അനുകമ്പ: ക്രിസ്ത്യാനികൾ അവലംബിക്കേണ്ട പാത, പാപ്പാ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
സെപ്റ്റംബർ 2-13 വരെ താൻ ഇന്തൊനേഷ്യ, പാപുവ ന്യൂഗിനി, പൂർവ്വ തിമോർ, സിംഗപ്പൂർ എന്നിവിടങ്ങളിൽ ഇടയസന്ദർശനത്തിലായിരുന്നതിനാൽ കഴിഞ്ഞയാഴ്ച മുടങ്ങിയ പ്രതിവാരപൊതുദർശന പരിപാടി ഫ്രാൻസീസ് പാപ്പാ ഈ ബുധനാഴ്ച (18/09/24) പുനരാരംഭിച്ചു. പൊതുദർശന വേദി വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ ചത്വരം ആയിരുന്നു. വിവിധ രാജ്യക്കാരായിരുന്ന ആയിരക്കണക്കിന് തീർത്ഥാടകരും സന്ദർശകരും ബസിലിക്കാങ്കണത്തിൽ സന്നിഹിതരായിരുന്നു. എല്ലാവർക്കും തന്നെ കാണത്തക്കരീതിയിൽ സജ്ജീകരിച്ചിരിക്കുന്ന വെളുത്ത തുറന്ന വാഹനത്തിൽ ചത്വരത്തിൽ എത്തിയ പാപ്പായെ ജനസഞ്ചയം കരഘോഷത്തോടെയും ആനന്ദാരവങ്ങളോടെയും വരവേറ്റു. തന്നോടൊപ്പം, ഏതാനും ബാലികാബാലന്മാരെ വാഹനത്തിൽ കയറ്റി ജനത്തെ അഭിവാദ്യം ചെയ്തുകൊണ്ട് അവർക്കിടയിലൂടെ നീങ്ങിയ പാപ്പാ, പ്രസംഗ വേദിയിലേക്കു നയിക്കുന്ന പടവുകൾക്കടുത്തു വച്ച് കുട്ടികളെ വണ്ടിയിൽ നിന്നിറക്കി. തുടർന്ന് വാഹനം പടവുകൾ കയറി വേദിക്കരികിലെത്തിയപ്പോൾ പാപ്പാ അതിൽ നിന്നിറങ്ങുകയും റോമിലെ സമയം രാവിലെ 9.00 മണികഴിഞ്ഞപ്പോൾ, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 12.30-നു ശേഷം, ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിക്കുകയും ചെയ്തു. തുടർന്ന് വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗ പാരായണമായിരുന്നു.
“യേശു നിർദ്ദേശിച്ചതുപോലെ പതിനൊന്നു ശിഷ്യന്മാരും ഗലീലിയിലെ മലയിലേക്കു പോയി..... യേശു അവരെ സമീപിച്ച് അരുളിച്ചെയ്തു: സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള എല്ലാം അധികാരവും എനിക്കു നല്കപ്പെട്ടിരിക്കുന്നു. ആകയാൽ നിങ്ങൾ പോയി എല്ലാ ജനതകളെയും ശിഷ്യപ്പെടുത്തുവിൻ. പിതാവിൻറെയും പുത്രൻറെയും പരിശുദ്ധാത്മാവിൻറെയും നാമത്തിൽ അവർക്കു ജ്ഞാനസ്നാനം നല്കുവിൻ. ഞാൻ നിങ്ങളോടു കല്പിച്ചവയെല്ലാം അനുസരിക്കാൻ അവരെ പഠിപ്പിക്കുവിൻ. യുഗാന്തംവരെ എന്നും ഞാൻ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും ” മത്തായിയുടെ സുവിശേഷം, അദ്ധ്യായം 28,16-ും.18-20 വരെയുമുള്ള വാക്യങ്ങൾ.
