ദൈവവചനം ശ്രവിക്കുക, വായിക്കുക, മനനം ചെയ്യുക, പാപ്പാ!

ഫ്രാൻസീസ് പാപ്പായുടെ പ്രതിവാര പൊതുദർശന പ്രഭാഷണം: ദൈവവചനം ഗ്രഹിക്കാൻ നമ്മെ സഹായിക്കുന്ന പരിശുദ്ധാരൂപി.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി    

ഫ്രാൻസീസ് പാപ്പാ, പതിവുപോലെ ഈ ബുധനാഴ്ച (12/06/24)  വത്തിക്കാനിൽ, പൊതുദർശനം അനുവദിച്ചു. പ്രതിവാര പൊതുകൂടിക്കാഴചാവേദി വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ ചത്വരം ആയിരുന്നു. മലയാളികളുൾപ്പടെ വിവിധ രാജ്യക്കാരായിരുന്ന ആയിരക്കണക്കിന് തീർത്ഥാടകരും സന്ദർശകരും ബസിലിക്കാങ്കണത്തിൽ സന്നിഹിതരായിരുന്നു. എല്ലാവർക്കും തന്നെ കാണത്തക്കരീതിയിൽ സജ്ജീകരിച്ചിരിക്കുന്ന വെളുത്ത തുറന്ന വാഹനത്തിൽ പാപ്പാ ചത്വരത്തിൽ എത്തിയപ്പോൾ ജനസഞ്ചയത്തിൻറെ കരഘോഷങ്ങളും ആനന്ദാരവങ്ങളും  അവിടെ അലതല്ലി.  തന്നോടൊപ്പം, ഏതാനും കുട്ടികളെ വാഹനത്തിൽ കയറ്റി ജനത്തെ അഭിവാദ്യം ചെയ്തുകൊണ്ട് അവർക്കിടയിലൂടെ നീങ്ങിയ പാപ്പാ, പ്രസംഗ വേദിയിലേക്കു നയിക്കുന്ന പടവുകൾക്കടുത്തു വച്ച് തന്നോടൊപ്പമുണ്ടായിരുന്ന കുട്ടികളെ വണ്ടിയിൽ നിന്നിറക്കി. തുടർന്ന് വാഹനം പടവുകൾ കയറി വേദിക്കരികിലെത്തിയപ്പോൾ പാപ്പാ അതിൽ നിന്നിറങ്ങുകയും റോമിലെ സമയം രാവിലെ 9.00 മണിയോടെ, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 12.30-ന്, ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിക്കുകയും ചെയ്തു. തുടർന്ന് വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗ പാരായണമായിരുന്നു.

സഹോദരീ സഹോദരന്മാരേ, ആദ്യം നിങ്ങൾ ഇതു മനസ്സിലാക്കുവിൻ:  വിശുദ്ധലിഖിതത്തിലെ പ്രവചനങ്ങൾ ഒന്നുംതന്നെ ആരുടെയും സ്വന്തമായ വ്യാഖ്യാനത്തിനുള്ളതല്ല. എന്തുകൊണ്ടെന്നാൽ പ്രവചനങ്ങൾ ഒരിക്കലും മാനുഷിക ചോദനയാൽ രൂപം കൊണ്ടതല്ല; പരിശുദ്ധാത്മാവിനാൽ പ്രചോദിതരായി ദൈവത്തിൻറെ മനുഷ്യർ സംസാരിച്ചവയാണ്.” പത്രോസിൻറെ രണ്ടാം ലേഖനം, അദ്ധ്യായം 1, 20-21 വാക്യങ്ങൾ. (2 പത്രോസ് 1,20-21)

ഈ വായനയ്ക്കു ശേഷം പാപ്പാ, താൻ പരിശുദ്ധാരൂപിയെ അധികരിച്ച് ആരംഭിച്ചിരിക്കുന്ന പ്രബോധന പരമ്പര തുടർന്നു. "ആത്മാവും മണവാട്ടിയും. നമ്മുടെ പ്രത്യാശയായ യേശുവിനെ കണ്ടുമുട്ടാൻ പരിശുദ്ധാരൂപി ദൈവജനത്തെ നയിക്കുന്നു” എന്ന പ്രമേയം വിചിന്തനത്തിനായി സ്വീകരിച്ചിരിക്കുന്ന പാപ്പാ ദൈവിക വെളിപാടിൽ പരിശുദ്ധാരൂപിയുടെ പ്രവർത്തനം വിശകലനം ചെയ്തു ഇത്തവണ. പാപ്പാ ഇറ്റാലിൻ ഭാഷയിൽ നടത്തിയ പ്രഭാഷണം:

വിഴികാട്ടിയായ പരിശുദ്ധാരൂപി വെളിപാടിൽ

പ്രിയ സഹോദരീ സഹോദരന്മാരേ, ശുഭദിനം, സ്വാഗതം!

നമ്മുടെ പ്രത്യാശയായ ക്രിസ്തുവിലേക്ക് സഭയെ ആനയിക്കുന്ന പരിശുദ്ധാത്മാവിനെക്കുറിച്ചുള്ള പ്രബോധനം നാം തുടരുകയാണ്. അവിടന്ന് നമ്മുടെ വഴികാട്ടിയാണ്. സൃഷ്ടിയിൽ ആത്മാവിൻറെ പ്രവർത്തനത്തെക്കുറിച്ചാണ് കഴിഞ്ഞതവണ നാം പരിചിന്തനം ചെയ്തത്; ഇന്ന് നാം ദൈവാരൂപിയെ ദർശിക്കുക വെളിപാടിലാണ്, അതിനുള്ള ദൈവനിവേശിതവും അധികൃതവുമായ സാക്ഷ്യം വിശുദ്ധ ഗ്രന്ഥമാണ്.

ദൈവനിവേശിത വചനം

തിമോത്തിയോസിനുള്ള പൗലോസിൻറെ രണ്ടാം ലേഖനത്തിൽ ഈ പ്രസ്താവന കാണാം: "തിരുലിഖിതമഖിലം ദൈവനിവേശിതമാണ്" (2 തിമോത്തിയോസ് 3:16). പുതിയ നിയമത്തിലെ മറ്റൊരു വാക്യം ഇപ്രകാരമാണ്: "പരിശുദ്ധാത്മാവിനാൽ പ്രചോദിതരായി, ദൈവത്തിൻറെ മനുഷ്യർ സംസാരിച്ചു" (2 പത്രോസ് 1,21). പരിശുദ്ധാത്മാവ് "പ്രവാചകന്മാരിലൂടെ സംസാരിച്ചു" എന്ന് പറഞ്ഞുകൊണ്ട് വിശ്വാസപ്രമാണത്തിൽ നാം പ്രഖ്യാപിക്കുന്നത് തിരുവെഴുത്തുകളുടെ ദൈവിക പ്രചോദനത്തിൻറെ ഈ സിദ്ധാന്തമാണ്.

ദൈവവചനം ഗ്രഹിക്കാൻ നമ്മെ പ്രാപ്തനാക്കുന്ന അരൂപി 

തിരുലിഖിതങ്ങൾക്ക് പ്രചോദനമേകിയ പരിശുദ്ധാത്മാവ്തന്നെ, അവ വിശദീകരിക്കുകയും അവയെ ശാശ്വതമായി സജീവും പ്രവർത്തനിരതവുമാക്കുകയും ചെയ്യുന്നു. നിവേശിതമായ അതിനെ, അരൂപി പ്രചോദനദായകമാക്കിത്തീർക്കുന്നു. "ദൈവനിവേശിതവും എന്നെന്നേക്കുമായി ഒരിക്കൽ എഴുതപ്പെട്ടതുമായ തിരുലിഖിതങ്ങൾ, ദൈവത്തിൻറെ തന്നെ വചനം മാറ്റമില്ലാതെ സംവേദനം ചെയ്യുകയും പ്രവാചകന്മാരുടെയും അപ്പോസ്തലന്മാരുടെയും വാക്കുകളിൽ പരിശുദ്ധാത്മാവിൻറെ സ്വനം പ്രതിധ്വനിപ്പിക്കുകയും ചെയ്യുന്നു" (ദേയി വെർബൂം n. 21) എന്ന് രണ്ടാം വത്തിക്കാൻ സൂനഹദോസ് പറയുന്നു. “തിരുലിഖിതങ്ങൾ ഗ്രഹിക്കാൻ തക്കവിധം ശുഷ്യന്മാരുടെ മനസ്സ് തുറന്ന” (ലൂക്കാ 24:45 കാണുക)  ഉത്ഥിതനായ യേശുവിൻറെ ഉത്ഥാനാന്തര പ്രവർത്തനം പരിശുദ്ധാരൂപി,   ഈ വിധത്തിൽ, സഭയിൽ തുടരുന്നു.

പരിശുദ്ധാത്മ വെളിച്ചം 

വാസ്തവത്തിൽ, പ്രത്യേക വികാരങ്ങളൊന്നുമില്ലാതെ നാം പലതവണ വായിച്ചിട്ടുള്ള ഒരു തിരുലിഖിത ഭാഗം ഒരു ദിവസം നമ്മൾ വിശ്വാസത്തിൻറെയും പ്രാർത്ഥനയുടെയും ഒരു അന്തരീക്ഷത്തിൽ വായിക്കുകയും അപ്പോൾ ആ വാചകം പെട്ടെന്ന് പ്രകാശമാനമാകുകയും നമ്മോട് സംസാരിക്കുകയും നാം അനുഭവിക്കുന്ന ഒരു പ്രശ്നത്തിൻറെ മേൽ വെളിച്ചം ചൊരിയുകയും ഒരു പ്രത്യേക സാഹചര്യത്തിൽ നമ്മെ സംബന്ധിച്ച ദൈവഹിതം എന്താണെന്ന് വ്യക്തമാക്കുകയും ചെയ്തേക്കാം. പരിശുദ്ധാത്മാവിൻറെ വെളിച്ചത്തിൻറെയല്ലെങ്കിൽ പിന്നെ മാറ്റത്തിൻറെ ഫലമാണ്  ഈ മാറ്റം? തിരുലിഖിതത്തിലെ വാക്കുകൾ, ആത്മാവിൻറെ പ്രവർത്തനത്തിൻ കീഴിൽ, പ്രകാശപൂരിതമാകുന്നു; ഹെബ്രായർക്കുള്ള കത്തിലെ പ്രസ്താവന എത്രത്തോളം ശരിയാണെന്ന് അത്തരം സന്ദർഭങ്ങളിൽ നമുക്ക് തൊട്ടറിയാൻ കഴിയും: "ദൈവത്തിൻറെ വചനം സജീവവും ഊർജ്ജസ്വലവുമാണ്; ഏതൊരു ഇരുതല വാളിനെക്കാളും മൂർച്ചയുള്ളതുമാണ്" (ഹെബ്രായർ 4,12).

ദൈവചന പോഷിത സഭ

സഹോദരീ സഹോദരന്മാരേ, വിശുദ്ധ ഗ്രന്ഥത്തിൻറെ ആത്മീയ വായനയാൽ, അതായത്, തിരുലിഖിതത്തിനു പ്രചോദനമേകിയ പരിശുദ്ധാത്മാവിൻറെ മാർഗ്ഗനിർദ്ദേശത്തിൻ കീഴിൽ നടക്കുന്ന വായനയാൽ പോഷിതമാണ് സഭ. അതിൻറെ കേന്ദ്രത്തിൽ, എല്ലാറ്റിനെയും പ്രകാശിപ്പിക്കുന്ന ഒരു മിന്നാരം പോലെ, ക്രിസ്തുവിൻറെ മരണോത്ഥാന സംഭവമുണ്ട്. ഈ സംഭവമാണ്, പരിത്രാണ പദ്ധതി പൂർത്തിയാക്കുകയും എല്ലാ പ്രതീക്ഷകളും പ്രവചനങ്ങളും സാക്ഷാത്കരിക്കുകയും മറഞ്ഞിരിക്കുന്ന എല്ലാ രഹസ്യങ്ങളും അനാവരണം ചെയ്യുകയും മുഴുവൻ വേദപുസ്തക വ്യാഖ്യാത്തിനുള്ള യഥാർത്ഥ താക്കോൽ പ്രദാനം ചെയ്യുകയും ചെയ്യുന്നത്. ക്രിസ്തുവിൻറെ മരണോത്ഥാനങ്ങളാണ് മുഴുവൻ ബൈബിളിനെയും നമ്മുടെ ജീവിതത്തെയും പ്രകാശിപ്പിക്കുന്ന വിളക്കുമാടം.  "അകത്തും പുറത്തും എഴുതിയതും, എന്നാൽ ഏഴ് മുദ്രകൾ വയ്ക്കപ്പെട്ടതുമായ" (വെളിപാട് 5.1-9 കാണുക)  പുസ്തകത്തിൻറെ, അതായത് പഴയനിയമ പുസ്തകത്തിൻറെ, മുദ്രകൾ പൊട്ടിക്കുന്ന കുഞ്ഞാടിൻറെ പ്രതീകത്താൽ വെളിപാടുപുസ്തകം ഇതെല്ലാം വിശദമാക്കുന്നു. ക്രിസ്തുവിൻറെ മണവാട്ടിയായ സഭ, നവേശിത ഗ്രന്ഥത്തിൻറെ ആധികാരിക വ്യാഖ്യാതാവും അതിൻറെ ആധികാരിക പ്രഘോഷണത്തിൻറെ മദ്ധ്യസ്ഥയുമാണ്. സഭ പരിശുദ്ധാത്മാവിനാൽ അലംകൃതയാകയാൽ, അവൾ "സത്യത്തിൻറെ തൂണും താങ്ങുമാണ്" (1 തിമോ. 3:15). വിശ്വാസികളെയും ബൈബിൾ ഗ്രന്ഥങ്ങൾ ശരിയായി വ്യാഖ്യാനിക്കാൻ സത്യം തേടുന്നവരെയും സഹായിക്കുക എന്നത് സഭയുടെ കടമയാണ്.

 “ലെക്സിയൊ ദിവീന

ദൈവവചനത്തിൻറെ ആത്മീയപാരായണത്തിനുള്ള ഒരു മാർഗ്ഗം “ലെക്സിയൊ ദിവീന” (lectio divina) പരിശീലനമാണ്. തിരുവെഴുത്തുകളുടെ ഒരു ഭാഗത്തിൻറെ വ്യക്തിഗതവും ധ്യാനാത്മകവുമായ വായനയ്ക്കായി ദിവസത്തിൽ കുറച്ച് സമയം നീക്കിവയ്ക്കുന്നതാണിത്. ഇതു സുപ്രധാനമാണ്: എല്ലാ ദിവസവും അൽപസമയം ശ്രവണത്തിനായി നീക്കിവയ്ക്കുക. എനിക്കു കൂടുതൽ സമയം ഉണ്ടങ്കിൽ, ഒരു തിരുലിഖിത ഭാഗം വായിക്കുകയും ധ്യാനിക്കുകയും ചെയ്യുക..... എന്നാൽ വിശുദ്ധ ഗ്രന്ഥത്തിൻറെ ഏറ്റവും ഉദാത്തമായ ആത്മീയ വായന, ആരാധനക്രമത്തിൽ, വിശുദ്ധ കുർബ്ബാനയിൽ നടത്തപ്പെടുന്ന സമൂഹപരമായ വായനയാണ്. പഴയനിയമത്തിലെ ഒരു സംഭവം അല്ലെങ്കിൽ ഒരു ഉദ്ബോധനം, ക്രിസ്തുവിൻറെ സുവിശേഷത്തിൽ അതിൻറെ പൂർത്തീകരണം കണ്ടെത്തുന്നത് എങ്ങനെയെന്ന് നാം അവിടെ കാണുന്നു. ദൈവവചനം പുസ്തകത്താളിൽ നിന്ന് ജീവിതത്തിലേക്ക് മാറ്റാൻ സുവിശേഷപ്രഭാഷണം സഹായകമാകണം. എന്നാൽ സുവിശേഷ പ്രസംഗം ഹ്രസ്വമായിരിക്കണം. ഒരു സാദൃശ്യം, ഒരു ചിന്ത, ഒരു വികാരം. സുവിശേഷ പ്രസംഗം 8 മിനിറ്റിൽ കൂടുതൽ നീളരുത്. കാരണം ആ സമയം കഴിഞ്ഞാൽ ശ്രദ്ധ നഷ്ടപ്പെടും, ഉറക്കം വരും. എന്താണ് പറയുന്നതെന്ന് ഗ്രഹിക്കാതെ ഏറെ സംസാരിക്കുന്ന വൈദികരോട് ഞാൻ ഇതു പറയാൻ ആഗ്രഹിക്കുന്നു. നാം എല്ലാ ദിവസവും കുർബ്ബാനയിലോ അല്ലെങ്കിൽ യാമപ്രാർത്ഥനകളിലോ കേൾക്കുന്ന നിരവധി ദൈവവചനങ്ങളിൽ, എല്ലായ്‌പ്പോഴും നമ്മെ പ്രത്യേകമായി ഉദ്ദേശിച്ചിട്ടുള്ള ഒന്ന് ഉണ്ട്. അത് ഹൃദയത്തിൽ സ്വീകരിച്ചാൽ, അതിന് നമ്മുടെ ദിവസത്തെ പ്രകാശിപ്പിക്കാനും നമ്മുടെ പ്രാർത്ഥനയെ സജീവമാക്കാനും കഴിയും. അത് ശൂന്യതയിൽ നിപതിക്കാതിരിക്കാൻ ശ്രദ്ധിക്കുക എന്നതാണിത്!.

ദൈവവചന സ്നേഹം

ദൈവവചനവുമായി പ്രണയത്തിലാകുന്നതിന് നമ്മെ സഹായിക്കാൻ കഴിയുന്ന ഒരു ചിന്തയോടുകൂടി ഉപസംഹരിക്കാം. ചില സംഗീത ശകലങ്ങൾക്കെന്ന പോലെ, വിശുദ്ധ ഗ്രന്ഥത്തിനും തുടക്കം മുതൽ അവസാനം വരെ പശ്ചാത്തലത്തിൽ ഒരു ശ്രുതിസ്വനമുണ്ട്. ഈ ശ്രുതിശബ്ദം ദൈവസ്നേഹമാണ്. വിശുദ്ധ അഗസ്റ്റിൻറെ നിരീക്ഷണം ഇതാണ്: “ആകമാന ബൈബിൾ ദൈവസ്നേഹം വിവരിക്കുകയല്ലാതെ മറ്റൊന്നും ചെയ്യുന്നില്ല". വരൻ വധുവിനെഴുതിയ കത്തുപോലെ" തൻറെ സൃഷ്ടിക്കുള്ള സർവ്വശക്തനായ ദൈവത്തിൻറെ ഒരു കത്ത്" എന്നാണ് മഹാനായ വിശുദ്ധ ഗ്രിഗറി തിരുലിഖിതത്തെ നിർവ്വചിക്കുന്നത്. "ദൈവത്തിൻറെ വചനങ്ങളിൽ അവിടത്തെ ഹൃദയം അറിയാൻ പഠിക്കുന്നതിന്" അത് നമ്മെ ഉപദേശിക്കുന്നു. രണ്ടാം വത്തിക്കാൻ സൂനഹദോസ് വീണ്ടും പറയുന്നു: "ഈ വെളിപാടിനോടൊപ്പം അദൃശ്യനായ ദൈവം, തൻറെ മഹത്തായ സ്നേഹത്തിൽ, മനുഷ്യരോട് സുഹൃത്തുക്കളോടെന്നപോലെ സംസാരിക്കുകയും തന്നോട് സംസർഗ്ഗത്തിലാകുന്നതിന് അവരെ ക്ഷണിക്കാനും അതിലേക്ക് അവരെ പ്രവേശിപ്പിക്കാനും അവരുമായി ഇടപഴകുകയും ചെയ്യുന്നു " (ദേയി വെർബൂം, 2).

ദൈവവചന പാരായണം

പ്രിയ സഹോദരീസഹോദരന്മാരേ, ബൈബിൾ വായന തുടരുക, കീശയിൽ കൊണ്ടുനടക്കാവുന്ന തരത്തിലുള്ള സുവിശേഷഗ്രന്ഥം മറക്കരുത്: നിങ്ങളുടെ സഞ്ചിയിലും കീശകളിലും ഇത് കൊണ്ടുനടക്കുക, ദിവസത്തിൽ ചില സമയങ്ങളിൽ ഒരു ഭാഗം വായിക്കുക. ഇത് നിങ്ങളെ ദൈവവചനത്തിലുള്ള പരിശുദ്ധാത്മാവിനോട് വളരെ ചാരെയാക്കും. തിരുവെഴുത്തുകൾക്ക് പ്രചോദനമേകിയ, ഇപ്പോൾ തിരുലിഖിതങ്ങളിൽ നിന്ന് പ്രചോദനമേകുന്ന പരിശുദ്ധാത്മാവ്, സമൂർത്ത ജീവിതസാഹചര്യങ്ങളിൽ നിന്ന് ഈ ദൈവസ്നേഹം സ്വീകരിക്കാൻ നമ്മെ സഹായിക്കട്ടെ. നന്ദി.

സമാപനാഭിവാദ്യങ്ങളും ആശീർവ്വാദവും

പാപ്പാ ഇറ്റാലിയന്‍ ഭാഷയിൽ നടത്തിയ മുഖ്യ പ്രഭാഷണത്തെ തുടർന്ന് അതിൻറെ സംഗ്രഹം ആംഗലവും അറബിയുമുള്‍പ്പെടെ വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെട്ടു. പൊതുദർശനപരിപാടിയുടെ അവസാനം പാപ്പാ യുവതീയുവാക്കളെയും വൃദ്ധജനത്തെയും രോഗികളെയും നവദമ്പതികളെയും അഭിവാദ്യം ചെയ്തു. ജൂൺ പതിമൂന്നിന്, വൈദികനും സഭാപാരംഗതനുമായ പദൊവായിലെ വിശുദ്ധ അന്തോണീസിൻറെ തിരുന്നാൾ ആചരിക്കപ്പെടുന്നത് പാപ്പാ അനുസ്മരിച്ചു. വിശിഷ്ട പ്രാസംഗികനും ദരിദ്രരുടെയും കഷ്ടപ്പെടുന്നവരുടെയും സംരക്ഷകനുമായ ഈ പുണ്യാത്മാവിൻറെ മാതൃക എല്ലാവരിലും വിശ്വാസത്തിൻറെ പാത പിന്തുടരാനും അദ്ദേഹത്തിൻറെ ജീവിതം അനുകരിക്കാനുമുള്ള അഭിലാഷം ഉണർത്തുകയും, അങ്ങനെ സുവിശേഷത്തിൻറെ വിശ്വസനീയ സാക്ഷികളായി മാറാൻ പ്രാപ്തരാക്കുകയും ചെയ്യട്ടെയെന്ന് പാപ്പാ ആശംസിച്ചു. തുടർന്ന് ലത്തീൻഭാഷയിൽ സ്വർഗ്ഗസ്ഥനായ പിതാവേ എന്ന കർത്തൃപ്രാർത്ഥന ആലപിക്കപ്പെട്ടു. തദ്ദനന്തരം, പാപ്പാ, എല്ലാവർക്കും തൻറെ അപ്പൊസ്തോലികാശീർവ്വാദം നല്കി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

12 June 2024, 11:53

ഏറ്റവും അടുത്ത പൊതുകൂടിക്കാഴ്ച

വായിച്ചു മനസ്സിലാക്കാന്‍ >