തിരയുക

യേശുവിൻറെ വെളിച്ചത്തിൽ നിന്ന് ഒരിക്കലും കണ്ണെടുക്കരുത്, പാപ്പാ!

ഫ്രാൻസീസ് പാപ്പായുടെ ത്രികാലജപ സന്ദേശം: യേശുവിൻറെ രൂപാന്തരീകരണം. സ്നേഹവും അനന്തജീവനുമായ ഈശോയുടെ വെളിച്ചത്തിലേക്ക് നാം നമ്മെത്തന്നെ തുറന്നിടണം. കണ്ടുമുട്ടുന്ന എല്ലാ സഹോദരീ സഹോദരന്മാരിലും പ്രതിഫലിക്കുന്ന യേശുവിൻറെ വെളിച്ചത്തിൻറെ ഓരോ ചെറിയ കിരണവും നാം തിരയണം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

റോമാപുരി അർക്കാംശുക്കളാൽ കുളിച്ചു നിന്ന ഈ ഞായറാഴ്‌ച (25/02/24)  ഫ്രാൻസീസ് പാപ്പാ, വത്തിക്കാനിൽ, ഞാറാഴ്ചകളിലെ പതിവനുസരിച്ച്, പൊതുവായ മദ്ധ്യാഹ്നപ്രാർത്ഥന നയിച്ചു. പ്രാർത്ഥനയിൽ പങ്കുകൊള്ളുന്നതിന്, വിവിധരാജ്യക്കാരായിരുന്ന ഇരുപതിനായിരത്തോളം വിശ്വാസികൾ വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ അങ്കണത്തിലും പരിസരത്തുമായി സന്നിഹിതരായിരുന്നു. പാപ്പാ ത്രികാലജപം നയിക്കുന്നതിന് പതിവുജാലകത്തിങ്കൽ പ്രത്യക്ഷപ്പെട്ടപ്പോൾ ജനസഞ്ചയത്തിൻറെ കരഘോഷവും ആനന്ദാരവങ്ങളും ഉയർന്നു. റോമിലെ സമയം ഉച്ചയ്ക്ക് 12 മണിക്ക്, ഇന്ത്യയിലെ സമയം, ഇന്ത്യയും ഇറ്റലിയും തമ്മിൽ ഇപ്പോഴുള്ള സമയവിത്യാസമനുസരിച്ച്, വൈകുന്നേരം 4,30-ന്,  “കർത്താവിൻറെ മാലാഖ” എന്നാരംഭിക്കുന്ന മദ്ധ്യാഹ്ന പ്രാർത്ഥന നയിക്കുന്നതിനു മുമ്പ് പാപ്പാ നടത്തിയ വിചിന്തനത്തിന് ആധാരം, ലത്തീൻറീത്തിൻറെ ആരാധനാക്രമനുസരിച്ച്, ഈ ഞായാറാഴ്ച (25/02/24) ദിവ്യബലി മദ്ധ്യേ വായിക്കപ്പെട്ട ദൈവവചന ഭാഗങ്ങളിൽ, മർക്കോസിൻറെ സുവിശേഷം ഒമ്പതാം അദ്ധ്യായം, 2-10 വരെയുള്ള വാക്യങ്ങൾ (മർക്കോസ് 9,2-10) അതായത്, യേശു മലമുകളിൽ വച്ച് രൂപാന്തരപ്പെടുന്ന സംഭവം വിവരിക്കുന്ന ഭാഗം, ആയിരുന്നു. ഇറ്റാലിയൻ ഭാഷയിൽ പാപ്പാ നടത്തിയ പ്രഭാഷണത്തിൻറെ പരിഭാഷ:

യേശുവിൻറെ രൂപാന്തരീകരണം   

പ്രിയ സഹോദരീ സഹോദരന്മാരേ, ശുഭ ദിനം! 

