തിരയുക

സങ്കീർത്തനങ്ങൾ പ്രാർത്ഥനകൾ ആക്കുന്നത് ശീലിക്കുക, പാപ്പാ!

ഫ്രാൻസീസ് പാപ്പായുടെ പ്രതിവാര പൊതുദർശന പ്രഭാഷണം: സങ്കീർത്തനങ്ങൾ നമ്മെ ദൈവത്തിലേക്ക് അടുപ്പിക്കുന്ന മനോഭാവം ഉളവാക്കുന്നു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി    

ഫ്രാൻസീസ് പാപ്പാ, പതിവുപോലെ ഈ ബുധനാഴ്ച (19/06/24)  വത്തിക്കാനിൽ, പൊതുദർശനം അനുവദിച്ചു. പ്രതിവാര പൊതുകൂടിക്കാഴചാവേദി വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ ചത്വരം ആയിരുന്നു. മലയാളികളുൾപ്പടെ വിവിധ രാജ്യക്കാരായിരുന്ന ആയിരക്കണക്കിന് തീർത്ഥാടകരും സന്ദർശകരും ബസിലിക്കാങ്കണത്തിൽ സന്നിഹിതരായിരുന്നു. എല്ലാവർക്കും തന്നെ കാണത്തക്കരീതിയിൽ സജ്ജീകരിച്ചിരിക്കുന്ന വെളുത്ത തുറന്ന വാഹനത്തിൽ പാപ്പാ ചത്വരത്തിൽ എത്തിയപ്പോൾ ജനസഞ്ചയത്തിൻറെ കരഘോഷങ്ങളും ആനന്ദാരവങ്ങളും  ഉയർന്നു. തന്നോടൊപ്പം, ഏതാനും കുട്ടികളെ വാഹനത്തിൽ കയറ്റി ജനത്തെ അഭിവാദ്യം ചെയ്തുകൊണ്ട് അവർക്കിടയിലൂടെ നീങ്ങിയ പാപ്പാ, ഒരു സംഘം കുട്ടികളുടെ അടുത്തു വച്ച് വണ്ടി നിറുത്തുകയും അവരോട് തൻറെ വാത്സല്യം പങ്കുവയ്ക്കുകയും ചെയ്തു. പ്രസംഗ വേദിയിലേക്കു നയിക്കുന്ന പടവുകൾക്കടുത്തു വച്ച് പാപ്പാ തന്നോടൊപ്പമുണ്ടായിരുന്ന കുട്ടികളെ വണ്ടിയിൽ നിന്നിറക്കി. തുടർന്ന് വാഹനം പടവുകൾ കയറി വേദിക്കരികിലെത്തിയപ്പോൾ പാപ്പാ അതിൽ നിന്നിറങ്ങുകയും റോമിലെ സമയം രാവിലെ 9.00 മണിയോടെ, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 12.30-ന്, ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിക്കുകയും ചെയ്തു. തുടർന്ന് വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗ പാരായണമായിരുന്നു.

സഹോദരരേ, ക്രിസ്തുവിൻറെ വചനം നിങ്ങളിൽ സമൃദ്ധമായി വസിക്കട്ടെ. കൃതജ്ഞതനിറഞ്ഞ ഹൃദയത്തോടെ ദൈവത്തിന് ഗാനങ്ങൾ ആലപിച്ചുകൊണ്ട്, എല്ലാ വിജ്ഞാനത്തോടും കൂടി പരസ്പരം പഠിപ്പിക്കുകയും സങ്കീർത്തനങ്ങളാലും സ്തോത്രങ്ങളാലും നിവേശിത ഗാനങ്ങളാലും പരസ്പരം ഉപദേശിക്കുകയും ചെയ്യുവിൻ. നിങ്ങൾ വാക്കാലോ പ്രവൃത്തിയാലോ എന്തു ചെയ്താലും അതെല്ലാം  പിതാവായ ദൈവത്തിന് കർത്താവായ യേശുവഴി കൃതജ്ഞതയർപ്പിച്ചുകൊണ്ട് അവിടത്തെ നാമത്തിൽ ചെയ്യുവിൻ”. പൗലോസ് കൊളോസോസുകാർക്കെഴുതിയ ലേഖനം, അദ്ധ്യായം 3,16-17 വാക്യങ്ങൾ. (കൊളോസോസ് 3,16-17)

ഈ വായനയ്ക്കു ശേഷം പാപ്പാ, താൻ പരിശുദ്ധാരൂപിയെ അധികരിച്ച് ആരംഭിച്ചിരിക്കുന്ന പ്രബോധന പരമ്പര തുടർന്നു. "ആത്മാവും മണവാട്ടിയും. നമ്മുടെ പ്രത്യാശയായ യേശുവിനെ കണ്ടുമുട്ടാൻ പരിശുദ്ധാരൂപി ദൈവജനത്തെ നയിക്കുന്നു” എന്ന പ്രമേയം വിചിന്തനത്തിനായി സ്വീകരിച്ചിരിക്കുന്ന പാപ്പാ പരിശുദ്ധാരൂപി സഭയെ പ്രാർത്ഥിക്കാൻ പഠിപ്പിക്കുന്നതിനെക്കുറിച്ച് വിശകലനം ചെയ്തു. പാപ്പാ ഇറ്റാലിയൻ ഭാഷയിൽ നടത്തിയ പ്രഭാഷണം:

സങ്കീർത്തനങ്ങൾ

പ്രിയ സഹോദരീ സഹോദരന്മാരേ, ശുഭദിനം!

അടുത്ത ജൂബിലിക്കുള്ള ഒരുക്കമായി, 2024-നെ മഹത്തായ ഒരു പ്രാർത്ഥനാ “സിംഫണി”ക്കായി സമർപ്പിക്കാൻ ഞാൻ ക്ഷണിക്കുകയുണ്ടായി. സഭയ്ക്ക് ഇപ്പോൾത്തന്നെ ഒരു പ്രാർത്ഥനാ "സിംഫണി"  ഉണ്ടെന്ന് നിങ്ങളെ ഓർമ്മിപ്പിക്കാൻ ഞാൻ ഇന്നത്തെ പ്രബോധനത്തിലൂടെ അഭിലഷിക്കുകയാണ്. അതിൻറെ  സൃഷ്ടികർത്താവ് പരിശുദ്ധാത്മാവാണ്, അത് സങ്കീർത്തനങ്ങളുടെ പുസ്തകമാണ്.’

വിവിധങ്ങളായ പ്രാർത്ഥനകൾ അടങ്ങിയ സങ്കീർത്തനങ്ങൾ

എല്ലാ സിംഫണികളിലും ഉള്ളതുപോലെ, അതിൽ വിവിധങ്ങളായ "ചലനങ്ങൾ" ഉണ്ട്, അതായത്, വിവിധ തരത്തിലുള്ള പ്രാർത്ഥനകൾ: സ്തുതി, നന്ദി, പ്രാർത്ഥന, വിലാപം, വിവരണം,വിജ്ഞാനപരമായ മനനം, വൈക്തികവും കൂട്ടായരൂപത്തിലുള്ളതുമായ മറ്റുള്ളവ. മണവാട്ടിയുടെ അധരത്തിൽ ആത്മാവ് തന്നെ നിക്ഷേപിച്ച ഗാനങ്ങളാണവ. കഴിഞ്ഞ തവണ ഞാൻ ഓർമ്മിപ്പിച്ചതുപോലെ, ബൈബിളിലെ എല്ലാ പുസ്തകങ്ങളും, പരിശുദ്ധാത്മാവിനാൽ പ്രചോദിതമാണ്,  കാവ്യാത്മക പ്രചോദന ഭരിതമായ സങ്കീർത്തനങ്ങളുടെ പുസ്തകവും ആ അർത്ഥത്തിലും അപ്രകാരംതന്നെയാണ്.

സങ്കീർത്തനങ്ങൾ പുതിയ നിയമത്തിൽ

സങ്കീർത്തനങ്ങൾക്ക് പുതിയ നിയമത്തിൽ ഒരു സവിശേഷ സ്ഥാനം ഉണ്ട്. യഥാർത്ഥത്തിൽ, പുതിയ നിയമവും സങ്കീർത്തനങ്ങളും ചേർന്ന പതിപ്പുകൾ ഉണ്ടായിട്ടുണ്ട്, ഇപ്പോഴും ഉണ്ട്. എല്ലാ സങ്കീർത്തനങ്ങളും - ഓരോ സങ്കീർത്തനവും മുഴുവനായും ക്രിസ്ത്യാനികൾക്ക് ആവർത്തിക്കാനും സ്വന്തമാക്കാനും കഴിയില്ല, ആധുനിക മനുഷ്യന് ഒട്ടും പറ്റില്ല. ചിലപ്പോഴൊക്കെ അവ, നമുക്കന്യമായ ചരിത്രപരമായ സാഹചര്യത്തെയും മതപരമായ മനോഭാവത്തെയും പ്രതിഫലിപ്പിക്കുന്നു. ഇതിനർത്ഥം അവ നിവേശിതങ്ങളല്ല എന്നല്ല, എന്നാൽ പുരാതന നിയമനിർമ്മാണങ്ങളുടെ നിരവധി ഭാഗങ്ങളുടെ കാര്യത്തിലെന്നപോലെ തന്നെ, ചില കാര്യങ്ങളിൽ അവ ഒരു കാലവും വെളിപാടിൻറെ ഒരു താൽക്കാലിക ഘട്ടവുമായി ബന്ധപ്പെട്ടിരിക്കുന്നു.

സങ്കീർത്തന വചസ്സുകൾ യേശുവിൻറെ ജീവിതത്തിൽ

സങ്കീർത്തനങ്ങളെ സ്വാഗതം ചെയ്യാൻ ഏറ്റവും കൂടുതൽ ശുപാർശ ചെയ്യുന്ന കാര്യം യേശുവിൻറെയും മറിയത്തിൻറെയും അപ്പോസ്തലന്മാരുടെയും നമുക്ക് മുമ്പുള്ള എല്ലാ ക്രൈസ്തവ തലമുറകളുടെയും പ്രാർത്ഥനയായിരുന്നു അവ എന്നതാണ്. നാം അവ പാരായണം ചെയ്യുമ്പോൾ, വിശുദ്ധരുടെ കൂട്ടായ്മയെന്ന മഹത്തായ "വാദ്യമേള"ത്തോടുകൂടി ദൈവം അവ ശ്രവിക്കുന്നു. ഹെബ്രായർക്കുള്ള കത്തിൽ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നതനുസരിച്ച്, യേശു തൻറെ ഹൃദയത്തിൽ ഒരു സങ്കീർത്തന വാക്യവുമായി ലോകത്തിലേക്ക് പ്രവേശിക്കുന്നു: "ദൈവമേ, അങ്ങയുടെ ഇഷ്ടം നിറവേറ്റാൻ ഇതാ, ഞാൻ  വന്നിരിക്കുന്നു" (ഹെബ്രായർ 10.7; സങ്കീ. 40.9 കാണുക); അവിടന്ന് ലോകം വിടുന്നത്, ലൂക്കായുടെ സുവിശേഷമനുസരിച്ച്, അവിടത്തെ അധരങ്ങളിൽ മറ്റൊരു വാക്യവുമായിട്ടാണ്: "പിതാവേ, അങ്ങയുടെ കരങ്ങളിൽ ഞാൻ എൻറെ ആത്മാവിനെ സമർപ്പിക്കുന്നു" (Lk 23.46; cf. Ps 31.6).

സഭയുടെ ജീവിതത്തിൽ സങ്കീർത്തനങ്ങൾ

പുതിയ നിയമത്തിലെ സങ്കീർത്തനങ്ങളുടെ ഉപയോഗം പിതാക്കന്മാരും ആകമാന സഭയും പിന്തുടരുന്നു, കുർബ്ബാനയിലും യാമപ്രാർത്ഥനകളിലും അവ ഒരു സ്ഥിര ഘടകമാക്കിയിരിക്കുന്നു. വിശുദ്ധ അംബ്രോസ് എഴുതുന്നു, "തിരുലിഖിതം മുഴുവനും ദൈവത്തിൻറെ നന്മ ആവിഷ്ക്കരിക്കുന്നു, എന്നാൽ സവിശേഷമാം വിധം അതു ചെയ്യുന്നത് മധുരതര സങ്കീർത്തനപ്പുസ്തകമാണ്." മധുരമുള്ള സങ്കീർത്തനപ്പുസ്തകം. ഞാൻ ചോദിക്കുകയാണ്: നിങ്ങൾ ചിലപ്പോഴൊക്കെ സങ്കീർത്തനങ്ങൾ ഉപയോഗിച്ച് പ്രാർത്ഥിക്കാറുണ്ടോ? നിങ്ങൾ പൂർണ്ണബൈബിളോ പുതിയ നിയമമോ എടുത്ത് ഒരു സങ്കീർത്തനം ഉപയോഗിച്ചു പ്രാർത്ഥിക്കുക. ഉദാഹരണത്തിന്, പാപം ചെയ്‌തതിനാൽ അൽപ്പം ദുഃഖം തോന്നുമ്പോൾ, നിങ്ങൾ 50-ാം സങ്കീർത്തനം എടുത്തു പ്രാർത്ഥിക്കാറുണ്ടോ? മുന്നോട്ട് പോകാൻ സഹായിക്കുന്ന നിരവധി സങ്കീർത്തനങ്ങളുണ്ട്. സങ്കീർത്തനങ്ങൾ ഉപയോഗിച്ച് പ്രാർത്ഥിക്കുന്നത് ശീലമാക്കുക. അവസാനം നിങ്ങൾ സന്തോഷമുള്ളരായിരിക്കുമെന്ന് ഞാൻ ഉറപ്പുനൽകുന്നു.

സങ്കീർത്തനങ്ങളെ പ്രാർത്ഥനയാക്കുക

എന്നാൽ നമുക്ക് ഗതകാല പാരമ്പര്യത്തിൽ മാത്രം ജീവിക്കാൻ കഴിയില്ല: സങ്കീർത്തനങ്ങൾ നമ്മുടെ പ്രാർത്ഥനയാക്കേണ്ടത് ആവശ്യമാണ്. ഒരു പ്രത്യേക അർത്ഥത്തിൽ, നാം തന്നെ സങ്കീർത്തനങ്ങളുടെ "രചയിതാക്കൾ" ആയിത്തീരണം, അവയെ നമ്മുടെ സ്വന്തമാക്കുകയും അവയോടൊപ്പം പ്രാർത്ഥിക്കുകയും ചെയ്യണമെന്ന് എഴുതിയിരിക്കുന്നു. നമ്മുടെ ഹൃദയത്തോട് സംസാരിക്കുന്ന സങ്കീർത്തനങ്ങളോ സങ്കീർത്തനവാക്യങ്ങളോ ഉണ്ടെങ്കിൽ, അവ ആവർത്തിക്കുകയും ദിവസത്തിൽ പ്രാർത്ഥിക്കുകയും ചെയ്യുന്നത് നല്ലതാണ്. സങ്കീർത്തനങ്ങൾ "എല്ലാ കാലത്തിനും" പറ്റിയ പ്രാർത്ഥനകളാണ്: അവയെ പ്രാർത്ഥനയാക്കി മാറ്റുന്നതിനുള്ള മികച്ച വാക്കുകൾ അവയിൽ കണ്ടെത്താത്ത മാനസികാവസ്ഥയോ ഒരു ആവശ്യകതയോ ഇല്ല. മറ്റെല്ലാ പ്രാർത്ഥനകളിൽ നിന്നും വ്യത്യസ്തമായി, സങ്കീർത്തനങ്ങളുടെ ആവർത്തനം അവയുടെ ഫലപ്രാപ്തി നഷ്ടപ്പെടുത്തുന്നില്ല, മറിച്ച്, അത് വർദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. അത് എന്തുകൊണ്ടാണ്? കാരണം അവ ദൈവനിവേശിതങ്ങളാണ്, ഓരോ തവണയും അവ വിശ്വാസത്തോടെ വായിക്കപ്പെടുമ്പോൾ അവ ദൈവത്തിലേക്ക് അടുപ്പിക്കുന്ന മനോഭാവമുളവാക്കുന്നു.

സങ്കീർത്തനങ്ങൾ നമ്മുടെ ജീവിതത്തിൽ

നാം പാപികളായതിനാൽ, പശ്ചാത്താപത്താലും കുറ്റബോധത്താലും ഞെരുക്കപ്പെട്ടതായി തോന്നുമ്പോൾ നമുക്ക് ദാവീദിനോട് ചേർന്ന് ആവർത്തിക്കാം: “ദൈവമേ, അങ്ങയുടെ സ്നേഹത്തിൽ, അങ്ങയുടെ കാരുണ്യാതിരേകത്തിനൊത്ത്, എന്നോടു കരുണയുണ്ടാകേണമേ" (സങ്കീർത്തനം 51.3). ദൈവവുമായുള്ള ശക്തമായ വൈയക്തിക ബന്ധം പ്രകടിപ്പിക്കാൻ നാം ആഗ്രഹിക്കുന്നുവെങ്കിൽ, നമുക്കു പറയാം: "ദൈവമേ, അവിടന്നാണ് എൻറെ ദൈവം, പ്രഭാതം മുതൽ ഞാൻ അങ്ങയെ തേടുന്നു, എൻറെ ആത്മാവ് അങ്ങേയ്ക്കായി ദാഹിക്കുന്നു, ഉണങ്ങിവരണ്ട ഭൂമിയെന്നപോലെ എൻറെ ശരീരം അങ്ങയെ കാണാതെ തളരുന്നു.” (സങ്കീർത്തനം 63,2). ഞായറാഴ്ചകളിലെയും തിരുന്നാൾദിനങ്ങളിലെയും പ്രഭാത യാമ പ്രാർത്ഥനയിൽ  ആരാധനക്രമം ഈ സങ്കീർത്തനം ഉൾപ്പെടുത്തിയിരിക്കുന്നത് വെറുതെയല്ല. ഭയവും വേദനയും നമ്മെ കടന്നാക്രമിക്കുകയാണെങ്കിൽ, 23-ാം സങ്കീർത്തനത്തിൽ നിന്നുള്ള വിസ്മയകരമായ വാക്കുകൾ നമ്മെ സഹായിക്കും: "കർത്താവ് എൻറെ ഇടയനാണ് […]. ഞാൻ ഇരുണ്ട താഴ്‌വരയിലൂടെ നടന്നാലും, ഒരു തിന്മയെയും ഞാൻ ഭയപ്പെടില്ല" (സങ്കീർത്തനം 23,1.4).

നമ്മുടെ പ്രാർത്ഥനയെ യാചനകളിൽ ഒതുക്കരുത്

നമ്മുടെ പ്രാർത്ഥനയെ യാചനകളിലേക്ക് ഒതുക്കി, തുടർച്ചയായ "എനിക്ക് തരേണമേ, ഞങ്ങൾക്ക് നൽകേണമേ..." എന്നതിലേക്ക് ചുരുക്കി ദരിദ്രമാക്കാതിരിക്കാൻ സങ്കീർത്തനങ്ങൾ നമ്മെ സഹായിക്കുന്നു. "അന്നന്നു വേണ്ടുന്ന ആഹാരം" ചോദിക്കുന്നതിനുമുമ്പ്, "അങ്ങയുടെ നാമം പൂജിതമാകേണമെ, അങ്ങയുടെ രാജ്യം വരേണമെ, അങ്ങയുടെ ഇഷ്ടം നിറവേറട്ടെ" എന്ന് പറയാൽ സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ എന്ന പ്രാർത്ഥനയിൽ നിന്ന് നമുക്കു പഠിക്കാം. നമ്മിൽ കേന്ദ്രീകരിക്കാത്ത ഒരു പ്രാർത്ഥനയിലേക്ക് നമ്മെത്തന്നെ തുറക്കാൻ സങ്കീർത്തനങ്ങൾ നമ്മെ സഹായിക്കുന്നു: അതായത്, സ്തുതിയുടെയും അനുഗ്രഹത്തിൻറെയും നന്ദിയുടെയും പ്രാർത്ഥന; കൂടാതെ, നമ്മുടെ സ്തുതിപ്പിൽ സൃഷ്ടിയെ മുഴുവൻ ഉൾപ്പെടുത്തിക്കൊണ്ട് അവയുടെ ശബ്ദമാകാൻ സങ്കീർത്തനങ്ങൾ നമ്മെ സഹായിക്കുന്നു.

സഹോദരീ സഹോദരന്മാരേ, മണവാട്ടിയായ സഭയ്ക്ക് അവളുടെ ദിവ്യ മണവാളനോട് പ്രാർത്ഥിക്കാൻ വാക്കുകൾ സമ്മാനിച്ച പരിശുദ്ധാത്മാവ് അവ ഇന്നത്തെ സഭയിൽ മുഴങ്ങുമാറാക്കാനും ജൂബിലിക്കുള്ള ഈ ഒരുക്ക വർഷം പ്രാർത്ഥനയുടെ യഥാർത്ഥ സിംഫണിയാക്കാൻ നമ്മെ സഹായിക്കട്ടെ. നന്ദി!

സമാപനാഭിവാദ്യങ്ങൾ

പാപ്പാ ഇറ്റാലിയന്‍ ഭാഷയിൽ നടത്തിയ മുഖ്യ പ്രഭാഷണത്തെ തുടർന്ന് അതിൻറെ സംഗ്രഹം ആംഗലവും അറബിയുമുള്‍പ്പെടെ വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെട്ടു.

ലോക അഭയാർത്ഥിദിനം

അനുവർഷം ജൂൺ 20-ന് ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ ലോക അഭയാർത്ഥിദിനം ആചരിക്കപ്പെടുന്നത് പാപ്പാ അനുസ്മരിച്ചു. സമാധാനവും സുരക്ഷിതത്വവും തേടി സ്വഭവനങ്ങളിൽ നിന്ന് പലായനം ചെയ്യാൻ നിർബന്ധിതരാകുന്ന എല്ലാവരിലേക്കും ശദ്ധയോടും സാഹോദര്യത്തോടുംകൂടി നോക്കുന്നതിനുള്ള ഒരു അവസരമായി ഭവിക്കട്ടെ ഈ ദിനാചരണമെന്ന് പാപ്പാ ആശംസിച്ചു. നമ്മുടെ വാതിലുകളിൽ മുട്ടുന്നവരെ സ്വാഗതം ചെയ്യാനും പ്രോത്സാഹിപ്പിക്കാനും അവർക്ക് തുണയേകാനും അവരെ ഉൾച്ചേർക്കാനും നാമെല്ലാവരും വിളിക്കപ്പെട്ടിരിക്കുന്നുവെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. അഭയാർത്ഥികൾക്ക് മാനുഷികമായ സാഹചര്യങ്ങൾ ഉറപ്പാക്കാനും ഉദ്ഗ്രഥന പ്രക്രിയകൾ സുഗമമാക്കാനും രാഷ്ട്രങ്ങൾ യത്നിക്കണമെന്ന് പാപ്പാ അഭ്യർത്ഥിക്കുകയും ചെയ്തു.

ചൈനയിലെ ജനങ്ങൾക്കായി പ്രാർത്ഥിക്കുക

ചൈനയിലെ കത്തോലിക്കാസഭയുടെ പ്രഥമ സൂനഹദോസ് ഷാംഗ്ഹായിൽ 1924 മെയ് 15-ന് ആരംഭിച്ചതിൻറെ നൂറാം വാർഷികത്തോടനുബന്ധിച്ച് എത്തിയിരുന്നവരെ അഭിവാദ്യം ചെയ്ത പാപ്പാ തദ്ദവസരത്തിൽ ചൈനയിലെ ജനങ്ങളെ പ്രത്യേകം അനുസ്മരിക്കുകയും അവർക്കായി പ്രാർത്ഥിക്കാൻ എല്ലാവരെയും ക്ഷണിക്കുകയും ചെയ്തു. ധീരതയും കുലീനതയുമുള്ള ഒരു ജനതയാണ് അതെന്ന് പാപ്പാ പറഞ്ഞു.

വി.അലോഷ്യസ് ഗൊൺസാഗയുടെ തിരുന്നാൾ

പൊതുദർശനപരിപാടിയുടെ അവസാനം പാപ്പാ യുവതീയുവാക്കളെയും വൃദ്ധജനത്തെയും രോഗികളെയും നവദമ്പതികളെയും അഭിവാദ്യം ചെയ്തു. ജൂൺ 21-ന് വിശുദ്ധ അലോഷ്യസ് ഗൊൺസാഗയുടെ തിരുന്നാൾ ആചരിക്കപ്പെടുന്നതിനെക്കുറിച്ച് പരാമർശിച്ച പാപ്പാ ജീവിതത്തെ സ്നേഹിച്ച ആ വിശുദ്ധൻ അതുകൊണ്ടുതന്നെ മഹത്തായ ക്രിസ്തീയദാർശങ്ങൾക്കായി സ്വജീവൻ പൂർണ്ണമായി ഉഴിഞ്ഞുവച്ചുവെന്ന് പറഞ്ഞു. സഹാദരങ്ങൾക്കായി ഉദാരമായി നല്കുന്നതിൽ വിശുദ്ധിയിലേക്കുള്ള വിളി വീണ്ടും കണ്ടെത്താൻ വിശുദ്ധ ഗൊൺസാഗ എല്ലാവരയെു സഹായിക്കട്ടെയെന്ന് പാപ്പാ ആശംസിച്ചു.

സമാധാനത്തിനായി പ്രാർത്ഥിക്കുക

ഉക്രൈയിൻ, വിശുദ്ധനാട്, സുഢാൻ, മ്യന്മാർ എന്നിവിടങ്ങളിലും യുദ്ധവേദികളായ ഇതര നാടുകളിലും സമാധാനം ഉണ്ടാകുന്നതിനായി പ്രാർത്ഥിക്കാൻ പാപ്പാ എല്ലാവരെയും ക്ഷണിച്ചു. തുടർന്ന് ലത്തീൻഭാഷയിൽ സ്വർഗ്ഗസ്ഥനായ പിതാവേ എന്ന കർത്തൃപ്രാർത്ഥന ആലപിക്കപ്പെട്ടു. തദ്ദനന്തരം, പാപ്പാ, എല്ലാവർക്കും തൻറെ അപ്പൊസ്തോലികാശീർവ്വാദം നല്കി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

19 June 2024, 12:29

ഏറ്റവും അടുത്ത പൊതുകൂടിക്കാഴ്ച

വായിച്ചു മനസ്സിലാക്കാന്‍ >