ഈ വായനയ്ക്കു ശേഷം പാപ്പാ, തൻറെ നാല്പത്തിയഞ്ചാമത്തെതായിരുന്ന ഇക്കഴിഞ്ഞ പതിമൂന്നാം തീയതി സമാപിച്ച വിദേശ അജപാലനസന്ദർശനം പുനരവലോകനം ചെയ്തു. പാപ്പാ ഇറ്റാലിയൻ ഭാഷയിൽ ഇപ്രകാരം പറഞ്ഞു:
പ്രിയ സഹോദരീ സഹോദരന്മാരേ, ശുഭദിനം!
ഇന്ന് ഞാൻ ഒരു മംഗളവാർത്തയോടെ തുടങ്ങാൻ ആഗ്രഹിക്കുന്നു: അടുത്ത ശനിയാഴ്ച വിവാഹിതരാകുന്ന രണ്ടുപേർ: അവർക്ക് ഒരു കൈയ്യടി! ഒരു പുതിയ കുടുംബം സൃഷ്ടിക്കാൻ സ്നേഹം നമ്മെ മുന്നോട്ട് നയിക്കുന്നത് കാണുക മനോഹരമാണ്: അതുകൊണ്ടാണ് കർത്താവിന് നന്ദി പറയുന്നതിനായി ഈ രണ്ടുപേരെ പരിചയപ്പെടുത്താൻ ഞാൻ ആഗ്രഹിച്ചത്.
ഏഷ്യ-ഓഷ്യാന നാടുകളിലെ അജപാലന സന്ദർശനം
ഏഷ്യയിലും ഓഷ്യാനയിലും നടത്തിയ അപ്പസ്തോലിക യാത്രയെക്കുറിച്ചാണ് ഇന്ന് ഞാൻ സംസാരിക്കുക: ഇത് ഒരു വിനോദ യാത്രയല്ലാത്തതിനാൽ അതിനെ അപ്പോസ്തോലിക യാത്ര എന്ന് വിളിക്കുന്നു, ഇത് കർത്താവിൻറെ വചനം സംവഹിക്കാനും കർത്താവിനെ എല്ലാവരെയും അറിയിക്കാനും ജനങ്ങളുടെ ആത്മാവിനെ അറിയാനുമുള്ള യാത്രയാണ്. ഇത് വളരെ മനോഹരമാണ്.
വിശുദ്ധ പോൾ ആറാമൻ പാപ്പായുടെ വിദേശ ഇടയ സന്ദർശനം
1970-ൽ, ഫിലിപ്പീൻസിലും ആസ്‌ത്രേലിയയിലും നീണ്ട സന്ദർശനം നടത്തിയും വിവിധ ഏഷ്യൻ നാടുകളിലും സമോവ ദ്വീപുകളിലും അല്പസമയം ചിലവഴിച്ചുംകൊണ്ട് ഉദയസൂര്യനുമായുള്ള സമാഗമത്തിനായി പറന്ന ആദ്യത്തെ പാപ്പാ വിശുദ്ധ പോൾ ആറാമനായിരുന്നു. അത് ഒരു അവിസ്മരണീയ യാത്രയായിരുന്നു! കാരണം ആദ്യം വത്തിക്കാനു പുറത്തേക്കു യാത്ര ചെയ്തത് വിശുദ്ധ യോഹന്നാൻ ഇരുപത്തിമൂന്നാമൻ പാപ്പായായിരുന്നു. അദ്ദേഹം അസ്സീസിയിലേക്ക് ട്രെയിൻ യാത്രയാണ് നടത്തിയത്. പിന്നീട് പോൾ ആറാമൻ ആ അവിസ്മരണീയ യാത്ര നടത്തി. ഈ യാത്രയിലും ഞാൻ അദ്ദേഹത്തിൻറെ മാതൃക പിന്തുടരാൻ ശ്രമിച്ചു, പക്ഷേ, അദ്ദേഹത്തെക്കാൾ അല്പം പ്രായം കൂടുതലായതിനാൽ, ഞാൻ നാല് രാജ്യങ്ങളിൽ യാത്ര ഒതുക്കി: ഇന്തോനേഷ്യ, പാപുവ ന്യൂ ഗിനി, കിഴക്കെ തിമോർ, സിംഗപ്പൂർ. ഒരു യുവ ഈശോസഭാംഗം എന്ന നിലയിൽ ചെയ്യാൻ ഞാൻ ആഗ്രഹിച്ചിരുന്നത് പ്രായം ചെന്ന പാപ്പാ എന്ന നിലയിൽ നിവർത്തിയാക്കാൻ എന്നെ അനുവദിച്ച കർത്താവിന് ഞാൻ നന്ദി പറയുന്നു, കാരണം പ്രേഷിതപ്രവർത്തനത്തിനായി അവിടെ പോകാൻ ഞാൻ അഭിലഷിച്ചിരുന്നു!
സഭയുടെ പരപ്പ്
ഈ യാത്രയ്ക്ക് ശേഷം സ്വാഭാവികമായി വരുന്ന ഒരു ആദ്യ ചിന്ത സഭയെക്കുറിച്ച് ചിന്തിക്കുമ്പോൾ നമ്മൾ ഇപ്പോഴും കൂടുതൽ യുറോപ്പ് കേന്ദ്രീകൃതമാണ്, അല്ലെങ്കിൽ, പാശ്ചാത്യമെന്നു പറയാവുന്ന തരത്തിലാണ് എന്നതാണ്. വാസ്തവത്തിൽ, സഭ അതിനെക്കാളൊക്കെ വളരെ വലുതും കൂടുതൽ സജീവവുമാണ്! റോമിനെക്കാളൊക്കെ, യൂറോപ്പിനെക്കാളൊക്കെ വളരെ വലുതാണ്. ആ സമൂഹങ്ങളുമായുള്ള കൂടിക്കാഴ്ചയിലൂടെയും വൈദികർ, സന്ന്യാസീസന്ന്യാസിനികൾ, അൽമായർ, വിശിഷ്യ, മതബോധകർ എന്നിവരുടെ സാക്ഷ്യങ്ങൾ ശ്രവിക്കുകവഴിയും ഞാൻ അത് വൈകാരികമായി അനുഭവിച്ചരിഞ്ഞു. മതപരിവർത്തനം നടത്താത്ത, എന്നാൽ, ബെനഡിക്ട് പതിനാറാമൻ പറഞ്ഞതു പോലെ,"ആകർഷണ"ത്തിലൂടെ വളരുന്ന സഭകൾ.
ഇന്തൊനേഷ്യയിൽ
ഇന്തോനേഷ്യയിൽ ക്രിസ്ത്യാനികൾ ഏകദേശം പത്തു ശതമാനമാണ്, കത്തോലിക്കർ മൂന്നു ശതമാനവും. എന്നാൽ, ഞാൻ അവിടെ കണ്ടത്, വളരെ മഹത്തായ സംസ്കാരമുള്ളതും വൈവിധ്യങ്ങളെ സമന്വയിപ്പിക്കാൻ കഴിവുള്ളതും അതേ സമയം, ലോകത്തിൽ ഏറ്റവും കൂടുതൽ മുസ്ലീങ്ങൾ ഉള്ളതുമായ ആ രാജ്യത്ത് സുവിശേഷം ജീവിക്കാനും അത് കൈമാറാനും പ്രാപ്തിയുള്ള സജീവവും ചലനാത്മകവുമായ ഒരു സഭയെയാണ്. രക്ഷകനായ ക്രിസ്തുവിന് സാക്ഷ്യം വഹിക്കാനും അതേ സമയം മഹത്തായ മത- സാംസ്കാരിക പാരമ്പര്യങ്ങളുമായി കൂടിക്കാഴ്ച നടത്താനും ക്രിസ്ത്യനികൾക്ക് അവലംബിക്കാൻ കഴിയുന്നതും അവർ അവലംബിക്കേണ്ടതുമായ പാത അനുകമ്പയാണെന്ന് എനിക്ക് ഈ പാശ്ചാത്തലത്തിൽ സ്ഥിരീകരണം ലഭിച്ചു. "വിശ്വാസം, സാഹോദര്യം, അനുകമ്പ" എന്നതായിരുന്നു ഇന്തോനേഷ്യ സന്ദർശനത്തിൻറെ മുദ്രാവാക്യം: ഈ വാക്കുകളിലൂടെ സുവിശേഷം അനുദിനം, സമൂർത്തമായി, ആ ജനതയുടെ ജീവിതത്തിലേക്ക് പ്രവേശിക്കുന്നു, ആ ജനതയെ സ്വാഗതം ചെയ്യുകയും, മരിച്ച് ഉത്ഥാനം ചെയ്ത യേശുവിൻറെ കൃപ അവർക്ക് പ്രദാനംചെയ്യുകയും ചെയ്യുന്നു. ഈ വാക്കുകൾ ഒരു പാലം പോലെയാണ്, ജക്കാർത്തയിലെ കത്തീദ്രലിനെ ഏഷ്യയിലെ ഏറ്റവും വലിയ മുസ്ലീംപള്ളിയുമായി ബന്ധിപ്പിക്കുന്ന ഭൂഗർഭ പാതപോലെയാണ്. സാഹോദര്യമാണ് ഭാവിയെന്നും അത് നാഗരികവിരുദ്ധതയ്ക്കും വിദ്വേഷത്തിൻറെയും യുദ്ധത്തിൻറെയും പൈശാചിക ഉപജാപങ്ങൾക്കുമുള്ള ഉത്തരമാണെന്നും ഞാൻ അവിടെ കണ്ടു.
പാപുവ ന്യൂ ഗിനിയിൽ
പുറത്തേക്കിറങ്ങുന്ന, പ്രേഷിത സഭയുടെ മനോഹാരിതയാണ് ശാന്തസമുദ്രത്തിൻറെ അപാരതയിലേക്കു നീണ്ടുകിടക്കുന്ന ദ്വീപസമൂഹമായ പാപ്പുവ ന്യൂ ഗിനിയിൽ ഞാൻ കണ്ടത്. അവിടെ വിവിധ വംശീയ വിഭാഗങ്ങൾ എണ്ണൂറിലധികം ഭാഷകൾ സംസാരിക്കുന്നു: ഭാഷകളുടെ ലയത്തിൽ സ്നേഹത്തിൻറെ സന്ദേശം പ്രതിധ്വനിപ്പിക്കാൻ ഇഷ്ടപ്പെടുന്ന പരിശുദ്ധാത്മാവിന് അനുയോജ്യമായ അന്തരീക്ഷം. അവിടെ, സവിശേഷ രീതിയിൽ, മുഖ്യകഥാപാത്രങ്ങൾ അന്നും ഇന്നും പ്രേഷിതരും മതബോധകരുമാണ്. ഇന്നത്തെ പ്രേഷിതർക്കും മതബോധകർക്കുമൊപ്പം അൽപസമയം ചിലവഴിക്കാൻ കഴിഞ്ഞത് എൻറെ ഹൃദയത്തെ ആനന്ദതുന്ദിലമാക്കി; യുവതയുടെ ഗാനങ്ങളും സംഗീതവും എന്നെ വികാരഭരിതനാക്കി: ഗോത്രവർഗ്ഗ അക്രമങ്ങളില്ലാത്ത, പരാധീനതകളില്ലാത്ത, സാമ്പത്തികമോ പ്രത്യയശാസ്ത്രപരമോ ആയ അധിനിവേശമില്ലാത്ത ഒരു പുതിയ ഭാവി ഞാൻ അവരിൽ കണ്ടു; സാഹോദര്യത്തിൻറെയും വിസ്മയകരമായ പ്രകൃതി-പരിസ്ഥിതി സംരക്ഷണത്തിൻറെയുമായ ഒരു ഭാവി. സുവിശേഷത്തിൻറെ "പുളിമാവിനാൽ" ചൈതന്യമാർന്ന സമഗ്രവികസനത്തിൻറെതായ ഈ മാതൃകയുടെ ഒരു "പരീക്ഷണശാല" ആകാൻ പാപുവ ന്യൂ ഗിനിയ്ക്ക് കഴിയും. എന്തെന്നാൽ പുത്തൻ സ്ത്രീപുരുഷന്മാരെക്കൂടാതെ നവ നരകുലമില്ല, ഇത് സൃഷ്ടിക്കുന്നത് കർത്താവ് മാത്രമാണ്. വാനിമോയിൽ നടത്തിയ സന്ദർശനത്തെക്കുറിച്ചു സൂചിപ്പിക്കാനും ഞാൻ ആഗ്രഹിക്കുന്നു. അവിടെ കാടിനും കടലിനുമിടയിലാണ് പ്രേഷിതർ. മറഞ്ഞുകിടക്കുന്ന ഗോത്രങ്ങളെ തേടി അവർ കാടുകളിലേക്കു പോകുന്നു.
പൂർവ്വ തിമോറിൽ
ക്രിസ്തീയ സന്ദേശത്തിൻറെ മാനുഷികവും സാമൂഹികവുമായ പരിപോഷണ ശക്തി കിഴക്കൻ തിമോറിൻറെ ചരിത്രത്തിൽ സവിശേഷമാം വിധം തെളിഞ്ഞു നിൽക്കുന്നു. അവിടെ സഭ സ്വാതന്ത്ര്യപ്രക്രിയയെ എല്ലാ ജനങ്ങളുമായും പങ്കുവെയക്കുകയും, അതിനെ എല്ലായ്പ്പോഴും സമാധാനത്തിലേക്കും അനുരഞ്ജനത്തിലേക്കും നയിക്കുകുയും ചെയ്തു. ഇത് വിശ്വാസത്തിൻറെ പ്രത്യയശാസ്ത്രവൽക്കരണമല്ല, അല്ല, ഇവിടെ വിശ്വാസമാണ് സംസ്കാരമായി മാറുന്നതും അതേ സമയം അതിനെ പ്രബുദ്ധമാക്കുന്നതും ശുദ്ധീകരിക്കുന്നതും ഉന്നമിപ്പിക്കുന്നതും. ഇക്കാരണത്താൽ ഞാൻ, വിശുദ്ധ ജോൺ പോൾ രണ്ടാമൻ തൻറെ സന്ദർശനത്തിൽ ഊന്നൽ നല്കിയ വിശ്വാസവും സംസ്കാരവും തമ്മിലുള്ള ഫലപ്രദമായ ബന്ധം പുനരവതരിപ്പിച്ചു. എന്നാൽ എല്ലാറ്റിനുമുപരിയായി ആ ജനതയുടെ മനോഹാരിത എന്നെ ആകർഷിച്ചു: പരീക്ഷിക്കപ്പെട്ട എന്നാൽ സന്തോഷമുള്ള ഒരു ജനത, കഷ്ടപ്പാടുകളെ വിവേകത്തോടെ സ്വീകരിക്കുന്ന ഒരു ജനത. ധാരാളം കുഞ്ഞുങ്ങളെ ജനിപ്പിക്കുക മാത്രമല്ല, അവരെ പുഞ്ചിരിക്കാൻ പഠിപ്പിക്കുകയും ചെയ്യുന്ന ഒരു ജനത. ഇത് ഭാവിയുടെ അച്ചാരമാണ്. ചുരുക്കത്തിൽ, പൂർവ്വ തിമോറിൽ ഞാൻ സഭയുടെ യുവത്വം ദർശിച്ചു: കുടുംബങ്ങൾ, കുട്ടികൾ, യുവജനങ്ങൾ, നിരവധി വൈദികാർത്ഥികൾ, സമർപ്പിത ജീവിതം ആഗ്രഹിക്കുന്നവർ. ഞാൻ "വസന്തകാലത്തിൻറെ വായു" ശ്വസിച്ചു!