നോമ്പുകാലത്തിലെ രണ്ടാമത്തെതായ ഈ ഞായറാഴ്ചത്തെ സുവിശേഷം നമുക്കായി അവതരിപ്പിക്കുന്നത് യേശുവിൻറെ രൂപാന്തരീകരണ സംഭവമാണ് (മർക്കോസ് 9,2-10 കാണുക). തൻറെ പീഢാസഹനത്തെക്കുറിച്ച് ശിഷ്യന്മാരെ അറിയിച്ച ശേഷം, യേശു പത്രോസിനെയും യാക്കോബിനെയും യോഹന്നാനെയും കൂട്ടി ഒരു ഉയർന്ന മലയിലേക്കു കയറുകയും അവിടെ തൻറെ സകല പ്രഭയോടുംകൂടി ശാരീരികമായിത്തന്നെ സ്വയം ആവിഷ്ക്കരിക്കുകയും ചെയ്യുന്നു. അങ്ങനെ ആ നിമിഷം വരെ അവർ ഒരുമിച്ച് അനുഭവിച്ചതിൻറെ  പൊരുൾ അവൻ അവർക്ക് വെളിപ്പെടുത്തുന്നു. ദൈവരാജ്യപ്രഘോഷണവും പാപമോചനവും രോഗശാന്തിയും പ്രവർത്തിച്ച അടയാളങ്ങളും യഥാർത്ഥത്തിൽ ഒരു ഉപരി വലിയ പ്രകാശത്തിൻറെ സ്ഫുലിംഗമായിരുന്നു: യേശുവിൻറെ വെളിച്ചം, യേശുവാകുന്ന വെളിച്ചം. ശിഷ്യന്മാർ ആ വെളിച്ചത്തിൽ നിന്ന് ഒരിക്കലും കണ്ണെടുക്കരുത്, പ്രത്യേകിച്ച്, ആസന്നമായിരിക്കുന്ന പീഢാസഹനത്തിൻറെതു പോലുള്ള പരീക്ഷണ വേളകളിൽ.                                       

യേശുവിൻറെ വെളിച്ചത്തിൽ നയനങ്ങളൂന്നുക 

ഇതാണ് സന്ദേശം: യേശുവിൻറെ വെളിച്ചത്തിൽ നിന്ന് ഒരിക്കലും കണ്ണെടുക്കരുത്. പണ്ടൊക്കെ വയൽ ഉഴുതുമറിക്കുമ്പോൾ, കർഷകർ അവരുടെ മുന്നിലുള്ള ഒരു ബിന്ദുവിൽ നോട്ടം കേന്ദ്രീകരിച്ച് നീങ്ങുകയും അങ്ങനെ, ലക്ഷ്യത്തിൽ കണ്ണുനട്ടു നീങ്ങുക വഴി  അവർ ചാലുകൾ നേരെ കീറുകയും ചെയ്തിരുന്നതുപോലെ. ജീവിതയാത്രയിൽ ക്രിസ്ത്യാനികളായ നമ്മൾ വിളിക്കപ്പെട്ടിരിക്കുന്നത് ഇതിനാണ്: യേശുവിൻറെ പ്രശോഭിത വദനം എപ്പോഴും നമ്മുടെ കൺമുമ്പിൽ സൂക്ഷിക്കുന്നതിന്, നമ്മുടെ കണ്ണുകൾ യേശുവിൽ നിന്ന് നാം ഒരിക്കലും മാറ്റരുത്.

യേശുവിൻറെ വെളിച്ചിത്തിലേക്കു സ്വയം തുറക്കുക

സഹോദരീ സഹോദരന്മാരേ, നമുക്ക് ഈശോയുടെ വെളിച്ചത്തിലേക്ക് നമ്മെത്തന്നെ തുറന്നിടാം! അവിടന്ന് സ്നേഹമാണ്, അനന്ത ജീവനാണ് അവിടന്ന് അസ്തിത്വത്തിൻറെ പാതകളിൽ, ചിലപ്പോൾ അവ ദുർഘടങ്ങളാണെങ്കിലും, കരുണയും വിശ്വസ്തതയും പ്രത്യാശയും നിറഞ്ഞ അവിടത്തെ മുഖം നമുക്കു തേടാം. പ്രാർത്ഥനയും വചനശ്രവണവും കൂദാശകളും ഇത് ചെയ്യാൻ നമ്മെ സഹായിക്കുന്നു: പ്രാർത്ഥന, വചനം കേൾക്കൽ, കൂദാശകൾ എന്നിവ നമ്മുടെ കണ്ണുകൾ യേശുവിൽ ഉറപ്പിച്ചു നിർത്താൻ സഹായിക്കുന്നു. നോമ്പുകാലത്ത് ഒരു നല്ല തീരുമാനമാണിത്: തുറന്ന നോട്ടം പരിപോഷിപ്പിക്കുക, "വെളിച്ചത്തിൻറെ അന്വേഷകരാകുക", പ്രാർത്ഥനയിലും ആളുകളിലും യേശുവിൻറെ വെളിച്ചം തേടുന്നവരാകുക.

