തിരയുക

പ്രപഞ്ചത്തെ ക്രമനിബദ്ധമാക്കുന്ന ദൈവാരൂപി!

ഫ്രാൻസീസ് പാപ്പായുടെ പൊതുകൂടിക്കാഴ്ചാ പ്രഭാഷണം. പുതിയ പ്രബോധന പരമ്പര: "ആത്മാവും മണവാട്ടിയും. നമ്മുടെ പ്രത്യാശയായ യേശുവിനെ കണ്ടുമുട്ടാൻ പരിശുദ്ധാരൂപി ദൈവജനത്തെ നയിക്കുന്നു”.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി    

ഫ്രാൻസീസ് പാപ്പാ, പതിവുപോലെ ഈ ബുധനാഴ്ച (29/05/24)  വത്തിക്കാനിൽ, പൊതുദർശനം അനുവദിച്ചു. പ്രതിവാര പൊതുകൂടിക്കാഴചാവേദി വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ ചത്വരംതന്നെയായിരുന്നു ഇത്തവണയും. മലയാളികളുൾപ്പെട വിവിധ രാജ്യക്കാരായിരുന്ന ആയിരക്കണക്കിന് തീർത്ഥാടകരും സന്ദർശകരും ബസിലിക്കാങ്കണത്തിൽ സന്നിഹിതരായിരുന്നു. എല്ലാവർക്കും തന്നെ കാണത്തക്കരീതിയിൽ സജ്ജീകരിച്ചിരിക്കുന്ന വെളുത്ത തുറന്ന വാഹനത്തിൽ ചത്വരത്തിൽ എത്തിയ പാപ്പായെ ജനസഞ്ചയം കരഘോഷങ്ങളാലും ആനന്ദാരവങ്ങളാലും വരവേറ്റു. തന്നോടൊപ്പം, ഏതാനും കുട്ടികളെ വാഹനത്തിൽ കയറ്റി ജനത്തെ അഭിവാദ്യം ചെയ്തുകൊണ്ട് അവർക്കിടയിലൂടെ നീങ്ങിയ പാപ്പാ, പ്രസംഗ വേദിയിലേക്കു നയിക്കുന്ന പടവുകൾക്കടുത്തു വച്ച് തന്നോടൊപ്പമുണ്ടായിരുന്ന കുട്ടികളെ വണ്ടിയിൽ നിന്നിറക്കി. തുടർന്ന് വാഹനം പടവുകൾ കയറി വേദിക്കരികിലെത്തിയപ്പോൾ പാപ്പാ അതിൽ നിന്നിറങ്ങുകയും റോമിലെ സമയം രാവിലെ 9.00 മണിയോടെ, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 12.30-ന്, ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിക്കുകയും ചെയ്തു. തുടർന്ന് വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗ പാരായണമായിരുന്നു.

"ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു. ഭൂമി രൂപരഹിതവും ശൂന്യവുമായിരുന്നു. ആഴത്തിനു മുകളിൽ അന്ധകാരം വ്യാപിച്ചിരുന്നു. ദൈവത്തിൻറെ ചൈതന്യം വെള്ളത്തിനു മീതെ ചലിച്ചുകൊണ്ടിരുന്നു  ” ഉല്പത്തിയുടെ പുസ്തകം ഒന്നാം അദ്ധ്യായം 1-2 വാക്യങ്ങൾ.

ഈ വായനയ്ക്കു ശേഷം പാപ്പാ, ദുർഗ്ഗുണങ്ങളെയും സൽഗുണങ്ങളെയും അധികരിച്ചു താൻ നടത്തിപ്പോന്നിരുന്ന പ്രബോധനപരമ്പര കഴിഞ്ഞയാഴ്ച സമാപിച്ചതിനാൽ, പുതിയ ഒരു പരമ്പരയ്ക്ക് തുടക്കം കുറിച്ചു. യേശുവുമായുള്ള കൂടിക്കാഴ്ചയ്ക്കായി ദൈവജനത്തെ നയിക്കുന്ന പരിശുദ്ധാരൂപിയെ അധികരിച്ചുള്ളതാണ് പുതിയ പ്രബോധന പരമ്പര. "ആത്മാവും മണവാട്ടിയും. നമ്മുടെ പ്രത്യാശയായ യേശുവിനെ കണ്ടുമുട്ടാൻ പരിശുദ്ധാരൂപി ദൈവജനത്തെ നയിക്കുന്നു” എന്ന പ്രമേയമാണ് പാപ്പാ തൻറെ വിചിന്തനത്തിന് അവംലംബമാക്കിയിരിക്കുന്നത്. ഇറ്റാലിയൻ ഭാഷയിലായിരുന്ന മുഖ്യ പ്രഭാഷണത്തിൽ പാപ്പാ ഇപ്രകാരം പറഞ്ഞു:

ത്രിവിധ ഘട്ടങ്ങളിലൂടെയുള്ള പ്രയാണം 

പ്രിയ സഹോദരീ സഹോദരന്മാരേ, ശുഭദിനം!

"ആത്മാവും മണവാട്ടിയും. നമ്മുടെ പ്രത്യാശയായ യേശുവിനെ കണ്ടുമുട്ടാൻ പരിശുദ്ധാരൂപി ദൈവജനത്തെ നയിക്കുന്നു”  എന്ന വിചിന്തന പ്രമേയം സ്വീകരിച്ചിരിക്കുന്ന ഒരു പരിചിന്തന പരിവൃത്തിക്ക് ഇന്ന് നമ്മൾ ഈ പ്രബോധനത്തിലൂടെ തുടക്കം കുറിക്കുകയാണ്. സഭയാണ് മണവാട്ടി. പഴയ നിയമം, പുതിയ നിയമം, സഭയുടെ കാലം എന്നിങ്ങനെ പരിത്രാണ ചരിത്രത്തിൻറെ മൂന്ന് മഹത്തായ ഘട്ടങ്ങളിലൂടെയായിരിക്കും നമ്മുടെ ഈ പ്രയാണം. നമ്മുടെ പ്രത്യാശയായ യേശുവിൽ നമ്മുടെ ദൃഷ്ടി സദാ കേന്ദ്രീകരിച്ചുകൊണ്ടായിരിക്കും ഇതു ചെയ്യുക.

പഴയനിയമ വാഗ്ദാനങ്ങളുടെ പൂർത്തീകരണം

പഴയനിയമത്തിലെ ആത്മാവിനെക്കുറിച്ചുള്ള ഈ ആദ്യ പഠനങ്ങളിൽ നമ്മൾ "വേദപുസ്തക പുരാവസ്തുഗവേഷണം" ആയിരിക്കില്ല നടത്തുക. പകരം, പഴയനിയമ വാഗ്ദാനങ്ങൾ  ക്രിസ്തുവിൽ പൂർണ്ണമായി സാക്ഷാത്കരിക്കപ്പെട്ടിരിക്കുന്നത് നാം കണ്ടെത്തും. ആത് ആദിത്യൻറെ പാത പ്രഭാതം മുതൽ മദ്ധ്യാഹ്നംവരെ പിന്തുടരുന്നതുപോലെയായിരിക്കും.

ശൂന്യമായിരുന്ന ഭൂമി 

ബൈബിളിലെ ആദ്യത്തെ രണ്ട് വാക്യങ്ങളിൽ നിന്ന് നമുക്ക് ആരംഭിക്കാം. ആദ്യ രണ്ടു ബൈബിൾവാക്യങ്ങൾ ഇപ്രകാരം പറയുന്നു: "ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു. ഭൂമി രൂപരഹിതവും ശൂന്യവുമായിരുന്നു. ആഴത്തിനു മുകളിൽ അന്ധകാരം വ്യാപിച്ചിരുന്നു. ദൈവത്തിൻറെ ചൈതന്യം വെള്ളത്തിനു മീതെ ചലിച്ചുകൊണ്ടിരുന്നു" (ഉൽപത്തി 1:1-2). രൂപരഹിതവും ശൂന്യവും ഇരുണ്ടതുമായ ആദ്യാവസ്ഥയിൽ നിന്ന് ഭൂമിയെ ക്രമനിബദ്ധവും ഏകതാനവുമായ അവസ്ഥയിലേക്ക് മാറ്റുന്ന നിഗൂഢ ശക്തി പോലെയാണ് ദൈവത്തിൻറെ അരൂപി ഇവിടെ നമുക്ക് പ്രത്യക്ഷപ്പെടുന്നത്. കാരണം ആത്മാവ് ഐക്യം സംജാതമാക്കുന്നു, ജീവിതത്തിൽ ഐക്യമുണ്ടാക്കുന്നു, ലോകത്തിൽ ഐക്യം സൃഷ്ടിക്കുന്നു.  മറ്റൊരു വിധത്തിൽ പറഞ്ഞാൽ, അരാജകത്വത്തിൽ നിന്ന് വ്യവസ്ഥിതലോകത്തിലേക്ക്, അതായത്, ആശയക്കുഴപ്പത്തിൽ നിന്ന് മനോഹരവും ക്രമനിബദ്ധവുമായ ഒന്നിലേക്ക് നമ്മെ കൊണ്ടുപോകുന്നത് ഈ ദൈവാത്മാവാണ്. വാസ്തവത്തിൽ, ഗ്രീക്ക് പദമായ കോസ്മോസിൻറെയും (kosmos)  ലത്തീൻ പദമായ മൂന്തുസിൻറെയും (mundus) പൊരുൾ ഇതാണ്, അതായത് മനോഹരവും അടുക്കുംചിട്ടയും വൃത്തിയുള്ളതുമായ ഒന്ന്. കാരണം പരിശുദ്ധാരൂപി ഐക്യമാണ്.

അരൂപിയുടെ രചനാത്മകത

സൃഷ്ടിയിൽ പരിശുദ്ധാത്മാവിൻറെ പ്രവർത്തനത്തെക്കുറിച്ചുള്ള ഇപ്പോഴും അവ്യക്തമായ ഈ പരാമർശം വെളിപാടിനെ തുടർന്ന് വ്യക്തമാകുന്നു. ഒരു സങ്കീർത്തനത്തിൽ നാം വായിക്കുന്നു: "കർത്താവിൻറെ വചനത്താൽ ആകാശം നിർമ്മിക്കപ്പെട്ടു; അവിടത്തെ കല്പനയാൽ ആകാശഗോളങ്ങളും." (സങ്കീർത്തനം 33.6); വീണ്ടും: "അങ്ങ് ജീവശ്വാസമയക്കുമ്പോൾ അവ സൃഷ്ടിക്കപ്പെടുന്നു; അങ്ങു ഭൂമുഖം നവീകരിക്കുന്നു" (സങ്കീർത്തനങ്ങൾ 104,30).

ഈ വികസനരേഖ പുതിയ നിയമത്തിൽ സുവ്യക്തമാണ്. ലോകത്തിൻറെ ഉത്ഭവത്തെക്കുറിച്ച് വിവരിക്കുന്ന സാദൃശ്യങ്ങളുപയോഗിച്ച്, പുതിയനിയമം,  നവ സൃഷ്ടിയിൽ പരിശുദ്ധാത്മാവിൻറെ ഇടപെടലിനെക്കുറിച്ച് വിവരിക്കുന്നു: യേശുവിൻറെ മാമ്മോദീസാവേളയിൽ ജോർദ്ദാനിലെ വെള്ളത്തിന് മുകളിലൂടെ പറക്കുന്ന പ്രാവ്. (മത്തായി 3:16 കാണുക); മുകളിലെ മുറിയിൽ വച്ച് ശിഷ്യൻമാരുടെ മേൽ നിശ്വസിച്ചുകൊണ്ട് യേശു പറയുന്നു: "നിങ്ങൾ പരിശുദ്ധാത്മാവിനെ സ്വീകരിക്കുവിൻ" (യോഹന്നാൻ 20.22), ആദിയിൽ ദൈവം ആദാമിലേക്ക് തൻറെ ശ്വാസം നിശ്വസിച്ചതുപോലെയാണത് (ഉൽപത്തി 2.7 കാണുക).

സൃഷ്ടപ്രഞ്ചത്തിന് ഹാനി വരുത്തുന്ന മനുഷ്യൻ 

പരിശുദ്ധാത്മാവും സൃഷ്ടിയും തമ്മിലുള്ള ഈ ബന്ധത്തിൽ അപ്പോസ്തലനായ പൗലോസ് പുതിയൊരു ഘടകം അവതരിപ്പിക്കുന്നു. "ഈറ്റുനോവനുഭവിക്കുകയും നെടുവീർപ്പിടുകയും ചെയ്യുന്ന" ഒരു പ്രപഞ്ചത്തെക്കുറിച്ച് അദ്ദേഹം പറയുന്നു (റോമ 8:22 കാണുക). അതിനെ "അഴിമതിയുടെ അടിമത്തത്തിന്" വിധേയമാക്കിയ മനുഷ്യൻ നിമിത്തം അത് ക്ലേശിക്കുന്നു (റോമ 8:20-21 കാണുക). ഇത് നമ്മെ അടുത്തും നാടകീയമായും ആശങ്കപ്പെടുത്തുന്ന ഒരു യാഥാർത്ഥ്യമാണ്. സൃഷ്ടിയുടെ സഹനത്തിൻറെ കാരണം അപ്പോസ്തലൻ കാണുന്നത്, അഴിമതിയിലും സൃഷ്ടിയെ ദൈവത്തിൽ നിന്നകറ്റുന്ന നരകുലത്തിൻറെ പാപത്തിലുമാണ്. അന്നെന്നപോലെ ഇന്നും അപ്രകാരംതന്നെയാണ്. സൃഷ്ടിയിൽ മനുഷ്യരാശി, പ്രത്യേകിച്ച് അതിൻറെ വിഭവങ്ങൾ ചൂഷണം ചെയ്യാൻ കൂടുതൽ ശേഷിയുള്ള വിഭാഗം,  വിതച്ച നാശം നമ്മൾ കാണുന്നു.

വിശുദ്ധ ഫ്രാൻസീസ് അസ്സീസിയുടെ സൃഷ്ടി സ്നേഹം - സൃഷ്ടിയുടെ ദൈവ സ്തുതി

അസ്സീസിയിലെ വിശുദ്ധ ഫ്രാൻസിസ് നമുക്ക് മനോഹരമായ ഒരു വഴി കാണിച്ചുതരുന്നു, പരിശുദ്ധാരൂപിയുടെ ഏകതാനതയിലേക്കു മടങ്ങാനുള്ള വഴി: ധ്യാനത്തിൻറെയും സ്തുതിപ്പിൻറെയും വഴി. സൃഷ്ടികളിൽ നിന്ന് സ്രഷ്ടാവിനുള്ള സ്തുതിഗീതം ഉയരണമെന്ന് അദ്ദേഹം അഭിലഷിച്ചു:ഫ്രാൻസീസ് അസ്സീസിയുടെ ആ  "എൻറെ കർത്താവേ, അങ്ങേയക്കു സ്തുതി”  എന്ന ഗീതം നാം ഓർക്കുക.

ഒരു സങ്കീർത്തനം ആലപിക്കുന്നു "ആകാശം ദൈവത്തിൻറെ മഹത്വം പ്രഘോഷിക്കുന്നു" (18.2) - എന്നാൽ അവയുടെ ഈ നിശബ്ദ ഉദ്ഘോഷണത്തിന് ശബ്ദമേകാൻ അവയ്ക്ക് സ്ത്രീപുരുഷന്മാരെ ആവശ്യമാണ്. കുർബ്ബാനയിൽ “പരിശുദ്ധൻ” എന്ന സ്തുതിപ്പിൽ നമ്മൾ ഓരോ തവണയും ആവർത്തിക്കുന്നു: "ആകാശവും ഭൂമിയും നിൻറെ മഹിമയാൽ നിറഞ്ഞിരിക്കുന്നു". അങ്ങനെയാകയാൽ അവ "ഗർഭിണികൾ" ആണ് എന്ന് നമുക്ക് ആലങ്കാരികമായി പറയാം, ആകയാൽ അവയുടെ ഈ സ്തുതിപ്പിന് ജന്മമേകാൻ ഒരു നല്ല സൂതികർമ്മിണിയുടെ കരങ്ങൾ ആവശ്യമാണ്. “ദൈവത്തിൻറെ മഹത്വത്തിൻറെ സ്തുതിപ്പ്” ആയിരിക്കുകയാണ് ലോകത്തിൽ നമ്മുടെ ദൗത്യം എന്ന് പൗലോസ് നമ്മെ ഓർമ്മിപ്പിക്കുന്നു (എഫേസോസ്. 1:12). അത് കൈവശപ്പെടുത്തുന്നതിലുള്ള ആനന്ദത്തിനു മേലായി ധ്യാനിക്കുന്നതിൻറെ സന്തോഷം പ്രതിഷ്ഠിക്കലാണ്. സൃഷ്ടികളിൽ ഒന്നിനെയും സ്വന്തമാക്കാൻ ആഗ്രഹിക്കാത്ത അസ്സീസിയിലെ ഫ്രാൻസീസിനെക്കാൾ ആരും സൃഷ്ടികളെക്കുറിച്ച് ആനന്ദിച്ചിട്ടില്ല.

ദൈവാരൂപിയുടെ പരിവർത്തന പ്രക്രിയ നമ്മിലോരോരുത്തരിലും

സഹോദരീ സഹോദരന്മാരേ, ആദിയിൽ അരാജകത്വത്തെ അടുക്കുംചിട്ടയുമുള്ള ലോകമാക്കി മാറ്റിയ ദൈവത്തിൻറെ ആത്മാവ്, ഓരോ വ്യക്തിയിലും ഈ പരിവർത്തനം സാധ്യമാക്കാനുള്ള പ്രവർത്തനത്തിലാണ്. എസെക്കിയേൽ പ്രവാചകനിലൂടെ ദൈവം വാഗ്‌ദാനം ചെയ്യുന്നു: “ഒരു പുതിയ ഹൃദയം ഞാൻ നിങ്ങൾക്ക് നൽകും; ഒരു പുതുചൈതന്യം ഞാൻ നിങ്ങളിൽ നിക്ഷേപിക്കും......  എൻറെ ആത്മാവിനെ ഞാൻ നിങ്ങളിൽ നിവേശിപ്പിക്കും. " (എസെക്കിയേൽ 6,26-27). കാരണം നമ്മുടെ ഹൃദയം ഉല്പത്തിയിലെ ആദ്യ വാക്യങ്ങളിലെ വിജനവും ഇരുണ്ടതുമായ അഗാധതയോട് സാമ്യമുള്ളതാണ്. പരസ്പരവിരുദ്ധങ്ങളായ വികാരങ്ങളും ആഗ്രഹങ്ങളും അതിൽ ചലിച്ചുകൊണ്ടിരിക്കുന്നു: അതായത്, ജഡത്തിൻറെയും ആത്മാവിൻറെയും. ഒരർത്ഥത്തിൽ, നാമെല്ലാവരും, സുവിശേഷത്തിൽ യേശു പരാമർശിച്ചിരിക്കുന്ന, "അന്തച്ഛിദ്രമുള്ള രാജ്യം" ആണ് (മർക്കോസ് 3:24 കാണുക). നമുക്ക് ചുറ്റും ഒരു ബാഹ്യ അരാജകത്വം - ഒരു സാമൂഹിക അരാജകത്വം, രാഷ്ട്രീയ അരാജകത്വം ഉണ്ടെന്ന് നമുക്ക് പറയാൻ കഴിയും: നമുക്ക് യുദ്ധങ്ങളെക്കുറിച്ച് ചിന്തിക്കാം, ഭക്ഷിക്കാൻ ഒന്നുമില്ലാത്തവരായ നിരവധി ബാലികാബാലന്മാരെക്കുറിച്ച്, നിരവധിയായ സാമൂഹിക അനീതികളെക്കുറിച്ച് നമുക്ക് ചിന്തിക്കാം; ഇതാണ് ബാഹ്യമായ കുഴപ്പം. ആന്തരിക അരാജകത്വവുമുണ്ട്: നമ്മിൽ ഓരോരുത്തരുടെയും ഉള്ളിൽ. രണ്ടാമത്തേതിനെ ചികിത്സിച്ചു ഭേദമാക്കാൻ തുടങ്ങിയില്ലെങ്കിൽ ആദ്യത്തേത് സുഖപ്പെടുത്താൻ കഴിയില്ല! സഹോദരീസഹോദരന്മാരേ, നമ്മുടെ ആന്തരിക ആശയക്കുഴപ്പത്തെ പരിശുദ്ധാത്മാവിനാൽ തെളിവുള്ളതാക്കാൻ നമുക്ക് നന്നായി പരിശ്രമിക്കാം: ദൈവത്തിൻറെ ശക്തിയാണ് ഇത് ചെയ്യുക, അവന് അത് ചെയ്യാൻ കഴിയുന്ന തരത്തിൽ നാം നമ്മുടെ ഹൃദയം തുറന്നിടുക.

പരിശുദ്ധാത്മാവേ വരേണമേ!

ഈ പരിചിന്തനം സൃഷ്ടി ചെയ്യുന്ന ആത്മാവിനെ അനുഭവിക്കാനുള്ള അഭിലാഷം നമ്മിൽ ഉണർത്തട്ടെ. അതു യാചിക്കുന്നതിനായി, ഒരു സഹസ്രാബ്ദത്തിലേറെയായി, സഭ നമ്മുടെ അധരങ്ങളിൽ ഈ അപേക്ഷ നിക്ഷേപിച്ചിരിക്കുന്നു: “വേനി ക്രെയാത്തോർ സ്പീരിത്തൂസ്” (Veni creator Spiritus) "സ്രഷ്ടാവായ അരൂപിയേ വരേണമേ!"! ഞങ്ങളുടെ മനസ്സുകളെ സന്ദർശിക്കുക. നീ സൃഷ്ടിച്ച ഹൃദയങ്ങളെ സ്വർഗ്ഗീയ കൃപയാൽ നിറയ്ക്കുക." നമ്മുടെ പക്കലേക്കു വരാനും ആത്മാവിൻറെ നവീനതയാൽ നമ്മെ പുതിയ മനുഷ്യരാക്കാനും പരിശുദ്ധാത്മാവിനോട് നമുക്ക് പ്രാർത്ഥിക്കാം. നന്ദി.

സമാപനാഭിവാദ്യങ്ങൾ

പാപ്പായുടെ, ഇറ്റാലിയന്‍ ഭാഷയിലായിരുന്ന, പ്രഭാഷണം അവസാനിച്ചതിനെ തുടർന്ന് അതിന്‍റെ സംഗ്രഹം ആംഗലവും അറബിയുമുള്‍പ്പെടെ വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെട്ടു. പൗരോഹിത്യത്തിൻറെ രജതജൂബിലി ആചരിക്കുന്ന, ഇറ്റലിയിലെ ബേർഗമൊക്കാരായ വൈദികരെ അഭിവാദ്യം ചെയ്ത പാപ്പാ കർത്താവിൻറെ വിളിയോടുള്ള വിശ്വസ്തതയിലും സന്തോഷകരമായ സുവിശഷവേലയിലും സ്ഥൈര്യമുള്ളവരായിരിക്കാൻ പ്രചോദനം പകർന്നു. പൊതുദർശനപരിപാടിയുടെ അവസാനം പാപ്പാ യുവതീയുവാക്കളെയും വൃദ്ധജനത്തെയും രോഗികളെയും നവദമ്പതികളെയും അഭിവാദ്യം ചെയ്തു.  

വിശുദ്ധ പോൾ ആറാമൻറെ തിരുന്നാൾ

ക്രിസ്തുവിനോടും സഭയോടും മാനവികതയോടുമുള്ള സ്നേഹത്താൽ ജ്വലിച്ച ഇടയനായ വിശുദ്ധ പോൾ ആറാമൻറെ തിരുന്നാൾ മെയ് 29-ന് ആചരിക്കപ്പെടുന്നത് അനുസ്മരിച്ച പാപ്പാ സ്നേഹത്തിൻറെ നാഗരികത കെട്ടിപ്പടുക്കുന്നതിനുള്ള ഒരു നവീന പ്രതിബദ്ധത ഉണർത്തിക്കൊണ്ട് ക്രൈസ്തവരായിരിക്കുന്നതിൻറെ ആനന്ദം വീണ്ടും കണ്ടെത്തുന്നതിന് ഈ തിരുന്നാൾ എല്ലാവരെയും സഹായിക്കട്ടെയെന്ന് ആശംസിക്കുകയും, പോൾ ആറാമൻറെ ഇന്നും പ്രസക്തമായ അപ്പൊസ്തോലിക പ്രബോധനം “എവഞ്ചേലി നുൺഷിയാന്തി” ("Evangelii nuntiandi") വായിക്കാൻ പ്രചോദനം പകരുകയും ചെയ്തു.

യുദ്ധവിരാമമുണ്ടാകട്ടെ!

യുദ്ധവേദിയായ പീഢിത ഉക്രൈയിനിനെ പാപ്പാ പ്രത്യേകം അനുസ്മരിച്ചു. യുദ്ധം മൂലം പൊള്ളലേറ്റവരും കാലുകൾ നഷ്ടപ്പെട്ടവരുമായി ബാലികാബാലന്മാരുമായി താൻ ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയതിനെക്കുറിച്ച് പാപ്പാ പരാമർശിക്കുകയും യുദ്ധം എന്നും ഒരു ക്രൂരതയാണെന്ന് ആവർത്തിച്ചു പ്രസ്താവിക്കുകയും ചെയ്തു. ഈ കുട്ടികൾക്ക് നടക്കാനും ക്രൃത്രിമ കരങ്ങൾ ചലിപ്പിക്കാനും കഴിയണമെന്നു പറഞ്ഞ പാപ്പാ അവരുടെ പുഞ്ചിരി മാഞ്ഞുപോയിരിക്കയാണെന്ന് വേദനയോടെ ഓർമ്മിച്ചു. കുഞ്ഞുങ്ങളുടെ പുഞ്ചിരി മായുന്നത് വളരെ മോശവും വേദനാജനകവുമായ അവസ്ഥയാണെന്നു പറഞ്ഞ പാപ്പാ ഉക്രൈയിനിലെ കുഞ്ഞുങ്ങൾക്കായി പ്രാർത്ഥിക്കാൻ എല്ലാവരെയും ക്ഷണിച്ചു. ഏറെ യാതനകൾ അനുഭവിക്കുന്ന ഇസ്രായേൽ ഫലസ്തീൻ മ്യന്മാർ എന്നീ നാടുകളെയും യുദ്ധവേദികളായ ഇതര രാജ്യങ്ങളെയും അനുസ്മരിച്ച പാപ്പാ യുദ്ധം അവസാനിക്കട്ടെയെന്ന് ആശംസിച്ചു. യുദ്ധം കുഞ്ഞുങ്ങളെ സഹനത്തിലേക്കു തള്ളിയിടുന്നതിനെക്കുറിച്ചു വീണ്ടും പരാമർശിച്ച പാപ്പാ എല്ലാവരുടെയും ചാരത്തായിരിക്കാനും  സമാധാനത്തിൻറെ കൃപ ചൊരിയാനും  കർത്താവിനോട് പ്രാർത്ഥിച്ചു. പാപ്പായുടെ ഈ പ്രാർത്ഥനാനന്തരം ലത്തീൻഭാഷയിൽ സ്വർഗ്ഗസ്ഥനായ പിതാവേ എന്ന കർത്തൃപ്രാർത്ഥന ആലപിക്കപ്പെട്ടു. തദ്ദനന്തരം, പാപ്പാ, എല്ലാവർക്കും തൻറെ അപ്പൊസ്തോലികാശീർവ്വാദം നല്കി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

29 May 2024, 12:55

ഏറ്റവും അടുത്ത പൊതുകൂടിക്കാഴ്ച

വായിച്ചു മനസ്സിലാക്കാന്‍ >