സിംഗപ്പൂറിൽ
ഈ യാത്രയിലെ അവസാന ഘട്ടം സിംഗപ്പൂർ ആയിരുന്നു. മറ്റ് മൂന്നെണ്ണത്തിൽ നിന്ന് വളരെ വ്യത്യസ്തമായ ഒരു രാജ്യം: അത്യാധുനിക നഗര-രാജ്യം, ഏഷ്യയ്ക്കും അതിനു വെളിയിലും സമ്പദ്ഘടനാപരവും ധനപരവുമായ ഒരു കേന്ദ്രം. അവിടെ, ക്രിസ്ത്യാനികൾ ന്യൂനപക്ഷമാണ്, പക്ഷേ അവിടെയുള്ളത് ഇപ്പോഴും സജീവമായ ഒരു സഭയാണ്, വ്യത്യസ്ത വംശീയ വിഭാഗങ്ങൾ, സംസ്കാരങ്ങൾ, മതങ്ങൾ എന്നിവയ്ക്കിടയിൽ ഐക്യവും സാഹോദര്യവും സൃഷ്ടിക്കാൻ പ്രതിജ്ഞാബദ്ധമായ സഭ. സമ്പന്നമായ സിംഗപ്പൂറിലും സുവിശേഷം പിൻചെല്ലുകയും ഉപ്പും വെളിച്ചവുമായി മാറുകയും ചെയ്യുന്ന "ചെറിയവർ" ഉണ്ട്, സാമ്പത്തിക നേട്ടങ്ങൾ ഉറപ്പുനൽകുന്നതിനേക്കാൾ ശ്രേഷ്ഠമായ പ്രത്യാശയുടെ സാക്ഷികൾ.
നന്ദിയോടെ
വളരെ ഊഷ്മളതയോടും അതീവ സ്നേഹത്തോടും എന്നെ വരവേറ്റ ഈ ജനതകളോടു നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു, ഈ സന്ദർശനം ക്രമനിബദ്ധം, പ്രശ്നരഹിതം നടക്കുന്നതിന് ഏറെ സഹായിച്ച അവരുടെ ഭരണാധികാരികൾക്ക് ഞാൻ കൃതജ്ഞത പ്രകാശിപ്പിക്കുന്നു. ഇതിൽ സഹകരിച്ച എല്ലാവർക്കും ഞാൻ നന്ദി പറയുന്നു. ഈ യാത്രയെന്ന ദാനത്തിന് ഞാൻ ദൈവത്തിന് നന്ദി പറയുന്നു! എല്ലാവരോടുമുള്ള എൻറെ കൃതജ്ഞത ഞാൻ നവീകരിക്കുന്നു. ഞാൻ കണ്ടുമുട്ടിയ ജനതകളെ ദൈവം അനുഗ്രഹിക്കുകയും അവരെ സമാധാനത്തിൻറെയും സാഹോദര്യത്തിൻറെയും പാതയിലേക്ക് നയിക്കുകയും ചെയ്യട്ടെ! എല്ലാവർക്കും അഭിവാദ്യങ്ങൾ.നന്ദി.
ആശീർവ്വാദാനന്തര അഭിവാദ്യങ്ങൾ
പാപ്പാ ഇറ്റാലിയന്‍ ഭാഷയിൽ നടത്തിയ മുഖ്യ പ്രഭാഷണത്തെ തുടർന്ന് അതിൻറെ സംഗ്രഹം ആംഗലവും അറബിയുമുള്‍പ്പെടെ വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെട്ടു.
