പാപ്പാ: നമുക്ക് പ്രാധാന്യം പ്രദാനം ചെയ്യുന്ന നല്ല ഇടയൻ, നമ്മെ സ്നേഹിക്കുന്നവൻ, യേശു!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
താപനില വർദ്ധിച്ചുകൊണ്ടിരുന്ന ഇറ്റലിയിലാകമാനം അത് പെട്ടെന്ന് താഴ്ന്ന ദിനങ്ങളാണിപ്പോൾ. എന്നിരുന്നാലും അർക്കാംശുക്കൾ നിർല്ലോഭം ചൊരിയപ്പെട്ട ഒരു ദിനമായിരുന്നു ഈ ഞായറാഴ്‌ച (21/04/24) റോമിൽ. ഫ്രാൻസീസ് പാപ്പാ, വത്തിക്കാനിൽ, ഞാറാഴ്ചകളിലെ പതിവനുസരിച്ച്, നയിച്ച പൊതുവായ മദ്ധ്യാഹ്നപ്രാർത്ഥനയിൽ പങ്കുകൊള്ളുന്നതിന്, വിവിധരാജ്യക്കാരായിരുന്ന ആയിരക്കണക്കിന് വിശ്വാസികൾ, വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ അങ്കണത്തിലും പരിസരത്തുമായി സന്നിഹിതരായിരുന്നു. പാപ്പാ ത്രികാലജപം നയിക്കുന്നതിന് പതിവുജാലകത്തിങ്കൽ പ്രത്യക്ഷപ്പെട്ടപ്പോൾ ജനസഞ്ചയത്തിൻറെ കരഘോഷവും ആനന്ദാരവങ്ങളും ഉയർന്നു. റോമിലെ സമയം ഉച്ചയ്ക്ക് 12 മണിക്ക്, ഇന്ത്യയിലെ സമയം, ഇന്ത്യയും ഇറ്റലിയും തമ്മിൽ ഇപ്പോഴുള്ള സമയവിത്യാസമനുസരിച്ച്, വൈകുന്നേരം 3,30-ന്, “സ്വർല്ലോകരാജ്ഞീ ആനന്ദിച്ചാലും” എന്നാരംഭിക്കുന്ന മദ്ധ്യാഹ്ന പ്രാർത്ഥന നയിക്കുന്നതിനു മുമ്പ് പാപ്പാ നടത്തിയ വിചിന്തനത്തിന് ആധാരം, ലത്തീൻറീത്തിൻറെ ആരാധനാക്രമനുസരിച്ച്, ഈ ഞായാറാഴ്ച (21/04/24) ദിവ്യബലി മദ്ധ്യേ വായിക്കപ്പെട്ട ദൈവവചന ഭാഗങ്ങളിൽ, യോഹന്നാൻറെ സുവിശേഷം പത്താം അദ്ധ്യായം, 11-18 വരെയുള്ള വാക്യങ്ങൾ (യോഹന്നാൻ 10:11-18) അതായത്, ആടുകൾക്കുവേണ്ടി ജീവൻ അർപ്പിക്കുന്ന നല്ലിടയൻ ആണ് താനെന്ന് യേശുനാഥൻ പ്രഖ്യാപിക്കുന്ന ഭാഗം, ആയിരുന്നു. പാപ്പാ ഇപ്രകാരം പറഞ്ഞു:
നല്ല ഇടയൻ
പ്രിയ സഹോദരീ സഹോദരന്മാരേ, നല്ല ഞായറാശംസകൾ!
ഈ ഞായറാഴ്ച നല്ല ഇടയനായ യേശുവിന് സമർപ്പിതമാണ്. ഇന്നത്തെ സുവിശേഷത്തിൽ (യോഹന്നാൻ 10:11-18 കാണുക) യേശു പറയുന്നു: "നല്ല ഇടയൻ ആടുകൾക്കുവേണ്ടി സ്വന്തം ജീവൻ കൊടുക്കുന്നു" (യോഹന്നാൻ 10:11) മൂന്നു പ്രാവശ്യം ആവർത്തിച്ചുകൊണ്ട് അവടിന്ന് ഈ മാനത്തിന് അത്രമാത്രം ഊന്നൽ നല്കുകയും ചെയ്യുന്നു (യോഹന്നാൻ 10: 11.15.17 വാക്യങ്ങൾ കാണുക). എന്നാൽ ഞാൻ സ്വയം ചോദിക്കുകയാണ്, ഏത് അർത്ഥത്തിലാണ് ഇടയൻ ആടുകൾക്ക് വേണ്ടി സ്വന്തം ജീവൻ കൊടുക്കുന്നത്?
ഇരവു പകലുകൾ അജഗണത്തോടൊപ്പം
ഒരു ഇടയനായിരിക്കുകയെന്നത്, വിശേഷിച്ച് ക്രിസ്തുവിൻറെ കാലത്ത്, ഒരു ജോലി മാത്രമായിരുന്നില്ല, അത് ഒരു മുഴുവൻ ജീവിതം തന്നെയായിരുന്നു: അത് ഒരു താൽക്കാലിക തൊഴിലായിരുന്നില്ല, മറിച്ച് മുഴുവൻ ദിനവും, അതായത്, ഇരവു പോലും, ആടുകളുമായി പങ്കിടുക, ജീവിക്കുക എന്നതായിരുന്നു, അവയുമൊത്ത് സഹവർത്തിത്വത്തിൽ കഴിയുകയെന്നതായിരുന്നുവെന്ന് പറയാൻ ഞാൻ ആഗ്രഹിക്കുന്നു. വാസ്‌തവത്തിൽ, ആടുകളെ ശ്രദ്ധിക്കാത്തവനായ ഒരു കൂലിപ്പണിക്കാരനല്ല (യോഹന്നാൻ 10:13), പ്രത്യുത ആടുകളെ അറിയുന്നവനാണ് (യോഹന്നാൻ 10:14) താനെന്ന് യേശു വിശദീകരിക്കുന്നു: അവന് ആടുകളെ അറിയാം. അത് അങ്ങനെയാണ്, അവിടന്ന്, നമ്മുടെ എല്ലാവരുടെയും ഇടയനായ കർത്താവ്, നമ്മെ, നാം ഓരോരുത്തരെയും അറിയുന്നു, നമ്മെ പേര് ചൊല്ലി വിളിക്കുന്നു, നാം വഴിതെറ്റുമ്പോൾ, നമ്മെ കണ്ടെത്തുന്നത് വരെ അവിടന്ന് നമ്മെ അന്വേഷിക്കുന്നു (ലൂക്കാ 15:4-5 കാണുക). അതിലുപരിയാണ്: യേശു അജഗണത്തിൻറെ ജീവിതത്തിൽ പങ്കുചേരുന്ന ഒരു നല്ല ഇടയൻ മാത്രമല്ല; നമുക്കുവേണ്ടി സ്വജീവൻ ബലിയർപ്പിക്കുകയും ഉയിർത്തെഴുന്നേല്ക്കുകയും തൻറെ ആത്മാവിനെ നമുക്ക് നൽകുകയും ചെയ്ത നല്ല ഇടയനാണ്.
നമ്മെക്കുറിച്ച് ചിന്തിക്കുകയും നമ്മെ സ്നേഹിക്കുകയും ചെയ്യുന്നവൻ
നല്ല ഇടയൻറെ പ്രതീകത്തിലൂടെ കർത്താവ് നമ്മോട് പറയാൻ ആഗ്രഹിക്കുന്നത് ഇതാണ്: അവൻ വഴികാട്ടിയും ആട്ടിൻകൂട്ടത്തിൻറെ തലവനും ആണെന്ന് മാത്രമല്ല, എല്ലാറ്റിനുമുപരിയായി അവൻ നമ്മെ ഓരോരുത്തരെയും കുറിച്ച് ചിന്തിക്കുകയും നമ്മെ സ്നേഹിക്കുകയും ചെയ്യുന്നു. നമുക്ക് ഇതിനെക്കുറിച്ച് ചിന്തിക്കാം: ക്രിസ്തുവിന് ഞാൻ പ്രധാനപ്പെട്ടവനാണ്, അവിടന്ന് എന്നെക്കുറിച്ച് ചിന്തിക്കുന്നു, ഞാൻ പകരം വയ്ക്കാനാവാത്തവനാണ്, അവിടത്തെ ജീവൻറെ അനന്തമായ വിലയുടെ മതിപ്പുള്ളവനാണ് ഞാൻ. ഇത് വെറുതെ പറയുന്നതല്ല: അവിടന്ന്, സത്യമായും, എനിക്കുവേണ്ടി സ്വന്തം ജീവൻ നൽകി, എനിക്കുവേണ്ടി മരിക്കുകയും ഉയിർത്തെഴുന്നേല്ക്കുകയും ചെയ്തു. എന്തുകൊണ്ട്? കാരണം അവിടന്ന് എന്നെ സ്നേഹിക്കുന്നു, ഞാൻ പലപ്പോഴും കാണാത്ത ഒരു സൗന്ദര്യം അവിടന്ന് എന്നിൽ ദർശിക്കുന്നു.
നമ്മുടെ മൂല്യം തിരിച്ചറിയാത്തവർ നമ്മൾ
സഹോദരീസഹോദരന്മാരേ, ഇന്ന് എത്രയോ പേർ അപര്യാപ്തരോ തെറ്റുപറ്റിയയവരോ ആയി സ്വയം കരുതുന്നു! നമുക്ക് നേടിയെടുക്കാൻ കഴിയുന്ന ലക്ഷ്യങ്ങളെയും ലോകത്തിൻറെ ദൃഷ്ടിയിലുള്ള നമ്മുടെ വിജയത്തെയും മറ്റുള്ളവരുടെ വിധിന്യായങ്ങളെയും ആശ്രയിച്ചിരിക്കുന്നു നമ്മുടെ മൂല്യമെന്ന് എത്രയോ തവണ ചിന്തിക്കുന്നു! നിസ്സാര കാര്യങ്ങളുടെ പിന്നാലെ നാം എത്രയോ തവണ പോയിരിക്കുന്നു! ഇന്ന് യേശു നമ്മോട് പറയുന്നു, നാം എപ്പോഴും അവനു വളരെ വിലപ്പെട്ടവരാണെന്ന്. ആകയാൽ, നമ്മെത്തന്നെ വീണ്ടും കണ്ടെത്തുന്നതിന്, ആദ്യം ചെയ്യേണ്ടത് നമ്മെത്തന്നെ അവൻറെ സാന്നിധ്യത്തിൽ ആക്കുകയെന്നതാണ്, നമ്മുടെ നല്ല ഇടയൻറെ സ്നേഹനിർഭരമായ കരങ്ങളാൽ സ്വാഗതചെയ്യപ്പെടാനും ഉയർത്തപ്പെടാനും നമ്മെ വിട്ടുകൊടുക്കുകയാണ്.
യേശുവിന് നാം പ്രധാനപ്പെട്ടവർ
സഹോദരീ സഹോദരന്മാരേ, ആകയാൽ നമുക്ക് സ്വയം ചോദിക്കാം: എൻറെ ജീവിതത്തിന് മൂല്യം നൽകുന്ന സുനിശ്ചിതത്വത്തെ ആശ്ലേഷിക്കാൻ അനുദിനം ഒരു നിമിഷം കണ്ടെത്താൻ എനിക്കറിയാമോ? ക്രിസ്തുവിൻറെ സന്നിധിയിൽ ആയിരിക്കാനും അവിടന്നിനാൽ തഴുകപ്പെടുന്നതിന് എന്നെത്തന്നെ വിട്ടുകൊടുക്കാനും അനുവദിക്കുന്ന പ്രാർത്ഥനയുടെയും ആരാധനയുടെയും സ്തുതിയുടെയും ഒരു നിമിഷം കണ്ടെത്താൻ എനിക്കറിയാമോ? സഹോദരാ, സഹോദരീ, നീ അത് ചെയ്താൽ, നിൻറെ ജീവിത രഹസ്യം നീ വീണ്ടും കണ്ടെത്തുമെന്ന് നല്ല ഇടയൻ നമ്മോട് പറയുന്നു: അവിടന്ന് നിനക്കായി, എനിക്കായി, നമുക്കെല്ലാവർക്കും വേണ്ടി സ്വജീവൻ നൽകിയതായി നീ ഓർക്കും. കൂടാതെ, നമ്മൾ, നമോരോരുത്തരും, നാമെല്ലാവരും അവനു പ്രധാനപ്പെട്ടവരാണ്. ജീവിതത്തിന് അത്യന്താപേക്ഷിതമായത് യേശുവിൽ കണ്ടെത്താൻ നമ്മുടെ പിരിശുദ്ധ അമ്മ നമ്മെ സഹായിക്കട്ടെ.
ഈ വാക്കുകളെ തുടർന്ന് പാപ്പാ, ഉയിർപ്പുദിനം മുതൽ പെന്തക്കൂസ്താതിരുന്നാൾ വരെ മദ്ധ്യാഹ്നപ്രാർത്ഥനാ വേളയിൽ ചൊല്ലപ്പെടുന്ന “സ്വർല്ലോകരാജ്ഞീ ആനന്ദിച്ചാലും” എന്നാരംഭിക്കുന്ന ത്രികാലജപം നയിക്കുകയും ആശീർവ്വാദം നല്കുകയും ചെയ്തു.
ആശീർവ്വാദാനന്തര അഭിവാദ്യങ്ങൾ -ലോക ദൈവവിളി പ്രാർത്ഥനാദിനം
നല്ല ഇടയൻറെ തിരുന്നാൾ ആചരിക്കപ്പെട്ട ഈ ഞായറാഴ്‌ച (21/04/24) ലോക ദൈവവിളി പ്രാർത്ഥനാദിനം ആചരിക്കപ്പെട്ടത് പാപ്പാ ആശീർവ്വാദാനന്തരം അനുസ്മരിച്ചു. "പ്രത്യാശ വിതയ്ക്കാനും സമാധാനം കെട്ടിപ്പടുക്കാനും വിളിക്കപ്പെട്ടവർ" എന്ന പ്രമേയം ഈ ദിനാചരണം സ്വീകരിച്ചിരുന്നതിനെക്കുറിച്ച് പരാമർശിച്ച പാപ്പാ സുവിശേഷ ശുശ്രൂഷയിൽ സിദ്ധികളുടെയും വിളികളുടെയും ബഹുസ്വരതയാൽ സവിശേഷതയാർന്ന ഒരു സമൂഹമായി സഭയെ വീണ്ടും കണ്ടെത്താനുള്ള മനോഹരമായ അവസരമാണ് ഈ ദൈവവിളിപ്രാർത്ഥനാദിനം എന്ന് പറഞ്ഞു. ശനിയാഴ്ച (20/04/24) വിശുദ്ധ പത്രോസിൻറെ ബസിലിക്കയിൽ വച്ച് റോം രൂപതയ്ക്കുവേണ്ടി പൗരോഹിത്യം സ്വീകരിച്ച നവവൈദികർക്ക് പാപ്പാ, ഹൃദയംഗമമായ ആശംസകൾ നേരുകയും അവർക്ക് വേണ്ടി പ്രാർത്ഥിക്കാൻ എല്ലാവരെയും ക്ഷണിക്കുകയും ചെയ്തു.
നടമാടുന്ന സംഘർഷങ്ങളിൽ ആശങ്കയും വേദനയും
തുടർന്ന്, മദ്ധ്യപൂർവ്വദേശത്തെ അവസ്ഥയിൽ തനിക്കുള്ള ആശങ്കയും വേദനയും പാപ്പാ പ്രകടിപ്പിച്ചു. പ്രതികാരത്തിൻറെയും യുദ്ധത്തിൻറെയും യുക്തിക്ക് വഴങ്ങരുതെന്ന തൻറെ അഭ്യർത്ഥന നവീകരിച്ച പാപ്പാ പലതും ചെയ്യാൻ കഴിയുന്ന സംഭാഷണത്തിൻറെയും നയതന്ത്രജ്ഞതയുടെയും വഴികൾ പ്രബലപ്പെടട്ടെയെന്ന് ആശംസിച്ചു. പലസ്തീനിലും ഇസ്രായേലിലും സമാധാനം സംജാതമാകുന്നതിനുള്ള പ്രാർത്ഥന താൻ എല്ലാ ദിവസവും തുടരുന്നുവെന്ന് വെളിപ്പെടുത്തിയ പാപ്പാ ആ രണ്ട് ജനതകളുടെയും സഹനങ്ങൾക്ക് ഉടൻ തന്നെ അവസാനമുണ്ടാകുമെന്ന പ്രത്യാശ പ്രകടിപ്പിച്ചു. യുദ്ധം മൂലം ഏറെ യാതനകളനുഭവിക്കുന്ന ഉക്രൈയിനെ മറന്നുപോകരുതെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.
വൈദികൻ പെത്തിനാറി, “അക്ഷീണ പ്രേഷിതൻ”
ഐവറി കോസ്റ്റിലെ പ്രേഷിതവൈദികൻ മത്തേയൊ പെത്തിനാറിയുടെ അപകടമരണത്തിൽ പാപ്പാ തൻറെ വേദനയറിയിച്ചു. സമാശ്വാസനാഥയുടെ നാമത്തിലുള്ള സമൂഹത്തിലെ അംഗമായിരുന്ന യുവപ്രേഷിതനായിരുന്ന പെത്തിനാറി ഉദാരമായ സേവനത്തിൻറെ മഹത്തായ സാക്ഷ്യമേകിയ വ്യക്തിയും തളരാത്ത പ്രേഷിതനും ആയിരുന്നുവെന്ന് പാപ്പാ അനുസ്മരച്ചു.
സമാപനാഭിവാദ്യം
ചത്വരത്തിൽ സന്നിഹിതരായിരുന്ന, ഇറ്റലിക്കാരും ലോകത്തിൻറെ ഇതര ഭാഗങ്ങളിൽ നിന്ന് എത്തിയിരുന്നവരുമായ തീർത്ഥാടകർക്കും സന്ദർശകർക്കും ത്രികാലപ്രാർത്ഥനാപരിപാടിയുടെ അവസാനം അഭിവാദ്യമർപ്പിച്ച പാപ്പാ, എല്ലാവർക്കും നല്ലൊരു ഞായർ ആശംസിക്കുകയും തനിക്കു വേണ്ടി പ്രാർത്ഥിക്കാൻ മറക്കരുതെന്ന പതിവ് അഭ്യർത്ഥന നവീകരിക്കുകയും ചെയ്തു. തുടർന്ന് പാപ്പാ സകലർക്കും നല്ല ഒരു ഉച്ചവിരുന്ന് നേരുകയും വീണ്ടും കാണാമെന്നു പറയുകയും ചെയ്തുകൊണ്ട് ജാലകത്തിങ്കൽ നിന്നു പിൻവാങ്ങി.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: