നിരർത്ഥക സന്ദേശങ്ങളല്ല, ഉത്ഥിതനായ യേശുവുമായുള്ള നമ്മുടെ കൂടിക്കാഴ്ചയെന്ന സുന്ദര വാർത്ത പങ്കുവയ്ക്കാം, പാപ്പാ!

ഫ്രാൻസീസ് പാപ്പായുടെ ഞായറാഴ്ചത്തെ മദ്ധ്യാഹ്നപ്രാർത്ഥനാ സന്ദേശം: ആയിരക്കണക്കിനു സന്ദേശങ്ങൾ നമ്മിൽ വർഷിക്കപ്പെടുന്നു. അവയിൽ പലതും പലതും ഉപരിപ്ലവവും ഉപയോഗശൂന്യവുമാണ്. എന്നാൽ നാം സാസാരിക്കേണ്ടതും പങ്കുവയ്ക്കേണ്ടതുമായ ഏറ്റവും മനോഹരമായ കാര്യം കർത്താവുമായുള്ള നമ്മുടെ കൂടിക്കാഴ്ചയാണ്.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

റോമിൽ താപനില വർദ്ധിച്ചുകൊണ്ടിരിക്കുന്ന ദിനങ്ങളാണിപ്പോൾ. മദ്ധ്യാഹ്നത്തിൽ ചൂട് 30 ഡിഗ്രി സെൽഷ്യസ് വരെ എത്തിയിരിക്കുന്നു. ഈ ഞായറാഴ്‌ചയും (14/04/24) അതിനൊരപവാദമായിരുന്നില്ല. എന്നിരുന്നാലും  ഫ്രാൻസീസ് പാപ്പാ, വത്തിക്കാനിൽ, ഞാറാഴ്ചകളിലെ പതിവനുസരിച്ച്, നയിച്ച പൊതുവായ മദ്ധ്യാഹ്നപ്രാർത്ഥനയിൽ പങ്കുകൊള്ളുന്നതിന്, വിവിധരാജ്യക്കാരായിരുന്ന ആയിരക്കണക്കിന് വിശ്വാസികൾ, വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ അങ്കണത്തിലും പരിസരത്തുമായി സന്നിഹിതരായിരുന്നു. പാപ്പാ ത്രികാലജപം നയിക്കുന്നതിന് പതിവുജാലകത്തിങ്കൽ പ്രത്യക്ഷപ്പെട്ടപ്പോൾ ജനസഞ്ചയത്തിൻറെ കരഘോഷവും ആനന്ദാരവങ്ങളും ഉയർന്നു. റോമിലെ സമയം ഉച്ചയ്ക്ക് 12 മണിക്ക്, ഇന്ത്യയിലെ സമയം, ഇന്ത്യയും ഇറ്റലിയും തമ്മിൽ ഇപ്പോഴുള്ള സമയവിത്യാസമനുസരിച്ച്, വൈകുന്നേരം 3,30-ന്,  “സ്വർല്ലോകരാജ്ഞീ ആനന്ദിച്ചാലും” എന്നാരംഭിക്കുന്ന മദ്ധ്യാഹ്ന പ്രാർത്ഥന നയിക്കുന്നതിനു മുമ്പ് പാപ്പാ നടത്തിയ വിചിന്തനത്തിന് ആധാരം, ലത്തീൻറീത്തിൻറെ ആരാധനാക്രമനുസരിച്ച്, ഈ ഞായാറാഴ്ച (14/04/24) ദിവ്യബലി മദ്ധ്യേ വായിക്കപ്പെട്ട ദൈവവചന ഭാഗങ്ങളിൽ, ലൂക്കായുടെ സുവിശേഷം ഇരുപത്തിനാലാം അദ്ധ്യായം, 35-48 വരെയുള്ള വാക്യങ്ങൾ (ലൂക്കാ 24,35-48) അതായത്, ഉത്ഥിതൻ ശിഷ്യന്മാരുടെ മുന്നിൽ വീണ്ടും പ്രത്യക്ഷനാകുന്നതും ഭൂതമാണെന്നു കരുതി ഭയന്ന അവരെ ഭയവിമുക്തരാക്കുന്നതിന് അവിടന്ന് അവരിൽ നിന്ന് ഭക്ഷണം മേടിച്ചു കഴിക്കുന്നതും തിരുലിഖിതങ്ങൾ ഗ്രഹിക്കത്തക്കവിധം അവരുടെ മനസ്സു തുറക്കുന്നതും പാപമോചനത്തിനുള്ള അനുതാപം ജറുസലേമിൽ നിന്നു തുടങ്ങി സകല ജനതകളോടും പ്രഘോഷിക്കപ്പെടേണ്ടിയിരിക്കുന്നുവെന്ന് അവരോടു പറയുന്നതുമായ കാര്യങ്ങളെക്കുറിച്ചു വിവരിക്കുന്ന ഭാഗം, ആയിരുന്നു. പാപ്പാ ഇറ്റാലിയൻ ഭാഷയിൽ നടത്തിയ പ്രഭാഷണം ഇപ്രകാരമായിരുന്നു:  

ഉത്ഥാനദിന സായാഹ്നം

പ്രിയ സഹോദരീ സഹോദരന്മാരേ, ശുഭദിനം, നല്ല ഞായറാശംസകൾ!

ഇന്ന് സുവിശേഷം നമ്മെ ഉത്ഥാനദിന സായാഹ്നത്തിലേക്ക് തിരികെ കൊണ്ടുപോകുന്നു. തങ്ങൾ എമ്മാവൂസിൽ നിന്ന് മടങ്ങിയെത്തുമ്പോൾ സെഹിയോൻ ശാലയിൽ കൂടിയിരിക്കുകയായിരുന്ന അപ്പോസ്തലന്മാരോട് രണ്ട് ശിഷ്യന്മാർ തങ്ങൾ യേശുവിനെ കണ്ടുമുട്ടിയ സംഭവം വിവരിക്കുന്നു. അവർ തങ്ങൾക്കുണ്ടായ അനുഭവത്തിൻറെ സന്തോഷം പ്രകടിപ്പിച്ചുകൊണ്ടിരിക്കുമ്പോൾ, ഉത്ഥിതൻ ആ സമൂഹത്തിന് മുന്നിൽ പ്രത്യക്ഷപ്പെടുന്നു. അവർ അവിടന്നുമായുള്ള കൂടിക്കാഴ്ചയുടെ കഥ പങ്കുവെക്കുന്ന സമയത്താണ് യേശു എത്തുന്നത്. പങ്കുവയ്ക്കുകയെന്നത് നല്ലതാണെന്നും വിശ്വാസം പങ്കുവയ്ക്കുക സുപ്രധാനമാണെന്നും ചിന്തിക്കാൻ ഇതെന്നെ പ്രേരിപ്പിക്കുന്നു. ഉത്ഥിതനായ യേശുവിലുള്ള വിശ്വാസം പങ്കുവയ്ക്കേണ്ടതിൻറെ പ്രാധാന്യത്തെക്കുറിച്ച് ഈ ആഖ്യാനം നമ്മെ ചിന്തിപ്പിക്കുന്നു.

നാം പങ്കുവയ്ക്കേണ്ടത് എന്താണ്?

ഓരോ ദിവസവും ആയിരക്കണക്കിനു സന്ദേശങ്ങൾ നമ്മിൽ വർഷിക്കപ്പെടുന്നു. പലതും ഉപരിപ്ലവവും ഉപയോഗശൂന്യവുമാണ്, മറ്റുള്ളവ വിവേചനരഹിതമായ ജിജ്ഞാസ വെളിപ്പെടുത്തുന്നു അല്ലെങ്കിൽ അതിലും മോശമായി, അവ പരദൂഷണത്തിലും ദ്രോഹചിന്തയിലും നിന്ന് ജന്മംകൊള്ളുന്നു. അവ പ്രയോചനരഹിത വൃത്താന്തങ്ങളാണ്, അതിലുപരി, ദോഷകരവും. എന്നാൽ നല്ലതും ഭാവാത്മകവും ക്രിയാത്മകവുമായ വാർത്തകളും ഉണ്ട്, സൽക്കാര്യങ്ങൾ പറയുന്നത് കേൾക്കുന്നത് എത്ര നല്ലതാണെന്നും അത് സംഭവിക്കുമ്പോൾ നമുക്ക് എത്രമാത്രം സുഖം തോന്നുവെന്നും നമുക്കെല്ലാവർക്കും അറിയാം. നല്ലതായാലും മോശമായാലും നമ്മുടെ ജീവിതത്തെ സ്പർശിച്ച യാഥാർത്ഥ്യങ്ങൾ മറ്റുള്ളവരെ സഹായിക്കുന്നതിനായി പങ്കുവെക്കുന്നതും സുന്ദരമാണ്.

നാം പറയാൻ മടിക്കുന്നത് എന്താണ്?

എങ്കിലും നമ്മൾ പലപ്പോഴും സംസാരിക്കാൻ പാടുപെടുന്ന ഒരു കാര്യമുണ്ട്. എന്തിനെക്കുറിച്ച് സംസാരിക്കാനാണ് നാം പാടുപെടുന്നത്?, നമ്മൾ സംസാരിക്കേണ്ട ഏറ്റവും മനോഹരമായ കാര്യം ഇതാണ്: കർത്താവുമായുള്ള നമ്മുടെ കൂടിക്കാഴ്ച. നാമോരോരുത്തരും കർത്താവുമായി കണ്ടുമുട്ടിയിട്ടുണ്ട്, അതിനെക്കുറിച്ച് സംസാരിക്കാൻ നാം ബദ്ധിമുട്ടുകയും ചെയ്യുന്നു. നമുക്കോരോരുത്തർക്കും ഇതിനെക്കുറിച്ച് ധാരാളം പറയാൻ കഴിയും: കർത്താവ് നമ്മെ സ്പർശിച്ചതെങ്ങനെയെന്ന് കാണുകയും  അത് പങ്കുവയക്കുകയും ചെയ്യുക: മറ്റുള്ളവരെ പഠിപ്പിച്ചുകൊണ്ടല്ല, മറിച്ച്, നമ്മുടെ ഹൃദയത്തിൽ ആനന്ദാഗ്നി കൊളുത്തുകയോ കണ്ണീർ തുടയ്ക്കുകയോ ചെയ്തവനും വിശ്വാസവും സാന്ത്വനവും ശക്തിയും അഭിനിവേശവും പകർന്നുതന്നവനും, അല്ലെങ്കിൽ, മാപ്പും ആർദ്രതയുമേകിയവനുമായ  കർത്താവിനെ മനസ്സിലാക്കിയ അതുല്യമായ നിമിഷങ്ങൾ പങ്കിടുന്നതിലൂടെ. നമ്മൾ ഓരോരുത്തരും യേശുവുമായി നടത്തിയ ഈ കൂടിക്കാഴ്ചകൾ പങ്കുവെക്കുകയും സംവേദനം ചെയ്യുകയും വേണം. കുടുംബത്തിലും സമൂഹത്തിലും സുഹൃത്തുക്കളുമായും ഇത് ചെയ്യുക പ്രധാനമാണ്. ജീവിതത്തിൽ നമ്മെ നയിച്ച നല്ല പ്രചോദനങ്ങളെക്കുറിച്ചും മുന്നോട്ട് പോകാൻ നമ്മെ വളരെയധികം സഹായിക്കുന്ന നല്ല ചിന്തകളെയും വികാരങ്ങളെയും കുറിച്ചും സംസാരിക്കുന്നത് നല്ലതാണ്, അതുപോലെ തന്നെ വിശ്വാസ ജീവിതത്തിൽ മനസ്സിലാക്കാനും മുന്നേറാനും, കൂടാതെ, അനുതപിക്കാനും നമ്മുടെ കാലടികൾ വീണ്ടും കണ്ടെത്താനും പോലും നാം നടത്തുന്ന പരിശ്രമങ്ങളെയും കഷ്ടപ്പാടുകളെയും കുറിച്ച് സംസാരിക്കുന്നതും നല്ലതാണ്. നാം ഇത് ചെയ്താൽ, ഉത്ഥാന സായാഹ്നത്തിൽ എമ്മാവൂസിലെ ശിഷ്യന്മാർക്ക് സംഭവിച്ചതുപോലെ, യേശു നമ്മെ അത്ഭുതപ്പെടുത്തുകയും നമ്മുടെ കൂടിക്കാഴ്ചകളും നമ്മുടെ ചുറ്റുപാടുകളും കൂടുതൽ മനോഹരമാക്കുകയും ചെയ്യും.

യേശുവുമായുള്ള നമ്മുടെ കൂടിക്കാഴ്ച ഓർത്തിരിക്കുക 

അതിനാൽ, നമ്മുടെ ജീവിതത്തിലെ ശക്തമായ ഒരു നിമിഷം, യേശുവുമായുണ്ടായ നിർണ്ണായക കൂടിക്കാഴ്ച  നമുക്ക് ഓർക്കാൻ ശ്രമിക്കാം. ഓരോരുത്തർക്കും അതുണ്ടായിട്ടുണ്ട്. നാമോരോരുത്തരും കർത്താവുമായി കണ്ടുമുട്ടിയിട്ടുണ്ട്. നമുക്ക് അൽപ്പം മൗനം പാലിക്കാം: ഞാൻ എപ്പോഴാണ് കർത്താവിനെ കണ്ടെത്തിയത്? എപ്പോഴാണ് കർത്താവ് എൻറെ അടുത്ത് വന്നത്? നിശബ്ദമായി ചിന്തിക്കാം. കർത്താവുമായുള്ള ഈ കൂടിക്കാഴ്ച ഞാൻ കർത്താവിനെ മഹത്വപ്പെടുത്തുന്നതിനായി പങ്കുവച്ചോ? കൂടാതെ, യേശുവുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് മറ്റുള്ളവർ എന്നോട് പറയുമ്പോൾ ഞാൻ അത് ശ്രദ്ധിച്ചിട്ടുണ്ടോ? നമ്മുടെ സമൂഹങ്ങളെ കർത്താവുമായുള്ള കൂടിക്കാഴ്ച വേദികളാക്കി എന്നും കൂടുതൽ മാറ്റുന്നതിന് വിശ്വാസം പങ്കുവയ്ക്കാൻ പരിശുദ്ധ മാതാവ് നമ്മെ സഹായിക്കട്ടെ.           

ഈ വാക്കുകളെ തുടർന്ന് പാപ്പാ, ഉയിർപ്പുദിനം മുതൽ പെന്തക്കൂസ്താതിരുന്നാൾ വരെ മദ്ധ്യാഹ്നപ്രാർത്ഥനാ വേളയിൽ ചൊല്ലപ്പെടുന്ന “സ്വർല്ലോകരാജ്ഞീ ആനന്ദിച്ചാലും” എന്നാരംഭിക്കുന്ന ത്രികാലജപം നയിക്കുകയും ആശീർവ്വാദം നല്കുകയും ചെയ്തു.  

ആശീർവ്വാദാനന്തര അഭിവാദ്യങ്ങൾ -ഇറാൻറെ  ആക്രമണത്തിൽ ആശങ്ക

ഇറാൻറെ സൈനികഇടപെടൽ മൂലം ഇസ്രയേലിൽ സ്ഥിതിഗതികൾ വഷളായതിനെക്കുറിച്ച്  ലഭിച്ചുകൊണ്ടിരിക്കുന്ന വാർത്തകൾ താൻ ശ്രവിക്കുന്നത് പ്രാർത്ഥനയോടും വേദനയോടും ആശങ്കയോടുംകൂടിയാണെന്ന് പാപ്പാ വെളിപ്പടുത്തി. മദ്ധ്യപൂർവ്വദേശത്തെ വലിയൊരു സായുധസംഘർഷത്തിലേക്ക് വലിച്ചിഴയ്‌ക്കുന്ന അപകടസാദ്ധ്യതയുള്ള അക്രമത്തെ ഊട്ടിവളർത്തുന്ന എല്ലാ പ്രവർത്തനങ്ങളും നിർത്താൻ പാപ്പാ ഹൃദയംഗമമായി അഭ്യർത്ഥിച്ചു. അപരൻറെ നിലനിൽപ്പിനെ ആരും ഭീഷണിപ്പെടുത്തരുതെന്നും, മറിച്ച്, എല്ലാ രാഷ്ട്രങ്ങളും സമാധാനത്തിനായി നിലകൊള്ളണമെന്നും രണ്ടു അയൽ രാഷ്ട്രങ്ങളിലായി സുരക്ഷിതരായി ജീവിക്കാൻ ഇസ്രായേൽക്കാരെയും പലസ്തീൻകാരെയും സഹായിക്കണമെന്നും ഓർമ്മിപ്പിച്ച പാപ്പാ അത് അവരുടെ അഗാധവും ന്യായവുമായ അഭിലാഷവും അവകാശവുമാണെന്ന് പറഞ്ഞു.

ഗാസയിൽ വെടിനിറുത്തലിനായി അഭ്യർത്ഥന

ഗാസയിൽ എത്രയും വേഗം വെടിനിർത്തൽ ഉണ്ടാകട്ടെയെന്നും കൂടിയാലോചനകളുടെ മാർഗ്ഗങ്ങൾ നിശ്ചയ ദാർഢ്യത്തോടെ പിൻചെല്ലാൻ കഴിയട്ടെയെന്നും പാപ്പാ ആശംസിച്ചു. ഒരു മാനവദുരന്തത്തിൽ നിപതിച്ചിരിക്കുന്ന ആ ജനതയ്ക്ക് സഹായഹസ്തം നീട്ടേണ്ടതിൻറെ ആവശ്യകത പാപ്പാ ചൂണ്ടിക്കാട്ടി. മാസങ്ങൾക്കു മുമ്പ് തട്ടിക്കൊണ്ടുപോയി ബന്ദികളാക്കിയരിക്കുന്നവരുടെ മോചനവും പാപ്പാ വീണ്ടും അഭ്യർത്ഥിച്ചു. വളരെ വലുതായ സഹനത്തിൻറെ ഈ വേളയിൽ സമാധാനത്തിനായി പ്രാർത്ഥിക്കാൻ പാപ്പാ എല്ലാവരെയും ക്ഷണിച്ചു. യുദ്ധം മതിയാക്കുക, അക്രമങ്ങൾ അവസാനിപ്പിക്കുക, ആക്രമണങ്ങൾ നിറുത്തുക, സംഭാഷണത്തിനും സമാധനത്തിനും വഴിതുറക്കുക, പാപ്പാ ആവർത്തിച്ചു. പാപ്പാ

പാപ്പാ കുഞ്ഞുങ്ങളോട്

ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയിരുന്ന കുട്ടികളെ പാപ്പാ വാത്സല്യത്തോടെ അഭിവാദ്യം ചെയ്തു. കുട്ടികളുടെ പ്രഥമ ലോകദിനം ഇക്കൊല്ലം മെയ് 25-26 തീയതികളിൽ സഭ ആചരിക്കുന്നതിൻറെ ഒരു ഓർമ്മപ്പെടുത്തലുമായിട്ടാണ് അവർ എത്തിയിരിക്കുന്നതെന്ന് പാപ്പാ പറഞ്ഞു. ഈ ലോകസമാഗമത്തിനായി പ്രാർത്ഥനാപൂർവ്വം ഒരുങ്ങാൻ പാപ്പാ എല്ലാവരെയും ക്ഷണിച്ചു. താൻ കുട്ടികളെ പാർത്തിരിക്കയാണെന്നും സന്തോഷവും മെച്ചപ്പെട്ടതും സമാധാനം വാഴുന്നതുമായ ഒരു ലോകത്തിനായുള്ള അവരുടെ അഭിലാഷവും ഇന്ന് നമുക്കെല്ലാവർക്കും ആവശ്യമുണ്ടെന്നും പറഞ്ഞ പാപ്പാ ഉക്രൈയിനിലും ഇസ്രായേലിലും പലസ്തീനിലും മ്യന്മാറിലും ലോകത്തിൻറെ ഇതര ഭാഗങ്ങളിലും യുദ്ധം മൂലം കഷ്ടപ്പെടുന്ന നിരവധിയായ കുഞ്ഞുങ്ങൾക്കായി പ്രാർത്ഥിക്കാൻ എല്ലാവരെയും ക്ഷണിച്ചു.

സമാപനാഭിവാദ്യം

ചത്വരത്തിൽ സന്നിഹിതരായിരുന്ന, ഇറ്റലിക്കാരും ലോകത്തിൻറെ ഇതര ഭാഗങ്ങളിൽ നിന്ന് എത്തിയിരുന്നവരുമായ തീർത്ഥാടകർക്കും സന്ദർശകർക്കും ത്രികാലപ്രാർത്ഥനാപരിപാടിയുടെ അവസാനം അഭിവാദ്യമർപ്പിച്ച പാപ്പാ, എല്ലാവർക്കും നല്ലൊരു ഞായർ ആശംസിക്കുകയും തനിക്കു വേണ്ടി  പ്രാർത്ഥിക്കാൻ മറക്കരുതെന്ന പതിവ് അഭ്യർത്ഥന നവീകരിക്കുകയും ചെയ്തു. തുടർന്ന് പാപ്പാ സകലർക്കും നല്ല ഒരു ഉച്ചവിരുന്ന് നേരുകയും വീണ്ടും കാണാമെന്നു പറയുകയും ചെയ്തുകൊണ്ട് ജാലകത്തിങ്കൽ നിന്നു പിൻവാങ്ങി

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

15 April 2024, 11:46

സ്വര്‍ല്ലോക രാജ്ഞീ! എന്ന ത്രികാലപ്രാര്‍ത്ഥന
 

ദൈവമാതാവിനെക്കുറിച്ചുള്ള 4 പ്രഭണിതങ്ങളില്‍ ഒന്നാണ് സ്വര്‍ല്ലോക രാജ്ഞീ! സ്വസ്തീ രാജ്ഞീ!, സ്വസ്തീ സ്വര്‍ല്ലോക റാണി, സ്വര്‍ല്ലോക രാജ്ഞിയേ, വാഴ്ക!, രക്ഷകന്നമ്മേ വാഴ്ക! എന്നിവയാണ് ലത്തീന്‍ ഭാഷയിലുള്ള വിഖ്യാതമായ 4 പ്രഭണിതങ്ങള്‍ (4 Marian Atiphons :Alma Redemptoris Mater,  l’Ave Regina Coelorum e il Salve Regina).

ത്രികാലപ്രാര്‍ത്ഥ സ്വര്‍ല്ലോക രാജ്ഞിയേ! എന്ന പ്രഭണിതം ഈസ്റ്റര്‍ കാലത്ത് കര്‍ത്താവിന്‍റെ മാലാഖ (Angelus Domini….) എന്ന പ്രാര്‍ത്ഥനയ്ക്ക് പകരമായി ആദ്യം ഉപയോഗിച്ചത് 1742-ല്‍ ബെനഡിക്ട് 14-Ɔമന്‍ പാപ്പായായിരുന്നു. ആ വര്‍ഷത്തെ ഈസ്റ്റര്‍ ഞായറാഴ്ചത്തെ ത്രികാലപ്രാര്‍ത്ഥന മുതല്‍ തുടര്‍ന്നുള്ള പെന്തക്കോസ്താ മഹോത്സവംവരെ സ്വര്‍ല്ലോക രാജ്ഞിയേ.. എന്ന പ്രഭണിതം ഉപയോഗത്തില്‍ കൊണ്ടുവന്നു. മരണത്തിന്മേലുള്ള ക്രിസ്തുവിന്‍റെ ആത്മീയവിജയം പ്രഘോഷിക്കുന്നതായിട്ടാണ് ഈ മാറ്റത്തെ പുണ്യശ്ലോകനായ പാപ്പാ വ്യാഖ്യാനിച്ചത്. പെസഹാക്കാലത്തെ ദിനങ്ങളില്‍ മൂന്നു നേരവും സ്വര്‍ല്ലോക രാജ്ഞിയേ! എന്ന പ്രാര്‍ത്ഥനചൊല്ലുന്ന പതിവിന് അങ്ങനെ തുടക്കമായി. ഇതുവഴി ആ ദിവസം മറിയത്തിലൂടെ ദൈവത്തിനു സമര്‍പ്പിക്കപ്പെടുന്നു.

അതിമനോഹരമായ ഈ ലത്തീന്‍ പ്രഭണിതത്തിന്‍റെ ഉത്ഭവം 6-Ɔο നൂറ്റാണ്ടിലേയ്ക്ക് നീളുന്നതാണെന്നതിന് ചരിത്രരേഖകളുണ്ട്. 13-Ɔο നൂറ്റാണ്ടിന്‍റെ മദ്ധ്യത്തില്‍ അത് ഫ്രാന്‍സിസ്ക്കന്‍ യാമപ്രാര്‍ത്ഥനയില്‍ ഇടംകണ്ടു. വിശ്വാസികള്‍ മറിയത്തെ വിളിച്ചപേക്ഷിക്കുന്ന 4 വരികളുള്ള ഈ ഹ്രസ്വപാര്‍ത്ഥനയുടെ ഒരോ വരിയുടെയും അന്ത്യത്തില്‍ “അലേലൂയ” എന്ന് പ്രഘോഷിക്കപ്പെടുന്നു. ക്രിസ്തുവിന്‍റെ ഉത്ഥാനത്തിലുള്ള ജയഭേരിയാണ് അല്ലേലൂയ പ്രഘോഷണം.

2015-ലെ ഈസ്റ്റര്‍ ഞായറാഴ്ചത്തെ ത്രികാലപ്രാര്‍ത്ഥന മദ്ധ്യേ സ്വര്‍ല്ലോക രാജ്ഞിയേ! എന്ന മേരിയന്‍ പ്രഭണതം ഉരുവിടുമ്പോള്‍ നമുക്ക് ഉണ്ടാകേണ്ട ആത്മീയഭാവത്തെയു മനസ്സിന്‍റെ തുറവിയെക്കുറിച്ചു പാപ്പാ ഫ്രാന്‍സിസ് വ്യാഖ്യാനിച്ചു.

ലോകത്തിനു മറിയം പ്രദാനംചെയ്ത രക്ഷകനായ ക്രിസ്തു, വാഗ്ദാനംചെയ്തതുപോലെ മരണാന്തരം ഉത്ഥാനംചെയ്തു, അതില്‍ സന്തോഷിക്കാമെന്ന് മറിയത്തെയാണ് പ്രാര്‍ത്ഥന അഭിസംബോധനചെയ്യുന്നത്. ഈ മാദ്ധ്യസ്ഥത്തിലുള്ള പ്രത്യാശ വിശ്വാസികള്‍ അലേലൂയ പ്രഘോഷണത്തിലൂടെ ഏറ്റുപറയുന്നു. അതായത് ക്രിസ്തുവിന്‍റെ ഉത്ഥാനത്തിലുള്ള പരിശുദ്ധ കന്യകാനാഥയുടെ ആനന്ദത്തില്‍ വിശ്വാസികള്‍ ഈ പ്രാര്‍ത്ഥനയിലൂടെ പങ്കുചേരുകയാണ്. ഇത് അമ്മയുടെ സന്തോഷത്തില്‍ മക്കള്‍ പങ്കുചേരുന്ന അനുഭവമാണെന്നാണ് പാപ്പാ ഫ്രാന്‍സിസ് വ്യാഖ്യാനിച്ചത്.

ഏറ്റവും ഒടുവിലത്തെ ത്രികാലപ്രാര്‍ത്ഥന

വായിച്ചു മനസ്സിലാക്കാന്‍ >