മദ്ധ്യകിഴക്കൻ യൂറോപ്പിലെ പേമാരിയും പ്രളയദുരന്തവും
മദ്ധ്യകിഴക്കൻ യൂറോപ്പിൽ, വിശിഷ്യ, ഓസ്ത്രിയ, റൊമേനിയ, ചെക്ക് റിപ്പബ്ലിക്, പോളണ്ട് എന്നീ രാജ്യങ്ങളിലുണ്ടായ കനത്ത പേമാരിയും വെള്ളപ്പൊക്കവും ജീവനാശത്തിനും ആളുകളുടെ തിരോധാനത്തിനും വൻ നശനഷ്ടങ്ങൾക്കും കാരണമായത് ഇറ്റാലിയൻ ഭാഷാക്കാരെ സംബോധന ചെയ്യവ്വെ വേദനയോടെ അനുസ്മരിച്ച പാപ്പാ അന്നാടുകളിലെ ജനങ്ങൾക്ക് തൻറെ സാമീപ്യവും പ്രാർത്ഥനയും ഉറപ്പു നല്കി. ദുരിതബാധിതർക്ക് സഹായഹസ്തവുമായി എത്തിയിരിക്കുന്ന പ്രാദേശിക കത്തോലിക്കാ സംഘടനകൾക്കും മറ്റു സന്നദ്ധ സംഘടനകൾക്കും പാപ്പാ പ്രചോദനം പകരുകയും ചെയ്തു.
സെപ്റ്റംബർ 21 -മറവി രോഗദിനം
സെപ്റ്റംബർ 21-ന് അടുത്ത ശനിയാഴ്ച, ലോക ആൽസ്ഹൈമേഴ്സ് ദിനം ആചരിക്കപ്പെടുന്നത് അനുസമിരിച്ച പാപ്പാ ഈ രോഗത്തിനുള്ള ചികിത്സാ സാദ്ധ്യതകൾ വൈദ്യശാസ്ത്രത്തിന് എത്രയും വേഗം കണ്ടെത്താനും ഈ രോഗികളെയും അവരുടെ കുടുംബങ്ങളെയും സഹായിക്കുന്നതിന് കൂടുതൽ ഉചിതമായ ഇടപെടലുകൾ നടത്താനും കഴിയുന്നതിനു വേണ്ടി പ്രാർത്ഥിക്കാൻ എല്ലാവരെയും ക്ഷണിച്ചു.
സമാപനാഭിവാദ്യവും സമാധാനത്തിനായുള്ള പ്രാർത്ഥനയും
പൊതുദർശനപരിപാടിയുടെ അവസാനം പാപ്പാ യുവതീയുവാക്കളെയും വൃദ്ധജനത്തെയും രോഗികളെയും നവദമ്പതികളെയും പ്രത്യേകം അഭിവാദ്യം ചെയ്തു. യുദ്ധം ഒരു തോൽവിയാണെന്ന തൻറെ ബോധ്യം ആവർത്തിച്ചു വെളിപ്പെടുത്തിയ പാപ്പാ സമാധാനത്തിനായി പ്രാർത്ഥിക്കാൻ എല്ലാവരോടും അഭ്യർത്ഥിച്ചു. സംഘർഷവേദികളായ പലസ്തീനെയും ഇസ്രായേലിനെയും ഉക്രൈയിനെയും മ്യാൻമാറിനെയും ഇതര രാജ്യങ്ങളെയും നാം മറക്കരുതെന്ന് പറഞ്ഞ പാപ്പാ എന്നും ഒരു തോൽവിയായ യുദ്ധത്തെ തോല്പിക്കുന്നതിന് സമാധാനം തേടാനുള്ള ഹൃദയം സകലർക്കും കർത്താവു നല്കട്ടെയെന്ന് ആശംസിച്ചു. തദ്ദനന്തരം ലത്തീൻഭാഷയിൽ സ്വർഗ്ഗസ്ഥനായ പിതാവേ എന്ന കർത്തൃപ്രാർത്ഥന ആലപിക്കപ്പെട്ടതിനെ തുടർന്ന് പാപ്പാ, എല്ലാവർക്കും തൻറെ അപ്പൊസ്തോലികാശീർവ്വാദം നല്കി.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: