"ദൈവത്തിന് അസാധ്യമായി ഒന്നുമില്ല" എന്ന വിശ്വാസം നമ്മെ അത്ഭുതപ്രവർത്തകർ ആക്കും, പാപ്പാ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
വേനൽക്കാലാവധിയുടെ വേളയാകയാൽ ഒരുമാസത്തെ, അതായത്, ജൂലൈമാസത്തെ ഇടവേളയ്ക്കു ശേഷം, ഫ്രാൻസീസ് പാപ്പാ പ്രതിവാര പൊതുകൂടിക്കാഴ്ചാ പരിപാടി പുനരാരംഭിച്ചു. ഈ ഇറ്റലിയിൽ പൊതുവെ സൂര്യതാപം അതിശക്തമായതിനാൽ ബുധനാഴ്ച (07/08/24) പൊതുദർശന വേദി വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ തറസ്സായ അങ്കണത്തിനു പകരം ബസിലിക്കയുടെ അടുത്തുള്ള അതിവിശാലമായ ശീതീകരിച്ച പോൾ ആറാമൻ ശാലയായിരുന്നു. ഭാരതീയരുൾപ്പടെ വിവിധ രാജ്യക്കാരായിരുന്ന ആയിരക്കണക്കിന് തീർത്ഥാടകരും സന്ദർശകരും ശാലയിൽ സന്നിഹിതരായിരുന്നു. ഊന്നുവടിയവലംബിതനായി ശാലയിൽ പ്രവേശിച്ച പാപ്പായ്ക്ക് ജനസഞ്ചയം എഴുന്നേറ്റു നിന്ന് കരഘോഷത്തോടെയും ആനന്ദാരവങ്ങളോടെയും അഭിവാദ്യമർപ്പിച്ചു.
റോമിലെ സമയം രാവിലെ 9.00 മണിയോടെ, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 12.30-ന്, ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശനപരിപാടിക്ക് പാപ്പാ തുടക്കം കുറിച്ചു. തുടർന്ന് വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗ പാരായണമായിരുന്നു.
ദൂതൻ പറഞ്ഞു: "മറിയമേ നീ ഭയപ്പെടേണ്ട, ദൈവസന്നിധിയിൽ നീ കൃപ കണ്ടെത്തിയിരിക്കുന്നു. നീ ഗർഭംധരിച്ച് ഒരു പുത്രനെ പ്രസവിക്കും. നീ അവന് യേശു എന്ന് പേരിടണം..... മറിയം ദൂതനോടു പറഞ്ഞു: ഇതെങ്ങനെ സംഭവിക്കും? ഞാൻ പുരുഷനെ അറിയുന്നില്ലല്ലോ. ദൂതൻ മറുപടി പറഞ്ഞു: പരിശുദ്ധാത്മാവ് നിൻറെ മേൽ വരും; അത്യുന്നതൻറെ ശക്തി നിൻറെ മേൽ ആവസിക്കും. ആകയാൽ, ജനിക്കാൻ പോകുന്ന ശിശു പരിശുദ്ധൻ, ദൈവപുത്രൻ എന്നു വിളിക്കപ്പെടും” ലൂക്കായുടെ സുവിശേഷം, അദ്ധ്യായം 1,30-31.34-35 വാക്യങ്ങൾ.
ഈ വായനയ്ക്കു ശേഷം പാപ്പാ, താൻ പരിശുദ്ധാരൂപിയെ അധികരിച്ച് നടത്തിപ്പോന്നിരുന്ന പ്രബോധന പരമ്പര തുടർന്നു. "ആത്മാവും മണവാട്ടിയും. നമ്മുടെ പ്രത്യാശയായ യേശുവിനെ കണ്ടുമുട്ടാൻ പരിശുദ്ധാരൂപി ദൈവജനത്തെ നയിക്കുന്നു” എന്ന പ്രമേയം വിചിന്തനത്തിനായി സ്വീകരിച്ചിരിക്കുന്ന പാപ്പാ, പരിത്രാണ പദ്ധതിയിൽ പരിശുദ്ധാരൂപിയുടെ ഇടപെടലാണ് വിചിന്തനത്തിന് അവംലംബമാക്കിയത് ഇത്തവണ.
പാപ്പാ ഇറ്റാലിൻ ഭാഷയിൽ നടത്തിയ പ്രഭാഷണത്തിൽ ഇപ്രകാരം പറഞ്ഞു:
പരിശുദ്ധാരൂപി രക്ഷാകര കർമ്മത്തിൽ
പ്രിയ സഹോദരീ സഹോദരന്മാരേ, ശുഭദിനം!
ഇന്നത്തെ പ്രബോധനത്തിലൂടെ നാം രക്ഷാകര ചരിത്രത്തിൻറെ രണ്ടാം ഘട്ടത്തിലേക്ക് പ്രവേശിക്കുകയാണ്. സൃഷ്ടിയിൽ പരിശുദ്ധാത്മാവിൻറെ പ്രവർത്തനത്തെക്കുറിച്ച് ധ്യാനിച്ചതിനുശേഷം, ഏതാനും ആഴ്ചകൾ നാം മനനം ചെയ്യുക രക്ഷാകര കർമ്മത്തിൽ, അതായത് യേശുക്രിസ്തുവിൻറെ പ്രവർത്തനത്തിൽ റൂഹായുടെ സാന്നിധ്യത്തെക്കുറിച്ചായിരിക്കും. ആകയാൽ നമുക്ക് പുതിയ നിയമത്തിലേക്ക് കടക്കാം.
വചനത്തിൻറെ അവതാരത്തിൽ പരിശുദ്ധാത്മാവ് എന്നതാണ് ഇന്നത്തെ പ്രമേയം. ലൂക്കായുടെ സുവിശേഷത്തിൽ നാം വായിക്കുന്നു: "പരിശുദ്ധാത്മാവ് നിൻറെ മേൽ വരും, അത്യുന്നതൻറെ ശക്തി നിൻറെ മേൽ ആവസിക്കും" (ലൂക്കാ 1,35). “മറിയം പരിശുദ്ധാത്മാവിനാൽ ഗർഭിണിയായി” (മത്തായി 1.18) എന്നു പറഞ്ഞുകൊണ്ട് സുവിശേഷകൻ മത്തായി മറിയത്തെയും പരിശുദ്ധാത്മാവിനെയും കുറിച്ചുള്ള ഈ അടിസ്ഥാന വസ്തുത സ്ഥിരീകരിക്കുന്നു. വെളിപ്പെടുത്തപ്പെട്ട ഈ വസ്തുത സഭ ഗ്രഹിക്കുകയും അവളുടെ വിശ്വാസ പ്രഖ്യാപനത്തിൻറെ ഹൃദയഭാഗത്ത് ഉടനടി പ്രതിഷ്ഠിക്കുകയും ചെയ്തു. പരിശുദ്ധാത്മാവിൻറെ ദൈവത്വം നിർവ്വചിച്ച, 381-ൽ കോൺസ്റ്റാൻറിനോപ്പിളിൽ നടന്ന എക്യുമെനിക്കൽ സൂനഹദോസിൽ ഈ ഭാഗം "വിശ്വാസപ്രമാണത്തിൻറെ" നിയതരൂപത്തിലേക്കു കടന്നു. അതിനാൽ ഇത് വിശ്വാസത്തിൻറെ ഒരു എക്യുമെനിക്കൽ വസ്തുതയാണ്, കാരണം എല്ലാ ക്രിസ്ത്യാനികളും ഒരുമിച്ചു പ്രഖ്യാപിക്കുന്നത് ഒരേ വിശ്വാസപ്രമാണമാണ്. പുരാതന കാലം മുതൽ, കത്തോലിക്കാ ഭക്തിയുടെ ദൈനംദിന പ്രാർത്ഥനകളിലൊന്നായ “കർത്താവിൻറെ മാലാഖ” അതിൽ നിന്ന് ഉരുത്തിരിഞ്ഞതാണ്.
പരിശുദ്ധ കന്യകാ മറിയവും സഭയും
വിശ്വാസപ്രമാണത്തിലെ ഈ ഭാഗം, മറിയത്തെ സഭയുടെ പ്രതിരൂപമായ അതിശ്രേഷ്ഠ മണവാട്ടി എന്ന നിലയിൽ അവതരിപ്പിക്കാൻ നമ്മെ അനുവദിക്കുന്ന അടിത്തറയാണ്. മഹാനായ വിശുദ്ധ ലിയൊ എഴുതുന്നു- സത്യത്തിൽ, യേശു "ഒരു കന്യകാമാതാവിൽ നിന്ന് പരിശുദ്ധാത്മാവിൻറെ പ്രവർത്തനത്തിലൂടെ ജനിച്ചതുപോലെ, അതേ ആത്മാവിൻറെ ജീവശ്വാസത്താൽ അവിടന്ന് കറയറ്റ മണവാട്ടിയായ തൻറെ സഭയെ, ഫലപുഷ്ടിയുള്ളതാക്കുന്നു". ഈ സമാനതയെക്കുറിച്ച് രണ്ടാം വത്തിക്കാൻ സൂനഹദോസിൻറെ “ലൂമെൻ ജെൻസിയും” എന്ന പ്രമാണ രേഖയും പരാമർശിക്കുന്നുണ്ട്. അത് ഇപ്രകാരം പറയുന്നു: "മറിയം പുരുഷനെ അറിയാതെ പരിശുദ്ധാത്മാവിൻറെ ആവാസം മൂലം അവളുടെ വിശ്വാസത്തിലൂടെയും അനുസരണത്തിലൂടെയും ഭൂമിയിൽ ദൈവപുത്രന് ജന്മമേകി.... മാത്രമല്ല, കന്യകാമറിയത്തിൻറെ നിഗൂഢവിശുദ്ധിയെക്കുറിച്ചു ധ്യാനിക്കുകയും അവളുടെ ദൈവസ്നേഹം അനുകരിക്കുകയും പിതാവിൻറെ ഇഷ്ടം വിശ്വസ്തതയോടെ നിറവേറ്റുകയും ചെയ്യുമ്പോൾ ദൈവവചനത്തെ വിശ്വാസത്തിൽ സ്വീകരിച്ചുകൊണ്ട് സഭ ഒരു മാതാവായിത്തീരുകയാണ് ചെയ്യുന്നത്. എന്തെന്നാൽ, പരിശുദ്ധാത്മാവിനാൽ ഗർഭംധരിക്കപ്പെട്ട് ദൈവത്തിൽ നിന്നു ജനിക്കുന്ന സന്താനങ്ങൾക്ക് സുവിശേഷപ്രസംഗവും ജ്ഞാനസ്നാനവും വഴി സഭ നവീനവും അമർത്യവുമായ ജീവൻ പ്രദാനം ചെയ്യുന്നു” (nn.63,64).
ദൈവപുത്രന് ജന്മമേകുന്ന അമ്മ
"ഗർഭം ധരിക്കുക", " ജന്മം നൽകുക" എന്നീ ക്രിയകൾക്ക് തിരുവെഴുത്തുകൾ നല്കുന്ന ഊന്നൽ, നമ്മുടെ ജീവിതത്തിനായി നിർദ്ദേശിക്കുന്ന പ്രായോഗിക പരിചിന്തനത്തോടെ നമുക്കു ഉപസംഹരിക്കാം. ഏശയ്യായുടെ പ്രവചനത്തിൽ നാം ശ്രവിക്കുന്നു: "ഇതാ, കന്യക ഗർഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും", (7,14); ദൂതൻ മറിയത്തോട് പറയുന്നു: "നീ ഒരു പുത്രനെ ഗർഭം ധരിക്കുകയും അവനെ പ്രസവിക്കുകയും ചെയ്യും" (ലൂക്കാ 1,31). മറിയം ആദ്യം ഗർഭം ധരിച്ചു, പിന്നീട് യേശുവിനെ പ്രസവിച്ചു: ആദ്യം അവൾ അവനെ തന്നിൽ, തൻറെ ഹൃദയത്തിലും മാംസത്തിലും സ്വീകരിച്ചു, പിന്നീട് അവൾ അവന് ജന്മമേകി.
ദൈവവചനം സ്വീകരിക്കുന്ന സഭ
സഭയിൽ സംഭവിക്കുന്നത് ഇതാണ്: രണ്ട് ബൈബിൾ പദപ്രയോഗങ്ങൾ അനുസരിച്ച്, ആദ്യം ദൈവവചനം സ്വീകരിക്കുന്നു, അതിനെ തൻറെ "ഹൃദയത്തോടു സംസാരിക്കാനും" (ഹോസിയ 2:16 കാണുക) "ഉദരം നിറയ്ക്കാനും" അനുവദിക്കുന്നു (എസെക്കിയേൽ 3:3 കാണുക), പിന്നീട്, അത് ജീവിതത്തിലൂടെയും പ്രസംഗത്തിലൂടെയും വെളിച്ചത്തിലേക്ക് കൊണ്ടുവരുന്നു. ആദ്യത്തേത് കൂടാതെ രണ്ടാമത്തെ പ്രവർത്തനം ഫലരഹിതമാകും.
ഇത് എങ്ങനെ സാധ്യമാകും ?
തൻറെ ശക്തിക്ക് അതീതമായ ചുമതലകൾ അഭിമുഖീകരിക്കേണ്ടിവരുമ്പോൾ സഭയും സ്വാഭാവികമായും ഇതേ ചോദ്യം ഉന്നയിക്കുന്നു: "ഇതെങ്ങനെ സാധ്യമാകും?". ക്ഷേമം മാത്രം അന്വേഷിക്കുന്നതായി തോന്നുന്ന ഒരു ലോകത്തോട് യേശുക്രിസ്തുവിനെയും അവൻറെ രക്ഷയെയും എങ്ങനെ പ്രഘോഷിക്കാൻ കഴിയും. അപ്പോൾ ഉത്തരവും ഒന്നു തന്നെയാണ് "പരിശുദ്ധാത്മാവിൽ നിന്ന് നിങ്ങൾക്ക് ശക്തി ലഭിക്കും. പരിശുദ്ധാരൂപിയെ കൂടാതെ നിങ്ങൾക്ക് മുന്നോട്ട് പോകാൻ കഴിയില്ല, സഭ വളരില്ല, സഭയ്ക്ക് പ്രസംഗിക്കാൻ സാധിക്കില്ല. സഭയെക്കുറിച്ച് പൊതുവായി പറയുന്നത് നമുക്കും, സ്നാനമേറ്റ എല്ലാവർക്കും ബാധകമാണ്. നമ്മൾ ഓരോരുത്തരും ചിലപ്പോൾ ജീവിതത്തിൽ നമ്മുടെ ശക്തിക്ക് അതീതമായ സാഹചര്യങ്ങളിലാകുകയും സ്വയം ചോദിക്കുകയും ചെയ്യുന്നു: "എനിക്ക് ഈ സാഹചര്യത്തെ എങ്ങനെ നേരിടാനാകും?". ദൈവദൂതൻ കന്യകയോട് പറഞ്ഞത് സ്വയം ആവർത്തിക്കുന്നത് നമുക്ക് സഹായകമാകും: "ദൈവത്തിന് അസാധ്യമായി ഒന്നുമില്ല" (ലൂക്കാ 1:37). സഹോദരീ സഹോദരന്മാരേ, നമുക്കും നമ്മുടെ ഹൃദയത്തിൽ ഈ ആശ്വാസദായകമായ ഉറപ്പോടെ ഓരോ തവണയും യാത്ര പുനരാരംഭിക്കാം: "ദൈവത്തിന് അസാധ്യമായി ഒന്നുമില്ല". ഇത് വിശ്വസിച്ചാൽ നമ്മൾ അത്ഭുതങ്ങൾ പ്രവർത്തിക്കും. ദൈവത്തിന് അസാധ്യമായത് ഒന്നുമില്ല.നന്ദി.
സമാപനാഭിവാദ്യങ്ങൾ -മദ്ധ്യപൂർവ്വദേശത്തെ സംഘർഷാവസ്ഥ
പാപ്പാ ഇറ്റാലിയന്‍ ഭാഷയിൽ നടത്തിയ മുഖ്യ പ്രഭാഷണത്തെ തുടർന്ന് അതിൻറെ സംഗ്രഹം ആംഗലവും അറബിയുമുള്‍പ്പെടെ വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെട്ടു. തദ്ദനന്തരം പാപ്പാ മദ്ധ്യപൂർവ്വദേശത്ത് തുടരുന്ന സംഘർഷാവസ്ഥയിൽ ആശങ്ക പ്രകടിപ്പിക്കുകയും സംഘർഷം വ്യാപിക്കാതിരിക്കാനും ഗാസയിലുൾപ്പടെ എല്ലായിടത്തും ഉടൻ വെടിനിറുത്തൽ ഉണ്ടാകുന്നതിനും വേണ്ടി അഭ്യർത്ഥിക്കുകയും ചെയ്തു. ഗാസയിൽ മാനവിക സാഹചര്യം വളരെ ഗുരുതരവും അസ്ഥിരവുമാണെന്ന് പാപ്പാ അനുസ്മരിച്ചു. സമാധാനത്തിനായുള്ള ആത്മാർത്ഥമായ അന്വേഷണം തർക്കങ്ങൾക്ക് അവസാനം ഉണ്ടാക്കുന്നതിനും സ്നേഹം വിദ്വേഷത്തെ ജയിക്കുന്നതിനും മാപ്പേകൽ പ്രതികാരത്തെ നിരായുധീകരിക്കുന്നതിനും വേണ്ടി പാപ്പാ പ്രാർത്ഥിക്കുകയും ചെയ്തു. പീഡിത ഉക്രൈയിൻ, മ്യാൻമർ, സുഡാൻ എന്നീ നാടുകൾക്കു വേണ്ടിയുള്ള പ്രാർത്ഥനയിൽ തന്നോട് ഒന്നുചേരാൻ പാപ്പാ അഭ്യർത്ഥിച്ചു: യുദ്ധത്താൽ പരീക്ഷിക്കപ്പെടുന്ന ഈ ജനവിഭാഗങ്ങൾക്ക് അവർ ആഗ്രഹിക്കുന്ന സമാധാനം എത്രയും വേഗം കണ്ടെത്താൻ കഴിയട്ടെയെന്ന് പാപ്പാ ആശംസിക്കുകയും ചെയ്തു.
വർഗ്ഗീയതയ്ക്ക് ഇരകളാകുന്നവർ
പാക്കിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും വംശീയ വിവേചനം, പ്രത്യേകിച്ച് സ്ത്രീകൾക്കെതിരായ വിവേചനം ഇല്ലാതാകുന്നതിനു വേണ്ടിയുള്ള പരിശ്രമങ്ങളിലും പ്രാർത്ഥനകളിലും ഒറ്റക്കെട്ടായി നില്ക്കാൻ പാപ്പാ എല്ലാവരെയും ക്ഷണിച്ചു.
സമാപനം
പൊതുദർശനപരിപാടിയുടെ അവസാനം പാപ്പാ യുവതീയുവാക്കളെയും വൃദ്ധജനത്തെയും രോഗികളെയും നവദമ്പതികളെയും അഭിവാദ്യം ചെയ്തു. ആറാം തീയതി ചൊവ്വാഴ്‌ച കർത്താവിൻറെ രൂപാന്തരീകരണത്തിരുന്നാളും വിശുദ്ധ പോൾ ആറാമൻ പാപ്പായുടെ ചരമദിനവുമായിരുന്നത് പാപ്പാ അനുസ്മരിച്ചു. കർത്താവിൻറെ പ്രശോഭിത വദനം എല്ലാവർക്കും പ്രത്യാശയ്ക്കും സമാശ്വാസത്തിനും കാരണമായി ഭവിക്കട്ടെയെന്ന് പാപ്പാ ആശംസിച്ചു. തദ്ദനന്തരം ലത്തീൻഭാഷയിൽ സ്വർഗ്ഗസ്ഥനായ പിതാവേ എന്ന കർത്തൃപ്രാർത്ഥന ആലപിക്കപ്പെട്ടതിനെ തുടർന്ന് പാപ്പാ, എല്ലാവർക്കും തൻറെ അപ്പൊസ്തോലികാശീർവ്വാദം നല്കി.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: