എളിമ:സകല പുണ്യങ്ങളിലേക്കുമുള്ള കവാടം-സമാധാനത്തിൻറെ ഉറവിടം, പാപ്പ!

ഫ്രാൻസീസ് പാപ്പായുടെ പ്രതിവാര പൊതുദർശന പ്രഭാഷണം: വിനയം എന്ന പുണ്യം. എളിമയുടെ അഭാവമുള്ളിടത്ത് യുദ്ധവും അപസ്വരവും ഭിന്നിപ്പും ഇടം പിടിക്കുന്നു. വിനയമാണ് രക്ഷയിലേക്കുള്ള സരണി.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി    

ഫ്രാൻസീസ് പാപ്പാ, പതിവുപോലെ ഈ ബുധനാഴ്ച (22/05/24)  വത്തിക്കാനിൽ, പൊതുദർശനം അനുവദിച്ചു. പ്രതിവാര പൊതുകൂടിക്കാഴചാവേദി അർക്കാംശുക്കളാൽ കുളിച്ചുനിന്ന വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ ചത്വരമായിരുന്നു. മലയാളികളുൾപ്പെട വിവിധ രാജ്യക്കാരായിരുന്ന ആയിരക്കണക്കിന് തീർത്ഥാടകരും സന്ദർശകരും ബസിലിക്കാങ്കണത്തിൽ ഈ പൊതുദർശന പരിപാടിയിൽ പങ്കെടുക്കുന്നതിനെത്തിയിരുന്നു. എല്ലാവർക്കും തന്നെ കാണത്തക്കരീതിയിൽ സജ്ജീകരിച്ചിരിക്കുന്ന വെളുത്ത തുറന്ന വാഹനത്തിൽ ചത്വരത്തിൽ എത്തിയ പാപ്പായെ ജനസഞ്ചയം കരഘോഷങ്ങളാലും ആനന്ദാരവങ്ങളാലും വരവേറ്റു. തന്നോടൊപ്പം, ഏതാനും ബാലികാബാലന്മാരെ വാഹനത്തിൽ കയറ്റി ജനത്തെ അഭിവാദ്യം ചെയ്തുകൊണ്ട് അവർക്കിടയിലൂടെ നീങ്ങിയ പാപ്പാ, അംഗരക്ഷകർ തൻറെ പക്കലേക്ക് ഇടയ്ക്കിടെ എടുത്തുകൊണ്ടുവന്ന കുഞ്ഞുങ്ങളെ വാത്സല്യത്തോടെ തലോടുകയും അനുഗ്രഹിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. പ്രസംഗ വേദിയിലേക്കു നയിക്കുന്ന പടവുകൾക്കടുത്തു വച്ച് പാപ്പാ തന്നോടൊപ്പമുണ്ടായിരുന്ന കുട്ടികളെ വണ്ടിയിൽ നിന്നിറക്കി. തുടർന്ന് വാഹനം പടവുകൾ കയറി വേദിക്കരികിലെത്തിയപ്പോൾ പാപ്പാ അതിൽ നിന്നിറങ്ങുകയും റോമിലെ സമയം രാവിലെ 9.00 മണികഴിഞ്ഞപ്പോൾ, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 12.30-നു ശേഷം, ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിക്കുകയും ചെയ്തു. തുടർന്ന് വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗ പാരായണമായിരുന്നു.

"അപ്പോൾ മറിയം പറഞ്ഞു: എൻറെ ആത്മാവ് കർത്താവിനെ മഹത്വപ്പെടുത്തുന്നു. എൻറെ ചിത്തം എൻറെ രക്ഷകനായ ദൈവത്തിൽ ആനന്ദിക്കുന്നു. അവിടന്ന് തൻറെ ദാസിയുടെ താഴ്മയെ കടാക്ഷിച്ചു. ഇപ്പോൾ മുതൽ സകല തലമുറകളും എന്നെ ഭാഗ്യവതി എന്നും പ്രകീർത്തിക്കും” ലൂക്കായുടെ സുവിശേഷം ഒന്നാം അദ്ധ്യായം 46-48 വരെയുള്ള വാക്യങ്ങൾ.

ഈ വായനയ്ക്കു ശേഷം പാപ്പാ, ദുർഗ്ഗുണങ്ങളെയും സൽഗുണങ്ങളെയും അധികരിച്ചുള്ള പ്രബോധനപരമ്പരയിൽ അവസാനത്തെതായി എളിമയെന്ന പുണ്യം വിശകലനം ചെയ്തു. പാപ്പാ ഇറ്റാലിൻ ഭാഷയിൽ ഇപ്രകാരം പറഞ്ഞു:

ക്രിസ്തീയ ജീവിതത്തിൻറെ അടിസ്ഥാനമായ പുണ്യം

പ്രിയ സഹോദരീ സഹോദരന്മാരേ, ശുഭദിനം!

മൗലിക പുണ്യങ്ങളും ദൈവികപുണ്യങ്ങളും ചേർന്ന സപ്തകത്തിൻറെ  ഭാഗമല്ലാത്തതും എന്നാൽ ക്രിസ്തീയ ജീവിതത്തിൻറെ അടിസ്ഥാനവുമായ വിനയം എന്ന പുണ്യത്തെക്കുറിച്ചുള്ള പരിചിന്തനത്തോടെ നമുക്ക് ഈ പ്രബോധനപരമ്പര അവസാനിപ്പിക്കാം. ദുർഗ്ഗുണങ്ങളിൽ ഏറ്റം മാരകമായ അഹങ്കാരത്തിൻറെ  വലിയ പ്രതിയോഗിയാണിത്. നാം എന്തായിരിക്കുന്നുവോ അതിനെക്കാൾ വലുതായി നമ്മെ അവതരിപ്പിച്ചുകൊണ്ട് അഹംഭാവവും ഔദ്ധത്യവും മാനവഹൃദയത്തെ വീർപ്പുമുട്ടിമ്പോൾ, വിനയമാകട്ടെ സകലത്തെയും ശരിയായ മാനത്തിലേക്ക് തിരികെ കൊണ്ടുവരുന്നു: നമ്മൾ അത്ഭുതകരങ്ങളും എന്നാൽ പരിമിതികളുള്ളതുമായ സൃഷ്ടികളാണ്, യോഗ്യതകളോടും കുറവുകളോടും കൂടിയവരാണ്. നാം പൊടിയാണെന്നും പൊടിയലേക്ക് മടങ്ങുമെന്നും ബൈബിൾ തുടക്കം മുതൽ തന്നെ നമ്മെ ഓർമ്മിപ്പിക്കുന്നു (ഉൽപത്തി 3:19 കാണുക), "വിനയം" എന്ന പദത്തിൻറെ ഉല്പത്തി, യഥാർത്ഥത്തിൽ, നിലം എന്നർത്ഥം വരുന്ന “ഹുമൂസ്” (humus) എന്ന വാക്കിൽ നിന്നാണ്. എന്നിട്ടും ഏറെ അപകടകരങ്ങളായ സർവ്വശക്തിയുടെ വ്യാമോഹങ്ങൾ പലപ്പോഴും മാനവഹൃദയത്തിൽ ഉയർന്നുവരുന്നു! ഇത് ഏറെ ഹാനികരമാണ്.

ശരിയായ മാനം കണ്ടെത്തുക

അഹങ്കാരഭൂതത്തിൽ നിന്ന് നമുക്കു മോചിതരാകാൻ, വളരെ കുറച്ച് മാത്രം മതിയാകും, ശരിയായ അളവ് കണ്ടെത്താൻ നക്ഷത്രനിബിഡമായ ആകാശത്തെക്കുറിച്ച് ചിന്തിച്ചാൽ മതിയാകും, സങ്കീർത്തനം പറയുന്നതുപോലെ: "അങ്ങയുടെ വിരലുകൾ വാർത്തെടുത്ത, നഭോമണ്ഡലത്തെയും ചന്ദ്രതാരങ്ങളെയും ഞാൻ കാണുന്നു. അവിടത്തെ ചിന്തയിൽ വരാൻമാത്രം മർത്ത്യന് എന്തു മേന്മയാണുള്ളത്? അവിടത്തെ പരിഗണന ലഭിക്കാൻ  മനുഷ്യപുത്രന് എന്ത് അർഹതയുണ്ട്? (സങ്കീർത്തനം 8,4-5). ചക്രവാളം ഉപരിയുപരി വിശാലമാക്കാനും നമ്മെ വലയം ചെയ്യുന്നതും നമ്മിൽ കുടികൊള്ളുന്നതുമായ രഹസ്യം കൂടുതലായി അനുഭവിച്ചറിയാനും ആധുനിക ശാസ്ത്രം നമ്മെ അനുവദിക്കുന്നു.

മനുഷ്യൻ സ്വന്തം നിസ്സാരത ഗ്രഹിക്കുക

സ്വന്തം ചെറുമയെക്കുറിച്ചുള്ള ഈ അവബോധം ഹൃദയത്തിൽ സൂക്ഷിക്കുന്നവർ ഭാഗ്യവാന്മാർ: അവർ വളരെ മോശം തിന്മയായ അഹങ്കാരത്തിൽ നിന്ന് സംരക്ഷിക്കപ്പെടുന്നു. തൻറെ സുവിശേഷസൗഭാഗ്യങ്ങളിൽ യേശു ആരംഭിക്കുന്നത് അവരിൽ നിന്നാണ്: "ആത്മാവിൽ ദരിദ്രർ ഭാഗ്യവാന്മാർ, കാരണം സ്വർഗ്ഗരാജ്യം അവരുടേതാണ്" (മത്തായി 5:3). ഇത് ആദ്യ സുവിശേഷഭാഗ്യമാണ്, കാരണം അത് തുടർന്നുവരുന്നവയുടെ അടിസ്ഥാനമാണ്: വാസ്തവത്തിൽ സൗമ്യത, കരുണ, ഹൃദയശുദ്ധി എന്നിവ ജന്മംകൊള്ളുന്നത് ചെറുമയുടെ ആ ആന്തരികാവബോധത്തിൽ നിന്നാണ്. എളിമ എല്ലാ പുണ്യങ്ങളിലേക്കും ഉള്ള കവാടമാണ്.

മറിയത്തിൻറെ ആന്തരിക താഴ്മ

സുവിശേഷങ്ങളുടെ ആദ്യ താളുകളിൽ, വിനയവും ആത്മാവിൻറെ ദാരിദ്ര്യവുമാണ് എല്ലാറ്റിൻറെയും ഉറവിടമായി പ്രത്യക്ഷപ്പെടുന്നത്. ദൈവദൂതൻറെ അറിയിപ്പുണ്ടാകുന്നത് ജറുസലേമിൻറെ കവാടങ്ങളിലല്ല, മറിച്ച് ഗലീലിയിലെ ഒരു വിദൂര ഗ്രാമത്തിലാണ്, "നസ്രത്തിൽ നിന്ന് എന്തെങ്കിലും നല്ലത് വരുമോ?" (യോഹന്നാൻ 1.46) എന്ന് ആളുകൾ പറയുമായിരുന്നത്ര അപ്രധാനമായ ഒരിടം. എന്നാൽ കൃത്യമായി അവിടെ നിന്നാണ് ലോകം പുനർജനിക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ട നായിക സുഖജീവിതത്തിൽ വളർന്നു വന്ന ഒരു രാജകുമാരിയല്ല, പ്രത്യുത, അറിയപ്പെടാത്ത ഒരു പെൺകുട്ടിയാണ്: മറിയം.  മാലാഖ അവൾക്ക് ദൈവത്തിൻറെ അറിയിപ്പു നല്കുമ്പോൾ ആദ്യം വിസ്മയംകൊള്ളുന്നത് അവൾതന്നെയാണ്. അവളുടെ സ്തുതിഗീതത്തിൽ ഈ വിസ്മയം തെളിഞ്ഞു നിൽക്കുന്നു: "എൻറെ ആത്മാവ് കർത്താവിനെ മഹത്വപ്പെടുത്തുന്നു, എൻറെ ചിത്തം എൻറെ രക്ഷകനായ ദൈവത്തിൽ ആനന്ദിക്കുന്നു. അവിടന്ന് തൻറെ ദാസിയുടെ താഴ്മയെ കടാക്ഷിച്ചു" (ലൂക്കാ 1,46-48). ദൈവം മറിയത്തിൻറെ ചെറുമയിൽ, സർവ്വോപരി ആന്തരിക എളിമയിൽ, ആകൃഷ്ടനായി എന്നു പറയാം. നമ്മളും ഈ ചെറുമ സ്വീകരിക്കുമ്പോൾ നമ്മുടെ എളിമയിലും അവിടന്ന് ആകർഷിതനാകുന്നു.

അണിയറയിൽ തുടരുന്നവൾ

ഇനി മുതൽ മറിയം രംഗത്ത് പ്രത്യക്ഷപ്പെടാതിരിക്കാൻ ശ്രദ്ധിക്കും. മംഗളവാർത്തയ്ക്കു ശേഷമുള്ള അവളുടെ ആദ്യ തീരുമാനം യൂദയായിലെ മലമ്പ്രദേശത്തേക്ക്, അവളുടെ ചാർച്ചക്കാരിയെ സഹായിക്കാൻ, ശുശ്രൂഷിക്കാൻ പോകുക എന്നതായിരുന്നു. എളിയവരായ മനുഷ്യർ അവരുടെ ഗോപനത്തിൽ നിന്ന് പുറത്തുവരാൻ ഒരിക്കലും ആഗ്രഹിക്കുന്നില്ല. തൻറെ ജീവിതത്തിലെ ഏറ്റവും പവിത്രമായ സത്യംപോലും അവൾക്ക് അഹങ്കാരത്തിന് കാരണമാകുന്നില്ല.

ശാന്തിപ്രദായക വിനയം

മറിയത്തിനും വിഷമഘട്ടങ്ങളും അവളുടെ വിശ്വാസം ഇരുളിലൂടെ കടന്നുപോയ ദിനങ്ങളുമുണ്ടായിട്ടുണ്ട് എന്നത് നമുക്ക് ഊഹിക്കാം. എന്നാൽ ഇത് അവളുടെ വിനയത്തെ ഇളക്കിമറിച്ചില്ല, അത് കരിങ്കല്ലുപോലുള്ള പുണ്യമായിരുന്നു: ഇത് അടിവരയിട്ടു പറയാൻ ഞാൻ ആഗ്രഹിക്കുന്നു. വിനയം കരിങ്കല്ലുപോലെ ഉറപ്പുള്ള ഒരു പുണ്യമാണ്. ചെറുമയാണ് നമുക്ക് എളിമയേകുന്നത് - നമുക്ക് മറിയത്തെക്കുറിച്ച് ചിന്തിക്കാം, അതാണ് അവളുടെ അജയ്യമായ ശക്തി: വിജയശ്രീലാളിതനായ മിശിഹായെക്കുറിച്ചുള്ള വ്യാമോഹം തകർന്നപ്പോൾ കുരിശിൻറെ ചുവട്ടിൽ നിൽക്കുന്നത് അവളാണ്. സഹോദരീ സഹോദരന്മാരേ, വിനയമാണ് എല്ലാം. ദുഷ്ടനിൽ നിന്നും അവൻറെ കൂട്ടാളികളായിത്തീരുന്ന അപകടത്തിൽ നിന്നും നമ്മെ രക്ഷിക്കുന്നത് അതാണ്. എളിമയാണ് ലോകത്തിലും സഭയിലും സമാധാനത്തിൻറെ ഉറവിടം. വിനയമില്ലാത്തിടത്ത് യുദ്ധമുണ്ട്, അപസ്വരമുണ്ട്, ഭിന്നിപ്പുണ്ട്. യേശുവിലും മറിയത്തിലും ദൈവം നമുക്ക് ഇതിന് മാതൃകയേകി, കാരണം അവർ നമ്മുടെ രക്ഷയും സന്തോഷവുമാണ്. വിനയമാണ് കൃത്യമായും വഴി, രക്ഷയിലേക്കുള്ള പാത. നന്ദി.

സമാപനാഭിവാദ്യങ്ങൾ

ഈ വാക്കുകളെ തുടര്‍ന്ന് പാപ്പായുടെ, ഇറ്റാലിയന്‍ ഭാഷയിലായിരുന്ന, പ്രഭാഷണത്തിന്‍റെ സംഗ്രഹം ആംഗലവും അറബിയുമുള്‍പ്പെടെ വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെട്ടു. പൊതുദർശനപരിപാടിയുടെ അവസാനം പാപ്പാ യുവതീയുവാക്കളെയും വൃദ്ധജനത്തെയും രോഗികളെയും നവദമ്പതികളെയും അഭിവാദ്യം ചെയ്തു. ഇക്കഴിഞ്ഞ ഞായറാഴ്ച പെന്തക്കൂസ്താ തിരുന്നാൾ ആചരിക്കപ്പെട്ടത് അനുസ്മരിച്ച പാപ്പാ പരിശുദ്ധാരൂപി സകലരുടെയും ഹൃദയങ്ങളിൽ വസിക്കുകയും വിശ്വാസത്തിൽ ശക്തരും ഉപവിയിൽ ഉദാരമതികളും പ്രത്യാശയിൽ സ്ഥൈര്യമുള്ളവരുമായിരിക്കാൻ എല്ലാവരെയും സഹായിക്കുകയും ചെയ്യട്ടെയെന്ന് ആശംസിച്ചു.

സമാധാനത്തിനായി, ഉക്രൈയിനിനും ഇസ്രായേലിനും പലസ്തീനും മ്യന്മാറിനും വേണ്ടി പ്രാർത്ഥിക്കുക

നമുക്ക് ആവശ്യമായിരിക്കുന്ന ശാന്തിക്കായി പ്രാർത്ഥിക്കാൻ പാപ്പാ എല്ലാവരെയും ക്ഷണിച്ചു. യുദ്ധവേദികളായ ഉക്രൈയിൻ, ഇസ്രായേൽ, പലസ്തീൻ, മ്യന്മാർ എന്നീ നാടുകളെയും മറ്റു നാടുകളെയും നാം മറക്കരുതെന്നു പറഞ്ഞ പാപ്പാ യുദ്ധവിരാമത്തിനായി പ്രാർത്ഥിക്കാൻ, ഈ ലോക യുദ്ധ വേളയിൽ സമാധാന ലബ്ധിക്കായി പ്രാർത്ഥിക്കാൻ എല്ലാവരോടും അഭ്യർത്ഥിച്ചു. പാപ്പായുടെ ഈ അഭ്യർത്ഥനാന്തരം ലത്തീൻഭാഷയിൽ സ്വർഗ്ഗസ്ഥനായ പിതാവേ എന്ന കർത്തൃപ്രാർത്ഥന ആലപിക്കപ്പെട്ടു. തദ്ദനന്തരം, പാപ്പാ, എല്ലാവർക്കും തൻറെ അപ്പൊസ്തോലികാശീർവ്വാദം നല്കി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

22 May 2024, 11:44

ഏറ്റവും അടുത്ത പൊതുകൂടിക്കാഴ്ച

വായിച്ചു മനസ്സിലാക്കാന്‍ >