സാത്താനിൽ നിന്ന് അകലം പാലിക്കുക, അവനോട് സംഭാഷണത്തിലേർപ്പെടരുത്, പാപ്പാ!

ഫ്രാൻസീസ് പാപ്പായുടെ പ്രതിവാര പൊതുദർശന പ്രഭാഷണം: സാത്താൻറെ പ്രലോഭാനങ്ങൾക്കെതിരായ പോരാട്ടത്തിൽ നാം ജയിക്കുന്നതിന് പരിശൂദ്ധാരൂപി നമ്മോടൊപ്പമുണ്ട്.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഈ ദിവസങ്ങളിൽ ശാരീരീകാസ്വാസ്ഥ്യങ്ങൾ അനുഭവപ്പെട്ടിരുന്നെങ്കിലും ഈ ബുധനാഴ്ച (25/09/24) ഫ്രാൻസീസ് പാപ്പാ പൊതുകൂടിക്കാഴ്ച അനുവദിച്ചു. അതിരാവിലെ ശക്തമായ മഴയുണ്ടായിരുന്നെങ്കിലും പിന്നീട് മഴ മാറി അന്തരീക്ഷം തെളിഞ്ഞതിനാൽ പൊതുദർശന വേദി വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ ചത്വരംതന്നെ ആയിരുന്നു. വിവിധ രാജ്യക്കാരായിരുന്ന ആയിരക്കണക്കിന് തീർത്ഥാടകരും സന്ദർശകരും ബസിലിക്കാങ്കണത്തിൽ സന്നിഹിതരായിരുന്നു. എല്ലാവർക്കും തന്നെ കാണത്തക്കരീതിയിൽ സജ്ജീകരിച്ചിരിക്കുന്ന വെളുത്ത തുറന്ന വാഹനത്തിൽ ചത്വരത്തിൽ എത്തിയ പാപ്പായെ ജനസഞ്ചയം കരഘോഷത്തോടെയും ആനന്ദാരവങ്ങളോടെയും വരവേറ്റു. തന്നോടൊപ്പം, ഏതാനും ബാലികാബാലന്മാരെ വാഹനത്തിൽ കയറ്റി ജനത്തെ അഭിവാദ്യം ചെയ്തുകൊണ്ട് അവർക്കിടയിലൂടെ നീങ്ങിയ പാപ്പാ, പ്രസംഗ വേദിയിലേക്കു നയിക്കുന്ന പടവുകൾക്കടുത്തു വച്ച് കുട്ടികളെ വണ്ടിയിൽ നിന്നിറക്കി. തുടർന്ന് വാഹനം പടവുകൾ കയറി വേദിക്കരികിലെത്തിയപ്പോൾ പാപ്പാ അതിൽ നിന്നിറങ്ങുകയും റോമിലെ സമയം രാവിലെ 9.00 മണികഴിഞ്ഞപ്പോൾ, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 12.30-നു ശേഷം, ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിക്കുകയും ചെയ്തു. തുടർന്ന് വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗ പാരായണമായിരുന്നു.

യേശു പരിശുദ്ധാത്മാവു നിറഞ്ഞവനായി ജോർദ്ദാനിൽ നിന്നു മടങ്ങി. ആത്മാവ് അവനെ മരുഭൂമിയിലേക്കു നയിച്ചു. അവൻ പിശീചിനാൽ പരീക്ഷിക്കപ്പെട്ട് നാൽപതു ദിവസം അവിടെ കഴിഞ്ഞുകൂടി...... അപ്പോൾ പിശാച് പ്രലോഭനങ്ങളെല്ലാം അവസാനിപ്പിച്ച് നിശ്ചിതകാലത്തേക്ക് അവനെ വിട്ടുപോയി. യേശു ആത്മാവിൻറെ ശക്തിയോടുകൂടെ ഗലീലിയിലേക്കു മടങ്ങിപ്പോയി” ലൂക്കായുടെ സുവിശേഷം, അദ്ധ്യായം 4,1-2.13-14 എന്നീ വാക്യങ്ങൾ.

ഈ വായനയ്ക്കു ശേഷം പാപ്പാ, താൻ പരിശുദ്ധാരൂപിയെ അധികരിച്ച് നടത്തിപ്പോന്നിരുന്ന പ്രബോധന പരമ്പര തുടർന്നു. "ആത്മാവും മണവാട്ടിയും. നമ്മുടെ പ്രത്യാശയായ യേശുവുമായുള്ള കൂടിക്കാഴ്ചയ്ക്ക് പരിശുദ്ധാരൂപി ദൈവജനത്തെ നയിക്കുന്നു” എന്ന പ്രമേയം വിചിന്തനത്തിനായി സ്വീകരിച്ചിരിക്കുന്ന പാപ്പാ, മരുഭൂമിയിൽ വച്ച് യേശു പരീക്ഷിക്കപ്പെടുന്ന സംഭവം വിശകലനവിധേയമാക്കി. തിന്മയ്ക്കെതിരായ പോരാട്ടത്തിൽ പരിശുദ്ധാരൂപി നമുക്ക് തുണയായുണ്ടെന്ന് പാപ്പാ സമർത്ഥിച്ചു. പാപ്പാ ഇറ്റാലിൻ ഭാഷയിൽ ഇപ്രകാരം പറഞ്ഞു:

മരുഭൂമിയിൽ പരീക്ഷിക്കപ്പെടുന്ന യേശു 

പ്രിയ സഹോദരീ സഹോദരന്മാരേ, ശുഭദിനം!       

ജോർദ്ദാനിൽ സ്നാനമേറ്റയുടനെ യേശു, “പിശാചിനാൽ പരീക്ഷിക്കപ്പെടുന്നതിനായി പരിശുദ്ധാത്മാവിനാൽ മരുഭൂമിയിലേക്ക് നയിക്കപ്പെട്ടു” (മത്തായി 4,1) ഇതിനു മുൻകൈയെടുത്തത് സാത്താനല്ല, ദൈവമാണ്.  മരുഭൂമിയിലേക്ക് പോകുന്നതിലൂടെ, യേശു പരിശുദ്ധാത്മാവിൻറെ പ്രചോദനം അനുസരിക്കുന്നു, അവൻ ശത്രുവിൻറെ കെണിയിൽ വീഴുന്നില്ല. ഒരിക്കൽ, പരീക്ഷയിൽ വിജയിച്ചുകഴിഞ്ഞപ്പോൾ, ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നു – അവൻ "പരിശുദ്ധാത്മാവിൻറെ ശക്തിയോടെ" ഗലീലിയിലേക്ക് മടങ്ങി (ലൂക്കാ 4:14).

പിശാചിനെ പുറത്താക്കാൻ പ്രാപ്തനായവൻ

യേശു, മരുഭൂമിയിൽ, സാത്താനിൽ നിന്ന് സ്വതന്ത്രനായി, ഇപ്പോൾ അവന് സാത്താനിൽ നിന്ന് മോചനമേകാൻ കഴിയും. പിശാചുബാധിതരായ അനേകരുടെ  മോചന കഥകളിലൂടെ സുവിശേഷകർ എടുത്തുകാട്ടുന്നത് ഇതാണ്. യേശു തൻറെ എതിരാളികളോട് പറയുന്നു: "ദൈവാത്മാവിനെക്കൊണ്ടാണ് ഞാൻ പിശാചുക്കളെ ബഹിഷ്ക്കരിക്കുന്നതെങ്കിൽ, ദൈവരാജ്യം നിങ്ങളുടെ ഇടയിൽ വന്നുകഴിഞ്ഞിരിക്കുന്നു" (മത്തായി 12:27).

