ഉപേക്ഷ: വിശുദ്ധരെപ്പോലും വെറുതെ വിടാത്ത ഒരു യുദ്ധം, പാപ്പാ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ഈ ബുധനാഴ്ച (14/02/24) ഫ്രാൻസീസ് പാപ്പാ, പതിവുപോലെ, വത്തിക്കാനിൽ പ്രതിവാര പൊതുദർശനം അനുവദിച്ചു. ഇതിൽ പങ്കുകൊള്ളുന്നതിന് വിവിധരാജ്യക്കാരായിരുന്ന ആയിരക്കണക്കിന് സന്ദർശകരും തീർത്ഥാടകരും എത്തിയിരുന്നു. വിശുദ്ധ പത്രോസിൻറെ ബസിലിക്കയ്ക്കടുത്തുള്ള പോൾ ആറാമൻ ശാലയായിരുന്നു കൂടിക്കാഴ്ചാ വേദി. ഊന്നുവടിയുടെ സഹായത്തോടെ സാവധാനം നടന്ന് ശാലയിൽ എത്തിയ പാപ്പായ്ക്ക് അവിടെ സന്നിഹിതരായിരുന്നവർ ബഹുമാനാർത്ഥം എഴുന്നേറ്റു നിന്ന് കരഘോഷത്തോടും ആരവങ്ങളോടുംകൂടെ അഭിവാദ്യമർപ്പിച്ചു. വേദിമദ്ധ്യത്തിലെത്തിയ പാപ്പാ റോമിലെ സമയം രാവിലെ 9.00 മണിയോടെ, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 1.30-ന്, ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിച്ചു. തുടർന്ന് വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗ പാരായണമായിരുന്നു.
"അനന്തരം യേശു അവരോടൊത്ത് ഗത്സേമിനി എന്ന സ്ഥലത്തെത്തി. അവൻ ശിഷ്യന്മാരോടു പറഞ്ഞു: *ഞാൻ പോയി പ്രാർത്ഥിക്കുവോളം നിങ്ങൾ ഇവിടെ ഇരിക്കുക..... അനന്തരം അവൻ ശിഷ്യന്മാരുടെ അടുത്തേക്കുവന്നു. അപ്പോൾ അവർ ഉറങ്ങുന്നതു കണ്ടു. അവൻ പത്രോസിനോടു ചോദിച്ചു: എന്നോടുകൂടെ ഒരു മണിക്കൂർ ഉണർന്നിരിക്കാൻ നിങ്ങൾക്കു കഴിഞ്ഞില്ലേ? പ്രലോഭനത്തിൽ അകപ്പെടാതിരിക്കാൻ ഉണർന്നിരുന്നു പ്രാർത്ഥിക്കുവിൻ; ആത്മാവു സന്നദ്ധമെങ്കിലും ശരീരം ബലഹീനമാണ്.” മത്തായി 26,36.40-41
ഈ വായനയ്ക്കു ശേഷം പാപ്പാ, ദുർഗ്ഗുണങ്ങളെയും സൽഗുണങ്ങളെയും അധികരിച്ചുള്ള പ്രബോധനപരമ്പര തുടർന്നു. മാരകപാപമായ അലസതയായിരുന്നു പരിചിന്തനം വിഷയം. പാപ്പാ ഇറ്റാലിൻ ഭാഷയിൽ നടത്തിയ പ്രഭാഷണം :
അലസത
പ്രിയ സഹോദരീ സഹോദരന്മാരേ, ശുഭദിനം!
മാരക പാപങ്ങളിൽ പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകുന്ന ഒന്നുണ്ട്, അതിനെക്കുറിച്ച് സംസാരിക്കാറില്ല, ഒരുപക്ഷേ പലർക്കും അത്ര മനസ്സിലാക്കാൻ കഴിയാത്ത അതിൻറെ പേരു നമിത്തമായിരിക്കാം അങ്ങനെ സംഭവിക്കുന്നത്. അത് ഉപേക്ഷയാണ്. ഇക്കാരണത്താൽ ദുർഗ്ഗുണങ്ങളുടെ പട്ടികയിൽ ഉപേക്ഷ എന്ന പദത്തിന് പകരം സാധാരണയായി ഉപയോഗിക്കുന്ന മറ്റൊരു വാക്കുണ്ട്: അലസത. വാസ്തവത്തിൽ, അലസത ഒരു കാരണത്തേക്കാൾ ഒരു ഫലമാണ്. ഒരു വ്യക്തി നിഷ്ക്രിയനായിരിക്കുമ്പോൾ, നിസ്സംഗനായി, നിരുത്സാഹിയായി ഇരിക്കുമ്പോൾ, അവൻ മടിയനാണെന്ന് നാം പറയുന്നു. പക്ഷേ, മരുഭൂമിയിലെ പൂർവ്വപിതാക്കന്മാരുടെ ജ്ഞാനം പഠിപ്പിക്കുന്നതുപോലെ, പലപ്പോഴും ഈ അലസതയുടെ വേര് ഉപേക്ഷയാണ് (acedia). “പരിപാലനത്തിൻറെ അഭാവം” എന്ന വാച്യാർത്ഥമുള്ള ഗ്രീക്കു പദമാണ് ഇതിൻറെ മൂലം. ഇത് ഒരു ദുർഗ്ഗുണമാണ്.
അപകടകരമായ പ്രലോഭനം
ഇത് വളരെ അപകടകരമായ പ്രലോഭനമാണ്. അതിന് ഇരയാകുന്നവൻ മരണമോഹത്താൽ ഞെരിക്കപ്പെടുന്നതുപോലെയാണ്: അയാൾക്ക് എല്ലാത്തിനോടും വെറുപ്പ് തോന്നുന്നു; ദൈവവുമായുള്ള ബന്ധം അവനു വിരസമാകുന്നു; മുമ്പ് അവൻറെ ഹൃദയത്തിന് ഊഷ്മളതയേകിയ ഏറ്റവും പവിത്രമായ പ്രവൃത്തികൾ പോലും ഇപ്പോൾ അവന് പൂർണ്ണമായും പ്രയോജനരഹിതങ്ങളായി തോന്നുന്നു. സമയം കടന്നുപോകുന്നതിനെയും തിരിച്ചുപിടിക്കാനാവത്തവിധം പിന്നിലായിപ്പോയ യൗവനത്തെയുമോർത്ത് ഒരുവൻ ദുഃഖിക്കാൻ തുടങ്ങുന്നു.
"മദ്ധ്യാഹ്ന ഭൂതം" എന്ന് അലസത നിർവ്വചിക്കപ്പെട്ടിരിക്കുന്നു: ക്ഷീണം അതിൻറെ ഉച്ചസ്ഥായിയിൽ ആയിരിക്കുമ്പോൾ, നമുക്ക് മുന്നിലുള്ള മണിക്കൂറുകൾ ജീവിക്കാൻ പറ്റാത്തവിധം വിരസമായി കാണപ്പെടുമ്പോൾ, പകലിൻറെ മദ്ധ്യവേളയിൽ അത് നമ്മെ പിടികൂടുന്നു. ഈ പ്രലോഭനത്തെക്കുറിച്ച് സന്യാസിയായ എവാഗ്രിയസിൻറെ വിശ്രുതമായ ഒരു വിവരണമുണ്ട്. അത് ഇങ്ങനെയാണ്: "മടിയൻറെ കണ്ണ് ജനലുകളിൽ നിരന്തരം പതിഞ്ഞിരിക്കുന്നു, അവൻറെ മനസ്സിൽ അവൻ സന്ദർശകരെ ഭാവനയിൽ കാണുന്നു [...] വായിക്കുമ്പോഴാകട്ടെ, അലസൻ പലപ്പോഴും കോട്ടുവായിടുന്നു. അവനെ ഉറക്കം പെട്ടെന്ന് പിടികൂടുന്നു, അവൻ കണ്ണുകൾ തിരുമ്മുന്നു, കൈകൾ തടവുന്നു, പുസ്തകത്തിൽ നിന്ന് കണ്ണുകൾ പിൻവലിച്ച് ചുവരിലേക്ക് നോക്കുന്നു; പിന്നീട് അവൻ വീണ്ടും പുസ്തകത്തിലേക്ക് നോക്കി കുറച്ചുകൂടി വായിക്കുന്നു [...]; അവസാനം, അവൻ തല ചായ്ക്കുകയും പുസ്തകം തലയുടെ അടിയിൽ വയ്ക്കുകയും വിശപ്പ് അവനെ ഉണർത്തുകയും ആവശ്യങ്ങൾ നിറവേറ്റാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നതുവരെ മയക്കത്തിലാഴുകയും ചെയ്യുന്നു"; അവസാനമായി, "മടിയൻ ദൈവത്തിൻറെ പ്രവൃത്തി ഉത്സാഹത്തോടെ നിർവ്വഹിക്കുന്നില്ല".
അലസത, അകാല മരണത്തിനു സമാനം
മാനസികവും ദാർശനികവുമായ വീക്ഷണത്തിൽ, വിഷാദമെന്ന തിന്മയെ അനുസ്മരിപ്പിക്കുന്ന ഒരു കാര്യം അനുവാചകർ ഈ വിവരണത്തിൽ കാണുന്നു. വാസ്തവത്തിൽ, അലസത ബാധിച്ചവർക്ക്, ജീവിതത്തിൻറെ അർത്ഥം കൈമോശംവരുന്നു, പ്രാർത്ഥന വിരസമായിത്തീരുന്നു, ഓരോ പോരാട്ടവും അർത്ഥശൂന്യമായി അനുഭവപ്പെടുന്നു. യൗവനത്തിൽ നാം അഭിനിവേശങ്ങൾ ഊട്ടിവളർത്തിയിരുന്നെങ്കിലും ഇപ്പോൾ അവ നമുക്ക് യുക്തിരഹിതമായി കാണപ്പെടുന്നു, നമ്മെ സന്തോഷിപ്പിച്ചിട്ടില്ലാത്ത സ്വപ്നങ്ങളായി കാണപ്പെടുന്നു. അതുകൊണ്ട് നാം നമ്മെത്തന്നെ അലസമായി വിടുന്നു, അശ്രദ്ധയും ചിന്താശൂന്യതയും ഏക പോംവഴിയായി പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു: മരവിച്ചിരിക്കാനും പൂർണ്ണമായും ശൂന്യമായ മനസ്സുള്ളവരായിരിക്കാനും നാം ആഗ്രഹിക്കുന്നു... ഇത് അകാലത്തിൽ മരിക്കുന്നതിന് ഏതാണ്ട് തുല്യമാണ്.
വിശ്വാസത്തിൻറെ ക്ഷമ
വളരെ അപകടകരമാണെന്ന് നാം മനസ്സിലാക്കുന്ന ഈ ദുശ്ശീലത്തിനു മുന്നിൽ, ആത്മീയ ഗുരുക്കന്മാർ വിവിധങ്ങളായ പ്രതിവിധികൾ വയ്ക്കുന്നുണ്ട്. ഇവയിൽ എനിക്ക് ഏറ്റവും പ്രധാനപ്പെട്ടതായി തോന്നുന്നത് സൂചിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അതിനെ ഞാൻ “വിശ്വാസത്തിൻറെ ക്ഷമ” എന്നു വിളിക്കും. ഉപേക്ഷയുടെ പിടിയിലായിരിക്കുമ്പോഴും മനുഷ്യൻ യാഥാർത്ഥ്യത്തിൽ നിന്ന് രക്ഷപ്പെടാൻ ആഗ്രഹിക്കുന്നു. എന്നാൽ അവൻ അതിൽ ഉറച്ചുനില്ക്കാനും "ഇവിടെയും ഇപ്പോഴും", എൻറെ അവസ്ഥ എന്താണോ അതിലുമുള്ള ദൈവത്തിൻറെ സാന്നിധ്യത്തെ സ്വാഗതം ചെയ്യാനും ധൈര്യം പുലർത്തണം. തങ്ങളെ സംബന്ധിച്ചിടത്തോളം തങ്ങളുടെ അറയാണ് ജീവിതത്തിൻറെ ഏറ്റവും മികച്ച അദ്ധ്യാപകനെന്ന് സന്യാസികൾ പറയുന്നു. കാരണം, കർത്താവുമായുള്ള ഒരുവൻറെ പ്രണയകഥയെക്കുറിച്ച് വ്യക്തമായും ദിവസേനയും അവനോടു സംസാരിക്കുന്ന ഇടമാണത്. ഇവിടെയും ഇപ്പോഴുമുള്ള ഈ ലളിതമായ സന്തോഷത്തെ, യാഥാർത്ഥ്യത്തിൻറെ ഈ കൃതജ്ഞതാഭരിത വിസ്മയത്തെ നശിപ്പിക്കാൻ അലസതയുടെ ഭൂതം ആഗ്രഹിക്കുന്നു; എല്ലാം വ്യർഥമാണെന്നും ഒന്നിനും അർത്ഥമില്ലെന്നും ഒന്നിനോടും അല്ലെങ്കിൽ ആരോടും കരുതൽ വേണ്ടെന്നും നിന്നെ വിശ്വസിപ്പിക്കാൻ അത് ആഗ്രഹിക്കുന്നു. ജീവിതത്തിൽ നാം അലസരുമായി കണ്ടുമുട്ടുമെന്ന് ഓർക്കുക. ഇവനൊരു ശല്യമാണ് എന്ന് ആളുകൾ പറയും. ഇവനോടൊപ്പമായിരിക്കാൻ നമുക്ക് ഇഷ്ടമില്ല; കൂടാതെ, വിരസത നിന്നിലേക്കു സംക്രമിപ്പിക്കുന്ന ഒരു മനോഭാവം അവനുണ്ട്, ഇല്ലേ? അത് അലസതയാണ്.
യേശുവിൽ ആശ്രയവും ധൈര്യവും സ്ഥൈര്യവും
അലസതയുടെ പിടിയിലായ എത്രയോ ആളുകളാണ്, തങ്ങൾ ആരംഭിച്ച നന്മയുടെ ജീവിതം, മുഖമില്ലാത്ത അസ്വസ്ഥതയാൽ പ്രേരിതരായി, ബുദ്ധിശൂന്യമായി ഉപേക്ഷിച്ചിട്ടുള്ളത്! ഉപേക്ഷയുടേത്, എന്ത് വില കൊടുത്തും വിജയിക്കേണ്ട ഒരു നിർണ്ണായക യുദ്ധമാണ്. വിശുദ്ധരെപ്പോലും വെറുതെവിടാത്ത ഒരു യുദ്ധമാണിത്, കാരണം, സകലവും ഇരുട്ടിലാണ്ടതായി അനുഭവപ്പെട്ടിടത്ത് തങ്ങളുടെ വിശ്വാസത്തിൻറെ യഥാർത്ഥ രാത്രികൾ അവർ ജീവിച്ച ഭയാനകനിമിഷങ്ങളെക്കുറിച്ച് പരാമർശിക്കുന്ന ചില താളുകൾ അവരിൽ നിരവധിപ്പേരുടെ ദിനക്കുറിപ്പുപുസ്തകങ്ങളിൽ ഉണ്ട്. വിശ്വാസത്തിൻറെ ദാരിദ്ര്യം ഏറ്റുവാങ്ങി ക്ഷമയുടെ രാത്രി കടക്കാൻ ഈ വിശുദ്ധരും വിശുദ്ധകളും നമ്മെ പഠിപ്പിക്കുന്നു. അലസതയുടെ അടിച്ചമർത്തലുണ്ടാകുമ്പോൾ, ഒരു ചെറിയ പ്രതിബദ്ധത നിലനിർത്താനും, കൂടുതലും പ്രാപിക്കാനാവുന്ന ലക്ഷ്യങ്ങൾ പുലർത്താനും, അതേ സമയം, പ്രലോഭനവേളകളിൽ നമ്മെ ഒരിക്കലും കൈവെടിയാത്ത യേശുവിൽ ആശ്രയിച്ച് ചെറുത്തുനിൽക്കാനും, സ്ഥൈര്യം പുലർത്താനും അവർ ശുപാർശ ചെയ്യുന്നു.
ചാരത്തിനുള്ളിലെ തീക്കനൽ പോലുള്ള വിശ്വാസം
അലസതയുടെ പരീക്ഷണത്താൽ പീഡിതമായ വിശ്വാസത്തിന് അതിൻറെ മൂല്യം നഷ്ടപ്പെടുന്നില്ല. എല്ലാത്തിനുമുപരി, യഥാർത്ഥ വിശ്വാസം, ഏറ്റം മാനുഷികമായ വിശ്വാസം, അതിനെ അന്ധമാക്കുന്ന ഇരുട്ടുകൾക്കിടയിലും, ഇപ്പോഴും വിനയത്തോടെ വിശ്വാസം പുലർത്തുന്നതാണ്. ചാരത്തിനടിയിലെ തീക്കനലുകൾ എന്നതു പോലെയാണ് ഹൃദയത്തിൽ നിലനിൽക്കുന്ന ആ വിശ്വാസം. അത് എപ്പോഴും നിലനിൽക്കുന്നു. നമ്മിലാരെങ്കിലും അലസതയെന്ന ദുശ്ശീലത്തിലോ അലസതയുടെ പ്രലോഭനത്തിലോ വീണാൽ, ഉള്ളിലേക്ക് നോക്കാനും വിശ്വാസത്തിൻറെ തീക്കനൽ സൂക്ഷിക്കാനും ശ്രമിക്കുക. അങ്ങനെ നമുക്ക് മുന്നേറാം. കർത്താവ് നിങ്ങളെ അനുഗ്രഹിക്കട്ടെ.
