കാരുണ്യത്തിൻറെ നയനങ്ങൾ ലഭിക്കുന്നതിനായി കർത്താവിനോട് അപേക്ഷിക്കുക, പാപ്പാ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ഫ്രാൻസീസ് പാപ്പാ, ഞാറാഴ്ചകളിലെ പതിവനുസരിച്ച്, ഈ ഞായറാഴ്‌ചയും (10/03/24) വത്തിക്കാനിൽ, പൊതുവായ മദ്ധ്യാഹ്നപ്രാർത്ഥന നയിച്ചു. പ്രാർത്ഥനയിൽ പങ്കുകൊള്ളുന്നതിന്, വിവിധരാജ്യക്കാരായിരുന്ന ആയിരക്കണക്കിന് വിശ്വാസികൾ വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ അങ്കണത്തിലും പരിസരത്തുമായി സന്നിഹിതരായിരുന്നു. പാപ്പാ ത്രികാലജപം നയിക്കുന്നതിന് പതിവുജാലകത്തിങ്കൽ പ്രത്യക്ഷപ്പെട്ടപ്പോൾ ജനസഞ്ചയത്തിൻറെ കരഘോഷവും ആനന്ദാരവങ്ങളും ഉയർന്നു. റോമിലെ സമയം ഉച്ചയ്ക്ക് 12 മണിക്ക്, ഇന്ത്യയിലെ സമയം, ഇന്ത്യയും ഇറ്റലിയും തമ്മിൽ ഇപ്പോഴുള്ള സമയവിത്യാസമനുസരിച്ച്, വൈകുന്നേരം 4,30-ന്, “കർത്താവിൻറെ മാലാഖ” എന്നാരംഭിക്കുന്ന മദ്ധ്യാഹ്ന പ്രാർത്ഥന നയിക്കുന്നതിനു മുമ്പ് പാപ്പാ നടത്തിയ വിചിന്തനത്തിന് ആധാരം, ലത്തീൻറീത്തിൻറെ ആരാധനാക്രമനുസരിച്ച്, ഈ ഞായാറാഴ്ച (10/03/24) ദിവ്യബലി മദ്ധ്യേ വായിക്കപ്പെട്ട ദൈവവചന ഭാഗങ്ങളിൽ, യോഹന്നാൻറെ സുവിശേഷം മൂന്നാം അദ്ധ്യായം, 14-21 വരെയുള്ള വാക്യങ്ങൾ (യോഹന്നാൻ 3,14-21) അതായത്, തൻറെ ഏകജാതനെ നൽകാൻ തക്കവിധം അത്രമാതം ദൈവം ലോകത്തെ സ്നേഹിച്ചുവെന്നും ആരും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കുന്നതിനു വേണ്ടിയാണ് അവിടന്ന് അപ്രകാരം ചെയ്തതെന്നും യേശു യഹൂദപ്രമാണിയായ നിക്കൊദേമോസുമായുള്ള സംഭാഷണമദ്ധ്യേ വിവരിക്കുന്ന ഭാഗം, ആയിരുന്നു. ഇറ്റാലിയൻ ഭാഷയിൽ പാപ്പാ നടത്തിയ പ്രഭാഷണം:
ശിക്ഷവിധിക്കാനല്ല രക്ഷിക്കാൻ വന്ന ദൈവം
പ്രിയ സഹോദരീ സഹോദരന്മാരേ, ശുഭ ദിനം!
നോമ്പുകാലത്തിലെ ഈ നാലാമത്തെ ഞായറാഴ്ച സുവിശേഷം നമ്മുടെ മുന്നിൽ അവതരിപ്പിക്കുന്നത് "യഹൂദപ്രമാണിമാരിൽ ഒരാളായ" (യോഹന്നാൻ 3:1), പരീശനായ, നിക്കോദേമോസിനെയാണ് (യോഹന്നാൻ 3:14-21 കാണുക). യേശു പ്രവർത്തിച്ച അടയാളങ്ങൾ അവൻ കണ്ടു, ദൈവം അയച്ച ഒരു ഗുരുവിനെ അയാൾ അവിടന്നിൽ തിരിച്ചറിയുകയും ആരുടെയും കണ്ണിൽപ്പെടാതിരിക്കുന്നതിന് രാത്രിയിൽ അവിത്തെ കാണാൻ പോകുകയും ചെയ്തു. കർത്താവ് അവനെ സ്വീകരിക്കുകയും അവനുമായി സംഭാഷണത്തിലേർപ്പെടുകയും താൻ വന്നിരിക്കുന്നത് ലോകത്തെ ശിക്ഷയ്ക്കു വിധിക്കാനല്ല, മറിച്ച് രക്ഷിക്കാനാണെന്ന് അവനോട് വെളിപ്പെടുത്തുകയും ചെയ്യുന്നു (യോഹന്നാൻ 3, 17 കാണുക). നമുക്ക് ഇതിനെക്കുറിച്ചു ചിന്തിക്കാം: യേശു വന്നത് കുറ്റംവിധിക്കാനല്ല, മറിച്ച്, ലോകത്തെ രക്ഷിക്കാനാണ്. ഇതു സുന്ദരമാണ്, അല്ലേ!
നമ്മുടെ ഹൃദയവിചാരങ്ങൾ അറിയുന്ന ദൈവം
പലപ്പോഴും സുവിശേഷത്തിൽ, ക്രിസ്തു താൻ കണ്ടുമുട്ടുന്ന ആളുകളുടെ ഉദ്ദേശ്യങ്ങൾ വെളിപ്പെടുത്തുന്നതും ചിലപ്പോൾ പരീശന്മാരോടു ചെയ്തതുപോലെ (മത്തായി 23,27-32 കാണുക) അവരുടെ കപട മനോഭാവങ്ങൾ അനാവരണം ചെയ്യുന്നതും അല്ലെങ്കിൽ സമറിയയാക്കാരിയോടു ചെയ്തതു പോലെ അവരുടെ ക്രമരഹിത ജീവിതത്തെക്കുറിച്ച് അവരെ ചിന്തിപ്പിക്കുന്നതും നാം കാണുന്നു. (യോഹന്നാൻ 4,5-42 കാണുക). യേശുവിനു മുമ്പിൽ രഹസ്യങ്ങളില്ല: അവിടന്ന് ഹൃദയങ്ങൾ വായിക്കുന്നു, നാമോരോരുത്തരുടെയും ഹൃദയം വായിക്കുന്നു. ഈ കഴിവ് അസ്വസ്ഥജനകമാണ്, കാരണം, അത് ദുരുപയോഗം ചെയ്താൽ, അത് ആളുകളെ നിർദ്ദയ ന്യായവിധികൾക്ക് വിധേയരാക്കിക്കൊണ്ട് ദോഷകരമായി ബാധിക്കും. വാസ്തവത്തിൽ, ആരും പൂർണ്ണരല്ല, നാമെല്ലാവരും പാപികളാണ്, നമുക്കെല്ലാവർക്കും തെറ്റുകൾ പറ്റുന്നു, നമ്മെ കുറ്റം വിധിക്കാൻ കർത്താവ് നമ്മുടെ ബലഹീനതകളെക്കുറിച്ചുള്ള അവിടത്തെ അറിവ് ഉപയോഗിച്ചാൽ, ആർക്കും രക്ഷപ്പെടാൻ കഴിയില്ല.
ദൈവം നമ്മുടെ നേർക്ക് വിരൽ ചൂണ്ടുന്നില്ല
എന്നാൽ അങ്ങനെയല്ല. വാസ്തവത്തിൽ, അവിടന്ന് അത് നമുക്ക് നേരെ വിരൽ ചൂണ്ടാനല്ല, മറിച്ച് നമ്മുടെ ജീവിതത്തെ ആശ്ലേഷിക്കാനും പാപങ്ങളിൽ നിന്ന് നമ്മെ മോചിപ്പിക്കാനും നമ്മെ രക്ഷിക്കാനും ഉപയോഗപ്പെടുത്തുന്നു. നമ്മെ വിചാരണ ചെയ്യുന്നതിനോ ശിക്ഷാവിധിക്ക് വിധേയമാക്കുന്നതിനോ യേശുവിന് താൽപ്പര്യമില്ല; നമ്മിൽ ആരും നഷ്ടപ്പെട്ടുപോകരുതെന്ന് അവിടന്ന് ആഗ്രഹിക്കുന്നു. നമ്മിൽ ഓരോരുത്തരുടെയും മേലുള്ള കർത്താവിൻറെ നോട്ടം നമ്മെ കണ്ണഞ്ചിപ്പിക്കുകയും ബുദ്ധിമുട്ടിപ്പിക്കുകയും ചെയ്യുന്ന കാഴ്ചകളയുന്നു വിളക്കുമാടമല്ല, മറിച്ച് നമ്മിലെ നന്മ കാണാനും തിന്മയെ തിരിച്ചറിയാനും അവിടത്തെ കൃപയാൽ നമ്മെ പരിവർത്തിപ്പിക്കാനും സൗഖ്യമാക്കാനും സഹായിക്കുന്ന ഹിതകരമായ വിളക്കിൻറെ മൃദു വെളിച്ചമാണ്.
അപരനെ ദ്വേഷിക്കുന്ന, കുറ്റംവിധിക്കുന്ന നമ്മൾ
യേശു വന്നത് കുറ്റം വിധിക്കാനല്ല, മറിച്ച് ലോകത്തെ രക്ഷിക്കാനാണ്. പലപ്പോഴും, നിരവധിതവണ മറ്റുള്ളവരെ കുറ്റംവിധിക്കുന്ന നമ്മെക്കുറിച്ച് നമുക്ക് ചിന്തിക്കാം; നമ്മൾ ഇഷ്ടപ്പെടുന്നത് പലപ്പോഴും കുറ്റംപറയാനും മറ്റുള്ളവർക്കെതിരായ അപവാദങ്ങൾ തേടിനടക്കാനുമാണ്. നമ്മെ എല്ലാവരെയും കർത്താവ് നോക്കുന്നതുപോലെ, നാം മറ്റുള്ളവരെ നോക്കുന്നതിനായി കാരുണ്യത്തിൻറെ കണ്ണു നൽകാൻ നമുക്ക് അവിടത്തോട് അപേക്ഷിക്കാം. പരസ്‌പരം നന്മ കാംക്ഷിക്കാൻ മറിയം നമ്മെ സഹായിക്കട്ടെ.
ഈ വാക്കുകളെ തുടർന്ന് പാപ്പാ കർത്താവിൻറെ മാലാഖയെന്നാരംഭിക്കുന്ന ത്രികാലജപം നയിക്കുകയും ആശീർവ്വാദം നല്കുകയും ചെയ്തു.
ആശീർവ്വാദാനന്തര അഭിവാദ്യങ്ങൾ- വനിതാദിനം, ഹൈറ്റിയിലെ സംഘർഷാവസ്ഥ, റമദാൻ പുണ്യമാസാരംഭം, ഉക്രൈയിനിലും വിശുദ്ധനാട്ടിലും തുടരുന്ന സംഘർഷം
മഹിളകളുടെ അന്തസ്സ് സംരക്ഷിക്കുക നമ്മുടെ മൗലിക കടമ
മാർച്ച് 8-ന് അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിക്കപ്പെട്ടത് ആശീർവ്വാദാനന്തരം അനുസ്മരിച്ച പാപ്പാ എല്ലാ മഹിളകൾക്കും, വിശിഷ്യ, ഔന്നത്യം അനാദരിക്കപ്പെടുന്നവർക്ക് തൻറെ സാമീപ്യം ഉറപ്പുനല്കി. സ്ത്രീകളുടെ തുല്യ അന്തസ്സ് സമൂർത്തമായി അംഗീകരിക്കപ്പെടുന്നതിന് ഇനിയും നാമോരോരുത്തരും ഏറെ ചെയ്യാനുണ്ടെന്ന് പാപ്പാ പറഞ്ഞു. ജീവൻറെ സംവാഹകരായ സ്ത്രീകൾക്ക് ജീവൻ എന്ന ദാനം സ്വാഗതം ചെയ്യുന്നതിനും യോഗ്യമായ ഒരു അസ്തിത്വം കുഞ്ഞുങ്ങൾക്ക് ഉറപ്പുനല്കുന്നതിനും ആവശ്യമായ സാഹചര്യങ്ങൾ പ്രദാനം ചെയ്തുകൊണ്ട് ഓരോ മനുഷ്യവ്യക്തിയുടെയും അന്തസ്സ് സംരക്ഷിക്കാനും പരിപോഷിപ്പിക്കാനുമുള്ള മൗലികമായ കടമ സാമൂഹിക-രാഷ്ട്രീയ സ്ഥാപനങ്ങൾക്കുണ്ടെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.
ഹൈറ്റിക്കായി പ്രാർത്ഥിക്കുക
ഹൈറ്റിയെ ആഘാതമേൽപ്പിക്കുന്ന ഗുരുതരമായ പ്രതിസന്ധിയിലും അടുത്ത ദിവസങ്ങളിൽ അവിടെ ഉണ്ടായ അക്രമ സംഭവങ്ങളിലും തനിക്കുള്ള ആശങ്കയും വേദനയും പാപ്പാ വെളപ്പെടുത്തി. ഹൈറ്റിയിലെ സഭയോടും വർഷങ്ങളായി വളരെയധികം കഷ്ടപ്പാടുകൾ അനുഭവിക്കുന്ന അന്നാട്ടുകാരായ പ്രിയപ്പെട്ട ജനതയോടുമുള്ള തൻറെ സാമീപ്യം അറിയിച്ച പാപ്പാ എല്ലാത്തരം അക്രമങ്ങളും അവസാനിക്കുന്നതിനും അന്താരാഷ്ട്ര സമൂഹത്തിൻറെ നവീകൃത പിന്തുണയോടെ രാജ്യത്ത് സമാധാനവും അനുരഞ്ജനവും സംവർദ്ധകമാകുന്നതിന് എല്ലാവരും സംഭാവനയേകുന്നതിനും വേണ്ടി, നിത്യസഹായ മാതാവിൻറെ മാദ്ധ്യസ്ഥ്യം തേടാൻ എല്ലാവരെയും ക്ഷണിച്ചു.
റമദാൻ
ഈ മാർച്ച് 10-ന് വെകുന്നേരം മുസ്ലീം സഹോദരങ്ങൾ റമദാൻ പുണ്യമാസം ആരംഭിക്കുന്നത് അനുസ്മരിച്ച പാപ്പാ അവർക്കെല്ലാവർക്കും തൻറെ ആദ്ധ്യാത്മിക സാമീപ്യം ഉറപ്പുനല്കി.
സമാധാനത്തിനായി പ്രാർത്ഥിക്കുക
കോംഗോ പ്രജാധിപത്യ റിപ്പബ്ലിക്കിലും പീഡിത ഉക്രൈയിനിലും വിശുദ്ധ നാട്ടിലും സമാധാനം ഉണ്ടാകുന്നതിനായി പ്രാർത്ഥിക്കാൻ പാപ്പാ എല്ലാവരോടും അഭ്യർത്ഥിച്ചു. പൗരജനത്തിനിടയിൽ മഹാസഹനങ്ങൾക്ക് കാരണമാകുന്ന ശത്രുത എത്രയും വേഗം അവസാനിക്കട്ടെയെന്ന് പാപ്പാ ആശംസിച്ചു.
സമാപനാഭിവാദ്യം
ചത്വരത്തിൽ സന്നിഹിതരായിരുന്ന, ഇറ്റലിക്കാരും ലോകത്തിൻറെ ഇതര ഭാഗങ്ങളിൽ നിന്ന് എത്തിയിരുന്നവരുമായ തീർത്ഥാടകർക്കും സന്ദർശകർക്കും ത്രികാലപ്രാർത്ഥനാപരിപാടിയുടെ അവസാനം അഭിവാദ്യമർപ്പിച്ച പാപ്പാ, എല്ലാവർക്കും നല്ലൊരു ഞായർ ആശംസിക്കുകയും തനിക്കു വേണ്ടി പ്രാർത്ഥിക്കാൻ മറക്കരുതെന്ന പതിവ് അഭ്യർത്ഥന നവീകരിക്കുകയും ചെയ്തു. തുടർന്ന് പാപ്പാ സകലർക്കും നല്ല ഒരു ഉച്ചവിരുന്ന് നേരുകയും വീണ്ടും കാണാമെന്നു പറയുകയും ചെയ്തുകൊണ്ട് ജാലകത്തിങ്കൽ നിന്നു പിൻവാങ്ങി.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: