻ തന്നെ പ്രായോഗികമാക്കുകയും ചെയ്യുന്നു. വാസ്തവത്തിൽ "തത്ക്ഷണം കുഷ്ഠം അപ്രത്യക്ഷമായി, അവൻ സുഖം പ്രാപിച്ചു" (വാക്യം 42). യാതനകളനുഭവിക്കുന്നവരോടുള്ള യേശുവിൻറെ ശൈലി ഇതാണ്: കുറച്ച് വാക്കുകളും മൂർത്തമായ ചെയ്തികളും.
സാമീപ്യത്തിൻറെ ശൈലി
കഷ്ടതകൾ അനുഭവിക്കുന്നവരോട് അവിടന്ന് ഇങ്ങനെ പെരുമാറുന്നത് സുവിശേഷത്തിൽ നാം നിരവധി തവണ കാണുന്നു: ബധിരരും മൂകരുമായവർ (മർക്കോസ് 7,31-37), തളർവാതരോഗികൾ (മർക്കോസ് 2,1-12 കാണുക) കൂടാതെ ആവശ്യത്തിലിരിക്കുന്ന മറ്റനേകരും (മർക്കോസ് 5 കാണുക. ). അവിടന്ന് എല്ലായ്‌പ്പോഴും ഇങ്ങനെ ചെയ്യുന്നു: അവിടന്ന് കുറച്ച് സംസാരിക്കുകയും വാക്കുകളെ ഉടൻ പ്രവൃത്തികളാക്കുകയും ചെയ്യുന്നു: അവിടന്ന് കുനിയുന്നു, കൈയിൽ പിടിക്കുന്നു, സുഖപ്പെടുത്തുന്നു. അവിടന്ന് പ്രസംഗങ്ങളിലോ ചോദ്യം ചെയ്യലുകളിലോ സമയം പാഴാക്കുന്നില്ല, ഭക്തിമാർഗ്ഗത്തിലും വൈകാരികതയിലും അത്രയുംപോലുമില്ല. പകരം, ശ്രദ്ധാപൂർവം കേൾക്കുകയും ശ്രദ്ധ ആകർഷിക്കാതെ പെട്ടെന്ന് പ്രവർത്തിക്കുകയും ചെയ്യുന്നതായ ഒരാളുടെ ലോലമായ എളിമ അവിടന്ന് പ്രകടമാക്കുന്നു.
സമൂർത്ത സാന്നിധ്യം
ഇത് സ്‌നേഹിക്കലിൻറെ വിസ്മയകരമായ ഒരു മാർഗ്ഗമാണ്, അത് സങ്കൽപ്പിക്കുകയും സ്വാംശീകരിക്കുകയും ചെയ്യുന്നത് നമുക്ക് എത്ര നല്ലതാണ്! ഇങ്ങനെ പെരുമാറുന്നവരെ നാം എപ്പോഴായിരിക്കും കണ്ടുമുട്ടുന്നത് എന്നതിനെ കുറിച്ച് ചിന്തിക്കാം: അതായത്, വാക്കുകളിൽ ശാന്തരും പ്രവൃത്തികളിൽ ഉദാരമതികളുമായവർ; പ്രകടനപരതയില്ലാത്തവരും എന്നാൽ മറ്റുള്ളവർക്ക് പ്രയോജനമുള്ളവരായിരിക്കാൻ സന്നദ്ധരുമായവർ; ശ്രവിക്കാൻ തയ്യാറുള്ളതിനാൽ സഹായിക്കുന്നതിൽ കാര്യക്ഷമതരായവർ. എനിക്കു മനസ്സുണ്ട്, ഞാൻ ഇവിടെയുള്ളത് നിനക്കുവേണ്ടിയാണ്, നിന്നെ സഹായിക്കാനാണ്” എന്ന, ഏതാണ്ട് യേശുവിൻറേതുപോലുള്ള വാക്കുകൾ ശ്രവിക്കാൻ കഴിയുമെന്ന ആത്മവിശ്വാസത്തോടുകൂടി “നീ എന്നെ കേൾക്കുമോ? നീ എന്നെ സഹായിക്കുമോ?” എന്ന് ഒരാൾക്ക് ചോദിക്കാൻ കഴിയുന്ന സുഹൃത്തുക്കൾ. ബന്ധങ്ങളുടെ ക്ഷണികമായ അമൂർത്തബന്ധങ്ങൾ കൂടുതലായി സ്ഥാനംപിടിക്കുന്നതെന്നു തോന്നുന്ന നമ്മുടേത് പോലെയുള്ള ഒരു ലോകത്ത് ഈ മൂർത്തത ഏറെ പ്രാധാന്യമർഹിക്കുന്നു.
സ്നേഹത്തിൻറെ അനിവാര്യ ഘടകം
എന്നാൽ, ദൈവവചനം നമുക്ക് ഉത്തേജനം പകരുന്നതെങ്ങനെയെന്ന് നമുക്ക് ശ്രവിക്കാം: "ഒരു സഹോദരനോ സഹോദരിയോ ആവശ്യത്തിന് വസ്ത്രമോ ഭക്ഷണമോ ഇല്ലാതെ കഴിയുമ്പോൾ നിങ്ങളിലാരെങ്കിലും ശരീരത്തിനാവശ്യമായ അവർക്കു കൊടുക്കാതെ: "സമാധാനത്തോടെ പോകൂ, തീ കായുക", എന്നൊക്കെ അവരോടു പറയുന്നെങ്കിൽ അതുകൊണ്ട് എന്തു പ്രയോജനം? (യാക്കോബ് 2:15-16). ഇതു പറയുന്നത് അപ്പോസ്തലനായ യാക്കോബാണ്. സ്നേഹത്തിന് മൂർത്തത ആവശ്യമാണ്, സ്നേഹത്തിന് സാന്നിധ്യവും സമാഗമവും ആവശ്യമാണ്, അതിന് സമയവും സ്ഥലവും നീക്കിവയ്ക്കേണ്ടത് ആവശ്യമാണ്: സുന്ദര വാക്കുകളിലോ തിരശ്ശീലയിയലെ ചിത്രങ്ങളിലോ ഒരു നിമിഷത്തിൻറെ സ്വയം പകർത്തിയ ചിത്രങ്ങളിലോ (സെൽഫി) തിടുക്കത്തിലുള്ള സന്ദേശങ്ങളിലോ അത് ഒതുക്കാനാകില്ല. അവയൊക്കെ ഉപയോഗപ്രദമായ ഉപകരണങ്ങളാണ്, അവ സഹായകങ്ങളാണ്, പക്ഷേ, സ്നേഹത്തിന് അവ പോര, അവയെ സമൂർത്ത സാന്നിധ്യത്തിന് പകരംവയ്ക്കാനാവില്ല.
ആത്മശോധന
ഇന്ന് നമുക്ക് സ്വയം ചോദിക്കാം: ആളുകളെ ശ്രവിക്കാൻ എനിക്കറിയാമോ, അവരുടെ ന്യായമായ അഭ്യർത്ഥനകളോട് പ്രത്യുത്തരിക്കാൻ ഞാൻ സന്നദ്ധനാണോ? അതോ ഞാൻ ഒഴികഴിവുകൾ പറയുകയും കാലവിളംബംവരുത്തുകയും അമൂർത്തവും വ്യർത്ഥവുമായ വാക്കുകൾക്ക് പിന്നിൽ ഒളിച്ചിരിക്കുകയും ചെയ്യുകയാണോ? ഏകാന്തതയനുഭവിക്കുന്ന ആളെയോ ഒരു രോഗിയെയൊ കാണാൻ ഞാൻ അവസാനമായി പോയത് എപ്പോഴാണ്? - ഒരോരുത്തരും സ്വന്തം ഹൃദയത്തിൽ ഉത്തരം നൽകുക- അല്ലെങ്കിൽ, സഹായം അഭ്യർത്ഥിച്ചയാളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഞാൻ എൻറെ പരിപാടികൾ ഏറ്റവുമൊടുവിൽ മാറ്റിവച്ചത് എപ്പോഴാണ്? കരുതലിൽ ഔത്സുക്യമുള്ളവളായ മറിയം, സ്നേഹത്തിൽ സജ്ജരും സമൂർത്തരുമായിരിക്കാൻ നമ്മെ സഹായിക്കട്ടെ.
പ്രഭാഷണാനന്തരം പാപ്പാ കർത്താവിൻറെ മാലാഖയെന്നാരംഭിക്കുന്ന ത്രികാലജപം നയിക്കുകയും ആശീർവ്വാദം നല്കുകയും ചെയ്തു.
ആശീർവ്വാദാനന്തര അഭിവാദ്യങ്ങൾ - നവവിശുദ്ധ , മരിയ അന്തോണി ദെ പാസ് യി ഫിഗെറോവ
അർജന്തീന സ്വദേശിനിയും ദിവ്യരക്ഷകൻറെ പുത്രികൾ എന്ന സന്ന്യാസിനി സമൂഹത്തിൻറെ സ്ഥാപകയുമായ മരിയ അന്തോണി ദെ പാസ് യി ഫിഗെറോവയെ താൻ ഞായറാഴ്ച രവിലെ വിശുദ്ധയായി പ്രഖ്യാപിച്ചത് പാപ്പാ ആശീർവ്വാദാനന്തരം അനുസ്മരിച്ചു.
ലോക രോഗീദിനം
അനുവർഷം ഫെബ്രുവരി 11-ന് ലൂർദ്ദ്നാഥയുടെ തിരുന്നാളും ലോകരോഗീദിനവും ആചരിക്കുന്നതിനെക്കുറിച്ചു പരമാർശിച്ച പാപ്പാ ഇക്കൊല്ലം ഈ ആചരണം രോഗാവസ്ഥയിലുള്ള ബന്ധങ്ങളുടെ പ്രാധാന്യത്തിലേക്ക് വെളിച്ചം വീശുന്നുവെന്ന് പറഞ്ഞു. നാം രോഗികളായിരിക്കുമ്പോൾ നമുക്ക് ആദ്യം വേണ്ടത് പ്രിയപ്പെട്ടവരുടെയും ആരോഗ്യ പ്രവർത്തകരുടെയും സാമീപ്യവും, ഹൃദയത്തിൽ, ദൈവത്തിൻറെ സാമീപ്യവുമാണെന്ന് വ്യക്തമാക്കിയ പാപ്പാ, യേശു സുവിശേഷത്തിൽ പഠിപ്പിക്കുന്നതുപോലെ, യാതനകളനുഭവിക്കുന്നവരുടെ ചാരത്തായിരിക്കാനും രോഗികളെ സന്ദർശിക്കാനും നാമെല്ലാവരും വിളിക്കപ്പെട്ടിരിക്കുന്നുവെന്ന് ഓർമ്മിപ്പിച്ചു. അതുകൊണ്ടാണ് ഇന്ന് എല്ലാ രോഗികളോടും കൂടുതൽ ദുർബ്ബലരായ ആളുകളോടും തൻറെയും ആകമാനസഭയുടെയും സാമീപ്യം പ്രകടിപ്പിക്കാൻ താൻ ആഗ്രഹിക്കുന്നതെന്നും ദൈവത്തിൻറെ ശൈലി അടുപ്പം, അനുകമ്പ, ആർദ്രത എന്നിവയാണെന്ന് മറക്കരുതെന്നും പാപ്പാ പറഞ്ഞു. ചികിത്സയ്ക്കുള്ള അവകാശവും, അങ്ങനെ, ജീവനുള്ള അവകാശവും നിഷേധിക്കപ്പെടുന്ന ധാരാളം ആളുകൾ ഇന്ന് ഉണ്ടെന്ന വസ്തുതയ്ക്കു മുന്നിൽ നാം മൗനംപാലിക്കരുതെന്ന് പാപ്പാ ഓർമ്മപ്പെടുത്തി. കൊടും ദാരിദ്ര്യത്തിൽ കഴിയുന്നവരെക്കുറിച്ചും യുദ്ധവേദികളെക്കുറിച്ചും താൻ ചിന്തിക്കുന്നുവെന്നു പാപ്പാ വെളിപ്പെടുത്തി. യുദ്ധം നടക്കുന്നിടങ്ങളിൽ അനുദിനം അടിസ്ഥാന മനുഷ്യാവകാശങ്ങൾ ലംഘിക്കപ്പെടുന്നുവെന്നത് അസഹനീയമാണെന്നു പറഞ്ഞ പാപ്പാ പീഡിത ഉക്രൈയിനിനും പലസ്തീനിനും ഇസ്രായേലിനും മ്യാൻമറിനും അതുപോലെതന്നെ യുദ്ധത്താൽ പീഡിതരായ എല്ലാ ജനങ്ങൾക്കും വേണ്ടി പ്രാർത്ഥിക്കാൻ എല്ലാവരെയും ക്ഷണിച്ചു.
സമാപനാഭിവാദ്യം
ചത്വരത്തിൽ സന്നിഹിതരായിരുന്ന, ഇറ്റലിക്കാരും ലോകത്തിൻറെ ഇതര ഭാഗങ്ങളിൽ നിന്ന് എത്തിയിരുന്നവരുമായ തീർത്ഥാടകർക്കും സന്ദർശകർക്കും ത്രികാലപ്രാർത്ഥനാപരിപാടിയുടെ അവസാനം അഭിവാദ്യമർപ്പിച്ച പാപ്പാ, എല്ലാവർക്കും നല്ലൊരു ഞായർ ആശംസിക്കുകയും തനിക്കു വേണ്ടി പ്രാർത്ഥിക്കാൻ മറക്കരുതെന്ന പതിവ് അഭ്യർത്ഥന നവീകരിക്കുകയും ചെയ്തു. തുടർന്ന് പാപ്പാ സകലർക്കും നല്ല ഒരു ഉച്ചവിരുന്ന് നേരുകയും വീണ്ടും കാണാമെന്നു പറയുകയും ചെയ്തുകൊണ്ട് ജാലകത്തിങ്കൽ നിന്നു പിൻവാങ്ങി.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: