ദാനമാകലും ക്ഷമിക്കലും കൊണ്ടു വാർത്തെടുക്കപ്പെട്ടതാണ് മഹത്വം, പാപ്പാ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ഫ്രാൻസീസ് പാപ്പാ, ഞാറാഴ്ചകളിലെ പതിവനുസരിച്ച്, ഈ ഞായറാഴ്‌ചയും (18/03/24) വത്തിക്കാനിൽ, പൊതുവായ മദ്ധ്യാഹ്നപ്രാർത്ഥന നയിച്ചു. പ്രാർത്ഥനയിൽ പങ്കുകൊള്ളുന്നതിന്, വിവിധരാജ്യക്കാരായിരുന്ന ആയിരക്കണക്കിന് വിശ്വാസികൾ വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ അങ്കണത്തിലും പരിസരത്തുമായി സന്നിഹിതരായിരുന്നു. പാപ്പാ ത്രികാലജപം നയിക്കുന്നതിന് പതിവുജാലകത്തിങ്കൽ പ്രത്യക്ഷപ്പെട്ടപ്പോൾ ജനസഞ്ചയത്തിൻറെ കരഘോഷവും ആനന്ദാരവങ്ങളും ഉയർന്നു. റോമിലെ സമയം ഉച്ചയ്ക്ക് 12 മണിക്ക്, ഇന്ത്യയിലെ സമയം, ഇന്ത്യയും ഇറ്റലിയും തമ്മിൽ ഇപ്പോഴുള്ള സമയവിത്യാസമനുസരിച്ച്, വൈകുന്നേരം 4,30-ന്, “കർത്താവിൻറെ മാലാഖ” എന്നാരംഭിക്കുന്ന മദ്ധ്യാഹ്ന പ്രാർത്ഥന നയിക്കുന്നതിനു മുമ്പ് പാപ്പാ നടത്തിയ വിചിന്തനത്തിന് ആധാരം, ലത്തീൻറീത്തിൻറെ ആരാധനാക്രമനുസരിച്ച്, ഈ ഞായാറാഴ്ച (18/03/24) ദിവ്യബലി മദ്ധ്യേ വായിക്കപ്പെട്ട ദൈവവചന ഭാഗങ്ങളിൽ, യോഹന്നാൻറെ സുവിശേഷം പന്ത്രണ്ടാം അദ്ധ്യായം, 20-3 3 വരെയുള്ള വാക്യങ്ങൾ (യോഹന്നാൻ 12,20-33) അതായത്, കുരിശുമരണത്തിലൂടെ മനുഷ്യപുത്രൻ മഹത്വപ്പെടാനുള്ള സമയം സമാഗതമായിരിക്കുന്നുവെന്നും താൻ കുരിശിൽ ഉയർത്തപ്പെടുമ്പോൾ സകലരെയും തന്നിലേക്കാകർഷിക്കുമെന്നും യേശു സൂചിപ്പിക്കുന്ന ഭാഗം, ആയിരുന്നു.
പാപ്പാ ഇറ്റാലിയൻ ഭാഷയിൽ നടത്തിയ പ്രഭാഷണത്തിൻറെ പരിഭാഷ:
കുരിശിൽ പ്രകാശിതമാകുന്ന മഹത്വം
പ്രിയ സഹോദരീ സഹോദരന്മാരേ, ശുഭ ദിനം!
നോമ്പുകാലത്തിലെ അഞ്ചാം ഞായറാഴ്ചയായ ഇന്ന്, നാം വിശുദ്ധ വാരത്തോട് അടുക്കുമ്പോൾ, യേശു, സുവിശേഷത്തിൽ, (യോഹന്നാൻ 12:20-33 കാണുക) നമ്മോട് പ്രധാനപ്പെട്ട ഒരു കാര്യം പറയുന്നു: അതായത് കുരിശിൽ നമ്മൾ അവിടത്തെയും പിതാവിൻറെയും മഹത്വം ദർശിക്കുമെന്ന് (യോഹന്നാൻ 12,23.28 കാണുക). എന്നാൽ ദൈവമഹത്വം അതിൽ, കുരിശിൽ പ്രകടമാകുന്നത് എങ്ങനെ? ഇത് സംഭവിക്കുന്നത് പുനരുത്ഥാനത്തിലാണ് അല്ലാതെ, ഒരു തോൽവിയായ തകർച്ചയായ കുരിശിലല്ല, എന്ന് ചിന്തിച്ചുപോകാം! എന്നാൽ നേരെമറിച്ച് ഇന്ന് യേശു, തൻറെ പീഢാസഹനത്തെക്കുറിച്ച് പരാമർശിച്ചുകൊണ്ട് ഇങ്ങനെ പറയുന്നു: "മനുഷ്യപുത്രൻ മഹത്വപ്പെടാനുള്ള സമയമായിരിക്കുന്നു" (യോഹന്നാൻ 12,23). അവിടന്ന് നമ്മോട് എന്താണ് പറയാൻ ആഗ്രഹിക്കുന്നത്?
ആത്മദാനമാകലാണ് മഹത്വം
ദൈവത്തെ സംബന്ധിച്ചിടത്തോളം മഹത്വം എന്നത് മാനുഷികമായ വിജയമോ പ്രശസ്തിയോ ജനപ്രീതിയോ ആയി പൊരുത്തപ്പെടുന്നില്ലെന്ന് അവിടന്ന് നമ്മോട് പറയാൻ ആഗ്രഹിക്കുന്നു: അതിന് അതിനെക്കുറിച്ചുതന്നെ പരാമർശിക്കുന്ന ഒന്നുമില്ല, അത് പൊതുജനങ്ങളുടെ കരഘോഷം നേടിയെടുക്കുന്ന മഹത്തായ ശക്തിപ്രകടനമല്ല. ദൈവത്തെ സംബന്ധിച്ചിടത്തോളം, മഹത്വം എന്നത് ജീവൻ കൊടുത്തുപോലും സ്നേഹിക്കലാണ്. സ്വന്തം മഹത്വീകരണം അവിടത്തെ സംബന്ധിച്ച്, ആത്മദാനമാകലാണ്, സ്വയം പ്രാപ്യമാക്കലാണ്, സ്വന്തം സ്നേഹാർപ്പണമാണ്. ഇത് പരമമായി കുരിശിൽ സംഭവിച്ചു, നമുക്ക് ജീവൻ പ്രദാനം ചെയ്യുകയും തന്നെ ക്രൂശിച്ചവരോട് ക്ഷമിക്കുകയും ചെയ്തുകൊണ്ട് യേശു ആ കുരിശിൽ ദൈവസ്നേഹം പരമാവധി പ്രകടിപ്പിക്കുകയും കരുണയുടെ മുഖം പൂർണ്ണമായി വെളിപ്പെടുത്തുകയും ചെയ്തു.
ദാനമാകലും പൊറുക്കലും
"ദൈവത്തിൻറെ സിംഹാസനം" ആയ കുരിശിൽ നിന്ന്, കർത്താവ് നമ്മെ പഠിപ്പിക്കുന്നത് ഒരിക്കലും അസ്തമിക്കാത്തതും സന്തോഷദായകവുമായ യഥാർത്ഥ മഹത്വം, ദാനത്താലും ക്ഷമയാലും രൂപീകൃതമാണ് എന്നാണ്. ദാനമാകലും പൊറുക്കലും ദൈവമഹത്വത്തിൻറെ സത്തയാണ്. അവയാണ് നമ്മുടെ ജീവിതപാത. ദാനവും ക്ഷമയും: മഹത്വം എന്നത് കൊടുക്കുന്നതിനുപകരം സ്വീകരിക്കാനുള്ള ഒന്നായി നാം കരുതുന്നു; നല്കുന്നതിനു പകരം കൈവശപ്പെടുത്താനുള്ള ഒന്നായി നാം കാണുന്നു. എന്നാൽ, നമ്മിലും, നമുക്ക് ചുറ്റും, കാണുന്നതിൽ നിന്ന് വളരെ വ്യത്യസ്തമായ മാനദണ്ഡങ്ങൾ ആണ് അവ; ഇല്ല, ലൗകിക മഹത്വം കടന്നുപോകുന്നു, അത് ഹൃദയത്തിൽ ആനന്ദം അവശേഷിപ്പിക്കില്ല; എല്ലാവരുടെയും നന്മയിലേക്കല്ല, പ്രത്യുത, ഭിന്നിപ്പിലേക്കും വിയോജിപ്പിലേക്കും അസൂയയിലേക്കുമാണ് അത് നയിക്കുക.
ആത്മശോധന
ആകയാൽ നമുക്ക് സ്വയം ചോദിക്കാം: എനിക്കായി, എൻറെ ജീവിതത്തിനായി, എൻറെ ഭാവിക്കായി ഞാൻ അഭിലഷിക്കുന്ന മഹത്വം എന്താണ്? എൻറെ വൈദഗ്ദ്ധ്യം, എൻറെ കഴിവുകൾ അല്ലെങ്കിൽ എൻറെ ഉടമസ്ഥതയിലുള്ള വസ്തുക്കൾ എന്നിവയാൽ മറ്റുള്ളവരിൽ മതിപ്പുളവാക്കലാണോ? അതോ ദാനത്തിൻറെയും പൊറുക്കലിൻറെയും വഴി, ക്രൂശിതനായ യേശുവിൻറെ പാത, ഇത് ലോകത്തിൽ ദൈവത്തിന് സാക്ഷ്യം വഹിക്കുകയും ജീവിതത്തിൻറെ സൗന്ദര്യം പ്രകാശിപ്പിക്കുകയും ചെയ്യുമെന്ന ആത്മവിശ്വാസത്തോടെ സ്നേഹിക്കുന്നതിൽ ഒരിക്കലും തളരാത്തവൻറെ വഴിയാണോ? എനിക്ക് വേണ്ടത് ഏത് മഹത്വമാണ്? വാസ്തവത്തിൽ, നാം കൊടുക്കുകയും ക്ഷമിക്കുകയും ചെയ്യുമ്പോൾ, ദൈവത്തിൻറെ മഹത്വം നമ്മിൽ പ്രകാശിക്കുന്നു എന്ന് നമുക്ക് ഓർക്കാം. കൃത്യമായി അതിലാണ്: അതായത്, നാം കൊടുക്കുകയും ക്ഷമിക്കുകയും ചെയ്യുന്നതിലാണ്. യേശുവിനെ, അവിടത്തെ പീഡാനുഭവ വേളയിൽ വിശ്വസ്തതയോടെ അനുഗമിച്ച കന്യകാമറിയം, യേശുവിൻറെ സ്നേഹത്തിൻറെ ജീവിക്കുന്ന പ്രതിഫലനങ്ങളാകാൻ നമ്മെ സഹായിക്കട്ടെ.
ഈ വാക്കുകളെ തുടർന്ന് പാപ്പാ കർത്താവിൻറെ മാലാഖയെന്നാരംഭിക്കുന്ന ത്രികാലജപം നയിക്കുകയും ആശീർവ്വാദം നല്കുകയും ചെയ്തു.
ആശീർവ്വാദാനന്തര അഭിവാദ്യങ്ങൾ- ഹൈറ്റിയിൽ തട്ടിക്കൊണ്ടുപോകപ്പെട്ടവരുടെ മോചനം
ഹൈറ്റിൽ, ഇക്കഴിഞ്ഞ ഫെബ്രുവരി 23-ന്, തട്ടിക്കൊണ്ടുപോകപ്പെട്ട ഒരു അദ്ധ്യാപകനെയും തിരുഹൃദയത്തിൻറെ സഹോദരർ എന്ന സന്ന്യസ്തസമൂഹത്തിലെ 6 പേരിൽ നാലുപേരെയും ബന്ദികർത്താക്കൾ വിട്ടയച്ചതിൽ തനിക്കുള്ള ആശ്വാസം ആശീർവ്വാദനാനന്തരം പാപ്പാ പ്രകടിപ്പിച്ചു. ഏറെ അതിക്രമങ്ങളാൽ പീഡിതമായ അന്നാട്ടിൽ തട്ടിക്കൊണ്ടുപോകപ്പെട്ടിരിക്കുന്ന ഇതര രണ്ടു സന്ന്യസ്തരെയും മറ്റുള്ളവരെയും എത്രയും വേഗം വിട്ടയക്കണമെന്ന് പാപ്പാ അഭ്യർത്ഥിക്കുകയും ചെയ്തു. സ്ഥാപിതതാല്പര്യങ്ങൾ വെടിയാനും പൗരന്മാർക്കിടയിൽ ക്രമവും സമാധാനവും തിരികെ കൊണ്ടുവരാൻ കഴിവുറ്റ സുദൃഢമായ സ്ഥാപനങ്ങൾ ഉള്ളതായ ഒരു രാജ്യമായി അന്താരാഷ്ട്ര സമൂഹത്തിൻറെ സഹായത്തോടെ മാറുന്ന പ്രക്രിയയ്ക്ക് പിന്തുണയേകിക്കൊണ്ട്, പൊതുനന്മയ്ക്കുവേണ്ടിയുള്ള അന്വേഷണത്തിൽ ഐക്യദാർഢ്യാരൂപിയോടെ പ്രതിജ്ഞാബദ്ധരാകാനും പാപ്പാ എല്ലാ രാഷ്ട്രീയ സാമൂഹിക പ്രവർത്തകരെയും ക്ഷണിച്ചു.
യുദ്ധവേദികളായ നാടുകൾക്കായി പ്രാർത്ഥന തുടരുക
ഉക്രൈയിനിലും പലസ്തീനിലും ഇസ്രയേലിലും സുഡാനിലും യുദ്ധംമൂലം യാതനകളനുഭവിക്കുന്ന ജനങ്ങൾക്കുവേണ്ടിയുള്ള പ്രാർത്ഥന തുടരാൻ പാപ്പാ അഭ്യർത്ഥിച്ചു. നാളുകളായി യുദ്ധത്താൽ ഏറെ ദുരിതമനുഭവിക്കുന്ന നാടായ സിറിയയെ മറക്കരുതെന്നും പാപ്പാ പറഞ്ഞു.
റോമാപുരിയിലെ മാരത്തോൺ
റോമിൽ കായികവിനോദത്തിൻറെയും സാഹോദര്യത്തിൻറെയും പരമ്പരാഗത ആഘോഷത്തിൻറെ ഭാഗമായി ഈ ഞായറാഴ്‌ച (17/03/24) സംഘടിപ്പിക്കപ്പെട്ട മാരത്തോൺ ഓട്ടത്തിൽ പങ്കെടുക്കുത്തവരെ പാപ്പാ പ്രത്യേകം അഭിവാദ്യം ചെയ്തു. ഇത്തവണയും വത്തിക്കാൻ കായികവിനോദ വിഭാഗമായ “അത്ലേത്തിക്കാ വത്തിക്കാനാ”യുടെ (Athletica Vaticana) നേതൃത്വത്തിൽ നിരവധി കായികതാരങ്ങൾ ഈ ഐക്യദാർഢ്യ ഓട്ടത്തിൽ (സൊളിഡാരിറ്റി റിലേ) പങ്കാളികളാകുകയും പങ്കുവയ്ക്കലിൻറെ സാക്ഷികളാകുകയും ചെയ്തുവെന്നു പാപ്പാ അനുസ്മരിച്ചു.
സമാപനാഭിവാദ്യം
ചത്വരത്തിൽ സന്നിഹിതരായിരുന്ന, ഇറ്റലിക്കാരും ലോകത്തിൻറെ ഇതര ഭാഗങ്ങളിൽ നിന്ന് എത്തിയിരുന്നവരുമായ തീർത്ഥാടകർക്കും സന്ദർശകർക്കും ത്രികാലപ്രാർത്ഥനാപരിപാടിയുടെ അവസാനം പാപ്പാ, നല്ലൊരു ഞായർ ആശംസിക്കുകയും തനിക്കു വേണ്ടി പ്രാർത്ഥിക്കാൻ മറക്കരുതെന്ന പതിവ് അഭ്യർത്ഥന നവീകരിക്കുകയും ചെയ്തു. തുടർന്ന് പാപ്പാ സകലർക്കും നല്ല ഒരു ഉച്ചവിരുന്ന് നേരുകയും വീണ്ടും കാണാമെന്നു പറയുകയും ചെയ്തുകൊണ്ട് ജാലകത്തിങ്കൽ നിന്നു പിൻവാങ്ങി.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: