വിവേകം നന്മയിലേക്കു നയിക്കുന്നു, വിവേകി ദീർഘവീക്ഷണം പുലർത്തുന്നു, പാപ്പാ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ഫ്രാൻസീസ് പാപ്പാ, പതിവുപോലെ ഈ ബുധനാഴ്ച (20/03/24) വത്തിക്കാനിൽ, പൊതുദർശനം അനുവദിച്ചു. വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ ചത്വരം ആയിരുന്നു പ്രതിവാര പൊതുദർശന വേദി. വിവിധ രാജ്യക്കാരായിരുന്ന ആയിരക്കണക്കിന് തീർത്ഥാടകരും സന്ദർശകരും വസന്തകാലസമാനാന്തരീക്ഷം അനുഭവപ്പട്ട അങ്കണത്തിൽ സന്നിഹിതരായിരുന്നു. എല്ലാവർക്കും തന്നെ കാണത്തക്കരീതിയിൽ സജ്ജീകരിച്ചിരിക്കുന്ന വെളുത്ത തുറന്ന വാഹനത്തിൽ ചത്വരത്തിൽ എത്തിയ പാപ്പായെ ജനസഞ്ചയം കരഘോഷത്തോടെയും ആനന്ദാരവങ്ങളോടെയും വരവേറ്റു. തന്നോടൊപ്പം, ഏതാനും ബാലികാബാലന്മാരെ വാഹനത്തിൽ കയറ്റി ജനത്തെ അഭിവാദ്യം ചെയ്തുകൊണ്ട് അവർക്കിടയിലൂടെ നീങ്ങിയ പാപ്പാ, പ്രസംഗ വേദിയിലേക്കു നയിക്കുന്ന പടവുകൾക്കടുത്തു വച്ച് കുട്ടികളെ വണ്ടിയിൽ നിന്നിറക്കി. തുടർന്ന് വാഹനം പടവുകൾ കയറി വേദിക്കരികിലെത്തിയപ്പോൾ പാപ്പാ അതിൽ നിന്നിറങ്ങുകയും റോമിലെ സമയം രാവിലെ 9.00 മണിക്ക്, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 13.30-ന്, ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിക്കുകയും ചെയ്തു. തുടർന്ന് വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗ പാരായണമായിരുന്നു.
"ബുദ്ധിമാൻറെ മനസ്സ് വിജ്ഞാനം തേടുന്നു; ഭോഷന്മാരുടെ വദനത്തിന് ആഹാരം ഭോഷത്തമാണ്....ബുദ്ധിഹീനൻ ഭോഷത്തത്തിൽ ആനന്ദിക്കുന്നു; ബുദ്ധിമാൻ നേർവഴിക്കു നടക്കുന്നു. സദുപദേശമില്ലെങ്കിൽ പദ്ധതികൾ പാളിപ്പോകും; വേണ്ടത്ര ഉപദേഷ്ടാക്കളുള്ളപ്പോൾ അവ വിജയിക്കുന്നു... ദൈവഭക്തി ജ്ഞാനത്തിനുള്ള പരിശീലനമാണ്; വിനയം ബഹുമതിയുടെ മുന്നോടിയും .” സുഭാഷിതങ്ങൾ, അദ്ധ്യായം 14, 21.22.33 വാക്യങ്ങൾ
ഈ വായനയ്ക്കു ശേഷം പാപ്പാ, ദുർഗ്ഗുണങ്ങളെയും സൽഗുണങ്ങളെയും അധികരിച്ചുള്ള പ്രബോധനപരമ്പരയിൽ സൽഗുണമായ വിവികത്തെക്കുറിച്ചു വിചിന്തനം ചെയ്തു.
ഇറ്റാലിൻ ഭാഷയിലായിരുന്ന പാപ്പായുടെ മുഖ്യ വിചിന്തനം വായിക്കപ്പെടുകയായിരുന്നു. വത്തിക്കാൻ സംസ്ഥാന കാര്യാലയത്തിലെ ഉദ്യോഗസ്ഥനായ റോസ്മീനിയൻ സമൂഹാംഗമായ മോൺസിഞ്ഞോർ പിയെർലുയീജി ജിറോളിയാണ് (Pierluigi Giroli) പാപ്പായ്ക്ക് പ്രസംഗം പറയാൻ ബുദ്ധിമുട്ടുള്ളതു കാരണം അത് വായിച്ചത്. പാപ്പാ ആമുഖമായി ഇങ്ങനെ പറഞ്ഞു:
പ്രിയ സഹോദരീ സഹോദരന്മാരേ, ശുഭദിനം! ദുർഗ്ഗുണങ്ങളെയും സൽഗുണങ്ങളെയും അധികരിച്ചുള്ള ഇന്നത്തെ പ്രബോധനം നമുക്കു ശ്രവിക്കാം. എനിക്കു പറ്റാത്തതു കരാണം അതു വായിക്കാൻ ഞാൻ മോൺസിഞ്ഞോറിനോട് ആവശ്യപ്പെട്ടിരിക്കയാണ്. നന്ദി.
പാപ്പായുടെ ഈ വാക്കുകളെ തുടർന്ന് മോൺസിഞ്ഞോർ പിയെർലുയീജി ജിറോളി പാപ്പയുടെ പ്രഭാഷണം വായിച്ചു.
വിവേകം എന്ന പുണ്യം
പ്രിയ സഹോദരീ സഹോദരന്മാരേ, ശുഭദിനം!
ഇന്നത്തെ നമ്മുടെ പിചിന്തനം വിവേകത്തെക്കുറിച്ചാണ്. ഇത് നീതി, ധൈര്യം, സംയമനം എന്നിവയ്‌ക്കൊപ്പം, മൗലികപുണ്യങ്ങളുടെ ഗണത്തിൽപ്പെടുന്നു, അവ ക്രിസ്ത്യാനികളുടെ സവിശേഷാവകാശമല്ല, മറിച്ച് പുരാതന ജ്ഞാനത്തിൻറെ, പ്രത്യേകിച്ച, ഗ്രീക്ക് തത്ത്വചിന്തകരുടെ പൈതൃകത്തിൽ പെട്ടതാണ്. ആകയാൽ, കൂടിക്കാഴ്ചയുടെയും സാസ്കാരികാനുരൂപണത്തിൻറെയുമായ പ്രക്രിയയിലെ ഏറ്റവും ശ്രദ്ധേയമായ വിഷയങ്ങളിലൊന്ന് കൃത്യമായി പുണ്യങ്ങളുടേതായിരുന്നു.
മനുഷ്യനിൽ കുടികൊള്ളുന്ന ഐക്യവും നന്മയും
മദ്ധ്യകാലഘട്ട രചനകളിൽ, സദ്ഗുണങ്ങൾ അവതരിപ്പിക്കപ്പെട്ടിരുന്നത് ആത്മാവിൻറെ ഭാവാത്മകഗുണങ്ങളുടെ വെറുമൊരു പട്ടികനിരത്തിയായിരുന്നില്ല. ക്രിസ്തീയവെളിപാടിൻറെ വെളിച്ചത്തിൽ ചിരസമ്മത രചയിതാക്കളുടെ ചുവടു പിടിച്ച്, ദൈവശാസ്ത്രജ്ഞർ മൂന്ന് ദൈവികപുണ്യങ്ങളും നാല് മൗലികപുണ്യങ്ങളും അടങ്ങിയ ഒരു സപ്തകം വിഭാവനം ചെയ്തു. ഓരോ സദ്ഗുണത്തിനും ഏകതാനമായ ഇടമുള്ള ഒരുതരം ജൈവഘടനയായി അതിനെ കണ്ടു. തൂണുകൾ, അലങ്കൃത താങ്ങുകട്ടകൾ, തുടങ്ങിയവ പോലെ സത്താപരമായ പുണ്യങ്ങളും അനുബന്ധ പുണ്യങ്ങളും ഉണ്ട്. ഒരു മദ്ധ്യകാല കത്തീദ്രലിൻറെ വാസ്തുവിദ്യ പോലെ മറ്റൊന്നിനും, മനുഷ്യനിൽ കുടികൊള്ളുന്ന ഏകതാനതയുടെയും അവനിലുള്ള നന്മയിലേക്കുള്ള നിരന്തരമായ ചായ്വിൻറെയുമായ ആശയം അവതരിപ്പിക്കാനാകില്ല.
വിവേകി സഗ്ഗാന്മകൻ
ആകയാൽ നമുക്ക് വിവേകത്തിൽ നിന്നു തുടങ്ങാം. ഭയപ്പെടുന്ന, എടുക്കേണ്ട നടപടിയെക്കുറിച്ച് എപ്പോഴും സന്ദേഹം പുലർത്തുന്ന ഒരു വ്യക്തിയുടെ പുണ്യമല്ല അത്. ഇത് ജാഗ്രത മാത്രമല്ല. വിവേകത്തിന് പ്രഥമസ്ഥാനം നൽകുകയെന്നാൽ മനുഷ്യൻറെ പ്രവൃത്തി അവൻറെ ബുദ്ധിയുടെയും സ്വാതന്ത്ര്യത്തിൻറെയും കൈകളിലാണ് എന്നർത്ഥം. വിവേകി സർഗ്ഗാത്മകനാണ്: അവൻ ചിന്തിക്കുന്നു, വിലയിരുത്തുന്നു, യാഥാർത്ഥ്യത്തിൻറെ സങ്കീർണ്ണത മനസ്സിലാക്കാൻ ശ്രമിക്കുന്നു, വികാരങ്ങൾ, അലസത, സമ്മർദ്ദം അല്ലെങ്കിൽ മിഥ്യാധാരണകൾ എന്നിവയാൽ തകിടംമറിക്കപ്പെടാൻ അവൻ സ്വയം അനുവദിക്കില്ല.
വിവേകം നന്മോന്മുഖം
രൂപഭാവങ്ങളാലും ഉപരിപ്ലവമായ ചിന്തകളാലും നന്മ തിന്മകളുടെ നിസ്സാരത ആധിപത്യം പുലർത്തുന്ന ഒരു ലോകത്ത്, വിവേകത്തിൻറെ പുരാതന പാഠം വീണ്ടെടുക്കപ്പെടേണ്ടതുണ്ട്.അരിസ്റ്റോട്ടിലിൻറെ ചുവടുവിടിച്ച് വിശുദ്ധ തോമസ് അക്വിനാസ് ഇതിനെ "റെക്ത റാസിയൊ അജിബിലിയും" (പ്രവർത്തനത്തിൻറെ ശരിയായ യുക്തി) എന്ന് വിളിച്ചു. പ്രവർത്തനങ്ങളെ നന്മയിലേക്കു നയിക്കാനുള്ള കഴിവാണിത്; ഇക്കാരണത്താൽ ഇതിന് "പുണ്യങ്ങളുടെ പരിശീലകൻ" എന്ന് വിളിപ്പേരുണ്ട്. തിരഞ്ഞെടുക്കാൻ കഴിവുള്ള അവൻ അല്ലെങ്കിൽ അവൾ ആണ് വിവേകി: പുസ്തകങ്ങളിൽ ഒതുങ്ങിനിലനിൽക്കുന്നിടത്തോളം ജീവിതം എല്ലായ്പ്പോഴും എളുപ്പമാണ്, എന്നാൽ ദൈനംദിന ജീവിതത്തിൻറെ കാറ്റിലും കോളിലും പെടുമ്പോൾ ഇത് തികച്ചും വ്യത്യസ്തമായ ഒരു കാര്യമാണ്, പലപ്പോഴും നാം അനിശ്ചിതത്വത്തിലാകുന്നു.എവിടെക്കു പോകണമെന്ന് അറിയാത്ത അവസ്ഥയിലാകുന്നു. വിവേകി യാദൃശ്ചികമായിട്ടല്ല തിരഞ്ഞെടുക്കുക. സർവ്വോപരി എന്താണ് വേണ്ടതെന്ന് അയാൾക്കറിയാം, ആകയാൽ സാഹചര്യങ്ങൾ പരിഗണിക്കുന്നു, ഉപദേശം തേടുന്നു, ഏത് പാതയാണ് സ്വീകരിക്കേണ്ടതെന്ന് വിശാലമായ കാഴ്ചപ്പാടോടെയും ആന്തരിക സ്വാതന്ത്ര്യത്തോടെയും തീരുമാനിക്കുന്നു. അതിനർത്ഥം നമുക്ക് തെറ്റുകൾ പറ്റില്ല എന്നല്ല, അടിസ്ഥാനപരമായി നമ്മൾ മനുഷ്യരാണ്; എങ്കിലും വലിയ പാളിച്ചകൾ ഒഴിവാക്കാനാകും. നിർഭാഗ്യവശാൽ, എല്ലാ ചുറ്റുപാടുുകളിലും പ്രശ്നങ്ങളെ ഉപരിപ്ലവമായരീതിയിൽ തള്ളിക്കളയുകയോ എല്ലായ്പ്പോഴും വിവാദങ്ങൾ ഉയർത്തുകയോ ചെയ്യുന്നവരുണ്ട്. എന്നാൽ വിവേകം, ഭരിക്കാൻ വിളിക്കപ്പെട്ടയാളുടെ ഗുണമാണ്: ഭരണം ബുദ്ധിമുട്ടാണെന്നും നിരവധി കാഴ്ചപ്പാടുകളുണ്ടെന്നും അവയെ സംയോജിപ്പിക്കാൻ ശ്രമിക്കണമെന്നും, ചിലരുടെയല്ല എല്ലാവരുടെയും നന്മയ്ക്കായി പ്രവർത്തിക്കണമെന്നും അയാൾക്കറിയാം. പറയപ്പെടുന്നതുപോലെ, "നല്ലതിൻറെ ശത്രുവാണ് മികച്ചത്" എന്ന് വിവേകവും പഠിപ്പിക്കുന്നു. വാസ്‌തവത്തിൽ, അമിത തീക്ഷ്ണത ചില സാഹചര്യങ്ങളിൽ ദുരന്തങ്ങളിലേക്കു നയിച്ചേക്കാം: ക്രമാനുഗതത പ്രവർത്തനം ആവശ്യമായിരുന്ന ഒരു നിർമ്മാണത്തെ അത് നശിപ്പിക്കും; അത് സംഘർഷങ്ങളും തെറ്റിദ്ധാരണകളും ജനിപ്പിക്കും; അത് അക്രമത്തിന് പോലും കാരണമാകും.
വിവേകി ദീർഘദൃഷ്ടിയുള്ളവൻ
ഭൂതകാല സ്മരണ എങ്ങനെ സംരക്ഷിക്കണമെന്ന് വിവേകമുള്ള വ്യക്തിക്ക് അറിയാം, അത് അയാൾ ഭാവിയെ ഭയപ്പെടുന്നതുകൊണ്ടല്ല, മറിച്ച്, പാരമ്പര്യം ജ്ഞാനത്തിൻറെ പൈതൃകമാണെന്ന് അവനറിയാം. പഴയതും പുതിയതുമായ കാര്യങ്ങൾ ഒന്ന് ഒന്നിനുമേൽ തുടർച്ചയായി അടുക്കിയാണ് ജീവിതം നിർമ്മിച്ചിരിക്കുന്നത്, ലോകം നമ്മിൽ നിന്നാണ് ആരംഭിക്കുന്നതെന്നും പ്രശ്നങ്ങളെ നാം പുജ്യത്തിൽ നിന്നു തുടങ്ങി നേരിടേണ്ടിവരുമെന്നും എപ്പോഴും ചിന്തിക്കുന്നത് നല്ലതല്ല. വിവേകമുള്ളവൻ ദീർഘവീക്ഷണമുള്ളവനുമാണ്. പ്രാപിക്കേണ്ട ലക്ഷ്യം ഒരിക്കൽ തീരുമാനിച്ചുകഴിഞ്ഞാൽ, അത് നേടാനുള്ള എല്ലാ മാർഗ്ഗങ്ങളും കണ്ടെത്തണം.
സുവിശേഷത്തിലെ വിവേകികൾ
സുവിശേഷത്തിലെ പല ഭാഗങ്ങളും വിവേകം പരിശിലീപ്പിക്കാൻ നമ്മെ സഹായിക്കുന്നു. ഉദാഹരണത്തിന്: പാറമേൽ വീടു പണിയുന്നവൻ വിവേകശാലിയാണ്, മണലിൽ പണിയുന്നവനാകട്ടെ വിവേകശൂന്യനും (മത്തായി 7:24-27 കാണുക). വിളക്കിനു വേണ്ട എണ്ണ തങ്ങളോടൊപ്പം കൊണ്ടുവരുന്ന തോഴികൾ ബുദ്ധിമതികളും അല്ലാത്തവർ വിഡ്ഢികളുമാണ് (മത്തായി 25:1-13 കാണുക). ക്രിസ്തീയ ജീവിതം ലാളിത്യത്തിൻറെയും വിവേകത്തിൻറെയും സമന്വയമാണ്. തൻറെ ശിഷ്യന്മാരെ ദൗത്യത്തിനായി ഒരുക്കിക്കൊണ്ട് യേശു ശുപാർശ ചെയ്യുന്നു: "ഇതാ: ചെന്നായ്ക്കളുടെ ഇടയിലേക്ക് ആടുകളെപ്പോലെ ഞാൻ നിങ്ങളെ അയയ്ക്കുന്നു; ആകയാൽ നിങ്ങൾ സർപ്പങ്ങളെപ്പോലെ വിവേകികളും പ്രാവുകളെപ്പോലെ നിഷ്ക്കളങ്കരും ആയിരിക്കുവിൻ" (മത്തായി 10:16). നമ്മൾ വിശുദ്ധരായിരിക്കണമെന്നു മാത്രമല്ല ദൈവം ആഗ്രഹിക്കുന്നത് മറിച്ച് ബുദ്ധിയുള്ള വിശുദ്ധരായിരിക്കണമെന്നാണ്. കാരണം വിവേകമില്ലെങ്കിൽ വഴിതെറ്റാൻ ഒരു നിമിഷം മതി.
ഈ വാക്കുകളെ തുടര്‍ന്ന് പാപ്പായുടെ, ഇറ്റാലിയന്‍ ഭാഷയിലായിരുന്ന, പ്രഭാഷണത്തിന്‍റെ സംഗ്രഹം ആംഗലവും അറബിയുമുള്‍പ്പെടെ വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെട്ടു.
സമാപനാഭിവാദ്യങ്ങൾ- വി.യൗസേപ്പിതാവിൻറെ മാദ്ധ്യസ്ഥ്യം
പൊതുദർശനപരിപാടിയുടെ അവസാനം പാപ്പാ യുവതീയുവാക്കളെയും വൃദ്ധജനത്തെയും രോഗികളെയും നവദമ്പതികളെയും അഭിവാദ്യം ചെയ്തു. സാർവ്വത്രിക സഭയുടെ സ്വർഗ്ഗീയസംരക്ഷകനായ വിശുദ്ധ യൗസേപ്പിതാവിൻറെ തിരുനാൾ പത്തൊമ്പതാം തീയതി ചൊവ്വാഴ്ച ആചരിക്കപ്പെട്ടത് അനുസ്മരിച്ച പാപ്പാ സഭയെയും ലോകത്തെയും എല്ലാ പിതാക്കന്മാരെയും ആ വിശുദ്ധൻറെ സംരക്ഷണത്തിന് ഭരമേല്പിച്ചു.
യുദ്ധത്തിനിരകളാകുന്നവർക്കായി പ്രാർത്ഥിക്കുക
യുദ്ധത്തിൻ്റെ ഭീകരതമൂലം യാതനകളനുഭവിക്കുന്ന സകലരെയും, ഉക്രൈയിനിലെയും വിശുദ്ധനാട്ടിലെയും പലസ്തീനിലെയും ഇസ്രായേലിലെയും മറ്റിടങ്ങളിലെയും ജനങ്ങളെ പാപ്പാ വിശുദ്ധ യൗസേപ്പിതാവിനു ഭരമേല്പിച്ചു. യുദ്ധം എന്നും ഒരു തോൽവിയാണെന്നത് നാം ഒരിക്കലും മറക്കരുതെന്നു പാപ്പാ പറഞ്ഞു. യുദ്ധത്തിൽ ഒരിക്കലും മുന്നോട്ടുപോകാനാകില്ലെന്നു പ്രസ്താവിച്ച പാപ്പാ യുദ്ധവിരാമത്തിനായി കൂടിയാലോചനകളും ചർച്ചകളും നടത്തുന്നതിനായി പരിശ്രമിക്കണമെന്നും പ്രാർത്ഥിക്കണമെന്നും പറഞ്ഞു. തുടർന്ന് ലത്തീൻഭാഷയിൽ സ്വർഗ്ഗസ്ഥനായ പിതാവേ എന്ന കർത്തൃപ്രാർത്ഥന ആലപിക്കപ്പെട്ടു. അതിനു ശേഷം, പാപ്പാ, എല്ലാവർക്കും തൻറെ അപ്പൊസ്തോലികാശീർവ്വാദം നല്കി.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: