പാപ്പാ: വിശ്വാസം, നമ്മെ ക്രൈസ്തവരാക്കുന്ന പുണ്യം!

പാപ്പായുടെ പൊതുദർശന പ്രഭാഷണം. തൊഴിലാളികളുടെ മദ്ധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിൻറെ തിരുന്നാളും തൊഴിലാളിദിനവും ആചരിക്കപ്പെട്ട മെയ് 1-ന് ഫ്രാൻസീസ് പാപ്പാ വത്തിക്കാനിൽ പൊതു ദർശനം അനുവദിച്ചു. തദ്ദവസരത്തിൽ നടത്തിയ പ്രഭാഷണത്തിൽ പാപ്പാ വിശ്വാസം എന്ന പുണ്യം വിശകലനം ചെയ്തു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി    

തൊഴിലാളികളുടെ മദ്ധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിൻറെ തിരുന്നാളും തൊഴിലാളിദിനവും പ്രമാണിച്ച് പൊതു അവധി ആയിരുന്നെങ്കിലും ഫ്രാൻസീസ് പാപ്പാ, വത്തിക്കാനിൽ, ഈ ബുധനാഴ്ചത്തെ (01/05/24) പ്രതിവാരപൊതുദർശനം മുടക്കിയില്ല. കാലവസ്ഥ പ്രവചനമനുസരിച്ച്, മഴസാദ്ധ്യത കണക്കിലെടുത്ത് കൂടിക്കാഴ്ചാവേദി വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ അങ്കണത്തിൽ നിന്ന് പോൾ ആറാമൻ ശാലയിലിക്കു മാറ്റിയിരുന്നു. മഴ പ്രതികൂലാവസ്ഥ സൃഷ്ടിച്ചുവെങ്കിലും വിവിധ രാജ്യക്കാരായിരുന്ന ആയിരക്കണക്കിന് തീർത്ഥാടകരും സന്ദർശകരും ശാലയിൽ സന്നിഹിതരായിരുന്നു. ഊന്നുവടിയുടെ സഹായത്തോടെ സാവധാനം നടന്ന് ശാലയിലെത്തിയ പാപ്പായെ ജനസഞ്ചയം കരഘോഷത്തോടെയും ആരവങ്ങളോടെയും സ്വാഗതം ചെയ്തു. റോമിലെ സമയം രാവിലെ 9.00 മണിയോടെ, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 12.30-ന്, പാപ്പാ ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിച്ചു. തുടർന്ന് വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗ പാരായണമായിരുന്നു.

"താൻ കാഴ്ചനൽകിയവനെ കണ്ടപ്പോൾ യേശു ചോദിച്ചു:"നീ മനുഷ്യപുത്രനിൽ വിശ്വസിക്കുന്നുവോ? അവൻ ചോദിച്ചു:കർത്താവേ, ഞാൻ അവനിൽ വിശ്വസിക്കേണ്ടതിന് അവൻ ആരാണ്? യേശു പറഞ്ഞു: നീ അവനെ കണ്ടുകഴിഞ്ഞു. നിന്നോട് സംസാരിക്കുന്നവൻതന്നെയാണ് അവൻ. കർത്താവേ ഞാൻ വിശ്വസിക്കുന്നു എന്നു പറഞ്ഞുകൊണ്ട് അവൻ യേശുവിനെ പ്രണമിച്ചു.” യോഹന്നാൻറെ സുവിശേഷം, അദ്ധ്യായം 9,35-38 വരെയുള്ള വാക്യങ്ങൾ.

യേശു ശാരീരീകാന്ധതയോടൊപ്പം ആത്മീയാന്ധതയും നീക്കി വിശ്വാസവെളിച്ചം പകരുന്ന സംഭവവിവരണമടങ്ങിയ ഈ വായനയ്ക്കു ശേഷം പാപ്പാ, ദുർഗ്ഗുണങ്ങളെയും സൽഗുണങ്ങളെയും അധികരിച്ചുള്ള പ്രബോധനപരമ്പര തുടർന്നു. വിശ്വാസം എന്ന പുണ്യമായിരുന്നു പാപ്പായുടെ വിചിന്തനത്തിന് ആധാരം ഇത്തവണ. പാപ്പാ ഇറ്റാലിൻ ഭാഷയിൽ ഇപ്രകാരം പറഞ്ഞു:

വിശ്വാസം: ഇരുളിലും കാണാൻ കഴിയുന്ന കണ്ണേകുന്നു 

പ്രിയ സഹോദരീ സഹോദരന്മാരേ, ശുഭദിനം!

ഇന്ന് ഞാൻ വിശ്വാസമെന്ന പുണ്യത്തെക്കുറിച്ചു പ്രതിപാദിക്കാൻ ആഗ്രഹിക്കുന്നു. ഉപവി, പ്രത്യാശ എന്നിവയോടൊപ്പം ഈ പുണ്യവും "ദൈവികപുണ്യം" എന്ന് വിളിക്കപ്പെടുന്നു. ദൈവിക പുണ്യങ്ങൾ മൂന്നാണ്: വിശ്വാസം, ശരണം, ഉപവി. ഈ ദൈവിക പുണ്യങ്ങൾ ദൈവദത്തമാകയാൽ മാത്രമാണ് അവ ജീവിക്കാനാവുക. ദൈവം നമ്മുടെ ധാർമ്മിക കഴിവിന് പ്രദാനം ചെയ്യുന്ന മഹത്തായ ദാനങ്ങളാണ് ഈ മൂന്നു ദൈവിക പുണ്യങ്ങൾ. അവയില്ലെങ്കിലും നമുക്ക് വിവേകികളും നീതിമാന്മാരും ശക്തരും സമചിത്തരുമാകാമായിരിക്കാം, പക്ഷേ, ഇരുട്ടിൽപോലും കാണുന്ന കണ്ണുകൾ നമുക്ക് ഉണ്ടാകില്ല, സ്നേഹിക്കപ്പെടാത്തപ്പോഴും സ്നേഹിക്കുന്ന ഒരു ഹൃദയം നമുക്ക് ഉണ്ടാകില്ല, ഓരോ പ്രതീക്ഷയെയും ചെറുക്കാൻ ധൈര്യപ്പെടുന്ന ഒരു പ്രതീക്ഷയും നമുക്ക് ഉണ്ടാകില്ല.

ദൈവത്തിനുള്ള സ്വതന്ത്ര സമർപ്പണം - വിശ്വാസത്തിൻറെ മനുഷ്യർ - അബ്രഹാം - മോശ - കന്യകാമറിയം

എന്താണ് വിശ്വാസം? കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം, രണ്ടാവത്തിക്കാൻ സൂനഹദോസിൻറെ “ദേയി വെർബൂം” (Dei Verbum) എന്ന പ്രമാണരേഖയെ ഉദ്ധരിച്ചുകൊണ്ട് വിശദീകരിക്കുന്നത്, വിശ്വാസം എന്നത്, മനുഷ്യൻ സ്വാതന്ത്ര്യത്തോടെ ദൈവത്തിന് തന്നെത്തന്നെ സമർപ്പിക്കുന്ന പ്രവൃത്തിയാണ് എന്നാണ് (1814). ഈ വിശ്വാസത്തിൻറെ  വലിയ പിതാവായിരുന്നു അബ്രഹാം. തൻറെ പൂർവ്വികരുടെ ദേശം വിട്ട് ദൈവം കാണിച്ചുതന്ന ദേശത്തേക്ക് പോകാൻ അദ്ദേഹം  സമ്മതിച്ചപ്പോൾ, ഒരുപക്ഷേ, അത് ഭ്രാന്തണെന്ന് കരുതപ്പെട്ടിരിക്കാം: എന്തിന് അറിയാവുന്നതിനെ അജ്ഞാതമായതിനുവേണ്ടി, എന്തിന് സുനിശ്ചിതമായതിനെ അനിശ്ചിതമായതിനുവേണ്ടി, ഉപേക്ഷിക്കണം? അവനു ഭ്രാന്താണോ? അല്ല. എന്നാൽ അബ്രഹാമാകട്ടെ അദൃശ്യനെ കണ്ടതുപോലെ പുറപ്പെടുന്നു. അവസാന നിമിഷത്തിൽ മാത്രം ബലികഴിക്കപ്പെടുന്നതിൽ നിന്ന് ഒഴിവാക്കപ്പെടുന്ന വാഗ്ദത്ത ഏക പുത്രനായ ഇസഹാക്കിനൊപ്പം മലകയറാൻ അദ്ദഹത്തെ പ്രേരിപ്പിക്കുന്നതും ഈ അദൃശ്യനായിരിക്കും. ഈ വിശ്വാസത്തിൽ, അബ്രഹാം ഒരു നീണ്ട സന്താനശ്രേണിയുടെ പിതാവായി മാറുന്നു. വിശ്വാസം അവനെ ഫലപുഷ്ടിയുള്ളവനാക്കി.

മോശ

മോശയും വിശ്വാസത്തിൻറെ ഒരു മനുഷ്യൻ ആയിത്തീരുന്നു, ഒന്നിലധികം സംശയങ്ങൾ ഉലച്ചപ്പോഴും ദൈവസ്വനം സ്വീകരിച്ചുകൊണ്ട് അചഞ്ചലനായിരിക്കുകയും കർത്താവിൽ ആശ്രയിക്കുകയും, പലപ്പോഴും വിശ്വാസത്തിൽ വീഴ്ചസംഭവിച്ച ജനതയ്ക്കുവേണ്ടി വാദിക്കുകപോലും ചെയ്യുകയും ചെയ്തു.

പരിശുദ്ധ അമ്മ

കന്യകാമറിയം വിശ്വാസത്തിൻറെ ഒരു സ്ത്രീയായിരുന്നു. വളരെയേറെ പ്രതിബദ്ധത ആവശ്യപ്പെടുന്നതും അപകടകരവുമാകയാൽ പലരും തള്ളിക്കളയുമായിരുന്ന ദൈവദൂതൻറെ വിളംബരം സ്വീകരിച്ചുകൊണ്ട് അവൾ പ്രത്യുത്തരിക്കുന്നു: "ഇതാ, കർത്താവിൻറെ ദാസി: നിൻറെ വാക്ക് എന്നിൽ നിറവേറട്ടെ" (Lk 1, 38). ദൈവത്തിലുള്ള വിശ്വാസത്താൽ നിറഞ്ഞ ഹൃദയത്തോടെ, മറിയം, സഞ്ചാരപഥം ഏതാണെന്നും എന്തൊക്കെ അപകടങ്ങളുണ്ടെന്നും അവൾക്കറിയാത്ത ഒരു വഴിയിലൂടെ പുറപ്പെടുന്നു.

ക്രൈസ്തവൻറെ സവിശേഷത

വിശ്വാസമാണ് ഒരുവനെ ക്രൈസ്തവനാക്കുന്ന പുണ്യം. എന്തെന്നാൽ, ക്രിസ്ത്യാനിയായിരിക്കുകയെന്നത് പ്രഥമവും പ്രധാനവുമായി, ഒരു സംസ്‌കാരത്തെ അതിൻറെ മൂല്യങ്ങളോടുകൂടെ സ്വീകരിക്കുകയല്ല, പ്രത്യുത, ഒരു ബന്ധത്തെ സ്വാഗതം ചെയ്യുകയും സംരക്ഷിക്കുകയും ചെയ്യുകയാണ്: അതായത്, ഞാനും ദൈവവും; ഞാനെന്ന വ്യക്തിയും യേശുവിൻറെ സ്നേഹനിർഭര വദനവും എന്ന ബന്ധം.

കൊടുങ്കാറ്റിനെ ശമിപ്പിക്കുന്ന യേശു

വിശ്വാസത്തെക്കുറിച്ച് പറയുമ്പോൾ, ഒരു സുവിശേഷസംഭവം ഓർമ്മ വരുന്നു. യേശുവിൻറെ ശിഷ്യന്മാർ തടാകം കടക്കുകയായിരുന്നു, അവർ അപ്രതീക്ഷിത കൊടുങ്കാറ്റിൽപ്പെടുന്നു. തങ്ങളുടെ കരബലവും അനുഭവസമ്പത്തും കൊണ്ട് അതിനെ മറികടക്കാൻ കഴിയുമെന്ന് അവർ കരുതുന്നു, പക്ഷേ വള്ളത്തിൽ വെള്ളം നിറയാൻ തുടങ്ങുന്നു, അവർ പരിഭ്രാന്തരാകുന്നു (മർക്കോസ് 4,35-41 കാണുക). തങ്ങളുടെ കൺമുന്നിൽ പരിഹാരമുണ്ടെന്ന് അവർ മനസ്സിലാക്കുന്നില്ല: അതായത്, വള്ളത്തിൽ യേശു അവരോടൊപ്പം ഉണ്ട്, കൊടുങ്കാറ്റിനു മദ്ധ്യം അവിടന്ന് ഉറങ്ങുകയാണ്. ഭയവിഹ്വലരും ഒപ്പം യേശു അവരെ മരണത്തിനു വിട്ടുകൊടുക്കുകയാണെന്ന ധാരണയാൽ കോപിഷ്ഠരുമായ അവർ അവസാനം അവിടത്തെ ഉണർത്തുമ്പോൾ അവിടന്ന് അവരെ ശാസിക്കുന്നു: "നിങ്ങൾ ഭയപ്പെടുന്നതെന്ത്? നിങ്ങൾക്ക് വിശ്വാസം ഇല്ലേ?" (മർക്കോസ് 4.40).

ഭയം എന്ന വൈരി 

ഇതാ, വിശ്വാസത്തിൻറെ വലിയ ശത്രു: അത് ബുദ്ധിയല്ല, യുക്തിയല്ല, ചിലർ ഭ്രാന്തമായി ആവർത്തിക്കുന്നത് തുടരുന്ന അയ്യോ അല്ല, എന്നാൽ വെറും ഭയമാണ്. ഇക്കാരണത്താൽ, ക്രിസ്തീയ ജീവിതത്തിൽ സ്വാഗതം ചെയ്യപ്പെടേണ്ട പ്രഥമ ദാനമാണ് വിശ്വാസം: അത് നമ്മിൽ പുതുക്കപ്പെടേണ്ടതിന് സ്വാഗതം ചെയ്യപ്പെടുകയും അനുദിനം ആവശ്യപ്പെടുകയും ചെയ്യേണ്ട ഒരു ദാനമാണ്. പ്രത്യക്ഷത്തിൽ ഇതൊരു ചെറിയ ദാനമാണ്, എങ്കിലും അത് അത്യന്താപേക്ഷിതമാണ്. നമ്മെ മാമ്മോദീസാതൊട്ടിയിലേക്കു കൊണ്ടുപോയപ്പോൾ, മാതാപിതാക്കൾ നമുക്കായി തിരഞ്ഞെടുത്ത പേര് പ്രഖ്യാപിച്ച ശേഷം, പുരോഹിതൻ അവരോട് ചോദിക്കുന്നു: "ദൈവത്തിൻറെ സഭയോട് നിങ്ങൾ എന്താണ് ചോദിക്കുന്നത്?". അവർ മറുപടി പറയുന്നു: "വിശ്വാസം, സ്നാനം!".

മാതാപിതാക്കളുടെ വിശ്വാസം

തങ്ങൾക്ക് ലഭിച്ച കൃപയെക്കുറിച്ച് അവബോധമുള്ള ക്രൈസ്തവമാതാപിതാക്കളെ സംബന്ധിച്ചിടത്തോളം, അത്, വിശ്വാസം, സ്വന്തം കുഞ്ഞിനുവേണ്ടിയും ചോദിക്കേണ്ട ദാനമാണ്. ജീവിതത്തിലെ പരീക്ഷണങ്ങൾക്കിടയിലും സ്വന്തം കുഞ്ഞു ഭയത്തിൽ മുങ്ങുകയില്ലെന്ന് ഒരു രക്ഷിതാവിന് അറിയാം. ആ കുഞ്ഞിന് ഈ ഭൂമിയിൽ മാതാവോ പിതാവോ ഇല്ലാതെയാകുമ്പോൾ, അവനെ ഒരിക്കലും കൈവിടാത്ത ഒരു പിതാവായ ദൈവം സ്വർഗ്ഗത്തിൽ അവനുണ്ടായിരിക്കുമെന്നും ആ രക്ഷിതാവിനറിയാം. നമ്മുടെ സ്നേഹം വളരെ ദുർബ്ബലമാണ്, ദൈവസ്നേഹം മാത്രമാണ് മരണത്തെ കീഴടക്കുന്നത്.

അൽപവിശ്വാസത്തിനുടമകൾ നമ്മൾ

തീർച്ചയായും, അപ്പോസ്തലൻ പറയുന്നതുപോലെ, വിശ്വാസം എല്ലാവർക്കുമില്ല (2 തെസ്സ 3:2-3 കാണുക), വിശ്വാസികളായ നമുക്കു പോലും വിശ്വാസത്തിൻറെ ഒരു അംശംമാത്രമാണുള്ളതെന്ന് നാം പലപ്പോഴും തിരിച്ചറിയുന്നു. "അല്പവിശ്വാസികൾ" എന്നതിൻറെ പേരിൽ യേശു അവിടത്തെ ശിഷ്യന്മാരോട് ചെയ്തതുപോലെ നമ്മെയും പലപ്പോഴും ശകാരിച്ചേക്കാം. എന്നാൽ ഇത് ഏറ്റവും സന്തോഷദായക ദാനമാണ്, നമുക്ക് നൽകപ്പെട്ടിരിക്കുന്ന അസൂയപ്പെടത്തക്കതായ ഒരേയൊരു പുണ്യമാണിത്. കാരണം, വിശ്വാസമുള്ളവനിൽ മാനുഷികം മാത്രമല്ലാത്ത ഒരു ശക്തി കുടികൊള്ളുന്നു; വാസ്‌തവത്തിൽ, വിശ്വാസം നമ്മിൽ കൃപ "ഉളവാക്കുകയും" ദൈവത്തിൻറെ രഹസ്യത്തിലേക്ക് മനസ്സിനെ തുറക്കുകയും ചെയ്യുന്നു.  യേശു ഒരിക്കൽ പറഞ്ഞതുപോലെ: "നിങ്ങൾക്ക് ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കിൽ, ഈ സിക്കമിൻ മരത്തോട് നിങ്ങൾക്ക് ഇങ്ങനെ പറയാനാകും: 'ചുവടോടെ ഇളകി കടലിൽ ചെന്നു വേരുറയ്ക്കുക. "അത് നിങ്ങളെ അനുസരിക്കും" (ലൂക്കാ 17:6). അതിനാൽ, ശിഷ്യന്മാരെപ്പോലെ നമുക്കും അവനോട് ആവർത്തിക്കാം: കർത്താവേ, ഞങ്ങളുടെ വിശ്വാസം വർദ്ധിപ്പിക്കണമേ! (ലൂക്കാ 17:5 കാണുക)  ഇത് മനോഹരമായ ഒരു പ്രാർത്ഥനയാണ്! നമുക്കെല്ലാവർക്കും ഒരുമിച്ച് ചൊല്ലാമല്ലോ? "കർത്താവേ, ഞങ്ങളുടെ വിശ്വാസം വർദ്ധിപ്പിക്കണമേ." എല്ലാവരും ഒരുമിച്ച് പറയുക: "കർത്താവേ, ഞങ്ങളുടെ വിശ്വാസം വർദ്ധിപ്പിക്കണമേ". നന്ദി.

ഈ വാക്കുകളെ തുടര്‍ന്ന് പാപ്പായുടെ, ഇറ്റാലിയന്‍ ഭാഷയിലായിരുന്ന, പ്രഭാഷണത്തിന്‍റെ സംഗ്രഹം ആംഗലവും അറബിയുമുള്‍പ്പെടെ വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെട്ടു.

സമാപനാഭിവാദ്യങ്ങൾ - മരിയൻ മാസാരംഭം

പൊതുദർശനപരിപാടിയുടെ അവസാനം പാപ്പാ യുവതീയുവാക്കളെയും വൃദ്ധജനത്തെയും രോഗികളെയും നവദമ്പതികളെയും അഭിവാദ്യം ചെയ്തു. തൊഴിലാളിയായ വിശുദ്ധ യൗസേപ്പിതാവിൻറെ ദിനം നാം ആകമാന സഭയോടൊത്ത് ആചരിക്കുന്ന മെയ് ഒന്നിന് പരിശുദ്ധ കന്യകാമറിയത്തിന് സമർപ്പിതമായ മാസം- മരിയൻ മാസം ആരംഭിക്കുകയാണെന്നതും പാപ്പാ അനുസ്മരിച്ചു. ജീവൻറെയും തൊഴിലിൻറെയും സ്നേഹത്തിൻറെയും സമൂഹമായ ഗാർഹികസമൂഹത്തിൻറെ മാതൃകയായി നസ്രത്തിലെ തിരുക്കുടുംബത്തെ സ്വീകരിക്കാൻ പാപ്പാ നിർദ്ദേശിക്കുകയും ചെയ്തു.

ഉക്രൈയിനും ഇസ്രായേലിനും പലസ്തീനും മ്യന്മാറിനും വേണ്ടി പ്രാർത്ഥിക്കുക

യുദ്ധവേദികളായ ഉക്രൈയിൻ, പലസ്തീൻ ഇസ്രായേൽ മ്യന്മാർ എന്നീ നാടുകളെ പാപ്പാ പതിവുപോലെ അനുസ്മരിക്കുകയും സമാധാനത്തിനായി പ്രാർത്ഥിക്കാൻ അഭ്യർത്ഥിക്കുകയും ചെയ്തു. സമാധാനത്തിനു വേണ്ടിയും യുദ്ധത്തിന് ഇരകളായവർക്കു വേണ്ടിയും  പ്രാർത്ഥിക്കാൻ മറക്കരുതെന്നു പറഞ്ഞ പാപ്പാ പലസ്തീനിലെയും ഇസ്രായേലിലെയും ജനങ്ങളെയും റൊഹീംഗ്യൻ ജനങ്ങളെയും മ്യന്മാറിനെയും അനുസ്മരിച്ചു. യുദ്ധം എപ്പോഴും ഒരു തോൽവിയാണെന്ന തൻറെ ഉറച്ച ബോധ്യം പാപ്പാ ആവർത്തിച്ചു. യുദ്ധത്തിലകപ്പെട്ടിരിക്കുന്നവർക്കും ലോകജനതയ്ക്കും വേണ്ടി പ്രാർത്ഥിക്കാൻ പാപ്പാ അഭ്യർത്ഥിച്ചു. 

അപലപനീയ ധനസമ്പാദന മാർഗ്ഗമായ ആയുധക്കച്ചവടം

ഇന്ന് ഏറ്റവും കൂടുതൽ വരുമാനം ഉണ്ടാക്കുന്ന നിക്ഷേപങ്ങൾ ആയുധ നിർമ്മാണശാലകളായി മറിയിരിക്കുന്ന ദൗർഭാഗ്യകരമായ അവസ്ഥയെക്കുറിച്ചു പരാമർശിച്ച പാപ്പാ മരണത്തിൽ നിന്ന് പണം കൊയ്യുന്നത് ഭീകരമാണെന്ന് അപലപിക്കുകയും സമാധാനത്തിനായുള്ള പ്രാർത്ഥന ആവർത്തിക്കുകയും ചെയ്തു. പാപ്പായുടെ ഈ അഭ്യർത്ഥനയെ തുടർന്ന് ലത്തീൻഭാഷയിൽ സ്വർഗ്ഗസ്ഥനായ പിതാവേ എന്ന കർത്തൃപ്രാർത്ഥന ആലപിക്കപ്പെട്ടു. അതിനു ശേഷം, പാപ്പാ, എല്ലാവർക്കും തൻറെ അപ്പൊസ്തോലികാശീർവ്വാദം നല്കി

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

01 May 2024, 11:47

ഏറ്റവും അടുത്ത പൊതുകൂടിക്കാഴ്ച

വായിച്ചു മനസ്സിലാക്കാന്‍ >