സമാപനാഭിവാദ്യങ്ങൾ: -യുദ്ധം മൂലം കഷ്ടപ്പെടുന്നവർക്കും വിശ്വശാന്തിക്കും വേണ്ടി പ്രാർത്ഥിക്കുക
ഈ വാക്കുകളെ തുടര്‍ന്ന് പാപ്പായുടെ, ഇറ്റാലിയന്‍ ഭാഷയിലായിരുന്ന, പ്രഭാഷണത്തിന്‍റെ സംഗ്രഹം ആംഗലവും അറബിയുമുള്‍പ്പെടെ വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെടുകയും ഒരോ വായനയുടെയും അവസാനം പാപ്പാ അതതു ഭാഷാക്കാരെ ഇറ്റാലിയൻ ഭാഷയിൽ അഭിവാദ്യം ചെയ്യുകയും ചെയ്തു.
കർദ്ദിനാൾ സിമോണി
കമ്മ്യൂണിസ്റ്റ് അൽബേനിയയിലെ കാരാഗൃഹത്തിൽ, ഒരു പക്ഷേ ഏറ്റവും നിഷ്ഠൂരമെന്നു പറയാവുന്ന പീഢനങ്ങൾക്കിരായി 28 വർഷം തടവിൽ കഴിഞ്ഞ കർദ്ദിനാൾ സിമോണിയെ പാപ്പാ പ്രത്യേകം അനുസ്മരിച്ചു. 95 വയസ്സു പ്രായമുള്ള അദ്ദേഹം ഇപ്പോഴും ധീരതയോടെ സഭയ്ക്കുവേണ്ടി പ്രവർത്തിക്കുന്നുവെന്ന് പാപ്പാ പറഞ്ഞു.
നിണസാക്ഷികൾ ഇന്നും
സഭയിലെ രക്തസാക്ഷികളെക്കുറിച്ചും പരാമർശിച്ച പാപ്പാ വധിക്കപ്പെട്ട അനേകരെ അടക്കംചെയ്തിട്ടുള്ള സെമിത്തേരി വത്തിക്കാൻ സ്ഥിതിചെയ്യുന്നിടത്തുമുണ്ടെന്നും ലോകത്തിൽ ഇന്നും നിരവധി രക്തസാക്ഷികൾ ഉണ്ടാകുന്നുണ്ടെന്നും അവർ വശ്വാസത്തെ പ്രതി പീഢിപ്പിക്കപ്പെടുന്നവരാണെന്നും അനുസ്മരിച്ചു. പൊതുദർശനപരിപാടിയുടെ അവസാനം പാപ്പാ യുവതീയുവാക്കളെയും വൃദ്ധജനത്തെയും രോഗികളെയും നവദമ്പതികളെയും അഭിവാദ്യം ചെയ്തു. ഈ ബുധനാഴ്ച (14/02/24) നോമ്പുകാലം ആരംഭിക്കുന്നതിനെക്കുറിച്ചു സൂചിപ്പിച്ച പാപ്പാ ദൈവവചനശ്രവണത്തിലും ആവശ്യത്തിലിരിക്കുന്ന സഹോദരങ്ങളെ പരിപാലിക്കുന്നതിലും ആന്തരിക നവീകരണത്തിൻറെയും മാനസാന്തരത്തിൻറെയും സമയമാണിതെന്ന് ഓർമ്മിപ്പിച്ചു. യുദ്ധവേദികളായ ഉക്രൈയിനും പലസ്തീനിനും ഇസ്രായേലിനും വേണ്ടിയും ലോകസമാധാനത്തിനായും പ്രാർത്ഥിക്കാൻ പാപ്പാ എല്ലാവരെയും ക്ഷണിച്ചു. പാപ്പായുടെ ഈ വാക്കുകളെ തുടർന്ന് ലത്തീൻഭാഷയിൽ സ്വർഗ്ഗസ്ഥനായ പിതാവേ എന്ന കർത്തൃപ്രാർത്ഥന ആലപിക്കപ്പെട്ടു. അതിനു ശേഷം, പാപ്പാ, എല്ലാവർക്കും തൻറെ അപ്പൊസ്തോലികാശീർവ്വാദം നല്കി.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: