പുണ്യാഭ്യാസം കഠിന പരിശ്രമവും കഷ്ടപ്പാടും ആവശ്യപ്പെടുന്നു, പാപ്പാ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ഫ്രാൻസീസ് പാപ്പാ, പതിവുപോലെ ഈ ബുധനാഴ്ച (13/03/24) വത്തിക്കാനിൽ, പൊതുദർശനം അനുവദിച്ചു. വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ ചത്വരം ആയിരുന്നു പ്രതിവാര പൊതുദർശന വേദി. വിവിധ രാജ്യക്കാരായിരുന്ന ആയിരക്കണക്കിന് തീർത്ഥാടകരും സന്ദർശകരും അങ്കണത്തിൽ സന്നിഹിതരായിരുന്നു. എല്ലാവർക്കും തന്നെ കാണത്തക്കരീതിയിൽ സജ്ജീകരിച്ചിരിക്കുന്ന വെളുത്ത തുറന്ന വാഹനത്തിൽ ചത്വരത്തിൽ എത്തിയ പാപ്പായെ ജനസഞ്ചയം കരഘോഷത്തോടെയും ആനന്ദാരവങ്ങളോടെയും വരവേറ്റു. തന്നോടൊപ്പം, ഏതാനും ബാലികാബാലന്മാരെ വാഹനത്തിൽ കയറ്റി ജനത്തെ അഭിവാദ്യം ചെയ്തുകൊണ്ട് അവർക്കിടയിലൂടെ നീങ്ങിയ പാപ്പാ, പ്രസംഗ വേദിയിലേക്കു നയിക്കുന്ന പടവുകൾക്കടുത്തു വച്ച് കുട്ടികളെ വണ്ടിയിൽ നിന്നിറക്കി. തുടർന്ന് വാഹനം പടവുകൾ കയറി വേദിക്കരികിലെത്തിയപ്പോൾ പാപ്പാ അതിൽ നിന്നിറങ്ങുകയും റോമിലെ സമയം രാവിലെ 9.00 മണിക്ക്, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 13.30-ന്, ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിക്കുകയും ചെയ്തു. തുടർന്ന് വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗ പാരായണമായിരുന്നു.
"സഹോദരരേ, സത്യവും വന്ദ്യവും നീതിയുക്തവും പരിശുദ്ധവും സ്നേഹാർഹവും സ്തുത്യർഹവും ഉത്തമവും പ്രശംസായോഗ്യവുമായ എല്ലാ കാര്യങ്ങളെയുംകുറിച്ച് ചിന്തിക്കുവിൻ. എന്നിൽനിന്നു പഠിച്ചതും സ്വീകരിച്ചതും കേട്ടതും എന്നിൽ കണ്ടതും നിങ്ങൾ ചെയ്യുവിൻ. അപ്പോൾ സമാധാനത്തിൻറെ ദൈവം നിങ്ങളുടെകൂടെ ഉണ്ടായിരിക്കും .” പൗലോസ് ഫിലിപ്പിയർക്ക് എഴുതിയ ലേഖനം, അദ്ധ്യായം 4, 8.9 വാക്യങ്ങൾ
ഈ വായനയ്ക്കു ശേഷം പാപ്പാ, ദുർഗ്ഗുണങ്ങളെയും സൽഗുണങ്ങളെയും അധികരിച്ചുള്ള പ്രബോധനപരമ്പരയിൽ ദുശ്ശീലങ്ങളെക്കുറിച്ച് എതാനും വാരങ്ങളിൽ നടത്തിയ പരിചിന്തനത്തിനു ശേഷം സൽച്ചെയ്തികളെക്കുറിച്ചുള്ള വിശകലനത്തിനു തുടക്കമിട്ടു. ഇറ്റാലിൻ ഭാഷയിലായിരുന്ന പാപ്പായുടെ മുഖ്യ വിചിന്തനം വായിക്കപ്പെടുകയായിരുന്നു. വത്തിക്കാൻ സംസ്ഥാന കാര്യാലയത്തിലെ ഉദ്യോഗസ്ഥനായ റോസ്മീനിയൻ സമൂഹാംഗമായ മോൺസിഞ്ഞോർ പിയെർലുയീജി ജിറോളിയാണ് (Pierluigi Giroli) പാപ്പായ്ക്ക് പ്രസംഗം പറയാൻ ബുദ്ധിമുട്ടുള്ളതു കാരണം അത് വായിച്ചത്. പാപ്പാ ആമുഖമായി ഇങ്ങനെ പറഞ്ഞു:
ഞാൻ നിങ്ങളെ സ്വാഗതം ചെയ്യുന്നു, എനിക്ക് ഇപ്പോഴും ജലദോഷം ഉള്ളതുകൊണ്ട് ഞാൻ മോൺസിഞ്ഞോറിനോട് (പിയെർലുയീജി ജിറോളി) പ്രബോധനം വായിക്കാൻ ആവശ്യപ്പെട്ടിരിക്കയാണ്. നമുക്ക് ശ്രദ്ധിക്കാം, അത് നമുക്ക് ഒരുപാട് ഗുണം ചെയ്യുമെന്ന് ഞാൻ കരുതുന്നു! നന്ദി. പ്രിയ സഹോദരീ സഹോദരന്മാരേ, നല്ലദിവസം നേരുന്നു! പാപ്പായുടെ ഈ വാക്കുകളെ തുടർന്ന് മോൺസിഞ്ഞോർ പിയെർലുയീജി ജിറോളി പ്രഭാഷണം വായിച്ചു.
നന്മയ്ക്കായി സൃഷ്ടിക്കപ്പെട്ടിരിക്കുന്ന മനുഷ്യൻ
പ്രിയ സഹോദരീ സഹോദരന്മാരേ, ശുഭദിനം!
തിന്മകളെക്കുറിച്ചുള്ള അവലോകനാനന്തരം നമ്മുടെ നോട്ടം തിന്മയുടെതായ അനുഭവത്തിന് എതിരായി നിൽക്കുന്ന പ്രതിസമമായ ഒരു ചിത്രത്തിലേക്ക് തിരിക്കേണ്ട സമയമായിരിക്കുന്നു. മാനവ ഹൃദയത്തിന് ദുഷിച്ച വികാരങ്ങളിൽ അഭിരമിക്കാനാകും, അനുനയക്ഷമതയുള്ള വേഷമണിഞ്ഞ ദോഷകരമായ പ്രലോഭനങ്ങൾക്ക് ചെവികൊടുക്കാനും അതുപോലെതന്നെ ഇവയെയെല്ലാം ചെറുക്കാനും കഴിയും. ഇത് എത്രതന്നെ ആയാസകരമാണെമെങ്കിലും, മനുഷ്യൻ നന്മയ്ക്കായി സൃഷ്ടിക്കപ്പെട്ടിരിക്കുന്നു, അതിലാണ് അവൻറെ യഥാർത്ഥ ആത്മസാക്ഷാത്ക്കാരം സാദ്ധ്യമാകുക, കൂടാതെ അവനിലോ അവളിലോ ചില സ്വഭാവവിശേഷങ്ങൾ സ്ഥായിയാക്കി മാറ്റിക്കൊണ്ട് ഈ കല അഭ്യസിക്കാനും മനുഷ്യന് കഴിയും. നമ്മുടെ ഈ വിസ്മയകരമായ സാദ്ധ്യതയെ ചുറ്റിപ്പറ്റിയുള്ള പരിചിന്തനം ധാർമ്മിക തത്ത്വചിന്തയുടെ ഒരു ഉൽകൃഷ്ട അദ്ധ്യായമായി മാറുന്നു: സദ്ഗുണങ്ങളുടെ അദ്ധ്യായം.
പുണ്യാഭ്യാസം നട്ടുവളർത്തൽ പ്രക്രിയ
റോമാക്കാരായ തത്ത്വചിന്തകർ അതിനെ “വിർത്തൂസ്” (virtus) എന്നും ഗ്രീക്ക് തത്ത്വചിന്തകർ അതിനെ “അരെത്തേ” (aretè) എന്നും വിളിച്ചു. ലത്തീൻ പദം, സർവ്വോപരി, ഉയർത്തിക്കാട്ടുന്നത് സദ്‌വൃത്തനായ വ്യക്തി ശക്തനും ധീരനും അച്ചടക്കം പാലിക്കാനും സന്ന്യാസത്തിനും കഴിവുള്ളവനുമാണെന്നാണ്; അതിനാൽ പുണ്യാഭ്യാസം കഠിനാദ്ധ്വാനവും കഷ്ടപ്പാടും ആവശ്യമായിവരുന്ന ഒരു നീണ്ട അങ്കുരിപ്പിക്കൽ പ്രക്രിയയുടെ ഫലമാണ്. എന്നാൽ, ഗ്രീക്ക് പദമായ “അരെത്തേ” (aretè) സൂചിപ്പിക്കുന്നത് മികച്ചു നില്ക്കുന്ന, ആവിർഭവിക്കുന്ന, വിസ്മയമുണർത്തുന്ന എന്തിനെയൊ ആണ്. ആകയാൽ തന്നെത്തന്നെ വക്രീകരിച്ച് വിരൂപനാക്കുന്നവനല്ല, പ്രത്യുത, സ്വന്തം വിളിയോടു വിശ്വസ്തത പുലർത്തുകയും പൂർണ്ണമായി സ്വയം മനസ്സിലാക്കുകയും ചെയ്യുന്നവനാണ് സദ്‌ഗുണൻ.
പുണ്യാത്മാക്കൾ
വിശുദ്ധർ മനുഷ്യരാശിക്ക് അപവാദങ്ങളായി, അതായത്, നമ്മുടെ ഗണത്തിൻറെ പരിധിക്കപ്പുറം ജീവിക്കുന്ന യോദ്ധാക്കളുടെ ഒരു തരം ഇടുങ്ങിയ വൃത്തമായി, നാം കരുതിയാൽ നമുക്ക് തെറ്റി. സദ്‌ഗുണങ്ങളെക്കുറിച്ച് നാം ഇപ്പോൾ അവതരിപ്പിച്ച വീക്ഷണകോണിലൂടെ നോക്കുമ്പോൾ, വിശുദ്ധർ, നേരെ മറിച്ച്, പൂർണ്ണമായും ആത്മസാക്ഷാത്കൃതരാകുന്നവരും മനുഷ്യൻറെ തനതായ വിളി സാക്ഷാത്ക്കരിക്കുന്നവരുമാണ്. നീതി, ബഹുമാനം, അന്യോന്യ നന്മ, വിശാലമനസ്‌കത, പ്രത്യാശ എന്നിവ അപൂർവ്വമായ അസാധാരണത്വമല്ല, പങ്കുവയ്ക്കപ്പെടുന്ന സാധാരണനില ആയിരുന്നെങ്കിൽ ലോകം എത്ര ആനന്ദമുള്ളതായേനെ! അതുകൊണ്ടാണ്, മനുഷ്യരാശിയുടെ ഏറ്റവും മോശമായ അവസ്ഥയുമായി നാം പലപ്പോഴും ഇടപെടേണ്ടിവരുന്ന ഈ നാടകീയ കാലഘട്ടത്തിൽ, സുകൃതചെയ്തികളെക്കുറിച്ചുള്ള അദ്ധ്യായം, എല്ലാവരും വീണ്ടും കണ്ടെത്തുകയും അഭ്യസിക്കുകയും ചെയ്യേണ്ടത്. നാം വാർത്തെടുക്കപ്പെട്ട രൂപം, എന്നന്നേക്കുമായി നമ്മിൽ പതിഞ്ഞിരിക്കുന്ന ദൈവത്തിൻറെ ഛായ, നമ്മൾ വികലമായ ഒരു ലോകത്തിൽ ഓർക്കണം.
പുണ്യത്തിന് ഒരു നിർവ്വചനം
എന്നാൽ സുകൃതം എന്ന ആശയത്തെ നമുക്ക് എങ്ങനെ നിർവ്വചിക്കാം? കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം നമുക്ക് കൃത്യവും സംക്ഷിപ്തവുമായ ഒരു നിർവ്വചനം നൽകുന്നു: "നൻമ ചെയ്യുന്നത് ശീലമാക്കിയ സുദൃഢ മനോഭാവമാണ് സുകൃതം" (N. 1803). അതിനാൽ, ഇത് ഒരു ഉപകഥാ രൂപേണ ആകാശത്ത് നിന്ന് പെട്ടെന്ന് പൊട്ടിവീഴുന്ന അപ്രതീക്ഷിതമായ, യാദൃശ്ചികമായ നന്മയല്ല. ചരിത്രം പറയുന്നത് കുറ്റവാളികൾ പോലും, സുബോധമുള്ള ഒരു നിമിഷത്തിൽ, സൽപ്രവൃത്തികൾ ചെയ്യുന്നുവെന്നാണ്; തീർച്ചയായും ഈ പ്രവൃത്തികൾ "ദൈവത്തിൻറെ പുസ്തകത്തിൽ" രേഖപ്പെടുത്തപ്പെട്ടിരിക്കുന്നുവെങ്കിലും പുണ്യം എന്നത് മറ്റൊന്നാണ്. വ്യക്തിയുടെ ആന്തരികസവിശേഷതയായി പരിണമിക്കുന്നതു വരെയുള്ള മന്ദഗതിയിലുള്ള പക്വതയാർജ്ജിക്കലിൽ നിന്ന് ജന്മംകൊള്ളുന്ന ഒരു നന്മയാണ്. പുണ്യം സ്വാതന്ത്ര്യത്തിൻറെ ഒരു ശീലമാണ്. ഓരോ പ്രവൃത്തിയിലും നാം സ്വതന്ത്രരാണെങ്കിൽ, ഓരോ തവണയും നന്മയ്ക്കും തിന്മയ്ക്കുമിടയിൽ ഒരു തിരഞ്ഞെടുപ്പുനടത്താൻ വിളിക്കപ്പെടുന്നെങ്കിൽ, ശരിയായ തിരഞ്ഞെടുപ്പുനടത്താനുള്ള ഒരു ശീലമുണ്ടാകാൻ നമ്മെ അനുവദിക്കുന്നത് പുണ്യമാണ്.
പുണ്യാർജ്ജനം എങ്ങനെ?
പുണ്യം ഇത്ര മനോഹരമായ ഒരു ദാനമാണെങ്കിൽ, ഉടൻ ഒരു ചോദ്യം ഉയർന്നുവരുന്നു: അത് എങ്ങനെ നേടാം? ഈ ചോദ്യത്തിനുള്ള ഉത്തരം ലളിതമല്ല, സങ്കീർണ്ണമാണ്. ക്രിസ്ത്യാനിയെ സംബന്ധിച്ചിടത്തോളം ആദ്യ സഹായം ദൈവകൃപയാണ്. വാസ്തവത്തിൽ, സ്നാനമേറ്റവരായ നമ്മിൽ പരിശുദ്ധാത്മാവ് പ്രവർത്തിക്കുന്നു, നമ്മുടെ ആത്മാവിനെ സുകൃതജീവിതത്തിലേക്കാനയിക്കുന്നതിനായി പ്രവർത്തിക്കുന്നു. തങ്ങളുടെ ചില ബലഹീനതകളെ മറികടക്കാൻ തങ്ങൾക്ക് കഴിയുന്നില്ലെന്ന് തിരിച്ചറിഞ്ഞ എത്രയോ ക്രിസ്ത്യാനികൾ കണ്ണീരിലൂടെ വിശുദ്ധി നേടിയിട്ടുണ്ട്! എന്നാൽ തങ്ങൾക്ക് ഒരു രേഖാചിത്രം മാത്രമായിരുന്ന ആ സൽപ്രവർത്തി ദൈവം പൂർത്തിയാക്കിയതായി അവർ അനുഭവിച്ചറിഞ്ഞു. കൃപ എപ്പോഴും നമ്മുടെ ധാർമ്മിക പ്രതിബദ്ധതയ്ക്ക് മുന്നേ പോകുന്നു.
പുണ്യം വളരുന്നു, വളർത്തിയെടുക്കുന്നു
കൂടാതെ, പുണ്യം വളരുന്നുവെന്നും വളർത്തിയെടുക്കാമെന്നും പറയുന്ന പൂർവ്വികരുടെ ജ്ഞാനത്തിൽ നിന്ന് നമുക്ക് ലഭിച്ച സമ്പന്നമായ പാഠം നാം ഒരിക്കലും മറക്കരുത്. ഇത് സംഭവിക്കുന്നതിന്, നാം യാചിക്കേണ്ട ആത്മാവിൻറെ ആദ്യത്തെ ദാനം ജ്ഞാനമാണ്. മനുഷ്യൻ, സുഖങ്ങളും വികാരങ്ങളും സഹജവാസനകളും അഭിനിവേശങ്ങളും കീഴടക്കുന്ന ഒരു സ്വതന്ത്ര പ്രദേശമല്ല, അവനിൽ കുടികൊള്ളുന്നതും ചിലപ്പോൾ അരാജകത്വം വാഴുന്നതുമായ ഈ ശക്തികൾക്കെതിരെ അവന് ഒന്നും ചെയ്യാൻ കഴിയാതെവരുന്നു. നമ്മുടെ കൈവശമുള്ള അമൂല്യമായ ഒരു ദാനം തുറന്ന മനസ്സാണ്, ജീവിതത്തെ നന്നായി നയിക്കാൻ തെറ്റുകളിൽ നിന്ന് എങ്ങനെ പഠിക്കാമെന്ന് അറിയുന്ന ജ്ഞാനമാണിത്. ഇനി നമുക്ക് വേണ്ടത് നല്ല ഇച്ഛാശക്തിയാണ്: നല്ലത് തിരഞ്ഞെടുക്കാനുള്ള കഴിവ്, തപോവൃത്തിയിലൂടെ സ്വയം രൂപപ്പെടുത്തൽ, അമിതത്വം ഒഴിവാക്കൽ. പ്രിയ സഹോദരീസഹോദരന്മാരേ, വെല്ലുവിളി നിറഞ്ഞതും എന്നാൽ നമ്മുടെ സന്തോഷത്തിന് നിർണ്ണായകവുമായ ഈ പ്രശാന്ത പ്രപഞ്ചത്തിൽ പുണ്യങ്ങളിലൂടെയുള്ള നമ്മുടെ യാത്ര ഇങ്ങനെ നമുക്കാരംഭിക്കാം.
ഈ വാക്കുകളെ തുടര്‍ന്ന് പാപ്പായുടെ, ഇറ്റാലിയന്‍ ഭാഷയിലായിരുന്ന, പ്രഭാഷണത്തിന്‍റെ സംഗ്രഹം ആംഗലവും അറബിയുമുള്‍പ്പെടെ വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെട്ടു.
സമാപനാഭിവാദ്യങ്ങൾ - നോമ്പുകാല യാത്രയിൽ മുന്നേറുക
പൊതുദർശനപരിപാടിയുടെ അവസാനം പാപ്പാ യുവതീയുവാക്കളെയും വൃദ്ധജനത്തെയും രോഗികളെയും നവദമ്പതികളെയും അഭിവാദ്യം ചെയ്തു. പ്രവർത്തിക്കാൻ ദൈവിക പരിപാലന വിളിക്കുന്നിടത്തെല്ലാം ക്രൈസ്തവ ഐക്യദാർഢ്യത്തിൻറെ കർമ്മങ്ങൾ നിർവ്വഹിച്ചുകൊണ്ട് നോമ്പുകാല യാത്രയിൽ പ്രതിബദ്ധതയോടെ തുടരാൻ പാപ്പാ എല്ലാവരേയും ക്ഷണിച്ചു.
യുദ്ധക്കെടുതികൾ അനുഭവിക്കുന്നവർക്കായി പ്രാർത്ഥിക്കുക
യുദ്ധത്തിൻറെ ഭീകരമായ അനന്തരഫലങ്ങൾ അനുഭവിക്കുന്നവർക്കായുള്ള തീക്ഷ്ണമായ പ്രാർത്ഥന തുടരാനും പാപ്പാ പ്രചോദനം പകർന്നു. യുദ്ധമുഖത്ത് മരിച്ചുവീണ ഒരു യുവ സൈനികൻറെ കൈവശമുണ്ടായിരുന്ന ഒരു സുവിശേഷവും ജപമാലയും ഈ പൊതുകൂടിക്കാഴ്ചാവേളയിൽ തനിക്ക് ലഭിച്ചത് സൂചിപ്പിച്ചുകൊണ്ട് നിരവധി യുവാക്കൾ മരണത്തിലേക്കു പോകുന്നത് അനുസ്മരിച്ചു.! എന്നും ഒരു തോൽവിയായ ഈ യുദ്ധ ഭ്രാന്തിനെ അതിജീവിക്കാനുള്ള കൃപ നൽകണമേ എന്ന് കർത്താവിനോട് പ്രാർത്ഥിക്കാൻ പാപ്പാ എല്ലാവരെയും ക്ഷണിക്കുകയും ചെയ്തു. തുടർന്ന് ലത്തീൻഭാഷയിൽ സ്വർഗ്ഗസ്ഥനായ പിതാവേ എന്ന കർത്തൃപ്രാർത്ഥന ആലപിക്കപ്പെട്ടു. അതിനു ശേഷം, പാപ്പാ, എല്ലാവർക്കും തൻറെ അപ്പൊസ്തോലികാശീർവ്വാദം നല്കി.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: