തിരയുക

പാപ്പാ: കർത്താവ് കുടിയേറ്റക്കാരോടൊപ്പം കടലിലും മരുഭൂവിലും!

ഫ്രാൻസീസ് പാപ്പായുടെ പൊതുദർശന പ്രഭാഷണം: മെച്ചപ്പെട്ടൊരു ജീവിതം സ്വപ്നം കണ്ട് യുദ്ധംങ്ങളിലും ദുരിതങ്ങളിലും നിന്നു പലായനം ചെയ്യുന്ന കുടിയേറ്റക്കാരുടെ ദുർഘട യാത്രകൾ കടലിലും മരുഭൂമിയിലും അവസാനിക്കുന്ന ദുരന്തത്തിനു മുന്നിൽ നാം നിസ്സംഗത പാലിക്കരുതെന്നും നമ്മൾ വലിച്ചെറിയൽ സംസ്കൃതിയുടെ പിടിയിലകപ്പെടരുതെന്നും പാപ്പാ ഓർമ്മിപ്പിക്കുന്നു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി    

ഫ്രാൻസീസ് പാപ്പാ, പതിവുപോലെ, ഈ ബുധനാഴ്ചയും (28/08/24) പ്രതിവാര പൊതുകൂടിക്കാഴ്ച അനുവദിച്ചു. പൊതുകൂടിക്കാഴചാവേദി, വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ ചത്വരം ആയിരുന്നു. മലയാളികളുൾപ്പടെ വിവിധ രാജ്യക്കാരായിരുന്ന ആയിരക്കണക്കിന് തീർത്ഥാടകരും സന്ദർശകരും ബസിലിക്കാങ്കണത്തിൽ സന്നിഹിതരായിരുന്നു. എല്ലാവർക്കും തന്നെ കാണത്തക്കരീതിയിൽ സജ്ജീകരിച്ചിരിക്കുന്ന വെളുത്ത തുറന്ന വാഹനത്തിൽ ചത്വരത്തിൽ എത്തിയ പാപ്പായ്ക്ക് ജനസഞ്ചയം അഭിവാദ്യമർപ്പിച്ചു. കരഘോഷവും ആരവങ്ങളുമുയർന്നു.  തന്നോടൊപ്പം, ഏതാനും കുട്ടികളെ വാഹനത്തിൽ കയറ്റി ജനത്തെ അഭിവാദ്യം ചെയ്തുകൊണ്ട് അവർക്കിടയിലൂടെ നീങ്ങിയ പാപ്പാ, പ്രസംഗ വേദിയിലേക്കു നയിക്കുന്ന പടവുകൾക്കടുത്തു വച്ച് തന്നോടൊപ്പമുണ്ടായിരുന്ന കുട്ടികളെ വണ്ടിയിൽ നിന്നിറക്കി. തുടർന്ന് വാഹനം പടവുകൾ കയറി വേദിക്കരികിലെത്തിയപ്പോൾ പാപ്പാ അതിൽ നിന്നിറങ്ങുകയും റോമിലെ സമയം രാവിലെ 9.00 മണിയോടെ, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 12.30-ന്, ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിക്കുകയും ചെയ്തു. തുടർന്ന് വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗ പാരായണമായിരുന്നു.

കർത്താവിനു നന്ദി പറയുവിൻ; അവിടന്നു നല്ലവനാണ്;അവിടത്തെ കാരുണ്യം എന്നേക്കും നിലനില്ക്കുന്നു.... വാസയോഗ്യമായ നഗരത്തിലേക്കു വഴി കണ്ടെത്താതെ ചിലർ മരുഭൂമിയിൽ അലഞ്ഞുനടന്നു. വിശന്നും ദാഹിച്ചും അവർ വലഞ്ഞു. അപ്പോൾ തങ്ങളുടെ കഷ്ടതയിൽ അവർ കർത്താവിനെ വിളിച്ചപേക്ഷിച്ചു: അവരുടെ കഷ്ടതയിൽനിന്ന് അവിടന്ന് അവരെ രക്ഷിച്ചു” സങ്കീർത്തനം 107,1.4-6

ഈ വായനയ്ക്കു ശേഷം പാപ്പാ, പ്രതിവാരപൊതുകൂടക്കാഴ്ചാവേളയിൽ താൻ പരിശുദ്ധാരൂപിയെ അധികരിച്ച് നടത്തിപ്പോന്നിരുന്ന പ്രബോധന പരമ്പരയിൽ നിന്നു മാറി കുടീയേറ്റക്കാരിലിലേക്കു തിരിഞ്ഞു. മെച്ചപ്പെട്ടൊരു ജീവിതം തേടി കടലിലൂടെയും മരുഭൂമിയിലൂടെയും  ദുരിതപൂർണ്ണമായ യാത്രചെയ്യാൻ നിർബന്ധിതരായിത്തീരുന്നവരുടെ ദുരന്തങ്ങൾ തുടർക്കഥയാകുന്ന പശ്ചാത്തലത്തിൽ പാപ്പാ അവരെ അനുസ്മരിച്ചു. പാപ്പാ ഇറ്റാലിൻ ഭാഷയിൽ ഇപ്രകാരം പറഞ്ഞു:

കുടിയേറ്റക്കാരുടെ ദുരിത യാത്ര

പ്രിയ സഹോദരീ സഹോദരന്മാരേ, ശുഭദിനം!       

സമാധാനത്തോടെയും സുരക്ഷിതത്വത്തോടെയും ജീവിക്കാൻ കഴിയുന്ന ഒരു നാട്ടിൽ എത്തിച്ചേരുകയെന്ന ലക്ഷ്യത്തോടെ, ഈ വേളയിൽപ്പോലും, കടലും മരുഭൂമിയും താണ്ടിക്കൊണ്ടിരിക്കുന്ന ആളുകളെക്കുറിച്ച്, പതിവ് പ്രബോധനപരമ്പര മാറ്റിവച്ചുകൊണ്ട്, ചിന്തിക്കാൻ ഇന്നു ഞാൻ ആഗ്രഹിക്കുന്നു.

കടലും മരുഭൂമിയും താണ്ടുന്നവർ

കടലും മരുഭൂമിയും: കുടിയേറ്റക്കാരിൽ നിന്നും അവരെ സഹായിക്കാൻ പ്രതിജ്ഞാബദ്ധരായ ആളുകളിൽ നിന്നും എനിക്ക് ലഭിക്കുന്ന നിരവധി സാക്ഷ്യങ്ങളിൽ ഈ രണ്ട് വാക്കുകൾ ആവർത്തിക്കപ്പെടുന്നു. "കടൽ" എന്ന് പറയുമ്പോൾ, കുടിയേറ്റത്തിൻറെ പശ്ചാത്തലത്തിൽ, ഞാൻ അർത്ഥമാക്കുന്നത്,  ലോകത്തിൻറെ എല്ലാ ഭാഗത്തുമുള്ള നിരവധി സഹോദരീസഹോദരന്മാർ അവരുടെ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് കടക്കാൻ നിർബന്ധിതരാകുന്ന, അപകടങ്ങൾ പതിയിരിക്കുന്ന, സമുദ്രം, തടാകം, നദി, ജലാശയങ്ങൾ എന്നിവയാണ്. "മരുഭൂമി"യാകട്ടെ മണൽ, മൺകൂനകൾ, അല്ലെങ്കിൽ പാറക്കെട്ടുകൾ എന്നിവ മാത്രമല്ല, കുടിയേറ്റക്കാർ ആശ്രയമില്ലാതെ, തനിയെ യാത്രചെയ്യുന്ന വനങ്ങൾ, കുറ്റിക്കാടുകൾ, പുൽക്കാടുകൾ എന്നീ ദുഷ്പ്രവേശ്യവും  അപകടകരവുമായ എല്ലാ പ്രദേശങ്ങളും കൂടിയാണ്. ഇന്നത്തെ ദേശാടന പാതകൾ പലപ്പോഴും കടലുകളും മരുഭൂമികളുമാണ്. ഈ പാതകൾ പലർക്കും മാരകങ്ങളാണ്. ഈ വഴികളിൽ ചിലത് നമുക്ക് നന്നായി അറിയാവുന്നതാണ്, കാരണം അവ പലപ്പോഴും നമ്മുടെ ശ്രദ്ധയിൽ പെടുന്നവയാണ്; മറ്റുള്ളവയിൽ ഭൂരിഭാഗവും അധികം അറിയപ്പെടുന്നില്ല, എന്നതുകൊണ്ട് അവ അപ്രധാനങ്ങളാകുന്നില്ല.

ശ്മശാനമായി പരിണമിക്കുന്ന മദ്ധ്യധരണ്യാഴി 

ഞാൻ റോമിൻറെ മെത്രാനായതിനാലും മദ്ധ്യധരണ്യാഴി പ്രതീകാത്മകമായതിനാലും അതിനെക്കുറിച്ച് ഞാൻ പലവുരു സംസാരിച്ചിട്ടുണ്ട്: ജനതകളും നാഗരികതകളും തമ്മിലുള്ള വിനിമയത്തിൻറെ വേദിയായ “മാരെ നോസ്ത്രും” (നമ്മുടെ കടൽ- മദ്ധ്യധരണ്യാഴിയുടെ റോമൻ നാമമാണ് “മാരെ നോസ്ത്രും” - mare nostrum ) ഒരു ശ്മശാനമായി മാറിയിരിക്കുന്നു. ഈ മരണങ്ങളിൽ മിക്കതും, ഭൂരിഭാഗവും ഒഴിവാക്കാമായിരുന്നു എന്നതാണ് ദുരന്തം. ഇത് സുവ്യക്തമായി പറയണം: അതായത്, കുടിയേറ്റക്കാരെ നിരസിക്കാൻ വ്യവസ്ഥാപിതമായി എല്ലാ മാർഗ്ഗങ്ങളിലൂടെയും പ്രവർത്തിക്കുന്നവരുണ്ട്. ഇത്, ബോധപൂർവ്വവും ഉത്തരവാദിത്വത്തോടു കൂടിയും ചെയ്യുമ്പോൾ, അത് ഗുരുതരമായ പാപമാണ്. "പരദേശിയെ ദ്രോഹിക്കുകയോ ഞെരുക്കുകയോ ചെയ്യരുത്" (പുറപ്പാട് 22:20) എന്ന് ബൈബിൾ പറയുന്നത് നാം മറക്കരുത്. ദൈവം എപ്പോഴും സംരക്ഷിക്കുകയും നമ്മോട് സംരക്ഷിക്കാൻ ആവശ്യപ്പെടുകയും ചെയ്യുന്ന അതിശ്രേഷ്ഠ ദരിദ്രരാണ്  അനാഥനും വിധവയും പരദേശിയും.

മരുഭൂമിയും ശവപ്പറമ്പായി മാറുന്നു

ചില മരുഭൂമികൾ പോലും, നിർഭാഗ്യവശാൽ, കുടിയേറ്റക്കാരുടെ ശവപ്പറമ്പുകളായി മാറുന്നു. ഇവിടെ പോലും നടക്കുന്നത് പലപ്പോഴും "സ്വാഭാവിക" മരണങ്ങളല്ല. അല്ല. ചിലപ്പോൾ അവർ മരുഭൂമിയിലെത്തുകയും ഉപേക്ഷിക്കപ്പെടുകയും ചെയ്യുന്നു. ഉപഗ്രഹങ്ങളുടെയും ഡ്രോണുകളുടെയും കാലത്ത് ആരും കാണാത്ത കുടിയേറ്റക്കാരായ പുരുഷന്മാരും സ്ത്രീകളും കുട്ടികളുമുണ്ട്. ദൈവം മാത്രമാണ് അവരെ കാണുകയും അവരുടെ നിലവിളി കേൾക്കുകയും ചെയ്യുന്നത്.

ആഴിയും മണലാരണ്യവും ബൈബിളിൽ

വാസ്തവത്തിൽ, കടലും മരുഭൂമിയും പ്രതീകാത്മക മൂല്യം നിറഞ്ഞ ബൈബിൾ സ്ഥലങ്ങളുമാണ്. ഈജിപ്തിൽ നിന്ന് വാഗ്ദത്ത ദേശത്തേക്ക് മോശ വഴി ദൈവം നയിച്ച ജനതയുടെ മഹാ കുടിയേറ്റത്തിൻറെ, പുറപ്പാടിൻറെ ചരിത്രത്തിലെ വളരെ പ്രധാനപ്പെട്ട രംഗങ്ങളാണ് അവ. അടിച്ചമർത്തലിൽ നിന്നും അടിമത്തത്തിൽ നിന്നും രക്ഷപ്പെടുന്ന ജനങ്ങളുടെ പലായന നാടകത്തിന് ഈ സ്ഥലങ്ങൾ സാക്ഷ്യം വഹിക്കുന്നു. അവ കഷ്ടപ്പാടുകളുടെയും ഭയത്തിൻറെയും നിരാശയുടെയും വേദികളാണ്, എന്നാൽ അതേ സമയം വിമോചനത്തിനും വീണ്ടെടുപ്പിനും സ്വാതന്ത്ര്യം നേടുന്നതിനും ദൈവത്തിൻറെ വാഗ്ദാനങ്ങളുടെ പൂർത്തീകരണത്തിനുമുള്ള കടന്നുപോകലിൻറെ ഇടങ്ങളുമാണ് (2024-ലെ കുടിയേറ്റക്കാരുടെയും അഭയാർഥികളുടെയും ലോക ദിനത്തിനായുള്ള സന്ദേശം കാണുക).

കടലും മരൂഭിയും താണ്ടുന്ന ദൈവം 

കർത്താവിനോട് ഇങ്ങനെ പറയുന്ന ഒരു സങ്കീർത്തനമുണ്ട്: "അങ്ങയുടെ വഴി സമുദ്രത്തിലൂടെയും അങ്ങയുടെ പാത പെരുവെള്ളത്തിലൂടെയും ആയിരുന്നു" (സങ്കീർത്തനം 77,20). മറ്റൊന്ന് ഇപ്രകാരം ആലപിക്കുന്നു: " തൻറെ ജനത്തെ അവിടന്ന് മരുഭൂമിയിലൂടെ നയിച്ചു; അവിടത്തെ സ്നേഹം ശാശ്വതമാണ്" (136,16). ഈ തിരുവചനങ്ങൾ നമ്മോട് പറയുന്നത്, സ്വാതന്ത്ര്യത്തിൻറെ പാതയിൽ ചരിക്കുന്ന ആളുകൾക്ക് തുണയാകാൻ, ദൈവം തന്നെ കടലും മരുഭൂമിയും താണ്ടി; അവൻ അകന്നു നിൽക്കുന്നില്ല, ഇല്ല, അവൻ കുടിയേറ്റക്കാരുടെ നാടകീയാവസ്ഥയിൽ പങ്കുചേരുന്നു, അവൻ അവിടന്ന് അവരോടൊപ്പമുണ്ട്, അവരോടൊപ്പം യാതനഅനുഭവിക്കുന്നു, കേഴുന്നു, അവരോടൊപ്പം പ്രത്യാശപുലർത്തുന്നു. ഇന്നു നാം ഇതെക്കുറിച്ചു ചിന്തിക്കുന്നത് നല്ലതാണ്: കർത്താവ് നമ്മുടെ കുടിയേറ്റക്കാർക്കൊപ്പം “നമ്മുടെ കടലി”ലുണ്ട്, കർത്താവ് അവരോടുകൂടെയാണ്, അവരെ തള്ളിക്കളയുന്നവരോടൊപ്പമല്ല.

തിരസ്കരണമല്ല സ്വീകരണം ആവശ്യം 

സഹോദരീ സഹോദരന്മാരേ, കുടിയേറ്റക്കാരുടെ നിരവധിയായ ദുരന്തങ്ങളെക്കുറിച്ചു ചിന്തിക്കൂ: മദ്ധ്യധരണ്യാഴിയിൽ എത്രപേരാണ് മരണമടയുന്നത്. ലാമ്പെദൂസയെക്കുറിച്ച്, ക്രൊത്തോണെയുക്കുറിച്ച് ഓർത്തുനോക്കൂ, ഖേദകരവും മോശവുമായ എന്തെല്ലാം സംഭവങ്ങൾ. ഒരു കാര്യം നാമെല്ലാവരും സമ്മതിക്കുന്നു: ആ മാരകമായ കടലുകളിലും മരുഭൂമികളിലും, ഇന്നത്തെ കുടിയേറ്റക്കാർ ഉണ്ടാകരുത്. എന്നാൽ, കൂടുതൽ കർശനമായ നിയമങ്ങളിലൂടെയല്ല, അതിർത്തികളുടെ സൈനികവൽക്കരണത്തിലൂടെയല്ല, നിരാകരണങ്ങളിലൂടെയല്ല നമ്മൾ ഈ ഫലം കൈവരിക്കേണ്ടത്. പകരം, കുടിയേറ്റക്കാർക്കായി സുരക്ഷിതവും അധികൃതവുമായ പ്രവേശനമാർഗ്ഗങ്ങൾ വിപുലീകരിച്ചും  യുദ്ധങ്ങൾ, അക്രമം, പീഡനങ്ങൾ, വിവിധ ദുരന്തങ്ങൾ എന്നിവയിൽ നിന്ന് പലായനം ചെയ്യുന്നവർക്ക് എളുപ്പം അഭയം നൽകിക്കൊണ്ടുമാണ് നാം ഇത് സാധ്യമാക്കേണ്ടത്; നീതി, സാഹോദര്യം, ഐക്യദാർഢ്യം എന്നിവയിൽ അധിഷ്ഠിതമായ കുടിയേറ്റത്തിൻറെ ആഗോള നിയന്ത്രണം എല്ലാ വിധത്തിലും പരിപോഷിപ്പിച്ചുകൊണ്ടാകാണം നാം ഇത് നേടേണ്ടത്. മനുഷ്യക്കടത്തിനെതിരെ പോരാടാനും മറ്റുള്ളവരുടെ ദുരിതം നിഷ്കരുണം ചൂഷണം ചെയ്യുന്ന കുറ്റവാളികളായ മനുഷ്യക്കടത്തുകാരെ തടയാനും ഒറ്റക്കെട്ടായി പ്രവർത്തിക്കുന്നതിലൂടെയുമാണ്.

നല്ല സമറിയാക്കാർക്ക് നന്ദി  

പ്രതീക്ഷ നശിച്ചവരും മുറിവേറ്റവരും വഴികളിൽ ഉപേക്ഷിക്കപ്പെട്ടവരുമായ കുടിയേറ്റക്കാരെ സഹായിക്കാനും രക്ഷിക്കാനും തങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യുന്ന പഞ്ച ഭൂഖണ്ഡങ്ങളിലെ അനേകം നല്ല സമറിയാക്കാരുടെ പ്രതിബദ്ധതയെ അംഗീകരിക്കുകയും പുകഴ്ത്തുകയും ചെയ്തുകൊണ്ട് ഉപസംഹരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ധീരരായ ഈ സ്ത്രീപുരുഷന്മാർ നിസ്സംഗതയുടെയും വലിച്ചെറിയലിൻറെയുമായ മലിന സംസ്കാരത്താൽ ബാധിതരാകാൻ അനുവദിക്കാത്ത ഒരു മനുഷ്യത്വത്തിൻറെ അടയാളമാണ്. നമ്മുടെ നിസ്സംഗതയും വലിച്ചെറിയൽ മനോഭാവവുമാണ് കുടിയേറ്റക്കാരെ കൊല്ലുന്നത്. കുടിയേറ്റക്കാരെ സഹായിക്കാൻ പ്രതിബദ്ധരായ സ്ത്രീപുരുഷന്മാരെപ്പോലെ, ഉദാഹരണത്തിന് സേവിംഗ് ഹ്യൂമൻസ്, തുടങ്ങിയ സംഘടനകളെക്കുറിച്ച് ഞാൻ ചിന്തിക്കുന്നു, "മുൻനിരയിൽ" നിൽക്കാൻ കഴിയാത്തവരെ അക്കാരണത്താൽ നാഗരികതയുടെ ഈ പോരാട്ടത്തിൽ നിന്ന് ഒഴിവാക്കില്ല: തനതായ സംഭാവന നൽകാൻ നിരവധി മാർഗങ്ങളുണ്ട്, പ്രഥമതഃ പ്രാർത്ഥന. ഞാൻ നിങ്ങളോടു ചോദിക്കുകയാണ് : നിങ്ങൾ കുടിയേറ്റക്കാർക്കായി, ജീവൻ രക്ഷിക്കുന്നതിനായി നിങ്ങളുടെ മണ്ണിലേക്കു വരുന്ന അവർക്കായി, പ്രാർത്ഥിക്കാറുണ്ടോ? അവരെ ആട്ടിപ്പായിക്കാനാണോ നിങ്ങൾ ആഗ്രഹിക്കുന്നത്?

കടലുകളും മണലാരണ്യങ്ങളും ശ്മശാനങ്ങളാകാതിരിക്കട്ടെ

പ്രിയ സഹോദരീ സഹോദരന്മാരേ, കടലുകളും മരുഭൂമികളും ശ്മശാനങ്ങളല്ല, മറിച്ച് ദൈവത്തിന് സ്വാതന്ത്ര്യത്തിൻറെയും സാഹോദര്യത്തിൻറെയും പാതകൾ തുറക്കാൻ കഴിയുന്ന ഇടങ്ങളായിരിക്കുന്നതിനു വേണ്ടി നമുക്ക് നമ്മുടെ ഹൃദയങ്ങളെയും ശക്തികളെയും ഒന്നിപ്പിക്കാം. നന്ദി.

ആശീർവ്വാദാനന്തര അഭിവാദ്യങ്ങൾ  

പാപ്പാ ഇറ്റാലിയന്‍ ഭാഷയിൽ നടത്തിയ മുഖ്യ പ്രഭാഷണത്തെ തുടർന്ന് അതിൻറെ സംഗ്രഹം ആംഗലവും അറബിയുമുള്‍പ്പെടെ വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെട്ടു. ഇറ്റാലിയൻ ഭാഷാക്കാരെ സംബോധന ചെയ്യവ്വെ പാപ്പാ വൈദികാർത്ഥികളുടെ ഒരു സംഘത്തെ അഭിവാദ്യം ചെയ്തു. ദൈവവചനത്താലും ജീവൻറെ അപ്പത്താലും പോഷിതരായി  പരിശീലനം തുടരാൻ പാപ്പാ അവർക്ക് പ്രചോദനം പകർന്നു. സ്ഥൈര്യലേപനം സ്വീകരിച്ച കുട്ടികളുടെ സംഘത്തെ സംബോധന ചെയ്ത പാപ്പാ ഞായറാഴ്ചക്കുർബ്ബാനയിൽ വിശ്വസ്തതയോടെ പങ്കുചേരുകയും പാപസങ്കീർത്തന കൂദാശയ്ക്കണയുകയും ചെയ്യേണ്ടതിൻറെ പ്രാധാന്യത്തെക്കുറിച്ച് അവരെ ഓർമ്മിപ്പിച്ചു.

യുദ്ധവേദികളിൽ  സമാധാനം ഉണ്ടാകുന്നതിനായി പ്രാർത്ഥിക്കുക

സംഘർഷവേദികളായ പലസ്തീനെയും ഇസ്രായേലിനെയും ഉക്രൈയിനെയും അതുപോലെതന്നെ മ്യാൻമർ, ഉത്തര കിവു എന്നിവിടങ്ങളെയും യുദ്ധം നടക്കുന്ന ഇതര രാജ്യങ്ങളെയും അനുസ്മരിച്ച പാപ്പാ ആ പ്രദേശങ്ങൾക്ക് കർത്താവ് സമാധാനം നല്കുന്നതിനായി പ്രാർത്ഥിക്കാൻ എല്ലാവരെയും ക്ഷണിച്ചു.

സമാപനാഭിവാദ്യവും ആശീർവ്വാദവും

പൊതുദർശനപരിപാടിയുടെ അവസാനം പാപ്പാ യുവജനത്തെയും രോഗികളെയും വയോജനത്തെയും നവദമ്പതികളെയും പതിവുപോലെ അഭിവാദ്യം ചെയ്തു. അനുവർഷം ആഗസ്റ്റ് 28-ന് വിശുദ്ധ അഗസ്റ്റിൻറെ തിരുന്നാൾ ആചരിക്കപ്പെടുന്നത്  അനുസ്മരിച്ച പാപ്പാ ആ വിശുദ്ധനെ അനുകരിച്ചുകൊണ്ട് യഥാർത്ഥ ജ്ഞാനത്തിനായി ദാഹിക്കുന്നവരായിരിക്കാനും ശാശ്വതസ്നേഹത്തിൻറെ സജീവ ഉറവയായ കർത്താവിനെ അവിരാമം അന്വേഷിക്കാനും അവർക്ക് പ്രചോദനം പകർന്നു. തദ്ദനന്തരം ലത്തീൻഭാഷയിൽ സ്വർഗ്ഗസ്ഥനായ പിതാവേ എന്ന കർത്തൃപ്രാർത്ഥന ആലപിക്കപ്പെട്ടതിനെ തുടർന്ന് പാപ്പാ, എല്ലാവർക്കും തൻറെ അപ്പൊസ്തോലികാശീർവ്വാദം നല്കി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

28 August 2024, 12:07

ഏറ്റവും അടുത്ത പൊതുകൂടിക്കാഴ്ച

വായിച്ചു മനസ്സിലാക്കാന്‍ >