ആത്മശോധന ഉചിതം

അതുകൊണ്ട് നമുക്ക് നമ്മോടുതന്നെ ചോദിക്കാം: എൻറെ യാത്രയിൽ, എന്നെ അനുഗമിക്കുന്ന ക്രിസ്തുവിൽ ഞാൻ എൻറെ കണ്ണുകൾ ഉറപ്പിച്ചിട്ടുണ്ടോ? ഇത് ചെയ്യുന്നതിന്, ഞാൻ നിശബ്ദതയ്ക്കും പ്രാർത്ഥനയ്ക്കും ആരാധനയ്ക്കും ഇടം നൽകുന്നുണ്ടോ? അവസാനമായി, എന്നിലും ഞാൻ കണ്ടുമുട്ടുന്ന എല്ലാ സഹോദരീ സഹോദരന്മാരിലും പ്രതിഫലിക്കുന്ന യേശുവിൻറെ വെളിച്ചത്തിൻറെ ഓരോ ചെറിയ കിരണവും ഞാൻ തിരയുന്നുണ്ടോ? ഇതിന് കർത്താവിന് നന്ദി പറയാൻ ഞാൻ ഓർക്കുന്നുണ്ടോ? ദൈവത്തിൻറെ വെളിച്ചത്താൽ വിളങ്ങുന്ന മറിയം, നമ്മുടെ ദൃഷ്ടി യേശുവിൽ ഉറപ്പിച്ചുനിർത്താനും വിശ്വാസത്തോടെയും സ്നേഹത്തോടെയും പരസ്പരം നോക്കാനും നമ്മെ സഹായിക്കട്ടെ.   

പ്രഭാഷണത്തെ തുടർന്ന് പാപ്പാ കർത്താവിൻറെ മാലാഖയെന്നാരംഭിക്കുന്ന ത്രികാലജപം നയിക്കുകയും ആശീർവ്വാദം നല്കുകയും ചെയ്തു. 

ആശീർവ്വാദാനന്തര അഭിവാദ്യങ്ങൾ- ഉക്രൈയിനിൽ റഷ്യ നടത്തുന്ന സായുധാക്രമണത്തിൻറെ രണ്ടാം വാർഷികം

ഉക്രൈയിൻ യുദ്ധം ആരംഭിച്ചിട്ട് ഫെബ്രുവരി 24-ന് രണ്ടു വർഷം പിന്നിടുന്ന വേദനജനകമായ വാർഷികത്തെക്കുറിച്ച് പാപ്പാ ത്രികാലപ്രാർത്ഥനാനന്തരം പരാമർശിച്ചു.അതിഭീകരമാംവിധം നീണ്ടുപോവുകയും അന്ത്യം ഇനിയും കാണാൻ കഴിയാതിരിക്കുകയും ചെയ്യുന്ന കാലഘട്ടത്തിൽ ഉണ്ടായിട്ടുള്ള ഇരകളും  മുറിവുകളും നാശങ്ങനഷ്ടങ്ങളും സഹനങ്ങളും കണ്ണീരും നിരവധിയാണെന്ന് പാപ്പാ അനുസ്മരിച്ചു. യൂറോപ്പിലെ ആ പ്രദേശത്തെ നശിപ്പിച്ചുകൊണ്ടിരിക്കുക മാത്രമല്ല, ഭയത്തിൻറെയും വിദ്വേഷത്തിൻറെയും ആഗോള തരംഗം അഴിച്ചുവിടുകയും ചെയ്യുന്ന ഒരു യുദ്ധമാണിതെന്ന് പാപ്പാ പറഞ്ഞു. പീഡിതരായ ഉക്രേനിയൻ ജനതയോടുള്ള തൻറെ അഗാധമായ വാത്സല്യം നവീകരിച്ച പാപ്പാ എല്ലാവർക്കും വേണ്ടി, പ്രത്യേകിച്ച് നിരപരാധികളായ അസംഖ്യം ഇരകൾക്കുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു. നീതിപൂർവ്വകവും നീണ്ടുനില്ക്കുന്നതുമായ ഒരു സമാധാനം തേടുന്നതിനുപയുക്തമായ നയതന്ത്രപരമായ പരിഹാരത്തിനുള്ള സാഹചര്യങ്ങൾ സൃഷ്ടിക്കാൻ  അനുവദിക്കുന്ന മനുഷ്യത്വത്തിൻറെ ഒരംശം കണ്ടെത്താൻ പാപ്പാ അഭ്യർത്ഥിക്കുകയും ചെയ്തു. പലസ്തീനിനും ഇസ്രായേലിനും യുദ്ധം തകർത്തിരിക്കുന്ന നിരവധി ജനതകൾക്കും വേണ്ടി പ്രാർത്ഥിക്കാനും കഷ്ടപ്പെടുന്നവരെ സമൂർത്തമായി സഹായിക്കാനും നാം മറക്കരുതെന്ന് പാപ്പാ പറഞ്ഞു. നിരവധിയായ സഹനങ്ങളെക്കുറിച്ചും, മുറിവേറ്റവരും നിരപരാധികളുമായ കുട്ടികളെക്കുറിച്ചും  ചിന്തിക്കാൻ പാപ്പാ എല്ലാവരെയും ക്ഷണിച്ചു.

കോംഗൊയിലെ സംഘർഷാവസ്ഥ

പ്രജാധിപത്യ റിപ്പബ്ലിക്കായ കോംഗോയുടെ കിഴക്കൻ ഭാഗത്ത് അക്രമം വർദ്ധമാനമായിക്കൊണ്ടിരിക്കുന്നതിലുള്ള തൻറെ ആശങ്കയും പാപ്പാ വെളിപ്പെടുത്തി. സമാധാനത്തിനായി പ്രാർത്ഥിക്കാനുള്ള പ്രാദേശിക മെത്രാന്മാരുടെ ക്ഷണത്തോട് താനും ഒന്നുചേരുന്നുവെന്നു പറഞ്ഞ പാപ്പാ, സംഘർഷങ്ങൾക്ക് അവസാനവും ആത്മാർത്ഥവും ക്രിയാത്മകവുമായ സംഭാഷണത്തിനുള്ള അന്വേഷണവും ഉണ്ടാകുമെന്ന പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു.

നൈജീരിയായിലെ തട്ടിക്കൊണ്ടുപോകലുകൾ

നൈജീരിയയിൽ തട്ടിക്കൊണ്ടുപോകൽ സംഭവങ്ങൾ വർദ്ധമാനമായിക്കൊണ്ടിരിക്കുന്നതിൽ പാപ്പാ തൻറെ ആശങ്ക പ്രകടിപ്പിച്ചു. അന്നാട്ടിലെ ജനങ്ങളോടുള്ള തൻറെ  പ്രാർത്ഥനാസാമീപ്യം പാപ്പാ അറിയിക്കുകയും ചെയ്തു. തട്ടിക്കൊണ്ടുപോകൽ സംഭവങ്ങളുടെ വ്യാപനം എത്രയും വേഗം തടയുന്നതിനു വേണ്ട പരിശ്രമങ്ങൾ ഉണ്ടാകുമെന്ന തൻറെ പ്രതീക്ഷയും പാപ്പാ പ്രകടിപ്പിച്ചു.

കൊടും തണുപ്പിൻറെ പിടിയിലമർന്ന മംഗോളിയൻ ജനത

മംഗോളിയയിൽ ഉണ്ടായിരിക്കുന്ന അതിശൈത്യം അന്നാട്ടിൽ ജനജീവിതത്തിന് കനത്ത പ്രഹരമേൽപ്പിച്ചിരിക്കുന്നത് പാപ്പാ അനുസ്മരിച്ചു. തീവ്രമായ തണുപ്പ് തരംഗത്തിൻറെ ആഘാതം അനുഭവിക്കുന്ന മംഗോളിയയിലെ ജനങ്ങളിടെ ചാരെ താനുണ്ടെന്ന് പാപ്പാ അറിയിച്ചു. ഈ കടുത്ത പ്രതിഭാസം കാലാവസ്ഥാ വ്യതിയാനത്തിൻറെയും അതിൻറെ പ്രത്യാഘാതങ്ങളുടെയും സൂചന കൂടിയാണെന്നും പാപ്പാ പറഞ്ഞു. കാലാവസ്ഥ പ്രതിസന്ധി ഒരു ആഗോള സാമൂഹിക പ്രശ്നമാണെന്നും അത് അനേകം സഹോദരീസഹോദരന്മാരുടെ, വിശിഷ്യ, ഏറ്റവും ദുർബ്ബലരുടെ, ജീവിതത്തിൽ ആഴത്തിൽ ബാധിക്കുന്നുവെന്നും പാപ്പാ കൂട്ടിച്ചേർത്തു. സൃഷ്ടിയുടെ പരിപാലനത്തിന് സംഭാവന നൽകുന്നതിന് വിവേകപൂർണ്ണവും ധീരവുമായ തിരഞ്ഞെടുപ്പുകൾ നടത്താൻ കഴിയുന്നതിനായി പ്രാർത്ഥിക്കാൻ പാപ്പാ എല്ലാവരെയും ക്ഷണിക്കുകയും ചെയ്തു..

സമാപനാഭിവാദ്യം

ചത്വരത്തിൽ സന്നിഹിതരായിരുന്ന, ഇറ്റലിക്കാരും ലോകത്തിൻറെ ഇതര ഭാഗങ്ങളിൽ നിന്ന് എത്തിയിരുന്നവരുമായ തീർത്ഥാടകർക്കും സന്ദർശകർക്കും ത്രികാലപ്രാർത്ഥനാപരിപാടിയുടെ അവസാനം അഭിവാദ്യമർപ്പിച്ച പാപ്പാ, എല്ലാവർക്കും നല്ലൊരു ഞായർ ആശംസിക്കുകയും തനിക്കു വേണ്ടി  പ്രാർത്ഥിക്കാൻ മറക്കരുതെന്ന പതിവ് അഭ്യർത്ഥന നവീകരിക്കുകയും ചെയ്തു. തുടർന്ന് പാപ്പാ സകലർക്കും നല്ല ഒരു ഉച്ചവിരുന്ന് നേരുകയും വീണ്ടും കാണാമെന്നു പറയുകയും ചെയ്തുകൊണ്ട് ജാലകത്തിങ്കൽ നിന്നു പിൻവാങ്ങി.

                              

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

26 February 2024, 11:02

ത്രികാലപ്രാര്‍ത്ഥന - ദിവസത്തിൽ മൂന്നു പ്രാവശ്യം ജപിക്കുന്ന സഭയുടെ ഔദ്യോഗിക പ്രാർത്ഥനയാണിത്. സനാതനമായ രക്ഷാകര രഹ്യമാണ് ഇതിന്‍റെ ഉള്ളടക്കം. രാവിലെ
6 മണിക്കും, മദ്ധ്യാഹ്നം 12 മണിക്കും, വൈകുന്നേരം 6 മണിക്കും ദേവാലയമണി മുഴങ്ങുമ്പോഴാണ് ഇത് ഉരുവിടുന്നത്.  

കര്‍ത്താവിന്‍റെ മാലാഖ... എന്നു തുടങ്ങുന്ന ത്രികാലജപം സാധാരണകാലങ്ങളില്‍ ചൊല്ലുമ്പോള്‍ പെസഹാക്കാലത്ത് സ്വര്‍ല്ലോക രാജ്ഞിയേ... എന്ന പ്രാര്‍ത്ഥനയുമാണ് ചൊല്ലുന്നത്. പ്രാര്‍ത്ഥനയുടെ ഇടയ്ക്ക് ചൊല്ലുന്ന നന്മനിറഞ്ഞ മറിയമേ, എന്ന ജപം ക്രിസ്തുവിന്‍റെ രക്ഷാകര ചരിത്രത്തില്‍ മറിയത്തിനുള്ള പങ്ക് വിളിച്ചോതുന്നു. ത്രിത്വസ്തുതിയോടെയാണ് ത്രികാലപ്രാര്‍ത്ഥന അവസാനിക്കുന്നത്.


പൊതുവെ എല്ലാ ഞായറാഴ്ചകളിലും സവിശേഷദിനങ്ങളിലും മദ്ധ്യാഹ്നത്തിലാണ് “ആഞ്ചെലൂസ്…” എന്ന ശീര്‍ഷകത്തില്‍ പാപ്പായുടെ സാന്നിദ്ധ്യത്തില്‍ ത്രികാലപ്രാ‍ര്‍ത്ഥന നടത്തപ്പെടുന്നത്. ഞായറാഴ്ചകളില്‍ മദ്ധ്യാഹ്നം കൃത്യം 12 മണിക്ക് വത്തിക്കാനിലെ അപ്പസ്തോലിക അരമനയുടെ മൂന്നാംനിലയുടെ രണ്ടാം ജാലകത്തില്‍ പ്രത്യക്ഷപ്പെട്ട്, താഴെ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ സമ്മേളിച്ചിരിക്കുന്ന തീര്‍ത്ഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കുമൊപ്പം പാപ്പാ ത്രികാലപ്രാര്‍ത്ഥന ചൊല്ലുന്ന പതിവിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്.

ഏറ്റവും ഒടുവിലത്തെ ത്രികാലപ്രാര്‍ത്ഥന

വായിച്ചു മനസ്സിലാക്കാന്‍ >