തന്ത്രപൂർവ്വം തിരിച്ചെത്തുന്ന ദുഷ്ടാരൂപി 

പിശാചുമായി ബന്ധപ്പെട്ട ഒരു വിചിത്ര പ്രതിഭാസത്തിന് ഇന്ന് നാം സാക്ഷ്യം വഹിക്കുന്നു. അത് നിലവിലില്ലെന്ന്, ഒരു പ്രത്യേക സാംസ്കാരിക തലം വരെ, കരുതപ്പെടുന്നുണ്ട്. ഇത് സംഘാത അബോധാവസ്ഥയുടെ അല്ലെങ്കിൽ അന്യവൽക്കരണത്തിൻ്റെ പ്രതീകമായിരിക്കും, ചുരുക്കത്തിൽ, ഒരു ദൃഷ്ടാന്തം. എന്നാൽ, ഷാൾ ബുദുലെയ് ( Charles Baudelaire ) എഴുതിയതു പോലെ, "പിശാചിൻറെ ഏറ്റവും വലിയ തന്ത്രം അവൻ ഇല്ലെന്ന് ആളുകളെ വിശ്വസിപ്പിക്കുക എന്നതാണ്". എന്നിട്ടും നമ്മുടെ സാങ്കേതികവും മതേതരവുമായ ലോകം മന്ത്രവാദികൾ, മന്ത്രവാദം, ആത്മവാദം, ജ്യോതിഷികൾ, മന്ത്രങ്ങളുടെയും മന്ത്രത്തകിടുകളുടെയും വാണിഭക്കാർ, നിർഭാഗ്യവശാൽ യഥാർത്ഥ സാത്താൻ സേവാ വിഭാഗങ്ങൾ എന്നിവയാൽ നിറഞ്ഞിരിക്കുന്നു. വാതിലിലൂടെ പുറത്താക്കപ്പെട്ട പിശാച് ജനാലയിലൂടെ തിരിച്ചുകയറിയിരിക്കുന്നു എന്നു പറയാം. വിശ്വാസം  പുറന്തള്ളിയതിനെ അന്ധവിശ്വാസം തിരികെ കയറ്റുന്നു.

സാത്താൻറെ സാന്നിദ്ധ്യം

സാത്താൻറെ അസ്തിത്വത്തിൻറെ ഏറ്റവും ശക്തമായ തെളിവ് പാപികളിലോ പിശാചുബാധിതരിലോ അല്ല, മറിച്ച് വിശുദ്ധരിലാണ്! നമുക്ക് ചുറ്റും നാം കാണുന്ന തിന്മയുടെയും ദുഷ്ടതയുടെയും അതിതീവ്രവും "മനുഷ്യത്വരഹിതവുമായ" രൂപങ്ങളിൽ പിശാച് സാന്നിഹിതനും പ്രവർത്തനനിരതനുമാണെന്നത് ശരിയാണ്. എന്നാൽ, ഓരോ സംഭവത്തിലും ഉള്ളത് യഥാർത്ഥത്തിൽ അവനാണെന്ന് ഈ രീതിയിൽ ഉറപ്പിക്കുക പ്രായോഗികമായി അസാധ്യമാണ്, കാരണം അവൻറെ പ്രവർത്തനം എവിടെ അവസാനിക്കുന്നുവെന്നും നമ്മുടെ തിന്മ എവിടെ ആരംഭിക്കുന്നുവെന്നും നമുക്ക് കൃത്യമായി അറിയാൻ കഴിയില്ല. ഇക്കാരണത്താൽ, നിർഭാഗ്യവശാൽ, ചില സിനിമകളിൽ കാണുന്നതിൽ നിന്ന്, വ്യത്യസ്തമായി, സഭ, ഭൂതോച്ചാടനത്തിൽ വളരെയധികം വിവേകവും കാർക്കശ്യവും പുലർത്തുന്നു!

"വെളിച്ചത്തിന് എതിരായി" നിൽക്കാൻ പിശാച് പുറത്തേക്ക് വരാൻ നിർബന്ധിതനാകുന്നത് വിശുദ്ധരുടെ ജീവിതത്തിലാണ്. ഏറ്റക്കുറച്ചിലുകളോടെ, എല്ലാ വിശുദ്ധരും മഹാ വിശ്വാസികളും ഈ ഇരുണ്ട യാഥാർത്ഥ്യത്തോടുള്ള അവരുടെ പോരാട്ടത്തിന് സാക്ഷ്യം വഹിക്കുന്നവരമാണ്, അവരെല്ലാം കബളിപ്പിക്കപ്പെട്ടവരോ അവരുടെ കാലത്തെ മുൻവിധികളുടെ കേവലം ഇരകളോ ആയിരുന്നുവെന്ന് സത്യത്തിൽ കരുതാൻ കഴിയില്ല.

തിന്മയുടെ ശക്തിക്കെതിരെ ദൈവവചനം

മരുഭൂമിയിൽ യേശു വിജയിച്ചതുപോലെ, അതായത്, ദൈവവചനത്താൽ, തിന്മയുടെ അരൂപിക്കെതിരായ പോരാട്ടം ജയിക്കാം. വിശുദ്ധ പത്രോസ് മറ്റൊരു മാർഗ്ഗം നിർദ്ദേശിക്കുന്നു, അത് യേശുവിന് ആവശ്യമില്ലയെങ്കിലും നമുക്ക് വേണ്ടതാണ്, ജാഗ്രത: "നിങ്ങൾ സമചിത്തതയോടെ ഉണർന്നിരിക്കുവിൻ. നിങ്ങളുടെ ശത്രുവായ പിശാച് അലറുന്ന സിംഹത്തെപ്പോലെ ആരെ വിഴുങ്ങണമെന്ന് അന്വേഷിച്ചുകൊണ്ടു ചുറ്റിനടക്കുന്നു” (1 പത്രോസ് 5:8). വിശുദ്ധ പൗലോസ് പറയുന്നു: "പിശാചിന് ഒരു അവസരം നൽകരുത്" (എഫേ. 4:27).

സാത്താനിൽ നിന്ന് അകലം പാലിക്കുക 

കുരിശിൽ ക്രിസ്തു, "ഈ ലോകത്തിൻറെ അധികാരിയുടെ" (യോഹന്നാൻ 12.31) ശക്തിയെ എന്നെന്നേക്കുമായി പരാജയപ്പെടുത്തി.- ഒരു സഭാ പിതാവ് പറഞ്ഞു - " പിശാച്, ഒരു ചങ്ങലയിൽ കെട്ടിയിടപ്പെട്ട നായയെപ്പോലെയാണ്; അപകടത്തെ വെല്ലുവിളിച്ചുകൊണ്ട് അവൻറെ അടുത്ത് ചെല്ലുന്നവരെയൊഴികെ അവന് ആരെയും കടിക്കാനാവില്ല.... അതിന് കുരയ്ക്കാനാകും, ബഹളം വയ്ക്കാനാകും, കടിയേല്ക്കണം എന്നുകരുന്നവനെയല്ലാതെ മറ്റാരെയും കടിക്കാനാവില്ല”. ഒരു വിഡ്ഢിയാണെങ്കിൽ നീ സാത്താൻറെ അടുത്തു ചെന്നു ചോദിക്കും  “ആ, നിക്കു സുഖമാണോ?  എന്ന്...”, എല്ലാം നിന്നെ നശിപ്പിക്കും. പിശാചിൽ നിന്ന് അകലം പാലിക്കുക. പിശാചുമായി സംഭാഷണമരുത്. അവനെ തുരത്തുക. ചില പ്രലോഭനങ്ങളുമായി പിശാച് എങ്ങനെ സമീപിക്കുന്നു എന്നതിൻറെ അനുഭവം നമുക്കെല്ലാവർക്കും ഉണ്ട്. പത്ത് കൽപ്പനകളുടെ പ്രലോഭനം: നമുക്ക് ഇത് അനുഭവപ്പെടുമ്പോൾ, നിശ്ചലമായിരിക്കുക, അകലം പാലിക്കുക; ചങ്ങലയിൽ കെട്ടിയിട്ടിരിക്കുന്ന പട്ടിയുടെ അടുത്തുപോകരുത്.

സാങ്കേതിക വിദ്യകളിലൂടെ കടന്നു വരുന്ന തിന്മയുടെ അരൂപി 

ഉദാഹരണത്തിന്, ആധുനിക സാങ്കേതികവിദ്യ, സ്തുത്യർഹമായ നിരവധി നല്ല വിഭവങ്ങൾ പ്രദാനം ചെയ്യുന്നതിനു പുറമേ, "പിശാചിന് ഒരു അവസരമൊരുക്കുന്ന " എണ്ണമറ്റ മാർഗ്ഗങ്ങളും നൽകുന്നുണ്ട്,, പലരും അതിൽ വീഴുന്നു. ഇൻറർനെറ്റിലൂടെയുള്ള  അശ്ലീലചിത്രങ്ങളെക്കുറിച്ച് നമുക്കൊന്നു ചിന്തിക്കാം, അതിന് പിന്നിൽ തഴച്ചുവളരുന്ന ഒരു വിപണിയുണ്ട്: നമുക്കെല്ലാവർക്കും അത് അറിയാം. പിശാചാണ് അവിടെ പ്രവർത്തിക്കുന്നത്. ഇത് വളരെ വ്യാപകമായ ഒരു പ്രതിഭാസമാണ്, ഇതിനെതിരെ ക്രൈസ്തവർ അതീവ ജാഗ്രതപുലർത്തുകയും അതിനെ അതിശക്തം നിരാകരിക്കുകയും വേണം. ഏതൊരു മൊബൈൽ ഫോണിനും ഈ ഹീനപ്രവർത്തിയിലേക്ക്, പിശാചിൻറെ ഭാഷയിലേക്ക് പ്രവേശിക്കാനാകും: ഓൺലൈൻ അശ്ലീലത.

പരിശുദ്ധാരൂപി നമ്മുടെ സഹായത്തിനുണ്ട്

ചരിത്രത്തിൽ പിശാചിൻറെ പ്രവർത്തനത്തെക്കുറിച്ചുള്ള അവബോധം നമ്മെ നിരുത്സാഹപ്പെടുത്തരുത്. അന്തിമ ചിന്ത, ഈ സാഹചര്യത്തിലും, വിശ്വാസത്തിൻറെയും സുരക്ഷിതത്വത്തിൻറെയുമായിരിക്കണം: "ഞാൻ കർത്താവിനോടുകൂടെയാണ്, കടന്നുപോകൂ" എന്നു പറയാൻ കഴിയണം. ക്രിസ്തു പിശാചിനെ ജയിച്ചു, അവൻറെ വിജയം നമ്മുടേതാക്കാൻ അവൻ നമുക്ക് പരിശുദ്ധാത്മാവിനെ നൽകി. ദൈവത്തിൻറെ സഹായത്താൽ അതിനെ നമ്മുടെ ശുദ്ധീകരണത്തിന് പ്രയോജനപ്പെടുത്തുന്ന പക്ഷം ശത്രുവിൻറെ പ്രവർത്തനത്തെത്തന്നെ നമുക്കു ഗുണകരമായി മാറ്റാനാകും. ആകയാൽ “വേനി ക്രെയാത്തോർ” അഥവാ, “സ്രഷ്ടാവായ അരൂപിയേ വരൂ” എന്ന സ്തുതിഗീതത്തിലെ  വാക്കുകളിലൂടെ നമുക്ക് പരിശുദ്ധാത്മാവിനോട് അപേക്ഷിക്കാം:

"ശത്രുവിനെ ഞങ്ങളിൽ നിന്ന് അകറ്റുകയും

എത്രയും വേഗം ഞങ്ങൾക്ക് സമാധാനം പ്രദാനം ചെയ്യുകയും ചെയ്യേണമേ

ഞങ്ങളുടെ വഴികാട്ടിയായ നിന്നോടൊപ്പം

എല്ലാ തിന്മയും ഞങ്ങൾ ഒഴിവാക്കും."

സൂക്ഷിക്കുക, കാരണം പിശാച് സൂത്രശാലിയാണ് - എന്നാൽ ക്രിസ്ത്യാനികളായ നാം ദൈവകൃപയാൽ അവനെക്കാൾ തന്ത്രശാലികളാണ്. നന്ദി.

ആശീർവ്വാദാനന്തര അഭിവാദ്യങ്ങൾ  

പാപ്പാ ഇറ്റാലിയന്‍ ഭാഷയിൽ നടത്തിയ മുഖ്യ പ്രഭാഷണത്തെ തുടർന്ന് അതിൻറെ സംഗ്രഹം ആംഗലവും അറബിയുമുള്‍പ്പെടെ വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെട്ടു.

പാപ്പാ ലെബനനെയോർത്ത് വേദനിക്കുന്നു

ലെബനനിൽ ഈ ദിനങ്ങളിൽ ശക്തമായിരിക്കുന്ന ബോംബാക്രമണങ്ങൾ അനേകരുടെ ജീവനപഹരിച്ചതിലും വൻ നാശനനഷ്ടങ്ങൾ വരുത്തിയിരിക്കുന്നതിലുമുള്ള തൻറെ ദുഃഖം പാപ്പാ പൊതുകൂടിക്കാഴ്ചാവേളയിൽ വെളിപ്പെടുത്തുകയും നിഷ്ഠൂരമായ ഈ ആക്രമണം തടയുന്നതിന് അന്താരാഷ്ട്രസമൂഹം സാദ്ധ്യമായതെല്ലാം ചെയ്യുമെന്ന പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു. ഈ ആക്രമണം അസ്വീകാര്യമാണെന്നും പാപ്പാ പറഞ്ഞു. സമീപകാലത്ത് വളരെയധികം ദുരിതമനുഭവിച്ച ലെബനോൻ ജനതയോടുള്ള തൻറെ സാമീപ്യം അറിയിച്ച പാപ്പാ യുദ്ധം നിമിത്തം ദുരിതമനുഭവിക്കുന്ന എല്ലാ ജനങ്ങൾക്കും വേണ്ടി പ്രാർത്ഥിക്കാൻ എല്ലാവരെയും ക്ഷണിച്ചു. പീഡിത ഉക്രൈയിൻ, മ്യാൻമാർ, പലസ്തീൻ, ഇസ്രായേൽ, സുഡാൻ എന്നീ നാടുകളെയും  എല്ലാ പീഡിത ജനതകളെയും  മറക്കരുതെന്നും സമാധാനത്തിനായി നമുക്കു പ്രാർത്ഥിക്കാമെന്നും പാപ്പാ പറഞ്ഞു.

സമാപനാശീർവ്വാദം

പതിവുപോലെ പൊതുകൂടിക്കാഴ്ചാ പരിപാടിയുടെ അവസാനം യുവതീയുവാക്കളെയും വൃദ്ധജനത്തെയും രോഗികളെയും നവദമ്പതികളെയും പാപ്പാ പ്രത്യേകം അഭിവാദ്യം ചെയ്തതിനെ തുടർന്ന് ലത്തീൻഭാഷയിൽ സ്വർഗ്ഗസ്ഥനായ പിതാവേ എന്ന കർത്തൃപ്രാർത്ഥന ആലപിക്കപ്പെട്ടു. തദ്ദനന്തരം പാപ്പാ, എല്ലാവർക്കും തൻറെ അപ്പൊസ്തോലികാശീർവ്വാദം നല്കി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

25 September 2024, 12:11

ഏറ്റവും അടുത്ത പൊതുകൂടിക്കാഴ്ച

വായിച്ചു മനസ്സിലാക്കാന്‍ >