അഹങ്കാരത്തിൻറെ സകല ചെയ്തികൾക്കും യഥാർത്ഥ മറുമരുന്ന് വിനയം, പാപ്പാ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ഫ്രാൻസീസ് പാപ്പാ, പതിവുപോലെ ഈ ബുധനാഴ്ച (06/03/24) വത്തിക്കാനിൽ, പൊതുദർശനം അനുവദിച്ചു. വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ ചത്വരം ആയിരുന്നു പ്രതിവാര പൊതുദർശന വേദി. വിവിധ രാജ്യക്കാരായിരുന്ന ആയിരക്കണക്കിന് തീർത്ഥാടകരും സന്ദർശകരും അങ്കണത്തിൽ സന്നിഹിതരായിരുന്നു. എല്ലാവർക്കും തന്നെ കാണത്തക്കരീതിയിൽ സജ്ജീകരിച്ചിരിക്കുന്ന വെളുത്ത തുറന്ന വാഹനത്തിൽ ചത്വരത്തിൽ എത്തിയ പാപ്പായെ ജനസഞ്ചയം കരഘോഷത്തോടെയും ആനന്ദാരവങ്ങളോടെയും വരവേറ്റു. തന്നോടൊപ്പം, ഏതാനും ബാലികാബാലന്മാരെ വാഹനത്തിൽ കയറ്റി ജനത്തെ അഭിവാദ്യം ചെയ്തുകൊണ്ട് അവർക്കിടയിലൂടെ നീങ്ങിയ പാപ്പാ, പ്രസംഗ വേദിയിലേക്കു നയിക്കുന്ന പടവുകൾക്കടുത്തു വച്ച് കുട്ടികളെ വണ്ടിയിൽ നിന്നിറക്കി. തുടർന്ന് വാഹനം പടവുകൾ കയറി വേദിക്കരികിലെത്തിയപ്പോൾ പാപ്പാ അതിൽ നിന്നിറങ്ങുകയും റോമിലെ സമയം രാവിലെ 9.00 മണിക്ക്, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 13.30-ന്, ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിക്കുകയും ചെയ്തു. തുടർന്ന് വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗ പാരായണമായിരുന്നു.
"അഹങ്കാരം കർത്താവിനെയും മനുഷ്യരെയും വെറുപ്പിക്കുന്നു.... പൊടിയും ചാരവുമായ മനുഷ്യന് അഹങ്കരിക്കാൻ എന്തുണ്ട്? അഹങ്കാരത്തിൻറെ തുടക്കം കർത്താവിൽ നിന്നുള്ള അകൽച്ചയാണ്; അഹങ്കാരിയുടെ ഹൃദയം അവൻറെ സ്രഷ്ടാവിനെ പരിത്യജിക്കുന്നു.... കർത്താവ് പ്രബലന്മാരെ സിംഹാസനത്തിൽ നിന്ന് താഴെയിറക്കി വിനീതരെ ഉയർത്തുന്നു.” പ്രഭാഷകൻറെ പുസ്തകം, അദ്ധ്യായം 10, 7.9.12.14 വാക്യങ്ങൾ
ഈ വായനയ്ക്കു ശേഷം പാപ്പാ, ദുർഗ്ഗുണങ്ങളെയും സൽഗുണങ്ങളെയും അധികരിച്ചുള്ള പ്രബോധനപരമ്പര തുടർന്നു. അഹങ്കാരം എന്ന ദുർഗ്ഗുണമായിരുന്നു പരിചിന്തന വിഷയം. ഇറ്റാലിൻ ഭാഷയിലായിരുന്ന പാപ്പായുടെ മുഖ്യ വിചിന്തനം വായിക്കപ്പെടുകയായിരുന്നു. വത്തിക്കാൻ സംസ്ഥാന കാര്യാലയത്തിലെ ഉദ്യോഗസ്ഥനായ റോസ്മീനിയൻ സമൂഹാംഗമായ മോൺസിഞ്ഞോർ പിയെർലുയീജി ജിറോളിയാണ് ( Pierluigi Giroli) പാപ്പായ്ക്ക് പ്രസംഗം പറയാൻ ബുദ്ധിമുട്ടുള്ളതു കാരണം അത് വായിച്ചത്. പാപ്പാ ആമുഖമായി ഇങ്ങനെ പറഞ്ഞു:
പ്രിയ സഹോദരീ സഹോദരന്മാരേ, ശുഭദിനം! എനിക്ക് ഇപ്പോഴും ജലദോഷമുള്ളതുകൊണ്ട് നന്നായി വായിക്കാൻ കഴിയാത്തതിനാൽ ഇന്നത്തെ പ്രബോധനം എൻറെ സഹായികളിലൊരാളായ റോസ്മീനിയൻ വൈദികൻ വായിക്കും. നന്ദി!
പാപ്പായുടെ ഈ വാക്കുകളെ തുടർന്ന് മോൺസിഞ്ഞോർ പിയെർലുയീജി ജിറോളി പ്രഭാഷണം പാരായണം ചെയ്തു.
താൻ വലിയവനാണെന്ന ഭാവം പുലർത്തുന്ന അഹങ്കാരി
പ്രിയ സഹോദരീ സഹോദരന്മാരേ, ശുഭദിനം! നന്മതിന്മകളെക്കുറിച്ചുള്ള നമ്മുടെ പ്രബോധനപരമ്പരയിൽ, ഇന്ന് നമ്മൾ ദുർഗ്ഗുണങ്ങളിൽ ഏറ്റവും അവസാനത്തേതിൽ എത്തിയിരിക്കയാണ്: അഹങ്കാരം. പുരാതന ഗ്രീക്കുകാർ അതിനെ നിർവ്വചിക്കുന്നതിന് ഉപയോഗിച്ചത് "അമിത തേജസ്സ്" എന്ന് വിവർത്തനം ചെയ്യാവുന്ന ഒരു വാക്കാണ്. വാസ്തവത്തിൽ, അഹങ്കാരം എന്നത് സ്വയം ഉയർത്തൽ, ധിക്കാരം, പൊങ്ങച്ചം എന്നിവയാണ്. തിന്മ എല്ലായ്‌പ്പോഴും മനുഷ്യൻറെ ഹൃദയത്തിൽ നിന്നാണ് വരുന്നതെന്ന് വിശദീകരിക്കാൻ യേശു നിരത്തുന്ന ദുശ്ശീലങ്ങളുടെ പട്ടികയിൽ ഈ പദം പ്രത്യക്ഷപ്പെടുന്നു (മർക്കോസ് 7:22 കാണുക). താൻ യഥാർത്ഥത്തിൽ എന്താണോ അതിനേക്കാൾ വളരെ വലിയവനാണെന്നു കരുതുന്നവനാണ് അഹങ്കാരി; മറ്റുള്ളവരെക്കാൾ വലിയവനായി അംഗീകരിക്കപ്പെടുന്നതിനായി വെമ്പൽകൊള്ളുന്നവനാണ് അവൻ, സ്വന്തം യോഗ്യതകൾ എപ്പോഴും അംഗീകരിക്കപ്പെടണമെന്ന് അവൻ ആഗ്രഹിക്കുന്നു, അവൻ മറ്റുള്ളവരെ അധഃകൃതരായി കണക്കാക്കി നിന്ദിക്കുന്നു.
അഹങ്കാരം വലിയ പാപങ്ങളിലേക്കു തള്ളിയിടുന്നു
നമ്മൾ കഴിഞ്ഞ തവണ കണ്ട വ്യർത്ഥാഭിമാനത്തോട് വളരെ അടുത്തു നില്ക്കുന്നതാണ് അഹങ്കാരം എന്ന് ഈ ആദ്യ വിവരണത്തിൽനിന്നു തന്നെ നമുക്കു കാണാൻ കഴിയും. എന്നിരുന്നാലും, ദുരഭിമാനം മനുഷ്യൻറെ അഹന്തയുടെ രോഗമാണെങ്കിൽ, അഹങ്കാരത്തിൻറെ സംഹാരശക്തിയുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് ഒരു ശിശുരോഗമാണ്. മനുഷ്യൻറെ ഭോഷത്തങ്ങൾ വിശകലനം ചെയ്തുകൊണ്ട്, പുരാതന കാലത്തെ സന്യാസിമാർ തിന്മകളുടെ അനുവർത്തനത്തിൽ ഒരു തരം ക്രമം തിരിച്ചറിഞ്ഞു: അത്യാർത്തി പോലുള്ള ഏറ്റവും വലിയ പാപങ്ങളിൽ നിന്ന് അത് ആരംഭിക്കുകയും ഏറ്റവും അസ്വസ്ഥജനകങ്ങളായ ഭീകരങ്ങളായവയിൽ എത്തിച്ചേരുകയും ചെയ്യുന്നു. എല്ലാ തിന്മകളിലും വച്ച്, അഹങ്കാരമാണ് മഹാ റാണി. ഡിവൈൻ കോമഡിയിൽ, ദാന്തെ അതിനെ ശുദ്ധീകരണസ്ഥലത്തിൻറെ ആദ്യ ചട്ടക്കൂട്ടിൽ പ്രതിഷ്ഠിക്കുന്നത് യാദൃശ്ചികമല്ല: ഈ ദുർഗ്ഗുണത്തിന് വഴങ്ങുന്നവൻ ദൈവത്തിൽ നിന്ന് വളരെ അകലെയാണ്, ഈ തിന്മയെ തിരുത്തുന്നതിന് ക്രൈസ്തവൻ വിളിക്കപ്പെട്ടിരിക്കുന്ന മറ്റേതൊരു പോരാട്ടത്തേക്കാളും സമയവും പരിശ്രമവും ആവശ്യമാണ്.
സഹോദര്യത്തെ വിഷലിപ്തമാക്കുന്ന അഹങ്കാരം
വാസ്തവത്തിൽ, ഈ തിന്മയുടെ ഉള്ളിൽ മൂല പാപം, ദൈവത്തെപ്പോലെയാണെന്ന അസംബന്ധമായ അവകാശവാദം, മറഞ്ഞിരിക്കുന്നു. ഉല്പത്തി പുസ്തകം വിവരിക്കുന്ന നമ്മുടെ ആദ്യ മാതാപിതാക്കളുടെ പാപം എല്ലാ അർത്ഥത്തിലും അഹങ്കാരമെന്ന പാപമാണ്. പ്രലോഭകൻ അവരോട് പറയുന്നു: "നിങ്ങൾ അത് ഭക്ഷിക്കുമ്പോൾ നിങ്ങളുടെ കണ്ണുകൾ തുറക്കപ്പെടുകയും നിങ്ങൾ ദൈവത്തെപ്പോലെ ആകുകയും ചെയ്യും" (ഉൽപത്തി 3:5). ആദ്ധ്യാത്മിക രചയിതാക്കൾ ദൈനംദിന ജീവിതത്തിൽ അഹങ്കാരത്തിൻറെ ആവർത്തനങ്ങൾ വിവരിക്കുന്നതിലും അത് മനുഷ്യബന്ധങ്ങളെ എങ്ങനെ നശിപ്പിക്കുന്നുവെന്ന് കാണിച്ചുതരുന്നതിലും മനുഷ്യരെ ഒന്നിപ്പിക്കേണ്ട സാഹോദര്യമെന്ന വികാരത്തെ ഈ തിന്മ എങ്ങനെ വിഷലിപ്തമാക്കുന്നുവെന്ന് എടുത്തുകാണിക്കുന്നതിലും വളരെയധികം ശ്രദ്ധാലുക്കളാണ്.
വിധിക്കരുത്
അപ്പോൾ ഇതാ, ഒരു വ്യക്തി അഹങ്കാരത്തിന് കീഴടങ്ങുന്നത് വെളിപ്പെടുത്തുന്ന ലക്ഷണങ്ങളുടെ നീണ്ട പട്ടിക. ഇത് വ്യക്തമായ ശാരീരിക മാനമുമുള്ള ഒരു തിന്മയാണ്: അഹങ്കാരിയായ വ്യക്തി ഉദ്ധതനാണ്, അവന് "കടുപ്പമേറിയ കഴുത്ത്" ഉണ്ടായിരിക്കും, അതായത്, വളയാത്ത കഴുത്ത് അവനുണ്ട്. അവൻ നിന്ദ്യമായ വിധിന്യായം എളുപ്പം നടത്തും: നിസ്സാരമായ കാര്യത്തിന്, അവൻ അപരിഹാര്യമാംവിധം അയോഗ്യരും കഴിവുകെട്ടവരും ആണെന്ന് തോന്നുന്നവരുടെ കാര്യത്തിൽ മാറ്റാനാവാത്ത വിധികൾ പുറപ്പെടുവിക്കുന്നു. അവൻറെ ഔദ്ധത്യത്തിൽ അവൻ ഇതു മറന്നുപോകുന്നു, അതായത്, യേശു നമുക്ക് സുവിശേഷങ്ങളിൽ വളരെ കുറച്ച് ധാർമ്മിക പ്രമാണങ്ങൾ മാത്രമേ നൽകിയിട്ടുള്ളൂ എന്നതും, എന്നാൽ അവയിലൊന്നിൽ, അതായത്, ഒരിക്കലും വിധിക്കരുത് എന്നതിൽ അവിടന്ന് അചഞ്ചലനാണ് എന്നതും. അഹങ്കാരിയായ ഒരു വ്യക്തിയോട്, ഒരു ചെറിയ ക്രിയാത്മക വിമർശനമോ തീർത്തും നിരുപദ്രവകരമായ നിരീക്ഷണമോ നടത്തിയാൽ, ആരെങ്കിലും തൻറെ മഹത്വത്തെ ഹനിച്ചതുപോലെ അതിശയോക്തിപരമായി പ്രതികരിക്കുന്നതായി നിങ്ങൾക്കു മനസ്സിലാകും: അവൻ സകല കോപവും പ്രകടിപ്പിക്കുന്നു, അലറുന്നു, മറ്റുള്ളവരുമായുള്ള ബന്ധങ്ങൾ അമർഷത്തോടെ അവസാനിപ്പിക്കുന്നു.
അഹങ്കാരിയെ തിരുത്തുക ആയാസകരം
അഹങ്കാര രോഗിയായ ഒരു വ്യക്തിയുടെ കാര്യത്തിൽ അധികമൊന്നും ചെയ്യാനില്ല. ആ വ്യക്തിയോട് സംസാരിക്കുക അസാധ്യമാണ്, തിരുത്തുകയെന്നത് അതിലും ദുഷ്ക്കരം, കാരണം ആത്യന്തികമായി അയാൾ അയാളല്ല. അയാളുടെ കാര്യത്തിൽ ക്ഷമയോടെ കാത്തിരിക്കണം, കാരണം ഒരു ദിവസം അയാളുടെ സൗധം തകർന്നുവീഴും. ഒരു ഇറ്റാലിയൻ പഴഞ്ചൊല്ല് പറയുന്നു: "അഹങ്കാരം കുതിരപ്പുറത്ത് പോകുന്നു, കാൽനടയായി തിരികെ വരുന്നു". സുവിശേഷങ്ങളിൽ, യേശുവിന് അഹങ്കാരികളായ നിരവധി ആളുകളുമായി ഇടപഴകേണ്ടി വന്നിട്ടുണ്ട്, മാത്രമല്ല ഈ ദുഷ്പ്രവണത നന്നായി മറച്ചുവെച്ചിരുന്ന ആളുകളിൽപ്പോലും അവിടന്ന് പലപ്പോഴും അത് അനാവരണം ചെയ്തു. തൻറെ വിശ്വസ്തത പത്രോസ് ഉച്ചൈസ്തരം പ്രഘോഷിക്കുന്നു: "എല്ലാവരും നിന്നെ ഉപേക്ഷിച്ചാലും ഞാൻ ഉപേക്ഷിക്കില്ല!" (മത്തായി 26:33 കാണുക). എന്നാൽ താമസിയാതെതന്നെ അയാൾക്ക് മറ്റുള്ളവരെപ്പോലെ ആയിരിക്കുന്ന അനുഭവം ഉണ്ടാകും, മരണത്തിനു മുന്നിൽ ഭയന്നുപോയ അവൻ അത് ഇത്ര അടുത്തായിരിക്കുമെന്ന് കരുതിയിരുന്നില്ല. അങ്ങനെ തലതാഴ്ത്തി ഉപ്പുരസത്തോടുകൂടിയ കണ്ണുനീർ പൊഴിക്കുന്ന രണ്ടാമത്തെ പത്രോസിനെ യേശു സുഖപ്പെടുത്തുകയും ഒടുവിൽ സഭയുടെ ഭാരം താങ്ങാൻ യോഗ്യനാക്കുകയും ചെയ്യും. ആദ്യം അവൻ ഒരു തോന്നൽ പ്രകടിപ്പിക്കുകയായിരുന്നു, എന്നാൽ അങ്ങനെ ചെയ്യാതിരിക്കുന്നതായിരുന്നു നല്ലത്; ഇപ്പോഴാകട്ടെ, ഒരു ഉപമ പറയുന്നതുപോലെ, തൻറെ സകല സ്വത്തുക്കളുടെയും ചുമതല നൽകാൻ യജമാനനന് കഴിയുന്ന (ലൂക്കാ 12,44) വിശ്വസ്തനായ ഒരു ശിഷ്യനാണ് അവൻ.
വിനയം എന്ന പ്രതിവിധി
അഹങ്കാരത്തിൻറെ എല്ലാ ചെയ്തികൾക്കും യാഥാർത്ഥ പ്രതിവിധിയായ വിനയത്തിലൂടെയാണ് രക്ഷ കടന്നുപോകുന്നത്. ഹൃദയത്തിൽ ദുഷ്ചിന്തകളുള്ള അഹങ്കാരികളെ ദൈവം അവിടത്തെ ശക്തിയാൽ ചിതറിക്കുന്നുവെന്ന് മറിയം തൻറെ സ്തോത്രഗീതത്തിൽ ദൈവത്തെക്കുറിച്ച് പാടുന്നു. അഹങ്കാരികൾ ആഗ്രഹിക്കുന്നതു പോലെ, ദൈവത്തിൽ നിന്ന് എന്തെങ്കിലും മോഷ്ടിക്കുന്നതിൽ അർത്ഥമില്ല, കാരണം ആത്യന്തികമായി അവിടന്ന് നമുക്ക് എല്ലാം നൽകാൻ ആഗ്രഹിക്കുന്നു. ഇക്കാരണത്താൽ, അഹങ്കാരത്തിൽ നിന്ന് ഉത്ഭവിക്കുന്ന ആന്തരിക പോരാട്ടങ്ങളാൽ മുറിവേറ്റ തൻറെ സമൂഹത്തിന് അപ്പോസ്തലനായ യാക്കോബ് ഇങ്ങനെ എഴുതി: "ദൈവം അഹങ്കാരികളെ ചെറുക്കുകയും, എളിമയുള്ളവർക്ക് കൃപയേകുകയും ചെയ്യുന്നു" (യാക്കോബ് 4:6). ആകയാൽ പ്രിയ സഹോദരീ സഹോദരന്മാരേ, നമ്മുടെ അഹങ്കാരത്തിനെതിരായി പോരാടാൻ ഈ നോമ്പുകാലം നമുക്ക് പ്രയോജനപ്പെടുത്താം.
ഈ വാക്കുകളെ തുടര്‍ന്ന് പാപ്പായുടെ, ഇറ്റാലിയന്‍ ഭാഷയിലായിരുന്ന, പ്രഭാഷണത്തിന്‍റെ സംഗ്രഹം ആംഗലവും അറബിയുമുള്‍പ്പെടെ വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെട്ടു.
സമാപനാഭിവാദ്യങ്ങൾ - യുദ്ധാന്ത്യത്തിനും സമാധാനത്തിനും വേണ്ടി പ്രാർത്ഥിക്കുക
പൊതുദർശനപരിപാടിയുടെ അവസാനം പാപ്പാ യുവതീയുവാക്കളെയും വൃദ്ധജനത്തെയും രോഗികളെയും നവദമ്പതികളെയും അഭിവാദ്യം ചെയ്തു.അനന്തമായസ്നേഹത്തോടെ നമ്മെ സ്നേഹിക്കുന്ന ദൈവത്തിങ്കലേക്കു പൂർണ്ണഹൃദയത്തോടെ തിരികെപ്പോകാൻ തടസ്സമായി ജീവിതത്തെ മറയ്ക്കുന്ന സകലത്തിലും നിന്ന് മോചിതരാകാനുള്ള പ്രതിബദ്ധതയിൽ ഈ നോമ്പുകാലദിനങ്ങളിൽ ധൈര്യത്തോടെ മുന്നേറാൻ പാപ്പാ അവർക്ക് പ്രചോദനം പകർന്നു. ഉക്രൈയിനിലും വിശുദ്ധനാട്ടിലും ലോകത്തിൻറെ മറ്റു ഭാഗങ്ങളിലും യുദ്ധത്തിൻറെ ഭീകരത അനുഭവിക്കുന്ന ജനങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കാനുള്ള ക്ഷണം പാപ്പാ നവീകരിക്കുകയും ചെയ്തു. തുടർന്ന് ലത്തീൻഭാഷയിൽ സ്വർഗ്ഗസ്ഥനായ പിതാവേ എന്ന കർത്തൃപ്രാർത്ഥന ആലപിക്കപ്പെട്ടു. അതിനു ശേഷം, പാപ്പാ, എല്ലാവർക്കും തൻറെ അപ്പൊസ്തോലികാശീർവ്വാദം നല്കി.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: