തിരയുക

റൂഹാ, ക്രൈസ്തവനെ സ്വതന്ത്രനാക്കുന്നു, മക്കൾക്കടുത്ത സ്വാതന്ത്ര്യമേകുന്നു, പാപ്പാ!

ഫ്രാൻസീസ് പാപ്പായുടെ പൊതുകൂടിക്കാഴ്ചാ പ്രഭാഷണം: റൂഹാ എന്ന പരിശുദ്ധാത്മ നാമം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി    

ഫ്രാൻസീസ് പാപ്പാ, പതിവുപോലെ ഈ ബുധനാഴ്ച (05/06/24)  വത്തിക്കാനിൽ, പൊതുദർശനം അനുവദിച്ചു. പ്രതിവാര പൊതുകൂടിക്കാഴചാവേദി അർക്കാംശുക്കളാൽ പ്രശോഭിതമായിരുന്ന വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ ചത്വരം ആയിരുന്നു. മലയാളികളുൾപ്പടെ വിവിധ രാജ്യക്കാരായിരുന്ന ആയിരക്കണക്കിന് തീർത്ഥാടകരും സന്ദർശകരും ബസിലിക്കാങ്കണത്തിൽ സന്നിഹിതരായിരുന്നു. എല്ലാവർക്കും തന്നെ കാണത്തക്കരീതിയിൽ സജ്ജീകരിച്ചിരിക്കുന്ന വെളുത്ത തുറന്ന വാഹനത്തിൽ പാപ്പാ ചത്വരത്തിൽ എത്തിയപ്പോൾ ജനസഞ്ചയത്തിൻറെ കരഘോഷങ്ങളും ആനന്ദാരവങ്ങളും  അവിടെ അലതല്ലി. തന്നോടൊപ്പം, ഏതാനും കുട്ടികളെ വാഹനത്തിൽ കയറ്റി ജനത്തെ അഭിവാദ്യം ചെയ്തുകൊണ്ട് അവർക്കിടയിലൂടെ നീങ്ങിയ പാപ്പാ, പ്രസംഗ വേദിയിലേക്കു നയിക്കുന്ന പടവുകൾക്കടുത്തു വച്ച് തന്നോടൊപ്പമുണ്ടായിരുന്ന കുട്ടികളെ വണ്ടിയിൽ നിന്നിറക്കി. തുടർന്ന് വാഹനം പടവുകൾ കയറി വേദിക്കരികിലെത്തിയപ്പോൾ പാപ്പാ അതിൽ നിന്നിറങ്ങുകയും റോമിലെ സമയം രാവിലെ 9.00 മണിയോടെ, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 12.30-ന്, ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിക്കുകയും ചെയ്തു. തുടർന്ന് വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗ പാരായണമായിരുന്നു.

"മാംസത്തിൽ നിന്നു ജനിക്കുന്നത് മാംസമാണ്; ആത്മാവിൽനിന്നു ജനിക്കുന്നത് ആത്മാവും. നിങ്ങൾ വീണ്ടും ജനിക്കണം എന്നു ഞാൻ പറഞ്ഞതുകൊണ്ട് നീ വിസ്മയിക്കേണ്ട. കാറ്റ് അതിനിഷ്ടമുള്ളിടത്തേക്കു വീശുന്നു; അതിൻറെ ശബ്ദം നീ കേൾക്കുന്നു. എന്നാൽ, അത് എവിടെനിന്നു വരുന്നെനനോ എവിടേക്കു പോകുന്നെന്നോ നീ അറിയുന്നില്ല. ഇതുപോലെയാണ് ആത്മാവിൽനിന്നു ജനിക്കുന്ന ഏവനും ” യോഹന്നാൻറെ സുവിശേഷം മൂന്നാം അദ്ധ്യായം 6-8 വരെയുള്ള വാക്യങ്ങൾ. (യോഹന്നാൻ 3,6-8)

ഈ വായനയ്ക്കു ശേഷം പാപ്പാ, താൻ പരിശുദ്ധാരൂപിയെ അധികരിച്ച് ആരംഭിച്ചിരിക്കുന്ന പ്രബോധന പരമ്പര തുടർന്നു. "ആത്മാവും മണവാട്ടിയും. നമ്മുടെ പ്രത്യാശയായ യേശുവിനെ കണ്ടുമുട്ടാൻ പരിശുദ്ധാരൂപി ദൈവജനത്തെ നയിക്കുന്നു” എന്ന പ്രമേയം വിചിന്തനത്തിനായി സ്വീകരിച്ചിരിക്കുന്ന പാപ്പാ പരിശുദ്ധാരൂപിയുടെ “റൂഹാ” എന്ന നാമമാണ് തൻറെ വിചിന്തനത്തിന് അവംലംബമാക്കിയത് ഇത്തവണ. പാപ്പാ ഇറ്റാലിയൻ ഭാഷയിൽ നടത്തിയ പ്രഭാഷണം ഇപ്രകാരം ആയിരുന്നു:

റൂഹാ

പ്രിയ സഹോദരീ സഹോദരന്മാരേ, ശുഭദിനം!

ബൈബിളിൽ പരിശുദ്ധാത്മവിനെ വിളിക്കുന്ന പേരിനെക്കുറിച്ച് പരിചിന്തനം ചെയ്യാനാണ് ഇന്നത്തെ പ്രബോധനത്തിൽ ഞാൻ ആഗ്രഹിക്കുന്നത്. ഒരു വ്യക്തിയെക്കുറിച്ച് നമുക്ക് ആദ്യം അറിയാവുന്നത് അയാളുടെ പേരാണ്. ആ പേരിനാലാണ് നമ്മൾ അയാളെ സംബോധന ചെയ്യുന്നതും വേർതിരിച്ചറിയുന്നതും ഓർക്കുന്നതും. ത്രിത്വത്തിലെ മൂന്നാമത്തെ ആളിനും ഒരു പേരുണ്ട്: ആ ആളിനെ പരിശുദ്ധാത്മാവ് എന്ന് വിളിക്കുന്നു. എന്നാൽ “ആത്മാവ്” എന്നത് ലത്തീൻ പാഠഭേദമാണ്. വെളിപാടിൻറെ ആദ്യസ്വീകർത്താക്കൾ അരൂപിയെ അറിഞ്ഞതും പ്രവാചകന്മാരും സങ്കീർത്തകരും മറിയവും യേശുവും അപ്പോസ്തലന്മാരും ആ അരൂപിയെ വിളിച്ചതുമായ പേര്  നിശ്വാസം, കാറ്റ്, ശ്വാസം എന്നിങ്ങനെ അർത്ഥം വരുന്ന റൂഹാ (Ruach) ആണ്.

സ്വത്വത്തെ വെളിപ്പെടുത്തുന്ന പേര്  

ബൈബിളിൽ പേര് വളരെ പ്രധാനമാണ്, അത് വ്യക്തിയുമായി ഏതാണ്ട് ഇഴുകിച്ചേർന്നിരിക്കുന്നു. ദൈവനാമം വിശുദ്ധീകരിക്കുകയെന്നാൽ ദൈവത്തെത്തന്നെ വിശുദ്ധീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുകയാണ്. ഇത് ഒരിക്കലും കേവലം മാമൂലനുസരിച്ചുള്ള ഒരു നാമമല്ല: അതായത്, അത് എല്ലായ്പ്പോഴും വ്യക്തിയെക്കുറിച്ചോ അവൻറെ ഉല്പത്തിയെക്കുറിച്ചോ അവൻറെ ദൗത്യത്തെക്കുറിച്ചോ എന്തെങ്കിലും പരാമർശിക്കുന്നു. അപ്രകാരംതന്നെയാണ് റുഹാ എന്ന നാമവും. ആളിനെയും ആ ആളിൻറെ പ്രവർത്തനത്തെയും കുറിച്ചുള്ള പ്രഥമ മൗലിക വെളിപാട് ആ നാമത്തിൽ അടങ്ങിയിരിക്കുന്നു.

കാറ്റിൻറെ പ്രതീകാത്മകത

കാറ്റിനെയും അതിൻറെ ആവിഷ്ക്കാരങ്ങളെയും നിരീക്ഷിച്ചുകൊണ്ടാണ് ബൈബിൾ രചയിതാക്കൾ വ്യത്യസ്ത സ്വഭാവമുള്ള ഒരു "കാറ്റ്" കണ്ടെത്തുന്നതിന് ദൈവത്താൽ നയിക്കപ്പെട്ടത്. പെന്തക്കൊസ്തായിൽ പരിശുദ്ധാത്മാവ് അപ്പോസ്‌തലൻമാരുടെ മേൽ “കൊടുങ്കാറ്റിൻറെ ശബ്ദത്തിൻറെ”അകമ്പടിയോടെ ഇറങ്ങിയെന്നത് യാദൃശ്ചികമല്ല (അപ്പസ്തോലപ്രവൃത്തനങ്ങൾ 2:2 കാണുക). സംഭവിച്ചുകൊണ്ടിരിക്കുന്നതിന്മേൽ തൻറെ ഒപ്പുചാർത്താൻ പരിശുദ്ധാത്മാവ് അഭിലഷിച്ചതുപോലെയായിരുന്നു അത്.

അപ്പോൾ, അവിടത്തെ നാമം റുഹാ പരിശുദ്ധാത്മാവിനെക്കുറിച്ച് നമ്മോട് എന്താണ് പറയുന്നത്? ദൈവാരൂപിയുടെ ശക്തി പ്രകടിപ്പിക്കാനാണ് കാറ്റിൻറെ രൂപം , സർവ്വോപരി, ഉപകാരപ്രദമാകുന്നത്. "ആത്മാവും ശക്തിയും", അല്ലെങ്കിൽ "ആത്മാവിൻറെ ശക്തി" എന്നത് ബൈബിളിലുടനീളം ആവർത്തിക്കപ്പടുന്ന ദ്വിപദമാണ്. വാസ്തവത്തിൽ, കാറ്റ് അതിശക്തവും അജയ്യവുമായ ഒരു ശക്തിയാണ്. സമുദ്രങ്ങളെപ്പോലും ചലിപ്പിക്കാൻ ഇതിന് കഴിവുണ്ട്.

യേശുവിലേക്കെത്തിച്ചേരുക

എന്നിരുന്നാലും, ഇക്കാര്യത്തിൽപ്പോലും, ബൈബിൾ യാഥാർത്ഥ്യങ്ങളുടെ പൂർണ്ണമായ അർത്ഥം കണ്ടെത്തുന്നതിന്, നമ്മൾ പഴയനിയമത്തിൽ നിൽക്കാതെ യേശുവിൽ എത്തിച്ചേരേണ്ടതുണ്ട്. ശക്തിയോടൊപ്പം, കാറ്റിൻറെ മറ്റൊരു സ്വഭാവത്തെ, അതിൻറെ സ്വാതന്ത്ര്യത്തെ യേശു അനാവരണം ചെയ്യും. രാത്രിയിൽ തന്നെ കാണാനെത്തിയ നിക്കൊദേമോസിനോട് അവിടന്ന് സഗൗരവം പറയുന്നു: "കാറ്റ് അതിനിഷ്ടമുള്ളിടത്ത് വീശുന്നു, അതിൻറെ ശബ്ദം നീ കേൾക്കുന്നു, പക്ഷേ അത് എവിടെ നിന്ന് വരുന്നുവെന്നും എവിടേക്ക് പോകുന്നുവെന്നും നിനക്കറിയില്ല: ഇതുപോലെയാണ് ആത്മാവിൽ നിന്ന് ജനിച്ച എല്ലാവരും. (യോഹന്നാൻ 3:8) .

കാറ്റിനെ പിടിച്ചുകെട്ടാനാകില്ല

തീർത്തും കടിഞ്ഞാണിടാൻ കഴിയാത്ത ഒരേയൊരു കാര്യം കാറ്റ് മാത്രമാണ്, അതിനെ "കുപ്പിയിലാക്കാനോ" പെട്ടിയിലടയ്ക്കാനോ കഴിയില്ല. നാം കാറ്റിനെ കുപ്പിയിലാക്കാനും പെട്ടിയിലാക്കാനും ശ്രമിക്കാറുണ്ട്, അത് സാധിക്കില്ല, അത് സ്വതന്ത്രമാണ്. ആധുനിക യുക്തിവാദം ചിലപ്പോഴൊക്കെ ശ്രമിച്ചിട്ടുള്ളതു പോലെ, പരിശുദ്ധാത്മാവിനെ ആശയങ്ങളിലോ നിർവ്വചനങ്ങളിലോ പ്രബന്ധങ്ങളിലോ ഉടമ്പടികളിലോ ഒതുക്കാനാകുമെന്ന് കരുതുന്നത് അവിടത്തെ നഷ്ടപ്പെടുത്തുകയും  വ്യർത്ഥമാക്കുകയും,  അല്ലെങ്കിൽ, ശുദ്ധവും ലളിതവുമായ മനുഷ്യാത്മാവിലേക്ക് ചുരുക്കുകയുമാണ്. എന്നിരുന്നാലും, സഭാതലത്തിലും സമാനമായ ഒരു പ്രലോഭനമുണ്ട്, തിരുസഭാചട്ടങ്ങളിലും (കാനോനകൾ) സ്ഥാപനങ്ങളിലും നിർവ്വചനങ്ങളിലും പരിശുദ്ധാത്മാവിനെ അടച്ചുപൂട്ടാനുള്ള ശ്രമമാണത്. ആത്മാവ് സ്ഥാപനങ്ങളെ സൃഷ്ടിക്കുകയും സജീവമാക്കുകയും ചെയ്യുന്നു, എന്നാൽ ആ അരൂപിയെത്തന്നെ "സ്ഥാപനവൽക്കരിക്കാൻ" “പദാർത്ഥവത്ക്കരിക്കാൻ”കഴിയില്ല. കാറ്റ് "അതിനിഷ്ടമുള്ളിടത്ത്" വീശുന്നു, അതുപോലെ, ആത്മാവ് അതിൻറെ ദാനങ്ങൾ "അതിൻറെ ഹിതാനുസാരം" വിതരണം ചെയ്യുന്നു (1 കോറി 12,11).

ആത്മാവുള്ളിടത്ത് സ്വാതന്ത്ര്യം

ഇത് ക്രിസ്തീയ പ്രവർത്തനത്തിൻറെ അടിസ്ഥാന നിയമമാക്കുന്നതിന് സാദ്ധ്യമായതെല്ലാം വിശുദ്ധ പൗലോസ് ചെയ്യും: "കർത്താവിൻറെ ആത്മാവുള്ളിടത്ത് സ്വാതന്ത്ര്യമുണ്ട്" (2 കോറി 3:17) എന്ന് അദ്ദേഹം പറയുന്നു. കർത്താവിൻറെ ആത്മാവുള്ളവനാണ് സ്വതന്ത്രനായ മനുഷ്യൻ, സ്വതന്ത്രനായ ക്രൈസ്തവൻ. ഇത് എല്ലാംകൊണ്ടും സവിശേഷ സ്വാതന്ത്ര്യമാണ്, സാധാരണയായി കരുതുന്നതിൽ നിന്ന് വളരെ വ്യത്യസ്തമാണിത്. തന്നിഷ്ടം പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യമല്ല, മറിച്ച് ദൈവഹിതം  സ്വതന്ത്രമായി നിറവേറ്റാനുള്ള സ്വാതന്ത്ര്യമാണ്! ഇത് നന്മയോ തിന്മയോ ചെയ്യാനുള്ള സ്വാതന്ത്ര്യമല്ല, മറിച്ച് നല്ലത് ചെയ്യാനും അത് സ്വതന്ത്രമായി ചെയ്യാനുമുള്ള സ്വാതന്ത്ര്യം, അതായത് നിർബന്ധം കൊണ്ടല്ല, ഇഷ്ടംകൊണ്ട് ചെയ്യാനുള്ള സ്വാതന്ത്ര്യം. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, അടിമകളുടെയല്ല,  മക്കളുടെ സ്വാതന്ത്ര്യം.

സ്വാതന്ത്ര്യത്തിൻറെ ദുരുപയോഗം

ഈ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യുന്നതിനെക്കുറിച്ചും അതിനെ തെറ്റിദ്ധരിക്കുന്നതിക്കുറിച്ചും പൗലോസിന് നല്ല അവബോധമുണ്ട്; അദ്ദേഹം ഗലാത്തിയക്കാർക്ക് എഴുതുന്നു: "സഹോദരന്മാരേ, സ്വാതന്ത്ര്യത്തിലേക്കാണ് നിങ്ങൾ വിളിക്കപ്പെട്ടിരിക്കുന്നത്; എന്നാൽ, ഭൗതികസുഖത്തിനുള്ള സ്വാതന്ത്ര്യമായി  ഇതിനെ ഗണിക്കരുതെന്നുമാത്രം. പ്രത്യുത  സ്നേഹത്തോടുകൂടെ  ദാസരെപ്പോലെ പരസ്പരം സേവിക്കുവിൻ." (ഗലാ 5:13). ഇത് സ്വാതന്ത്ര്യത്തിനു വിപരീതമായി തോന്നുന്ന ഒന്നാണ്, അത് സേവനത്തിൽ ആവിഷ്കൃതമാകുന്നു. യഥാർത്ഥ സ്വാതന്ത്ര്യം കുടികൊള്ളുന്നത് സേവനത്തിലാണ്.

സ്വാതന്ത്ര്യം ശരീരത്തെ തൃപ്തിപ്പെടുത്തുന്നതാകരുത്  

ഈ സ്വാതന്ത്ര്യം "ജഡത്തിനായി" മാറുന്നത് എപ്പോഴാണെന്ന് നമുക്ക് നന്നായി അറിയാം. പൗലോസ് എന്നും പ്രസക്തമായ  ഒരു പട്ടിക തരുന്നു: "വ്യഭിചാരം, അശുദ്ധി, ദുർവൃത്തി, വിഗ്രഹാരാധന, ആഭിചാരം, ശത്രുത, കലഹം, അസൂയ, കോപം, മാത്സര്യം, ഭിന്നത, വിഭാഗീയചിന്ത, വിദ്വേഷം, മദ്യപാനം, മദിരോത്സവം എന്നിവയും ഈ ദൃശമായ മറ്റു പ്രവർത്തികളുമാണ്" (ഗലാ 5:19-21). എന്നാൽ ദരിദ്രരെ ചൂഷണം ചെയ്യാൻ സമ്പന്നരെയും  ദുർബ്ബലരെ ചൂഷണം ചെയ്യാൻ  ശക്തരെയും, ശിക്ഷാഭീതികൂടാതെ പ്രകൃതിയെ ചൂഷണം ചെയ്യാൻ എല്ലാവരെയും അനുവദിക്കുന്നതും ഒരു സ്വാതന്ത്ര്യമാണ്. എന്നാലിത് ദുഷിച്ച സ്വാതന്ത്ര്യമാണ്, ഇത് ആത്മാവിൻറെ സ്വാതന്ത്ര്യമല്ല.

ആത്മാവിൻറെ സ്വാതന്ത്ര്യം

സഹോദരീസഹോദരന്മാരേ, സ്വാർത്ഥതയുടെ സ്വാതന്ത്ര്യത്തിന് വിരുദ്ധമായ ഈ ആത്മാവിൻറെ സ്വാതന്ത്ര്യം എവിടെനിന്നാണ് നാം ആർജ്ജിക്കുക? ഇതിനുള്ള ഉത്തരം  ഒരു ദിവസം യേശു തൻറെ ശ്രോതാക്കളോട് പറഞ്ഞ വാക്കുകളിലാണ്: "പുത്രൻ നിങ്ങളെ സ്വതന്ത്രരാക്കിയാൽ നിങ്ങൾ യഥാർത്ഥത്തിൽ സ്വതന്ത്രരാകും" (യോഹന്നാൻ 8:36). യേശു നമുക്ക് സ്വാതന്ത്ര്യം പ്രദാനം ചെയ്യുന്നു. തൻറെ പരിശുദ്ധാത്മാവിലൂടെ നമ്മെ യഥാർത്ഥത്തിൽ സ്വതന്ത്രരായ സ്ത്രീപുരുഷന്മാരാക്കാൻ നമുക്ക് യേശുവിനോട് അപേക്ഷിക്കാം. സ്‌നേഹത്തിലും സന്തോഷത്തിലും സേവിക്കാൻ സ്വാതന്ത്ര്യമുള്ളവർ. നന്ദി.

സമാപനാഭിവാദ്യങ്ങൾ

പാപ്പാ ഇറ്റാലിയന്‍ ഭാഷയിൽ നടത്തിയ മുഖ്യ പ്രഭാഷണത്തെ തുടർന്ന് അതിൻറെ സംഗ്രഹം ആംഗലവും അറബിയുമുള്‍പ്പെടെ വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെട്ടു. കർത്താവിൻറെ വിളിക്ക് സന്തോഷത്തോടും ഉദാരതയോടുംകൂടി പ്രത്യുത്തരിക്കാൻ പാപ്പാ ഇറ്റലിയിലെ പൂല്യപ്രദേശത്തെ സെമിനാരിയിൽ നിന്നെത്തിയരുന്ന വൈദികാർത്ഥികളെ സംബോധന ചെയ്യവ്വെ പ്രചോദനം പകർന്നു. പൊതുദർശനപരിപാടിയുടെ അവസാനം പാപ്പാ യുവതീയുവാക്കളെയും വൃദ്ധജനത്തെയും രോഗികളെയും നവദമ്പതികളെയും അഭിവാദ്യം ചെയ്തു. വരും ദിനങ്ങളിൽ തിരുസഭ തിരുഹൃദയത്തിരുന്നാളും മറിയത്തിൻറെ വിമലഹൃദയത്തിൻറെ തിരുന്നാളും ആചരിക്കുന്നത് പാപ്പാ തദ്ദവസരത്തിൽ അനുസ്മരിച്ചു. ഈ തിരുന്നാളുകൾ ക്രിസ്തുവിൻറെ പരിത്രാണ സ്നേഹത്തിനനുസാരം ജീവിക്കാനും കർത്താവിൻറെ അമ്മയുടെ മാദ്ധ്യസ്ഥ്യത്തിൽ വിശ്വാസം പുലർത്താനും നമ്മെ ക്ഷണിക്കുന്നുവെന്ന് പാപ്പാ പറഞ്ഞു.

സമാധാനത്തിനായി പ്രാർത്ഥിക്കുക!

യുദ്ധവേദികളായ പീഢിത ഉക്രൈയിനിലും ഇസ്രായേൽ ഫലസ്തീൻ മ്യന്മാർ എന്നീ നാടുകളിലും ശാന്തിയുണ്ടാകുന്നതിനായി പരിശുദ്ധ അമ്മയോടു പ്രാർത്ഥിക്കാൻ പാപ്പാ എല്ലാവരെയും ക്ഷണിച്ചു. കർത്താവ് സമാധാനം പ്രദാനം ചെയ്യുന്നതിനും യുദ്ധങ്ങൾ മൂലം ലോകം ഏറെ യാതനകൾ അനുഭവിക്കാതിരിക്കുന്നുതിനും വേണ്ടി പ്രാർത്ഥിക്കാൻ പാപ്പാ അഭ്യർത്ഥിച്ചു. പാപ്പായുടെ ഈ അഭ്യർത്ഥനാനന്തരം ലത്തീൻഭാഷയിൽ സ്വർഗ്ഗസ്ഥനായ പിതാവേ എന്ന കർത്തൃപ്രാർത്ഥന ആലപിക്കപ്പെട്ടു. തദ്ദനന്തരം, പാപ്പാ, എല്ലാവർക്കും തൻറെ അപ്പൊസ്തോലികാശീർവ്വാദം നല്കി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

05 June 2024, 12:06

ഏറ്റവും അടുത്ത പൊതുകൂടിക്കാഴ്ച

വായിച്ചു മനസ്സിലാക്കാന്‍ >